'അയാളോട് എനിക്ക് വെറുപ്പാണ്'
അവര്‍ പറഞ്ഞു തുടങ്ങി: ''ഞാന്‍ വിവാഹിതയായിട്ട് പത്തു വര്‍ഷമായി. മൂന്ന് മക്കളുണ്ട്. പക്ഷേ ഭര്‍ത്താവിനോട് എനിക്ക് വെറുപ്പാണ്. ഞാന്‍ അദ്ദേഹത്തെ സ്‌നേഹിക്കാന്‍ ആവത് ശ്രമിച്ചുനോക്കി. വിജയിച്ചില്ല. വേര്‍പിരിയണം എന്നാവശ്യപ്പെട്ടാല്‍ അത് എന്റെ കുടുംബം തകര്‍ക്കും. ഒരു തീരുമാനം എടുക്കാന്‍ കഴിയാത്ത വിധം പരിഭ്രാന്തിയിലാണ് ഞാന്‍. ഒന്നുകില്‍ ഞാന്‍ വെറുക്കുന്ന ഭര്‍ത്താവിനോടൊപ്പം ജീവിതം തുടരണം. അല്ലെങ്കില്‍ കുടുംബം തകര്‍ത്ത് മക്കളെ വഴിയാധാരമാക്കി വേര്‍പിരിയണം.''
ഞാന്‍ ഇടപെട്ടു: ''നിങ്ങള്‍ ഈ പറയുന്ന കാര്യങ്ങളൊന്നും എളുപ്പമല്ല. എന്നു മുതല്‍ക്കാണ് നിങ്ങള്‍ നിങ്ങളുടെ ഭര്‍ത്താവിനെ വെറുത്തു തുടങ്ങിയത്?''
അവര്‍: ''വിവാഹത്തിന്റെ മൂന്നാം വര്‍ഷം മുതല്‍ തന്നെ എനിക്ക് ബോധ്യമായി എനിക്ക് അദ്ദേഹത്തോട് താല്‍പര്യമില്ലെന്ന്.''
''നിങ്ങളുടെ മനസ്സിലുള്ളത് നിങ്ങള്‍ അദ്ദേഹത്തോട് തുറന്നുപറയുകയുണ്ടായോ?''
''തുറന്നുപറഞ്ഞിട്ടില്ല. അയാള്‍ എന്നെ ഉപേക്ഷിച്ചേക്കുമോ എന്ന ഭയമാണ് കാരണം.''
''എന്നു വെച്ചാല്‍ നിങ്ങള്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു.''
''ഇല്ല.''
''നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെന്ന് പറഞ്ഞത് എങ്ങനെ ശരിയാവും? അയാള്‍ നിങ്ങളെ ഉപേക്ഷിച്ചുകളയുമെന്ന ഭീതിയുമുണ്ട് നിങ്ങള്‍ക്ക്?''
''അത് എന്റെ മക്കളെ ഓര്‍ത്താണ്.''
''നിങ്ങള്‍ക്ക് അയാളില്‍നിന്ന് മൂന്ന് മക്കളുണ്ടായല്ലോ. നിങ്ങള്‍ അയാളെ വെറുക്കുക, അയാളുടെ മൂന്ന് മക്കളെ ഗര്‍ഭം ധരിക്കുക. ഒത്തുപോകുന്നില്ലല്ലോ ഇത്?''
അവര്‍ ഒന്നും മിണ്ടിയില്ല.
അവര്‍: ''എനിക്കറിഞ്ഞുകൂടാ.''
''നിങ്ങള്‍ ഈ പ്രശ്‌നത്തെ മനസ്സിലാക്കിയ രീതിയില്‍ എനിക്ക് സംശയമുണ്ട്. നിങ്ങളുടെ ഭര്‍ത്താവിന്റെ ചില സദ്ഗുണങ്ങള്‍ ഒന്നോര്‍ത്തു പറയാന്‍ സാധിക്കുമോ?''
''അദ്ദേഹം ഉദാരമതിയാണ്. മക്കളെ ഇഷ്ടമാണ്. ശാന്ത സ്വഭാവിയാണ്. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുന്ന വ്യക്തിയാണ്. അവര്‍ക്ക് സേവനം ചെയ്യുന്നതില്‍ സായൂജ്യം കണ്ടെത്തുന്ന പ്രകൃതമാണ്. എന്നാലും അയാള്‍ എന്റെ ഹൃദയത്തിലേക്ക് കടന്നിട്ടില്ല. എനിക്ക് അദ്ദേഹത്തോട് ഒരു സ്‌നേഹവും തോന്നുന്നില്ല.''
''ഞാന്‍ അദ്ദേഹത്തെ എന്തുകൊണ്ട് വെറുക്കുന്നു എന്നും എനിക്കറിഞ്ഞുകൂടാ'' അവര്‍ തുടര്‍ന്നു.
ഞാന്‍: ''ഒരാള്‍ അപരനെ വെറുക്കുന്നുണ്ടോ ഇല്ലേ എന്ന് സ്വയം പരീക്ഷിച്ചറിയാന്‍ ചില അടയാളങ്ങളുണ്ട്. ഒരാളെ നിങ്ങള്‍ വെറുത്താല്‍ അയാളുടെ പരാജയത്തില്‍ നിങ്ങള്‍ സന്തോഷിക്കും. അയാള്‍ ഒരിക്കലും ഒരു കാര്യത്തിലും വിജയിക്കരുതെന്നായിരിക്കും നിങ്ങളുടെ നിര്‍ബന്ധം. അയാളെ നോക്കി നിങ്ങള്‍ മന്ദഹസിക്കില്ല. അയാള്‍ക്ക് ദുഃഖവും വേദനയും ഉളവാക്കുന്നതില്‍ നിങ്ങള്‍ സന്തോഷം കണ്ടെത്തും. അയാളുടെ സങ്കടങ്ങളില്‍ നിങ്ങള്‍ നിര്‍വൃതിയടയും. താന്‍ വെറുക്കുന്ന ആളെ എപ്പോഴും വിമര്‍ശിച്ചുകൊണ്ടിരിക്കും. ഒരിക്കലും പ്രശംസിക്കില്ല. അയാളിലെ നല്ല ഗുണങ്ങള്‍ കാണില്ല. അയാളുടെ ചെറുവീഴ്ചകള്‍ പര്‍വതീകരിക്കും. അയാള്‍ക്ക് വിപത്തണഞ്ഞാല്‍ സഹായത്തിന് ചെല്ലില്ല. പരിഹസിക്കും, അവഹേളിക്കും, ദുഷിക്കും.''
ഞാന്‍ തുടര്‍ന്നു: ''ഞാന്‍ നിങ്ങളുമായി സംസാരിച്ചപ്പോഴൊന്നും നിങ്ങള്‍ ഇത്തരത്തില്‍ പെരുമാറിയതായി എന്റെ ശ്രദ്ധയില്‍പെട്ടില്ല. അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ ഭര്‍ത്താവിനെ വെറുക്കുന്നു എന്ന് ഞാന്‍ കരുതുന്നില്ല. നിങ്ങള്‍ അയാളെ സ്‌നേഹിക്കുന്നില്ല എന്നേ ഞാന്‍ കരുതുന്നുള്ളൂ.''
അവര്‍: ''സ്‌നേഹമില്ലായ്മക്കും വെറുപ്പിനുമിടയില്‍ എന്താണ് വ്യത്യാസം?''
ഞാന്‍: ''വലിയ വ്യത്യാസമുണ്ട്. ഞാന്‍ എന്റെ ഭര്‍ത്താവിനെ വെറുക്കുന്നു എന്ന് നിങ്ങള്‍ പറയുമ്പോള്‍ അര്‍ഥമാക്കുന്നത് അയാളുമൊത്തുള്ള ജീവിതം പ്രയാസമാണെന്നാണ്. അതേ അവസരത്തില്‍ നിങ്ങള്‍ അയാളെ സ്‌നേഹിക്കുന്നില്ലെങ്കിലും അയാളോടൊത്തുള്ള പൊറുതിയും ജീവിതവും സാധ്യമാണ്. ദാമ്പത്യബന്ധത്തിന് മൂന്ന് തലങ്ങളുണ്ട്: ഒന്ന്, സ്‌നേഹം. രണ്ട്, വെറുപ്പ്. മൂന്ന്, സ്‌നേഹമില്ലായ്മ. അത് ഇഷ്ടത്തിന്റെയും അനിഷ്ടത്തിന്റെയും ഇടയിലുള്ള മാനസികാവസ്ഥയാണ്. നിങ്ങളിപ്പോള്‍ ഈ അവസ്ഥയിലാണ്. നിങ്ങളുടെ പ്രശ്‌നത്തിനുള്ള പരിഹാരം നിങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്തുതരാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയാണ്. അപ്പോള്‍ സ്‌നേഹമില്ലായ്മയില്‍നിന്ന് സ്‌നേഹത്തിന്റെ അവസ്ഥയിലേക്ക് നിങ്ങള്‍ മാറും. നിങ്ങളുടെ പ്രശ്‌നം പരിഹൃതമാകുന്നതുവരെ നിങ്ങള്‍ തുറന്നുപറഞ്ഞുകൊണ്ടിരിക്കണം.''
അവര്‍: ''ദമ്പതികള്‍ക്കിടയിലെ സ്‌നേഹത്തിന്റെ അടയാളമെന്താണ്?''
ഞാന്‍: ''ദമ്പതിമാര്‍ ഭാവിയെക്കുറിച്ച് സംസാരിക്കുക. ഇരുവരുടെയും പ്രശ്‌നപരിഹാരത്തിന് കൂട്ടായ ശ്രമങ്ങള്‍ നടത്തുക. അന്യോന്യം കേള്‍ക്കാനും കരുതലോടെ പെരുമാറാനും യത്‌നിക്കുക. ഇരുവരും ത്യാഗത്തിന് തയാറാവുക. സ്‌നേഹം പ്രകടിപ്പിക്കുക. അത് വാക്കു കൊണ്ടും കര്‍മം കൊണ്ടും വേണം.''
''ഈ ഗുണങ്ങളില്‍ ചിലതൊക്കെ എനിക്കുണ്ട്.''
''നിങ്ങള്‍ നിങ്ങളുടെ പ്രശ്‌നത്തെ വിലയിരുത്തിയത് തെറ്റായ രീതിയിലാണ്. നിങ്ങള്‍ നിങ്ങളുടെ ദാമ്പത്യത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്തണം. ഞാന്‍ എന്റെ ഭര്‍ത്താവിനെ വെറുക്കുന്നു എന്ന് നിങ്ങള്‍ ഒരിക്കലും പറയരുത്.''
അവര്‍: ''നിങ്ങളുടെ വാക്കുകള്‍ എന്നെ ഞെട്ടിച്ചു. ഈ കഴിഞ്ഞകാലമൊക്കെയും ഞാനൊരു മിഥ്യാ ലോകത്തിലാണ് കഴിഞ്ഞതെന്ന് എനിക്കിപ്പോള്‍ മനസ്സിലായി.''
വിവ: പി.കെ ജമാല്‍
Comments