ഇസ്‌ലാമില്‍ ജാതി തെരഞ്ഞ് എസ്.എഫ്.ഐ നേതാവ്
സമകാലിക മലയാളം വാരികയുടെ 2017 ജൂലൈ 3 ലക്കത്തിലെ ഒരു ലേഖനത്തില്‍ ഇസ്‌ലാമിലെ 'ജാതി വിവേചന'മാണ് ചര്‍ച്ച ചെയ്യുന്നതെങ്കിലും ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്.ഐ.ഒയുടെയും നേരെയാണ് വിരല്‍ ചൂണ്ടുന്നത്. ഹൈന്ദവ സമൂഹത്തിലേതു പോലെ ഇസ്‌ലാമിക സമൂഹത്തിലും ജാതിവിവേചനമുണ്ടെന്നും അത് കാണാതെ ആദിവാസികളോടും ദലിതരോടും അംബേദ്കറെറ്റുകളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത് കാപട്യമാണെന്നും അഭിപ്രായപ്പെടുന്നു. ജാതിവാദത്തിന്റെയും സവര്‍ണ രാഷ്ട്രീയ ഇസ്‌ലാമിന്റെയും മുഖമാണ് ജമാഅത്തെ ഇസ്‌ലാമിയുടേതെന്നും സംവരണത്തിനെതിരെ ഒ. അബ്ദുര്‍റഹ്മാന്‍ ഉള്‍പ്പെടെയുള്ള ജമാഅത്ത് നേതാക്കളുടെ ലേഖനങ്ങളും പുസ്തകങ്ങളും അതാണ് തെളിയിക്കുന്നതെന്നും പറയുന്നു. ലേഖനത്തിലെ പരാമര്‍ശങ്ങള്‍ പലതും വസ്തുതാവിരുദ്ധമാണെങ്കിലും ഇന്ത്യയിലെ മുസ്‌ലിംകളില്‍, പ്രത്യേകിച്ച് വടക്കേ ഇന്ത്യയില്‍ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരിലടക്കം ഒരു തരത്തിലുള്ള വിവേചനം നിലവിലുണ്ട് എന്നത് കാണാതിരിക്കാന്‍ കഴിയുമോ?
അബൂനവാസ് കോഴിക്കോട്
'ഇസ്‌ലാമില്‍ ജാതിയുണ്ട്, വിവേചനവും' എന്ന തലക്കെട്ടില്‍ സമകാലിക മലയാളം വാരികയില്‍ ലേഖനമെഴുതിയ നിതീഷ് നാരായണന്‍ എസ്.എഫ്.ഐയുടെ ദേശീയ ഭാരവാഹികളില്‍ ഒരാളാണ്. സമീപകാലത്തായി യൂനിവേഴ്‌സിറ്റി കാമ്പസുകളെ പിടിച്ചുകുലുക്കിയ ദലിത്-മുസ്‌ലിം-മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ പ്രക്ഷോഭങ്ങളില്‍ എസ്.ഐ.ഒ വഹിച്ച സജീവ പങ്കാളിത്തമാണ് ഉടനടിയുള്ള പ്രകോപനമെന്ന് വ്യക്തം. എട്ട് പതിറ്റാണ്ടോളമായി രാജ്യത്ത് പ്രവര്‍ത്തിച്ചുവരുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇന്ത്യയുടെ തീരാശാപമായ ജാതിവ്യവസ്ഥയെ ആഴത്തില്‍ അപഗ്രഥിക്കാനോ ജാതി രാഷ്ട്രീയത്തെ യഥാര്‍ഥമായി അഭിമുഖീകരിക്കാനോ സാധിച്ചിട്ടില്ലെന്ന് മാത്രമല്ല വര്‍ഗ സമരത്തിന്റെ സമവാക്യങ്ങളുപയോഗിച്ച് ജാതി വ്യവസ്ഥയെ വ്യാഖ്യാനിക്കുന്ന പതിവ് ശൈലി ദയനീയമായി പരാജയപ്പെടുകയും ചെയ്തിരിക്കുന്നു. ഇപ്പോഴും സ്വത്വവാദത്തിലെ ശരിയും തെറ്റും സംബന്ധിച്ച ആശയക്കുഴപ്പത്തിലാണവര്‍. തന്മൂലം ഒരുവശത്ത് ജാതീയത കൊടികുത്തി വാഴുന്ന ഹിന്ദി-പശു മേഖലയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വേരോട്ടം ലഭിക്കാതെ പോയപ്പോള്‍ വേരോട്ടം ലഭിച്ച ബംഗാളില്‍ 35 വര്‍ഷം അധികാരത്തില്‍ തുടര്‍ന്നിട്ടും സ്വന്തം അണികളില്‍നിന്നു പോലും ജാതീയത ഉന്മൂലനം ചെയ്യാന്‍ സാധിച്ചതുമില്ല. 35 കൊല്ലവും മുഖ്യമന്ത്രിപദം സവര്‍ണ ജാതിക്കാരില്‍ ഒതുങ്ങിയത് തന്നെ ഉദാഹരണം. കേരളത്തിലെ സ്ഥിതിയും ഏറെ മെച്ചമല്ല. താന്‍ ഈഴവ സ്ത്രീ ആയതുകൊണ്ടാണ് ഇ.എം.എസ് മുഖ്യമന്ത്രി പദത്തില്‍നിന്ന് തന്നെ യഥാസമയം അകറ്റിയതെന്ന് 99-ലെത്തിയ ഗൗരിയമ്മ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് എസ്.ഐ.ഒവിന്റെ മാതൃസംഘടനയെ കടന്നാക്രമിക്കാന്‍ യുവ മാര്‍ക്‌സിസ്റ്റ് നേതാവ് ജാതീയതയെ ആയുധമാക്കിയിരിക്കുന്നത്. 'മുസ്‌ലിം സമൂഹത്തിനകത്തെ ജാതി വിവേചനത്തില്‍ ഹിന്ദു മതത്തില്‍നിന്നും വ്യത്യസ്തമായി മതഗ്രന്ഥങ്ങളുടെ പിന്‍ബലമില്ല എന്നതാണ് പ്രത്യേകത' എന്ന് ലേഖകന്‍ തന്നെ സമ്മതിക്കുമ്പോള്‍ അതുതന്നെയാണ് ജമാഅത്തെ ഇസ്‌ലാമിയും തുടക്കം മുതല്‍ മുസ്‌ലിംകളോടും അമുസ്‌ലിംകളോടും പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇസ്‌ലാമില്‍ ജാതിയില്ല, ജാതി- സമുദായ-വംശ-ഭാഷാ വിവേചനങ്ങള്‍ക്കെതിരായി വിശ്വമാനവിക സാഹോദര്യമാണ് ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്നത്. 'പ്രായോഗികാദൈ്വതത്തെ സംബന്ധിച്ചേടത്തോളം ഏതെങ്കിലും മതം അതിനോടടുത്തു നില്‍ക്കുന്നുവെങ്കില്‍ അത് ഇസ്‌ലാമാണ്, ഇസ്‌ലാം മാത്രമാണ്' എന്ന് തുറന്നു പ്രഖ്യാപിച്ചത് സ്വാമി വിവേകാനന്ദനാണ്. 'വിശ്വചരിത്രാവലോകന'ത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവും അത് സൂചിപ്പിക്കുന്നു. പ്രമാണങ്ങളുടെയും പൂര്‍വസൂരികളുടെ മാതൃകയുടെയും അടിസ്ഥാനത്തില്‍ നിലവില്‍ മുസ്‌ലിംകള്‍ക്കിടയിലെ വിവേചനത്തെ ഉന്മൂലനം ചെയ്യാന്‍ നിരന്തരം യത്‌നിക്കുകയാണ് ജമാഅത്തെ ഇസ്‌ലാമി.
''മുതലാളിത്തം, സാമ്പത്തിക ചൂഷണം, അയിത്തം, ഉച്ചനീചത്വം, അക്രമം, അനീതി, മത-ഭാഷാ-പ്രാദേശിക പക്ഷപാതിത്തങ്ങള്‍, ഏകാധിപത്യ- സമഗ്രാധിപത്യ പ്രവണതകള്‍, സാംസ്‌കാരികമായ കടന്നാക്രമണം, വര്‍ഗീയത എന്നിവക്കെതിരില്‍ ജമാഅത്ത് ശബ്ദമുയര്‍ത്തുന്നതാണ്. മൗലിക മനുഷ്യാവകാശങ്ങള്‍, വിശിഷ്യാ അഭിമാന സംരക്ഷണം, വിശ്വാസ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, അഭിപ്രായ-ചിന്താ സ്വാതന്ത്ര്യം, സാമ്പത്തിക നീതി, സാമൂഹിക സമത്വം, മനുഷ്യസാഹോദര്യം എന്നീ മൂല്യങ്ങളുടെ പ്രചാരണത്തിനും മത-ഭാഷ-സാംസ്‌കാരിക ന്യൂനപക്ഷങ്ങളുടെ വ്യക്തിത്വ സംരക്ഷണത്തിനും പിന്നാക്ക വിഭാഗങ്ങളുടെ ഉദ്ധാരണത്തിനും തൊഴിലാളികളുടെയും കര്‍ഷകരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ദാരിദ്ര്യവും നിരക്ഷരതയും ഉന്മൂലനം ചെയ്യുന്നതിനും ജമാഅത്ത് കഴിവനുസരിച്ച് പ്രവര്‍ത്തിക്കുന്നതാണ്.''
1981-'86 കാലഘട്ടത്തിലേക്ക് ജമാഅത്തെ ഇസ്‌ലാമി അംഗീകരിച്ച പോളിസിയില്‍നിന്നാണ് മുകളിലുദ്ധരിച്ച ഖണ്ഡിക. 'പിന്നാക്ക വിഭാഗങ്ങളെ സാമൂഹികമായും സാമ്പത്തികമായും ഉയര്‍ത്തിക്കൊുവരാനും ഉച്ചനീചത്വം, അസ്പൃശ്യത പോലുള്ള അനഭിലഷണീയമായ വിവേചനങ്ങള്‍ ദൂരീകരിക്കാനും ശ്രമിക്കുക; മാനുഷിക സമത്വവും സഹാനുഭൂതിയും വളര്‍ത്തുക' എന്ന ഖണ്ഡിക പ്രബോധനം എന്ന ശീര്‍ഷകത്തിലും കാണാം. അതേ പോളിസിയില്‍ മുസ്‌ലിംകളിലെ പ്രവര്‍ത്തനങ്ങളില്‍ 'ഉച്ചനീചത്വവും അനിസ്‌ലാമികമായ മറ്റു വിവേചനങ്ങളും ഇടപാടുകളിലെ അവകാശ ലംഘനങ്ങളും അനീതികളും ഇല്ലാതാക്കുക' എന്നും കാണാം. ഇതേ കാര്യങ്ങള്‍ ഭിന്ന ശൈലികളിലും സംക്ഷിപ്തമായും തുടര്‍ന്നുള്ള എല്ലാ ചതുര്‍വര്‍ഷ പോളിസികളിലും കാണാം. 'രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളെ ഉദ്ധരിക്കാനും അവര്‍ക്ക് അന്തസ്സാര്‍ന്ന പദവി നല്‍കാനും ജമാഅത്ത് പ്രയത്‌നിക്കും. ഇവ്വിഷയകമായ പരിശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കും. രാഷ്ട്രീയത്തിലെ ജാതീയത, വിഭാഗീയത, വര്‍ഗീയത, ക്രിമിനല്‍വത്കരണം, അഴിമതി എന്നിവക്കെതിരെ ജമാഅത്ത് നിലകൊള്ളും' എന്ന് 1999-2003 കാലത്തെ പോളിസിയും വ്യക്തമാക്കിയിട്ടുണ്ട്.
ജമാഅത്ത് നേതാവായ മാധ്യമം എഡിറ്റര്‍ ഒ. അബ്ദുര്‍റഹ്മാന്‍ സംവരണത്തെ എതിര്‍ത്തുകൊണ്ട് ലേഖനം എഴുതി എന്ന അടിസ്ഥാനരഹിതമായ ആരോപണവും ലേഖകന്‍ തൊടുത്തുവിട്ടിട്ടുണ്ട്. അബ്ദുര്‍റഹ്മാന്‍ ജമാഅത്ത് നേതാവോ അംഗമോ അല്ല. 'മാധ്യമം' ഓണ്‍ലൈന്‍ പതിപ്പില്‍ എഴുതിയ കുറിപ്പ് സംവരണവിരുദ്ധവുമല്ല. പിന്നാക്ക സമുദായങ്ങളുടെ പട്ടികയില്‍ സ്ഥലം പിടിക്കാന്‍ ഉയര്‍ന്ന ജാതികളായ പട്ടേലുകളും ജാട്ടുകളും മറ്റു പലരും പ്രക്ഷോഭം നടത്തിക്കൊണ്ടിരുന്ന പശ്ചാത്തലത്തില്‍, സാമുദായിക സംവരണത്തെക്കുറിച്ച് പുനര്‍പഠനം നടത്താന്‍ സമയമായെന്ന് അഭിപ്രായപ്പെടുകയാണ് ചെയ്തത്. അതുതന്നെ തീര്‍ത്തും വ്യക്തിപരമാണെന്ന് വ്യക്തമാക്കിക്കൊണ്ടും. പട്ടികജാതികളേക്കാള്‍ മോശമാണ് ഇന്ത്യയിലെ മുസ്‌ലിം സ്ഥിതി എന്ന് കണ്ടെത്തിയ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ അവരെ ദേശീയാടിസ്ഥാനത്തില്‍ പിന്നാക്ക സമുദായങ്ങളില്‍ ഉള്‍പ്പെടുത്താന്‍ സമയമായി എന്ന നിരീക്ഷണവും കുറിപ്പിലുണ്ടായിരുന്നു. ഇത് പൊക്കിപ്പിടിച്ച് ജമാഅത്തെ ഇസ്‌ലാമി സംവരണ വിരുദ്ധമാണെന്ന് തട്ടിമൂളിച്ചത് ബുദ്ധിപരമായ സത്യസന്ധതയല്ല.
ഇന്ത്യന്‍ മുസ്‌ലിം സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന 'ജാതീയത'യും 'അസ്പൃശ്യത'യുമാണ് ലേഖനത്തിന്റെ ഉള്ളടക്കത്തില്‍ പ്രധാനം. ഹിന്ദുക്കളില്‍ ഗാഢമായി വേരൂന്നിയ ജാതീയതയുടെ ശേഷിപ്പുകള്‍ മതപരിവര്‍ത്തനം ചെയ്ത മുസ്‌ലിംകളിലും ഒരുപരിധിവരെ കാണപ്പെടുക സ്വാഭാവികമാണ്. ഉര്‍ദു ഭാഷയില്‍ ബാറാദരി എന്ന് വിളിക്കപ്പെടുന്ന ഈ ശാപത്തിനെതിരെ ജമാഅത്തെ ഇസ്‌ലാമി സാധ്യമായ ബോധവത്കരണം നടത്തുന്നുണ്ട്. സംഘടനക്കകത്ത് അതുണ്ടെന്നത് തീര്‍ത്തും വാസ്തവവിരുദ്ധമായ ആരോപണമാണ്. ഖുറൈശികള്‍ (കശാപ്പുകാര്‍), അന്‍സാരി, മൂമിന്‍, കച്ച് മേമന്‍ തുടങ്ങിയ വേര്‍തിരിവുകള്‍ ഇപ്പോഴും ഇന്ത്യന്‍ മുസ്‌ലിംകളില്‍ ബാക്കിനില്‍ക്കുന്നു. എന്നാല്‍, ലേഖകന്‍ പര്‍വതീകരിച്ച വിധം വലുതല്ല പ്രശ്‌നം. സച്ചാര്‍ കമീഷന്‍ ചൂണ്ടിക്കാട്ടിയ ആ അന്തരം ഏറിയകൂറും സാമ്പത്തികമാണ്. സാമ്പത്തികമായി ഉയര്‍ന്നവരാണ് അശ്‌റഫികള്‍. വരുമാനത്തില്‍ തീരെ അടിത്തട്ടിലുള്ളവരാണ് അര്‍ദലുകള്‍. അവര്‍ക്കാണ് സച്ചാര്‍ കമ്മിറ്റി സംവരണം ശിപാര്‍ശ ചെയ്തതും. ഇതൊന്നും പിറവിയെ അടിസ്ഥാനപ്പെടുത്തിയുള്ള ജാതികളല്ല. തൊട്ടുകൂടായ്മയോ തീണ്ടലോ മുസ്‌ലിം സമുദായത്തിലില്ല. ഇന്ത്യയിലെ തൊഴിലാളിവര്‍ഗത്തെ ഏകീകരിക്കാനോ സമീകരിക്കാനോ നാളിതുവരെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് സാധിച്ചിട്ടില്ലെന്നിരിക്കെ, ധാര്‍മിക, സദാചാര തത്ത്വങ്ങള്‍ മുറുകെ പിടിച്ച് സമാധാനപരമായി മാത്രം പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനത്തിന് കമ്യൂണിസ്റ്റുകാരും യുക്തിവാദികളും സെക്യുലരിസ്റ്റുകളും നാഷ്‌നലിസ്റ്റുകളുമെല്ലാമടങ്ങുന്നവരുടെ എതിര്‍പ്പിനെ അതിജീവിച്ച് ലക്ഷ്യം നേടാന്‍ കാലതാമസം നേരിടുക തികച്ചും സ്വാഭാവികമാണ്. തീവ്ര വലതുപക്ഷ സര്‍വാധിപത്യ-സമഗ്രാധിപത്യ ശക്തികള്‍ അധികാരത്തിന്റെ സമസ്ത സാധ്യതകളും പ്രയോഗിച്ച് ഇന്ത്യയെ പിടിയിലൊതുക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ട ഈ വിഷമസന്ധിയില്‍ അതിനെതിരെ യോജിച്ചു പൊരുതേണ്ട മതനിരപേക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളും ന്യൂനപക്ഷങ്ങളും പരസ്പരം പോരാടുന്നത് ആര്‍ക്കാണ് ഗുണം ചെയ്യുക എന്ന് എസ്.എഫ്.ഐ നേതാവ് ഒരു നിമിഷം ആലോചിക്കുന്നതാണ് ആരോഗ്യകരം.
അന്ധവിശ്വാസം വരുന്ന വഴി: 'സമസ്ത'യുടെ കാഴ്ചപ്പാട്
''അന്ധവിശ്വാസത്തിന്റെ വിത്ത് വിതയ്ക്കുന്നതില്‍ മതനിരാസത്തിനും മതനവീകരണ പ്രസ്ഥാനങ്ങള്‍ക്കും വലിയ പങ്കാണുള്ളത്. ജിന്ന്ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ കഴിഞ്ഞ വര്‍ഷം ദുബൈ ജൂമൈറ ബീച്ചില്‍ ഒരു ചെറുപ്പക്കാരനെ മുക്കിക്കൊന്ന ആധുനിക സലഫി ചിന്തകളും തലയറുത്ത് മുന്നേറലാണ് ഇസ്ലാമിന്റെ തനത് ലക്ഷ്യമെന്ന മതവിരുദ്ധ നിലപാടുകള്‍ നട്ടുമുളപ്പിച്ചെടുത്ത വഹാബിസവും രാഷ്ട്രീയ അധികാരമാണ് ഇസ്ലാം ലക്ഷീകരിക്കുന്നതെന്ന ഇഖ്വാനിസവും ഈ കൂട്ടുകെട്ടുകളുടെ ഭിന്ന ഉല്‍പ്പന്നങ്ങളായ നിരവധി തീവ്രവാദ ഗ്രൂപ്പുകളും വാസ്തവത്തില്‍ അന്ധവിശ്വാസങ്ങളും അബദ്ധജഡിലങ്ങളുമാണ്....
''സമുദായത്തിന് ക്ഷതം വരുത്തുന്നതില്‍ 'ഭക്തിപ്രസ്ഥാനങ്ങള്‍'ക്കുള്ള പങ്കും വളരെ വലുതാണ്. മതപാണ്ഡിത്യവും മതപക്ഷ പിന്തുണയും ഇല്ലാത്ത വ്യാജ തരീഖത്തുകളും ധനലാഭം ലക്ഷ്യമാക്കി മാത്രം രൂപീകരിക്കപ്പെട്ട സംഘടനകളും സമുദായത്തിന്റെ ആഭ്യന്തര ആരോഗ്യവും സുരക്ഷയും തകര്‍ക്കുന്നു. ആത്മീയ വിപണന തന്ത്രം ലാക്കാക്കി ഇറങ്ങിത്തിരിച്ച ഇത്തരം പ്രസ്ഥാനങ്ങള്‍ അന്ധവിശ്വാസം വളര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു...
''ഗുണപാഠം:
ഓരോ മുസ്ലിം കോളനികളും സുരക്ഷിതമായി നിയന്ത്രിക്കുന്ന മത സംവിധാനങ്ങള്‍ തകര്‍ക്കുന്ന വിഘടിത, വിദ്രോഹ ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനങ്ങള്‍ സംഘടനകള്‍ അവസാനിപ്പിക്കണം. അച്ചടക്കത്തില്‍ നടന്നുവരുന്ന മഹല്ലുകളില്‍ സമാന്തരം സൃഷ്ടിക്കുന്ന കാന്തപുരം, മുജാഹിദ്, ജമാഅത്ത് തുടങ്ങിയ വിഭാഗങ്ങള്‍ ഫലത്തില്‍ സമുദായത്തെ ഒറ്റപ്പെടുത്തി അപായപ്പെടുത്തുകയാണ്. മഹല്ലുകളുടെ ഐക്യവും ഭദ്രതയും തകര്‍ക്കുന്നത് ഇത്തരം അന്ധവിശ്വാസ സംഘങ്ങള്‍ക്ക് സഹായകമായി മാറുകയാണ് ചെയ്യുന്നത്.
''ഇസ്ലാമിന്റെ തനത് സ്വഭാവം കാത്തുസൂക്ഷിക്കാന്‍ മുസ്ലിം ലോകം ഏകകണ്ഠമായി അംഗീകരിച്ചുപോരുന്ന കര്‍മശാസ്ത്രത്തിലെ ഏകീകരണവും വിശ്വാസ ശാസ്ത്രത്തിലെ ഏകീകരണവും ഉറപ്പുവരുത്തി ഇസ്ലാമിക സംസ്‌കൃതി സംരക്ഷിക്കുന്ന സമസ്തയുടെ സംഘടനാ തണലില്‍നിന്ന് മഹല്ലുകളെയും മഹല്ല് നിവാസികളെയും വഴിതിരിച്ചു വിടുന്ന ആപല്‍ക്കരമായ പ്രവണതയാണ് ഇത്തരം വ്യാജ വിശ്വാസങ്ങള്‍ വളരാന്‍ ഇടയാക്കുന്നത്.''
2017 ജൂലൈ എട്ടിന് ചേര്‍ന്ന സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹകസമിതി തീരുമാനപ്രകാരം എം.എം മുഹ്യിദ്ദീന്‍ മുസ്ലിയാര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, റെയ്ഞ്ച് സെക്രട്ടറി സൈതാലി മുസ്ലിയാര്‍, മുഹമ്മദ് സാജിദ് ഫൈസി, മുഹമ്മദലി വാഫി, താജുദ്ദീന്‍ ഫൈസി എന്നിവര്‍ക്കൊപ്പം കൊളത്തൂര്‍ പാറമ്മലങ്ങാടി മഹല്ല് സന്ദര്‍ശിച്ചു തയാറാക്കിയത് (സുപ്രഭാതം 10/7/17). പ്രതികരണം?
അബൂദാരിയ കാവില്‍
എന്താണ് യഥാര്‍ഥ വിശ്വാസം, എന്താണ് അന്ധവിശ്വാസം എന്ന് ആദ്യം തീരുമാനിക്കണം. മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം വിശുദ്ധ ഖുര്‍ആനിലും പ്രവാചക ചര്യയിലും സ്പഷ്ടമായി പ്രതിപാദിച്ച വിശ്വാസങ്ങളെന്തൊക്കെയാണോ അതാണ് യഥാര്‍ഥ വിശ്വാസം. അവ രണ്ടിനും പുറത്ത്, പണ്ഡിതന്മാര്‍ കണ്ടെത്തിയതോ നിര്‍മിച്ചെടുത്തതോ ആയ വിശ്വാസാചാരങ്ങളില്‍ ശരിയും തെറ്റുമുണ്ടാവാം. ശരിയെ അംഗീകരിക്കുകയും തെറ്റിനെ നിരാകരിക്കുകയും ചെയ്യുകയാണ് സാമാന്യ ബുദ്ധിയുള്ളവര്‍ ചെയ്യുക. ശരിയേത്, തെറ്റേത് എന്ന് നിശ്ചയിക്കാന്‍ ഖുര്‍ആനും സുന്നത്തും തന്നെ മാനദണ്ഡങ്ങള്‍. പക്ഷേ, രണ്ടിനെയും വ്യാഖ്യാനിക്കുമ്പോള്‍ അഭിപ്രായാന്തരങ്ങളുണ്ടാവാം. അടിസ്ഥാന കാര്യങ്ങളില്‍ യോജിപ്പുള്ളേടത്തോളം കാലം ശാഖാപരമായവയില്‍ ഭിന്ന കാഴ്ചപ്പാട് ഇസ്‌ലാം അംഗീകരിച്ചിട്ടുള്ളതാണ്. അതിന്റെ പേരില്‍ പരസ്പര സ്പര്‍ധയോ ഊരുവിലക്കോ വെല്ലുവിളികളോ ആവശ്യമില്ല, എന്നല്ല വിനാശകരം തന്നെയാണ്. ഇന്ത്യയിലെ നിലവിലെ സാഹചര്യത്തില്‍ പരമാവധി യോജിപ്പിന്റെ സാധ്യതകളാണ് മുസ്‌ലിം പണ്ഡിതന്മാരും സംഘടനകളും ആരായേണ്ടത്. അല്ലെങ്കില്‍ സര്‍വനാശമാവും ഫലം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ഔദ്യോഗിക വിഭാഗം പൊതുവെ രമ്യവും മിതവുമായ സമീപനമാണ് ഇക്കാര്യത്തില്‍ പുലര്‍ത്താറുള്ളത്. ചിലപ്പോള്‍ വിഘടിത വിഭാഗത്തിന്റെ മുതലെടുപ്പ് ഭയന്ന് തീവ്ര നിലപാടുകളും സ്വീകരിക്കാറുണ്ടെന്ന് മാത്രം. എന്നാല്‍ അതുകൊണ്ട് സമസ്ത മാത്രമാണ് സുന്നത്ത് ജമാഅത്തിന്റെ പൈതൃകം കാത്തുസൂക്ഷിക്കുന്ന ഏക സംഘടനയെന്നും മറ്റുള്ളതെല്ലാം പിഴച്ചവയാണെന്നുമുള്ള തീര്‍പ്പും തീരുമാനവും ന്യായമായ കാരണങ്ങളാല്‍ അംഗീകരിക്കാനാവില്ല. സമസ്തയുടെ കര്‍മശാസ്ത്രപരമായ നിലപാടുകള്‍ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യപ്പെടുന്നതാണ് പ്രധാന കാരണം. 1933 മാര്‍ച്ച് അഞ്ചിന് ശിഹാബുദ്ദീന്‍ അഹ്മദ് കോയ മുസ്‌ലിയാരുടെ(ചാലിയം) അധ്യക്ഷതയില്‍ ഫറോക്കില്‍ ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ വാര്‍ഷിക സമ്മേളനം അംഗീകരിച്ച പ്രമേയമണ് ഇന്നും തിരുത്തപ്പെടാതെ അവശേഷിക്കുന്ന ആധികാരിക രേഖ. ഫറോക്ക് എട്ടാം പ്രമേയം എന്ന പേരില്‍ പ്രസിദ്ധമായ പ്രസ്തുത പ്രമേയത്തില്‍ ഖുര്‍ആനിനും സുന്നത്തിനും കടകവിരുദ്ധമായ ചില കാര്യങ്ങള്‍ക്ക് സര്‍വസമ്മതമായി അംഗീകാരം നല്‍കിയിട്ടുണ്ട്. ഉദാഹരണത്തിന്; മരിച്ചുപോയ അമ്പിയ, ഔലിയ, സ്വാലിഹീന്‍ എന്നിവരെ നേരിട്ട് വിളിക്കലും അവരെ വിളിച്ചു സഹായത്തിനു അപേക്ഷിക്കലും ആയത്ത്, ഹദീസ്, മറ്റു മുഅസ്സമായ അസ്മാഅ് എന്നിവ കൊണ്ട് മന്ത്രം ചെയ്യലും ഉറുക്ക് എഴുതിക്കെട്ടലും പിഞ്ഞാണം എഴുതിക്കൊടുക്കലും വെള്ളം, നൂല് മുതലായവ മന്ത്രിച്ചു കൊടുക്കലും, റാത്തീബ്, മന്‍കൂസ് മൗലിദ് തുടങ്ങിയവ ചട്ടമാക്കലും ഫറോക്ക് എട്ടാം പ്രമേയം അനുവദനീയമാക്കിയ സംഗതികളില്‍ പെടുന്നു. ഇവ മതവിരുദ്ധമാണെന്നോ ശിര്‍ക്കാണെന്നോ പറയുന്നവര്‍ സുന്നികള്‍ അല്ലെന്നും ഖത്വീബ് സ്ഥാനത്തിനും ഖാദിസ്ഥാനത്തിനും കൊള്ളരുതാത്തവരാണെന്നും കൂടി പ്രമേയം അനുശാസിക്കുന്നു. സമസ്ത ആധികാരികമായി പിന്തുടരുന്ന അശ്അരി-മാതുരീദി അഖീദക്കും ശാഫിഈ മദ്ഹബിനും നിരക്കാത്ത കാര്യങ്ങളാണവ. അതിനാല്‍ സമസ്ത ഇനിയെങ്കിലും വൈകാതെ പ്രമേയം പുനഃപരിശോധിക്കുകയും ദശലക്ഷക്കണക്കിന് വരുന്ന അനുയായികളെ അന്ധവിശ്വാസ-അനാചാരങ്ങളില്‍നിന്ന് രക്ഷിക്കുകയുമാണ് വേണ്ടത്.
തലയറുത്ത് മുന്നേറലാണ് ഇസ്ലാമിന്റെ തനത് ലക്ഷ്യമെന്ന് വഹാബിസം പറയുന്നുവെന്ന ആരോപണം വസ്തുതാവിരുദ്ധമാണ്. വഹാബികളായി അറിയപ്പെടുന്നവരില്‍ ഒരു ചെറിയ ന്യൂനപക്ഷം അല്‍ഖാഇദയിലേക്കോ ഐ.എസിലേക്കോ ചേക്കേറിയിട്ടുണ്ടെങ്കില്‍ തന്നെ ഭൂരിപക്ഷം സലഫി പണ്ഡിതന്മാരും സംഘടനകളും അവരെ തള്ളിപ്പറയുന്നുണ്ട്. കാടടച്ചു വെടിവെക്കരുത്. അതുപോലെ ജിന്ന്ബാധയെക്കുറിച്ച സലഫി നിലപാടും ഏകകണ്ഠമല്ല. അക്കാര്യത്തില്‍ സമസ്തയുടെ വീക്ഷണവും വ്യക്തമാവേണ്ടതുണ്ട്. രാഷ്ട്രീയ അധികാരമാണ് ഇസ്‌ലാം ലക്ഷ്യം വെക്കുന്നതെന്ന 'ഇഖ്‌വാനിസ'ത്തെക്കുറിച്ച ആരോപണവും സത്യവിരുദ്ധമാണ്. മുസ്‌ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള നാടുകളില്‍ ക്യാപിറ്റലിസമോ മാര്‍ക്‌സിസമോ കുടുംബവാഴ്ചയോ അല്ല ഇസ്‌ലാമിക ജനാധിപത്യക്രമമാണ് പുലരേണ്ടത് എന്ന ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ നിലപാട് ഇസ്‌ലാമില്‍നിന്നുള്ള വ്യതിയാനമായി കാണാന്‍ ഖുര്‍ആനും സുന്നത്തും ഖിലാഫത്തുര്‍റാശിദയും അംഗീകരിക്കുന്നവര്‍ക്കാവില്ല. അതേസമയം ഭക്തിപ്രസ്ഥാനങ്ങളെയും വ്യാജ ത്വരീഖത്തുകളെയും തള്ളിപ്പറഞ്ഞ സമസ്തയുടെ നടപടി അവസരോചിതവും പ്രശംസനീയവുമാണ്. കൂട്ടത്തില്‍ നിസാമുദ്ദീന്‍, അജ്മീര്‍, ഏര്‍വാടി, മടവൂര്‍ സി.എം മഖാം തുടങ്ങിയ വ്യാജ തീര്‍ഥാടന കേന്ദ്രങ്ങളില്‍ തുടര്‍ന്നുവരുന്ന വിശ്വാസപരമായ ചൂഷണങ്ങളെയും അനാശാസ്യ പ്രവൃത്തികളെയും കൂടി സമസ്ത തള്ളിപ്പറയേണ്ടതായിരുന്നു. ഭക്തിയുടെയോ സംശുദ്ധിയുടെയോ അംശലേശമില്ലാതെ തനി ക്രിമിനലിസത്തിന്റെയും തട്ടിപ്പുകളുടെയും കേന്ദ്രങ്ങളായി മാറിയിരിക്കുകയാണവ. ഇസ്‌ലാം അനുവദിച്ച ഖബ്ര്‍ സിയാറത്തുമായി ഒരു ബന്ധവും അവക്കില്ല. ഏറ്റവും ഒടുവില്‍ മടവൂര്‍ സി.എം സെന്ററില്‍ പാവപ്പെട്ട വിദ്യാര്‍ഥി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെന്ന് അബദ്ധങ്ങള്‍ തിരുത്താന്‍ ഭൂരിപക്ഷ പിന്തുണ അവകാശപ്പെടുന്ന മത സംഘടനാ നേതൃത്വം തയാറാവേണ്ടിയിരിക്കുന്നു.
Comments