രാജ്യം നേരിടുന്ന വലിയ വിപത്ത് അസഹിഷ്ണുത
നമ്മുടെ നാട്ടില്‍ കുറച്ചു കാലമായി വളര്‍ന്നുകൊണ്ടിരിക്കുന്ന അസഹിഷ്ണുത ഒരളവോളം വളര്‍ന്നു കഴിഞ്ഞ ശേഷമാണ് നമുക്ക് പിടികിട്ടുന്നത്. സ്വാതന്ത്ര്യം കിട്ടിയപ്പോള്‍, നാല്‍പ്പത്തി ഏഴിലൊക്കെ ഇന്ത്യന്‍ ജനതയുടെ ഏറ്റവും വലിയ പ്രശ്നം ദാരിദ്ര്യമാണ്, അസമത്വമാണ് എന്നൊക്കെ നമ്മള്‍ കരുതിയിരുന്നു. അത് ഇന്ന് കുറേയൊക്കെ തീര്‍ന്നിരിക്കുന്നു, ബാക്കിയുണ്ട് കുറേ. അതിനേക്കാളേറെ നമ്മള്‍ അഭിമുഖീകരിക്കുന്ന പുതിയ പ്രശ്നം, അടുത്ത കാലത്തായി വളര്‍ന്നു വന്നിരിക്കുന്ന അസഹിഷ്ണുതയാണ്. ന്യൂനപക്ഷങ്ങളായ മുസ്ലിംകളെയും അവശരും അസംഘടിതരുമായ ദലിതുകളെയും എന്തെങ്കിലും കാരണം പറഞ്ഞ് മാറ്റിനിര്‍ത്തി ആക്രമിക്കാനുള്ള ശ്രമം ഒളിഞ്ഞും തെളിഞ്ഞും നമ്മുടെ നാട്ടില്‍ കുറച്ചു കാലമായി നടന്നുവരികയാണ്. ഇത് കണ്ടെത്താനും തിരിച്ചറിയാനും ഇതിനെതിരായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ആവുന്നേടത്തോളം ജാതി-മത-രാഷ്ട്രീയ വിശ്വാസങ്ങളെല്ലാം മറന്നുകൊണ്ട് ഈയൊരാപത്തിനെതിരായി അണിനിരത്താനുള്ള ഭഗീരഥ പ്രയത്നത്തിലാണ് നമ്മളിന്ന് ഏര്‍പ്പെട്ടിരിക്കുന്നത്.
ആരാണ് സമൂഹത്തിന്റെ ശത്രു? ആര് പറയുന്നതാണ് ശരി? ആരെയാണ് വിശ്വസിക്കാന്‍ കഴിയുക? മുമ്പ് തൊഴിലാളിയും മുതലാളിയും തമ്മിലുള്ള പ്രശ്നങ്ങളില്‍ അത് കണ്ടെത്തുക പ്രയാസമുള്ള കാര്യമായിരുന്നില്ല. എല്ലാ ഗ്രൂപ്പുകള്‍ക്കും ജാതി-മത വിഭാഗങ്ങള്‍ക്കും കുറേശ്ശെയൊക്കെ ഇതിലൊക്കെ പങ്കുണ്ടെന്ന് കാണാം. ആര് മുന്‍കൈ എടുക്കണം എന്ന് പറയാന്‍ പ്രയാസമാണ്. എന്തുകൊണ്ട് ജമാഅത്തെ ഇസ്ലാമി മുന്‍കൈ എടുക്കുന്നു എന്നു ചോദിച്ചാല്‍ ജമാഅത്തെ ഇസ്ലാമി ഈ കൂട്ടത്തില്‍ ഒരു കൂട്ടരാണ്. ആരാണ് കുഴപ്പക്കാര്‍ എന്ന് അന്വേഷിച്ച് അപഗ്രഥിച്ച ശേഷം നമുക്ക് സമാധാനം കണ്ടെത്താം എന്ന് പറയുന്നതില്‍ വലിയ കാര്യമൊന്നുമില്ല, അത് സാധ്യവുമല്ല. ഈ തരത്തില്‍ അസഹിഷ്ണുതയും അസമാധാനവും വളര്‍ന്നുവന്ന ഒരു സമൂഹത്തില്‍ ആദ്യത്തെ ആവശ്യം സമാധാനവും സാഹോദര്യവും സ്ഥാപിക്കുക എന്നതു തന്നെയാണ്. നമ്മള്‍ ആഹ്വാനം ചെയ്താല്‍ വരുമോ എന്നും പറയാനാവില്ല. മറ്റു വഴികളൊന്നുമില്ലാത്തതിനാല്‍ പല തവണ ആവര്‍ത്തിക്കുകയും എല്ലാ വിഭാഗങ്ങളെയും ഒന്നിച്ചു കൂട്ടാന്‍ ശ്രമിക്കുകയും ചെയ്യുക. ആര് മുന്‍കൈ എടുത്താലും സാഹോദര്യത്തോടെ ഒന്നിച്ചുനില്‍ക്കുകയാണ് വേണ്ടത്.
ആരും സ്വയം ഫാഷിസ്റ്റാണെന്ന് സമ്മതിക്കില്ല. ജനാധിപത്യ വിശ്വാസിയാണെന്ന് പറഞ്ഞാണ് ഹിറ്റ്‌ലര്‍ പോലും വന്നത്. ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെ അദ്ദേഹത്തിന്റെ കക്ഷി ഭൂരിപക്ഷം പിടിച്ചടക്കുകയും ശേഷം ന്യൂനപക്ഷങ്ങളെ മര്‍ദിക്കാന്‍ സര്‍വശക്തിയും പ്രയോഗിക്കുകയും ചെയ്തു. ജനാധിപത്യത്തിലൂടെയാണ് പലപ്പോഴും സ്വേഛാധിപത്യം ഉയര്‍ന്നുവരുന്നത്. നമ്മുടെ നാട്ടിലും അതുതന്നെയാണ് സംഭവിക്കുന്നത്. നമ്മുടെ നാട്ടില്‍ ഒരു ജനാധിപത്യരീതിയുണ്ട്. ലോകത്തിലെ എല്ലാ ജനാധിപത്യ ഭരണഘടനകളെയും പഠിച്ച് അവയിലെ നല്ല ഭാഗങ്ങളൊക്കെ സ്വാംശീകരിച്ച് അടിസ്ഥാന മൂല്യങ്ങളും മൗലികാവകാശങ്ങളും നമ്മുടെ ഭരണഘടയില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. അതെത്ര തന്നെ നന്നായാലും ഭരണഘടന കടലാസിലെ ഒരു ഭാഗം മാത്രമാണ്. അത് പ്രാവര്‍ത്തികമാക്കാനുള്ള പ്രാപ്തിയാണ് നമുക്ക് ഉണ്ടാവേണ്ടത്. അതില്ലെങ്കില്‍ എത്ര നല്ല മൗലികാവകാശങ്ങളും നിര്‍ദേശക തത്ത്വങ്ങളും ഉണ്ടായാലും അത് ഗുണം ചെയ്യുകയില്ല. ഇന്ത്യന്‍ സമൂഹത്തിന്റെ ഈ സവിശേഷമായ പശ്ചാത്തലത്തില്‍ ഒരു കാര്യം വ്യക്തമാണ്. ന്യൂനപക്ഷങ്ങള്‍, ദലിതുകള്‍ തുടങ്ങിയവരെ ഒറ്റപ്പെടുത്താനും പല തരത്തിലുള്ള നിയന്ത്രണങ്ങള്‍ വരുത്തി ആഹാരത്തിലും വസ്ത്രധാരണത്തിലും രാഷ്ട്രീയാധികാരപ്രയോഗത്തിലും അടക്കം പല തരത്തിലുള്ള നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കാനുമുള്ള ഗൂഢാലോചന പല ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് കഴിയുന്നത്ര എല്ലാ രാഷ്ട്രീയ-സാമൂഹിക വിഭാഗങ്ങളെയും സാമ്പത്തിക വര്‍ഗങ്ങളെയും വംശങ്ങളെയും സംഘടിപ്പിച്ചു കൊണ്ട് ജനകീയമുന്നണിക്ക് വേണ്ടി പരിശ്രമിക്കണമെന്ന് പറയുന്നത്.
നമ്മുടെ മുന്നില്‍ അപകടമുണ്ട്. ആ അപകടത്തിനെതിരായ മുന്നണിയുമുണ്ട്. ആ മുന്നണിയെ ശക്തിപ്പെടുത്താന്‍ എന്തെല്ലാം വിധത്തില്‍ സാധിക്കുമോ അങ്ങനെ ശക്തിപ്പെടുത്തുകയും അതിനെതിരെയുള്ള ഗൂഢ ശ്രമങ്ങളെ, അതിന്റെ അപകടങ്ങളെ തിരിച്ചറിഞ്ഞ് ആ വിഭാഗീയത സ്വീകരിക്കാതെ തള്ളിക്കളഞ്ഞ ജനങ്ങള്‍ ഒത്തൊരുമിച്ചു നില്‍ക്കുകയും ചെയ്യുക എന്നത് മാത്രമേ നമുക്ക് മുമ്പില്‍ വഴിയുള്ളൂ. മറ്റൊരു വഴിയുമില്ല. യൂറോപ്പോ അമേരിക്കയോ റഷ്യയോ ആരെങ്കിലും മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. ഓരോ രാജ്യത്തിനും ഓരോ സമൂഹത്തിനും അവരുടേതായ പ്രശ്നങ്ങളുണ്ട്. ഇന്ത്യയുടെ ഇന്നത്തെ പ്രശ്നം ഒരുപാട് വൈവിധ്യങ്ങളും വൈരുധ്യങ്ങളും ഉണ്ടെന്നതാണ്. ആ വൈവിധ്യങ്ങളെ ശക്തിയാക്കി മാറ്റാനുള്ള പരിശ്രമമാണ് നമുക്ക് ആവശ്യമായിട്ടുള്ളത്. ആ വൈവിധ്യങ്ങളെ പരമമായ മൂല്യങ്ങളുടെ പേരിലുള്ള ഐക്യത്തിന്റെ പുതിയ മാര്‍ഗമായി സ്വീകരിക്കാനും വളര്‍ത്തിയെടുക്കാനും നമുക്ക് കഴിയുമെങ്കില്‍ നാം രക്ഷപ്പെടും. അല്ലെങ്കില്‍ മറ്റു പല രാജ്യങ്ങളെയും പോലെ വിഭാഗീയതയുടെ ഇരകളായി അന്യോന്യം കലഹങ്ങള്‍ സൃഷ്ടിച്ച് ആഭ്യന്തര സമരങ്ങളില്‍ പെട്ട് അവരുടെയും മറ്റുള്ളവരുടെയും പുരോഗതിക്ക് തടസ്സമായി നില്‍ക്കേണ്ടി വരും. ഈ ഉദാഹരണങ്ങള്‍ കണ്ട് മനസ്സിലാക്കി, ഹിന്ദുക്കളും ക്രിസ്ത്യാനികളും ബൗദ്ധരും ജൈനരും പാര്‍സികളും ദൈവവിശ്വാസമുള്ളവരും ഇല്ലാത്തവരും, വിഗ്രഹാരാധകരും അല്ലാത്തവരും ഏക ദൈവ വിശ്വാസികളും ബഹുദൈവ വിശ്വാസികളും എല്ലാം അടങ്ങിയ ഒട്ടേറെ ആളുകള്‍ വസിക്കുന്ന ഇന്ത്യയെന്ന ഈ മഹാരാജ്യത്ത് ഇതെല്ലാം നിലനില്‍ക്കെ തന്നെ നമുക്ക് എത്രത്തോളം യോജിക്കാന്‍ കഴിയും, എവിടെയെല്ലാം ജനങ്ങളെ ഒന്നിപ്പിച്ചുനിര്‍ത്തി സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പേരില്‍ രാഷ്ട്ര പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയും എന്നാണ് ആലോചിക്കേണ്ടത്. അതിന് രാഷ്ട്രീയ കക്ഷിഭേദങ്ങളോ ജാതീയതകളോ ഒന്നും തടസ്സമല്ലാതിരിക്കുകയാണെങ്കില്‍ നമ്മുടെ ഭാഗ്യം. അത് നിരന്തരമായ പരിശ്രമത്തിലൂടെ മാത്രമേ സാധ്യമാവൂ. സ്വാതന്ത്ര്യത്തിന്റെ വില നിത്യമായ ജാഗരൂകതയാണ്. നിരന്തരമായി സാഹോദര്യത്തെ ഊട്ടിവളര്‍ത്തി അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞു പരിഹരിച്ച്, താല്‍ക്കാലികമായി മാറ്റി വെച്ച്, എവിടെയാണോ പൊതുവായ പുരോഗതിക്കും സമാധാനത്തിനുമുള്ള സാധ്യത അത് അന്വേഷിച്ച് പിടിക്കാനുള്ള പരിശ്രമത്തിലാണ് നമ്മളിന്ന് ഏര്‍പ്പെട്ടിരിക്കുന്നത്. അതിന് എത്രകാലം പരിശ്രമിക്കാനാവുമോ അത്രയും കാലം ഞാനുമുണ്ടായിരിക്കും, നിങ്ങളെന്റെ കൂടെ കൂടണം. എല്ലാവരും ഒന്നിച്ച് നില്‍ക്കണം എന്നഭ്യര്‍ഥിച്ചുകൊണ്ട് എല്ലാവിധ ആശംസകളും അര്‍പ്പിക്കുന്നു.
ആര്‍.എസ്.എസ് അജണ്ടകള്‍ കാറ്റില്‍ പറത്തി മുന്നേറുക
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
ഇന്നത്തെ ഈയൊരു സംഗമം കേരളം മാത്രമല്ല ഇന്ത്യന്‍ ജനത മുഴുവന്‍ ആഗ്രഹിക്കുന്ന ഒരു സംഗമമാണ്. ഇന്ത്യാ രാജ്യത്ത് ഇന്ന് നടന്നുകൊണ്ടിരിക്കുന്ന പൗരാവകാശങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് ഇത്തരം സംഗമങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. നമ്മുടെ രാജ്യം എല്ലാവരുടെയും രാജ്യമാണ്. നമ്മുടെ ഭരണഘടന ഇവിടെ എല്ലാവര്‍ക്കും ഒരേ രീതിയിലുള്ള സ്വാതന്ത്ര്യവും അവകാശവും നല്‍കിയിരിക്കുന്നു. ആ അവകാശങ്ങളൊക്കെ തന്നെയും ദിനേന ഇവിടെ ഇല്ലായ്മ ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. നമ്മള്‍ ബഹുസ്വരത എന്ന് അഭിമാനത്തോടെ പറയുമ്പോഴും ഏകസ്വരമായി അജണ്ടകള്‍ നടപ്പില്‍ വരുത്തുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുകയാണ്.
നമ്മുടെ വിശ്വാസത്തിന്റെയും വസ്ത്രധാരണത്തിന്റെയും ഭക്ഷണരീതിയുടെയും ദാമ്പത്യജീവിതത്തിന്റെയും കാര്യം മുതല്‍ മരണക്കിടക്കയില്‍ വരെ ഫാഷിസ്റ്റ് ചിന്ത അടിച്ചേല്‍പ്പിച്ച് നമ്മെ ഭീതിപ്പെടുത്തുന്ന രീതിയിലേക്ക് മാറിയിരിക്കുകയാണ്. കുറേ വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഗോ രക്ഷാ രാഷ്ട്രീയത്തിന്റെ പേരില്‍ അഖ്ലാഖും പെഹ്ലു ഖാനും ജുനൈദുമടക്കം ഒരുപാട് ഇരകള്‍ നമ്മുടെ രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ജുനൈദിന്റെ സഹോദരന്‍ ഹാശിം മുസ്ലിം ലീഗ് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ ഇവിടെ വരികയുണ്ടായി. ഒരു ദിവസം അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. വളരെ വൈകാരികത മുറ്റിയ രംഗങ്ങളാണ് അവിടെ പോയ നമ്മുടെ സഹോദരങ്ങളൊക്കെയും വിവരിച്ചുതന്നത്. ഒരു സാധാരണ പൗരന് ഒരു ട്രെയിനില്‍ പോലും യാത്ര ചെയ്യാന്‍ കഴിയാത്ത രീതിയിലാണ് കാര്യങ്ങള്‍. അവരുടെ അവകാശ നിഷേധങ്ങള്‍ നമ്മള്‍ ഗൗരവമായി തന്നെ കാണേണ്ടതുണ്ട്. സ്വതന്ത്രമായി നടക്കാന്‍ പോലും കഴിയാത്ത നിലയിലേക്ക് കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. സ്വത്വത്തിന്റെ പേരില്‍ ഇവിടെ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു. അങ്ങനെയുള്ള ഒരു സംസ്‌കാരം ഇവിടെ വളര്‍ന്നുവരുമ്പോള്‍ അതിനെതിരെ പോരാടേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ഈ സദസ്സ് അതിന് ഉദാഹരണമാണ്. എല്ലാ വിശ്വാസികളും ഇവിടെയുണ്ട്. നമ്മുടെ രാജ്യത്തിന്റെ ന•ക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നത്.
'നോട്ട് ഇന്‍ മൈ നെയിം' എന്ന പേരില്‍ നമ്മുടെ രാജ്യത്ത് നടന്ന പ്രതിഷേധ സംഗമം ഇന്ത്യന്‍ പൗരന്മാര്‍ക്ക് വേണ്ടിയായിരുന്നു. ഇന്ത്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ ഇവിടെ ഒറ്റപ്പെടുന്ന ന്യൂനപക്ഷങ്ങളുടെയും ദലിതരുടെയും അവസ്ഥ എത്രത്തോളം ഭീതിജനകമാണെന്ന് നാം ആലോചിച്ചുനോക്കേണ്ടതുണ്ട്. ജനമനസ്സുകളെ ഒന്നിപ്പിച്ച് നല്ല രീതിയില്‍, വിവേകത്തോടെ പ്രശ്‌നങ്ങളെ നമ്മള്‍ നേരിടേണ്ടതുണ്ട്. ആശയപരമായി നാമതിനെ നേരിടണം. നമ്മുടെ പ്രധാനമന്ത്രി ഏഴ് പതിറ്റാണ്ടിനു ശേഷമാണ് ഇസ്രയേല്‍ സന്ദര്‍ശിച്ചത്. ലോകം തന്നെ, പ്രത്യേകിച്ചും മുസ്ലിം രാജ്യങ്ങള്‍ ശത്രുതയോടെ കാണുന്ന രാജ്യമാണ് ഇസ്രയേല്‍. ഞാനും ഇസ്ലാമിന്റെ ശത്രുവാണെന്ന രീതിയിലുള്ള ഐക്യദാര്‍ഢ്യമാണ് അവിടെ നടത്തിയിട്ടുള്ളത്. രാജ്യത്ത് നാം അറിയാതെ കടന്നുവരുന്ന ആര്‍.എസ്.എസ് അജണ്ടകളൊക്കെ തന്നെയും കാറ്റില്‍ പറത്തി മുന്നേറാന്‍ ഐക്യത്തോടുകൂടി എല്ലാവരും ഒരുമിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
************************************************************
മാനവികതയിലും മനുഷ്യത്വത്തിലും വിശ്വസിക്കുന്ന എല്ലാവരും ഒന്നിച്ചുനില്‍ക്കട്ടെ
എം.ഐ അബ്ദുല്‍ അസീസ്
രാജ്യത്തെ നന്മേഛുക്കളായ മുഴുവന്‍ ജനവിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന സംഗമമാണിത്. നമ്മുടെ രാജ്യം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഗുരുതരമായ പ്രതിസന്ധിയെ ഒറ്റക്കെട്ടായി നേരിടാനുള്ള പരിശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം സംഗമങ്ങള്‍. എന്തെല്ലാം മഹത്തായ മൂല്യങ്ങളാണോ നമ്മുടെ രാജ്യം ഉയര്‍ത്തിപ്പിടിച്ചത്, എന്തെല്ലാം സ്വപ്നങ്ങളാണോ നാം കാത്തുസൂക്ഷിച്ചത് അവയൊക്കെ തകര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ചരിത്രഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോവുന്നത്. നാനാത്വത്തില്‍ ഏകത്വം, ഒരു മലര്‍വാടിയില്‍ വിരിഞ്ഞു നില്‍ക്കുന്ന പലതരം പുഷ്പങ്ങള്‍, വൈവിധ്യങ്ങളോടൊപ്പം കെട്ടുറപ്പുള്ള ഒരു ജനത, ഒരു രാജ്യം- അതൊക്കെ തല്ലിത്തകര്‍ത്ത് ഏക സംസ്‌കാരം അടിച്ചേല്‍പ്പിക്കാനുളള തീവ്ര ശ്രമങ്ങളാണ് വര്‍ഗീയ ഭീകരതയുടെ വക്താക്കള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സംഘ് പരിവാര്‍ സംഘടിപ്പിക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ രാജ്യത്തെ വര്‍ഗീയ ധ്രുവീകരണത്തിലേക്ക് കൊണ്ടുപോകുന്നു. ന്യൂനപക്ഷങ്ങള്‍ക്കും ദലിത് വിഭാഗങ്ങള്‍ക്കുമെതിരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ചുകഴിഞ്ഞിരിക്കുകയാണ്.
ഒരു ഭരണകൂടം നിലനില്‍ക്കെ രാജ്യത്തെ പൗരന്മാര്‍ക്ക് സുരക്ഷയില്ല, അവരെവിടെ വെച്ചും വേട്ടയാടപ്പെടാം, ആക്രമിക്കപ്പെടാം എന്നൊരവസ്ഥ സംജാതമായാല്‍ അത് പിന്നീടൊരാള്‍ക്കും തടയാന്‍ കഴിയാത്ത വലിയ അപകടത്തിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കും. അങ്ങനെയുള്ള പല രാജ്യങ്ങളും ഇന്ന് ലോക ഭൂപടത്തിലുണ്ട്. ആഭ്യന്തര സംഘട്ടനങ്ങള്‍ ആ രാജ്യങ്ങളെ തകര്‍ത്തെറിഞ്ഞിരിക്കുകയാണ്. നമ്മുടെ നാട്ടില്‍ അങ്ങനെയൊരു സാഹചര്യം വരരുത് എന്ന് നന്മേഛുക്കളായ മുഴുവന്‍ ആളുകളും ആഗ്രഹിക്കുന്നു.
സംഘ്പരിവാര്‍ ശക്തികള്‍ ആസൂത്രിതമായി നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം ശ്രമങ്ങളെ മുഴുവന്‍ ആളുകളെയും ഒരുമിച്ചുനിര്‍ത്തി, മറ്റെന്തൊക്കെ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും അവയെല്ലാം മാറ്റിനിര്‍ത്തി പൊതു നന്മക്കും ക്ഷേമത്തിനും എല്ലാവരും ഒന്നിച്ച് നില്‍ക്കണം എന്നാണ് ജമാഅത്തെ ഇസ്ലാമി രാജ്യനിവാസികളോട് പറയുന്നത്. രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും ഭീകരമായ ഈ വിപത്തിനെ പ്രതിരോധിക്കാനും തടയിടാനും ജാതിമത ഭേദമന്യേ മുഴുവന്‍ മനുഷ്യരും ബാധ്യസ്ഥരാണ്. ഈ നാട്ടില്‍ നന്മകള്‍ ശേഷിക്കുന്നുണ്ട്. ആ നന്മകളാണ് നമ്മെ നിലനിര്‍ത്തിയിട്ടുള്ളത്. വര്‍ഗീയ ശക്തികളുടെ കുത്സിത ശ്രമങ്ങളെ ഈ രാജ്യമുയര്‍ത്തിപ്പിടിക്കുന്ന നന്മകളും മൂല്യങ്ങളും ഉപയോഗിച്ച് പ്രതിരോധിക്കും. ഈ വര്‍ഗീയ ഭ്രാന്തിനെ പിടിച്ചുകെട്ടുക തന്നെ ചെയ്യും.
യഥാര്‍ഥത്തില്‍ മതേതരമായി ചിന്തിക്കുന്നവര്‍ക്കിടയിലുള്ള ശൈഥില്യമാണ് ഇക്കൂട്ടര്‍ മുതലെടുത്തിട്ടുള്ളത്. 33 ശതമാനത്തില്‍ താഴെ വോട്ടു വാങ്ങിയാണ് അവര്‍ അധികാരത്തില്‍ എത്തിയത്. 67 ശതമാനത്തിലേറെ വോട്ടര്‍മാര്‍ ഇവര്‍ക്കെതിരാണ് എന്നര്‍ഥം. പക്ഷേ, ഈ വര്‍ഗീയ വിപത്തിനെ തടയാന്‍ ഈ ഭൂരിപക്ഷം വോട്ടുകളെ ഉപയോഗപ്പെടുത്താനായില്ല എന്ന അബദ്ധമാണ് രാജ്യത്തെ മതേതര കക്ഷികള്‍ക്ക് സംഭവിച്ചത്. ഭാവിയില്‍ ആ തെറ്റു തിരുത്താന്‍ നമുക്ക് സാധ്യമാകണം. നമ്മുടെ നാട് നിലനില്‍ക്കണമോ വേണ്ടയോ എന്ന മര്‍മപ്രധാനമായ ചോദ്യമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. രാജ്യത്തിന്റെ ഭരണഘടന, അതിന്റെ ജനാധിപത്യ സ്വഭാവം, ഇവിടത്തെ മതേതര ഘടന, അതിന്റെ അടിസ്ഥാനത്തിലുള്ള സമൂഹം- ഇതെല്ലാം ഇവിടെ നിലനില്‍ക്കണമോ വേണ്ടയോ എന്ന ചോദ്യം. രാജ്യത്തിന്റെ അസ്തിത്വംതന്നെ തകര്‍ക്കുന്ന രീതിയിലാണ് ഫാഷിസ്റ്റുകള്‍ ഇവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍ അതിന് തടയിടുക തന്നെ ചെയ്യണം. ഒന്നിച്ചഭിമുഖീകരിക്കാന്‍ നമുക്ക് സാധിക്കണം. എത്ര തന്നെ പ്രകോപനപരമായ സാഹചര്യങ്ങള്‍ വന്നാലും രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ പ്രകോപിതരാകാതെ, വര്‍ഗീയ ധ്രൂവീകരണത്തിന്റെ വഴികള്‍ തെരഞ്ഞെടുക്കാതെ, രാജ്യനന്മക്ക് വേണ്ടി, മാനവികമായ കരുത്തോടുകൂടി ഈ വര്‍ഗീയതയെ എതിരിടണം. ഇവിടെ തിരുത്താനും നന്മയുടെ മാര്‍ഗത്തില്‍ രാജ്യത്തെ മുന്നോട്ട് നയിക്കാനുമുള്ള കൂട്ടായ പരിശ്രമങ്ങള്‍ ഈ നാട് സ്വീകരിക്കുന്നു എന്നതിന്റെ ലക്ഷണമാണ് ഈ വേദി. മത-ജാതി-വര്‍ണ പക്ഷപാതിത്വങ്ങള്‍ക്കതീതമായി മാനവികതയിലും മനുഷ്യത്വത്തിലും വിശ്വസിക്കുന്ന എല്ലാവരെയും ഒന്നിച്ചുനിര്‍ത്തി ഈ കൊടും വിപത്തിനെ നേരിടാനുള്ള പരിശ്രമത്തില്‍ നമുക്ക് ഒന്നിച്ച് അണിചേരാന്‍ ഈ മഹാസംഗമം പ്രചോദനമായിത്തീരട്ടെ.
************************************************************
പ്രാണന്‍ പകുത്തു നല്‍കിയ സ്വാതന്ത്ര്യം ആര്‍.എസ്.എസ് കാര്യാലയത്തിന് മുമ്പില്‍ അടിയറ വെക്കരുത്
കെ.ഇ.എന്‍
ഫാഷിസത്തിനെതിരെ പ്രഭാഷണങ്ങളും എഴുത്തും പോസ്റ്ററും മുദ്രാവാക്യവും അതോടൊപ്പം തന്നെ ഫാഷിസത്തിന്റെ സൂക്ഷ്മമായ കടന്നുവരവിനെ പ്രതിരോധിക്കാനുള്ള കലാ-സാഹിത്യ പ്രവര്‍ത്തനങ്ങളുമടക്കം നിരന്തരം പ്രതിരോധങ്ങള്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പശ്ചാത്തലത്തിലാണ് ഈ സംഗമം നടക്കുന്നത്. ഇതില്‍ ഐക്യപ്പെടുക എന്ന ഒറ്റ ലക്ഷ്യം മാത്രം മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരു പങ്കാളിത്തമാണ് സത്യത്തില്‍ ഇപ്പോള്‍ ഇവിടെ ഉള്ളത്. ഇതില്‍ ദീര്‍ഘമായ പ്രഭാഷണങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ല. ഈ കാലത്ത് ഇന്ത്യയിലുടനീളം ആവര്‍ത്തിക്കപ്പെടേണ്ട ഒരു പ്രസക്തമായ വാക്യം ഞാന്‍ ഓര്‍ക്കുന്നു. അത് റാബി ഹില്ലലിന്റെ ഒരു വാക്യമാണ്. 'നാം നമുക്ക് വേണ്ടിയല്ലെങ്കില്‍ പിന്നെ നാം ആര്‍ക്ക് വേണ്ടിയാണ്? ഞാന്‍ എനിക്ക് വേണ്ടി മാത്രമാണെങ്കില്‍ പിന്നെ ഞാന്‍ എന്താണ്, ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ്?'- റാബി ഹില്ലല്‍ ചോദിക്കുന്നു.
ഇന്ത്യയിലെ മതേതര-ജനാധിപത്യവാദികളുടെ, മനുഷ്യ സ്നേഹികളുടെ സമസ്ത വിചാര വികാരങ്ങളെയും സംഗ്രഹിക്കാന്‍ കഴിയുന്ന ഒരൊറ്റ വാക്യം പറയാന്‍ പറഞ്ഞാല്‍ ഞാനുറപ്പിച്ചു പറയുന്നു, അത് ഹില്ലലിന്റെ ഈ പ്രയോഗമാണ് 'ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ്?'
എല്ലാവിധ അഭിപ്രായ വ്യത്യാസങ്ങള്‍ക്കുമപ്പുറം നിന്ന്, പേരറിയുന്നവരും പേരറിയാത്തവരുമായ ഇന്ത്യയിലെ ലക്ഷക്കണക്കിന് മനുഷ്യര്‍ യുദ്ധഭൂമിയില്‍ പ്രാണന്‍ പതിരുപോലെ പകുത്തു നല്‍കി നേടിയ ഈ സ്വാതന്ത്ര്യം ആര്‍.എസ്.എസ് കാര്യാലയത്തിന്റെ മുന്നില്‍ അടിയറ വെക്കുകയില്ല എന്ന പിന്മടക്കമില്ലാത്ത ഇന്ത്യന്‍ ജനതയുടെ പ്രഖ്യാപനമാണ് ഇന്നുയര്‍ന്നുവരേണ്ടത്. ഇത് സങ്കിസ്ഥാനല്ല; ആളുകളെ ഇടിച്ചു കൊല്ലുന്ന ലിഞ്ചിസ്ഥാനല്ല, മറിച്ച് ഇന്ത്യന്‍ ജനതയുടെ അഭിമാനമായ അവരുടെ ജീവിതത്തിന്റെ ആവിഷ്‌കാരമാണ്. ഈ മണ്ണില്‍ ജനിച്ച മനുഷ്യര്‍, ഈ മണ്ണില്‍ ജീവിക്കുന്ന മനുഷ്യര്‍, ഇവിടെ തന്നെ മരിക്കേണ്ട മനുഷ്യര്‍ അവരുടെ സ്മരണകള്‍ ഇവിടെ തന്നെ തഴച്ചുവളരേണ്ട ഒരു കാലത്താണ് സംഘ്പരിവാര്‍ ഫാഷിസം എല്ലാ ജനാധിപത്യ-മതേതര കാഴ്ചപ്പാടുകള്‍ക്കുമെതിരെ കൊലവിളി നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു രാജ്യത്ത് എന്തൊക്കെ സംഭവിക്കാന്‍ പാടില്ലയോ അതൊക്കെ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാലത്താണ് ഈയൊരു തരത്തിലുള്ള ഐക്യവേദി എന്നത് വളരെ അഭിമാനകരമാണ്. ഏത് പ്രതിസന്ധിയിലും ഇന്ത്യന്‍ ജനാധിപത്യത്തിന് കാവല്‍ നില്‍ക്കാന്‍ ഇനിയും മരിച്ചിട്ടില്ലാത്ത, ചിതലു പിടിച്ചിട്ടില്ലാത്ത മനുഷ്യര്‍ ബാക്കിയുണ്ട് എന്ന പി•ടക്കമില്ലാത്ത പ്രഖ്യാപനമായി ഈ ഒത്തുചേരല്‍ പരിണമിക്കട്ടെ എന്ന് പ്രത്യാശിച്ചുകൊണ്ട് നിങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു.
അടിയന്തരാവസ്ഥക്ക് ശേഷം ഇന്ദിരാ ഗാന്ധിക്ക് ഏറ്റ പരാജയമാണ് മോദിയെയും കാത്തിരിക്കുന്നത്
എം.ഐ ഷാനവാസ്
ഇന്നത്തെ ഭീതിജനകമായ സാഹചര്യത്തില്‍ ഇതുപോലെ വലിയൊരു കൂട്ടായ്മ സംഘടിപ്പിച്ച ജമാഅത്തെ ഇസ്ലാമിയെ അഭിനന്ദിക്കുകയാണ്. കഴിഞ്ഞ രണ്ടു മൂന്ന് വര്‍ഷമായി ഇന്ത്യയില്‍ ഭീതിജനകമായ ഒരന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് ന്യൂനപക്ഷങ്ങളെ ദേശവിരുദ്ധരായി ചിത്രീകരിക്കുന്നതിന് വേണ്ടിയുള്ള ശ്രമം ആസൂത്രിതമായി നടക്കുന്നുണ്ട്. സ്വാതന്ത്ര്യം ലഭിച്ച ഉടനെ, പ്രത്യേകിച്ച് മഹാത്മാ ഗാന്ധിയുടെ വധത്തിനു ശേഷം ഇന്ത്യയിലെ ജനങ്ങള്‍ പുഛിച്ചുതള്ളിയ ആര്‍.എസ്.എസ് എന്ന സംഘത്തെ ഇന്ന് പ്രകീര്‍ത്തിക്കാനും അതിന് മതിപ്പുണ്ടാക്കി കൊടുക്കാനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.
ഗാന്ധി വധത്തിനു ശേഷം ജനങ്ങള്‍ തിരസ്‌കരിച്ചവര്‍ ഇന്ന് അധികാരം നിയന്ത്രിക്കുന്നവരായി മാറിയിരിക്കുന്നു. അവരെ പിന്തുണക്കാത്തവരോടും വിമര്‍ശിക്കുന്നവരോടും പാകിസ്താനിലേക്ക് പോകൂ എന്നാക്രോശിക്കുന്ന എം.പി.മാരും നേതാക്കളും ഇവിടെയു്. 'ഇന്ത്യയില്‍ ജനിച്ചവരാണ് ഞങ്ങള്‍, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഞങ്ങള്‍, ഈ രാജ്യം വിട്ട് ലോകത്തൊരു സ്ഥലത്തും ഞങ്ങള്‍ പോവില്ല, ഈ നാട് ഞങ്ങളുടെ നാടാണ്' എന്ന് നെഞ്ചത്ത് കൈവച്ച് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
സോഷ്യല്‍ മീഡിയ കണ്ടാല്‍ നമ്മള്‍ ഞെട്ടിപ്പോവും- രണ്ടു കൈയും കെട്ടിയിട്ട് പട്ടിയെ തല്ലുന്നതുപോലെ മുസ്ലിം ചെറുപ്പക്കാരെ ഇവിടെ തല്ലുന്നു. എന്തൊരു ഭയങ്കരമായ ആക്രമണമാണ് നടക്കുന്നത്. അതിനെ പ്രതിരോധിക്കാന്‍ ഒരു മൊട്ട് സൂചി പോലും എടുക്കാത്തവരെയാണ് ഭീകരവാദികളെന്ന് വിളിച്ച് ആക്ഷേപിക്കുന്നത്. ഇന്ന് ഇതാണ് ഗതിയെങ്കില്‍ മുസ്ലിംകളെ ഒതുക്കിക്കളഞ്ഞാല്‍ നാളെ മറ്റു ന്യൂനപക്ഷ സമുദായങ്ങള്‍ അവരുടെ ടാര്‍ജറ്റിലേക്ക് വരും. ആ ടാര്‍ജറ്റ് ആര്‍.എസ്.എസ് സംഘം അടുത്ത ഘട്ടത്തിലേക്ക് മാറ്റിവെച്ചിരിക്കുന്നു. അവരുടെ ഈ നികൃഷ്ടമായ നീക്കങ്ങള്‍ ഇന്ത്യ മുഴുവന്‍ കാണുന്നുണ്ട്. ഇന്ത്യയിലെ ജനങ്ങള്‍ വിഡ്ഢികളൊന്നുമല്ല. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ഹൈന്ദവ മതക്കാരും മതേതര വിശ്വാസികളാണ്. അവര്‍ അതില്‍ ഉറച്ചുനില്‍ക്കും. അടിയന്തരാവസ്ഥ ഘട്ടം കഴിഞ്ഞ് ഇലക്ഷന്‍ നടക്കുമ്പോള്‍ ഇന്ദിരാഗാന്ധി തോല്‍ക്കുമെന്ന് ഒരു ഇന്റലിജന്‍സ് റിപ്പോര്‍ട്ടും പറഞ്ഞില്ല. അവസാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ ഇന്ദിരാഗാന്ധി വരെ തോറ്റു. കോണ്‍ഗ്രസ് ദയനീയമായ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ഞാനിവിടെ നിന്നുകൊണ്ട് പ്രവചിക്കട്ടെ, അതേ പരാജയം നരേന്ദ്ര മോദി ഇന്ത്യയില്‍ ഏറ്റുവാങ്ങേണ്ടിവരുമെന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല.
ടീസ്റ്റ സെറ്റല്‍വാദാണ് ഇവിടെ ഉദ്ഘാടന പ്രസംഗം നടത്തിയത്. അവര്‍ക്കെതിരെ എന്തൊക്കെ പീഡനങ്ങളുണ്ടായി, എത്ര കള്ളക്കേസുകളാണ് അവര്‍ക്കെതിരെ കൊണ്ടുവന്നത്! ഞാന്‍ എന്‍.ഡി.ടി.വിയിലെ ഒരു ചര്‍ച്ച കണ്ടു. നിഥി റസ്ദാന്‍ എന്ന ചെറുപ്പക്കാരിയായ ജേര്‍ണലിസ്റ്റ് ചോദ്യങ്ങള്‍ ചോദിക്കുകയാണ്. അവിടെ സമ്പദ് മഹാപത്ര എന്ന ബി.ജെ.പിയുടെ വക്താവ് അനാവശ്യ സംസാരം നടത്തിയപ്പോള്‍ നിഥി റസ്ദാന്‍ പറഞ്ഞു; വേണ്ട, ഇവിടെയത് പറയേണ്ട. അപ്പോള്‍ അദ്ദേഹം പറഞ്ഞത് ഞാനിത് പറയുമെന്നാണ്. നിങ്ങള്‍ക്കൊരജണ്ടയുണ്ട് എന്ന് പറഞ്ഞപ്പോള്‍ നിഥി റസ്ദാന്‍ പറഞ്ഞു: 'ദിസ് ഇസ് മൈ ഷോ, യു ഗോ ഔട്ട്'! അങ്ങനെ പറയാന്‍ തന്റേടമുള്ള യുവതികള്‍ ഇന്ത്യയിലുണ്ട് എന്ന കാര്യം വിസ്മരിക്കരുത്. പക്ഷേ, ഇരുപത്തിനാല് മണിക്കൂറിനകം എന്‍.ഡി.ടി.വിയുടെ ഉടമസ്ഥനായ പ്രണയ് റോയിയുടെ വീടും ആ ടി.വിയുടെ ഓഫീസുകളും റെയ്ഡ് ചെയ്തു. വല്ലാത്തൊരന്തരീക്ഷം ഇവിടെ സൃഷ്ടിക്കുകയാണ്. കേരളത്തില്‍ നമ്മള്‍ സുസംഘടിതരാണ്. എം.ജി.എസ് നാരായണനെ പോലെ മഹാന്മാരായ ചരിത്രകാരന്മാരും ബുദ്ധിജീവികളും എഴുത്തുകാരും ഇവിടെ വാച്ച് ഡോഗ് പോലെ ഈ സമൂഹത്തെ നോക്കുന്നുണ്ട്. അതിനു വേണ്ട സാഹചര്യം ഉണ്ടാക്കാന്‍ ജമാഅത്തെ ഇസ്ലാമി പോലുള്ള പ്രസ്ഥാനങ്ങള്‍ക്ക് സാധിക്കുന്നുണ്ട് എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
സമീപകാലത്ത് റിട്ടയര്‍ ചെയ്ത അത്യുന്നത പദവിയിലിരുന്ന ഒരു ഡി.ജി.പി ഇസ്ലാമിനെ കുറിച്ച് പറയുന്നത് കേട്ട് നമ്മളൊക്കെ ഞെട്ടിപ്പോയി. മുസ്ലിം എന്നു പറഞ്ഞാല്‍ അമുസ്ലിംകളെ വധിച്ച് സ്വര്‍ഗത്തില്‍ പോവണമെന്ന് ആഗ്രഹിക്കുന്നവരാണ് എന്നു പോലും അദ്ദേഹം പറഞ്ഞു. സത്യം പറഞ്ഞാല്‍ സെന്‍കുമാറിനെ കുറിച്ച് ഞാന്‍ അങ്ങനെയൊന്നും വിചാരിച്ചിരുന്നില്ല. അതുപോലെയുള്ള ആളുകളുടേത് അപശബ്ദങ്ങള്‍ മാത്രമാണ്. മൊത്തത്തില്‍ അതല്ല സ്ഥിതി. കേരളത്തില്‍ മാത്രമായിട്ട് നില്‍ക്കരുത്. ഐ.എസ് എന്ന് പറയുന്ന പ്രസ്ഥാനം ഇസ്ലാമല്ല; മുസ്ലിം സമുദായവുമായി ഒരു ബന്ധവുമില്ല. ഐ.എസിന്റെ ഭീകരതക്കെതിരെ ആദ്യമായി ഒരു സമ്മേളനം നടത്തിയത് ജമാഅത്തെ ഇസ്ലാമിയാണ്. അതില്‍ പങ്കെടുക്കാന്‍ അവസരവും എനിക്ക് ലഭിച്ചു. നമ്മള്‍ തള്ളിക്കളഞ്ഞ, ലോക മുസ്ലിംകള്‍ മുഴുവന്‍ തള്ളിക്കളഞ്ഞ ഐ.എസ് എന്ന് പറയുന്ന പ്രസ്ഥാനത്തെ ചൂണ്ടിക്കാണിച്ചു നിങ്ങളെല്ലാം അതാണ് എന്ന് പറഞ്ഞുകൊണ്ട് ആടിനെ പട്ടിയാക്കാനുള്ള ശ്രമം ഇവിടെ നടക്കുന്നു.
നല്ല ലക്ഷണങ്ങള്‍ ഈ സമൂഹത്തില്‍ നാം കാണുന്നുണ്ട്. സെന്‍കുമാറിനു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ, ഞാന്‍ വളരെ ബഹുമാനിക്കുന്ന ദുഷന്‍ ദിവെ എന്ന അഭിഭാഷകന്‍ പറഞ്ഞത്, ഇതായിരുന്നു അദ്ദേഹത്തിന്റെ മനസ്സിലിരിപ്പെങ്കില്‍ ഞാനാ കേസില്‍ ഹാജരാകുമായിരുന്നില്ല എന്നാണ്. അങ്ങനെ പറയാന്‍ ധൈര്യമുള്ള അഭിഭാഷകര്‍ ജീവിക്കുന്ന ഈ രാജ്യത്ത്, ഗാന്ധിജി ജനിച്ച ഈ രാജ്യത്ത്, ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് രൂപം നല്‍കിയ ഈ രാജ്യത്ത്, മതേതര പ്രസ്ഥാനങ്ങള്‍ക്ക് രൂപം നല്‍കിയ ഈ രാജ്യത്ത് ജമാഅത്തെ ഇസ്ലാമിയുടെ സംഘടനാ ചാതുര്യം കേരളത്തില്‍ മാത്രമായി ഒതുക്കിനിര്‍ത്തരുതെന്നു കൂടി അഭ്യര്‍ഥിക്കുകയാണ്.
************************************************************
ഇന്ത്യയില്‍ ശവക്കല്ലറകള്‍ മാത്രം മതിയെന്ന നിലപാടുള്ള ഭരണകൂടമാണ് ഇന്ത്യയിലുള്ളത്
ബാലചന്ദ്രന്‍ വടക്കേടത്ത്
വളരെ പ്രധാനമായ ഒരു ദൗത്യമാണ് നമ്മളിന്ന് നിറവേറ്റിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ഫാഷിസത്തിനെതിരെ കൂട്ടായി പോരാടേണ്ടതിന്റെ ആവശ്യകത ഉണര്‍ത്തിക്കൊണ്ട് ഇതാദ്യമായി ജമാഅത്തെ ഇസ്ലാമി ഇങ്ങനെയൊരു ചരിത്രദൗത്യം സംഘടിപ്പിച്ചതിലുള്ള സന്തോഷം അറിയിക്കുകയാണ്. ശവക്കല്ലറകള്‍ മാത്രം മതി, മനുഷ്യകൂടാരങ്ങള്‍ വേണ്ട എന്ന് വിചാരിക്കുന്ന ഒരു ഭരണകൂടമാണ് ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. ആ ശവക്കല്ലറകള്‍ പണിതുകൊണ്ടിരിക്കുകയാണ് മോദിയും സംഘ്പരിവാറും. കല്‍ബുര്‍ഗിയെ പോലെയുള്ള എഴുത്തുകാരെ അവര്‍ കൊന്നൊടുക്കുന്നു. വിയോജിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നു.
ദേശീയ സ്വാതന്ത്ര്യ സമരം നടക്കുന്ന കാലത്ത് ഗാന്ധിജിയുമായി ബന്ധപ്പെട്ട് ഒരു ദേശപൗരസങ്കല്‍പ്പം നമുക്കുണ്ടായിരുന്നു. പിന്നീട് കമ്യൂണിസത്തിന്റെയും പുരോഗമന ചിന്തയുടെയും ആശയങ്ങള്‍ കടന്നുവന്നപ്പോള്‍ ഒരു വിശ്വ പൗരനെ കുറിച്ചും നമ്മള്‍ സങ്കല്‍പ്പിച്ചിരുന്നു. ഇന്ന് ദേശപൗരനും വിശ്വപൗരനും വേണ്ട, ഞങ്ങള്‍ക്ക് അനുസരണയുള്ള വര്‍ഗീയ പൗരന്‍ മതി എന്ന് ചിന്തിക്കുന്ന സംഘ് പരിവാറാണ് നമ്മെ ഭരിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഓരോ നിമിഷവും ഞാനെന്റെ ആത്മാവിനോട് ചോദിക്കാറുള്ള ചോദ്യമുണ്ട്, ആരാണ് ഇന്ത്യയിലെ ഇന്നത്തെ യഥാര്‍ഥ പൗരന്‍?
പൗരനെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അവന്റെ ആഹാര സമ്പ്രദായത്തെയും വിശ്വാസങ്ങളെയും ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഞാന്‍ ഭാരതീയനാണ് എന്ന് പറഞ്ഞാല്‍ ഭാരതീയതയെ പോലും ചോദ്യം ചെയ്യുകയാണ്. ആര്‍.എസ്.എസ് ആണ് എന്ന് പറയണം, ഭാരതീയന്‍ എന്ന് പറഞ്ഞാല്‍ പോരാ. കന്നുകാലികളെ കൊല്ലാന്‍ പാടില്ല, പക്ഷേ മനുഷ്യരെ നിങ്ങള്‍ കൊന്നോളൂ എന്നാണ് നമ്മോട് ഈ ഭരണകൂടം പറഞ്ഞുകൊണ്ടിരിക്കുന്നത്. അവന്‍ മുസ്ലിമാണെങ്കില്‍ അവനെ നിങ്ങള്‍ക്കെങ്ങനെ വേണമെങ്കിലും കൂട്ടമായി കൊല്ലാം. ദലിതനാണെങ്കില്‍ അവനെ തെരുവില്‍ ചാട്ടവാറുകൊണ്ട് അടിച്ചു കൊല്ലാം. ഈ ഫാഷിസ്റ്റ് മുദ്രാവാക്യമാണ് ഇന്ന് ഉയരുന്നത്. ഇങ്ങനെയുള്ള ഒരു സങ്കീര്‍ണ പരിതഃസ്ഥിതിയില്‍ തീര്‍ച്ചയായും നമുക്ക് മുന്നോട്ട് പോവേണ്ടതുണ്ട്. ഫാഷിസത്തിനെതിരായ വിമോചന സമരത്തിന്റെ തുടക്കം കോഴിക്കോട്ട് ഈ പന്തലില്‍നിന്ന് സമാരംഭിച്ചിരിക്കുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
നമ്മുടെ വ്യവസ്ഥയെ മാറ്റുകയാണ് ഫാഷിസം ചെയ്യുന്നത്. ഇതൊരു പ്രത്യേക രീതിയിലാണ്. നമ്മുടെ ജീവിതാനുഭവങ്ങളിലൂടെ നാം രൂപപ്പെടുത്തിയ ചില അടിസ്ഥാന വിശ്വാസങ്ങളിലാണ് നാമൊക്കെ മുന്നോട്ടു പോവുന്നത്. ദേശീയതയെയും ജനാധിപത്യത്തെയും മതേതരത്വത്തെയും സാഹോദര്യത്തെയും സഹവര്‍ത്തിത്വത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള ചില അടിസ്ഥാനങ്ങള്‍ സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പുമായി നമ്മള്‍ നിര്‍മിച്ചിട്ടുണ്ട്. ആ അടിസ്ഥാനങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. അതിന് ഫാഷിസം ചെയ്യുന്നത് പുതിയ ചില അടിസ്ഥാനങ്ങള്‍ നിര്‍മിക്കുകയാണ്. ആ സവിശേഷമായ അടിസ്ഥാനത്തിലേക്ക് ഇന്ത്യന്‍ ജനതയെ കൊണ്ടുവരികയും അതാണ് യഥാര്‍ഥ അടിസ്ഥാനമെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ട് അതിന്റെ മുമ്പില്‍ പ്രാര്‍ഥനാനിരതമാക്കുകയും ചെയ്യുകയെന്ന കുത്സിത ശ്രമമാണ് ഫാഷിസ്റ്റുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എഴുത്തുകാരന്‍ തന്റെ കലാ സൃഷ്ടികളിലൂടെ വര്‍ഗീയതക്കെതിരെ പോരാടുന്നതോടൊപ്പം ഗൗരവത്തില്‍ എടുക്കേണ്ട കാര്യമാണിത്.
ആരാണ് യഥാര്‍ഥ പൗരന്‍? മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും മാനുഷിക മൂല്യങ്ങളുടെയും അടിസ്ഥാനത്തില്‍ ചിന്തിക്കുന്ന നമ്മളായിരിക്കണം യഥാര്‍ഥ പൗരന്‍. ആ യഥാര്‍ഥ പൗരനെ കണ്ടെത്തുക എന്ന ഈ ഫാഷിസ കാലത്തെ സ്വാതന്ത്ര്യസമരത്തിന്റെ തുടക്കം ജമാഅത്തെ ഇസ്ലാമി നിര്‍വഹിച്ചിരിക്കുന്നു.
തയാറാക്കിയത്: സുഹൈറലി തിരുവിഴാംകുന്ന്
Comments