Prabodhanm Weekly

Pages

Search

2017 ജൂലൈ 28

3011

1438 ദുല്‍ഖഅദ് 04

കള്ളപ്രചാരണങ്ങള്‍ക്ക് മുതിരുന്നതെന്തിന്?

റഹ്മാന്‍ മധുരക്കുഴി

''ഒരു മുസ്‌ലിമിന് സ്വര്‍ഗത്തില്‍ പോകണമെങ്കില്‍ ജിഹാദ് നടത്തിയേ പറ്റൂ. ആ ജിഹാദ് മറ്റുള്ള മതക്കാരെ മുസ്‌ലിമാക്കുകയും അമുസ്‌ലിംകളെ കൊന്നൊടുക്കുകയുമാണ്.''

കേരള പോലീസിന്റെ പരമോന്നത പദവിയില്‍ ഏറെക്കാലം ഇരുന്ന ടി.പി സെന്‍കുമാര്‍ സമകാലിക മലയാളം വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ വന്ന അസംബന്ധജഡിലമായ വരികളാണ് മുകളില്‍ ഉദ്ധരിച്ചത്. ലൗ ജിഹാദ് ഇപ്പോഴും നിലവിലുണ്ടെന്നും മുസ്‌ലിം ജനസംഖ്യ ക്രമാതീതമായി പെരുകുകയാണെന്നുമൊക്കെയാണ് മറ്റു ആരോപണങ്ങള്‍. ഇവിടെ ലൗ ജിഹാദ് നടക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കേരള ഹൈക്കോടതി അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ഔദ്യോഗിക ജീവിതകാലത്ത് ലൗ ജിഹാദ് എന്ന പേരില്‍ പ്രചാരണം ഉയര്‍ന്നുവന്നപ്പോള്‍ അത്തരം ഒരു സംഭവം സംസ്ഥാനത്തില്ലെന്ന് ഉറപ്പിച്ചും തറപ്പിച്ചും പറഞ്ഞ വ്യക്തിയാണ് സെന്‍കുമാര്‍. മുസ്‌ലിം ജനപ്പെരുപ്പത്തിന്റെ കാര്യമാണെങ്കില്‍ ആരോപണം മുച്ചൂടും യാഥാര്‍ഥ്യവിരുദ്ധമാണെന്ന് പഠന റിപ്പോര്‍ട്ടുകള്‍ വിളിച്ചുപറയുന്നുണ്ടുതാനും. 2001-ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 96.63 കോടി. 2011-ല്‍ അതില്‍ മൂന്ന് ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയപ്പോള്‍ മുസ്‌ലിം ജനസംഖ്യയുടെ കുറവ് ആറ് ശതമാനമാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മുസ്‌ലിം ജനസംഖ്യ കുറയുകയാണെന്നര്‍ഥം. ഇപ്പോള്‍ സംഘ് പരിവാറിന്റെ ചുവടു പിടിച്ച് അവരുടെ നുണ പ്രചാരണം ഏറ്റെടുത്തതിന്റെ പിന്നില്‍ കൃത്യമായ ലക്ഷ്യമുണ്ടെന്നു വ്യക്തം. 

സെന്‍കുമാറിന്റെ പ്രസ്താവന സംഘ് പരിവാര്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചത് തികച്ചും സ്വാഭാവികം. അനുമോദനത്തിന്റെ പൂച്ചെണ്ടുകള്‍ക്കൊപ്പം നാട് വാഴുന്ന പാര്‍ട്ടി അര്‍ഹമായ പാരിതോഷികം ഈ മുന്‍ പോലീസ് മേധാവിക്ക് നല്‍കാനായി കാത്തുനില്‍പ്പുണ്ട്. എന്നാല്‍, 'നൂറ്റാണ്ടുകളായി രാജ്യത്ത് നിലനില്‍ക്കുന്ന മതസൗഹാര്‍ദവും സഹവര്‍ത്തിത്വവും ഇല്ലാതാക്കി വേണോ സ്വന്തം സ്ഥാനമാനങ്ങള്‍ നേടിയെടുക്കാനെന്ന് വിവാദമുണ്ടാക്കുന്നവര്‍ ഗൗരവപൂര്‍വം ചിന്തിക്കേണ്ടിയിരിക്കുന്നു' എന്ന ഗുജറാത്തിലെ മുന്‍ ഡി.ജി.പി ആര്‍.ബി ശ്രീകുമാറിന്റെ ചോദ്യം എന്തു മാത്രം ചിന്തോദ്ദീപകമല്ല!

സെന്‍കുമാറിന്റെ പ്രകോപനപരവും തരംതാണതുമായ ആരോപണം, ഒരു മുസ്‌ലിമിന് സ്വര്‍ഗത്തില്‍ പോകണമെങ്കില്‍ മറ്റു മതക്കാരെ മുസ്‌ലിമാക്കുകയും അമുസ്‌ലിംകളെ കൊന്നൊടുക്കുകയും ചെയ്യുന്ന ജിഹാദ് നടത്തിയേ പറ്റൂ എന്നാണല്ലോ. ഇതാണ് വാസ്തവമെങ്കില്‍ 800 വര്‍ഷക്കാലത്തോളം ഇന്ത്യാ മഹാ രാജ്യം മുസ്‌ലിംകള്‍ ഭരിച്ചിട്ടും സെന്‍കുമാര്‍ ആരോപിക്കുംപടി അമുസ്‌ലിംകളെ കൊന്നൊടുക്കുന്ന ജിഹാദ് മുസ്‌ലിംകള്‍ നടത്താതെ പോയതെന്തേ? അവര്‍ ഇത്തരം ജിഹാദ് നടത്തിയിരുന്നുവെങ്കില്‍ രാജ്യത്ത് മുസ്‌ലിംകള്‍ ഇപ്പോഴും ന്യൂനപക്ഷമായി തുടരുകയും ഇതര മതസ്ഥരുടെ ആരാധനാലയങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം സംജാതമാകുമായിരുന്നുവോ? 40-ഓളം മുസ്‌ലിം രാഷ്ട്രങ്ങളില്‍നിന്ന് ഇത്തരം 'ജിഹാദി'ന്റെ റിപ്പോര്‍ട്ടുകള്‍ ഇന്നോളം വന്നിട്ടില്ലെന്ന് മാത്രമല്ല ഇതര മതസ്ഥര്‍ പൗരാവകാശവും മനുഷ്യാവകാശവും ആരാധനാ സ്വാതന്ത്ര്യവും അനുഭവിച്ച് നൂറ്റാണ്ടുകളായി കഴിഞ്ഞുവരുന്ന ചിത്രമല്ലേ ലോകം കണ്ടുകൊണ്ടിരിക്കുന്നത്? നിര്‍ബന്ധ പരിവര്‍ത്തനവും അമുസ്‌ലിം കൊലകളും നടത്തുന്ന ജിഹാദിന്റെ കര്‍മഭൂമിയാണെങ്കില്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലേക്കുള്ള അമുസ്‌ലിംകളുടെ ജോലി തേടിയുള്ള പ്രവാഹത്തിന് എന്ത് വ്യാഖ്യാനമാണ് നല്‍കാനാവുക?

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ ഇസ്‌ലാമിക സംഘടനകളും സ്ഥാപനങ്ങളുമുള്ള സംസ്ഥാനമായ കേരളമാണ് വര്‍ഗീയ കലാപങ്ങള്‍ ഏറ്റവും കുറഞ്ഞ സ്ഥലമെന്നും ഇന്ത്യയില്‍ ജീവിക്കാന്‍ ഏറ്റവും സുരക്ഷിതത്വമുള്ള സ്ഥലമെന്നും ഡി.ജി.പിമാരുടെ വാര്‍ഷിക ദേശീയ കോണ്‍ഫറന്‍സില്‍ ഇന്റലിജന്‍സ് ബ്യൂറോ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെക്കുറിച്ച് (ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് 2002 നവംബര്‍ 19) ഈ മുന്‍ ഡി.ജി.പിക്ക് എന്ത് പറയാനുണ്ട്? നിര്‍ബന്ധ മതപരിവര്‍ത്തനവും അമുസ്‌ലിം കൊലകളും നടമാടുന്ന പ്രദേശം ജീവിക്കാന്‍ ഏറ്റവും സുരക്ഷിതത്വമുള്ള സ്ഥലമാവുമോ?

ഇന്റലിജന്‍സ് ബ്യൂറോ ഡി.ജി.പിമാരുടെ വാര്‍ഷിക ദേശീയ കോണ്‍ഫറന്‍സില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്ന കേരളത്തിലെ 14 ജില്ലകളില്‍ മുസ്‌ലിം ജനസംഖ്യയുടെയും ഇസ്‌ലാമിക സംഘടനകളുടെയും മത സ്ഥാപനങ്ങളുടെയും കാര്യത്തില്‍ പ്രഥമ സ്ഥാനം വഹിക്കുന്ന മലപ്പുറം ജില്ലയാണ് മതസൗഹാര്‍ദത്തിലും സ്‌നേഹമസൃണമായ സഹവര്‍ത്തിത്വത്തിലും മുന്നില്‍ നില്‍ക്കുന്നതെന്ന് അനുഭവസ്ഥര്‍ വിളിച്ചു പറയുന്നുണ്ട്. സെന്‍കുമാറിന്റെ വഴിവിട്ട വിദ്വേഷ പ്രചാരണത്തിനെതിരെ മലപ്പുറത്തെ മുന്‍ പോലീസ് സൂപ്രണ്ടിന്റെ ഈ പ്രസ്താവന ഒരു ഉദാഹരണം മാത്രം: ''4 വര്‍ഷം മലപ്പുറത്തെ പോലീസ് തലപ്പത്തിരുന്നതിന്റെ അനുഭവത്തില്‍ മുസ്‌ലിംകളുടെ എണ്ണം കൂടിയാല്‍ എല്ലാ അര്‍ഥത്തിലും ജീവിക്കാന്‍ നല്ല മണ്ണായി കേരളം മാറുമെന്ന് പറയാനാവും. പരസ്പര സഹായത്തിന് എപ്പോഴും തയാറാവുന്ന പച്ച മലയാളിയെ മാത്രമേ മലപ്പുറത്ത് കാണാനാവൂ. ദക്ഷിണേന്ത്യയിലെ മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്ത് സാമുദായിക ലഹളയുടെ ചരിത്രമേയില്ല'' (മലപ്പുറത്തെ മുന്‍ പോലീസ് സൂപ്രണ്ട് സേതുരാമന്റെ ഫേസ്ബുക്ക് പോസ്റ്റില്‍നിന്ന്. ഉദ്ധരണം മാധ്യമം 11-7-2017). മലപ്പുറം എസ്.പിയായിരുന്ന തരുണ്‍ കുമാറിന്റെ വാക്കുകളിങ്ങനെ: ''കഴിഞ്ഞകാലത്തെ എന്റെ സേവന ജീവിതത്തില്‍ മലപ്പുറത്തുള്ളവരെ പോലുള്ള നല്ല മനുഷ്യരെ കണ്ടിട്ടില്ല. ഭാവിയിലും കാണാന്‍ കഴിയില്ല. ഇരു വിഭാഗത്തെയും അക്രമികള്‍ ഏറെ പ്രകോപനങ്ങള്‍ ഉണ്ടാക്കിയിട്ടും ഇത് കലാപമായി പടരാതിരുന്നത് മലപ്പുറത്തായതുകൊണ്ടു മാത്രമാണ്. മറ്റെവിടെയായിരുന്നാലും ഒരു കലാപത്തിന് മതിയായ കാരണമാകുമായിരുന്നു'' (തിരൂരില്‍ നടന്ന സര്‍വകക്ഷി യോഗത്തിലെ പ്രസംഗം).

മലപ്പുറത്തിന് ഭീകരതയുടെ ഭയപ്പാടുണ്ടെന്ന പ്രചാരണത്തിന് വലിയ പഴക്കമുണ്ടെന്നും എന്നാല്‍ ഈ പ്രചാരണം ശുദ്ധ അസംബന്ധമാണെന്നും അതില്‍ അനുഭവമാണ് തന്റെ ഗുരുവെന്നുമാണ് പ്രശസ്ത കവി മണമ്പൂര്‍ രാജന്‍ബാബു ആണയിട്ട് പറയുന്നത്.

ഇതാണ് അനിഷേധ്യമായ വസ്തുതയെങ്കില്‍, ക്രമസമാധാനവും മതസൗഹാര്‍ദവും കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥനായ ഒരു മുന്‍ പോലീസ് മേധാവി തന്റെ ബാധ്യതക്കും കര്‍ത്തവ്യത്തിനും കടകവിരുദ്ധമായി ദുഷ്ടലക്ഷ്യ സാഫല്യത്തിനായി തെളിവുകളുടെയോ വസ്തുതകളുടെയോ ലവലേശം പിന്‍ബലമില്ലാതെ ഒരു സമുദായത്തിനു നേരെ വാളോങ്ങി രംഗം വഷളാക്കാന്‍ ശ്രമിച്ചത് ശിക്ഷാര്‍ഹമായ കുറ്റകൃത്യംതന്നെയാണ്.

 

ഫാഷിസത്തെ മുഖാമുഖം കാണുമ്പോള്‍

'ബോംബ് ഭീകരതയില്‍നിന്ന് ഗോതംഗവാദത്തിലേക്ക്' എന്ന എ. റശീദുദ്ദീന്റെ ലേഖനം കാലികപ്രസക്തമാണ്. അസഹിഷ്ണതയിലൂടെ രാഷ്ട്രീയ അധികാരം സ്വന്തമാക്കുമ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങള്‍ സവര്‍ണ ഫാഷിസത്തെ സംബന്ധിച്ച ദീര്‍ഘദര്‍ശനങ്ങള്‍ ശരിവെക്കുന്നതാണ്. ജനക്ഷേമ -ദാരിദ്ര്യനിര്‍മാര്‍ജന-വികസന നിലവാര സൂചികകളിലെല്ലാം നാട് പൂര്‍വാധികം കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നുവെന്ന് കണക്കുകള്‍ പറയുമ്പോഴും വിദ്വേഷ രാഷ്ട്രീയത്തിന്റെ ഹിംസാത്മക ഉപകരണങ്ങളെ ജനങ്ങള്‍ക്കു മേല്‍ തുറന്നുവിട്ട് ഭരണവിരുദ്ധ വികാരം അടക്കിനിര്‍ത്തുകയാണ് മോദി സര്‍ക്കാര്‍. പശുരാഷ്ട്രീയം പയറ്റി അധികാരം പിടിച്ചെടുത്തവര്‍ തെരുവു തെമ്മാടിക്കൂട്ടങ്ങളുടെ സമാന്തര ഭരണത്തെ സംരക്ഷിച്ച് അധികാരം ഭദ്രമാക്കുകയാണ്. സ്വാതന്ത്ര്യപൂര്‍വ ഘട്ടം മുതല്‍ക്കുതന്നെ ഡീപ് സ്റ്റേറ്റ് ആയി നിലകൊണ്ട അക്രമോത്സുക സവര്‍ണ ദേശീയത ഉഗ്രരൂപം പൂണ്ട് സാമൂഹിക അവസ്ഥകളെയും പൊതുബോധത്തെയും വര്‍ഗീയത കൊണ്ട് മലിനപ്പെടുത്തുകയായിരുന്നു. ആസൂത്രിതമായ വ്യക്തി-സമൂഹ മനശ്ശാസ്ത്ര യുദ്ധങ്ങള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  പിശാചുബാധയേറ്റവരെപ്പോലെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിയമം കൈയിലെടുക്കാന്‍ ആള്‍ക്കൂട്ട മനശ്ശാസ്ത്രം ഉള്‍ക്കൊണ്ട് മൗനാനുവാദം നല്‍കുന്നത് ഭരണകൂടമാണ്. ഫാഷിസം അധികാരം വാഴുമ്പോള്‍ അക്രമികള്‍ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തനം തുടരുന്നു. ഷണ്ഡീകരിക്കപ്പെട്ട തലമുറകളെ രൂപപ്പെടുത്താവുന്ന വിധം സാംസ്‌കാരിക ആധിപത്യവും അവര്‍ക്ക് സ്വന്തമാണ്. നരേന്ദ്ര മോദി, യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ ഭരണസിരാ കേന്ദ്രങ്ങളുടെ ചുക്കാന്‍ പിടിക്കാവുന്ന വിധം രാഷ്ട്രീയ കാലാവസ്ഥയെ നിര്‍ണയിക്കുവോളം പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ അധഃപതിച്ചുപോയി.

മുഹമ്മദ് അഖ്‌ലാഖ്, പെഹ്‌ലു ഖാന്‍, ജുനൈദ്, അലീമുദ്ദീന്‍ തുടങ്ങിയവരുടെ ജീവന്‍ കവര്‍ന്നെടുത്തവര്‍ക്ക് പിന്നിലെ രാഷ്ട്രീയ-പ്രത്യയശാസ്ത്ര പശ്ചാത്തലങ്ങള്‍ മുന്‍നിര്‍ത്തി സത്യസന്ധമായ സംവാദത്തിന് ബി.ജെ.പി തയാറാവുകയില്ല. അവര്‍ മുഖംമൂടികള്‍ സംരക്ഷിച്ചുകൊണ്ടിരിക്കുന്നത് പെരും നുണകളുടെയും കാപട്യങ്ങളുടെയും അകമ്പടിയോടു കൂടിയ വംശീയ അയുക്തിക വാദങ്ങള്‍ കൊണ്ടാണ്. സംവാദ യുക്തികളോട് നീതി പാലിക്കുക എന്നത് അവര്‍ക്ക് അപ്രാപ്യവുമാണ്. ഒളിയജണ്ടകളും നിലനില്‍ക്കുന്ന ജനാധിപത്യ ഭരണഘടന പൊളിച്ചെഴുതാനുള്ള വ്യഗ്രതയും അതാണ് സൂചിപ്പിക്കുന്നത്. ആടിനെ പട്ടിയാക്കുന്നതുപോലെയാണ് മുസ്‌ലിമിനെ ശത്രുവാക്കി ഭൂരിപക്ഷ ബോധങ്ങളില്‍ പ്രതിഷ്ഠിച്ചുകൊണ്ടിരിക്കുന്നത്. ഇല്ലാത്തവ ഉണ്ട് എന്ന് സ്ഥാപിക്കുന്നതിലൂടെ ഭീതിയുടെ വിത്ത് വിതക്കപ്പെടുകയും ഫലം കൊയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ സന്ദിഗ്ധ സന്ധിയില്‍ വിധേയത്വത്തിന്റെയോ പ്രതികാരത്തിന്റെയോ വഴികളിലൂടെയല്ലാതെയുള്ള പ്രത്യുല്‍പാദനപരമായ പ്രതിരോധ പാഠങ്ങളും പാതകളും സമുദായം സ്വാംശീകരിക്കേണ്ടിയിരിക്കുന്നു.

കോര്‍പറേറ്റ്‌വത്കരണവും വര്‍ഗീയതയും സമഭാവനയുടെയും സഹാനുഭൂതിയുടെയും സാമൂഹിക ഇടങ്ങളെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. സര്‍വാധിപത്യം ചമയുന്ന മനുഷ്യത്വവിരുദ്ധ ആശയങ്ങള്‍ക്ക് തടയിടുക എന്നത് ഒരു മുസ്‌ലിം എന്ന നിലയില്‍ പ്രഥമവും പ്രധാനവുമായിത്തീരുന്ന ചരിത്ര സന്ദര്‍ഭത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പുര കത്തുമെന്ന് മുന്നറിയിപ്പ് കിട്ടിയിട്ടും കഴുക്കോലെണ്ണി നില്‍ക്കുന്നവരാകാതെ തീപ്പൊരി കാണുമ്പോഴേക്കും കെടുത്താന്‍ ജാഗ്രത കാണിക്കുന്നവരായി മാറുന്നില്ലെങ്കില്‍ മനുഷ്യന്റെ യഥാര്‍ഥ ദൗത്യം നിര്‍വഹിക്കാത്തവരായി കാലം നമ്മെ അടയാളപ്പെടുത്തുക തന്നെ ചെയ്യും. ജാതി മത പരിഗണനകള്‍ക്കതീതമായ സമഭാവനയുടെ സന്ദേശത്തിന് മാത്രമേ വിഭാഗീയ ചിന്തകള്‍ക്കതീതമായ സമഭാവനയുടെ സംഗമം സാധ്യമാക്കാന്‍ കഴിയുകയുള്ളൂ.

സുഫീറ എരമംഗലം

 

 

ഫാഷിസ്റ്റ് കാലത്തെ ഇസ്‌ലാമിക പ്രസ്ഥാനം

'ഫാഷിസ്റ്റ് കാലത്തെ ഇസ്‌ലാമിക പ്രസ്ഥാനം' (2017 ജൂലൈ 7) വായിച്ചു. ഇസ്‌ലാമിനെ സംബന്ധിച്ച് നിലനില്‍ക്കുന്ന അബദ്ധധാരണകള്‍ തിരുത്തി അതിന്റെ യഥാര്‍ഥ സന്ദേശം സമൂഹത്തിന് എത്തിച്ചുകൊടുക്കല്‍ മുസ്‌ലിം സമൂഹത്തിന്റെ മുഖ്യ ദൗത്യമാണ്. ദൈവദൂതന്മാരുടെ ലക്ഷ്യം മൊത്തം സമൂഹത്തിന്റെ പുരോഗതിയായിരുന്നു. സംഘ്പരിവാറിന്റെ പിടിയില്‍ പെട്ട് ഇന്ത്യാ രാജ്യത്ത് ജനാധിപത്യം മൃതപ്രായമായിരിക്കുന്നു. ആദര്‍ശപരമായ വിയോജിപ്പുകളേക്കാള്‍ സാമുദായിക സ്പര്‍ധയും ജാതി വിവേചനവുമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ഈയൊരു സാഹചര്യത്തില്‍് ഓരോ മുസ്‌ലിമും പ്രബോധിത സമൂഹത്തോട് സ്‌നേഹവും ഗുണകാംക്ഷയുമുള്ളവനും അവരുടെ നന്മയില്‍ താല്‍പര്യമുള്ളവനുമാകണം. രാജ്യത്തിന്റെ നന്മ കുടികൊള്ളുന്ന എല്ലാ മേഖലകളിലും പ്രബോധക സമൂഹം കടന്നുവരേണ്ടതുണ്ട്. ജാതി, മത, വര്‍ഗ, വംശ വ്യത്യാസമില്ലാതെ പ്രബോധനം എത്തിക്കേണ്ടതുണ്ട്. ഇസ്‌ലാമിക പ്രവര്‍ത്തകര്‍ ഭീരുക്കളാകാതെ വിവേകികളാകണം. ശത്രുക്കളെ മിത്രങ്ങളായി കരുതണം. തിന്മയെ നന്മ കൊണ്ട് നേരിടുക എന്ന ഇസ്‌ലാമിക ആശയം മുറുകെ പിടിച്ച്, ആദര്‍ശ പ്രചാരണത്തില്‍ ശ്രദ്ധയൂന്നുക.

പി.വി മുഹമ്മദ്, ഈസ്റ്റ് മലയമ്മ

 

സോഷ്യല്‍ മീഡിയയെ അവഗണിക്കരുത്

ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ കാലഘട്ടത്തിനനുസൃതമായ രീതിയിലാണ് നടക്കേണ്ടത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള അതേ രീതിയും ശൈലിയും ഇന്നും പിന്തുടരണമെന്ന് ശാഠ്യം പിടിക്കാവതല്ല.

ഇന്നത്തെ തലമുറ ( ന്യു ജെന്‍) പൊതുവെ പുസ്തക വായനയില്‍ തല്‍പരരല്ല. സോഷ്യല്‍ മീഡിയയിലുടെയാണ് അവര്‍ ആശയങ്ങള്‍ കൈമാറുന്നതും സംവദിക്കുന്നതും. അങ്ങനെയുള്ളവരുടെയടുത്ത് സംഘം ചേര്‍ന്ന് സ്‌ക്വാഡ് പോയതുകൊണ്ടോ പുസ്തക വില്‍പന നടത്തിയതുകൊണ്ടോ ഇസ്‌ലാമിക പ്രബോധനം നിര്‍വഹിക്കാന്‍ കഴിയില്ല. മറിച്ച് ആകര്‍ഷണീയമായ രീതിയില്‍ (ഹിക്മത്തും മൗഇദത്തുല്‍ ഹസനയും മുന്‍നിര്‍ത്തി) സോഷ്യല്‍ മീഡിയയിലൂടെ തന്നെ ദഅ്‌വത്തും ഇസ്വ്‌ലാഹും നടത്തേണ്ടതുണ്ട്.

അമുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്താനും മുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിക വിഷയങ്ങളില്‍ അവഗാഹം നേടിക്കൊടുക്കുന്നതിനും സോഷ്യല്‍ മീഡിയയെ നന്നായി ഉപയോഗപ്പെടുത്താന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ന് ഇസ്‌ലാമിന്റെ ശത്രുക്കള്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും താറടിച്ചു കാണിക്കാന്‍ പ്രധാനമായും അവലംബിക്കുന്നത് സോഷ്യല്‍ മീഡിയയാണ്. അവക്ക് യുക്തമായ മറുപടി നല്‍കാനും ഇസ്‌ലാമിനെ യഥാതഥമായി പരിചയപ്പെടുത്താനും അതേ മീഡിയതന്നെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്.

പത്രവായനയും ടി.വി കാണലുമൊക്കെ ഇന്നത്തെ തലമുറയില്‍ പൊതുവെ വിരളമാണ്. കാരണം അതിനേക്കാള്‍ വേഗത്തില്‍ അപ്പപ്പോള്‍ കാര്യങ്ങള്‍ അറിയാനും പ്രതികരിക്കാനും സോഷ്യല്‍ മീഡിയയിലൂടെ കഴിയുന്നുണ്ട്. അനുഭവത്തിന്റെ വെളിച്ചത്തില്‍ ഒന്നു രണ്ട് കാര്യങ്ങള്‍ കൂടി സൂചിപ്പിക്കട്ടെ. ഞങ്ങളുടെ പ്രദേശത്ത് സംഘടനകളുമായി ഒരു ബന്ധവുമില്ലാത്ത ധാരാളം മുസ്‌ലിം സഹോദരങ്ങളെ ഉള്‍പ്പെടുത്തി ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് കഴിഞ്ഞ വര്‍ഷം രൂപീകരിക്കുകയുണ്ടായി. ഇതിലൂടെ ഇസ്‌ലാമിക സന്ദേശങ്ങളും പ്രാസ്ഥാനിക കാഴ്ചപ്പാടുകളും നന്നായി കൈമാറാന്‍ കഴിയുന്നുണ്ട്. അതേപോലെ പല അമുസ്‌ലിം സഹോദരങ്ങളുമായും ഇസ്‌ലാമിക സന്ദേശങ്ങള്‍ കൈമാറുന്നുണ്ട്. 

പൊതുവെ ഇവ്വിഷയകമായി വ്യക്തമായ ഒരു കാഴ്ചപ്പാടില്ലാത്തതിനാലും ആ രംഗത്ത് കാര്യമായ ചുവടുവെപ്പുകള്‍ നടത്താത്തതിനാലും വലിയൊരു സാധ്യത നഷ്ടപ്പെടുകയാണ്.

വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ക്കും യുവതലമുറക്കും വയോജനങ്ങള്‍ക്കും പ്രയോജനപ്രദമായ രീതിയില്‍ ആകര്‍ഷകമായ പദ്ധതികള്‍ ആവിഷ്‌കരിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഫലപ്രദമായി ഇടപെടുകയാണെങ്കില്‍ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.

ശറഫുദ്ദീന്‍ അബ്ദുല്ല

 

സോഷ്യല്‍ മീഡിയയിലെ ആക്ഷേപശകാരങ്ങള്‍

വിവരസാങ്കേതിക വളര്‍ച്ചാകാലത്തെ രണ്ട് അവതാരങ്ങളാണ് ഫേസ്ബുക്കും വാട്‌സ്ആപ്പും. നവ തലമുറയെ വഴിതെറ്റി സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുകയും ഊഷ്മളമായ വ്യക്തി-കുടുംബ ബന്ധങ്ങളെ ഉലച്ചുകളയുകയും ചെയ്യുന്ന വില്ലന്മാരായാണ് ഇവയെ ഒരു ഭാഗത്ത് വിലയിരുത്തുന്നത്. സോഷ്യല്‍ മീഡിയ  കൗമാരക്കാരുടെ മുതല്‍ പ്രായാധിക്യമുള്ളവരുടെ വരെ ക്രിയാശേഷി നഷ്ടപ്പെടുത്തി അവരെ അന്തര്‍മുഖരും മനോരോഗികളുമാക്കി മാറ്റുന്നതായും വിമര്‍ശനമുയരുന്നു. ഇതിനേക്കാള്‍ അപകടകരമായ അത്യാചാരങ്ങള്‍  സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവര്‍ വേറെയും  സൃഷ്ടിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇതിന് മറുവശവുമുണ്ട്. പത്രമാസികകളും ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളും സത്യം, നീതി, ധര്‍മം തുടങ്ങിയ മൂല്യങ്ങള്‍ പാലിക്കാതെ വിഷം പുര് അവതരിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത്, അവയുടെ പക്ഷപാതപരമായ സമീപനരീതിയെയും വര്‍ഗീയ -പിന്തിരിപ്പന്‍ നയങ്ങളെയും വിമര്‍ശനാത്മകമായി നേരിടാനും അവയെ വിചാരണ ചെയ്ത് വായനക്കാര്‍ക്കും പ്രേക്ഷകര്‍ക്കും സത്യാവസ്ഥ ബോധ്യപ്പെടുത്തിക്കൊടുക്കാനും ഏറെ പ്രയോജനപ്പെടുന്നുണ്ട് ഫേസ്ബുക്കും വാട്‌സ്ആപ്പും. വ്യക്തികള്‍ക്കും സമൂഹത്തിനും ഏറെ പ്രയോജനകരമായ തരത്തില്‍ സന്ദേശങ്ങള്‍ ചെലവു കുറഞ്ഞ രീതിയില്‍ പരസ്പരം കൈമാറാന്‍ കഴിയുന്നത് ഒരു ഭാഗത്ത് വിള്ളല്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പരസ്പര ബന്ധങ്ങളെ ഊട്ടിയുറപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇന്ന് സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവരുടെ അപക്വമായ ഇടപെടലുകള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ വളരെ വലുതാണ്. സോഷ്യല്‍ മീഡിയയിലേക്ക് തിരിഞ്ഞുനോക്കാന്‍ കഴിയാത്തവിധം വെറുപ്പ് ജനിപ്പിക്കുന്ന തരത്തിലായിരിക്കുന്നു പലരുടെയും ഇടപെടല്‍. അധര്‍മി ഒരു വൃത്താന്തവുമായി വന്നാല്‍ അതിന്റെ നിജഃസ്ഥിതി അറിയണമെന്നും അല്ലാത്ത പ്രചാരണങ്ങള്‍ അപകടമാണെന്നുമുള്ള ഖുര്‍ആനിക മുന്നറിയിപ്പ്  മാധ്യമരംഗം കൈകാര്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട അടിസ്ഥാന മര്യാദയാണ്. സോഷ്യല്‍ മീഡിയ  എല്ലാവര്‍ക്കും കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ള രംഗമായതുകൊണ്ട് നിതാന്ത ജാഗ്രത പുലര്‍ത്തണം.  വര്‍ഗീയ ചുവയോടെയും അല്ലാതെയും തെറ്റിദ്ധാരണയും കിംവദന്തികളും പ്രചരിപ്പിച്ച് മുതലെടുപ്പ് നടത്തുന്ന കുബുദ്ധികളെ തിരിച്ചറിയേതു്. സംഭവിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ച് ജനമനസ്സുകളില്‍ അസ്വസ്ഥതയും ഭീതിയും സൃഷ്ടിക്കുന്ന പ്രവണതയും വര്‍ധിച്ചുവരുന്നു. അമാന്യമായ അഭിസംബോധനകള്‍ നടത്തുക, ആക്ഷേപശകാരങ്ങള്‍ ചൊരിയുക, കുത്തുവാക്കുകള്‍ കൊണ്ട് നോവിക്കുക പോലുള്ള 'കലാപരിപാടികള്‍'  വളരെ വിദഗ്ധമായി അവതരിപ്പിക്കുന്ന മുസ്‌ലിം സഹോദരങ്ങളെ സോഷ്യല്‍ മീഡിയയില്‍ കാണാം. ഇവര്‍ മനസ്സിലാക്കേണ്ടത്, ഇസ്‌ലാം നിഷിദ്ധമാക്കിയ സ്വഭാവ വൈകല്യങ്ങള്‍ നാവുമൊണ്ടുള്ളതു മാത്രമല്ല എന്നതാണ്. അതിനേക്കാള്‍ അപകടകരമായതും പിന്‍വലിച്ചാല്‍ പോലും ഡിവൈസ് ഗാലറികളില്‍ എന്നെന്നും ബാക്കിയാവുന്നതുമായിരിക്കും സോഷ്യല്‍ മീഡിയയിലെ വ്യക്തിഹത്യകള്‍. ഫാഷിസ്റ്റുകള്‍ക്ക് അവരുടെ ലക്ഷ്യം എളുപ്പം സാക്ഷാത്കരിക്കാന്‍ കഴിയുംവിധം മുസ്‌ലിം സഹോദരന്മാര്‍ തന്നെ അവരുടെ സമുദായാംഗങ്ങളുടെ മനസ്സുകളില്‍  വിഷം വമിപ്പിച്ച്  വിഭാഗീയ ചിന്തകള്‍ വളര്‍ത്തി സമുദായസ്‌നേഹം 'പ്രകടിപ്പിക്കുന്നത്' മുസ്‌ലിം സമുദായത്തോടു  തന്നെ ചെയ്യുന്ന ദ്രോഹമാണ്. വ്യക്തിഹത്യ നടത്തുന്നതും മത വിദ്വേഷം പ്രചരിപ്പിക്കുന്നതും ഇസ്‌ലാം കര്‍ശനമായി വിലക്കിയിരിക്കുന്നു. നന്മകള്‍ വളര്‍ത്താനും തിന്മകള്‍ വര്‍ജിക്കാനും ജനങ്ങളെ, പ്രത്യേകിച്ച് മുസ്‌ലിംകളെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുക, പരസ്പര സൗഹൃദം വളര്‍ത്തി മതസാഹോദര്യത്തിലധിഷ്ഠിതമായ അന്തരീക്ഷം സൃഷ്ടിച്ച് ഫാഷിസ്റ്റ് സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി നല്‍കുക, ചാറ്റിംഗിലും പോസ്റ്റിംഗിലും ഷെയറിംഗിലും ധാര്‍മികത പാലിക്കുക. ഇങ്ങനെ ഗൗരവതരമായ സാമൂഹിക വിഷയങ്ങള്‍ ഏറ്റെടുക്കുകയും ആവശ്യമായ കാര്യങ്ങളില്‍ ബോധവത്കരണം നടത്തുകയും ജനോപകാരപ്രദമായ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന സംവിധാനങ്ങളാക്കി മാറ്റിയാലേ ഫേസ്ബുക്കും വാട്‌സ്ആപ്പുമൊക്കെ ഫലപ്രദമാവുകയുള്ളൂ.

പി.എ സൈനുദ്ദീന്‍


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (160 - 169)
എ.വൈ.ആര്‍