Prabodhanm Weekly

Pages

Search

2017 ജൂലൈ 28

3011

1438 ദുല്‍ഖഅദ് 04

മുഹമ്മദ് നബിയും നമ്മുടെ ജീവിതവും

കെ.സി ജലീല്‍ പുളിക്കല്‍

'മുഹമ്മദിനെ അവന്റെ അനുയായികള്‍ സ്‌നേഹിക്കുന്ന പോലെ മറ്റൊരു നേതാവിനെയും അനുയായികള്‍ സ്‌നേഹിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല'- ഖുറൈശീ നേതാവായിരുന്ന അബൂസുഫ്‌യാന്റെ വാക്കുകളാണിത്. മുഹമ്മദ് നബിയുടെ എതിര്‍പക്ഷത്തിന് നേതൃത്വം കൊടുക്കുന്ന അവസരത്തിലാണ് അബൂസുഫ്‌യാന്‍ ഇങ്ങനെ പറഞ്ഞത്. എതിരാളികളുടെ പിടിയിലകപ്പെട്ട് വധിക്കപ്പെടാന്‍ പോകുന്ന നബിയുടെ ഒരനുയായിയോട് 'നിന്റെ സ്ഥാനത്ത് മുഹമ്മദിനെ നിര്‍ത്തുന്നത് നീ ഇഷ്ടപ്പെടുമോ' എന്ന ചോദ്യത്തിന് 'ഒരിക്കലുമില്ല' എന്നായിരുന്നു അസന്ദിഗ്ധമായ മറുപടി.

വ്യക്തിപൂജയിലധിഷ്ഠിതമായിരുന്നില്ല ഒരിക്കലും അനുയായികളുടെ പ്രവാചകസ്‌നേഹം. അടിസ്ഥാന വിശ്വാസത്തിന്റെ ഭാഗമായിരുന്നു. 'സ്വന്തം മാതാപിതാക്കളേക്കാളും മക്കളേക്കാളും മറ്റാരേക്കാളും ഞാന്‍ പ്രിയങ്കരനാവുന്നത് വരെ നിങ്ങളിലാരും വിശ്വാസിയാവുകയില്ല' എന്ന് മുഹമ്മദ് നബി(സ) പഠിപ്പിച്ചതാണ്. നബി(സ)യുടെ ജീവിതകാലത്ത് മാത്രമല്ല, ലോകാന്ത്യം വരെ ഒരാള്‍ക്കും ഈ പ്രവാചക സ്‌നേഹത്തിന്റെ അഭാവത്തില്‍ വിശ്വാസിയാകാനാകില്ല. മാത്രമല്ല, ഈ സ്‌നേഹം വിശ്വാസികള്‍ സജീവമായും നിരന്തരമായും കാത്തുസൂക്ഷിക്കുകയും വേണം. നമസ്‌കാരങ്ങളിലും അനുബന്ധ കര്‍മങ്ങളിലുമെല്ലാം ഈ സ്‌നേഹം ആവര്‍ത്തിച്ചുറപ്പിച്ചുകൊണ്ടിരിക്കാന്‍ സത്യവിശ്വാസി ബാധ്യസ്ഥനാണ്. മറ്റുള്ളവര്‍ അവരുടെ നേതാക്കളെ ജന്മദിനങ്ങളിലാണോര്‍ക്കുന്നതെങ്കില്‍ മുഹമ്മദ് നബി(സ)യുടെ അനുയായികള്‍ ദിനംപ്രതി അദ്ദേഹത്തെ പലതവണ ഓര്‍ക്കുകയും അദ്ദേഹത്തിനു വേണ്ടി മനസ്സറിഞ്ഞ് പ്രാര്‍ഥിക്കുകയും ചെയ്യുന്നു. ലോകത്ത് മറ്റാര്‍ക്കും ലഭിക്കാത്ത, ദൈവദൂതന് മാത്രം ലഭിക്കുന്ന സ്‌നേഹാദരവാണിത്.

ഈ സ്‌നേഹാദരവിന്റെ അടിസ്ഥാന സവിശേഷതയെന്താണ്? മറ്റു നേതാക്കള്‍ക്കും മഹാന്മാര്‍ക്കും ലഭിക്കുന്ന സ്‌നേഹത്തില്‍നിന്ന് പ്രവാചക സ്‌നേഹത്തെ വ്യതിരിക്തമാക്കുന്നതെന്താണ്? ഇത് വ്യക്തമാക്കുന്ന ഒരുദാഹരണമിതാ. പ്രവാചക സ്‌നേഹത്തില്‍ അബൂബക്‌റി(റ)നെ മറികടക്കുന്നവരില്ലല്ലോ. പ്രവാചകന്‍ ഇഹലോകവാസം വെടിഞ്ഞെന്നു കേട്ട അനുയായികള്‍ സ്തബ്ധരായി. ചിലര്‍ ബഹളം വെച്ചു. ഈ അവസരത്തില്‍ അബൂബക്ര്‍(റ) മിമ്പറില്‍ കയറി ഉറക്കെ പ്രഖ്യാപിച്ചു: ''മുഹമ്മദിനെയാണ് ആരെങ്കിലും ആരാധിച്ചിരുന്നതെങ്കില്‍, നിശ്ചയം മുഹമ്മദ് ഇതാ മരണപ്പെട്ടുകഴിഞ്ഞു. ഇനി അല്ലാഹുവിനെയാണ് ആരാധിച്ചിരുന്നതെങ്കില്‍, നിശ്ചയം അല്ലാഹു എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്. അവന്‍ ഒരിക്കലും മരിക്കില്ല.'' തുടര്‍ന്ന് 'മുന്‍ പ്രവാചകന്മാരെപ്പോലെ മുഹമ്മദും മരിക്കും' എന്ന് കുറിക്കുന്ന ഖുര്‍ആന്‍ വചനം ഓതിക്കേള്‍പ്പിക്കുകയും ചെയ്തു. അബൂബക്‌റി(റ)ന്റെ ഈ ഉറച്ച പ്രഖ്യാപനമാണ് ഉമര്‍(റ) അടക്കമുള്ളവരെ ശാന്തരാക്കിയത്.

മറ്റാരേക്കാളും മുമ്പ് ഖുര്‍ആന്‍ പ്രവാചകനില്‍നിന്ന് നേരിട്ട് ആഴത്തില്‍ മനസ്സിലാക്കിയിരുന്നതിനാലാണ് നബിയോട് ഏറ്റവും സ്‌നേഹബന്ധമുള്ള അബൂബക്‌റി(റ)ന് ഇങ്ങനെ പ്രഖ്യാപിക്കാനുള്ള ധൈര്യവും കരുത്തും കൈവന്നത്. ഇവിടെയാണ് പ്രവാചകസ്‌നേഹം വ്യക്തിപൂജയില്‍നിന്ന് വേര്‍പിരിയുന്നത്.

അല്ലാഹു അവന്റെ ദൂതനെ തിരിച്ചുവിളിച്ചു. ഒരിക്കല്‍ നാമെല്ലാം ഇതുപോലെ തിരിച്ച് അല്ലാഹുവിങ്കലേക്ക് പോകണം. ഈ ചിന്ത അബൂബക്ര്‍ സിദ്ദീഖിന് സമനില കൈവരുത്തുന്നു. ഈ അടിസ്ഥാനത്തില്‍ അദ്ദേഹം നടത്തിയ പ്രഖ്യാപനം പ്രവാചകന്റെ മറ്റു അനുയായികളിലും സമനിലയുണ്ടാക്കുന്നു. കാരണം അവരെല്ലാം പ്രവാചക ചര്യയോടൊപ്പം ഖുര്‍ആന്‍ ഉള്‍ക്കൊണ്ടവരാണ്. ''വിശ്വാസികള്‍ അവര്‍ അല്ലാഹുവിനെ ഓര്‍ക്കുന്നതോടു കൂടി അവരുടെ ഹൃദയം ശാന്തമാവുന്നു'' (13:28) ഒരൊറ്റ സ്വഹാബിയും ജീവനൊടുക്കിയില്ല, ആരും വെപ്രാളപ്പെട്ട് ഒന്നും ചെയ്തില്ല.

എന്നാല്‍, ആത്മീയാചാര്യന്മാരോ രാഷ്ട്രീയ-കലാ രംഗങ്ങളിലെ പ്രമുഖരോ മരണപ്പെട്ടാല്‍ ആത്മഹത്യയടക്കം പലതിനും അനുയായികളും ആരാധകരും മുതിരുന്നു. എന്തുകൊണ്ടാണിത്? അവരുടെ മനസ്സിനെ ശാന്തമാക്കാനുതകുന്ന ദൈവവിശ്വാസമോ ദിവ്യവചനങ്ങളോ ഒന്നുമില്ല എന്നതാണ് കാരണം. പ്രപഞ്ചത്തിനൊരു നാഥനുണ്ടെന്നും പ്രാപഞ്ചിക ഭരണം അവന്റെ കൈയിലാണെന്നും ഇവരില്‍ പലരും അംഗീകരിക്കുന്നുണ്ടെങ്കിലും പ്രവാചകന്റെ മാര്‍ഗം പിന്തുടരാത്തേടത്തോളം സൃഷ്ടിപൂജയില്‍നിന്ന് മുക്തമായി അവര്‍ക്ക് സമാധാനത്തിന്റെ മാര്‍ഗം പ്രാപിക്കാനാകില്ല. വ്യക്തിപൂജയിലധിഷ്ഠിതമായ സ്‌നേഹപ്രകടനങ്ങള്‍ താല്‍ക്കാലികവും നൈരന്ത്യമില്ലാത്തതുമാണെന്നും കാണാം. അവരെ ഓര്‍ക്കുന്നത് ജന്മദിനത്തിലാണ്. ചടങ്ങുകള്‍ കേമമായി നടത്തും. എന്നാല്‍, തോന്നിയപോലെ ജീവിക്കുന്നതിന് 'ദൈവമോ' നേതാക്കളോ ഇടപെടാനില്ലാത്തതിനാല്‍ ഏതു വഞ്ചനയും ക്രൂരതയുമാകാം. ജന്മ-ചരമദിനാചരണങ്ങളും വഴിപാടുകളുമെല്ലാം മറ മാത്രം.

പ്രവാചകസ്‌നേഹം ഒരിക്കലും ഇങ്ങനെയായിക്കൂടാ. അത് പ്രതിരൂപങ്ങളെ ആനയിക്കുന്നതിലേക്കോ ജന്മദിനമാഘോഷിക്കുന്നതിലേക്കോ നീങ്ങിക്കൂടെന്ന് ഇസ്‌ലാമിന് നിര്‍ബന്ധമുണ്ട്. അതിനാലാണ് അത്തരം നീക്കങ്ങളെ കര്‍ശനമായി വിലക്കിയത്. റസൂലിനോടുള്ള സ്‌നേഹം എങ്ങനെ? ഇത് നിര്‍ണയിച്ചുതരേണ്ടത് റസൂലിനെ നിയോഗിച്ചയച്ച അല്ലാഹുതന്നെയാണ്. 

''അല്ലാഹുവിന്റെ അനുമതിയോടെ അനുസരിക്കപ്പെടാനല്ലാതെ ഒരു ദൂതനെയും നാം അയച്ചിട്ടില്ല'' (ഖുര്‍ആന്‍ 4:64). ''പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ പിന്‍പറ്റുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കും. നിങ്ങളുടെ പാപങ്ങള്‍ പൊറുക്കുകയും ചെയ്യും'' (3:31).

ഈ ഖുര്‍ആന്‍ സൂക്തങ്ങളില്‍ അല്ലാഹു വ്യക്തമായി കല്‍പിക്കുന്നത് ഇതാണ്: മുഹമ്മദ് നബി(സ)യെ ദൂതനായി അയച്ചത് ഞാനാണ്. എന്റെ വചനങ്ങളാണ് നിങ്ങള്‍ക്ക് അദ്ദേഹം വായിച്ചുകേള്‍പ്പിക്കുന്നത്. എന്റെ വചനങ്ങളുടെ പ്രയോഗവത്കരണമാണ് അദ്ദേഹത്തിന്റെ ജീവിതമാതൃക. ആ പ്രയോഗവത്കരണവും ഞാന്‍ അറിയിച്ച സന്ദേശം തന്നെ. അതിനാല്‍ ആരെങ്കിലും റസൂലിനെ അനുസരിച്ചാല്‍ അല്ലാഹുവിനെയാണ് അനുസരിക്കുന്നത് (4:80). സത്യവിശ്വാസികള്‍ അല്ലാഹുവിനെ അതിശക്തമായി സ്‌നേഹിക്കുന്നു. അതിനാല്‍ റസൂലിനെ പിന്‍പറ്റുന്നു(2:165). റസൂലിനെ മാറ്റിനിര്‍ത്തി ഖുര്‍ആന്‍ അംഗീകരിക്കുന്നു എന്ന വാദം ബാലിശവും അപ്രസക്തവും ആണെന്ന് വ്യക്തം. പ്രവാചകനെ പിന്‍പറ്റാതെ, അഥവാ രണ്ട് ശഹാദത്ത് കലിമകളും അംഗീകരിക്കാതെ ഇസ്‌ലാം പ്രവേശം പോലും സാധ്യമല്ലെന്ന് സ്പഷ്ടം. ''അല്ലാഹുവും റസൂലും ഒരു കാര്യം വിധിച്ചുകഴിഞ്ഞാല്‍ പിന്നെ ആ വിഷയത്തില്‍ സ്വന്തമായൊരു തീരുമാനമെടുക്കാന്‍ ഒരു വിശ്വാസിക്കും വിശ്വാസിനിക്കും ഒരിക്കലും അവകാശമില്ല തന്നെ'' (33:36). ഇതാണ് ഖുര്‍ആനിന്റെ അസന്ദിഗ്ധ പ്രഖ്യാപനം.

ലോകാന്ത്യം വരെ എല്ലാവര്‍ക്കും ആവശ്യമായ നിയമവ്യവസ്ഥക്കാധാരമായ മുഴുവന്‍ കാര്യങ്ങളും ഖുര്‍ആനിലുണ്ട്. ജീവിതത്തിന്റെ സര്‍വ മേഖലയിലും അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ) ഖുര്‍ആന്‍ നടപ്പില്‍ വരുത്തിയിട്ടുമുണ്ട്. അതങ്ങനെത്തന്നെ ഉള്‍ക്കൊണ്ടേ തീരൂ. ഖുര്‍ആന്‍ പ്രസ്താവിക്കുന്നു: ''അല്ല, നിന്റെ നാഥനാണ, അവര്‍ക്കിടക്കുത്ഭവിക്കുന്ന ഓരോ പ്രശ്‌നത്തിലും നിന്നെ വിധികര്‍ത്താവാക്കുകയും എന്നിട്ട് നിന്റെ വിധിയില്‍ അവര്‍ക്ക് ഒരുവിധ മനഃപ്രയാസവും തോന്നാതിരിക്കുകയും സര്‍വാത്മനാ അംഗീകരിക്കുകയും ചെയ്യുന്നതുവരെ അവര്‍ വിശ്വാസികളാവുകയില്ലതന്നെ'' (4:65). ഇതാണ് പ്രവാചകസ്‌നേഹത്തിന് അല്ലാഹു നിര്‍ദേശിച്ചുതന്ന ഏക മാര്‍ഗം. ജീവിതത്തിന്റെ എല്ലാ രംഗത്തും എല്ലാ വിഷയത്തിലും മാതൃകാ പുരുഷനും നായകനും നേതാവുമായംഗീകരിച്ച് നബിയെ പിന്‍പറ്റുക. മറ്റാര്‍ക്കും ഈ സ്ഥാനം അംഗീകരിച്ചുകൊടുക്കാതിരിക്കുക.

ഇതല്ലാത്ത, മറ്റുള്ളവര്‍ പ്രകടിപ്പിക്കുകയും വെച്ചുപുലര്‍ത്തുകയും ചെയ്യുന്ന എല്ലാ ധാരണകളും സമ്പ്രദായങ്ങളും മുഹമ്മദ് നബിയുടെ കാര്യത്തിലൊരിക്കലും ഉണ്ടാകരുതെന്നും ഖുര്‍ആന്‍ പലയിടങ്ങളിലായി വ്യക്തമാക്കിയിട്ടുണ്ട്:

ഒന്ന്, പ്രവാചകന്മാരെയും മഹാന്മാരെയും ജീവിതരംഗത്തുനിന്ന് മാറ്റിനിര്‍ത്തി, അവരെ പിന്തുടരുന്നതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ അവരെ ഉയരങ്ങളില്‍ പ്രതിഷ്ഠിക്കുന്നവര്‍ക്ക് സഹിക്കാനാവാത്ത പ്രയോഗമാണ് അടിമ, ദാസന്‍ തുടങ്ങിയവ. എന്നാല്‍, ഖുര്‍ആന്‍ ആദ്യഘട്ടത്തില്‍ തന്നെ പ്രസ്തുത പ്രയോഗമാണ് മുഹമ്മദ് നബി(സ)യെ സംബന്ധിച്ച് നടത്തിയത്. ''അടിമ(അബ്ദ്) നമസ്‌കരിക്കുമ്പോള്‍ തടയുന്നവനെ കണ്ടില്ലേ'' (അലഖ്). റസൂലിന് ഏറ്റവും പ്രിയപ്പെട്ടതും ആ പ്രയോഗം തന്നെയായിരുന്നു. ദിനംപ്രതി പല സമയങ്ങളിലായി സത്യവിശ്വാസികള്‍ നടത്തുന്ന അംഗസ്‌നാനത്തോടനുബന്ധിച്ച പ്രാര്‍ഥനകളില്‍ 'മുഹമ്മദ് അല്ലാഹുവിന്റെ അടിമയും ദൂതനുമാണെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു' എന്ന് ഉള്‍ക്കൊള്ളിക്കണമെന്ന് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. അദൈ്വത സിദ്ധാന്തത്തിലധിഷ്ഠിതമായ എല്ലാ ചിന്താഗതിയെയും പാടേ നിരാകരിക്കുന്നതാണ് അടിമ എന്ന പ്രയോഗം. അല്ലാഹുവിന്റെ ദൂതന് അടിമ എന്ന പരിധിക്കപ്പുറം കടക്കാനാകില്ലെങ്കില്‍ മറ്റാര്‍ക്കാണ് കഴിയുക? ഈസാ(അ)യെ അടിമത്തപരിധിയില്‍നിന്ന് ഉയര്‍ത്തിയവരെ ശക്തമായി ശാസിച്ചുകൊണ്ട് അല്ലാഹു പറയുന്നു: ''വേദക്കാരേ, നിങ്ങളുടെ മതത്തില്‍ നിങ്ങള്‍ അതിരു കവിയരുത്. അല്ലാഹുവിന്റെ അടിമയായിരിക്കുന്നതില്‍ മസീഹിന് ഒരിക്കലും അപമാനം തോന്നിയിട്ടില്ല'' (അന്നിസാഅ് 171).

രണ്ട്, പലര്‍ക്കും അസഹ്യമായി തോന്നുന്നതാണ് റസൂലിനെ സാധാരണ മനുഷ്യന്‍ എന്ന് വിശേഷിപ്പിക്കുന്നത്. എന്നാല്‍, നബി(സ)യോട് അങ്ങനെത്തന്നെ തീര്‍ത്തു പറയണമെന്നാണ് അല്ലാഹു കല്‍പിക്കുന്നത്: ''പറയുക: ഞാന്‍ നിങ്ങളെപ്പോലുള്ള മനുഷ്യന്‍ മാത്രമാണ്. എനിക്ക് ദിവ്യസന്ദേശം ലഭിക്കുന്നു'' (അല്‍ കഹ്ഫ് 110). സാധാരണ മനുഷ്യര്‍ക്ക് സാധിക്കാത്തത് തനിക്ക് സാധിക്കുകയില്ല എന്ന് തീര്‍ത്തു പറയാനും അല്ലാഹു നബി(സ)യോട് പറയുന്നു. മക്കയിലെ നിഷേധികള്‍ നബി(സ)യോടാവശ്യപ്പെട്ട അമാനുഷിക ദൃഷ്ടാന്തങ്ങളെക്കുറിച്ചും അതിനുത്തരം നല്‍കേണ്ടതെങ്ങനെ എന്നതിനെക്കുറിച്ചും അല്ലാഹു പറയുന്നു: ''അവര്‍ പറഞ്ഞു: നീ ഞങ്ങള്‍ക്കായി ഭൂമി പിളര്‍ന്ന് ഒരു ഉറവ പ്രവഹിക്കുന്നതുവരെ ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കുകയില്ല. അല്ലെങ്കില്‍ നിനക്ക് ഈത്തപ്പഴവും മുന്തിരിയും നിറഞ്ഞ ഒരു തോട്ടമുണ്ടാവട്ടെ. അതില്‍ നീ നദികള്‍ ഒഴുക്കുകയും വേണം. അതല്ലെങ്കില്‍ നീ വാദിക്കും പോലെ ആകാശത്തെ ഞങ്ങളുടെ മേല്‍ കഷ്ണങ്ങളായി വീഴ്ത്തുകയോ ദൈവത്തെയും മലക്കുകളെയും ഞങ്ങളുടെ മുന്നില്‍ നേരിട്ട് കൊണ്ടുവരികയോ ചെയ്യുക. അതുമല്ലെങ്കില്‍ നിനക്കൊരു കനകക്കൊട്ടാരമുണ്ടാകട്ടെ. അതുമല്ലെങ്കില്‍ നീ ഒരാകാശാരോഹണം നടത്തുക. ഞങ്ങള്‍ക്ക് വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങള്‍ക്ക് ഇറക്കുന്നതുവരെ നിന്റെ ആകാശാരോഹണവും ഞങ്ങള്‍ വിശ്വസിക്കുകയില്ല. പ്രവാചകരേ, അവരോട് പറയുക: എന്റെ നാഥന്‍ പരിശുദ്ധന്‍. ഞാന്‍ മനുഷ്യനായ ദൈവദൂതനല്ലയോ?'' (അല്‍ഇസ്രാഅ് 90-93).

സാധാരണക്കാര്‍ക്കിടയില്‍ വെറും സാധാരണക്കാരനായി ജീവിക്കുന്ന മുഹമ്മദ് നബി(സ)യെ മക്കയിലെ ബഹുദൈവവിശ്വാസികള്‍ക്ക് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല. അവര്‍ പറഞ്ഞു: ''ഇതെന്ത് പ്രവാചകന്‍! ഭക്ഷണം കഴിക്കുന്നു, അങ്ങാടിയില്‍ നടക്കുന്നു'' (അല്‍ഫുര്‍ഖാന്‍ 7).

ശരിയാണ്, മുഹമ്മദ് നബി(സ) സാധാരണ ആവശ്യങ്ങള്‍ക്കും ജനങ്ങളെ ഖുര്‍ആന്‍ കേള്‍പ്പിച്ച് പ്രബോധന കര്‍ത്തവ്യം നിര്‍വഹിക്കാനുമെല്ലാം അങ്ങാടിയില്‍ പോകും. ജനസേവനം നടത്തുകയും ചെയ്യുന്നു.

തന്റെ ചുമടെടുത്ത് വീട്ടിലെത്തിക്കാന്‍ പ്രയാസപ്പെടുന്ന വൃദ്ധയുടെ ചുമട് നബി വീട്ടിലെത്തിച്ചുകൊടുക്കുന്നു. സന്തുഷ്ടയായ വൃദ്ധ 'നീ മുഹമ്മദിന്റെ പുത്തന്‍ വാദത്തില്‍ പെട്ടുപോകരുത്' എന്ന് ഉപദേശിക്കുന്നു. നബി(സ)ക്ക് പ്രത്യേക ഹാവഭാവങ്ങളുണ്ടായിരുന്നെങ്കില്‍ വൃദ്ധ തിരിച്ചറിയുമായിരുന്നില്ലേ? മറ്റുള്ളവര്‍ക്കിടയില്‍ തിരിച്ചറിയപ്പെടാതിരിക്കുന്ന സാധാരണക്കാരന്‍. ഏത് സാധാരണക്കാര്‍ക്കും പിന്തുടരാന്‍ പറ്റിയ ലാളിത്യം.

ഒരു ആത്മീയ നേതാവിനെക്കുറിച്ച സകല സങ്കല്‍പങ്ങളും തച്ചുടക്കുന്ന വിധത്തില്‍ സാധാരണക്കാരുടെ ജീവിതത്തിലേക്കിറങ്ങിവന്ന്, അവരുടെ പ്രായോഗിക ജീവിതത്തില്‍ അല്ലാഹുവിന്റെ കല്‍പനകള്‍ അവരോടൊപ്പം നിന്ന് നടപ്പിലാക്കുന്ന അല്ലാഹുവിന്റെ അടിമയും ദൂതനും. ഇതാണ് നബി(സ). നബിമാരുടെ യഥാര്‍ഥ അനുയായികളല്ലാത്തവര്‍ എക്കാലവും ഈ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാറില്ല. മുഹമ്മദ് നബി(സ)യെ അന്വേഷിച്ചെത്തുന്ന പലരും അനുയായികള്‍ക്കിടയില്‍നിന്ന് നബി(സ)യെ തിരിച്ചറിയാതെ 'നിങ്ങളില്‍ ആരാണ് മുഹമ്മദ്?' എന്ന് ചോദിക്കുമായിരുന്നു. നബി(സ)യുടെയും സ്വഹാബത്തിന്റെയും സവിശേഷതയായി അവര്‍ എടുത്തുപറഞ്ഞിരുന്നതുതന്നെ 'നേതാവിനെയും അനുയായികളെയും കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത സ്വഭാവമുള്ളവര്‍' എന്നായിരുന്നു. ഇതര സംസ്‌കാരങ്ങളും പൗരോഹിത്യവും സൃഷ്ടിച്ചെടുത്ത എല്ലാ ഉഛനീചത്വങ്ങളും സൃഷ്ടിപൂജയിലധിഷ്ഠിതമായ എല്ലാ കലര്‍പ്പുകളും പൂര്‍ണമായും തുടച്ചുമാറ്റി വിശുദ്ധ വചനത്തിലധിഷ്ഠിതമായ സംശുദ്ധ സംസ്‌കാരം സ്ഥാപിച്ചെടുക്കുകയായിരുന്നു പ്രവാചകന്‍. അല്ലാഹുവിന്റെ സന്ദേശം അപ്പോഴാണ് നടപ്പിലാകുന്നത്. അപ്പോഴാണ് ചരിത്രകാരന്മാരടക്കം സ്തബ്ധരായ അത്ഭുതങ്ങള്‍ സംഭവിക്കുന്നത്. 'മുഹമ്മദിന് എങ്ങനെയാണ് ഇത്രയും കുറഞ്ഞ കാലത്തിനിടയില്‍, അധഃപതനത്തിന്റെ ആഴിയില്‍ ആണ്ടുകിടന്നിരുന്ന ജനതയെ അടിമുടി മാറ്റിയെടുത്ത് ലോകത്തെ പുതിയ ദിശയിലേക്ക് തിരിച്ചുവിടാനാകുംവിധം രാഷ്ട്രം വരെ സ്ഥാപിച്ചെടുക്കാനായത്?' എന്ന് ജവഹര്‍ലാല്‍ നെഹ്‌റു അടക്കമുള്ളവര്‍ അത്ഭുതം പ്രകടിപ്പിച്ചിട്ടുണ്ടല്ലോ.

അതേ, നബി(സ)ക്ക് ഖുര്‍ആന്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നു. ഖുര്‍ആന്‍ നടപ്പാക്കേണ്ട രീതിയും വിശദാംശങ്ങളും അല്ലാഹു തന്നെ മുഹമ്മദ് നബി(സ)ക്ക് വഹ്‌യ് നല്‍കുന്നു. നബി(സ)യെ സ്വന്തത്തേക്കാള്‍ സ്‌നേഹിക്കുന്ന ഉത്തമരായ അനുചരന്മാര്‍ ആത്മാര്‍ഥമായി സര്‍വ  രംഗത്തും ആ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നു. ആ മാര്‍ഗത്തില്‍ സര്‍വസ്വം സമര്‍പ്പിക്കുന്നു. അങ്ങനെ ലോകഗതിയെ തന്നെ മാറ്റുന്നു. ഇവിടെയാണ് അല്ലാഹുവിലും പ്രവാചകനിലുമുള്ള വിശ്വാസവും സ്‌നേഹവും യഥാര്‍ഥത്തില്‍ പ്രകടമാകുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (160 - 169)
എ.വൈ.ആര്‍