അത്ഭുത പ്രവൃത്തികള്‍
മുഹമ്മദുന്‍ റസൂലുല്ലാഹ്-19
ദൈവത്തിന്റെ പാരിതോഷികങ്ങള്‍ ലഭിക്കുന്നതിന് ഒരു ഉപാധിയുണ്ട്. അവന്‍ നിശ്ചയിക്കുന്ന പരീക്ഷണ ഘട്ടങ്ങളെ വിജയകരമായി അഭിമുഖീകരിച്ചിരിക്കണം എന്നതാണത്. എല്ലാ പ്രവാചകന്മാര്‍ക്കും ഇത്തരം പരീക്ഷണങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. ഇദ്‌രീസ് എന്ന ഹനോക്ക് (ഖുര്‍ആന്‍ 19:57), അബ്രഹാം (6:75), ജോസഫ് (12:24), മോസസ് (7:143), യേശു (4:58), മുഹമ്മദ് തുടങ്ങി ഒരു പ്രവാചകനും ഈ പൊതുതത്ത്വത്തില്‍നിന്ന് ഒഴിവല്ല എന്നു കാണാം. ദൈവദൂതനായി നിയോഗിതനായതുമുതല്‍ കടുത്ത പരീക്ഷണപര്‍വങ്ങളിലൂടെയാണ് മുഹമ്മദ് നബി കടന്നുപോയിക്കൊണ്ടിരുന്നത്. പ്രയാസങ്ങളും പ്രതിസന്ധികളും നാള്‍ക്കു നാള്‍ കൂടുകയല്ലാതെ ഒട്ടും കുറയുന്നില്ല. പക്ഷേ അപ്പോഴൊക്കെയും മുഹമ്മദ് നബിക്ക് തന്റെ നാഥനിലുള്ള വിശ്വാസത്തിനും പ്രതീക്ഷക്കും ഒരിളക്കവും തട്ടുന്നില്ല. ദൈവവചനം ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള സമരപോരാട്ടങ്ങളില്‍ അദ്ദേഹം നിലയുറപ്പിക്കുക തന്നെ ചെയ്തു. അനുയായികളില്‍ മിക്കവരും അബ്‌സീനിയയിലേക്ക് പലായനം ചെയ്തു. അതിനിടക്കാണ് അതിഭയാനകമായ ഒരു സാമൂഹിക ബഹിഷ്‌കരണം കൂടി അഭിമുഖീകരിക്കേണ്ടിവരുന്നത്. ഒരു വിധം അതില്‍നിന്ന് രക്ഷപ്പെട്ടുവരുമ്പോഴാണ്, എന്തും സമര്‍പ്പിക്കാന്‍ തയാറായ തന്റെ ഭാര്യയും ശത്രുക്കളുടെ ആക്രമണങ്ങളില്‍നിന്ന് തനിക്ക് പരിചയായി നിന്ന പിതൃസഹോദരനും ഒന്നിച്ച് വിടവാങ്ങുന്നത്. ഈ ഇരട്ട മരണം വലിയൊരു ആഘാതം തന്നെയായിരുന്നു. രണ്ട് ചിറകുകളും അരിയപ്പെട്ട അവസ്ഥ. ത്വാഇഫിലെ അകന്ന ബന്ധുക്കളെ സമീപിക്കുകയേ പിന്നെ രക്ഷയുണ്ടായിരുന്നുള്ളൂ. അത് എത്ര വലിയ ദുരന്തത്തിലാണ് കലാശിച്ചതെന്ന് കഴിഞ്ഞ അധ്യായത്തില്‍ നാം കണ്ടു. ഇങ്ങനെ ഭൗതികമായ അര്‍ഥത്തില്‍ നോക്കിയാല്‍ ഓരോരോ അവലംബങ്ങളും ഇല്ലാതായിത്തീരുമ്പോഴും, ആ പ്രതിസന്ധികളെല്ലാം പ്രപഞ്ചനാഥനിലുള്ള അദ്ദേഹത്തിന്റെ വിശ്വാസത്തിന് ശക്തിപകരുകയാണ് ചെയ്തത്.
ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ മുഹമ്മദ് നബിക്ക് ലഭിക്കാനിടയായത് ഈ പരീക്ഷണങ്ങള്‍ വിജയകരമായി താണ്ടിയതിന്റെ പാരിതോഷികമായിട്ടാണ്. അങ്ങനെയാണ് അത്ഭുതങ്ങള്‍ (Miracles) സംഭവിക്കുന്നത്. അത്ഭുത സംഭവങ്ങളില്‍ ഏറ്റവും പ്രധാനം പ്രവാചകന്റെ ആകാശാരോഹണം തന്നെ. ദൈവം തന്റെ സ്വര്‍ഗത്തിലേക്ക് അതിഥിയായി മുഹമ്മദ് നബിയെ ക്ഷണിച്ചുകൊണ്ടുപോവുകയാണ്. അതിനേക്കാള്‍ വലിയ ആദരവ് മറ്റെന്തുണ്ട്! അതേക്കുറിച്ച് വിശദമായി പറയുന്നതിനു മുമ്പ്, അത്ഭുത പ്രവൃത്തികളെക്കുറിച്ച് പൊതുവായി ഒരു വിവരണം അസ്ഥാനത്തല്ലെന്ന് തോന്നുന്നു.
വിശുദ്ധ ഖുര്‍ആന്‍ പ്രവാചകന്മാരുടെ ജീവിതകാലത്ത് സംഭവിച്ച അത്ഭുത സംഭവങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. നോഹയുടെ കാലത്തെ പ്രളയവും അദ്ദേഹം നിര്‍മിച്ച കപ്പലും, അബ്രഹാമിനെ പൊള്ളിക്കാത്ത തീ, മോസസ് നിലത്തിട്ടപ്പോള്‍ പാമ്പായി മാറിയ വടി, ദിവ്യബോധനത്തിലൂടെ തന്റെ മകന്‍ ജോസഫ് ജീവിച്ചിരിപ്പുണ്ടെന്ന് ജേക്കബ് മനസ്സിലാക്കുന്നത്, രോഗികളെ യേശു സുഖപ്പെടുത്തിയത്- ഇങ്ങനെ നിരവധി അത്ഭുതങ്ങള്‍. എങ്കില്‍ പ്രവാചകത്വശ്രേണിക്ക് അന്ത്യം കുറിച്ചുകൊണ്ട് നിയോഗിതനായ മുഹമ്മദ് നബിക്ക് അത്ഭുത പ്രവൃത്തികള്‍ നല്‍കപ്പെടാതെ പോകുമോ? അത്തരം ധാരാളം സംഭവങ്ങള്‍ ഇസ്‌ലാമിക ചരിത്രത്തില്‍ രേഖപ്പെട്ടുകിടക്കുന്നതു കാണാം.
ഈ അത്ഭുത പ്രവൃത്തികളെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നത് അവ പ്രവാചകന്മാരല്ല, ദൈവമാണ് നടത്തിക്കാണിക്കുന്നത് എന്നാണ്. പ്രവാചകന്മാരെ ആദരിക്കുകയാണ് ഒരു ലക്ഷ്യം; പിന്നെ അവരുടെ കരങ്ങള്‍ക്ക് ശക്തിപകരുക എന്നതും. അത്ര ഭാരിച്ച ഉത്തരവാദിത്തമാണല്ലോ അവര്‍ ഏറ്റിരിക്കുന്നത്. ഒരു അത്ഭുത പ്രവൃത്തി അനിവാര്യമായ ഘട്ടത്തില്‍ അത് സംഭവിക്കുകയാണ് ചെയ്യുക. ഒരു അത്ഭുത പ്രവൃത്തി തീര്‍ത്തും അസ്വാഭാവികമായ ഒന്നാവണമെന്നില്ല; അത് സംഭവിക്കാനുള്ള കാരണങ്ങള്‍ നമുക്ക് അറിഞ്ഞുകൂടെങ്കിലും. അത് നടക്കുന്ന സാഹചര്യമാണ് അതിനെ വിചിത്രമാക്കിത്തീര്‍ക്കുന്നത്. ഉദാഹരണത്തിന് ചന്ദ്രനിലെ പിളര്‍പ്പ്. ചന്ദ്രന്റെ ഉള്ളില്‍ നടക്കുന്ന പൊട്ടിത്തെറികളാലോ മറ്റു ഗ്രഹങ്ങള്‍ വന്ന് ഇടിച്ചോ അതില്‍ പിളര്‍പ്പ് ഉണ്ടാകാവുന്നതാണ്. പക്ഷേ, മുഹമ്മദ് നബിക്ക് ആവശ്യമായി വന്ന സന്ദര്‍ഭത്തില്‍ ആ പിളര്‍പ്പ് സംഭവിച്ചു എന്നതിലാണ് അത്ഭുതവും അസാധാരണത്വവുമുള്ളത്. ഒരു നേരിയ മണ്ണടരിന്റെ കീഴെ ചിലപ്പോള്‍ ഭൂഗര്‍ഭ ജലം കിടക്കുന്നുണ്ടാവും. ഒന്നു കുഴിച്ചാല്‍ വെള്ളം പൊട്ടിയൊഴുകും. നബിക്കും അനുചരന്മാര്‍ക്കും ദാഹിക്കുന്ന സന്ദര്‍ഭത്തില്‍തന്നെ അത് പൊട്ടിയൊഴുകുക എന്നതിലാണ് നമ്മുടെ കണ്ണുകള്‍ അത്ഭുതം ദര്‍ശിക്കുന്നത്. കാര്യകാരണങ്ങളുടെ സ്രഷ്ടാവായ ദൈവത്തെ സംബന്ധിച്ചേടത്തോളം ഒന്നും അത്ഭുത പ്രവൃത്തിയല്ല. കാര്യകാരണങ്ങള്‍ മുന്നില്‍ വെച്ച് പരിശോധിക്കുന്ന നമുക്ക് മാത്രമാണ് ചില സന്ദര്‍ഭങ്ങളില്‍ ചില പ്രവൃത്തികള്‍ അത്ഭുതകരമായി അനുഭവപ്പെടുന്നത്.
ജനങ്ങളുടെ ചിന്താഗതികള്‍ തമ്മില്‍ വലിയ മാറ്റമുണ്ട്. ഖദീജ, അബൂബക്ര്‍ പോലുള്ള ആദ്യകാല അനുയായികള്‍ക്കൊന്നും ഒരു അത്ഭുത പ്രവൃത്തി കാണേണ്ട ആവശ്യമില്ല, ദിവ്യസന്ദേശത്തില്‍ വിശ്വസിക്കാന്‍. മുഹമ്മദ് നബി അവര്‍ക്ക് ഇസ്‌ലാം എന്തെന്ന് വിശദീകരിച്ചുകൊടുക്കുന്നു. അവര്‍ ഉടനടി സ്വീകരിക്കുന്നു. അവര്‍ മടിച്ചുനില്‍ക്കുകയോ ചോദ്യങ്ങള്‍ ഉന്നയിക്കുകയോ ചെയ്യുന്നില്ല. ഉമര്‍ നല്ല കാര്യബോധമുള്ള വ്യക്തിയായിരുന്നു. പക്ഷേ പലതരം മുന്‍ധാരണകളില്‍ അദ്ദേഹം പെട്ടുപോയിരുന്നു. അതിനാല്‍ ഇസ്‌ലാം യഥാവിധി മനസ്സിലാക്കാന്‍ അദ്ദേഹത്തിന് കഴിയാതെവന്നു. പക്ഷേ, ഖുര്‍ആനിലെ ഒരു അധ്യായം വായിച്ചപ്പോള്‍ തന്നെ ഈ മുന്‍ധാരണകളുടെ കെട്ടുപൊട്ടിച്ച് അദ്ദേഹം പുറത്തു കടന്നിരുന്നു. ഉടന്‍ അദ്ദേഹം ഇസ്‌ലാം ആശ്ലേഷിക്കുകയും ചെയ്തു. പ്രവാചക നിയോഗമുണ്ടാവുമ്പോള്‍ അലിയുടെ പ്രായം പത്തു വയസ്സില്‍ താഴെ മാത്രം. നബിയും ഭാര്യയും പ്രാര്‍ഥിക്കുന്നത് ബാലനായ അലി കാണുന്നുണ്ട്. ഈ 'കുത്തിമറിച്ചിലൊക്കെ എന്തിന്' എന്ന് അലി അവരോട് ആകാംക്ഷയോടെ ആരായുന്നുമുണ്ട്. കാര്യങ്ങള്‍ വിശദമായി കേട്ടപ്പോള്‍ അലിക്കും ഇസ്‌ലാം സ്വീകരിക്കാന്‍ താല്‍പര്യമായി. ഇതൊക്കെ മഹാ മനസ്സുകളാണ്. പക്ഷേ, മറ്റുള്ളവര്‍ വേറെ തരത്തിലാണ് പെരുമാറുക.
മക്കയില്‍ നിന്നൊരാള്‍ നബിയെ വധിക്കണമെന്ന ഗൂഢ ലക്ഷ്യത്തോടെ മദീനയിലെത്തി. വന്നയാളുടെ മനസ്സിലെ ഗൂഢപദ്ധതികള്‍ ഒന്നൊന്നായി നബി വെളിപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ അയാള്‍ക്ക് അത്ഭുതം. തന്റെ നിഗൂഢ പദ്ധതികളൊക്കെ നബി എങ്ങനെ അറിഞ്ഞു? ഉടന്‍ തന്നെ അയാള്‍ വിശ്വാസിയാവുകയാണ്. അയാളുടെ ഇസ്‌ലാംസ്വീകരണത്തിന് കേവല ഇസ്‌ലാമിക അധ്യാപനങ്ങള്‍ മതിയാകുമായിരുന്നില്ല. അബൂജഹ്‌ലിനെയും അബൂലഹബിനെയും പോലെ ചിലരുണ്ട്. ഒരിക്കലും തുറക്കാത്ത വിധത്തില്‍ ഹൃദയത്തിനു മേല്‍ താഴു വീണവര്‍. മഹാത്ഭുതങ്ങള്‍ കണ്ടാലും അത്തരം മനസ്സുകള്‍ തുറക്കപ്പെടുകയില്ല. യാതൊരു ഇളക്കവുമില്ലാതെ ഇസ്‌ലാമിന്റെ കടുത്ത പ്രതിയോഗികളായി അവര്‍ വാശിയോടെ നിലയുറപ്പിച്ചിരിക്കും, ഏതു സന്ദര്‍ഭത്തിലും. ഒരിക്കല്‍ മദീനയില്‍ ഒരു സംഭവമുണ്ടായി. ഇപ്പോള്‍ കേട്ടാല്‍ നമുക്ക് ചിരിവരും. അടഞ്ഞ മനസ്സിന്റെ ഉദാഹരണമാണ് പറയുന്നത്. ഒരു അവിശ്വാസി വന്ന് തനിക്ക് അത്ഭുതപ്രവൃത്തികള്‍ കാണണം എന്നു പറഞ്ഞ് നബിയുടെ മുന്നില്‍ വാശിപിടിക്കാന്‍ തുടങ്ങി. ഒടുവില്‍ ചില അത്ഭുതപ്രവൃത്തികള്‍ അദ്ദേഹത്തിന് കാണാന്‍ അവസരമുണ്ടായി. പക്ഷേ, ഇതു കണ്ട് വിശ്വാസിയാവുന്നതിനു പകരം അയാള്‍ നേരെ പോയത് ബഹുദൈവാരാധകരുടെ അടുത്തേക്ക്. അയാള്‍ അവരോട് പറഞ്ഞു: ''നമ്മുടെ കൂട്ടത്തിലെ ഏറ്റവും വലിയ ഇന്ദ്രജാലക്കാരനാണ് മുഹമ്മദ്. മറ്റു ഗോത്രങ്ങളുമായി മത്സരങ്ങള്‍ ഉണ്ടാകുന്ന സമയത്ത് നമുക്ക് മുഹമ്മദിനെയും കൂട്ടാം. ഒരുപാട് അത്ഭുതങ്ങള്‍ കാണിച്ച് അദ്ദേഹം എല്ലാവരെയും വിസ്മയിപ്പിച്ചുകൊള്ളും.''
ചുരുക്കത്തില്‍, അത്ഭുതപ്രവൃത്തികള്‍ ആവശ്യപ്പെടുന്ന ചിലരുണ്ട്. ചിലര്‍ക്ക് അതിന്റെ ആവശ്യമേയില്ല. എത്ര അത്ഭുതങ്ങള്‍ കണ്ടാലും മനസ്സിനൊരു മാറ്റവും ഉണ്ടാകാത്തവരാണ് മറ്റു ചിലര്‍. മാനസികമായ പക്വതയും പാകതയും കൈവന്നിട്ടില്ലാത്ത ആളുകള്‍ക്കേ പ്രവാചകനില്‍ വിശ്വസിക്കാന്‍ അത്ഭുത പ്രവൃത്തികളുടെ ആവശ്യമുള്ളൂ എന്ന് സാമാന്യമായി പറയാം. അതിനാല്‍ അത്ഭുത പ്രവൃത്തികള്‍ പ്രദര്‍ശിപ്പിക്കേണ്ട ആവശ്യം അധികമൊന്നും ഉണ്ടാവുന്നില്ല. അത്തരം അത്ഭുത പ്രവൃത്തികളുടെ ആവശ്യമെന്ത് എന്ന് ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്.് ചിന്തിക്കുന്ന ഒരാള്‍ക്കും ദൈവത്തില്‍ വിശ്വസിക്കാതിരിക്കാനാവില്ല. കാരണം ദൈവാസ്തിത്വമെന്നത് എല്ലാറ്റിന്റെയും നിലനില്‍പിനുള്ള അനിവാര്യതയായി മാറുകയാണ്. ആ ദൈവത്തിന്റെ സന്ദേശങ്ങളും സന്ദേശവാഹകരുമാണല്ലോ ഭൂമിയിലേക്ക് വരുന്നത്. ആ സന്ദേശങ്ങളുടെയും സന്ദേശവാഹകരുടെയും സത്യതയെക്കുറിച്ച് ഒരാള്‍ക്കും സംശയങ്ങളുന്നയിക്കാനും കഴിയില്ല. എന്റെ സന്ദേഹമിതാണ്: ഒരു അത്ഭുതം സംഭവിക്കുമ്പോള്‍ നമ്മുടെ ഇഛക്കെതിരെ നീങ്ങാന്‍ നാം നിര്‍ബന്ധിതരാവുകയല്ലേ ചെയ്യുക? ഒരുതരം നിര്‍ബന്ധിതാവസ്ഥ അവിടെ സംജാതമാവുന്നില്ലേ? നിര്‍ബന്ധിതാവസ്ഥയില്‍ ദൈവത്തിന് വഴിപ്പെടുന്നത് ഖുര്‍ആന്‍ തന്നെ നിരുത്സാഹപ്പെടുത്തിയതല്ലേ?
ഒരു നബിചരിത്രകാരന്‍ അത്ഭുത പ്രവൃത്തികളില്‍ ശ്രദ്ധയൂന്നാതിരിക്കാന്‍ മറ്റൊരു കാരണവുമുണ്ട്. ഖുര്‍ആന്‍ പറയുന്നു: ''അല്ലാഹുവിന്റെ ദൂതനില്‍ നിങ്ങള്‍ക്ക് ഉത്തമമായ മാതൃകയുണ്ട്. അതായത്, അല്ലാഹുവിനെയും അന്ത്യനാളിനെയും ഭയപ്പെടുകയും അല്ലാഹുവിനെ ധാരാളമായി ഓര്‍ക്കുകയും ചെയ്യുന്നവര്‍ക്ക്'' (33:21). ദൈവദൂതന്റെ ജീവിതം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ആ ജീവിതം സാമാന്യബോധവും യുക്തിചിന്തയുമുള്ള ഏതൊരു മനുഷ്യനും മാതൃകയായിരിക്കുക എന്നതാണ്. അത്ഭുത പ്രവൃത്തികള്‍ അനുകരിക്കാനാവാത്തതുകൊണ്ട് സാധാരണ മനുഷ്യര്‍ക്ക് അതില്‍ മാതൃക ഉണ്ടാവുകയില്ല. ദാര്‍ശനികനായ എമേഴ്‌സണ്‍ ഒരിക്കല്‍ പറഞ്ഞു: ''ദൈവത്തില്‍ ഭരമേല്‍പ്പിക്കുന്നതിനെ സംബന്ധിച്ച് ഞാന്‍ കേട്ടിട്ടുള്ള മികച്ച രീതി പ്രവാചകന്‍ മുഹമ്മദിന്റെ ഈ വചനമാണ്; ''ഒട്ടകത്തെ കെട്ടുക, എന്നിട്ട് ദൈവത്തില്‍ ഭരമേല്‍പിക്കുക.'' ദൈവം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ മനുഷ്യരെയെല്ലാം നല്ല അനുസരണയുള്ള മാലാഖമാര്‍ ആക്കാമായിരുന്നല്ലോ. അപ്പോള്‍ പിന്നെ ദൈവദൂതന്മാര്‍ വരേണ്ട ആവശ്യമില്ല. പക്ഷേ, ദൈവനിശ്ചയം അതല്ലല്ലോ. കാര്യകാരണങ്ങളുടെ ഒരു ശൃംഖലയായി പ്രപഞ്ചത്തെ സൃഷ്ടിക്കുക എന്നതായിരുന്നു ദൈവേഛ. ഏതൊരു മനുഷ്യനെയും പോലെ ദൈവദൂതനും ത്യാഗപരിശ്രമങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് ദൈവം നിശ്ചയിച്ചു. ഉദ്ദേശ്യവും തദനുസാരമുള്ള പ്രവൃത്തിയും മുന്നില്‍ വെച്ചാണ് ഏതൊരാളും വിലയിരുത്തപ്പെടുക. ഓരോരുത്തരും പ്രവര്‍ത്തിക്കുന്ന സാഹചര്യവും പരിഗണിക്കപ്പെടും. അവര്‍ക്ക് സമൂഹത്തില്‍ എത്രമാത്രം പ്രതിഫലനമുണ്ടാക്കാനായി എന്നത് അവരുടെ സദുദ്ദേശ്യങ്ങളെയോ സല്‍പ്രവൃത്തികളെയോ ഒരു നിലക്കും ബാധിക്കുകയില്ല. തബൂക്ക് യുദ്ധവേളയില്‍ ഉസ്മാനുബ്‌നു അഫ്ഫാന്‍(റ) സംഭാവന ചെയ്തത് മുപ്പതിനായിരം സ്വര്‍ണ നാണയമാണ്. അതിന്റെ മൂല്യം എത്രയാണെന്ന് പറഞ്ഞറിയിക്കേണ്ടതില്ല. പക്ഷേ, അതേ യുദ്ധ സന്ദര്‍ഭത്തില്‍ അബൂബക്ര്‍ സിദ്ദീഖ് (റ) സംഭാവന ചെയ്ത അഞ്ഞൂറ് വെള്ളിനാണയങ്ങള്‍ക്ക് അതിനേക്കാള്‍ മൂല്യമു്. കാരണം ഇനിയെന്ത് ബാക്കിയിരിപ്പുണ്ട് വീട്ടില്‍ എന്ന് നബി അന്വേഷിച്ചപ്പോള്‍ അബൂബക്‌റിന്റെ മറുപടി ഇങ്ങനെയായിരുന്നു: ''അല്ലാഹുവിനോടും അവന്റെ ദൂതനോടുമുള്ള സ്‌നേഹം മാത്രം.'' ദരിദ്രനായി കഴിഞ്ഞിരുന്ന അബൂബക്ര്‍ സിദ്ദീഖ് തന്റെ സമ്പാദ്യമത്രയും ദൈവമാര്‍ഗത്തില്‍ സമര്‍പ്പിക്കുകയായിരുന്നു. ഇതുപോലെ, ഒരു ദൈവദൂതന്‍ തന്റെ ആയുഷ്‌കാലം മുഴുവന്‍ പ്രവര്‍ത്തിച്ചിട്ടും ഒരാളെപ്പോലും അനുയായിയായി കിട്ടിയില്ലെങ്കില്‍, പതിനായിരക്കണക്കിന് അനുയായികളെ കിട്ടിയ മറ്റൊരു ദൈവദൂതനേക്കാള്‍ അദ്ദേഹത്തിന്റെ ശ്രേഷ്ഠതയും മഹത്വവും ഒട്ടുമേ കുറയുന്നില്ല. പ്രവൃത്തിയെടുക്കുക എന്നതാണ് നമ്മുടെ ചുതമല; റിസള്‍ട്ട് ഉണ്ടാക്കുന്നത് അല്ലാഹുവാണ്.
കാര്യകാരണങ്ങള്‍ മുന്നില്‍ വെച്ചുള്ള സൂക്ഷ്മമായ നീക്കങ്ങളാണ് മുഹമ്മദ് നബി തന്റെ ജീവിതത്തിലുടനീളം സ്വീകരിച്ചിരുന്നതെന്ന് കാണാന്‍ കഴിയും. ബദ്ര്‍ യുദ്ധത്തിനു മുമ്പ് ശത്രുസൈന്യത്തിന്റെ നീക്കങ്ങള്‍, അവരുടെ വലുപ്പം, സേനാനായകര്‍ ആരൊക്കെ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കാന്‍ രഹസ്യാന്വേഷണ സംഘങ്ങളെ അദ്ദേഹം നിയോഗിച്ചിരുന്നു. പിന്നെ ബദ്‌റിന്റെ ഭൂമിശാസ്ത്രം സൂക്ഷ്മ പഠനത്തിന് വിധേയമാക്കി. പ്രത്യേകിച്ച്, ജലസ്രോതസ്സുകള്‍ എവിടെയൊക്കെയാണെന്ന് കൃത്യമായി നിര്‍ണയിച്ചു. ആ ജലസ്രോതസ്സുകള്‍ കൈവശപ്പെടുത്തി ശത്രുവിന് അവ ലഭിക്കാതിരിക്കാനുള്ള ആസൂത്രണങ്ങള്‍ ചെയ്തു. സൈന്യത്തിന്റെ ഓരോ ദളത്തെയും എവിടെ വിന്യസിക്കണമെന്ന് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കി (ഇന്നത്തെ ഒരു മികച്ച കമാന്റര്‍ക്ക് പോലും ഇതിനേക്കാള്‍ മികവുറ്റ രീതിയില്‍ അത് ചെയ്യാന്‍ കഴിയുമായിരുന്നില്ല). മികച്ച ഒട്ടകങ്ങളെ സുരക്ഷിതമായ അകലത്തില്‍ മാറ്റിനിര്‍ത്തി. അടിയന്തര ഘട്ടങ്ങളില്‍ മദീനയിലേക്ക് പിന്‍വാങ്ങേണ്ടിവന്നാല്‍ അതിനു വേണ്ടി ഒരു വഴിയും കണ്ടുവെച്ചു. കാരണം സൈനികമായി ഏറെ ഏറ്റവ്യത്യാസങ്ങളുണ്ട് ഇരു വിഭാഗങ്ങളും തമ്മില്‍. ശത്രുവിന്റെ ആള്‍ബലം തന്നെ മൂന്നിരട്ടിയാണ്. പോരാത്തതിന് വേണ്ടത്ര ആയുധങ്ങളും സൈനിക സജ്ജീകരണങ്ങളും. ഇതൊക്കെ ചെയ്തതിനു ശേഷമാണ് നബി തന്റെ അനുയായികളെ അഭിമുഖീകരിച്ചുകൊണ്ട് അവരുടെ മനോവീര്യം വാനോളം ഉയര്‍ത്തുന്ന രീതിയില്‍ സംസാരിച്ചത്. തുടര്‍ന്ന് അദ്ദേഹം രംഗത്തുനിന്ന് പിന്‍വാങ്ങുകയും ഏകാന്തതയില്‍ പ്രപഞ്ചനാഥന്റെ മുന്നില്‍ സാഷ്ടാംഗം വീഴുകയും ചെയ്തു. പിന്നെ പ്രാര്‍ഥന തന്നെ, പ്രാര്‍ഥന. ഇതാണ് പ്രായോഗികമായി ഇസ്‌ലാം.
ദൈവദൂതന്‍ പിന്തുടരപ്പെടേ മാതൃകയാണെന്ന് പറയുമ്പോള്‍, അതിന് മറ്റൊരു വശം കൂടിയുണ്ട്. ഉഹുദ് യുദ്ധ സന്ദര്‍ഭത്തില്‍ ആസൂത്രണങ്ങളെല്ലാം പാളി. അതിന്റെ കാരണങ്ങള്‍ നമുക്കറിയാം. നബിക്ക് മുറിവേറ്റു. അദ്ദേഹത്തിന്റെ സൈന്യം ശിഥിലമാവുകയും ചിതറിയോടുകയും ചെയ്തു. അപ്പോള്‍ ഒരു അനുയായി അദ്ദേഹത്തിന്റെ മുന്നില്‍ ഒരു നിര്‍ദേശം വെച്ചു: 'താങ്കള്‍ അല്ലാഹുവോട് പ്രാര്‍ഥിക്കൂ. അതിക്രമികളുടെ കുലത്തെ അല്ലാഹു ഉന്മൂലനം ചെയ്യട്ടെ.' അപ്പോള്‍ ഇരുകൈകളും മേലോട്ട് ഉയര്‍ത്തി ദൈവദൂതന്‍ പ്രാര്‍ഥിച്ചു: ''എന്റെ രക്ഷിതാവേ, എന്റെ ജനതയെ സത്യപാതയിലേക്ക് നയിച്ചാലും. കാരണം അവര്‍ വിവരമില്ലാത്തവരാണ്.'' ഇങ്ങനെയും മാതൃക കാണിക്കുന്നുണ്ട് ഇസ്‌ലാമിലെ പ്രവാചകന്‍.
പക്വതയും വികാസവും നേടിയ മനസ്സുകള്‍ക്ക് അത്ഭുത പ്രകടനങ്ങളുടെ (ദൈവത്തെ സംബന്ധിച്ചേടത്തോളം അത് എളുപ്പമാണ്) ആവശ്യമില്ല എന്നാണ് ഖുര്‍ആന്‍ നല്‍കുന്ന സൂചന. ഖുര്‍ആനും നബിചര്യയും പഠിക്കാന്‍ തയാറാവുകയാണ് അവര്‍ വേണ്ടത്. മക്കയില്‍ തന്നെ അവതരിച്ച ഒരു അധ്യായത്തില്‍ (29/50,51) ഇങ്ങനെ പറയുന്നുണ്ട്: ''അവര്‍ പറയുന്നു: ഇദ്ദേഹത്തിന് തന്റെ രക്ഷിതാവില്‍നിന്ന് ദൃഷ്ടാന്തങ്ങള്‍ വന്നുകിട്ടാത്തതെന്ത്? അവരോട് പറയുക: ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിന്റെ പക്കലാണ്. ഞാന്‍ നിങ്ങള്‍ക്ക് വ്യക്തമായ മുന്നറിയിപ്പുകാരന്‍ മാത്രം. അവരെ പാരായണം ചെയ്ത് കേള്‍പ്പിക്കുന്ന ഈ ഗ്രന്ഥം (ഖുര്‍ആന്‍), താങ്കള്‍ക്ക് ഇറക്കിത്തന്ന ഗ്രന്ഥം അവര്‍ക്ക് പോരാ എന്നാണോ പറയുന്നത്? വിശ്വസിക്കുന്ന ജനതക്ക് അതില്‍ കാരുണ്യവും ഉദ്‌ബോധനവും ഉണ്ട്.''
ഇതും ഇതുപോലുള്ള മറ്റു കാരണങ്ങളാലും ഈ ചെറിയ ജീവചരിത്രകൃതിയില്‍ അത്ഭുത പ്രവൃത്തികള്‍ വളരെക്കുറച്ചേ ഞാന്‍ പരാമര്‍ശിക്കുന്നുള്ളൂ. അതേസമയം നബിയുടെ ജീവിതകാലത്ത് നിരവധി അത്ഭുത സംഭവങ്ങള്‍ നടന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുമുണ്ട്. അവയെക്കുറിച്ച് വാള്യങ്ങള്‍ എഴുതപ്പെട്ടിട്ടുമുണ്ട്. ചിലത് മാത്രമേ ഞാനിവിടെ പരാമര്‍ശിക്കുന്നുള്ളൂ. പ്രവാചകനെക്കുറിച്ച് എഴുതപ്പെട്ട ആധികാരിക ഗ്രന്ഥങ്ങളില്‍ നിങ്ങള്‍ക്കവ കണ്ടെത്താം. ചിലത് ഖുര്‍ആനിലും മറ്റു ചിലത് ഹദീസുകളിലും പരാമര്‍ശിക്കപ്പെട്ടതാണ്.
ഒരിക്കല്‍ മക്കയിലെ അറിയപ്പെടുന്ന ഒരു കായികാഭ്യാസി ദൈവദൂതനെ ഗുസ്തിക്ക് വെല്ലുവിളിച്ചു. തന്നെ മലര്‍ത്തിയടിച്ചാല്‍ താന്‍ ഇസ്‌ലാം സ്വീകരിക്കാമെന്നും പൊങ്ങച്ചം പറഞ്ഞു. വളരെ കരുത്തനായിരുന്നു ഈ ഗുസ്തിക്കാരന്‍. ഉണങ്ങിയ മൃഗത്തോലില്‍ അയാള്‍ കയറിനില്‍ക്കുകയും ആളുകള്‍ ഒരുവശം ചേര്‍ത്ത് അത് പിടിച്ചു വലിക്കുകയും ചെയ്താല്‍ തോല്‍ കീറിപ്പോരുമെന്നല്ലാതെ അയാളെ ഇളക്കാന്‍ പറ്റില്ല. ആ ഗുസ്തിക്കാരനെയാണ് നബി മൂന്ന് വട്ടം മലര്‍ത്തിയടിച്ചത്.
മറ്റൊരാള്‍ നബിയോട് പറഞ്ഞു: 'അവിടെ കാണുന്ന മരത്തെ ഇങ്ങോട്ടേക്ക് കൊണ്ടുവന്നാല്‍ ഞാന്‍ ഇസ്‌ലാം സ്വീകരിക്കാം.' അയാളോട് നബി പറഞ്ഞു: 'ശരി, താങ്കള്‍ പോയി ആ മരത്തോടെ പറയൂ, മുഹമ്മദ് ആ മരത്തെ വിളിക്കുന്നുണ്ടെന്ന്.' മരം വിളിച്ച പ്രകാരം അടുത്ത് വരികയും പിന്നെ നബി ആവശ്യപ്പെട്ട പ്രകാരം പഴയ സ്ഥാനത്തു തന്നെ പോയി നില്‍ക്കുകയും ചെയ്തു. ഒരിക്കല്‍ മക്കയിലെ ചില അവിവേകികള്‍ നബിയോട് ചന്ദ്രനെ പിളര്‍ത്തി കാണിക്കണമെന്ന് ആവശ്യപ്പെട്ടു. 'എങ്കില്‍ താങ്കള്‍ ദൈവപ്രവാചകനാണെന്ന് ഞങ്ങള്‍ അംഗീകരിക്കാം.' നബി ഒരു അടയാളം കാണിച്ചപ്പോള്‍ എല്ലാവരും കാണ്‍കെ ചന്ദ്രന്‍ രണ്ടായി പിളരുകയും ഉടന്‍ തന്നെ പൂര്‍വസ്ഥിതിയിലാവുകയും ചെയ്തു. ചന്ദ്രനില്‍ കാണുന്ന പിളര്‍പ്പടയാളത്തെക്കുറിച്ച് അമേരിക്കയില്‍ നടന്ന പഠനത്തെക്കുറിച്ച് നാം നേരത്തേ എഴുതിയിട്ടുണ്ട്.
യുദ്ധത്തില്‍ ഒരു അനുയായിയുടെ കണ്ണിന് മുറിവേറ്റു. നേത്രഗോളം കണ്‍തടത്തില്‍നിന്ന് വേര്‍പ്പെട്ടുതൂങ്ങിയിരുന്നു. നബി അത് യഥാസ്ഥാനത്ത് വെച്ചു. പിന്നീടുള്ള കാലം മറ്റേ കണ്ണിനേക്കാള്‍ ആ കണ്ണിന് കാഴ്ചയുണ്ടായിരുന്നു. നബിയുടെ മദീനാ ജീവിതത്തിന്റെ ആദ്യനാളുകളില്‍ ഒരു ഈത്തപ്പന കുറ്റിയില്‍ ചാരിനിന്നുകൊണ്ടാണ് നബി ജുമുഅ ഖുത്വ്ബകള്‍ നടത്തിയിരുന്നത്. പിന്നെ ഒരാശാരി ഒരു പ്രസംഗപീഠം (മിമ്പര്‍) പണിതുകൊടുത്തു. പുതിയ മിമ്പറില്‍ നബി ആദ്യമായി കയറിയ ദിവസം, ചുറ്റും കൂടിയിരിക്കുന്നവര്‍ ഒരു തേങ്ങിക്കരച്ചില്‍ കേട്ടു. നേരത്തേ നബി പ്രസംഗിക്കുമ്പോള്‍ ചാരി നില്‍ക്കുകയും ഇപ്പോള്‍ ഒഴിവാക്കപ്പെടുകയും ചെയ്ത ഈത്തപ്പനക്കുറ്റിയാണ് തേങ്ങുന്നത്. നബി മിമ്പറില്‍നിന്ന് ഇറങ്ങിവന്ന് അതിനെ തടവി. ഒരു കുഞ്ഞിനെപ്പോലെ അത് ശാന്തമായി.
മഴയുള്ള, കനത്ത ഇരുട്ടുള്ള ഒരു രാത്രി. ഒരു അനുയായിക്ക് വീട്ടിലെത്താന്‍ വളരെ ദൂരം യാത്ര ചെയ്യേണ്ടതുണ്ട്. നബി അയാള്‍ക്ക് ഒരു വടി കൊടുത്തു. ദുഷ്‌കരമായ വഴിയിലൂടെ അയാള്‍ സഞ്ചരിക്കുമ്പോള്‍ ഒരു വിളക്ക് പോലെ ആ വടി പ്രകാശിക്കാന്‍ തുടങ്ങി. വളരെ കുറഞ്ഞ ഭക്ഷണം. ധാരാളമാളുകള്‍. ഇവരെല്ലാം വിശപ്പടക്കിക്കഴിഞ്ഞാലും ഭക്ഷണം പിന്നെയും ബാക്കി. ഇത്തരം നിരവധി അനുഭവങ്ങള്‍ നബിജീവിതത്തില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അല്‍പം വെള്ളം കൊണ്ട് ധാരാളമാളുകള്‍ ദാഹം തീര്‍ക്കുന്ന സംഭവങ്ങളും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. പല സന്ദര്‍ഭങ്ങളിലും വരാന്‍ പോകുന്ന സംഭവങ്ങള്‍ അദ്ദേഹം പ്രവചിച്ചിട്ടുണ്ട്. വളരെ വിദൂരത്തുള്ള നാടുകളില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അതെല്ലാം ശരിയായിരുന്നുവെന്ന് പിന്നീട് തെളിയിക്കപ്പെടുകയും ചെയ്തു.
വിഷയം അവസാനിപ്പിക്കുന്നതിനു മുമ്പ് ഖുര്‍ആനെക്കുറിച്ച് കൂടി പറയാം. ഖുര്‍ആന്‍ ഒരു അത്ഭുതമാണ്. ഇതുപോലൊരു അത്ഭുതം സൃഷ്ടിക്കാന്‍ സാധ്യമാണോ എന്ന് അല്ലാഹു വെല്ലുവിളിക്കുകയും ചെയ്യുന്നു. ഇതിലുള്ളത് പോലുള്ള ഒരു അധ്യായം കൊണ്ടുവരൂ, അല്ലെങ്കില്‍ ഏതാനും സൂക്തങ്ങളെങ്കിലും എന്നാണ് വെല്ലുവിളി. ഈ ആവശ്യത്തിന് മനുഷ്യരിലും ജിന്നുകളിലും പെട്ട ആരെയും സഹായികളായി വിളിക്കാമെന്നും ഖുര്‍ആന്‍ അനുവാദം നല്‍കുന്നു. പതിനാല് നൂറ്റാണ്ടിനു ശേഷവും ഈ വെല്ലുവിളിക്ക് ഉത്തരമില്ല.
ഇനിയും അത്ഭുത സംഭവങ്ങളുണ്ട്. പക്ഷേ, ഞാനവ പരാമര്‍ശിക്കുന്നില്ല. എന്റെ എളിയ അഭിപ്രായത്തില്‍, മനുഷ്യന്‍ എന്ന നിലക്കുള്ള നബിയുടെ ശ്രമങ്ങളാണ്, അല്ലാതെ ദൈവം അദ്ദേഹം മുഖേന കാണിച്ചുതരുന്ന അമാനുഷിക പ്രവൃത്തികളല്ല നമ്മുടെ നിത്യജീവിതത്തില്‍ കൂടുതല്‍ പ്രയോജനപ്പെടുക. തന്റെ സമകാലികരെ ഇസ്‌ലാം സത്യമാണെന്ന് ബോധ്യപ്പെടുത്താന്‍ നബി സ്വീകരിച്ച രീതികളാണ് നമ്മെ സംബന്ധിച്ച് ഏറെ പ്രസക്തമായിട്ടുള്ളത്. അത്ഭുത പ്രവൃത്തികള്‍ രണ്ടാം സ്ഥാനത്താണ് വരുന്നത്. ഇനി, നബിജീവിതത്തിലുണ്ടായ അത്ഭുത സംഭവങ്ങളുടെ താത്ത്വികവും ചരിത്രപരവുമായ വിശകലനങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ സയ്യിദ് സുലൈമാന്‍ നദ്‌വിയുടെ ബൃഹദ്് നബിചരിത്രകൃതിയായ സീറത്തുന്നബി വായിക്കുക. അതില്‍ ഒരു വാള്യം തന്നെ അത്ഭുത പ്രവൃത്തികളെക്കുറിച്ചാണ് (പ്രസാധനം: ദാറുല്‍ മുസ്വന്നിഫീന്‍, അഅ്‌സംഗഢ്, യു.പി).
(തുടരും)
കുറിപ്പുകള്‍
1. ഇബ്‌നു സഅ്ദ് തന്റെ ത്വബഖാത്തില്‍ ആദ്യം ത്വാഇഫ് യാത്രയെപ്പറ്റിയും പിന്നെ മിഅ്‌റാജിനെപ്പറ്റിയുമാണ് പറയുന്നത്. അത്യന്തം നിരാശയും സങ്കടവും ജനിപ്പിക്കുന്ന ത്വാഇഫിലെ അനുഭവത്തിനു ശേഷം തിരുദൂതന് ആശ്വാസവും പാരിതോഷികവുമായി മിഅ്‌റാജ് സംഭവിക്കുക എന്നത് വളരെ യുക്തിസഹവുമാണ്. പക്ഷേ അദ്ദേഹം എഴുതിവന്നപ്പോള്‍, ആദ്യം മിഅ്‌റാജും പിന്നെ ത്വാഇഫ് സംഭവവുമാണ് രേഖപ്പെടുത്തിയത്. കാലഗണനയില്‍ ആദ്യം ത്വാഇഫും പിന്നെ മിഅ്‌റാജുമാണ്. ആ രീതിയാണ് നാം ഈ കൃതിയിലും പിന്തുടരുന്നത്. അത്യന്തം ദുഷ്‌കരമായ ത്വാഇഫ് യാത്രക്ക് ശേഷമാണ് മിഅ്‌റാജെന്ന അല്‍മഖ്‌രീസി(ഇംതാഅ് 1/28)യും ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്.
Comments