Prabodhanm Weekly

Pages

Search

2017 ജൂലൈ 28

3011

1438 ദുല്‍ഖഅദ് 04

സര്‍ക്കാറിനോട്, പൗരസമൂഹത്തോട്, മുസ്‌ലിം യുവതയോട്

മൗലാനാ ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി

രാജ്യത്തെ വിവിധ ജനവിഭാഗങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദാന്തരീക്ഷത്തിന് ക്ഷതമേറ്റിരിക്കുകയാണ്. പശുവിന്റെയും മറ്റും പേരില്‍ ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കുമെതിരെയുള്ള അക്രമങ്ങള്‍ പെരുകുന്നു. പൊതുസ്ഥലങ്ങളിലും ബസ്സുകളിലും ട്രെയ്‌നുകളിലും വരെ ആള്‍ക്കൂട്ടം മനുഷ്യരെ തല്ലിക്കൊല്ലുന്നു. രാജ്യത്തെ വലിയൊരു വിഭാഗം പൗരന്മാര്‍ ഭയത്തിലും അരക്ഷിതാവസ്ഥയിലും കഴിയേണ്ടിവരുന്ന ഈ സാഹചര്യം ഇല്ലാതാക്കപ്പെടേണ്ടതാണ്. 

പല സംഭവങ്ങള്‍ക്കും ശേഷം രാജ്യത്ത് നിയമവാഴ്ച ഉറപ്പാക്കുമെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്നും അധികാരികള്‍ ഉറപ്പുനല്‍കുന്നുണ്ടെങ്കിലും സംഭവിക്കുന്നത് മറിച്ചാണ്. രാജ്യത്ത് പശുവിന്റെ പേരിലുള്ള കൊലകള്‍ക്കെതിരെ പ്രധാനമന്ത്രി പ്രതികരിച്ച അതേ ദിവസമാണ് ഝാര്‍ഖണ്ഡില്‍ ക്രൂരമായ കൊലപാതകം നടന്നത്. തുടര്‍ന്ന് ദല്‍ഹിയില്‍ പട്ടാപ്പകല്‍ തന്നെ സമാന സംഭവങ്ങള്‍ അരങ്ങേറുകയും ചെയ്തു. 

ഈ സ്ഥിതിവിശേഷം സര്‍ക്കാര്‍ ഗൗരവത്തിലെടുക്കുകയും വേണ്ട നടപടികളെടുക്കുകയും ചെയ്യണം. ഇത്തരം അക്രമങ്ങള്‍ക്കു പിന്നില്‍ സര്‍ക്കാറുമായി പ്രത്യയശാസ്ത്രപരമായും സംഘടനാപരമായും ബന്ധങ്ങളുള്ള സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് വ്യക്തമാകുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാറിന്റെ ഉത്തരവാദിത്തം വര്‍ധിക്കുകയാണ്. രാഷ്ട്രീയ-നിയമ-ഭരണ തലങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും നിര്‍ഭയത്വം നല്‍കാനുള്ള നടപടികള്‍ സര്‍ക്കാര്‍ നടപ്പാക്കണം. നിയമം കൈയിലെടുക്കുന്നവര്‍ ശിക്ഷിക്കപ്പെടുമെന്ന ബോധം വിധ്വംസക ശക്തികളിലുണ്ടാക്കാനും അധികാരികള്‍ക്ക് കഴിയണം.

മത-ജാതി-വര്‍ഗ-വര്‍ണ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങളും രാജ്യത്തെ അക്രമങ്ങള്‍ക്കെതിരെ രംഗത്തുവന്നിട്ടുണ്ടെന്നത് നല്ല സൂചനയാണ്. നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യവും പ്രത്യേകതയുമാണിത്. ഇരകളെ പിന്തുണക്കാനും അവരുടെ ആവശ്യങ്ങള്‍ ഉന്നയിക്കാനും എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടു വരണം. അടിച്ചമര്‍ത്തലുകള്‍ക്കെതിരെ നീതിയാവശ്യപ്പെടുന്ന വിശാല സഖ്യങ്ങളും ഐക്യങ്ങളും ഉയര്‍ന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. 

രാജ്യത്തെ പൗരസമൂഹം പ്രശ്‌നങ്ങളുടെ പരിഹാരത്തിന് ചില കാര്യങ്ങള്‍ മുന്നോട്ടു വെച്ചിട്ടുണ്ട്. 'മോബ് ലിഞ്ചിംഗി'നെതിരെ പ്രത്യേക നിയമനിര്‍മാണം നടത്തുകയെന്നത് ഇത്തരത്തില്‍ ഉയര്‍ന്നുവന്ന ഒരാവശ്യമാണ്. ഇത്തരം അക്രമങ്ങളില്‍നിന്ന് ആളുകളെ തടയാന്‍ പ്രത്യേക വകുപ്പുകളുടെ കീഴില്‍ പഴുതടച്ച നടപടികള്‍ ആവശ്യമാണ്. വ്യാജ വാര്‍ത്തകളും വിവരങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിക്കുന്നവരെ നിയന്ത്രിക്കാനും നിയമനിര്‍മാണം ആവശ്യമാണ്. 

രാജ്യത്തെ മുസ്‌ലിം യുവതയോട്, അവര്‍ ഒരിക്കലും നിലവിലെ സാഹചര്യങ്ങളില്‍ നിരാശരാകരുത് എന്നാണ് പറയാനുള്ളത്. പ്രതീക്ഷ നഷ്ടപ്പെട്ട് പ്രതിലോമകരമായ ഇടപെടലുകളിലേക്ക് വഴുതിപ്പോകാതിരിക്കാനും യുവത ശ്രദ്ധിക്കണം. മുസ്‌ലിംകളെ ഇന്ത്യയില്‍നിന്നും അതിന്റെ ചരിത്രത്തില്‍നിന്നും സാംസ്‌കാരിക പാരമ്പര്യത്തില്‍ നിന്നും പുറത്താക്കണമെന്നാണ് വര്‍ഗീയ ശക്തികള്‍ ആഗ്രഹിക്കുന്നത്. അതിന് കീഴടങ്ങാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം. നിരാശയുടെയും മാപ്പുസാക്ഷിത്വത്തിന്റെയും ഭാഷ നാം സ്വീകരിക്കരുത്. അതുപോലെ പ്രതികാരത്തിന്റെയും പകയുടെയും ഭാഷയും ഒഴിവാക്കണം. ഈ പ്രതികരണങ്ങളെല്ലാം ശത്രുക്കളുടെ ലക്ഷ്യം എളുപ്പമാക്കുകയാണ് ചെയ്യുക. സമൂഹത്തില്‍ വിവിധ ജനവിഭാഗങ്ങള്‍ തമ്മിലുള്ള ബന്ധം തകരുന്ന നടപടികള്‍ക്ക് നാം ഊര്‍ജം പകരരുത്. 

ഇസ്‌ലാമികാധ്യാപനമനുസരിച്ച് എല്ലാ പരിതഃസ്ഥിതികളിലും മുസ്‌ലിമിന്റെ പ്രഥമ ഉത്തരവാദിത്തം, തങ്ങള്‍ക്ക് ചുറ്റുമുള്ള ആളുകളില്‍ ഇസ്‌ലാമിനെയും അതിന്റെ തത്ത്വങ്ങളെയും കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കുക എന്നതാണ്. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഇസ്‌ലാമിനെയും അതിന്റെ നന്മകളെയും പരിചയപ്പെടാനും അനുഭവിക്കാനുമാകുന്ന കാമ്പയിനുകളിലാണ് നാം മുഴുകേണ്ടത്. അതോടൊപ്പം അനീതികള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ എല്ലാ വിഭാഗം ജനങ്ങളോടുമൊപ്പം ശബ്ദമുയര്‍ത്താനും നാം ശ്രമിക്കണം. രാജ്യത്ത് സമാധാനവും ശാന്തിയും നിലനിര്‍ത്താന്‍ എല്ലാവര്‍ക്കും ഒന്നിച്ച് പ്രതിജ്ഞയെടുക്കാം.

മൗലാനാ ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി

(ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അധ്യക്ഷന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (160 - 169)
എ.വൈ.ആര്‍