മൗസ്വില്‍, റഖ ഐ.എസ് പടിയിറങ്ങുമ്പോള്‍
സമീപകാലത്ത് ലോകം കണ്ട ഏറ്റവും അപകടകാരിയായ ഭീകര സംഘടനയാണ് മിഡിലീസ്റ്റിനും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കും തലവേദനയായി മാറിയ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്). ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ (ഐസിസ്), ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ലെവാന്റ് (ഐസില്‍) എന്നീ പേരുകളില്‍ ലോകത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ട ഈ വിഭാഗം സകല ഭീകര പ്രസ്ഥാനങ്ങളെയും കടത്തിവെട്ടുന്ന മാനവവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ഇസ്‌ലാമിന്റെ ലേബലില്‍ ചെയ്തുകൂട്ടിയത്. മൂന്നു വര്‍ഷം മുമ്പ് ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൗസ്വിലില്‍ 'ഖിലാഫത്ത് പ്രഖ്യാപന'വും സിറിയയിലെ റഖയില്‍ ആസ്ഥാന പ്രഖ്യാപനവും നടത്തി ലോകത്തെ വിറപ്പിച്ച ഈ ഭീകര സെല്‍ ഒടുവില്‍ അതിന്റെ പതനത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. അതിന്റെ ആദ്യ സൂചനകളാണ് ജൂലൈ ആദ്യവാരം ഇറാഖില്‍നിന്ന് പുറത്തുവന്നത്. ഒമ്പതു മാസത്തെ തീക്ഷ്ണമായ പോരാട്ടത്തിലൂടെ ഐ.എസിനെ മൗസ്വിലില്‍നിന്ന് ഉന്‍മൂലനം ചെയ്തിരിക്കുന്നു.
സിറിയയിലെ റഖയാണ് അവശേഷിക്കുന്നത്. യൂഫ്രട്ടീസ് നദിയുടെ വടക്കു കിഴക്കന്‍ തീരത്തെ സിറിയന്‍ നഗരമായ റഖ 2014 ജനുവരി 13-നാണ് ഐ.എസിന്റെ നിയന്ത്രണത്തിലാവുന്നത്. ഐ.എസ് ഭീകര ശൃംഖല തങ്ങളുടെ തലസ്ഥാനമായി പ്രഖ്യാപിച്ച റഖ തിരിച്ചുപിടിക്കാന്‍ നടത്തിവരുന്ന പോരാട്ടങ്ങളുടെ അഞ്ചാം ഘട്ടമാണിപ്പോള്‍. 2016-ലാണ് സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ (എസ്.ഡി.എഫ്) നേതൃത്വത്തില്‍ റഖ മോചിപ്പിക്കാനുള്ള സൈനിക നടപടികള്‍ക്ക് തുടക്കം കുറിച്ചത്. ജൂണ്‍ 17-ന് തുടങ്ങിയ അഞ്ചാം ഘട്ട സൈനിക നടപടികളില്‍ എസ്.ഡി.എഫിനെ സഹായിക്കാന്‍ യു.എസ് നേതൃത്വത്തിലുള്ള സഖ്യസേന രംഗത്തുണ്ട്. റഖയിലെ സൈനിക നീക്കങ്ങളെ പിന്തുണക്കാന്‍ 500-ഓളം യു.എസ് പ്രത്യേക സൈനികര്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സിറിയയില്‍ ഐ.എസ് പിടിച്ചടക്കിയ ഏറ്റവും വലിയ നഗരമാണ് റഖ. മറ്റു ചില പോക്കറ്റുകളും ഐ.എസ് നിയന്ത്രണത്തിലുണ്ടെങ്കിലും റഖയുടെ മോചനത്തോടെ അവിടങ്ങളില്‍ ഭീകര സംഘടനയുടെ സ്വാധീനം കുറയും.
ഇറാഖില്‍നിന്നും സിറിയയില്‍നിന്നും ഐ.എസിനെ തുരത്തിയാലും മേഖല അതിവേഗത്തില്‍ പൂര്‍വനിലയിലേക്ക് മാറാനുള്ള സാധ്യത കുറവാണ്. ഇറാഖില്‍ സ്വാധീനമുറപ്പിക്കാന്‍ അയല്‍ രാജ്യമായ ഇറാനും അമേരിക്കയും കരുക്കള്‍ നീക്കുന്നുണ്ട്. മൗസ്വില്‍ മോചനത്തിനു പിന്നാലെ സുന്നി, ശീഈ, കുര്‍ദ് വംശീയ ചേരിതിരിവുകള്‍ പ്രകടമാക്കുന്ന ചര്‍ച്ചകള്‍ സജീവമാണ്. എങ്കിലും ഇറാഖിലെ സ്വാധീനം ശക്തിപ്പെടുത്തി അറബ് മേഖലയില്‍ കടന്നുകയറ്റം നടത്താനുള്ള ഇറാന്റെ നീക്കങ്ങള്‍ക്ക് അവസരം തുറന്നുകിട്ടിയിരിക്കുകയാണ്. റഖയിലെ പ്രശ്‌നം ഇതിലേറെ കുഴഞ്ഞുമറിഞ്ഞതാണ്. സിറിയയില്‍ തുടരുന്ന ആഭ്യന്തരയുദ്ധം തന്നെയാണ് കാരണം. ബശ്ശാറുല്‍ അസദ് ഭരണകൂടത്തിനെതിരെ 2011-ല്‍ തുടങ്ങിയ ആഭ്യന്തര പോരാട്ടങ്ങളുടെ ഭാഗമായി 2013 മാര്‍ച്ചില്‍ അന്നുസ്‌റ ഫ്രണ്ടിന്റെ നേതൃത്വത്തിലുള്ള പോരാളികളാണ് റഖ നഗരം സിറിയന്‍ സൈന്യത്തില്‍നിന്ന് പിടിച്ചടക്കിയത്. എന്നാല്‍ മാസങ്ങള്‍ക്കകം കാര്യമായ ചെറുത്തുനില്‍പില്ലാതെ പ്രദേശം ഐ.എസിന്റെ നിയന്ത്രണത്തിലായി. അന്നുതൊട്ട് അവിടെ സമാന്തര ഭരണം നടത്തിവരികയാണ് ഐ.എസ്. റഖയിലെ എണ്ണസമ്പത്ത് തന്നെയായിരുന്നു ഐ.എസിന്റെ പ്രധാന വരുമാനം. സിറിയയിലെ കലങ്ങിമറിഞ്ഞ ആഭ്യന്തര യുദ്ധത്തിനിടയിലും സ്വന്തമായി കറന്‍സി അടിച്ചിറക്കിയും പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചും റഖയെ അവര്‍ സ്വന്തം വരുതിയില്‍ നിര്‍ത്തി. എന്നാല്‍ റഖ മോചിപ്പിക്കപ്പെട്ടാലും നഗരം ആരുടെ നിയന്ത്രണത്തിലാവണം എന്നത് മറ്റൊരു പോരാട്ടത്തിന് ഇടയാക്കും. ബശ്ശാര്‍ ഭരണകൂടം റഷ്യയുടെയും ഇറാന്റെയും സഹായത്താല്‍ അമേരിക്കയുടെയും റിബലുകളുടെയും നിയന്ത്രണത്തില്‍നിന്ന് റഖയെ മോചിപ്പിക്കാന്‍ രംഗത്തുവരുമെന്ന കാര്യത്തില്‍ സംശയമില്ല. പുതിയ പോര്‍മുഖങ്ങള്‍ തുറക്കുകയായിരിക്കും അനന്തര ഫലം.
മൗസ്വില്‍ ശുഭസൂചനയോ?
2014 ജൂണിലാണ് ഇറാഖി നഗരമായ മൗസ്വില്‍ ഐ.എസിന്റെ നിയന്ത്രണത്തിലാവുന്നത്. 2015-ലും 2016-ലും മൗസ്വിലിനെ മോചിപ്പിക്കാന്‍ ഇറാഖി സൈന്യവും കുര്‍ദ് പെഷമര്‍ഗ പോരാളികളും നടത്തിയ നീക്കങ്ങള്‍ വിജയിക്കാതിരുന്നതിനെ തുടര്‍ന്നാണ് 2016 ഒക്‌ടോബറില്‍ ഗവണ്‍മെന്റ് സേനയും മിലീഷ്യകളും അന്താരാഷ്ട്ര സൈന്യവും യോജിച്ചുള്ള സൈനിക ഓപ്പറേഷന്‍ തുടങ്ങിയത്. ഒമ്പതു മാസത്തെ രക്തച്ചൊരിച്ചിലിനു ശേഷം മൗസ്വില്‍ വീണ്ടെടുക്കുമ്പോഴേക്ക് മുപ്പതിനായിരത്തിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ജനസംഖ്യയുടെ മൂന്നിലൊന്ന്, അതായത് ആറു ലക്ഷം പേര്‍ വഴിയാധാരമാക്കപ്പെട്ടു. നഗരത്തിലെ നാലില്‍ മൂന്നു കെട്ടിടങ്ങള്‍ തകര്‍ക്കപ്പെടുകയും മൂന്നില്‍ രണ്ട് വൈദ്യുതി ഗ്രിഡുകള്‍ നശിപ്പിക്കപ്പെടുകയും ചെയ്തു. സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ സൈനിക കമാണ്ടറായിരുന്ന നൂറുദ്ദീന്‍ അല്‍ സിങ്കി പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച അല്‍ നൂരി പള്ളി പോലും റമദാന്റെ ഏറ്റവും പുണ്യമുള്ള അവസാന രാവുകളില്‍ ബോംബിട്ട് തകര്‍ക്കാന്‍ ഐ.എസ് ഭീകരര്‍ക്ക് മടിയുണ്ടായില്ല. തങ്ങളുടെ നേതാവ് 'ഇസ്‌ലാമിക ഖിലാഫത്ത്' പ്രഖ്യാപനം നടത്തിയ പള്ളിയാണിതെന്ന കാര്യവും നിഷ്ഠുരതയുടെ ഈ ആള്‍രൂപങ്ങള്‍ മറന്നു. അമേരിക്ക അണുബോംബ് വര്‍ഷിച്ച ഹിരോഷിമ നഗരത്തെയും മൗസ്വിലിനെയും രണ്ട് ഫ്രെയിമുകളാക്കിയുള്ള ചിത്രങ്ങള്‍, ഐ.എസ് എന്ന കൊടിയ ഭീകര പ്രസ്ഥാനത്തിന്റെ നിഷ്ഠുരത വെളിവാക്കുന്നതായിരുന്നു. മൗസ്വിലിന്റെ പുനര്‍നിര്‍മാണത്തിന് 100 കോടി ഡോളറെങ്കിലും അടിയന്തരമായി വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
സദ്ദാമാനന്തര ഇറാഖില്‍ അമേരിക്കയുടെ സൈനിക മുഷ്‌ക് കഴിഞ്ഞാല്‍ പിന്നെ ഏറ്റവും ഭീതിദമായത് ഐ.എസിന്റെ ഭീകര പ്രവൃത്തികളാണ്. തലസ്ഥാനമായ ബഗ്ദാദില്‍നിന്ന് 87 മൈല്‍ വടക്കു പടിഞ്ഞാറുള്ള, സദ്ദാം ഹുസൈന്റെ ജന്‍മനഗരമായ തിക്‌രിത് 2014 ജൂണില്‍ ഐ.എസ് പിടിച്ചടക്കി. അടുത്ത ദിവസം തന്നെ ആയിരക്കണക്കിനാളുകളെ നിഷ്ഠുരമായി വധിച്ചാണ് ഐ.എസ് നഗരത്തെ വിറപ്പിച്ചത്. പതിനായിരത്തിലേറെ പേരെ അവര്‍ കൊന്നൊടുക്കി. ഇറാഖി എയര്‍ഫോഴ്‌സില്‍ റിക്രൂട്ട് ചെയ്യപ്പെട്ടിരുന്ന 150-ലേറെ പേരും ഇവരില്‍ ഉള്‍പ്പെടും. രാജ്യത്തെ ഏറ്റവും വലിയ സുന്നി ഭൂരിപക്ഷ മേഖലകളില്‍ ഒന്നാണ് തിക്‌രിത്. ബഗ്ദാദും റമാദിയും തിക്‌രിതും അറിയപ്പെടുന്നത് ഇറാഖിലെ സുന്നി ട്രയാംഗ്ള്‍ എന്ന പേരിലാണ്. അടുത്ത മാര്‍ച്ച് വരെ ഇറാഖി സൈന്യത്തിന് നഗരം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. ഐ.എസിന്റെ അഴിഞ്ഞാട്ടത്തിന് കടിഞ്ഞാണിടാന്‍ ശീഈ മിലീഷ്യകളുടെ സഹായം തേടേണ്ടിവന്നു സൈന്യത്തിന്. എന്നാല്‍ മോചനം സാധ്യമായതോടെ മിലീഷ്യകള്‍ അവിടെ തമ്പടിക്കുകയും തിക്‌രിതിന്റെ നിയന്ത്രണം ഏറക്കുറെ തങ്ങളുടെ വരുതിയിലാക്കുകയുമായിരുന്നു. ഇതിനുശേഷമാണ് സദ്ദാമിന്റെ സ്വന്തം പട്ടണത്തില്‍ ആദ്യ ശീഈ പള്ളി പോലും ഉയര്‍ന്നത്. നൂരി അല്‍ മാലികി പ്രധാനമന്ത്രിയായതോടെ ഇറാഖിന്റെ ശീഈവല്‍ക്കരണം ഊര്‍ജിതമായി. ഇറാഖിലെ സുന്നികള്‍ ഏറെ പീഡനം അനുഭവിച്ച കാലഘട്ടമായിരുന്നു അത്. രാഷ്ട്രീയ എതിരാളികളെ അമര്‍ച്ച ചെയ്തും സുന്നികള്‍ക്ക് അടിസ്ഥാനാവകാശങ്ങള്‍ പോലും നിഷേധിച്ചും തികച്ചും സെക്‌ടേറിയന്‍ ഭരണമാണ് നൂരി നടത്തിയത്. മാലികിയോട് ഒത്തുപോകാനാവാതെ മന്ത്രിസഭയില്‍നിന്ന് രാജിവെച്ചതും സുന്നി ബ്ലോക്കില്‍പെട്ട എം.പിമാര്‍ ദീര്‍ഘകാലം പാര്‍ലമെന്റ് ബഹിഷ്‌കരിച്ചതുമൊക്കെ വലിയ കോളിളക്കം സൃഷ്ടിക്കുകയുണ്ടായി.
മൗസ്വിലില്‍നിന്ന് ഐ.എസിനെ തുരത്തുന്നതില്‍ പങ്കുവഹിച്ച സൈനിക ദളങ്ങളില്‍ അല്‍ഹശ്ദ് അശ്ശഅ്ബി എന്നറിയപ്പെടുന്ന പോപ്പുലര്‍ മോബിലൈസേഷന്‍ യൂനിറ്റ് (പി.എം.യു) എന്ന ഇറാന്‍ സ്‌പോണ്‍സേര്‍ഡ് മിലീഷ്യയും ഉള്‍പ്പെടും. നാല്‍പതോളം മിലീഷ്യകളുടെ ഈ കൂട്ടായ്മയില്‍ ഭൂരിഭാഗവും ശീഈ വിഭാഗങ്ങളാണ്. ഐ.എസിനെ തുരത്തി മൗസ്വില്‍ മോചിതമായപ്പോള്‍ ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി ആദ്യം നന്ദി പറഞ്ഞത് ശീഈ നേതാവ് ആയത്തുല്ല അലി അല്‍ ഹുസൈനി സിസ്താനിയോടാണ്. ഇറാനിലെ മശ്ഹദില്‍ ജനിച്ച് പഠനാര്‍ഥം ഇറാഖിലെ നജഫില്‍ എത്തിയ സിസ്താനി ഇറാഖിലെ ശീഈകളുടെ പരമോന്നത നേതാവാണ്. സിസ്താനിയാണ് മൗസ്വിലിന്റെ മോചനത്തിനായി രംഗത്തിറങ്ങാന്‍ ശീഈകളോട് ആഹ്വാനം ചെയ്തത്. അത് ദേശീയാടിസ്ഥാനത്തില്‍ തന്നെ വന്‍ ചലനം സൃഷ്ടിക്കുകയുണ്ടായി.
ഇറാന് മേല്‍ക്കൈ
ഇറാഖിന്റെ ഭരണഘടനയെപ്പോലും വെല്ലുവിളിച്ച് തങ്ങളുടെ ഇംഗിതങ്ങള്‍ നടപ്പാക്കാന്‍ ഇറാന് കഴിയുന്നുവെന്നത് അമേരിക്കയെയും കൂട്ടാളികളെയും അങ്കലാപ്പിലാക്കുന്നു. സായുധ ഗ്രൂപ്പുകളെ രാഷ്ട്രീയത്തില്‍ ഇടപെടുന്നതില്‍നിന്ന് വിലക്കുന്ന നിയമങ്ങള്‍ ലംഘിച്ചാണ് ഈയിടെ അസ്വാഇബു അഹ്‌ലില്‍ ഹഖ് എന്ന മിലീഷ്യക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇലക്ഷന്‍ കമീഷന്‍ അംഗീകാരം നല്‍കിയത്. സാധാരണ ഗതിയില്‍ മിലീഷ്യകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിച്ചാണ് റജിസ്റ്റര്‍ ചെയ്യാറുള്ളതെങ്കില്‍ മേല്‍ പറഞ്ഞ മിലീഷ്യ അതേ പേരില്‍ തന്നെ രാഷ്ട്രീയ പാര്‍ട്ടിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇറാന്റെ പരമോന്നത നേതാവ് ഖാംനഇയുടെ പിന്തുണ ഇവര്‍ക്കുള്ളതിനാല്‍ ഇറാഖി അധികൃതര്‍ക്ക് ഒരു എതിര്‍പ്പും പ്രകടിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഏപ്രിലില്‍ നടക്കേണ്ടിയിരുന്ന പ്രവിശ്യാ തെരഞ്ഞെടുപ്പുകള്‍ സെപ്റ്റംബര്‍ 16-ലേക്ക് മാറ്റിയിട്ടുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് 2018 ഏപ്രിലില്‍ നടക്കും.
ഇറാഖില്‍നിന്ന് സിറിയയിലേക്ക് സപ്ലൈ റൂട്ട് തുറന്നു കഴിഞ്ഞാല്‍ മൂന്നു രാജ്യങ്ങളെയാണ് തങ്ങളുടെ സമ്പൂര്‍ണ വരുതിയിലാക്കാന്‍ ഇറാന് കഴിയുക. സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന കിഴക്കന്‍ ഇറാഖിലെ ദിയാല പ്രവിശ്യയില്‍നിന്ന് മരുഭൂമിയിലൂടെ 15 മൈല്‍ ദൈര്‍ഘ്യമുള്ള പാത പൂര്‍ത്തിയാകുന്നതോടെ മിലീഷ്യകള്‍ക്കും ഇറാന്റെ ഔദ്യോഗിക പ്രതിനിധി സംഘങ്ങള്‍ക്കും സിറിയയിലേക്കുള്ള പ്രവേശന കവാടം തുറന്നുകിട്ടുന്നതോടൊപ്പം ആയുധങ്ങളും മറ്റു ചരക്കുകളും നിര്‍ബാധം കടത്താനും അവസരം ലഭിക്കുകയാണ്. സിറിയയില്‍ പ്രവര്‍ത്തനസജ്ജമായ നിരവധി ശീഈ മിലീഷ്യകള്‍ക്കും ലബനാനിലെ തങ്ങളുടെ പ്രോക്‌സിയായ ഹിസ്ബുല്ലക്കും ആയുധങ്ങള്‍ എത്തിക്കാന്‍ ഏറ്റവും മികച്ച അവസരമായിരിക്കും ഈ ഇടനാഴി വഴി ലഭിക്കുക. ഇതോടെ, ഇറാഖും സിറിയയും ലബനാനും ഇറാന്റെ ചൊല്‍പടിയില്‍ വരും. ഐ.എസ് ഭീകരര്‍ 2014-ല്‍ പിടിച്ചടക്കിയ ദിയാല ഒരു വര്‍ഷത്തിനകം മോചിപ്പിച്ചത് ഇറാന്‍ നേതൃത്വം നല്‍കിയ മിലീഷ്യകളാണ്.
ഇറാന്റെ സമ്മര്‍ദത്തിനു വഴങ്ങുകയല്ലാതെ ഇറാഖ് പ്രധാനമന്ത്രി അബാദിക്ക് വഴിയില്ല. പല ഘട്ടങ്ങളിലും അദ്ദേഹം വളയത്തിനു പുറത്തുകടക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിബന്ധങ്ങള്‍ നിരവധിയാണ്. അമേരിക്കയെയും ഇറാനെയും ഒരുപോലെ കൂട്ടുപിടിച്ച് ഭരിക്കുകയെന്ന അബാദിയുടെ തന്ത്രം തെഹ്‌റാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 2014-ല്‍ പ്രധാനമന്ത്രി പദവിയില്‍ അബാദി എത്തിയതുതന്നെ അമേരിക്കയുടെയും ഇറാന്റെയും പിന്തുണയോടെയാണ്. അന്നുമുതല്‍ ഇരട്ട റോളില്‍ അഭിനയിക്കുകയാണ് അദ്ദേഹം. അമേരിക്കയുമായി കൂടുതല്‍ അടുത്ത ധനമന്ത്രി ഹോഷിയാര്‍ സീബാരിയെ പുറത്താക്കാന്‍ തെഹ്‌റാനില്‍നിന്നു വന്ന തിട്ടൂരം നടപ്പാക്കിയാണ് അബാദി ആദ്യം ഇറാനു വഴങ്ങിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ യു.എന്‍ സമ്മേളനത്തിനിടയില്‍ അബാദിയെ കണ്ട അന്നത്തെ യു.എസ് പ്രസിഡന്റ് ബറാക്ക് ഒബാമ, മുന്‍ വിദേശകാര്യ മന്ത്രി കൂടിയായ സിബാരിക്കു വേണ്ടി ചരടു വലിച്ചിട്ടും ഫലമുണ്ടായില്ല. ട്രംപ് അധികാരത്തിലേറിയതോടെ അമേരിക്കയുമായി കൂടുതല്‍ അടുക്കാന്‍ അബാദി ശ്രമിച്ചെങ്കിലും തെഹ്‌റാന്‍ പിടിമുറുക്കുകയാണ്. മൗസ്വിലില്‍നിന്ന് ഐ.എസിനെ തുരത്തിയ ശേഷവും അമേരിക്കന്‍ സേനയെ നിലനിര്‍ത്താനുള്ള ഒരു കരാറിനായി അബാദി ശ്രമം തുടരുകയാണ്. ഇത് തിരിച്ചറിഞ്ഞ ഇറാന്‍ പ്രസ്തുത നീക്കങ്ങള്‍ തടയാനുള്ള ശ്രമത്തിലാണ്. ഇറാഖി തലസ്ഥാനമായ ബഗ്ദാദിനെയും ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനെയും ബന്ധിപ്പിക്കുന്ന ഹൈവേ പദ്ധതിയോടും ഇറാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഒരു അമേരിക്കന്‍ കമ്പനി മുന്നോട്ടുവെച്ച പദ്ധതിയോട് അബാദി വലിയ താല്‍പര്യം കാണിച്ചിരുന്നു. ജൂണ്‍ 20-ന് തെഹ്‌റാനില്‍ സന്ദര്‍ശനം നടത്തിയ ഇറാഖി പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിക്ക് ഇറാന്റെ ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇ നല്‍കിയ ഉപദേശങ്ങളില്‍ പ്രധാനം അമേരിക്കയെ വിശ്വസിച്ചുപോകരുതെന്നാണ്.
2007-ല്‍ ആരംഭിച്ച് 2011 ഡിസംബറോടെ പൂര്‍ത്തിയായതാണ് ഇറാഖില്‍നിന്നുള്ള അമേരിക്കന്‍ സൈന്യത്തിന്റെ പിന്‍മാറ്റം. അന്നു മുതല്‍ ഇറാന്റെ സ്വാധീനം ഇറാഖില്‍ വേരു പിടിക്കാന്‍ തുടങ്ങിയിരുന്നു. മൗസ്വില്‍ സൈനിക ഓപറേഷനു ശേഷം സൈന്യം മടങ്ങുന്നതോടെ ഇറാഖിന്റെ സമ്പൂര്‍ണ നിയന്ത്രണം തെഹ്‌റാനു ലഭിക്കുമെന്ന് 2007 മുതല്‍ 2009 വരെ ബഗ്ദാദില്‍ യു.എസ് അംബാസഡറായിരുന്ന റയാന്‍ സി ക്രോക്കര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ ഇറാന് ഇപ്പോള്‍ തന്നെ തങ്ങളുടെ രാജ്യത്തിനുമേല്‍ നിയന്ത്രണമുണ്ടെന്നത് ഇറാഖികള്‍ പരസ്യമായി സമ്മതിക്കുന്നു. അറബ് മേഖലയില്‍ പേര്‍ഷ്യന്‍ ശക്തിയുടെ സ്വാധീനത്തിനെതിരെ ഗള്‍ഫ് രാജ്യങ്ങള്‍ നടത്തുന്ന നീക്കങ്ങള്‍ വിജയിക്കുന്നില്ലെന്നതാണ് വാസ്തവം. യമനിലേക്ക് വരെ ഇറാന്റെ കരങ്ങള്‍ നീണ്ടിരിക്കുന്നു. ഹൂതികളെ നിയന്ത്രിക്കുന്നത് തെഹ്‌റാനാണ്. വിവിധ അറബ് രാജ്യങ്ങള്‍ പിന്തുണക്കുന്ന മൂന്നു വ്യത്യസ്ത ഗവണ്‍മെന്റുകള്‍ നിലനില്‍ക്കുന്ന ലിബിയയില്‍ പോലും ഇറാന്റെ സ്വാധീനമെത്തിയിട്ടുണ്ട്. ഇറാഖ് മുതല്‍ ലബനാന്‍ വരെ വ്യക്തമായ മേധാശക്തിയായി ഇറാന്‍ മാറിക്കഴിഞ്ഞു.
എന്നാല്‍, ഇറാഖില്‍ നിലനില്‍ക്കുന്ന ശക്തമായ വംശീയ വേര്‍തിരിവ് ഇറാന്റെ മോഹങ്ങള്‍ക്ക് പ്രതിബന്ധം സൃഷ്ടിക്കും. സദ്ദാമിനെ പുറന്തള്ളിയപ്പോള്‍ അമേരിക്ക സ്വപ്‌നംകണ്ടിരുന്നത് മൂന്നായി പിളര്‍ന്ന ഇറാഖായിരുന്നു. സുന്നി, ശീഈ, കുര്‍ദ് വിഭാഗങ്ങള്‍ക്ക് പ്രത്യേകമായി രാജ്യം എന്നതായിരുന്നു അമേരിക്കന്‍ പദ്ധതി. ഇവ്വിധം നിര്‍വീര്യമാക്കപ്പെടുന്ന ഇറാഖിനെ പങ്കിട്ടെടുക്കാന്‍ ഇസ്രയേലുമായും രഹസ്യ ധാരണയുണ്ടായിരുന്നു. സയണിസ്റ്റുകളുടെ വിശാല ഇസ്രയേല്‍ പദ്ധതി ഗസ്സയിലും വെസ്റ്റ് ബാങ്കിലും ജൂലാന്‍ കുന്നുകളിലും ഒതുങ്ങുന്നതല്ല. യൂഫ്രട്ടീസ് തീരം വരെ നീണ്ടുനില്‍ക്കുന്നതാണത്. പല കാരണങ്ങളാല്‍ അത് നടന്നില്ല. എന്നാല്‍ ഇന്ന് ഇറാഖിന്റെ വിഭജനത്തെക്കുറിച്ച് സംസാരിക്കുന്നത് അമേരിക്കയല്ല, കുര്‍ദ് നേതാവ് മസ്ഊദ് ബര്‍സാനിയും മകന്‍ മസ്‌റൂര്‍ ബര്‍സാനിയുമാണ്. ഇറാഖിന്റെ ഭാഗവും എന്നാല്‍ സ്വയം ഭരണ പ്രദേശവുമായ കുര്‍ദിസ്താന്‍ റീജ്യനല്‍ ഗവണ്‍മെന്റിന്റെ പ്രസിഡന്റാണ് മസ്ഊദ്. മകന്‍ അവിടത്തെ സുരക്ഷാ കൗണ്‍സില്‍ തലവനും. സ്വയംഭരണ ഫെഡറേഷന്‍ ശരിയാകില്ലെന്നും വിഭജനം മാത്രമാണ് പോംവഴിയെന്നും ഈയിടെയാണ് അവര്‍ പരസ്യ പ്രസ്താവന ഇറക്കിയത്.
യു.എന്‍ അന്വേഷിക്കട്ടെ
ഏതു ഭീകരസംഘടനയെയും പൂര്‍ണമായി ഉന്‍മൂലനം ചെയ്യാന്‍ സമയമെടുക്കും. സ്ലീപ്പര്‍ സെല്ലുകള്‍ അവശേഷിക്കാനും മറ്റൊരു പേരില്‍ സംഘടന ഉദയം ചെയ്യാനുമുള്ള സാധ്യതകള്‍ തള്ളാനാവില്ല. എങ്കിലും ആഗോള തലത്തില്‍ അംഗങ്ങളെ റിക്രൂട്ട് ചെയ്യാന്‍ കെല്‍പുള്ള ഐ.എസിനെ അവരുടെ രണ്ട് മുഖ്യ കേന്ദ്രങ്ങളില്‍നിന്ന് നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയുന്നത് ചെറിയ കാര്യമല്ല. അപ്പോഴും ചില സംശയങ്ങള്‍ അവശേഷിക്കുന്നു. അഫ്ഗാനിസ്താനിലും യമനിലുമൊക്കെ ഡ്രോണുകളും പോര്‍വിമാനങ്ങളും അയച്ച് നിരപരാധരായ മനുഷ്യരെ നിഷ്ഠുരം കൊല്ലുന്ന അമേരിക്കക്കും സഖ്യ സേനകള്‍ക്കും ഒരു വ്യോമസംവിധാനം പോലുമില്ലാത്ത ഐ.എസിനെ ബോംബിട്ട് നശിപ്പിക്കാന്‍ എന്തുകൊണ്ട് കഴിയുന്നില്ല? മൂന്നു കൊല്ലമായില്ലേ റഖയില്‍ എണ്ണവിറ്റ് ഭീകരന്‍മാര്‍ സാമ്രാജ്യം നടത്തിപ്പോരുന്നു.
ഭീകര സംഘടന എന്നതിനപ്പുറം രാജ്യങ്ങളുടെ അകത്ത് കൊച്ചു സാമ്രാജ്യം പണിത് തങ്ങളുടെ ശൃംഖല വ്യാപിപ്പിച്ച ഐ.എസിന്റെ പിറവിക്കു പിന്നിലാരെന്നത് ഇപ്പോഴും സമസ്യയാണ്. ലോകത്തെ ഒരൊറ്റ മുഖ്യധാരാ ഇസ്‌ലാമിക സംഘടനയുടെയും തരിമ്പ് പിന്തുണയില്ലാതിരുന്നിട്ടും ഐ.എസിനെ ആളും ആയുധവും നല്‍കി വളര്‍ത്തിയത് ആരെന്നത് അന്വേഷിക്കേണ്ട ഉത്തരവാദിത്തം ഐക്യരാഷ്ട്ര സഭയെങ്കിലും ഏറ്റെടുത്തേ മതിയാവൂ. ഐ.എസിന്റ പിന്നിലെ പുകമറ നീങ്ങേണ്ടത് ലോക സമാധാനത്തിന് അനിവാര്യമാണ്.
Comments