ഉത്തമ പ്രവാസിയാകാന്‍ പത്ത് കാര്യങ്ങള്‍
കേരളീയരെ സംബന്ധിച്ചേടത്തോളം പ്രവാസം ജീവിതായോധനത്തിന്റെ അനിവാര്യഘടകമാണ്. വ്യാവസായിക ഉല്‍പാദനം കുറവായതിനാല്‍ തൊഴില്‍ ലഭ്യത കുറഞ്ഞ സംസ്ഥാനമാണ് കേരളം. എന്നാല്‍ ഉയര്‍ന്ന സാമൂഹിക ജീവിത നിലവാരം നിലനില്‍ക്കുകയും ചെയ്യുന്നു. ഈ കാരണങ്ങള്‍ കേരളീയരെ പ്രവാസജീവിതത്തിന് നിര്‍ബന്ധിതരാക്കുന്നു. സമീപകാലത്ത് ഈ അവസ്ഥക്ക് മാറ്റമൊന്നും ഉണ്ടാവാന്‍ ഇടയില്ലാത്തതിനാല്‍ പ്രവാസജീവിതവും തുടര്‍ന്നുകൊണ്ടിരിക്കും. ഒരു ദേശത്തേക്കല്ലെങ്കില്‍ മറ്റൊരു ദേശത്തേക്ക്. അതിനാല്‍ പ്രവാസജീവിതം നമുക്ക് അനിവാര്യമായ പരീക്ഷണം തന്നെയാണ്. അവിടെ എങ്ങനെ മികവ് പുലര്‍ത്താം എന്നതാണ് പ്രശ്‌നം.
കേരളം സര്‍വ മേഖലകളിലും ആര്‍ജിച്ച പുരോഗതിയുടെ അടിസ്ഥാനം പ്രവാസികളാണെന്ന കാര്യത്തില്‍ സംശയമില്ല. ഭൗതിക പുരോഗതി കൈവരിക്കാതെ ധാര്‍മികമായോ വിദ്യാഭ്യാസപരമായോ രാഷ്ട്രീയമായോ നമുക്ക് മുന്നേറാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ പ്രവാസത്തെ അനുഗ്രഹമായി കണ്ട് ജീവിതാവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിനുള്ള ഉത്തമ മാര്‍ഗമായി പരിഗണിക്കുകയാണ് വിവേകം. അതിന് നാം അനിവാര്യമായും ചെയ്തിരിക്കേണ്ട പത്ത് കാര്യങ്ങള്‍ ചുവടെ:
1. ലക്ഷ്യബോധത്തോടെ ജീവിക്കുക
പ്രവാസികള്‍ പലവിധമാണ്. കൃത്യമായ ലക്ഷ്യബോധമുള്ളവരും ഇല്ലാത്തവരും അവരിലുണ്ട്. അതില്‍തന്നെ, ഭൗതിക ജീവിത ലക്ഷ്യം മാത്രമുള്ളവരെയും അതിനു വേണ്ടി രാപ്പകല്‍ കഠിനാധ്വാനം ചെയ്യുന്നവരെയും കാണാം. മരണത്തിനു മുമ്പ്, മരണത്തിനു ശേഷം എന്നീ രണ്ട് ഘട്ടങ്ങളുണ്ടെന്ന് വിശ്വസിക്കുകയും അതിനു വേണ്ടി പ്രയത്‌നിക്കുകയും ചെയ്യുന്നവരും ധാരാളമുണ്ട്.
ഇഹലോകത്തും പരലോകത്തും പ്രയോജനപ്പെടുംവിധം തങ്ങളുടെ സമയം ചെലവഴിക്കുന്നവരാണ് ഉത്തമ പ്രവാസികള്‍. രാവും പകലും അവര്‍ക്ക് മാറിമാറി വരുന്ന പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ മത്രമല്ല, മറിച്ച് സുകൃതങ്ങള്‍ ചെയ്ത് നിറക്കാനുള്ള അവസരം കൂടിയാണ്. പിന്നീട് തിരിഞ്ഞുനോക്കുമ്പോള്‍ സുകൃതങ്ങളുടെ ആ ഖജനാവില്‍ കാണുക മുത്തുകളും പവിഴങ്ങളും മാത്രം. അയാള്‍ ഫലപ്രദമായ വിധത്തില്‍ സമയം ചെലവഴിച്ചു എന്നര്‍ഥം.
2. വിധിയെ പഴിക്കാതെ
വിധിയെ പഴിച്ച് കാലം കളയുന്ന ചില പ്രവാസികളുണ്ട്. കുടുംബം മുതല്‍ തൊഴില്‍ വരെ എല്ലാ കാര്യത്തെ കുറിച്ചും അവര്‍ക്ക് പരാതികള്‍ മാത്രം. ഉത്തമ പ്രവാസിയായിത്തീരാന്‍ ആഗ്രഹിക്കുന്നവര്‍ വിധിയെ പഴിക്കാതിരിക്കുക. തനിക്ക് ലഭിച്ച ഒരു നന്മയും കാണാതെ, എല്ലാം കാര്യങ്ങളിലും കുറ്റവും കുറവും കണ്ടെത്തുന്ന പ്രവാസികള്‍ ധാരാളം. വിസയെടുത്ത് അവരെ ഇവിടെ എത്തിച്ചവര്‍ മുതല്‍ പിന്നീടുള്ള ഘട്ടങ്ങളില്‍ അവരെ സഹായിച്ചവരെല്ലാം ഈ പഴിയുടെ ഇരകളായിത്തീരുന്ന എത്രയോ ദുരനുഭവങ്ങള്‍. തീര്‍ത്തും പ്രതികൂല സാഹചര്യങ്ങളെ നേരിട്ടുകൊണ്ട് ഉന്നതിയുടെ പടവുകള്‍ താണ്ടിയ ഉന്നതശീര്‍ഷരായ എത്രയോ വ്യക്തികളുണ്ട്. അവരുടെ സ്വഭാവ മാതൃകകള്‍ സ്വീകരിച്ച് മുന്നേറുകയാണ് ഉത്തമ പ്രവാസികള്‍ ചെയ്യേണ്ടത്.
3. കുടുംബത്തെ കൂട്ടുപിടിക്കുക
കുടുംബ ബന്ധം പൊളിയുന്നത് പരാജയത്തിന്റെ തുടക്കമാണ്. അചിരേണ രോഗങ്ങളും വര്‍ധിക്കുന്നു. ഭാര്യ, മക്കള്‍, മറ്റു കുടുംബാംഗങ്ങള്‍ അവര്‍ നമ്മെ എങ്ങനെ അനുഭവിക്കുന്നുവോ അതാണ് നാം. അല്ലെങ്കില്‍ അവര്‍ നിങ്ങളെ തിരിഞ്ഞുകുത്തുന്ന ഒരു കാലമുണ്ടാവും. കാരുണ്യഭാവമായിരിക്കണം കുടുംബത്തിന്റെ അടിസ്ഥാനം. സഹനവും ശ്രദ്ധയുമാണ് കുടുംബ ഭദ്രതക്ക് ആധാരം. 'കുടുംബ കാര്യങ്ങളും മക്കളുടെ പഠനവുമെല്ലാം നീ നന്നായി ശ്രദ്ധിക്കുന്നത് കാണുമ്പോള്‍ സന്തോഷം' എന്നെല്ലാം പറഞ്ഞ് സഹധര്‍മിണിക്ക് ഒരു പ്രശംസ. ആയിരം ബോട്ടില്‍ ഉത്തേജക മരുന്ന് നല്‍കുന്നതിനേക്കാള്‍ ഫലം ചെയ്യും ഇത്തരം വാക്കുകള്‍. പരമാവധി സമയം അവരുമായി ചെലവഴിക്കുക. എല്ലാ ദിവസവും കുട്ടികളുമായി സംസാരിക്കുക. മാതാപിതാക്കളുമായും കുടുംബാംഗങ്ങളുമായും ബന്ധപ്പെടാനും സമയം കണ്ടെത്തുക.
4. സാമ്പത്തിക അച്ചടക്കം
വരുമാനം പതിന്മടങ്ങായി വര്‍ധിക്കുമ്പോള്‍ ആഡംബരത്തോട് ഭ്രമമേറുക എന്നത് പ്രവാസികളുടെ ദൗര്‍ബല്യമാണ്. ചെലവുകളെ അത്യാവശ്യം, ആവശ്യം, ആഡംബരം എന്നിങ്ങനെ തിരിച്ച് പണം ശ്രദ്ധയോടെ ചെലവഴിക്കുക. സബ്‌സിഡി നല്‍കാം എന്ന് പറഞ്ഞാലും ബാങ്ക് വായ്പയെ ആശ്രയിക്കാതിരിക്കുക. സര്‍ക്കാരും ബാങ്കുകളും പ്രലോഭിപ്പിച്ചുകൊണ്ടേയിരിക്കും. ധൂര്‍ത്ത് പൂര്‍ണമായും വര്‍ജിക്കുക. പ്രവാസികളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടാനോ അവരെ സംരക്ഷിക്കാനോ അവര്‍ക്ക് വാര്‍ധക്യകാല പെന്‍ഷന്‍ ലഭ്യമാക്കാനോ ഇവിടെ ആരും ഉണ്ടാവില്ല. നാട്ടില്‍ എല്ലാ വിഭാഗക്കാര്‍ക്കും പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രവാസികളുടെ പെന്‍ഷന് വേണ്ട സമ്പാദ്യം അയാള്‍ തന്നെ കരുതിയിരിക്കണം. വരുമാനത്തിന്റെ ഇരുപത് ശതമാനമെങ്കിലും പ്രവാസാനന്തര വാര്‍ധക്യകാല പെന്‍ഷനു വേണ്ടി നീക്കിവെക്കുക.
5. മുന്‍ഗണനാ ക്രമം തിരിച്ചറിയുക
പ്രവാസികള്‍ മുന്‍ഗണനാ ക്രമങ്ങള്‍ അറിയാതെ ജീവിക്കുന്നത് അബദ്ധങ്ങള്‍ സംഭവിക്കാന്‍ ഇടയാക്കും. എല്ലാ കാര്യങ്ങളിലും മുന്‍ഗണനാക്രമം വേണം. പ്രവാസലോകത്തേക്ക് എത്തിപ്പെടാന്‍ വേണ്ടിവന്ന അനിവാര്യമായ കടബാധ്യതകള്‍ തീര്‍ത്ത ശേഷം, വിശിഷ്യാ വിവാഹിതര്‍ക്ക്, സ്വന്തമായ വീട് എന്നത് അവരുടെ മുഖ്യ അജണ്ടയിലുണ്ടായിരിക്കണം. സ്വയം സംരംഭകരാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിനും മുന്‍ഗണന കൊടുക്കാം. ഇതെല്ലാം തീര്‍ത്തും വ്യക്തിപരമായ തീരുമാനങ്ങളാണ്.
6. സാംസ്‌കാരിക വൈവിധ്യം ഉള്‍ക്കൊള്ളുക
നമ്മില്‍ പലരെ സംബന്ധിച്ചേടത്തോളവും കേരളത്തിന്റെ ഗ്രാമീണതയില്‍നിന്ന് കോസ്‌മോപോളിറ്റന്‍ നഗരത്തിലേക്കുള്ള പറിച്ചുനടലാണ് പ്രവാസ ജീവിതം. അത് ഒരുതരം അമ്പരപ്പ് സൃഷ്ടിച്ചേക്കാം. പല ദേശക്കാര്‍, പല വര്‍ണക്കാര്‍, ഭാഷക്കാര്‍. എല്ലാവരുമായും നന്നായി ഇടപെടാന്‍ കഴിയുക എന്നതാണ് ജീവിതവിജയത്തിന്റെ നിദാനം. അതത് രാജ്യങ്ങളിലെ സാംസ്‌കാരിക വൈവിധ്യങ്ങളെ മനസ്സിലാക്കി നല്ലത് ഉള്‍ക്കൊള്ളുകയും തിയ്യത് വര്‍ജിക്കുകയും ചെയ്യുക.
7. ശരീരം, മനസ്സ്, ആത്മാവ് എന്നിവ പരിഗണിക്കുക
പ്രവാസികളില്‍ അമിതവണ്ണം, പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം തുടങ്ങിയവ തെറ്റായ ഭക്ഷണശീലങ്ങള്‍ കാരണമായി ഉണ്ടാകുന്നതാണ്. മൂന്ന് നേരം ഭക്ഷണത്തില്‍ രാത്രി പഴവര്‍ഗങ്ങള്‍ മാത്രമാക്കുകയാണ് ഉത്തമം. വ്യായാമത്തിന് സമയം കണ്ടെത്തുകയും വേണ്ടത്ര ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക. ആരാധനകള്‍ ചിട്ടയോടെ അനുഷ്ഠിക്കുന്നതും താല്‍പര്യമുള്ള കാര്യങ്ങളില്‍ വ്യാപൃതമാവുന്നതും ആത്മാവിനും മനസ്സിനും ആശ്വാസം നല്‍കും. പുസ്തക വായനക്കും അല്‍പം സമയം കണ്ടെത്തുക. മാനസികമായ പിരിമുറുക്കത്തില്‍നിന്ന് മോചനം നേടണം. നമ്മേക്കാള്‍ കഷ്ടപ്പെടുന്നവരിലേക്ക് നോക്കാനുള്ള കണ്ണ് ഉണ്ടാവുമ്പോള്‍ നമ്മുടെ പിരിമുറുക്കത്തില്‍ അയവുണ്ടാവും.
8. ജീവകാരുണ്യ പ്രവര്‍ത്തനം
ആരോഗ്യത്തിനും ആയുസ്സിനും ഏറെ ഉത്തമമാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതമാവല്‍. പ്രവാസലോകത്ത് അതിന് എത്രയോ അവസരങ്ങള്‍ തുറന്നുകിടക്കുന്നു. നമ്മുടെ സമയം, ആരോഗ്യം, സമ്പാദ്യം എല്ലാം നിശ്ചിത അളവില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നീക്കിവെക്കുന്നത് നമുക്കു തന്നെ അനുഗ്രഹമായി ഭവിക്കും. സഹജീവികളുടെ കണ്ണീര്‍ തുടക്കുന്നതിനു വേണ്ടി ധനം ചെലവിട്ടതിന്റെ പേരില്‍ ആരെങ്കിലും ദാരിദ്ര്യത്തില്‍ വീണുപോയ ഒരനുഭവവും ഇല്ല. ധൂര്‍ത്തും ദുര്‍വ്യയവും കൊണ്ടാണ് പലപ്പോഴും പാപ്പരായിത്തീരുന്നത്. 'ആദമിന്റെ പുത്രാ, നീ ചെലവഴിക്കുക, നിനക്കു വേണ്ടിയും ചെലവഴിക്കപ്പെടും' എന്ന നബിവചനം ഓര്‍മയിലുണ്ടാവട്ടെ.
9. നിയമവിധേയമായി കാര്യങ്ങള്‍ ചെയ്യുക
ചുരുങ്ങിയത് രണ്ടോ അതിലധികമോ രാജ്യങ്ങളുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരാണ് പ്രവാസികള്‍. എല്ലാം നിയമവിധേയമായി ചെയ്ത് ശീലിക്കുന്നത് ജീവിതം അയത്‌ന ലളിതമാക്കാന്‍ സഹായകമാവും. നിയമവിധേയമല്ലാത്ത സ്വയം സംരംഭകത്വത്തില്‍ ഏര്‍പ്പെട്ട പലരും പ്രയാസപ്പെടുന്നത് കാണാം. പഴയ ബിനാമി കളിയുടെ കാലം കഴിഞ്ഞു എന്ന തിരിച്ചറിവ് അനിവാര്യമാണ്. കളിക്കാനിറങ്ങുമ്പോള്‍ കളിയുടെ നിയമങ്ങള്‍ പാലിക്കേണ്ടതുപോലെ, അതത് രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും പൂര്‍ണമായും പാലിച്ച് ജീവിക്കുന്നത് ഉത്തമ പ്രവാസികള്‍ക്കുണ്ടായിരിക്കേണ്ട മറ്റൊരു ഗുണമാണ്.
10. തിരിച്ചുപോക്കിന് തയാറാവുക
ഇരുപത്തഞ്ച് വര്‍ഷം പഠനം, ഇരുപത്തഞ്ച് വര്‍ഷം സമ്പാദ്യം, ഇരുപത്തഞ്ച് വര്‍ഷം സേവനം എന്ന നിലയില്‍ നമ്മുടെ ആയുസ്സ് ചെലവഴിക്കുന്നത് ഉത്തമമായിരിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഏതായാലും അറുപത് വയസ്സിനപ്പുറം പ്രവാസലോകത്ത് തങ്ങുന്നത് ഉത്തമ പ്രവാസികളുടെ ലക്ഷണമല്ല. പ്രവാസകാലത്ത് നേടിയ സമ്പാദ്യം, കേരളത്തില്‍ മഴപെയ്യുന്നതുപോലെ, എല്ലാം ഒലിച്ചുപോവുന്ന അവസ്ഥയുണ്ടാവാതിരിക്കട്ടെ. കൃത്യമായ ആസൂത്രണത്തോടെ നേരത്തേ നാട്ടില്‍ സ്ഥിരവാസമാക്കുന്നതും നല്ലതു തന്നെ. സ്ഥിരവരുമാനത്തിന് സ്വയം തന്നെ സംവിധാനം കണ്ടെത്തുക. നിത്യചെലവ്, ചികിത്സ, കുട്ടികളുടെ പഠനം തുടങ്ങിയവക്കെല്ലാം നല്ല തുക ആവശ്യമാണല്ലോ.
ഉത്തമ പ്രവാസികള്‍ക്ക് ഉണ്ടാവേണ്ട ഗുണങ്ങള്‍ എത്ര എണ്ണിപ്പറഞ്ഞാലും പൂര്‍ണമാവുകയില്ല. അഭിവാദ്യം ചെയ്യല്‍, നന്ദി പറയല്‍, മികവിലേക്കുള്ള നിരന്തര പരിശ്രമം എന്നീ മൂന്ന് ഗുണങ്ങളാണ് ജപ്പാനികളുടെ വിജയ രഹസ്യം എന്ന് പറയാറുണ്ട്. ഇതു കൂടാതെ തൊഴിലിനോടുള്ള പ്രതിബദ്ധത, ആത്മവിശ്വാസം, ക്രയശേഷി തുടങ്ങി അനേകം വേറെയും ഗുണങ്ങളുണ്ട്. പക്ഷേ എത്രമാത്രം ഇതെല്ലാം നടപ്പാക്കാന്‍ കഴിയും എന്നതിനെ ആശ്രയിച്ചിരിക്കും ഒരാള്‍ വിജയിയായ പ്രവാസിയാണോ അല്ലേ എന്ന് നിശ്ചയിക്കപ്പെടുന്നത്. മേല്‍ പറഞ്ഞ പത്ത് കാര്യങ്ങള്‍ അതിന് സഹായകമാവും.
Comments