Prabodhanm Weekly

Pages

Search

2017 ജൂലൈ 28

3011

1438 ദുല്‍ഖഅദ് 04

ഈ പൈതൃക നഗരിയില്‍ ഇനിയെന്തുണ്ട് ബാക്കി?

ഹകീം പെരുമ്പിലാവ്

അന്ന്, 2014-ജൂണ്‍-13 വെള്ളിയാഴ്ച. പതിവു പോലെ പൊതുജനം ജുമുഅ നമസ്‌കരിക്കാന്‍ എത്തിയതാണ്. ഇറാഖിലെ മൗസ്വില്‍ നഗരത്തിലെ ഏറ്റവും പ്രശസ്തമായിരുന്ന അല്‍നൂരി വലിയ പള്ളിയാണു വേദി. ഖുത്വ്ബ നിര്‍വഹിക്കാന്‍ ഇമാം തയാറായിരിക്കുന്നു. മൂന്ന് മിനിറ്റുകള്‍ ബാക്കിയുണ്ട്. അപ്പോഴാണു വലിയ ഒരു ജനപ്രവാഹം പള്ളിയിലേക്ക് ഇരച്ചു കയറിയത്. അധികവും കറുത്ത വസ്ത്രധാരികള്‍. ഇമാമിനോട് ഖുത്വ്ബ നിര്‍വഹിക്കേണ്ടതില്ലെന്നും വലിയ ഒരു പണ്ഡിതന്‍ നടത്തിക്കൊള്ളുമെന്നും അറിയിക്കുന്നു. അനധികൃതമായി കയറിവന്ന്, അല്‍നൂരി ഗ്രാന്റ് മോസ്‌ക്ക് ഇമാമും ഖത്വീബുമായ ഹമൂദി ഉമര്‍ അല്‍ ഹിലാലിനെ തടഞ്ഞുവെച്ച് പള്ളി മിമ്പറിലേക്ക് കയറിയത് ഐസിസ് മേധാവിയായ അബൂബക്കര്‍ അല്‍ ബഗ്ദാദിയായിരുന്നു. അന്ന് അവിടെവെച്ചാണ് സ്വയം പ്രഖ്യാപിത ഖിലാഫത്ത് അവകാശപ്പെടുന്നതും ഇസ്‌ലാമിക സ്റ്റേറ്റ് പ്രഖ്യാപിക്കുന്നതും. ഖത്വീബ് പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ തടഞ്ഞു നിര്‍ത്തുകയായിരുന്നു. അവിടന്നങ്ങോട്ട് ഐസിസ് അഴിച്ചുവിട്ട ക്രൂരതയുടെയും ഭീകരതയുടെയും നരനായാട്ടിന്റെയും നിഷ്ഠുര താണ്ഡവങ്ങളായിരുന്നു  ഇറാഖിന്റെ നാനാ ഭാഗങ്ങളെ എതിരേറ്റത്. പിന്നീട് മനുഷ്യക്കുരുതി ഇറാഖില്‍ തുടര്‍ക്കഥയായി മാറുകയായിരുന്നു.

 

എന്തുകൊണ്ട് മൗസ്വില്‍?

ഇറാഖിലെ ഏറ്റവും വലിയ രണ്ടാമെത്ത നഗരമെന്ന് അറിയപ്പെടുന്ന മൗസ്വിലിലാണ് യൂനുസ്, ഖിള്ര്‍, ഷീത് തുടങ്ങി നാല്‍പതോളം പുണ്യാത്മാക്കള്‍ അന്തിയുറങ്ങുന്നതത്രെ. ഇസ്‌ലാമിക നാഗരികതയുടെ പൂര്‍വപ്രതാപം വിളിച്ചറിയിക്കുന്ന ഒട്ടേറെ പൗരാണിക കേന്ദ്രങ്ങള്‍ ഈ നഗരത്തിലായിരുന്നതിനാല്‍ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ധാരാളം സഞ്ചാരികള്‍ ഇവിടെ എത്തുമായിരുന്നു. കൃഷിക്കും പേരുകേട്ടിരുന്നു ഏറെ ഫലഭൂയിഷ്ഠമായ ഈ ഹരിതഭൂമി. ഇരുവസന്തങ്ങളുടെ നഗരമെന്നാണ് അറബ് സമൂഹങ്ങള്‍ക്കിടയില്‍ അത് അറിയപ്പെട്ടിരുന്നത്. ഈ നാഗരിക സവിശേഷതകള്‍ തച്ചുടക്കാനായിരിക്കാം, ഇരുപത് ലക്ഷത്തോളം ജനങ്ങള്‍ തിങ്ങിപ്പാര്‍ത്തിരുന്ന മൗസ്വില്‍ നഗരത്തെ സ്വയം പ്രഖ്യാപിത ഖിലാഫത്തിന്റെ തലസ്ഥാനമായി ഐ.എസ് തെരഞ്ഞെടുത്തത്. ശീഈ അധീനതയിലുള്ള ഇറാഖിന്റെ ഭരണകൂട ഭീകരതയില്‍ പൊറുതിമുട്ടുന്ന  സുന്നികളായിരുന്നു മൗസ്വിലില്‍ താമസിക്കുന്ന ഭൂരിഭാഗവുമെന്നതിനാല്‍ ജനപിന്തുണ നേടാന്‍  അധികം കാലമെടുത്തില്ല. പക്ഷേ ഐ.എസിന്റെ തനിനിറം വ്യക്തമാവുകയും തങ്ങളുടെ ജീവന്‍ അപകടത്തിലാണെന്ന് തിരിച്ചറിയുകയും ചെയ്തതോടെ നഗരവാസികള്‍ക്ക് ഓടി രക്ഷപ്പെടുകയേ മാര്‍ഗമുായിരുന്നുള്ളൂ. കുട്ടികളും കുടുംബവുമായി ജനങ്ങള്‍ ജീവനും കൊണ്ട് നാടുവിട്ടു. കുറേയേറെ പേരെ സൈന്യം തന്നെ നാടുകടക്കാന്‍ സഹായിച്ചു.  

രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2016 ഒക്‌ടോബര്‍ 17-ന് അമേരിക്കയുള്‍പ്പെടെയുള്ള വന്‍ ശക്തികളുടെ സഹായത്തോടെ ഐ.എസിനെതിരെ ഇറാഖ് ഘോര യുദ്ധം പ്രഖ്യാപിച്ച്  മൗസ്വില്‍ ലക്ഷ്യമാക്കി നീങ്ങി. പൊരുതി ജയിക്കാന്‍ സഖ്യസേനയുടെ മുന്നില്‍ ഇറാഖിന്റെ ഔദ്യാഗിക  പട്ടാളവും കുര്‍ദിഷ് മിലീഷ്യയായ പെഷമര്‍ഗയുമുണ്ട്. ഒമ്പത് മാസം നീണ്ടുനിന്ന പോരാട്ടമായിരുന്നു സഖ്യസേന നടത്തിയത്. ഐ.എസിന്റെ ഭാഗത്തുനിന്ന് നഗരാതിര്‍ത്തികളിലും പ്രാന്ത പ്രദേശങ്ങളിലും വന്‍ ചെറുത്തുനില്‍പ്പാണ് ഇറാഖിസേനക്ക് നേരിടേണ്ടിവന്നത്.  യുദ്ധം ഇറാഖിലെ ഐ.എസിനെതിരെ നടത്തുന്ന ഏറ്റവും അവസാനത്തെ യുദ്ധമായിരിക്കുമെന്ന് പ്രഖ്യാപനങ്ങളുണ്ടായി. അത്യാഹിതങ്ങള്‍ പരമാവധി കുറച്ച് ഐ.എസ് നേതാക്കളെ മുഴുവന്‍ കുരുക്കുകയെന്ന തന്ത്രമായിരുന്നു ഇറാഖിസേന പ്രയോഗിച്ചത്.

എന്നാല്‍, ശീഈകള്‍ക്കും കുരിശുസഖ്യത്തിനുമെതിരെ മുസ്‌ലിംകളുടെ പരാജയം എന്നാണ് മൗസ്വില്‍ പരാജയത്തെ ഐ.എസ് അനുകൂല മീഡിയ പ്രചരിപ്പിച്ചത്. ഈ പരാജയം ചെറുതാണെന്നും മറ്റു ഭാഗങ്ങളില്‍ പോരാട്ടം തുടരുമെന്നും അവര്‍ ഭീഷണി മുഴക്കുന്നുമുണ്ട്. ഖിലാഫത്തും സ്റ്റേറ്റുമെല്ലാം തകര്‍ന്നിട്ടും ശക്തമായ മീഡിയാ പിന്‍ബലം ഐ.എസിനു ലഭിക്കുന്നുവെന്നതും അതിന്റെ ഉറവിടം ഇറാഖിനു പുറത്താണെന്നതും പ്രത്യേകം എടുത്തുപറയേണ്ടതാണ്.

 

വിവിധ കക്ഷികള്‍, വ്യത്യസ്ത താല്‍പര്യങ്ങള്‍

2014-ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട ഐ.എസിനെതിരെയുള്ള ആഗോള സഖ്യസേനയില്‍ 68-ഓളം വിദേശ രാജ്യങ്ങള്‍ അണിചേര്‍ന്നിരുന്നു. അമേരിക്കയോടൊപ്പം നില്‍ക്കുന്ന എല്ലാ ശക്തികള്‍ക്കും അവരവരുടേതായ താല്‍പര്യങ്ങളുമുണ്ടായിരുന്നു. മൗസ്വിലിനെ ഐ.എസില്‍നിന്ന് മോചിപ്പിച്ച് രാജ്യം സ്വതന്ത്രമാക്കുകയും പഴയതുപോലെ അതിനെ ഇറാഖിന്റെ ഭാഗമാക്കി നിര്‍ത്തുകയുമായിരുന്നു ഇറാഖിസേനയുടെ ലക്ഷ്യം. മൗസ്വിലില്‍നിന്ന് വെറും 50 മൈലുകള്‍ സഞ്ചരിച്ചാല്‍ തുര്‍ക്കിയുടെ അതിര്‍ത്തിയിലെത്താം. ഇറാന്റെ സഹായത്തോടെ മൗസ്വില്‍ പട്ടണത്തില്‍നിന്ന് സുന്നി ഭൂരിപക്ഷത്തെ ആട്ടിയോടിച്ചാല്‍ അതിനെ ചെറുക്കുമെന്നും ഐ.എസിനെ തുരത്താന്‍ തങ്ങളുമുണ്ടാകുമെന്നും പ്രഖ്യാപിച്ച് തുര്‍ക്കിയും പട്ടാളത്തെ വിന്യസിച്ചിരുന്നു. മൗസ്വിലിന്റെ ചില ഭാഗങ്ങളെങ്കിലും സ്വതന്ത്ര കുര്‍ദിസ്താന്റെ ഒപ്പം നില്‍ക്കണമെന്ന്  കുര്‍ദുകളും ആഗ്രഹിക്കുന്നു. ഇറാഖി സേനയോടൊപ്പം കുര്‍ദിഷ് സൈന്യമായ പെഷമര്‍ഗയും ഈ യുദ്ധത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഇറാഖി സേനയെ ഏറ്റവുമധികം സഹായിക്കുന്നത് ഇറാനാണെന്നതും പരസ്യമാണ്. വിവിധ രാജ്യ തലസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഇറാനില്‍നിന്ന് ആരംഭിക്കുന്ന റോഡ്, വിശാല ശീഈ രാഷ്ട്രം തുടങ്ങിയ ഒട്ടേറെ ഗൂഢ ലക്ഷ്യങ്ങള്‍ ഇറാനുമുണ്ട്. ഒമ്പത് മാസം നീണ്ടുനിന്ന നിര്‍ണായകമായ പോരാട്ടത്തിനു പിറകില്‍ വ്യത്യസ്ത താല്‍പര്യങ്ങളെ പ്രതിനിധീകരിക്കുന്ന പല ശക്തികളെയും നമുക്ക് കാണാം.

ഇറാഖിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മൗസ്വിലില്‍ ആടിയും പാടിയും നഗരത്തിനു ചുറ്റും വാഹനമോടിച്ചുമാണ് സൈനികര്‍ വിജയം ആഘോഷിച്ചത്. വിജയമാഘോഷിക്കാന്‍ ജൂലൈ 11-ന് ഇറാഖിലുടനീളം ഭരണകൂടം അവധി പ്രഖ്യാപിച്ചിരുന്നു. ഇറാഖി പ്രധാനമന്തി ഹൈദര്‍ അല്‍അബാദി  മൗസ്വില്‍ നഗരത്തിലെത്തുകയും യുദ്ധവിജയം നേടിയ സൈനികരെ അഭിനന്ദിക്കുകയും ചെയ്തു. നേര്‍ക്കുനേരെയുള്ള പഴയ യുദ്ധരീതികളില്‍നിന്ന് വിഭിന്നമായി റിമോട്ട് കണ്‍ട്രോള്‍ യുദ്ധമുറകളാണ് ഇപ്പോള്‍ പ്രയോഗത്തിലുള്ളതെങ്കിലും കവലകള്‍ തോറും ഇഞ്ചോടിഞ്ച് പോരാടി തന്നെയാണ് സംയുക്ത സേന വിജയത്തിലെത്തിയത്. അവരുടെ പ്രധാന കേന്ദ്രമായിരുന്ന അല്‍ നൂരി വലിയ പള്ളി പിടിച്ചടക്കിയതോടെ ഐ.എസിന്റെ ശക്തി ക്ഷയിച്ചു. മൗസ്വിലിനെ തുടര്‍ന്ന് സിറിയയിലെ റഖയും ഐ.എസിന് ഉടന്‍ നഷ്ടമായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്

ഐ.എസ് പൂര്‍ണമായി നഗരം വിട്ടുവെന്ന് ഇപ്പോഴും തീര്‍ത്തുപറയാനാകില്ല. പടിഞ്ഞാറന്‍ മൗസ്വിലില്‍നിന്ന് 40-കിലോമീറ്റര്‍ അകലെയുള്ള തല്‍അഫാര്‍, കിര്‍കൂക്കിനടുത്ത ഹാവിജ എന്നീ പ്രദേശങ്ങള്‍ അനിശ്ചിതത്വത്തില്‍ തുടരുകയാണ്. ഹാവിജ അറബ് കുര്‍ദിഷ് അതിര്‍ത്തി തര്‍ക്കമുള്ള പ്രദേശമാണ്. അതിന്റെ കൂടി വിജയത്തോടെ മാത്രമേ ഇറാഖ് ഐ.എസില്‍നിന്ന് പൂര്‍ണ സ്വതന്ത്രമാവുകയുള്ളൂ. ഇറാഖി സൈന്യം ഈ സ്ഥലങ്ങള്‍ ലക്ഷ്യമാക്കി നീങ്ങിയിട്ടുമുണ്ട്. രാജ്യത്തിനകത്തെ ചില ഉള്‍നഗരങ്ങളില്‍ ഭീകര സ്വഭാവമുള്ള ചില വംശീയ ഗ്രൂപ്പുകള്‍ ഉടലെടുക്കുന്നുവെന്നതും അധികൃതര്‍ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.  രാജ്യത്ത് ഇപ്പോഴും നൂറുകണക്കിനാളുകള്‍ ഐ.എസ് വലയില്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്.

 

ഐ.എസ് മൗസ്വിലില്‍ 

ടാര്‍ഗറ്റ് ചെയ്തത്

ഐ.എസ് വെറുമൊരു ക്വട്ടേഷന്‍ സംഘമാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു അവരുടെ നീക്കങ്ങള്‍.  നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇസ്‌ലാമിക നാഗരികതയുടെ തലയെടുപ്പുള്ള ശേഷിപ്പുകളാണ് അവര്‍ ആദ്യം നശിപ്പിച്ചത്. വിലപിടിപ്പുള്ള പലതും കടത്തിക്കൊണ്ടുപോവുകയും ചെയ്തു. സാംസ്‌കാരിക പൈതൃകമായി ഉയര്‍ന്നുനിന്നിരുന്ന ഏതാണ്ട് 38 കെട്ടിടങ്ങള്‍ അവര്‍ കൃത്യമായി ടാര്‍ഗറ്റ് ചെയ്തിരുന്നു. അതില്‍ 20 എണ്ണം അതിവിശിഷ്ടമായ പൈതൃക മന്ദിരങ്ങളായിരുന്നു. പള്ളികള്‍, മദ്‌റസകള്‍, സ്മാരക മന്ദിരങ്ങള്‍, ശ്മശാനങ്ങളോട് ചേര്‍ന്ന കെട്ടിടങ്ങള്‍, ആശ്രമങ്ങള്‍, മത പഠന കേന്ദ്രങ്ങള്‍ എന്നിവയെല്ലാം തകര്‍ക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. മൗസ്വിലിലെത്തിയ ശില്‍പകലാ വിദഗ്ധര്‍, നൂറ്റാണ്ടുകളായി നിലനിന്നിരുന്ന അപൂര്‍വം സ്മാരകസൗധങ്ങളാണ് രാജ്യത്തിന് നഷ്ടപ്പെട്ടിരിക്കുന്നതെന്നും, ആശയപരമായ പ്രചോദനത്താല്‍ മനഃപൂര്‍വം ഐ.എസ് അവ നശിപ്പിക്കുകയായിരുന്നെന്നും വിലയിരുത്തുകയുായി. 

മൗസ്വില്‍ നഗരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും യുദ്ധം കൊണ്ട് തകര്‍ന്നു; അല്ലാത്തവ തീവെച്ച് നശിപ്പിച്ചു. സാധാരണക്കാരെ മനുഷ്യകവചങ്ങളായി മുന്നില്‍ നിര്‍ത്തി. കുട്ടികളുമായി കൂട്ടത്തോടെ രക്ഷപ്പെടുന്ന കുടുംബങ്ങള്‍ക്കിടയിലേക്ക് ആത്മഹത്യാ സ്‌ക്വാഡുകളെ അയച്ചു. മൗസ്വിലില്‍ യുദ്ധത്തിനിടെ 10-ലക്ഷത്തോളമാളുകളെ ഭരണകൂടത്തിനു മാറ്റിപ്പാര്‍പ്പിക്കേണ്ടിവന്നു. ആയിരക്കണക്കിനു സാധാരണക്കാരെയാണ് ഭീകരര്‍ കൊന്നൊടുക്കിയത്. നൂറുകണക്കിനു യുവതികളെ ബലാത്സംഗം ചെയ്തു. മനോനില തെറ്റിയവരും ആക്രമണങ്ങളില്‍ അംഗവിഛേദം സംഭവിച്ചവരുമായി നൂറുകണക്കിനാളൂകള്‍. മാര്‍ച്ച് വരെയുള്ള യു.എന്‍ കണക്കുകള്‍ പ്രകാരം മൗസ്വിലില്‍ യുദ്ധക്കളത്തിലിറങ്ങിയ 774 ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 4600-ഓളം പേര്‍ക്ക് പരിക്കേറ്റു. 15000-ത്തോളം സാധാരണ പൗരന്മാര്‍ അതിര്‍ത്തി പ്രദേശങ്ങളിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ആയിരക്കണക്കിനാളുകള്‍ ചുറ്റുവട്ടങ്ങളിലെ ക്ലിനിക്കുകളിലും അടിയന്തര ചികിത്സാ കേന്ദ്രങ്ങളിലുമുണ്ട്. യു.എന്‍ നടത്തിയ സാറ്റ്‌ലൈറ്റ് സര്‍വേ പ്രകാരം 4500 കെട്ടിടങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നിരിക്കുന്നു. എന്നാല്‍ 2014-ന്റെ തുടക്കം മുതല്‍ ഇറാഖില്‍ ആകെ 5 യു.എസ് സൈനികരാണ് കൊല്ലപ്പെട്ടത്. കിഴക്കു ഭാഗത്ത് 15 താമസ കേന്ദ്രങ്ങളില്‍ 32,000 വീടുകളെങ്കിലും തകര്‍ന്നിട്ടുണ്ട്. പടിഞ്ഞാറന്‍ മൗസ്വിലില്‍ 54 താമസ കേന്ദ്രങ്ങളില്‍ പകുതിയെങ്കിലും പൂര്‍ണമായും ബാക്കിയുള്ളവ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. 750-ലധികം സ്‌കൂളുകളും 10 യൂനിവേഴ്‌സിറ്റികളും പുനഃസ്ഥാപിക്കേണ്ടിവരും.

മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ ഇറാഖില്‍നിന്ന് 40 ലക്ഷത്തോളം ആളുകള്‍ നാടുവിട്ടിരുന്നു. ഇതുവരെ 20 ലക്ഷത്തോളം ആളുകളെയാണ് തിരിച്ചുകൊണ്ടുവരാന്‍ ഭരണകൂടത്തിനു സാധിച്ചത്. 

 

വെല്ലുവിളികള്‍

സദ്ദാം പുറത്താക്കപ്പെട്ട ശേഷം ഇറാഖ്  തികഞ്ഞ അസ്ഥിരതയിലും വംശീയതയുടെയും വിഭാഗീയതയുടെയും  കരാള ഹസ്തങ്ങളിലുമായിരുന്നു. അറബികളും കുര്‍ദുകളും തുര്‍ക്കുമാനികളും യസീദികളും നൂറ്റാണ്ടുകളായി ഒന്നിച്ച് താമസിച്ചിരുന്ന മൗസ്വില്‍ നഗരം ഇന്ന് ഐ.എസില്‍നിന്ന് സ്വതന്ത്രമായെങ്കിലും കടുത്ത അനിശ്ചിതത്വമാണ് മുന്നില്‍. മൗസ്വില്‍ ആക്രമണത്തിനു ശേഷം വിഭാഗീയ ചേരിതിരിവുകള്‍ മറനീക്കി പുറത്തുവന്നു. ഇറാന്റെ സഹായത്തോടെ ശീഈ മിലീഷ്യകള്‍ രാജ്യത്ത് പിടിമുറുക്കി. സുന്നികളെ രാജ്യത്തു നിന്ന് ഇല്ലായ്മ ചെയ്യാനും ശ്രമങ്ങളുണ്ടായി. കുര്‍ദിഷ് സേനയുടെ സഹായത്തോടെയാണ് തെല്ലെങ്കിലും സുന്നികള്‍ക്ക് പിടിച്ചുനില്‍ക്കാനായത്. രാജ്യം പൂര്‍വസ്ഥിതിയിലേക്ക് വരുമ്പോള്‍ എല്ലാ വിഭാഗങ്ങളെയും ഒരുപോലെ സ്വാഗതം ചെയ്യാന്‍ സാധിക്കുമോ എന്ന ചോദ്യം ബാക്കിയാവുന്നു. മൗസ്വില്‍ വിജയ പ്രഖ്യാപനവേളയില്‍ പോലും ഇറാഖിന്റെ പതാകക്കൊപ്പം ഭരണകൂടത്തെ പ്രതിനിധീകരിക്കുന്ന ശീഈ വിഭാഗത്തിന്റെ പതാക കൂടി അവിടെ നാട്ടിയിരുന്നുവെന്നത് ഭാവിയത്ര ശുഭകരമല്ലെന്നതിന്റെ സൂചനയാണ്. അതുകൊണ്ടു തന്നെയാണ് സുന്നി വിഭാഗങ്ങള്‍ മൗസ്വിലിലേക്ക് തിരിച്ചുവരുമോ എന്ന സംശയം ഇപ്പോഴും ബാക്കിനില്‍ക്കുന്നത്. സുന്നി സമൂഹത്തിന് അവരുടെ സ്വദേശത്തേക്ക് പൂര്‍വസ്ഥിതിയില്‍ തിരിച്ചുവരാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭീകര പ്രവണതകള്‍ വീും ശക്തിപ്പെടുമെന്ന വിലയിരുത്തലുകളുണ്ട്. 

 

പുനരധിവാസത്തിന്റെ പരിമിതികള്‍

100 ബില്യന്‍ (1000 കോടി) ഡോളര്‍ ഉണ്ടെങ്കിലേ അഞ്ചു വര്‍ഷം കൊണ്ട് നഗരത്തെ രണ്ട് പ്രവിശ്യകളിലുമായി പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂവെന്ന് മൗസ്വില്‍ മുന്‍ ഗവര്‍ണര്‍ പറയുന്നു. മൗസ്വിലിന്റെ കിഴക്കന്‍ പ്രവിശ്യയില്‍ ഒന്നര ലക്ഷമാളുകള്‍ തിരിച്ചെത്തി. അവര്‍ക്ക് വെള്ളവും വെളിച്ചവും ലഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുങ്കെിലും പുനരധിവാസത്തിനുള്ള കൃത്യമായ പദ്ധതികള്‍ ഇനിയും ആയിട്ടില്ല.  പടിഞ്ഞാറന്‍ പ്രവിശ്യയില്‍ സ്ഥിതി വളരെ മോശമാണ്. പല പ്രദേശങ്ങളും ചതുപ്പുനിലങ്ങളാണ്. കിഴക്കിനേക്കാള്‍ എത്രയോ ഇരട്ടിയാണ് ഈ പ്രദേശങ്ങളിലെ നാശനഷ്ടങ്ങള്‍. മൗസ്വിലില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മാത്രം പുനഃസ്ഥാപിക്കാന്‍ ഏറ്റവും ചുരുങ്ങിയത് നൂറുകോടി ഡോളറെങ്കിലും ആവശ്യമായി വരുമെന്നാണ് ഐക്യരാഷ്ട്ര സഭ കണക്കുകൂട്ടുന്നത്.

കേടുപാടില്ലാത്ത ഒരു കെട്ടിടവും ബാക്കിയില്ല എന്നതാണ് സ്ഥിതി. ചിലയിടങ്ങള്‍ വെറും കരിങ്കല്‍ കൂനകള്‍ മാത്രമാണ് ബാക്കിയാക്കിയത്. പൊതുനിരത്തുകള്‍, ആശുപത്രികള്‍, വിദ്യാലയങ്ങള്‍, മറ്റു പൊതു സ്ഥാപനങ്ങള്‍ എന്നീ  മുന്‍ഗണനയില്‍ കാര്യങ്ങള്‍ നീക്കിയാല്‍ തന്നെ ഇവ പുനഃസ്ഥാപിക്കുന്നതിന് എത്ര കോടി ചെലവഴിക്കേണ്ടിവരുമെന്ന് ആര്‍ക്കും പറയാനാവുന്നില്ല. ഇറാഖിന് അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം കൂടിയേ തീരൂ. കുവൈത്ത്, സുഊദി പോലുള്ള അറബ് രാജ്യങ്ങളും ചില യൂറോപ്യന്‍ രാജ്യങ്ങളും ഇതിനകം സഹായങ്ങള്‍ വാഗ്ദാനം ചെയ്തുവെന്നത് ഇറാഖിന് ഏറെ ആശ്വാസമേകിയിട്ടുണ്ട്. അന്താരാഷ്ട്ര ഏജന്‍സികളും സഹായിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇറാഖി ഭരണകൂടം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (160 - 169)
എ.വൈ.ആര്‍