Prabodhanm Weekly

Pages

Search

2017 ജൂലൈ 28

3011

1438 ദുല്‍ഖഅദ് 04

തിരിച്ചറിവുകള്‍ തന്ന ജോര്‍ദാന്‍ യാത്ര

ഡോ. കെ. ജാബിര്‍

2017 ഏപ്രില്‍ 10-ന് ഇസ്‌ലാമിക ചരിത്രഭൂമികളെ ലക്ഷ്യമാക്കി കേരളത്തില്‍നിന്ന് പുറപ്പെട്ട അമ്പതു പേരുടെ സംഘത്തില്‍ ഈയുള്ളവനും ഉണ്ടായിരുന്നു. ചരിത്ര പ്രാധാന്യമുള്ളതും അല്ലാത്തതുമായ നാടുകളിലേക്ക് യാത്ര പുറപ്പെടുന്ന ശീലം ഇന്ന് മലയാളികള്‍ക്കിടയില്‍ ഏറിവരുന്നുണ്ട്. ഞങ്ങളുടേതു തന്നെ ആ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ മുപ്പത്തിനാലാമതു സംഘമായിരുന്നു. വായനക്കാരിലെ വലിയൊരു വിഭാഗം കണ്ടിട്ടുള്ള സ്ഥലങ്ങളിലൂടെയുള്ള യാത്രയുടെ കേവല വിവരണത്തിന് ഒരു പ്രസക്തിയുമില്ല.  സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന അത്തരം സംഘങ്ങളുടെ യാത്രാനുഭവങ്ങള്‍ക്ക് ഒരു പുതുമയും സൃഷ്ടിക്കാനാവില്ല. എന്നാല്‍, ചരിത്രഭൂമികളില്‍ ചില തിരുത്തലുകളും സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ചില തിരിച്ചറിവുകളും പകര്‍ന്നുതന്ന യാത്രയെന്ന നിലക്കാണ് ഈ അനുഭവവിവരണം. ജോര്‍ദാന്‍, ഇസ്രയേല്‍, ഫലസ്ത്വീന്‍ എന്നീ പശ്ചിമേഷ്യന്‍ രാജ്യങ്ങളും ഈജിപ്തുമായിരുന്നു ഞങ്ങളുടെ യാത്രാ ലക്ഷ്യം.

ഷാര്‍ജ ഇന്റര്‍നാഷ്‌നല്‍ എയര്‍പോര്‍ട്ടില്‍നിന്ന് പറന്നുയര്‍ന്ന എയര്‍ അറേബ്യ വിമാനം അര്‍റുബ്ഉല്‍ ഖാലി മരുഭൂമി താണ്ടിക്കടന്നതോടെ ജോര്‍ദാനിന്റെ പച്ചപ്പ് ദൃശ്യമായിത്തുടങ്ങി. ഒരു കോടി ജനസംഖ്യയുള്ള ഈ രാജ്യത്തിന്റെ 20 ശതമാനത്തിലധികവും 1948 മുതല്‍ വിവിധ ഘട്ടങ്ങളിലായി ഫലസ്ത്വീനില്‍നിന്ന് അഭയാര്‍ഥികളായെത്തിയ കുടിയേറ്റ സമൂഹമാണ്. ഇവിടെ ടൂര്‍ ഗൈഡായി ഞങ്ങളെ അനുഗമിച്ച അഹ്മദിന്റെ പിതാവും ഫലസ്ത്വീനില്‍നിന്ന് അഭയാര്‍ഥിയായി എത്തിയവരില്‍ ഒരാളാണ്. ഇപ്പോള്‍ സിറിയയില്‍നിന്നുള്ള വലിയൊരു വിഭാഗവും ഇവിടെ അഭയാര്‍ഥികളായുണ്ട്. രണ്ടാം ഗള്‍ഫ് യുദ്ധവേളയില്‍ പത്തുലക്ഷത്തോളം പേര്‍ ഇറാഖില്‍നിന്ന് ഇവിടെ അഭയം തേടിയെത്തിയിരുന്നു. എന്നാല്‍ അവരെല്ലാം പ്രശ്‌നങ്ങള്‍ കെട്ടടങ്ങിയതോടെ തിരിച്ചുപോയി. ജോര്‍ദാനിലും ഇസ്രയേലിലും ഫലസ്ത്വീനിലും മറ്റുമായി പരിചയപ്പെട്ട ഫലസ്ത്വീനികളോട് ഞങ്ങളുടെ യാത്രാലക്ഷ്യങ്ങളില്‍ മസ്ജിദുല്‍ അഖ്‌സ്വായിലെ ജുമുഅ നമസ്‌കാരവും ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അവരില്‍നിന്നുയര്‍ന്ന നെടുവീര്‍പ്പിന്റെ ചൂട് ഇപ്പോഴും മുഖത്തടിക്കുന്നു. ഖുദ്‌സിന്റെ ചാരത്ത് വസിക്കുന്ന അവര്‍ക്ക് ഇന്നും ആ ജുമുഅയും ലോകത്ത് വന്ന സകല പ്രവാചകന്മാര്‍ക്കും ഇമാമായി മുഹമ്മദ് നബി നമസ്‌കരിച്ചേടത്തുള്ള സുജൂദും വിലക്കപ്പെട്ട കനിയായി അവശേഷിക്കുകയാണല്ലോ.

ജോര്‍ദാനിലെത്തുന്ന ടൂറിസ്റ്റുകള്‍ സാധാരണയായി സന്ദര്‍ശിക്കാത്ത ഒരു സ്ഥലം ഞങ്ങളുടെ ടൂര്‍ ഐറ്റിനറി(യാത്രാവിശദാംശങ്ങള്‍)യില്‍ സ്ഥലം പിടിച്ചിരുന്നു. ഖലീഫ ഉമറിന്റെ ഭരണകാലത്ത് ഖാലിദുബ്‌നുല്‍ വലീദിന്റെ നേതൃത്വത്തിലുള്ള മുസ്‌ലിം സൈന്യം ശാം പ്രദേശങ്ങളില്‍നിന്ന് (ഇന്നത്തെ സിറിയ, ലബനാന്‍, ജോര്‍ദാന്‍, ഫലസ്ത്വീന്‍, ജൂതന്മാര്‍ അധിനിവേശം നടത്തിയ പ്രദേശങ്ങള്‍) റോമന്‍ സൈന്യത്തെ കെട്ടുകെട്ടിച്ച ചരിത്രപ്രസിദ്ധ പോരാട്ടത്തിന് സാക്ഷിയായ യര്‍മൂക്ക് യുദ്ധക്കളമായിരുന്നു അത്. ജോര്‍ദാനിന്റെ ഭാഗമല്ല ഇന്ന് യര്‍മൂക്ക് യുദ്ധക്കളം. വടക്കേ അറ്റത്ത് ഇസ്രയേലുമായും സിറിയയുമായും ജോര്‍ദാന്‍ അതിര്‍ത്തി പങ്കിടുന്ന ജൂലാന്‍ കുന്നുകളിലൊന്നിന്റെ താഴ്‌വരയാണ് യര്‍മൂക്ക് യുദ്ധക്കളം. അവിടെ യര്‍മൂക്ക് നദിയുടെ ഓരത്ത് പച്ചപിടിച്ച് കിടക്കുന്ന മനോഹരമായ ഒരു താഴ്‌വര. ജോര്‍ദാനിന്റെ അതിര്‍ത്തിയില്‍ പോയി നിന്നാല്‍ അത് വ്യക്തമായി കാണാം. മക്കയില്‍ ഇസ്‌ലാമിന്റെ ബദ്ധശത്രുവായിരുന്ന അബൂജഹ്‌ലിന്റെ മൂന്ന് ഉറ്റബന്ധുക്കള്‍ ഇസ്‌ലാമിനുവേണ്ടി വീരരക്തസാക്ഷ്യം വരിച്ച മണ്ണാണത്. അബൂജഹ്‌ലിന്റെ പുത്രന്‍ ഇക്‌രിമഃ, അനുജന്‍ സലമതു ബ്‌നു ഹിശാം, അര്‍ധസഹോദരന്‍ അയ്യാശ് (റ) എന്നിവര്‍ രക്തസാക്ഷികളായി കിടക്കുന്നതു കണ്ട് സൈന്യാധിപന്‍ ഖാലിദ് അന്ന് പറയുകയുണ്ടായി: ലോകാന്ത്യം വരെ യര്‍മൂക്ക് വഴി കടന്നുപോകുന്ന ഓരോ മുസ്‌ലിമും പറയും, 'ശാമിലെ ഇസ്‌ലാമിക വിജയങ്ങള്‍ക്ക് നാന്ദി കുറിച്ചത് ഇവിടെയാണ്. അതിന് ചുക്കാന്‍ പിടിച്ചത് നിങ്ങള്‍ മൂന്നു പേരുമായിരുന്നു, നിങ്ങള്‍ക്ക് സലാം.' അവിടെച്ചെന്ന് ഖാലിദുബ്‌നുല്‍ വലീദ്(റ) പറഞ്ഞതു പ്രകാരം ആ മഹാപുരുഷന്മാരോട് സലാം പറഞ്ഞപ്പോള്‍ ഞങ്ങളും ചരിത്രത്തിന്റെ ഭാഗമാകുന്നതുപോലെ അനുഭവപ്പെട്ടു.

 

ഇരുട്ട് മാത്രം പകര്‍ന്ന് ഒരു ഗുഹ

ജോര്‍ദാനിലെ ഞങ്ങളുടെ മറ്റൊരു ലക്ഷ്യം, ഖുര്‍ആനിലെ അല്‍കഹ്ഫ് അധ്യായത്തില്‍ വിശദമായി കൈകാര്യം ചെയ്യപ്പെട്ടിട്ടുള്ള ഗുഹാവാസികളുടെ ഗുഹ ആയിരുന്നു. അമ്മാന്‍ പട്ടണത്തിന് സമീപം, കിഴക്കുപടിഞ്ഞാറ് ദിശയില്‍ കിടക്കുന്ന ഒരു മലയുടെ തെക്കന്‍ ചെരിവിലാണ് ഞങ്ങള്‍ കണ്ട ഗുഹ സ്ഥിതി ചെയ്യുന്നത്. അതിന് സമീപം അഹ്‌ലുല്‍കഹ്ഫ് മസ്ജിദും കണ്ടു. മലയുടെ തെക്കന്‍ചെരിവില്‍ സ്ഥിതിചെയ്യുന്ന ഗുഹയുടെ മുഖം സ്വാഭാവികമായും തെക്കോട്ടാണ്. അവിടെയുള്ളത് യഥാര്‍ഥത്തില്‍ ഒരു ഗുഹയല്ലെന്നു മാത്രമല്ല, പണിതുണ്ടാക്കിയ കെട്ടിടമാണെന്നും വ്യക്തമാണ്. അതിനകത്ത്, ചുമരുകളും കമാനാകൃതിയിലുള്ള മച്ചുകളും ഖബ്‌റുകളായി വ്യാഖ്യാനിക്കപ്പെടുന്ന കുറേ തിണ്ണകളും ഉണ്ട്. ഈ കെട്ടിടം പണിതത് സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയാണെന്നും അവിടെയുള്ള തിണ്ണകളിലൊന്നിന്റെ വശത്ത് കാണപ്പെടുന്ന ചിഹ്നം റോമാക്കാരുടെ ഔദ്യോഗിക ചിഹ്നമാണെന്നും അവിടത്തെ ഔദ്യോഗിക ടൂറിസ്റ്റ് ഗൈഡ് വിശദീകരിച്ചു. ആ തിണ്ണകളിലൊന്നിന്റെ വശം പൊളിച്ച് കുറേ അസ്ഥികള്‍ അതിനകത്ത് കൂട്ടിയിട്ടിരിക്കുന്നു. ആ തിണ്ണക്കു മുകളില്‍ ഒരു ദീര്‍ഘചതുരാകൃതിയിലുള്ള കല്ല് പൊക്കിവെച്ചിട്ടുണ്ട്. അതിന്മേല്‍ അവ്യക്തമായ അറബിലിപിയില്‍ എന്തൊക്കെയോ കോറിയിട്ടിരിക്കുന്നു, അമ്മികൊത്തുന്ന ഉളി കൊണ്ട് കുത്തി വരഞ്ഞ പോലെ. ആ എഴുത്ത് ഒരു ആശയവും വിനിമയം ചെയ്യുന്നില്ല. അതിന്റെ എതിര്‍വശത്തായി, ചില്ലുകൂട്ടില്‍ ഒരു നായയുടെ തലയുടെയും മറ്റും അസ്ഥിശകലങ്ങള്‍ പ്രദര്‍ശനത്തിനു വെച്ചിട്ടുണ്ട്. എന്നാല്‍ അറിയേണ്ടത് മറ്റൊരു കാര്യമായിരുന്നു. ഗുഹയുടെ കവാടം എങ്ങോട്ടു തുറക്കുന്നുവെന്നു ഞാന്‍ ഗൈഡിനോട് ചോദിച്ചു. രൂക്ഷമായ നോട്ടത്തോടെ അയാള്‍ തെക്കോട്ടു തന്നെയെന്ന് ചൂണ്ടിക്കാട്ടി. ആ ഗുഹയുടെ സാധുത വിശകലനം ചെയ്യുമ്പോള്‍ ഒന്നാമതായി പരിശോധിക്കേണ്ട കാര്യം അതായിരുന്നു.

അല്‍കഹ്ഫ് അധ്യായത്തിലെ പതിനേഴാം സൂക്തത്തില്‍ സൂര്യന്റെ ഉദയാസ്തമയങ്ങള്‍ ചിത്രീകരിച്ചുകൊണ്ട് ഗുഹയുടെ കിടപ്പ് അല്ലാഹു വ്യക്തമാക്കിത്തരുന്നുണ്ട്. ''സൂര്യന്‍ ഉദിക്കുമ്പോള്‍ ഗുഹയുടെ വലതുഭാഗത്ത് അത് വ്യതിചലിച്ചു ഉയര്‍ന്നുപൊങ്ങുന്നതായും അസ്തമിക്കുമ്പോള്‍ അവരെ ഒഴിവാക്കി ഇടത്തുമാറി താഴുന്നതായും നിനക്കു കാണാം. അവരാ ഗുഹയുടെ നടുമുറ്റത്താണുള്ളത്. അത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതത്രെ. അല്ലാഹു ആര്‍ക്ക് വഴികാണിച്ചുവോ അവനത്രെ സന്മാര്‍ഗം പ്രാപിച്ചവന്‍. അവന്‍ ആരെയെങ്കിലും വഴികേടിലാക്കിയാല്‍ അവനെ നേര്‍വഴിയിലാക്കാന്‍ കഴിയുന്ന ഒരു രക്ഷാധികാരിയെയും നീ കണ്ടെത്തുകയില്ലതന്നെ.'' ഗുഹയുടെ വലതുഭാഗത്ത് സൂര്യന്‍ ഉദിക്കുകയും ഇടതുഭാഗത്ത് സൂര്യന്‍ അസ്തമിക്കുകയും ചെയ്യണമെങ്കില്‍ ഗുഹാമുഖം വടക്കോട്ടായിരിക്കേണ്ടതുണ്ട്. മൂന്നൂറുവര്‍ഷം നീണ്ടുനില്‍ക്കുന്ന അവരുടെ നിദ്രയില്‍ സൂര്യപ്രകാശം ലഭിക്കുകയും വെയിലേല്‍ക്കാതിരിക്കുകയും ചെയ്യുംവിധമുള്ള ഒരു ഗുഹയിലേക്ക് അവരെ എത്തിച്ചത് തന്റെ ദൃഷ്ടാന്തങ്ങളിലൊന്നായി അല്ലാഹു എടുത്തു പറയുന്നു. പ്രാചീനവും ആധുനികവുമായ ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥങ്ങളിലെല്ലാം ഗുഹാവാസികളുടെ ഗുഹയുടെ കിടപ്പ് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അവയില്‍ സമഖ്ശരി, റാസി, ഖുര്‍ത്വുബി, ഇബ്‌നു കസീര്‍, ശൗകാനി, ഇബ്‌നുല്‍ജൗസി, നസഫി, ഖാസിന്‍, ത്വബ്‌റാനി, ആലൂസി തുടങ്ങിയ പ്രാചീന ഖുര്‍ആന്‍ വ്യാഖാതാക്കളുടെ തഫ്‌സീറുകളിലും ഇബ്‌നു ആശൂര്‍, ശന്‍ഖീത്വി, മുഹമ്മദ് സയ്യിദ് ത്വന്‍ത്വാവി, സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി തുടങ്ങിയ ആധുനിക ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ തഫ്‌സീറുകളിലും ആ ഗുഹയുടെ മുഖം വടക്കോട്ടായിരുന്നുവെന്ന് പറഞ്ഞിട്ടുണ്ട്. ആ നിരീക്ഷണത്തില്‍ അവര്‍ ഇബ്‌നു അബ്ബാസി(റ)നെയും സഈദു ബ്‌നു ജുബൈറി(റ)നെയും ഉദ്ധരിക്കുന്നുമുണ്ട്. അതിലുപരിയായി, അവരുടെ ഗുഹാമുഖം ഉത്തരധ്രുവത്തിനു മുകളിലായി, ഒരു കുഴിഞ്ഞ സ്പൂണിന്റെ ആകൃതിയില്‍ സദാ പ്രത്യക്ഷപ്പെടുന്ന ‘ബനാതു നഅ്ശ്’ (സപ്തര്‍ഷികള്‍ /Seven Sisters= pleiades)  എന്ന് അറബിയില്‍ അറിയപ്പെടുന്ന ഏഴ് നക്ഷത്രങ്ങളടങ്ങുന്ന കൂട്ടത്തെ അഭിമുഖീകരിക്കുന്നതായിരുന്നുവെന്ന് സമഖ്ശരി, ഖുര്‍ത്വുബി, ഇബ്‌നുല്‍ ജൗസി, നസഫി, ഖാസിന്‍, ആലൂസി, ശന്‍ഖീത്വി എന്നിവരുടെ തഫ്‌സീറുകളില്‍ കാണാം. ഗുഹാമുഖം വടക്കോട്ടായിരുന്നുവെന്ന യാഥാര്‍ഥ്യത്തിന് ഈ വസ്തുനിഷ്ഠ നിരീക്ഷണങ്ങള്‍ അടിവരയിടുന്നു.

ഗുഹക്കകത്ത് അവര്‍ കഴിച്ചുകൂട്ടിയത് അതിന്റെ നടുമുറ്റത്താ(ഫജ്‌വഃ)യിരുന്നു. ഫജ്‌വഃ എന്ന അറബിപദം രണ്ടതിരുകള്‍ക്കിടയിലെ വിശാലമായ ഇടം, മുറ്റം, മൈതാനം(സാഹഃ) എന്നീ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഞങ്ങള്‍ കണ്ട ഗുഹയുടെ ഉള്‍വശത്തെ നീളവും വീതിയെുമെല്ലാം മൂന്നോ നാലോ മീറ്ററില്‍ കൂടുതല്‍ ഇല്ല. ഫജ്വഃ എന്ന അറബിപദം ഉള്‍ക്കൊള്ളുന്ന വിശാലത ഏതായാലും ആ ഗുഹക്കില്ല. പിന്നെ, ആ ഗുഹക്കു മുകളില്‍ കാണുന്ന കെട്ടിടം സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി നിര്‍മിച്ചതാണെന്നായിരുന്നല്ലോ ആ ടൂറിസ്റ്റ്് ഗൈഡിന്റെ മറ്റൊരു അവകാശവാദം. ഗുഹാവാസികളുടെ ഗുഹയാണെന്ന് തിരിച്ചറിഞ്ഞു കഴിയുമ്പോഴാണല്ലോ അതിനു മുകളില്‍ കെട്ടിടം പണിയാന്‍ സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി കല്‍പ്പന കൊടുത്തിട്ടുണ്ടാവുക. എന്നാല്‍, ഇത് അസ്വ്ഹാബുല്‍ കഹ്ഫിന്റെ ഗുഹയാണെന്ന വാദം ആദ്യം ഉയര്‍ത്തിയത് 1963-ല്‍ പുരാവസ്തു ശാസ്ത്രജ്ഞനായ റഫീഖ് വഫാ ദജാനിയാണെന്ന്  ജോര്‍ദാനിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. അതോടെ, സലാഹുദ്ദീന്‍ അയ്യൂബി പണി കഴിപ്പിച്ചതാണ് ആ കെട്ടിടമെന്ന വാദത്തിന് നിലനില്‍പ്പില്ലാതെയാകുന്നു. പിന്നെ, സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ നിര്‍മിതികളുടെ ഒരു ടച്ചും ആ ഗുഹാകെട്ടിടത്തിനില്ലതാനും. പിന്നെ, ഇബ്‌നുകസീറിന്റെ തഫ്‌സീറില്‍ അഹ്‌ലുല്‍ കഹ്ഫിന്റെ വാസസ്ഥലം താന്‍ ജീവിക്കുന്ന കാലംവരെയും കണ്ടെത്തിയിട്ടില്ലെന്ന് എടുത്തു പറയുന്നുണ്ട്. സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ കാലശേഷം രണ്ടു നൂറ്റാണ്ടു കഴിഞ്ഞാണ് ഇബ്‌നുകസീര്‍ ജീവിച്ചത്. അതാകട്ടെ, അമ്മാനില്‍നിന്ന് അധികമൊന്നും അകലെയല്ലാത്ത ബുസ്വ്‌റാ എന്ന സിറിയന്‍ പട്ടണത്തിലും. ഗുഹാവാസികളുടേതായി ഒരു ഗുഹ അന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ടെങ്കില്‍ അങ്ങനെയൊരു പ്രസ്താവന അദ്ദേഹം നടത്തുമായിരുന്നില്ല. അവിടെ റോമക്കാരുടെ ചിഹ്നമാണെന്ന് വിശദീകരിക്കപ്പെട്ട എട്ട് അഗ്രങ്ങളുള്ള നക്ഷത്ര (octagram) ത്തിന്റെ നിജഃസ്ഥിതി അന്വേഷിച്ചപ്പോഴാകട്ടെ, ആ ചിഹ്നത്തിന് റോമാക്കാരുമായി ഒരു ബന്ധവുമില്ലെന്ന് മനസ്സിലായി. ഒരു കാലഘട്ടത്തിലും ആ ചിഹ്നം ഒരു റോമന്‍ പ്രതീകമായിരുന്നില്ല. ആ ചിഹ്നത്തോട് സാമ്യമുളള ഒരേയൊരു ചിഹ്നം കാണപ്പെടുന്നത് അഷ്ഠലക്ഷ്മിയുടെ നക്ഷത്രമെന്ന പേരില്‍ ഭാരതീയ പാരമ്പര്യങ്ങളിലാണ്. അതാകട്ടെ, കെട്ടുപിണഞ്ഞുകിടക്കുന്ന നക്ഷത്രമാണ്. എന്നാല്‍, ആ ഗുഹയില്‍ കണ്ടതാകട്ടെ, ഒന്നിനുമുകളില്‍ അല്‍പ്പം തെറ്റിച്ച് അടുക്കിവെച്ച രണ്ടു സമചതുരങ്ങളാണ്. അപ്പോള്‍, അവിടെയുള്ള ആ ചിഹ്നവും കെട്ടിടവും മറ്റെന്തിന്റെയോ ശേഷിപ്പ് ആകാനാണ് സാധ്യതയെന്ന് അനുമാനിക്കുകയല്ലാതെ നമുക്ക് വേറെ നിവൃത്തിയില്ല. 

ഗുഹാവാസികള്‍ ഉറക്കമുണര്‍ന്ന് തദ്ദേശവാസികള്‍ അവരെ തിരിച്ചറിഞ്ഞ ശേഷം വൈകാതെ തന്നെ അവര്‍ മരണത്തെ പുല്‍കി. അനന്തരം, അവര്‍ക്കിടയില്‍ സത്യവിശ്വാസികളായ വിഭാഗം ഒരു മതില്‍ പണിത് ആ ഗുഹാമുഖം അടച്ചുകളയണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍, അധികാരത്തിന്റെ പിന്‍ബലമുണ്ടായിരുന്ന വിഭാഗം അവരുടെ ഖബ്‌റുകള്‍ക്കു/ഗുഹക്കു മീതെ ഒരു മസ്ജിദ് നിര്‍മിക്കാമെന്ന് അഭിപ്രായപ്പെട്ടു. (അല്‍കഹ്ഫ് 21-ാം സൂക്തം കാണുക). സ്വാഭാവികമായും രണ്ടാം വിഭാഗത്തിന്റെ അഭിപ്രായമായിരിക്കുമല്ലോ നടപ്പാക്കപ്പെട്ടിട്ടുണ്ടായിരിക്കുക. ഖബ്‌റുകള്‍ക്ക്/ ഗുഹക്കു മീതെ മസ്ജിദ് നിര്‍മിക്കുകയെന്നതിനര്‍ഥം, ഖബ്‌റുകള്‍ക്കോ ഗുഹക്കോ മീതെ മേല്‍ക്കൂര പണിയും എന്നല്ല. മറിച്ച്, ഖബ്‌റുകള്‍ താഴെ നിലവറയില്‍ വരുന്ന വിധം ഒന്നാംനില പണിത് അത് പ്രാര്‍ഥനക്കുള്ള ഇടമാക്കും എന്നാണ്. ഫലസ്ത്വീനിലെ അല്‍ഖലീല്‍(ഹെബ്രോണ്‍) പട്ടണത്തില്‍ സ്ഥിതിചെയ്യുന്ന ഇബ്‌റാഹീമീ മസ്ജിദ് അത്തരത്തിലുള്ള ഒന്നാണ്. ഇബ്‌റാഹീം(അ), പത്‌നി സാറ, പുത്രന്‍ ഇസ്ഹാഖ്(അ) തുടങ്ങിയവരുടെയൊക്കെ ഖബ്‌റുകള്‍ സ്ഥിതി ചെയ്യുന്ന ഒരു ഗുഹക്കു മുകളിലാണ് ആ മസ്ജിദ് സ്ഥിതി ചെയ്യുന്നത്.  എന്നാല്‍, അത്തരം ഒരു മസ്ജിദിന്റെയോ ആരാധനാലയത്തിന്റെയോ അവശിഷ്ടങ്ങളോ ശേഷിപ്പുകളോ ഒന്നുംതന്നെ ഈ പരാമൃഷ്ട ഗുഹക്കു മുകളില്‍ ഇല്ല. ചുരുക്കത്തില്‍, അമ്മാന്‍ പട്ടണത്തിലുള്ളതും ഗുഹാവാസികളുടെ പേരില്‍ ആരോപിക്കപ്പെടുന്നതുമായ ഗുഹ(കെട്ടിടം), ഗുഹാവാസികള്‍ മുന്നൂറു കൊല്ലം കഴിച്ചുകൂട്ടിയ ഗുഹയാണെന്ന് വിശ്വസിക്കാന്‍ ഒരു തെളിവുമില്ല. അതേസമയം, ഗുഹാവാസികളുടെ ഗുഹ തുര്‍ക്കിയിലും യമനിലും കണ്ടെത്തപ്പെട്ടിട്ടുണ്ടെന്ന ഒരു വിവരവും ഇന്റര്‍നെറ്റിലുണ്ട്. ഇനി, ജോര്‍ദാനില്‍ തന്നെയാണ് ആ ഗുഹയെങ്കില്‍ അത് ഇനിയും അന്വേഷിച്ച് കണ്ടെത്തേണ്ടതായിട്ടാണിരിക്കുന്നത്. ഒരു അസത്യത്തെ നാം സത്യമായി വാഴ്ത്തുമ്പോള്‍ യഥാര്‍ഥ സത്യത്തെ നാം നഷ്ടപ്പെടുത്തുകയാണെന്ന് ഓര്‍ക്കുക. എന്നാല്‍, ഒരുപാട് പണം ചെലവിട്ട് ആ ഗുഹക്കുവേണ്ടി ഉത്ഖനനം നടത്തുന്നതിനോടും ഈ ലേഖകന് യോജിപ്പില്ല. ഖുംറാന്‍ മലകളിലൊന്നിന്റെ ചെരിവില്‍നിന്ന് ചാവുകടല്‍ ചുരുളുകള്‍ ലഭിച്ചതുപോലെ തികച്ചും യാദൃഛികമായി അത് കണ്ടെത്തപ്പെടുകയാണെങ്കില്‍ അതുമതി. കാരണം, ടൂറിസത്തിന് മുതല്‍ക്കൂട്ടാകുമെന്നതിനപ്പുറം അത് കണ്ടെത്തപ്പെടുന്നതിലും ആയിടം സന്ദര്‍ശിക്കുന്നതിലും ഒരു പുണ്യവും ഇസ്‌ലാം കല്‍പ്പിച്ചിട്ടില്ലല്ലോ. എന്നാല്‍, അയഥാര്‍ഥമായ ഒരു ഗുഹയെ അഹ്‌ലുല്‍ കഹ്ഫിന്റെ ഗുഹയായി അവതരിപ്പിക്കുന്നത് ടൂറിസത്തെ പോഷിപ്പിച്ചേക്കാമെങ്കിലും ഇസ്‌ലാമികദൃഷ്ട്യാ വലിയ അപരാധമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (160 - 169)
എ.വൈ.ആര്‍