മഴപെയ്യിക്കുന്നത് ആര്?
മുമ്പൊന്നുമില്ലാത്തത്ര വരള്‍ച്ചയുടെയും ജലക്ഷാമത്തിന്റെയും പിടിയിലാണ് നാട്. 1870 മുതലുള്ള ഒന്നര നൂറ്റാണ്ടിന്റെ മഴക്കണക്കനുസരിച്ച് ഏറ്റവും കുറഞ്ഞ വാര്‍ഷിക മഴ ലഭിച്ചത് 2016-ലെ ഇക്കഴിഞ്ഞ മഴ സീസണുകളിലാണ്. കാലവര്‍ഷവും തുലാവര്‍ഷവും ഇടമഴയുമെല്ലാം ഒരുപോലെ കുറയുന്നത് ചരിത്രത്തിലാദ്യമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിനാല്‍തന്നെ മനുഷ്യരും ജന്തുക്കളും പറവകളുമടക്കം സകല ജീവികളും തെളിനീര്‍ തേടി പരക്കം പായുന്നു.
ഈ ഘട്ടത്തില്‍ വരള്‍ച്ചയിലേക്കും മഴക്കുറവിലേക്കും നാടിനെക്കൊണ്ടെത്തിച്ച സാഹചര്യത്തെ പഠനവിധേയമാക്കി കൃത്യമായ പരിഹാരത്തിന് മുന്‍കൈയെടുക്കുന്നതിനു പകരം കുറുക്കുവഴികള്‍ തേടുകയും അപ്രായോഗിക രീതികളെക്കുറിച്ച് വാചാലരാവുകയുമാണ് ഉത്തരവാദപ്പെട്ടവര്‍. കൃത്രിമ മഴയുടെ സാധ്യത പരിശോധിക്കുമെന്നാണ് മുഖ്യമന്ത്രിയടക്കമുള്ളവര്‍ വ്യക്തമാക്കിയതും പ്രതിപക്ഷം പിന്താങ്ങിയതുമായ ഒരു പരിഹാര മാര്‍ഗം. കേരളം പോലൊരു സംസ്ഥാനത്ത് അതിന്റെ പ്രായോഗികതയോ ഫലപ്രാപ്തിയോ വിജയസാധ്യതയോ പ്രാഥമികമായി പോലും മനസ്സിലാക്കാതെ യാഥാര്‍ഥ്യങ്ങളില്‍നിന്നുള്ള ഒളിച്ചോട്ടമാണിത്.
അന്തരീക്ഷത്തില്‍ സ്വാഭാവിക മഴക്കായി രൂപപ്പെട്ട മഴമേഘങ്ങള്‍ ഉണ്ടെങ്കില്‍ അവ കണ്ടെത്തി നിശ്ചിത സമയത്തിനകം അവയെ ഒരുമിച്ചുചേര്‍ത്ത്, മേഘങ്ങളിലേക്ക് സില്‍വര്‍ അയഡൈഡ്, സള്‍ഫര്‍, പൊട്ടാസ്യം ക്ലോറൈഡ്, സോഡിയം ക്ലോറൈഡ്, മഗ്‌നീഷ്യം പോലെയുള്ള രാസവസ്തുക്കള്‍ വിതറി മഴ പെയ്യിക്കുന്നതാണ് ക്ലൗഡ് സീഡിംഗ് അഥവാ കൃത്രിമ മഴ. അനുയോജ്യമായ അന്തരീക്ഷ ഘടനയും ഭൂമിശാസ്ത്ര ഘടനയും ഒത്തുവന്നാല്‍ തന്നെ വളരെ സൂക്ഷ്മതയോടെയും ആസൂത്രണത്തോടെയും നടത്തേണ്ടതാണിത്. നിശ്ചിത സമയ പരിധിക്കുള്ളില്‍ സ്വാഭാവിക മഴമേഘങ്ങളുണ്ടാവുകയും സീഡിംഗ് പരിപാടികള്‍ നിശ്ചിത സമയത്തിനകം നടക്കുകയും വേണം. ഇതാവട്ടെ ഭാരിച്ച ചെലവ് വരുന്നതാണ്. ആസൂത്രണ മികവോടെ നടത്തിയാല്‍ പോലും അനിശ്ചിതത്വം നീങ്ങുകയുമില്ല. ഒരു വെല്ലുവിളിയായി ഏറ്റെടുത്ത്, ഈ ഘടകങ്ങളൊക്കെ ശരിയായ രീതിയില്‍ സമന്വയിപ്പിച്ച് വിജയിപ്പിച്ചെടുത്താല്‍ തന്നെ ഇത് നമുക്കാവശ്യമുള്ള വെള്ളത്തിന്റെ ഒരു ഭാഗം പോലും നല്‍കുമെന്ന് ആരും അവകാശപ്പെടുന്നില്ല. കൃത്രിമ മഴ ധാരാളം പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ളതും ജൈവ പ്രക്രിയയെ ബാധിക്കുന്നതുമാണെന്നും മുന്നറിയിപ്പുകളുണ്ട്.
ശാസ്ത്ര-സാങ്കേതിക നേട്ടങ്ങളില്‍ അഭിരമിക്കുകയും അഹങ്കരിക്കുകയും ചെയ്യുന്ന മനുഷ്യര്‍ ആ പിന്‍ബലത്തില്‍ പ്രകൃതി പ്രതിഭാസങ്ങളെയും തങ്ങള്‍ ഇഛിക്കുന്ന വിധം സംഭവിപ്പിക്കാമെന്ന് അമിത പ്രതീക്ഷ വെച്ചുപുലര്‍ത്തുകയാണ്. എല്ലാം നിയന്ത്രിക്കാനും വരുതിയിലാക്കാനും അവര്‍ക്ക് കഴിയില്ല എന്നതാണ് സത്യം. ദൈവത്തിന്റെ ഉദാത്ത അനുഗ്രഹങ്ങളിലൊന്നായ മഴയെ യഥാവിധം മനസ്സിലാക്കാന്‍ കഴിയാത്തവിധം നാം സാങ്കേതികവത്കരിക്കപ്പെട്ടിരിക്കുന്നു. പ്രപഞ്ചനാഥന്‍ വെള്ളം ആകാശത്തുനിന്ന് പെയ്തിറക്കുമ്പോള്‍ അതിനു പിന്നില്‍ കൃത്യമായ അളവും ആസൂത്രണവുമുണ്ട്. മനുഷ്യന്റെ ഇഛക്കനുസരിച്ച് അത് ഇറക്കാനോ സംഭരിക്കാനോ സാധ്യമല്ല (ഖുര്‍ആന്‍ 15:22).
'നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? മേഘങ്ങളില്‍നിന്ന് നിങ്ങളാണോ അതോ നാമാണോ അത് പെയ്തിറക്കുന്നത്?'' (56:68). ഓരോ വസ്തുവിന്റേതുമെന്ന പോലെ ജലത്തിന്റെയും ഖജനാവ് ദൈവഹസ്തത്തിലാണ് (20:50). നീ ചോദിക്കുക: ഭൂമിയിലെ നിങ്ങളുടെ വെള്ളം വറ്റിപ്പോയാല്‍ പിന്നെ ആരാണ് നിങ്ങള്‍ക്ക് നീരുറവകള്‍ ഒഴുക്കിത്തരികയെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?' (67:30).
മഴയും മഴമേഘങ്ങളും ദൈവിക ദൃഷ്ടാന്തങ്ങളാണ്. ഭൂമിയെ നനക്കുകയും ജീവജാലങ്ങള്‍ക്ക് മുഴുവന്‍ ജലം ലഭ്യമാക്കുകയും ചെയ്യുന്ന മഴയുണ്ടാകുന്നത് ദൈവം നിശ്ചയിച്ച ഒരു പ്രക്രിയയിലൂടെയാണ്. ദൈവസൃഷ്ടിയും ആജ്ഞാനുവര്‍ത്തിയുമായ വായുവാണ് നീരാവി ഉയര്‍ത്തിക്കൊണ്ടുപോകുന്നത്. ദൈവയുക്തിയും ഇഛയുമനുസരിച്ചാണ് മേഘം രൂപം കൊള്ളുന്നത്. ദൈവാജ്ഞയനുസരിച്ചാണ് മേഘങ്ങള്‍ നിശ്ചിത അനുപാതത്തില്‍ വിഘടിതമായി ഭൂമിയുടെ വിവിധ മേഖലകളില്‍ വ്യാപിക്കുന്നത് (24:43). ഓരോ ഭൂവിഭാഗത്തിനും നിശ്ചയിക്കപ്പെട്ട അളവിലുള്ള മേഘങ്ങള്‍ മേഖലയിലെത്തിക്കുന്നതും ഉപരിതല വായുവില്‍ തണുപ്പുളവാക്കുക വഴി ആ നീരാവി വീണ്ടും ജലമായി, മഴയായി മാറ്റുന്നതും അവന്‍ തന്നെ. ഭൂമിയില്‍ നിങ്ങളുടെ പരിപാലനത്തിനും ജീവിതം സാധ്യമാക്കുന്നതിനും വേണ്ടിയാണ് അവനീ സംവിധാനമൊരുക്കിയത് (25:46).
പ്രകൃതി പ്രതിഭാസങ്ങളായ വര്‍ഷപാതവും കാലാവസ്ഥയുമെല്ലാം മനുഷ്യനിയന്ത്രണത്തിന് പുറത്താണ് (അല്‍ ഫുര്‍ഖാന്‍ 47:48). മഴമേഘങ്ങള്‍ പെയ്യാതെ മടിച്ചുനില്‍ക്കുന്നത് ഭൂമിയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതുകൊണ്ടും പരിസ്ഥിതിക്ക് നേരെയുള്ള കൈയേറ്റങ്ങള്‍ വര്‍ധിച്ചതുകൊണ്ടുമൊക്കെയാണെന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. 'നിങ്ങളുടെ രക്ഷിതാവിനോട് മാപ്പപേക്ഷിക്കുക. തീര്‍ച്ചയായും അവന്‍ എല്ലാം പൊറുക്കും. ആകാശത്തെ നിങ്ങള്‍ക്കുമേല്‍ മഴയായി അയക്കും. നിങ്ങള്‍ക്ക് സമ്പത്തും സന്താനങ്ങളും വര്‍ധിപ്പിച്ചു തരും. നിങ്ങള്‍ക്ക് തോട്ടങ്ങള്‍ ഉണ്ടാക്കിത്തരികയും നദികളൊരുക്കിത്തരികയും ചെയ്യും. എന്തുകൊണ്ടാണ് നിങ്ങള്‍ അല്ലാഹുവിനെ ഗൗരവത്തിലെടുക്കാത്തത്?'' (7:10-13).
പശ്ചാത്താപവിവശരായി, മനസ്സില്‍ നന്ദിബോധവും വിശ്വാസവും മിഴികളില്‍ പ്രതീക്ഷയും നിറച്ച് നമുക്കവനോട് യാചിക്കാം. ഊഷരതക്കപ്പുറം ഒരു മഴ വരാതിരിക്കില്ല.
Comments