Prabodhanm Weekly

Pages

Search

2017 ഏപ്രില്‍ 07

2996

1438 റജബ് 10

ഇസ്‌ലാമും പ്രബുദ്ധതയും കേരള നവോത്ഥാനവും

ഡോ. അജയ് ശേഖര്‍

അശോക മിഷനറിമാര്‍ ബി.സി മൂന്നാം നൂറ്റാണ്ടില്‍ പ്രചരിപ്പിച്ച ആദ്യകാല ബുദ്ധമതമായ തേരവാദത്തിനു ശേഷം സാഹോദര്യത്തിന്റെയും സമഭാവനയുടെയും പ്രകാശം കേരളത്തില്‍ പരന്നത് ഇസ്‌ലാമിന്റെ വരവോടെയാണ്.  ഇടക്കാലത്ത് അപ്പോസ്തലന്റെ വരവിലും അതുണ്ടായി. പക്ഷേ കേരള ക്രൈസ്തവീയതയെ ബ്രാഹ്മണിക മൂല്യങ്ങളും ജാതിയും മായാന, വജ്രയാനങ്ങളെയെന്ന പോലെ വെടക്കാക്കി തനിക്കാക്കിക്കളഞ്ഞു. ബുദ്ധിസത്തിലെന്ന പോലെ ക്രിസ്തുമാര്‍ഗത്തിലും നുഴഞ്ഞുകയറിയ വര്‍ണാശ്രമികളും പാദജരുമാണ് അതിനുള്ളില്‍ ജാതിവിവേചനവും ദലിത് ക്രൈസ്തവ പ്രതിസന്ധിയും സൃഷ്ടിച്ചു ചാരിതാര്‍ഥരായത്. ആധുനിക കാലത്ത് കമ്യൂണിസമെന്ന വിമോചന പ്രത്യയശാസ്ത്രത്തെയും പരകായപ്രവേശത്തിലൂടെ ബ്രാഹ്മണികമാക്കിയത് ഇതേ ശക്തികള്‍ തന്നെ. ചേരമക്കളുടെ പേരുള്ളതുകൊണ്ട് ഇന്ത്യയിലെ ആദ്യ പള്ളിയെ അംഗീകരിക്കാത്ത മുസ്‌ലിംകളും കേരളമണ്ണിലുണ്ടെന്നത് ഈ വാമനാദര്‍ശത്തിന്റെ പ്രചുര പ്രചാരത്തെ സൂചിപ്പിക്കുന്നു. പക്ഷേ, ഈ വംശവരേണ്യതക്ക് കേരളത്തിലെ ഇസ്‌ലാമിനെ വിഴുങ്ങാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.  തികച്ചും ബൗദ്ധപാരമ്പര്യമുള്ള ബഹുജനങ്ങളുടെ ഇസ്‌ലാമിലുള്ള വ്യാപകതയാണതിനെ ചെറുക്കുന്ന ജനായത്ത ഘടകം. ഏതായാലും പ്രവാചകനു ആയിരത്താണ്ടുകള്‍ മുമ്പുതന്നെ കേരള, ഈള തീരങ്ങള്‍ അറേബ്യരുമായി വ്യാപാര, സംസ്‌കാര ബന്ധങ്ങളിലും മനുഷ്യബന്ധങ്ങളിലും ഏര്‍പ്പെട്ടിരുന്നു. അറബിമലയാളത്തിന്റെ വികാസവും അങ്ങനെ നൂറ്റാണ്ടുകളിലൂടെയുള്ളതാണ്. ചുരുങ്ങിയത് ഏഴാം നൂറ്റാണ്ടു മുതല്‍ ഇസ്‌ലാമിന്റെ വിശുദ്ധമായ പള്ളികള്‍ കേരള തീരത്തുണ്ട്.  എന്നിട്ടും മധ്യകാലത്ത് ഹൈന്ദവ സൈനികവല്‍ക്കരണത്തിലൂടെ ഉയര്‍ന്നുവന്ന കോലായ, മറവ, കള്ളര്‍ പരമ്പരയിലെ പടയാളി ശൂദ്ര ആണത്തത്തിലേക്കാണ് പലരും തങ്ങളുടെ പാരമ്പര്യത്തെ കൊണ്ടുവന്നു കെട്ടുന്നത്.  ഇതില്‍ ഭിഷഗ്വരന്മാര്‍ മുതല്‍ സര്‍വകലാശാലയില്‍ ഭാഷാസംസ്‌കാര ചരിത്രങ്ങള്‍ പഠിപ്പിക്കുന്ന പ്രഫസര്‍മാര്‍ വരെയുണ്ട്.  പട്ടരെന്നത് പ്രഫസറെ കുറിക്കുന്ന പദമായിരുന്നുവെന്ന ഇളംകുളത്തിന്റെ പ്രസ്താവം നാമോര്‍ത്തു പോയേക്കാം. പന്ത്രണ്ടാം നൂറ്റാണ്ടോടെ മാത്രം മരുമക്കത്തായ സംബന്ധച്ചിട്ടയിലൂടെ നാലാം വര്‍ണമായി ബ്രാഹ്മണിസം ഉയര്‍ത്തിയെടുത്തതെന്ന് ഇളംകുളം തന്നെ സാക്ഷ്യപ്പെടുത്തുന്ന നായര്‍ പാരമ്പര്യം അവകാശപ്പെടുന്ന ചില ആഭിജാത കുലീന മല്ലു മുസ്‌ലിംകളെയും മലബാറില്‍ കാണാമെങ്കിലും മൈസൂര്‍ അധിനിവേശകാലത്തെ ചേലനായര്‍ പാരമ്പര്യം ഇതിന് തടയിടുന്നതാണ്. 1914-ല്‍ മന്നത്ത് പദ്മനാഭപിള്ള നായര്‍ ഭൃത്യജനസംഘം രൂപീകരിച്ചപ്പോഴാണ് മലയാളിശൂദ്രന്‍ എന്ന വ്യവസ്ഥാപിത പദത്തിന് പൊതുധാരയില്‍ ഒരു പുതുപ്രയോഗം ഉണ്ടാകുന്നത് എന്നതാണ് കേരളനവോത്ഥാന ചരിത്രം.  1926-ല്‍ മാത്രമാണ് തിരുവിതാംകൂര്‍ ഭരണകൂടം നായര്‍ എന്ന സമുദായനാമം മലയാളിശൂദ്രനു പകരമായി അംഗീകരിക്കുന്നത്.  ഏഴാം നൂറ്റാണ്ടുമുതല്‍ കേരളത്തിലുള്ള ചേരമക്കളായ മുസ്‌ലിംകള്‍ക്ക് ഈ പടജന പാരമ്പര്യം ഇനിയും അവകാശപ്പെടേണ്ടതുണ്ടോ എന്നതാണു കാതലായ പ്രശ്‌നം. 

ജൈനവും ബൗദ്ധവും ആജീവകവുമായ മാനവിക ചിന്തകളുടെ മൂല്യവ്യവസ്ഥയെയും സംസ്‌കാര ഉറവിടങ്ങളെയും പരിഗണിക്കാതെ കേവലം പാശ്ചാത്യ അധിനിവേശ മൂല്യവ്യവസ്ഥയുടെ ഭാഗമായി മാത്രം മാനവികതാവാദത്തെയും ആധുനികതയെയും മതേതരത്വത്തെയും കാണുന്നത് തികച്ചും ഭാഗികമായിരിക്കും.  ബഹുജനഹിതത്തിനും ബഹുജനസുഖത്തിനും വേണ്ടിയുള്ളതാണ് തന്റെ പ്രവൃത്തിയും ചിന്തയുമെന്നും ബുദ്ധന്‍ വ്യക്തമാക്കിയിട്ടുണ്ടല്ലോ. മനുഷ്യസ്‌നേഹമാണ് ദൈവം എന്ന് ക്രിസ്തു തന്റെ ഓരോ വാക്കിലും പ്രവൃത്തിയിലും നമ്മെ തൊട്ടുണര്‍ത്തിക്കൊണ്ടേയിരിക്കുന്നു. മഹാനായ പ്രവാചകന്‍ പഠിപ്പിക്കുന്നതും മാനവികതയും സാഹോദര്യവും തന്നെ. നവോത്ഥാനാനന്തരം ഉണ്ടായ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ ചാലകശക്തിയായി പ്രവര്‍ത്തിച്ചതും കീഴാളമായ നൈതിക മാനവികതയുടെ ആര്‍ജിത സംസ്‌കാര നിക്ഷേപങ്ങളാണെന്നും ഇന്ന് വ്യക്തമാണ്. നവോത്ഥാനത്തിന്റെ ജാതിവിമര്‍ശവും സമഭാവനയും തന്നെയാണ് ഇടതുപക്ഷത്തെ കേരളത്തിലെ ജനപക്ഷമാക്കിയത്. കോസാംബി ബുദ്ധനെ ഭഗവാന്‍ എന്നു സംബോധന ചെയ്യുന്നതിന് എത്രയോ മുമ്പു തന്നെ സി. കേശവന് മാര്‍ക്‌സിനെ ഭഗവാന്‍ എന്നു വിളിക്കാന്‍ ഒട്ടും അനൗചിത്യം തോന്നിയതേയില്ല.  അതിനും എത്രയോ മുമ്പ് റഷ്യന്‍ വിപ്ലവത്തെ കുറിച്ച് മലയാളത്തെ ആവേശാഭിമാനങ്ങളോടെ തല്‍സമയം ഓര്‍മപ്പെടുത്തിയത് സഹോദരന്‍ അയ്യപ്പനാണ്. പ്രവാചകന്റെ  വിഖ്യാതമായ മാനവസാഹോദര്യത്തിലും ബുദ്ധന്റെ മൈത്രീബോധത്തിലും ക്രിസ്തുവിന്റെ സ്‌നേഹകാരുണ്യത്തിലും പ്രേരിതനായാണ് അദ്ദേഹം ജാതിയെ ദഹിപ്പിക്കുന്ന  സഹോദരവാദത്തിലേക്കും മിശ്രവിവാഹ പ്രസ്ഥാനത്തിലേക്കുമെത്തുന്നത്.  തന്റെ മകള്‍ക്ക് അയിഷ എന്നു പേരിടുന്നതും പ്രവാചകനുള്ള ആദരസ്മരണയുടെ ഭാഗമാണ്.  നാരായണഗുരുവും വക്കം മൗലവിയും തമ്മിലുള്ള സാഹോദര്യവും കേരളനവോത്ഥാനത്തിലെ സവിശേഷമായ ഏടാണ്.  മനുഷ്യസ്‌നേഹവും മാറ്റത്തോടുള്ള ആഭിമുഖ്യവും തന്നെയാണ് നവോത്ഥാന നൈതികതയുടെ കാതല്‍.  അത് അന്ന് പ്രാചീന തമിഴകമായിരുന്ന കേരളത്തിന്റെയും തെന്നിന്ത്യയുടെയും ബഹുസ്വരമായ ബഹുജനസംസ്‌കാരധാരകളില്‍ ക്രിസ്തുവര്‍ഷാരംഭത്തിനു മുമ്പു തന്നെ വേരുപിടിച്ചിരുന്നു. ബി.സി മൂന്നാം നൂറ്റാണ്ടില്‍ തന്നെ അശോകന്‍ ബ്രാഹ്മിയിലൂടെ അക്ഷരങ്ങളുടെയും എഴുത്തിന്റെയും വെളിച്ചം നമുക്കു പകര്‍ന്നുതന്ന ശ്രമണസംസ്‌കാരത്തെ നാം മറന്നുകൂടാ.  പൗരോഹിത്യ പടയാളി സഖ്യത്തിന്റെ ഇരുട്ടുവിഴുങ്ങിയ സാഹോദര്യത്തെ വീണ്ടെടുത്തുതന്ന കേരളമണ്ണിലെ ഇസ്‌ലാമിന്റെ പ്രബുദ്ധതയെ നാം നെഞ്ചോടു ചേര്‍ക്കണം. 

യഥാര്‍ഥത്തില്‍ തൈക്കാടയ്യാ മുതല്‍ വക്കം മൗലവി വരെയുള്ള കേരള നവോത്ഥാന പോരാളികളെ കൂട്ടിയിണക്കുന്ന അനന്യ കര്‍തൃത്വമാണ് നാണുഗുരു.  നാണുവാശാന് വക്കം മൗലവിയുമായുണ്ടായിരുന്ന ആത്മബന്ധം ഏറെ ബോധനാത്മകമാണ്. മതത്തെ കവിഞ്ഞുള്ള മനുഷ്യമോചനത്തിലുള്ള ദാഹവും പ്രതീക്ഷയുമാണത്. പ്രവാചകന്റെ കാലത്തു തന്നെ ഇസ്‌ലാം കേരളക്കരയിലെത്തിയെങ്കിലും അതിന്റെ വിമര്‍ശ ശബ്ദം ജാതിക്കും ഹിന്ദുത്വത്തിനും എതിരെ വ്യക്തമായി മുഴങ്ങുന്നത് ഇന്ത്യയിലെ തന്നെ ആദ്യ അധിനിവേശ വിരുദ്ധ ചരിത്ര വിമര്‍ശകൃതിയായ സൈനുദ്ദീന്‍ മഖ്ദൂമിന്റെ തുഹ്ഫത്തുല്‍ മുജാഹിദീനിലൂടെയാണ്.  മധ്യകാലത്തോടെ പ്രമാദമായ ജാതിയെയും തീണ്ടലിനെയും അത് മലബാര്‍ തീരത്തെ മുസ്‌ലിംകളുടെ ജീവിതത്തെ പോലും വെടക്കാക്കുന്നതിനെയും കുറിച്ച വിമര്‍ശ വീക്ഷണങ്ങള്‍ നമുക്കീ രചനയില്‍ കാണാം. ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയിലും മറ്റും പോയി പഠിച്ച് പാശ്ചാത്യവും പൗരസ്ത്യവുമായ ആഗോള നവോത്ഥാന വ്യവഹാരങ്ങളുമായി പരിചയിച്ച് കേരളത്തില്‍ വന്ന് പൊന്നാനിയിലെ വലിയ പള്ളിയുടെ സ്ഥാപനവും മറ്റും നിര്‍വഹിച്ചത് മഖ്ദൂം രണ്ടാമനാണ്.  തന്റെ പിതാമഹന്‍ മഖ്ദൂം ഒന്നാമന്‍ തുടങ്ങിവെച്ച സാമൂഹിക പ്രവര്‍ത്തനങ്ങളെ സഫലമായി ദിശാബോധത്തോടെ മുന്നോട്ടു കൊണ്ടുപോയത് അദ്ദേഹമാണ്.  കോഴിക്കോട്ടെ കുറ്റിച്ചിറയിലുള്ള പള്ളികളില്‍ പ്രാചീനമായ കേരള ബൗദ്ധവാസ്തുശില്‍പം വ്യക്തമാണ്.  കൊടുങ്ങല്ലൂരും മതിലകവും മുതല്‍ വടക്ക് തളങ്കര മാലിക് ദീനാര്‍ പള്ളിവരെ, തെക്ക് കോട്ടയത്തെ താഴത്തങ്ങാടി പള്ളിയുള്‍പ്പെടെ ഈ ബൗദ്ധ വാസ്തുശില്‍പ മാതൃക തികച്ചും പ്രകടമാണ്.

അതായത് കേരളത്തിന്റെ പ്രബുദ്ധതയെ ജാതിവിരുദ്ധമായും മാനവികമായും മധ്യകാലത്തുടനീളം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഇസ്‌ലാം നിര്‍ണായക സംഭാവനകള്‍ നല്‍കിയെന്നു സാരം. ആധുനിക കാലത്തിന്റെ തുടക്കത്തില്‍ പതിനെട്ടാം നൂറ്റാണ്ടില്‍ തന്നെ മലബാറിനെ ആധുനീകരിച്ചതും ജാതിഹിന്ദു ജന്മിത്തത്തെയും തീണ്ടലിനെയും ജാത്യാചാരങ്ങളെയും തകര്‍ത്തതും ഹൈദരും ടിപ്പുവും നയിച്ച മൈസൂര്‍ ഭരണമായിരുന്നു.  മലബാറിന്റെയും കൊച്ചിയുടെയും സാംസ്‌കാരിക മാറ്റത്തിനും അടിസ്ഥാന സൗകര്യവികസനത്തിനും സുല്‍ത്താന്റെ പുതിയ പാതകളും തുറമുഖങ്ങളും റവന്യൂ, വാണിജ്യ പരിഷ്‌കരണങ്ങളും ഇടയാക്കി. മലബാര്‍ നവോത്ഥാനം ഈ പരിപ്രേക്ഷ്യത്തില്‍ കൂടുതലും നടത്തിയത് ഇസ്‌ലാമാണെന്നു കാണാം. മൈസൂര്‍ സുല്‍ത്താന്റെ ദീര്‍ഘവീക്ഷണമുള്ള ഭരണപരിഷ്‌കാരങ്ങള്‍ തെന്നിന്ത്യയിലെ ഇസ്‌ലാമികമായ പ്രബുദ്ധതയെ തന്നെയാണ് അടയാളപ്പെടുത്തുന്നത്. ഫ്രഞ്ചുകാരോടു പോലും സൗഹൃദവും സഹകരണവും സന്ധിയും ചെയ്തായിരുന്നു സുല്‍ത്താന്‍ ബ്രിട്ടീഷ് ഭരണത്തെ ചെറുത്തത്. ആന്തരികവും ബാഹ്യവുമായ കൊളോണിയലിസങ്ങളെ ഇസ്‌ലാമിന്റെ പ്രബുദ്ധദേശീയത ഇന്ത്യയില്‍ ചെറുത്തുപോന്നു എന്നു വിശദീകരിക്കാവുന്ന സന്ദര്‍ഭങ്ങളാണിവ. പ്രബുദ്ധമായ ഇന്ത്യയുടെ അശോക ദേശീയതയെയും രാജ്യാന്തര സംസ്‌കാരത്തെയും പോലെ വ്യതിരിക്തമായ നൈതിക നാഗരികതയുടെ ഒരു വിശാല ഭൂമികയെ ഇത് മൂന്നോട്ടുകൊണ്ടുവരുന്നു. ഇസ്‌ലാമിന്റെ ദര്‍ശനവും പ്രയോഗവും ബൗദ്ധരാജ്യാന്തരവാദത്തെ പോലെ ആഗോളവും ചലനാത്മകവും ബഹുസ്വരവും ബഹുസംസ്‌കാരപരവുമാണ്.

വിഗ്രഹാരാധനയുടെ ഹൈന്ദവ-മായാന അപകടത്തെ നിര്‍ണായകമായി പ്രതിരോധിച്ചുതന്നെ തികച്ചും ഇസ്‌ലാമികമായും ധീരമായുമായിരുന്നു ഈ കേരള മുസ്‌ലിം പ്രബുദ്ധത വികസിച്ചുപോന്നത്.  അതിന്റെ സ്വാഭാവിക പ്രതിഫലനങ്ങളാണ് മക്തി തങ്ങളിലും വക്കം മൗലവിയിലും നാം കാണുന്നത്.  പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും അധിനിവേശ പാശ്ചാത്യ ആധുനികത തുറന്ന പൊതുമണ്ഡലത്തില്‍ സജീവമായി ഇടപെട്ടുകൊണ്ട് ആധുനിക വിദ്യാഭ്യാസത്തെയും സ്ത്രീവിദ്യാഭ്യാസത്തെയും പ്രോത്സാഹിപ്പിക്കുകയും അതേസമയം പ്രവാചകനെതിരെ നടന്ന ക്രൈസ്തവ പ്രചാരണങ്ങളെ ധീരമായും സഫലമായും ചെറുക്കുകയുമായിരുന്നു മക്തി തങ്ങള്‍. തന്റെ ശക്തമായ നബിനാണയത്തിലൂടെ പ്രവാചകനെ പ്രതിരോധിച്ചുകൊണ്ട് കേരളത്തിലെ മുസ്‌ലിം നവോത്ഥാനത്തിനും ഇസ്‌ലാഹി പ്രസ്ഥാനത്തിനും തങ്ങള്‍ അടിത്തറപാകി.   വക്കം മൗലവിയാകട്ടെ ആധുനികതയുടെ ജനായത്ത അംശങ്ങളെ സ്വാംശീകരിച്ചുകൊണ്ട് ഒരു നവോത്ഥാന സമുദായമായി മുസ്‌ലിംകളെ മാറ്റാന്‍ അച്ചടിയും പ്രസാധനവും പൊതുപ്രവര്‍ത്തനവും ഉപയോഗിച്ചു.

അറബിയിലും അറബിമലയാളത്തിലും മലയാളത്തിലുമായി അദ്ദേഹം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ പുറത്തിറക്കിയ മുസ്‌ലിം (1906), അല്‍ ഇസ്‌ലാം (1918), ദീപിക എന്നീ പ്രസിദ്ധീകരണങ്ങള്‍ കേരള നവോത്ഥാനത്തിന്റെ ബഹുസ്വരതയെ തന്നെ വഴിനടത്തിയവയാണ്.  ഇതര സമുദായങ്ങള്‍ക്ക്, പ്രത്യേകിച്ചും ഈഴവര്‍ക്കും ഇതര ബഹുജനങ്ങള്‍ക്കും ഏറെ മാര്‍ഗദര്‍ശകവും പരസ്പര സഹകരണത്തിലും സാഹോദര്യത്തിലുമടിയുറച്ച സമുദായബോധത്തെ വളര്‍ത്തുന്നതുമായിരുന്നു ചരിത്രപരമായ ഈ പത്രപ്രവര്‍ത്തന ഇടപെടലുകള്‍. തിരുവിതാംകൂറിലെ പൊതുവിദ്യാലയങ്ങളില്‍ അറബി പഠിപ്പിക്കുന്നതുതന്നെ മൗലവിയുടെ ശ്രമഫലമായാണ്.  പൗരോഹിത്യത്തിന്റെ ഫത്‌വകളെ തൃണവല്‍ഗണിച്ചാണ് അദ്ദേഹം സ്ത്രീസ്വാതന്ത്ര്യത്തിനും ആധുനിക വിദ്യാഭ്യാസത്തിനും വേണ്ടിയും സമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരെയും ശബ്ദിച്ചതും എഴുതിയതും പ്രസിദ്ധീകരിച്ചതും. നാരായണഗുരുവും വക്കം മൗലവിയും തമ്മിലുായിരുന്ന ബന്ധവും ചരിത്രത്തില്‍ സുവിദിതമാണ്.

കേരളത്തിലെ നവോത്ഥാനകാല സാമൂഹിക മാറ്റങ്ങളിലേക്കു നയിച്ച സംസ്‌കാര വിപ്ലവപരമ്പരകളെ പരിശോധിക്കുമ്പോള്‍ ജനകീയവും ബഹുജനോന്മുഖവുമായ ഈ അടിസ്ഥാന സംസ്‌കാരത്തെ വിട്ടുകളയാനും കാണാതിരിക്കാനും കഴിയില്ല.  തെന്നിന്ത്യയുടെ മുനിപാരമ്പര്യവും സിദ്ധപാരമ്പര്യവും ശ്രമണ സംസ്‌കാരത്തില്‍നിന്നുള്ള തുടര്‍ച്ചകളാണ്.  സൂഫി പാരമ്പര്യത്തിലും ബൗദ്ധവും ഇസ്‌ലാമികവും ജൈനവുമായ കലര്‍പ്പുകളുണ്ട്. വൈകുണ്ഠസ്വാമിയും ചട്ടമ്പിസ്വാമിയും നാരായണഗുരുവും എല്ലാം അധീശവിരുദ്ധമായ ആത്മീയപ്രതിരോധം ഉയര്‍ത്തുന്നത് ഈ നൈതികധാരകളുടെ ബഹുജനോന്മുഖവും വിമോചനാത്മകവുമായ അടിത്തറയില്‍ ഊന്നിയാണ്.  തമിഴിനോടും തെന്നിന്ത്യന്‍ സഭ്യതയോടുമുള്ള പൊക്കിള്‍ക്കൊടി ബന്ധമാണ് ഈ മൂന്ന് പോരാളികളെയും ഇണക്കുന്നത്. അറിവധികാരങ്ങളുടെ തലത്തില്‍ വികേന്ദ്രിതവും ഉള്‍ക്കൊള്ളുന്നതും ഉദാരവുമാണീ തെന്നിന്ത്യന്‍ മുനിപാരമ്പര്യം.  ആത്മവിദ്യയിലൂടെ സാമൂഹികവും രാഷ്ട്രീയവുമായ ചെറുത്തുനില്‍പ്പുയര്‍ത്താന്‍ കഴിവുള്ളതാണീ അപരോന്മുഖമായ നൈതികപാരമ്പര്യം. ആത്മത്തെയും അപരത്തെയും സമഭാവനയോടെയും ജനായത്ത ബോധത്തോടെയും ഉള്‍ക്കൊള്ളുന്നതും രഞ്ജിപ്പിക്കുന്നതുമാണ് അതിന്റെ ചിന്താഗൗരവം. ആത്മസുഖത്തെയും അപരസുഖത്തെയും സമഭാവനയോടെ സന്തുലനം ചെയ്യുന്ന നാരായണഗുരുവിന്റെ ചിന്തയില്‍ ഈ ബഹുജനായത്ത സംസ്‌കാരത്തിന്റെ നൈതിക പൂര്‍ണത തെളിയുന്നു. നിരുപാധികമായ അപരോന്മുഖത്വമാണ് നൈതികതയെന്ന് നമ്മെ പഠിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ബുദ്ധനും ക്രിസ്തുവും മുഹമ്മദുമാണ്.

വിമതമായ സൂഫി, മുനിപാരമ്പര്യത്തിലൂടെയും സാമൂഹിക വിപ്ലവകാരികളിലൂടെയും അവര്‍ണരുടെ ഇടയില്‍ കെടാതെ കിടന്ന ശ്രമണപാരമ്പര്യത്തിന്റെ കനലുകളാണ് നാരായണഗുരുവിലൂടെയും മറ്റും തെളിഞ്ഞുകത്തിയത്.  പക്ഷേ നൂറ്റാണ്ടുകളുടെ ആന്തരാധിനിവേശം അപ്പോഴേക്കും അവര്‍ണരുടെ നൈതികപാരമ്പര്യങ്ങളെ അധീശമതത്തിലൂടെ ഏതാണ്ടില്ലായ്മ ചെയ്തിരുന്നു.  ഈ അധീശമായ ബ്രാഹ്മണിക ഹിന്ദു വ്യാവഹാരികതയാണ് നവോത്ഥാന മാനവികതയുടെ പിഴവുകളും ഇടര്‍ച്ചകളുമായി ഇന്നു നമ്മെ കുഴക്കുന്ന പ്രശ്‌നങ്ങള്‍ക്കു ജന്മം നല്‍കിയത്. ആന്തരാധിനിവേശത്തിന്റെ വിഷബീജങ്ങളാണ് ബഹുജനങ്ങളെ വിഭജിച്ച് ഭരിക്കുകയും ശാരീരികവും മാനസികവുമായ ദാസ്യത്തിലൂടെ അധീശത്വം ഉറപ്പിക്കുകയും ചെയ്തത്.  ബഹുജനങ്ങളെ അന്ധകാരത്തിന്റെ അടിമകളാക്കിയ ഈ വിഷമവൃത്തത്തില്‍നിന്നും പുറത്തേക്ക് ഒരുവഴി മാത്രമേയുള്ളൂ.  അപഹിന്ദുവല്‍ക്കരണവും അപബ്രാഹ്മണീകരണവും മാത്രമേ നൂറ്റാണ്ടുകളുടെ അടയാള അടിയായ്മയില്‍നിന്നും സാധാരണക്കാരായ ബഹുജനങ്ങളെ മോചിപ്പിക്കൂ. ഇതിന് ഒരുപക്ഷേ ദശകങ്ങള്‍ തന്നെ എടുത്തേക്കാം. നൈതികതയിലും സമഭാവനയിലും സംസ്‌കാര വ്യതിരിക്തതയിലും അഹിംസയിലും ഉള്‍ക്കൊള്ളലിലും പ്രതിനിധാനത്തിലും സാമൂഹിക ജനായത്തത്തിലും ഊന്നുന്ന നവയാനങ്ങളുടെ പ്രസക്തി ഇവിടെയാണ്.  ഇന്ത്യയുടെ അപകോളനീകരണം പൂര്‍ത്തിയാവുന്നത് ഇത്തരം ആത്മവിമര്‍ശപരമായ അപനിര്‍മാണ പ്രക്രിയയിലൂടെ മാത്രമായിരിക്കും. നവയാനത്തിലൂടെ അംബേദ്കര്‍ ഉയര്‍ത്തുന്ന നാഗരികതയുടെ പ്രശ്‌നവും ഇസ്‌ലാമിനെപ്പോലുള്ള മതങ്ങളുടെയും സാമൂഹിക പ്രസക്തിയുമിവിടെയാണ്.

അപരവല്‍ക്കരണവുമായി അഭേദ്യമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു ബ്രാഹ്മണിക വ്യവഹാരമാണ് പ്രതിനിധാന ഹിംസയുടേത്.  കിരാതനും ക്രൂരനുമായ മുസല്‍മാനെയും കീഴാളനെയും വിഭാവനം ചെയ്യുന്നതിലേക്ക് ആശാനെ പോലെ സാമൂഹികവിപ്ലവകാരിയും സ്‌നേഹഗായകനുമായ ഒരു മഹാകവിയെ പോലും വഴുതി വീഴിക്കുന്നവിധം ഹിന്ദു വ്യവഹാരം ബഹുജന മനസ്സുകളെ കീഴടക്കിയിരിക്കുന്നു നവോത്ഥാനത്തിനു സമാന്തരമായി തന്നെ.  

ഏറ്റവും അടിത്തട്ടിലുള്ള ജനതയുടെ സംസ്‌കാരത്തെയാണ് ബ്രാഹ്മണ്യമൂല്യങ്ങള്‍ തികച്ചും കീഴടക്കാതിരുന്നത്. തീര്‍ച്ചയായും സംസ്‌കാര വരേണ്യതയുടെ ആത്യന്തിക ഇരകള്‍ എന്ന നിലയില്‍ അവരാണ് ഏറ്റവും നഷ്ടങ്ങളും ദുരിതങ്ങളും സഹിച്ചതും. പക്ഷേ ആണ്‍കോയ്മയുടെയും വരേണ്യാധിനിവേശത്തിന്റെയും പിതൃത്വപ്രതിസന്ധിയുടെയും പ്രശ്‌നങ്ങള്‍ ദലിതരില്‍ ഏതാണ്ട് അപ്രസക്തമാണ്. ആന്തരാധിനിവേശത്തിന് അത്രയെളുപ്പത്തില്‍ സ്വാംശീകരിക്കാനാവാത്ത പല ജൈവപ്രതിരോധങ്ങളും കനലുകളും ദലിത സംസ്‌കാരധാരകളില്‍ ഉള്ളടങ്ങിയിരിക്കുന്നു. ജാതിയുടെ മേലോട്ടുള്ള തൃഷ്ണയെ തകര്‍ത്ത് അടിത്തട്ടിലേക്കിറങ്ങി നീതിബോധവും സഹോദരസ്‌നേഹവുമുള്ള മനുഷ്യരാവുക എന്നതാണ് നാരായണഗുരുവിന്റെ ദര്‍ശനവും സന്ദേശവും. വരേണ്യാധിനിവേശങ്ങളുടെ കെട്ടിക്കയറ്റത്തിനെതിരായി കീഴോട്ടുള്ള ഒരു താണിറക്കമാണ് പുലയനയ്യപ്പനെന്ന സഹോദരനും നമുക്കു കാട്ടിത്തന്നത്. ആയിരത്താണ്ടിലധികമായി കേരളമണ്ണില്‍ ജാതിയെ ചെറുക്കുന്ന ഇസ്‌ലാമും കാട്ടിത്തരുന്നത് ഈ ജൈവമായ മാനവസാഹോദര്യം തന്നെ.

അയ്യങ്കാളിയെയും പൊയ്കയില്‍ അപ്പച്ചനെയും സാധ്യമാക്കിയ കേരളത്തിലെ ദലിത് സമുദായങ്ങളാകും നവോത്ഥാന സംസ്‌കാരത്തിന്റെ നൈതിക മാനവികതയെ വിമര്‍ശജാഗ്രതയോടെ നവീകരിക്കാനും മുന്നോട്ടു കൊണ്ടുപോകാനുമുള്ള ചരിത്രപരമായ നിര്‍വാഹകത്വവും സാംസ്‌കാരികമായ അതിജീവനക്ഷമതയും ഉള്ള സാമൂഹിക വിഭാഗം.  കാരണം നവോത്ഥാനത്തിന്റെ മുന്നണിപ്പോരാളികളായിരുന്നവര്‍ ഇന്ന് ഹിന്ദു മൂഢബോധത്തിന്റെയും മൂലധന അജ്ഞതയുടെയും വരേണ്യാധിനിവേശത്തിന്റെയും ബ്രാഹ്മണിക മൂല്യങ്ങളുടെയും ഇരുട്ടില്‍ ഇല്ലാതായിരിക്കുന്നു.  ഇതിലേക്കുള്ള ആദ്യനീക്കമെന്ന നിലയില്‍ സമുദായവല്‍ക്കരണത്തിന്റേയും ജനായത്തപരമായ രാഷ്ട്രീയവല്‍ക്കരണത്തിന്റെയും വിപുലമായ ദലിതബഹുജന സാഹോദര്യത്തിന്റെയും സംവാദത്തിന്റെയും വെല്ലുവിളികള്‍ കേരളത്തിലെ ദലിത് ജനതകളും ന്യൂനപക്ഷ, പിന്നാക്ക സമുദായങ്ങളും സാമൂഹികമാറ്റത്തെയും അടിത്തട്ടിലുള്ള ജനായത്തരൂപീകരണങ്ങളെയും സ്വപ്‌നം കാണുന്നവരും ഏറ്റെടുക്കേണ്ടതുണ്ട്. യു.പിയിലെ തെരഞ്ഞെടുപ്പു ഫലത്തിന്റെ പശ്ചാത്തലത്തിലെങ്കിലും അവര്‍ണരും മുസ്‌ലിംകളുമായുള്ള ആത്മസാഹോദര്യവും സമാനമായ ബൗദ്ധപാരമ്പര്യത്തിന്റെയും പ്രായോഗിക രാഷ്ട്രീയ ബോധത്തിന്റെയും വീണ്ടെടുപ്പും ആസന്നമായിരിക്കുന്നു. സങ്കുചിത സമുദായബോധത്തെ അതിജീവിക്കുന്നതും മാനവികതയിലൂന്നുന്നതുമാകട്ടെ സമഗ്രാധിപത്യത്തിനെതിരായ പോരാട്ടം. 

(കാലടി സംസ്‌കൃത സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം അസി. പ്രഫസറാണ് ലേഖകന്‍)

 

അവലംബ രചനകള്‍

1. ഐലയ്യ, കാഞ്ച.  ബഫലോ നാഷണലിസം.  കൊല്‍ക്കത്ത, സാമ്യ, 2004.

2. ഓംവെത്, ഗെയില്‍. ബുദ്ധിസം ഇന്‍ ഇന്ത്യ. ന്യൂദല്‍ഹി, സെയിജ്, 2005.

3. കുഞ്ഞഹമ്മദ്, കെ.ഇ.എന്‍. ഇരകളുടെ മാനിഫെസ്റ്റോ. മാവേലിക്കര, ഫേബിയന്‍, 2008.

4. ഗുരു, ഗോപാല്‍. ഹ്യൂമിലിയേഷന്‍സ്. ന്യൂദല്‍ഹി, ഓക്‌സ്ഫഡ്, 2008.

5. ഗോപാലകൃഷ്ണന്‍, പി.കെ കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം. തിരുവനന്തപുരം, കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, 2008. 

6. ചന്ദ്രിക, സി.എസ് ആര്‍ത്തവമുള്ള സ്ത്രീകള്‍. മാവേലിക്കര, ഫേബിയന്‍, 2007.

7. പാണ്ട്യന്‍, എം.എസ്.എസ്  ബ്രാഹ്മണ്‍ ആന്റ് നോണ്‍ ബ്രാഹ്മണ്‍. ന്യൂദല്‍ഹി, പെര്‍മനന്റ് ബ്ലാക്ക്, 2007.

8. മിശ്ര, അമലേന്ദു.  ഐഡന്റിറ്റി ആന്റ് റിലിജ്യന്‍  ഫൗണ്ടേഷന്‍സ് ഓഫ് ആന്റി ഇസ്‌ലാമിസം ഇന്‍ ഇന്ത്യ, ന്യൂദല്‍ഹി, സേജ്, 2005.

9. രഘു, ജെ. ദേശരാഷ്ട്രവും ഹിന്ദു കൊളോണിയലിസവും.  കോട്ടയം, സബ്ജക്റ്റ് ആന്റ് ലാംങ്വേജ് പ്രസ്, 2007.

10. ഹിന്ദുകൊളോണിയലിസവും ഫാസിസവും.  മാവേലിക്കര: ക്യൂവീവ്, 2017.

11. രേഖരാജ്. ദലിത്, സ്ത്രീ, ഇടപെടലുകള്‍.  കോട്ടയം: ഡി. സി. ബി., 2016.

12. ശര്‍മ, ജ്യോതിര്‍മയ.  ഹിന്ദുത്വ: എക്‌സ്‌പ്ലോറിംഗ് ദ ഐഡിയ ഓഫ് ഹിന്ദു നാഷണലിസം. ന്യൂദല്‍ഹി, വൈക്കിംഗ്, 2003.

13. ശേഖര്‍, അജയ്. റെപ്രസന്റിംഗ് ദ മാര്‍ജിന്‍. ന്യൂദല്‍ഹി, കല്‍പാസ്-ഗ്യാന്‍, 2008.

14. സഹോദരന്‍ അയ്യപ്പന്‍. കോഴിക്കോട്: അതര്‍ ബുക്‌സ്, 2012.

15. നാണുഗുരുവിന്റെ ആത്മസാഹോദര്യവും മതേതര ബഹുസ്വര ദര്‍ശനവും. തിരുവനന്തപുരം, മൈത്രി, 2016.

16. കേരള നവോത്ഥാനം: പുതുവായനകള്‍. തിരുവനന്തപുരം, റേവന്‍, 2017.

17. സര്‍ക്കാര്‍, സുമിത്.  ബിയോണ്ട് നാഷണലിസ്റ്റ് ഫ്രെയിംസ്. ന്യൂദല്‍ഹി, പെര്‍മനന്റ് ബ്ലാക്ക്, 2002.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (41 - 45
എ.വൈ.ആര്‍

ഹദീസ്‌

ദിക്‌റും ശുക്‌റും
പി.എ സൈനുദ്ദിന്‍