Prabodhanm Weekly

Pages

Search

2017 ഏപ്രില്‍ 07

2996

1438 റജബ് 10

അല്‍ കിന്ദിയുടെ സമീപനങ്ങള്‍

എ.കെ അബ്ദുല്‍ മജീദ്

അല്‍ കിന്ദി: ഇസ്‌ലാമിക തത്ത്വചിന്തയുടെ ആരംഭം-2

'പ്രിയ സഹോദരാ, ദൈവം നിന്നെ എല്ലാ വിഷമസ്ഥിതികളില്‍നിന്ന് കാക്കുകയും ഉപദ്രവങ്ങളില്‍നിന്ന് സംരക്ഷിക്കുകയും ചെയ്യുമാറാവട്ടെ. ദൈവം നിന്നെ തൃപ്തിപ്പെടുകയും പരിപൂര്‍ണമായ പ്രതിഫലം നല്‍കുകയും ചെയ്യട്ടെ. അതിനുള്ള വഴി അവന്‍ നിനക്ക് സുഗമമാക്കിത്തരട്ടെ' എന്ന മുഖവുരയോടു കൂടിയാണ് ദുഃഖനിവാരണത്തെക്കുറിച്ചുള്ള നിബന്ധം അല്‍ കിന്ദി ആരംഭിക്കുന്നത്. ദുഃഖങ്ങള്‍ ഉണ്ടാവുന്നത് എന്തുകൊണ്ടാണെന്നും അവയെ തരണം ചെയ്യാനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്നുമാണ് അല്‍ കിന്ദി ചര്‍ച്ച ചെയ്യുന്നത്.

കാരണം അറിഞ്ഞെങ്കിലല്ലാതെ ഒരു വേദനയുടെയും പ്രതിവിധി നിര്‍ദേശിക്കാനാവില്ല. അതിനാല്‍ ദുഃഖഹേതു എന്താണെന്നു കണ്ടെത്തണം. മനസ്സിന്റെ വേദനയാണ് ദുഃഖം. ഇഷ്ടമുള്ളതെന്തെങ്കിലും നഷ്ടപ്പെടുകയോ ആഗ്രഹിച്ചത് നേടാനാവാതിരിക്കുകയോ ചെയ്യുമ്പോഴാണ് മനസ്സ് വേദനിക്കുന്നത്. അതിനാല്‍ ദുഃഖഹേതു ഒന്നുകില്‍ പ്രിയപ്പെട്ടതെന്തെങ്കിലും നഷ്ടപ്പെട്ടതോ ആഗ്രഹിച്ചതെന്തെങ്കിലും നേടാന്‍ കഴിയാതെ പോയതോ ആവാം. ഈ രണ്ട് കാരണങ്ങളെയും ഇല്ലാതാക്കാന്‍ കഴിയുമോ എന്നാണ് നാം ആലോചിക്കേണ്ടത്. ഉറപ്പായും ആഗ്രഹിക്കുന്നതെല്ലാം നേടാന്‍ ആര്‍ക്കും സാധിക്കുകയില്ല. ഇഷ്ടമുള്ളവയെയെല്ലാം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കാനും പറ്റുകയില്ല. കാരണം, ജനിമൃതികളുടേതായ ഈ ലോകത്ത് ഒന്നും സ്ഥിരമല്ല. ഭാവനയുടെയും ചിന്തയുടെയും ലോകത്ത് മാത്രമേ വസ്തുക്കള്‍ക്ക് സ്ഥിരമായ നിലനില്‍പുള്ളൂ. നാം ഇഷ്ടപ്പെടുന്നത് നഷ്ടപ്പെടാതിരിക്കുകയും ആഗ്രഹിക്കുന്നത് സ്വന്തമാക്കുകയും ചെയ്യണമെങ്കില്‍ നാം ഭാവനയുടെയും ചിന്തയുടെയും ലോകത്തേക്ക് നോക്കണം. അവിടെ നാം ഇഷ്ടമുള്ളത് സ്വന്തമാക്കണം, ആഗ്രഹിക്കുന്നത് നേടണം. എങ്കില്‍ ദൗര്‍ഭാഗ്യമോ നാശമോ നമ്മെ പിടികൂടുകയില്ല. ബുദ്ധിമണ്ഡലത്തില്‍ സ്വന്തമാക്കിയതൊന്നും നമുക്ക് നഷ്ടപ്പെടുകയില്ല.

നേടാനും സ്വന്തമാക്കാനും ആഗ്രഹിക്കുന്ന ഏതു വസ്തുവും നശ്വരമാണ്. നമുക്കെന്ന പോലെ ആര്‍ക്കും അവ സ്വന്തമാക്കാനാവും. നമ്മുടെ കൈകള്‍ എന്ന പോലെ മറ്റുള്ളവരുടെ കൈകളും അതിലേക്ക് എത്തിച്ചേരും. താല്‍ക്കാലികമായി മാത്രമേ ആര്‍ക്കും അത് കൈയില്‍ വെക്കാനാവൂ. പ്രകൃതി വസ്തുക്കളെക്കുറിച്ച് ഈ യാഥാര്‍ഥ്യം നാം മനസ്സിലാക്കണം. ഒരാള്‍ക്കു മാത്രം അവകാശപ്പെട്ടതായി ഇവിടെ ഒന്നുമില്ല. ഇതറിഞ്ഞിരുന്നാല്‍ ഇഷ്ടപ്പെടുന്നത് നഷ്ടപ്പെടുമ്പോള്‍ ദുഃഖമുണ്ടാവുകയില്ല. ഒരിക്കലും നഷ്ടപ്പെടാത്തത് നേടണമെന്ന് നാം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആ ആഗ്രഹം വ്യാമോഹം മാത്രമാണ്. ശാശ്വതമായി നമുക്കധീനപ്പെടുത്താന്‍ ഇവിടെ യാതൊന്നും തന്നെയില്ല. അങ്ങനെയൊന്ന് നാം തേടുന്നുവെങ്കില്‍ പ്രകൃതിക്കതീതമായ എന്തിനെയോ ആണ് നാം തേടുന്നത്. ഇല്ലാത്തത് തേടുന്നവന്റെ തേട്ടം വൃഥാവിലാണ്. അതവനെ അസന്തുഷ്ടനാക്കും. സാധിക്കുന്നത് ആഗ്രഹിക്കുക. എങ്കില്‍ സന്തോഷമുണ്ടാവും.

നേടാനാവാത്തത് നേടാന്‍ ആഗ്രഹിക്കുകയോ കൈവിട്ടുപോവുന്നതില്‍ ദുഃഖിക്കുകയോ അരുത്. മഹാരാജാക്കന്മാര്‍ ആരെയും കാണാന്‍ അങ്ങോട്ടു പോവുകയോ ആരെയും യാത്രയയക്കാന്‍ കൂടെ പോവുകയോ ചെയ്യാറില്ല. അതേ പോലെയാവണം നാം. ഒന്നും തേടിപ്പോവരുത്. ഒന്നും പോവുമ്പോള്‍ പിന്നാലെ പോവരുത്. മഹാരാജാക്കന്മാര്‍ എപ്പോഴും നിസ്സംഗരായിരിക്കും. വരുന്നവരെ അവര്‍ ഉപചാരപൂര്‍വം സ്വീകരിക്കുന്നു. പോവുന്നവരെ ഉപചാരപൂര്‍വം യാത്രയയക്കുന്നു. എന്തെങ്കിലും കിട്ടണമെന്നാഗ്രഹിക്കുന്നത് സാധാരണക്കാരും താണതരം മനസ്സുള്ളവരുമാണ്. കിട്ടാതിരിക്കുമ്പോഴും നഷ്ടപ്പെടുമ്പോഴും മനഃക്ലേശമുണ്ടാവുക അവര്‍ക്കാണ്. കാരണം വല്ലതും തടയുമോ എന്നറിയാന്‍ അവര്‍ എല്ലായിടത്തും പോയി നോക്കുന്നു. ഒന്നും കൈവിട്ടുപോവാതിരിക്കാന്‍ ജാഗ്രതയോടെ കാവലിരിക്കുന്നു.

നശ്വരമായതന്വേഷിച്ച് ദുഃഖം സമ്പാദിക്കാനല്ല, ശാശ്വതമായത് സ്വന്തമാക്കി ആഹ്ലാദിക്കാനാണ് നാം ശ്രമിക്കേണ്ടത് എന്ന് അല്‍ കിന്ദി ഉപദേശിക്കുന്നു. ദുഃഖവും സന്തോഷവും ഒരാത്മാവില്‍ ഒരുമിച്ചു പുലരുകയില്ല. ദുഃഖമുണ്ടാവുമ്പോള്‍ സന്തോഷമോ സന്തോഷമുണ്ടാവുമ്പോള്‍ ദുഃഖമോ ഉണ്ടാവുകയില്ല. നീങ്ങിപ്പോവുന്നത് സ്ഥിരമാണെന്നു ധരിച്ച് ദുഃഖത്തെ ക്ഷണിച്ചുവരുത്തരുത്. ഏതവസ്ഥയിലും സംതൃപ്തനായിരിക്കുക. സംതൃപ്തി സന്തോഷം നല്‍കും.

ദുഃഖനിവാരണത്തിനുള്ള പ്രായോഗിക മാര്‍ഗം ദുഃഖങ്ങളെ വര്‍ഗീകരിച്ചു പരിശോധിച്ച ശേഷം വേര്‍തിരിച്ചു മനസ്സിലാക്കി കാരണങ്ങളെ ഉന്മൂലനം ചെയ്യുക എന്നതാണെന്ന് അല്‍ കിന്ദി പറയുന്നു. ഏതു ദുഃഖത്തിനും ശമനമുണ്ട്. സന്തോഷമായിരിക്കാന്‍ സാധിക്കുമ്പോള്‍ ദുഃഖം തെരഞ്ഞെടുക്കുന്നത് ബുദ്ധിയല്ല.

സ്വഭാവവും ശീലങ്ങളും

ദുഃഖത്തെയും സന്തോഷത്തെയും സംബന്ധിച്ച് മേല്‍ പ്രസ്താവിച്ചവയാണ് സ്വാഭാവികവും സാധാരണവുമായ സംഗതിയെങ്കിലും നിത്യജീവിതത്തില്‍ നാം ഇതില്‍നിന്ന് ഭിന്നമായ കാര്യങ്ങള്‍ കാണുന്നു്. ആളുകളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും വ്യത്യസ്തങ്ങളാണ്. ഭക്ഷണം, മദ്യം, സ്ത്രീ, വസ്ത്രങ്ങള്‍ തുടങ്ങി പല സംഗതികളിലാണ് ആളുകള്‍ ആനന്ദം കണ്ടെത്തുന്നത്. ഈ ആനന്ദങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ ഇവര്‍ ദുഃഖിതരാവുന്നു. സ്വഭാവവും ശീലങ്ങളുമാണ് ഒരാളുടെ ആനന്ദം തീരുമാനിക്കുന്നതെന്ന് അല്‍ കിന്ദി അഭിപ്രായപ്പെടുന്നു. പ്രായോഗിക ജീവിതത്തില്‍നിന്നുള്ള ഉദാഹരണങ്ങളിലൂടെ അദ്ദേഹം ഇതു വിശദീകരിക്കുന്നു്. ചൂതാട്ടക്കാരന് തന്റെ പണമെല്ലാം നഷ്ടപ്പെട്ടാലും താന്‍ തെരഞ്ഞെടുത്ത ജീവിതത്തില്‍ അയാള്‍ ആഹ്ലാദവാനാണ്. ഭാഗ്യം മാറി മറിയുമ്പോള്‍ താന്‍ ധനികനായിത്തീരും എന്ന മോഹത്താല്‍ ഉള്ളതെല്ലാം നഷ്ടപ്പെടുത്തി അലസ ജീവിതം നയിക്കുകയാണ് ചൂതാട്ടക്കാരന്‍. അവന്റെ വീക്ഷണത്തില്‍ തന്റെ നഷ്ടങ്ങളൊന്നും നഷ്ടങ്ങളോ ദുരിതങ്ങളൊന്നും ദുരിതങ്ങളോ അല്ല. പെരുവഴിക്കൊള്ളക്കാരന്‍ തന്റെ ദുഷ്‌കൃത്യങ്ങളില്‍ അഭിമാനവും ആനന്ദവും കൊള്ളുന്നു. പിടിക്കപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും അവനു വിഷയമല്ല. പരിക്കുകള്‍ അവന് അഭിമാനത്തിന്റെ ചിഹ്നങ്ങളാണ്. അവ അവനെ സന്തോഷിപ്പിക്കുന്നു. അവനെ സംബന്ധിച്ചേടത്തോളം തടിക്ക് കേടൊന്നും പറ്റാതിരിക്കുന്നതാണ് അപമാനകരം.

ആണ്‍വേഷം കെട്ടുന്ന പെണ്ണും പെണ്‍വേഷം കെട്ടുന്ന ആണും  ആനന്ദിക്കുന്നതായി നാം കാണുന്നു. മോശം എന്നു മറ്റുള്ളവര്‍ കരുതുന്നതാണ് ഇവര്‍ക്ക് സുഖം. മറ്റുള്ളവരേക്കാള്‍ കേമന്മാരാണ് തങ്ങള്‍ എന്ന് വിചാരിച്ച് സന്തോഷിക്കുകയാണ് അവര്‍. തങ്ങളുടെ സൗഭാഗ്യം മറ്റുള്ളവര്‍ക്ക് കിട്ടാത്തതിലാണ് അവര്‍ക്ക് സങ്കടം. അവരുടെ നോട്ടത്തില്‍ മറ്റുള്ളവരാണ് ഭാഗ്യദോഷികള്‍. തങ്ങളുടെ സുഖമാണ് സുഖം, മറ്റുള്ളവരുടെ സുഖം സുഖമല്ല എന്ന് അവര്‍ വിചാരിക്കുന്നു.

ആളുകള്‍ക്ക് സുഖവും ദുഃഖവും നല്‍കുന്നത് എന്താണെന്നത് പ്രകൃത്യാ നിശ്ചയിക്കപ്പെട്ടിട്ടുള്ള കാര്യങ്ങളല്ല എന്നത്രെ ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്. ഒരാളുടെ സുഖവും സന്തോഷവും തീരുമാനിക്കുന്നത് അയാളുടെ സ്വഭാവവും ശീലങ്ങളുമാണെന്ന തത്ത്വത്തിലേക്കാണ് അല്‍ കിന്ദി ഈ ചര്‍ച്ചയിലൂടെ എത്തിച്ചേരുന്നത്. സന്തോഷം പ്രദാനം ചെയ്യുന്ന അനുഭവം ഏതെന്നു നിശ്ചയിക്കപ്പെടുന്നത് ശീലങ്ങള്‍ക്കനുസരിച്ചാണ്. ശീലങ്ങള്‍ സ്വഭാവത്തിന്റെ പ്രകാശനമാണ്. ആത്മാവിന് മതിയായ ശിക്ഷണം നല്‍കി സ്വഭാവം സംസ്‌കരിക്കുകയാണ് ശീലങ്ങള്‍ നന്നാക്കാനുള്ള മാര്‍ഗം. സദ്ശീലങ്ങള്‍ ആന്തരിക സ്വഭാവമായിത്തീരുന്നതുവരെ ആത്മാവിനു ശിക്ഷണം നല്‍കണം എന്നും അല്‍ കിന്ദി കൂട്ടിച്ചേര്‍ക്കുന്നു. എങ്കിലേ അവസാന നാളുകളില്‍ ജീവിതം ആനന്ദകരമായിത്തീരുകയുള്ളൂ. ശീലങ്ങള്‍ മാറ്റി സ്വഭാവം നന്നാക്കുമ്പോഴാണ് പ്രകൃതം ശുദ്ധമാവുക.

ആത്മശിക്ഷണം

ശരീരത്തെ ബാധിക്കുന്ന അസുഖങ്ങളെ, വേദനകളെ നാം ഔഷധ പ്രയോഗത്തിലൂടെ സുഖപ്പെടുത്തുന്നു. കഠിനമായ ചികിത്സാ രീതികള്‍ തന്നെ ചിലപ്പോള്‍ നമുക്ക് അവലംബിക്കേണ്ടതായി വരാറുണ്ട്. ചില ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റേണ്ടതായിപ്പോലും വന്നേക്കാം. നാം അതിനു വേണ്ടി എത്ര പണം ചെലവഴിക്കാനും തയാറാണ്. ശരീരത്തിന്റെ സൗഖ്യത്തിനും ചികിത്സക്കും വേണ്ടി ചെലവഴിക്കുന്നതിനേക്കാള്‍ പ്രാധാന്യം ആത്മാവിന്റെ സൗഖ്യത്തിനും ചികിത്സക്കും നാം കല്‍പിക്കേണ്ടതുണ്ടെന്ന് അല്‍ കിന്ദി പറയുന്നു. കാരണം ആത്മാവാണ് ശരീരത്തെ നിയന്ത്രിക്കുന്നത്. ശരീരം നശിച്ചുപോവുന്നതും ആത്മാവ് അനശ്വരമായി നിലനില്‍ക്കുന്നതുമാണ്. അങ്ങനെ നോക്കുമ്പോള്‍ ശരീരസൗഖ്യത്തേക്കാള്‍ ആത്മാവിന്റെ സൗഖ്യത്തിനാവണം പ്രഥമ പരിഗണന.

നമ്മെ നാം ആക്കുന്നത് ശരീരമല്ല; ആത്മാവാണ്. ദേഹപരമായി നോക്കുമ്പോള്‍ എല്ലാവരും ഏറക്കുറെ ഒരേ പോലെയാണ്. ബാഹ്യശരീരത്തേക്കാള്‍ നാം പരിപാലിക്കേണ്ടത് ആന്തരികമായ ആത്മാവിനെയാണ്. ശരീരം ആത്മാവിന്റെ ഒരുപകരണം മാത്രമാണ്. ആ ഉപകരണം ഉപയോഗിച്ചാണ് ശരീരം പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ വേദനകളും പ്രയാസങ്ങളും സഹിച്ച് ആത്മാവിനെ നാം ചികിത്സിക്കണം. എന്നാല്‍ ഇതിന് ഫീസ് കൊടുക്കുകയോ തീയും ഇരുമ്പും ഉപയോഗിച്ച് ശരീരം പൊള്ളിക്കുകയോ മരുന്നു കുടിക്കുകയോ വേണ്ടതില്ലെന്ന് അല്‍ കിന്ദി പറയുന്നു. വേണ്ടതിത്രയേ ഉള്ളൂ. ഉത്കൃഷ്ട സ്വഭാവഗുണങ്ങള്‍ ആര്‍ജിക്കാന്‍ ആത്മാവിനെ നിര്‍ബന്ധിക്കുക, ലഘുവായ സുകൃതങ്ങള്‍ കൊണ്ടുതുടങ്ങാം. ചെറിയ ചെറിയ നല്ല കാര്യങ്ങള്‍ക്ക് ആത്മാവിനെ നിര്‍ബന്ധിച്ചാല്‍ ക്രമേണ വലിയ സുകൃതങ്ങള്‍ എളുപ്പമായിത്തീരും. അങ്ങനെ നന്മ ചെയ്യുന്ന ശീലം വളര്‍ന്നുവരികയും അതൊരു സ്വഭാവമായി ഉറക്കുകയും ചെയ്യും. അപ്പോള്‍ നഷ്ടങ്ങളില്‍ ദുഃഖമുണ്ടാവുകയില്ല, ഇല്ലായ്മകളില്‍ വ്യസനം തോന്നുകയില്ല.

ഭൂമിയിലെ ഏറ്റവും വലിയ ജീവികളായ തിമിംഗലമോ ആനയോ മനുഷ്യരെപ്പോലെ ദുഃഖിക്കുന്നില്ല എന്ന് അല്‍ കിന്ദി പറയുന്നു. പ്രകൃതിയില്‍നിന്ന് ലഭിക്കുന്നതുകൊണ്ട് സംതൃപ്തരാണ് ആ ജീവികള്‍. എന്നാല്‍ അവ ഉള്‍പ്പെടെയുള്ള ജീവികളെ നിയന്ത്രിക്കാനും ഭരിക്കാനും ശേഷിയുള്ള മനുഷ്യന് സ്വന്തം ആത്മാവിനെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല! ഇത് ബുദ്ധിശൂന്യതയാണ്. മനുഷ്യന്‍ യഥാര്‍ഥത്തില്‍ തന്റെ നിലനില്‍പിന് ആവശ്യമില്ലാത്ത സാധനങ്ങള്‍ ശേഖരിക്കാനും സൂക്ഷിക്കാനും തിടുക്കം കൂട്ടുകയാണ്. മറ്റൊരു ജീവിയും ഇങ്ങനെ ചെയ്യുന്നില്ല. മനുഷ്യന്റെ ഭയത്തിനും ഉത്കണ്ഠക്കും ആകാംക്ഷക്കും ആശങ്കക്കും കാരണം ഇതാണ്. ആത്മാവിനെ ശിക്ഷണത്തിലൂടെ പക്വതയുള്ളതാക്കിയാല്‍ ഈ പീഡകളെല്ലാം ഒഴിഞ്ഞുപോവും. ആത്മാവിന് ശിക്ഷണം നല്‍കുന്നില്ലെങ്കില്‍ രോഗം വര്‍ധിക്കും. വേദന കുറയുകയുമില്ല.

കപ്പല്‍ യാത്രക്കാരുടെ കഥ

ആശയങ്ങള്‍ വിശദീകരിക്കുന്നതിനു ദൃഷ്ടാന്തകഥകളെ കൂട്ടുപിടിക്കുക അല്‍ കിന്ദിയുടെ രീതിയാണ്. ഭൂമിയില്‍ മനുഷ്യന്റെ അവസ്ഥ വിശദീകരിക്കുന്നതിന് അദ്ദേഹം കപ്പല്‍ യാത്രക്കാരുടെ കഥ ഉദാഹരിക്കുന്നു. ഒരു കപ്പലില്‍ നിറയെ യാത്രക്കാരുണ്ട്. എല്ലാവരും സ്വദേശത്തേക്കുള്ള മടക്കയാത്രയിലാണ്. യാത്രാമധ്യേ കപ്പിത്താന്‍ കപ്പല്‍ ഒരു ദ്വീപിനോടടുപ്പിച്ചു. അത്യാവശ്യം സാധനങ്ങള്‍ ശേഖരിക്കുകയായിരുന്നു ഉദ്ദേശ്യം. യാത്രക്കാര്‍ കപ്പലില്‍നിന്ന് പുറത്തിറങ്ങി. ചിലര്‍ ആവശ്യങ്ങള്‍ നിര്‍വഹിച്ചു വേഗം കപ്പലിലേക്ക് മടങ്ങിവന്നു. വിശാലമായ മുറികളും നല്ല ഇരിപ്പിടങ്ങളും അവര്‍ക്ക് ലഭിച്ചു. തിരക്കും ബഹളവുമില്ലാതെ അവര്‍ക്ക് സുഖമായി വിശ്രമിക്കാന്‍ സാധിച്ചു. ചിലയാളുകള്‍ അല്‍പം വൈകിയാണ് വന്നത്. കുറേയേറെ സാധനങ്ങള്‍ അവര്‍ ശേഖരിച്ചിരുന്നു. ശംഖുകള്‍, പല നിറങ്ങളിലുള്ള കല്ലുകള്‍, പലതരം മണ്ണ്, കായ്കനികള്‍ തുടങ്ങി തങ്ങള്‍ക്ക് ആവശ്യമുണ്ടാവുമെന്ന് അവര്‍ കരുതിയ സാധനങ്ങളാണ് അവര്‍ കൊണ്ടുവന്നത്. കപ്പലില്‍ പ്രവേശിച്ച അവര്‍ നല്ല ഇരിപ്പിടങ്ങളെല്ലാം നേരത്തേ വന്നവര്‍ സ്വന്തമാക്കിയതായി കണ്ടു. ശേഷിച്ചതില്‍ നല്ല സ്ഥലങ്ങളില്‍ അവര്‍ ഇരിപ്പുറപ്പിച്ചു. സാധനങ്ങള്‍ സൂക്ഷിക്കാന്‍ അവര്‍ പ്രയാസപ്പെട്ടു. തങ്ങളുടെ ഇരിപ്പിടങ്ങളുടെ സമീപത്തായി സാധനങ്ങള്‍ കുന്നുകൂട്ടിവെച്ചതു കാരണം ഒട്ടേറെ പ്രയാസങ്ങള്‍ അവര്‍ക്ക് നേരിടേണ്ടതായി വന്നു. അടുത്ത സംഘം വന്നത് കുറേകൂടി വൈകിയാണ്. അവരുടെ കൈവശം അവര്‍ക്ക് എടുക്കാന്‍ കഴിയുന്നതില്‍ അധികം വസ്തുക്കളുണ്ടായിരുന്നു. പലതരം പൂക്കളും ചെടികളുമെല്ലാം അവര്‍ ശേഖരിച്ചിരുന്നു. കപ്പലില്‍ അവര്‍ക്ക് കൂടുതല്‍ പ്രയാസങ്ങള്‍ നേരിട്ടു. ഇടുങ്ങിയ സ്ഥലങ്ങളില്‍ ഞെരുങ്ങിയിരിക്കേണ്ട സ്ഥിതിയിലായിരുന്നു അവര്‍. സാധനങ്ങള്‍ മാറിപ്പോവുമോ മറ്റാരെങ്കിലും എടുക്കുമോ തുടങ്ങിയ ആശങ്കകള്‍ അവരെ അലട്ടിയിരുന്നു. എപ്പോഴും ഒരു കണ്ണ് സാധനങ്ങളില്‍ ഉണ്ടെന്ന് അവര്‍ ഉറപ്പുവരുത്തി. ഓരോ അനക്കങ്ങള്‍ക്കും അവര്‍ ചെവിയോര്‍ത്തു. പരസ്പരം സംശയിക്കുക പോലും ചെയ്തു അവര്‍. ദ്വീപിലിറങ്ങിയ മറ്റൊരു കൂട്ടര്‍ കാഴ്ചകള്‍ കണ്ട് കുറേയധികം ഉള്ളിലേക്ക് പോയി. പലതരം സാധനങ്ങളും അവര്‍ ശേഖരിച്ചുകൊണ്ടിരുന്നു. എത്ര ശേഖരിച്ചിട്ടും അവര്‍ക്ക് മതിയായില്ല. മരങ്ങളില്‍ കയറിയും കുളങ്ങളില്‍ ഇറങ്ങിയും കുന്നുകള്‍ താണ്ടിയും അവര്‍ പലതും നേടി. ഇതിനിടെ പല പരിക്കുകളും അവര്‍ക്കു പറ്റി. ദേഹത്തും വസ്ത്രങ്ങളിലും മണ്ണും ചളിയും ആയി. മരക്കൊമ്പുകളില്‍ തട്ടി വസ്ത്രം അവിടെയും ഇവിടെയും കീറി. ഭാരിച്ച സാധനങ്ങളുമായി കപ്പലില്‍ തിരിച്ചെത്തുമ്പോള്‍ അവര്‍ ആകെ ക്ഷീണിച്ചിരുന്നു. എങ്ങനെയോ കപ്പലില്‍ കയറിക്കൂടി അവര്‍ ഒരു മൂലയില്‍ ഒതുങ്ങി. മറ്റൊരു കൂട്ടര്‍ കപ്പലില്‍നിന്നുള്ള വിളി കേട്ടതേയില്ല. അവര്‍ ദ്വീപില്‍ ദൂരെയെവിടെയോ ആയിരുന്നു. ചിലര്‍ വിഷപ്പാമ്പുകളുടെ കടിയേറ്റു മരിച്ചു. ചിലര്‍ ഹിംസ്രജന്തുക്കള്‍ക്ക് ഭക്ഷണമായി. ചിലര്‍ ദിക്കറിയാതെ കുടുങ്ങി. ചിലര്‍ തങ്ങളുടെ ജന്മനാടും കപ്പലുമെല്ലാം മറന്നു. സമയമായപ്പോള്‍ കപ്പല്‍ നങ്കുരമിളക്കി യാത്ര തുടര്‍ന്നു. കപ്പലിനകത്തെ സ്ഥിതിയായിരുന്നു കഷ്ടം. ദിവസങ്ങള്‍ പിന്നിടുംതോറും ശേഖരിച്ച പൂക്കള്‍ വാടുകയും നിറമുള്ള വസ്തുക്കളുടെ നിറം മങ്ങുകയും കായ്കനികള്‍ ചീഞ്ഞു ദുര്‍ഗന്ധം പരക്കുകയും ചെയ്തു.  ദിവസങ്ങള്‍ക്കു മുമ്പ് തങ്ങള്‍ക്ക് ഏറ്റം പ്രിയപ്പെട്ടതായി തോന്നിയ സാധനങ്ങളെല്ലാം ഇപ്പോഴവര്‍ക്ക് വലിയ ഭാരമായിത്തീര്‍ന്നു. ഏറെ പ്രയോജനം ചെയ്യുമെന്ന് കരുതിയ സാധനങ്ങള്‍ പ്രയോജനശൂന്യങ്ങളാണെന്ന് കണ്ടു. അവ കടലില്‍ വലിച്ചെറിയുകയല്ലാതെ അവര്‍ക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. കഷ്ടപ്പെട്ടത് സമ്പാദിച്ചതുകൊണ്ട് ഉപദ്രവമല്ലാതെ ഉപകാരമൊന്നും അവര്‍ക്ക് സിദ്ധിച്ചില്ല. ദുര്‍ഗന്ധം സഹിച്ച് പലരും രോഗബാധിതരായി. ദ്വീപില്‍നിന്ന് ഒന്നും സമ്പാദിക്കാതെ സുഖമായി യാത്രചെയ്തവര്‍ക്കേ പൂര്‍ണ ആരോഗ്യത്തോടെ ജന്മനാട്ടില്‍ എത്താന്‍ സാധിച്ചുള്ളൂ. ബാക്കിയുള്ളവരുടെയെല്ലാം സ്ഥിതി വളരെ ദയനീയമായിരുന്നു.

ഐഹിക ലോകത്തെ മനുഷ്യന്റെ ജീവിതം ഈ കപ്പല്‍ യാത്രക്കാരുടെ അവസ്ഥയോടുപമിക്കാമെന്നാണ് അല്‍ കിന്ദി പറയുന്നത്. ആവശ്യമില്ലാത്തതെല്ലാം വാരിക്കൂട്ടി നശ്വര ജീവിതം ദുരിതപൂര്‍ണമാക്കുന്ന അവര്‍ പാരത്രിക ജീവിതം നഷ്ടപ്പെടുത്തുക കൂടി ചെയ്യുന്നു. അത്യാവശ്യമുള്ളതു മാത്രം നേടുകയും അതില്‍ സംതൃപ്തി അടയുകയും ചെയ്യുന്നവര്‍ക്ക് ഇഹലോക ജീവിതം ദുഃഖങ്ങളില്ലാത്തതും പാരത്രിക ജീവിതം സുഖസമ്പൂര്‍ണവുമായിത്തീരുന്നു. ദുഃഖഹേതുക്കളാവുന്ന സാധനങ്ങള്‍ സ്വന്തമാക്കിയില്ല എന്നതില്‍ സന്തോഷിക്കുകയാണ് നാം വേണ്ടത്. അല്ലാതെ, അവയൊന്നും സ്വന്തമായില്ലല്ലോ എന്നു ദുഃഖിക്കുകയല്ല. ദുഃഖഹേതുക്കളായ സാധനങ്ങള്‍ സ്വന്തമായില്ലല്ലോ എന്നോര്‍ത്ത് ദുഃഖിക്കുന്നത് വിഡ്ഢിത്തമാണ്.

മരണം തിന്മയല്ല

തിന്മയെയാണ് വെറുക്കേണ്ടത് എന്നും തിന്മയെയല്ലാതെ ഒന്നിനെയും വെറുക്കരുത് എന്നും പ്രസ്താവിക്കുന്ന അല്‍ കിന്ദി ഇത് ഓര്‍മയില്‍ ഉറപ്പിക്കണമെന്നും ആവശ്യപ്പെടുന്നു. മരണമാണ് ഏറ്റവും വലിയ തിന്മ എന്നു നമുക്ക് തോന്നാം. എന്നാല്‍ മരണം തിന്മയല്ല. മരണത്തെക്കുറിച്ചുള്ള ആധിയാണ് തിന്മ. 'മരണം നമ്മുടെ പ്രകൃതിയുടെ പരിപൂര്‍ത്തീകരണമല്ലാതെ മറ്റൊന്നുമല്ല' എന്നാണ് അല്‍ കിന്ദി പറയുന്നത്. മരണമില്ലെങ്കില്‍ മനുഷ്യനില്ല. 'ജീവനുള്ള, ചിന്തിക്കുന്ന, മരിച്ചുപോവുന്ന ജീവി' എന്നതാണ് മനുഷ്യന്റെ നിര്‍വചനം. മര്‍ത്യന്‍ അഥവാ മരണമുള്ളവന്‍ എന്ന വിശേഷണം ഈ നിര്‍വചനത്തിലുണ്ട്. അതിനാല്‍ മനുഷ്യന്‍ മരണമുള്ളവനായേ പറ്റൂ. ഒരാള്‍ മരിക്കുന്നില്ലെങ്കില്‍ അയാള്‍ മനുഷ്യനായിരിക്കില്ല. അതിനാല്‍ നാം മരണമുള്ളവരായിരിക്കുക എന്നത് നമ്മുടെ പ്രകൃതിയാണ്. ഈ പ്രകൃതിയെ തിന്മയായി കാണാന്‍ പറ്റില്ല. മരണമില്ലാതിരിക്കുക എന്നതായിരിക്കും തിന്മ. കാരണം അതാണ് പ്രകൃതിവിരുദ്ധം. 'അധികമാളുകളും തിന്മയാണെന്നു വിചാരിക്കുന്നത് തിന്മയല്ല എന്നാണ് പറഞ്ഞുവരുന്നത്' എന്ന് പറയുന്ന അല്‍ കിന്ദി തുടര്‍ന്ന് ഇങ്ങനെ വ്യക്തമാക്കുന്നു: മരണത്തേക്കാള്‍ ചെറിയ തിന്മകളായി ആളുകള്‍ കണക്കാക്കുന്ന, വല്ലതും നഷ്ടപ്പെട്ടുപോകുന്നതടക്കമുള്ള കാര്യങ്ങളും തിന്മയല്ല.

മരണം തിന്മയാണെന്ന തോന്നല്‍ ജീവിതത്തെയും മരണത്തെയും സംബന്ധിച്ച അജ്ഞതയില്‍നിന്നാണുണ്ടാവുന്നത്. ഓരോ വസ്തുവും വെക്കേണ്ടിടത്ത് വെക്കണം, ചേരുന്നതിനോട് ചേര്‍ക്കണം. സ്ഥാനം തെറ്റി വെക്കുന്നതും ചേരാത്തത് ചേര്‍ക്കുന്നതുമാണ് തിന്മ. അതാണ് ദുഃഖത്തിന് ഹേതു. ഗര്‍ഭപാത്രത്തില്‍നിന്ന് ലോകത്തിന്റെ വിശാലതയിലേക്കുള്ള മനുഷ്യന്റെ വരവ് തിന്മയായിരുന്നില്ല. അതേപോലെ തന്നെയാണ് ഇവിടെനിന്ന് പൂര്‍ണതയിലേക്കുള്ള മടക്കവും.

കൃതികളും സ്വാധീനവും

അല്‍ കിന്ദിയുടെ കൃതികളില്‍ അധികവും ഇന്നു ലഭ്യമല്ല. ലഭ്യമായ കൃതികള്‍ വെച്ച് അദ്ദേഹത്തിന്റെ ആശയങ്ങളെക്കുറിച്ചുള്ള സമഗ്ര ധാരണ രൂപീകരിക്കാനാവുമോ എന്ന പ്രശ്‌നം ഗവേഷകര്‍ ഉന്നയിച്ചിട്ടുണ്ട്. അല്‍ കിന്ദി കൃതികളുടെ ലഭ്യമായ ലാറ്റിന്‍ പരിഭാഷകളും സമീപകാലത്ത് കണ്ടെടുക്കപ്പെട്ട ഇരുപത്തിയഞ്ചോളം അറബി മൂലത്തിലുള്ള പ്രബന്ധങ്ങളുമാണ് ഗവേഷകര്‍ക്കാശ്രയം. അല്‍ കിന്ദിയുടെ ശാസ്ത്ര കൃതികള്‍ ലാറ്റിനിലേക്ക് മൊഴിമാറ്റം ചെയ്തത് ക്രിമോണയിലെ ഗെറാര്‍ദ് ആണ്. മധ്യകാല യൂറോപ്പിനെ ഏറെ സ്വാധീനിക്കുകയുണ്ടായി ഈ പരിഭാഷകള്‍. അവെന്‍ഡൗത് ആണ് അല്‍ കിന്ദി കൃതികളുടെ മറ്റൊരു പരിഭാഷകന്‍. പ്രകാശശാസ്ത്രത്തെക്കുറിച്ച് അല്‍ കിന്ദി രചിച്ച പുസ്തകം റോജര്‍ ബേക്കണ്‍ ഉപയോഗപ്പെടുത്തുകയുണ്ടായി. റോജര്‍ ബേക്കണ്‍ തന്റെ നേച്ചര്‍ ആന്റ് മള്‍ട്ടിപ്ലിക്കേഷന്‍ ഓഫ് ലൈറ്റ് ഓര്‍ സ്പീഷീസ് എന്ന കൃതിയില്‍ അല്‍ കിന്ദിയുടെ വിവിധ കൃതികളില്‍നിന്ന് ഉദ്ധരിക്കുന്നുണ്ട്.

അല്‍ കിന്ദിയുടെ തത്ത്വചിന്താപരമായ പതിനാല് നിബന്ധങ്ങള്‍ 1950-ല്‍ അബൂരിദ സംശോധന ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൃത്രിമമായി സ്വര്‍ണവും വെള്ളിയും ഉണ്ടാക്കാന്‍ കഴിയുമെന്ന അല്‍ക്കെമിസ്റ്റുകളില്‍ ചിലരുടെ വാദത്തെ ഖണ്ഡിച്ചുകൊണ്ട് അല്‍ കിന്ദി എഴുതിയ മുറൂജുദ്ദഹബ് എന്ന പ്രബന്ധത്തിന്റെ ചില ഭാഗങ്ങള്‍ ചരിത്രകാരനായ അല്‍ മസ്ഊദി ഉദ്ധരിച്ചിട്ടുണ്ട്. ഇസ്തംബൂളില്‍നിന്നും അലപ്പോവില്‍നിന്നും കണ്ടെടുക്കപ്പെട്ട അല്‍ കിന്ദി നിബന്ധങ്ങളും ഇപ്പോള്‍ ഗവേഷകര്‍ക്ക് ലഭ്യമാണ്. വേല്‍സര്‍, റോസന്താള്‍, അബൂരിദ, അഹ്മദ് ഫുആദ് അല്‍ അഹ്‌വനി തുടങ്ങിയവര്‍ ഈ നിബന്ധങ്ങള്‍ സംശോധന ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

(അവസാനിച്ചു)

 

1. George N. Atiyeh, AlKindi, The Philosopher of the Arabs, Kitab Bhavan, 1994

2. Majid Fakhry, A History f Islamic Philosophy, Columbia University Press, Newyork, 1970

3. Jon Mc Ginnis & David C. Reisman, Classical Arabic Philosophy: An Anthology of Sources, Hackett Publishing Company, Inc., Cambridge, 2007

4. Seyyed Hossein Nasr and Oliver Leaman, History of Islamic Philosophy, Part 1, Ansariyan Publications, Qum, Iran, 1993

5. M.M. Sharif (Ed), A History of Muslim Philosophy, Low Priced Publications, Delhi, 1993

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (41 - 45
എ.വൈ.ആര്‍

ഹദീസ്‌

ദിക്‌റും ശുക്‌റും
പി.എ സൈനുദ്ദിന്‍