Prabodhanm Weekly

Pages

Search

2017 ഏപ്രില്‍ 07

2996

1438 റജബ് 10

ഇന്ത്യന്‍ സാമൂഹിക രൂപീകരണവും ഇസ്‌ലാമും

കെ.ടി ഹുസൈന്‍

ഇസ്‌ലാം ഒരു മതമെന്നതിലുപരി സാമൂഹികമാറ്റം സൃഷ്ടിക്കുന്ന സാമൂഹിക പ്രസ്ഥാനമാണ്. എല്ലാ പ്രവാചക മതങ്ങളുടെയും സവിശേഷത തന്നെയാണിത്. എന്നാല്‍, കാലക്രമത്തില്‍ പ്രതിലോമ ശക്തികളുമായുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമായി മതങ്ങള്‍ കേവലം ആചാരങ്ങളിലേക്കും അനുഷ്ഠാനങ്ങളിലേക്കും സങ്കോചിക്കുകയും സാമൂഹികത കൈയൊഴിയുകയും ചെയ്ത സവിശേഷ ചരിത്രഘട്ടത്തിലാണ് പ്രവാചക മതത്തെ അതിന്റെ സമ്പൂര്‍ണതയില്‍ പുനഃസൃഷ്ടിക്കാന്‍ അന്ത്യപ്രവാചകന്‍ മുഹമ്മദ്(സ) അറേബ്യയില്‍ ദൈവത്താല്‍ നിയോഗിതനാകുന്നത്. പ്രവാചകന്റെ നേതൃത്വത്തില്‍ അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ നടന്ന  വമ്പിച്ച സാമൂഹിക മാറ്റം എല്ലാവര്‍ക്കും അറിയാം. മനുഷ്യനാഗരികതയിലും സംസ്‌കാരത്തിലും അടിമുടി മാറ്റം വരുത്തിയ സാമൂഹിക വിപ്ലവമായിരുന്നു അതെന്ന് എല്ലാ സാമൂഹികശാസ്ത്ര ചിന്തകരും തര്‍ക്കമില്ലാതെ അംഗീകരിച്ച വസ്തുതയാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും ഏതൊരു മതത്തെയും പോലെ ഇസ്‌ലാമിന്റെയും  അവിഭാജ്യഘടകങ്ങള്‍ തന്നെ. ഇസ്‌ലാമിനെ തിരിച്ചറിയാന്‍ അതിന്റെ സവിശേഷമായ ആചാരങ്ങള്‍ക്കും  അനുഷ്ഠാനങ്ങള്‍ക്കും നിര്‍ണായക പങ്കുണ്ട് എന്നതും ശരി. മതത്തിന് മാത്രമല്ല മതേതര നാഗരികതക്കും സംസ്‌കാരത്തിനും  പോലും ചിഹ്നങ്ങളും ആചാരങ്ങളുമില്ലാതെ നിലനില്‍ക്കാനാവില്ല എന്നതാണ് വസ്തുത. പതാകയും ദേശീയ ഗാനങ്ങളും മറ്റും ദേശരാഷ്ട്രങ്ങള്‍ക്ക് പ്രധാനമാകുന്നത് അതുകൊണ്ടാണല്ലോ. 

എന്നാല്‍, കേവല ആചാരങ്ങളും അനുഷ്ഠാനങ്ങളും മാത്രം ജനജീവിതത്തില്‍ യാതൊരു പരിവര്‍ത്തനവുമുണ്ടാക്കുകയില്ല. സംസ്‌കാരത്തെയും നാഗരികതയെയും രൂപപ്പെടുത്തുന്നത് ജനജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കുന്ന ഉന്നതമായ സ്വഭാവശീലങ്ങളാണ്. ഇവിടെയാണ് പ്രവാചകന്‍ അഭൂതപൂര്‍വമായ വിജയം നേടിയത്. മനുഷ്യന്റെയുള്ളില്‍ അടിസ്ഥാനപരമായ മാറ്റം സൃഷ്ടിച്ച്,  അതിലൂടെ നാഗരികതയിലും സംസ്‌കാരത്തിലും വിപ്ലവകരമായ പരിവര്‍ത്തനമുണ്ടാക്കുകയെന്നതായിരുന്നു മാറ്റത്തിനായി പ്രവാചകന്‍ മുന്നോട്ടുവെച്ച രീതിശാസ്ത്രം. അത് കേവലം ശാസനയും നിയമനിര്‍മാണവും മാത്രവുമായിരുന്നില്ല. ആചാരങ്ങളും അനുഷ്ഠാനങ്ങളുമെന്ന പോലെ കേവല നിയമനിര്‍മാണം കൊണ്ടും ഈടുള്ള പരിവര്‍ത്തനമുണ്ടാവുകയില്ല. ഐശ്വര്യപൂര്‍ണവും സമാധാനപരവുമായ ജനജീവിതം സാധ്യമാകുംവിധം നിയമത്തെയും ശാസനകളെയും സ്വമേധയാ സ്വീകരിക്കുകയും മറ്റുള്ളവരുടെ ക്ഷേമത്തിനുവേണ്ടി ജീവിതം ബലിനല്‍കാന്‍ വരെ തയാറാവുകയും ചെയ്യുന്ന മാനസികാവസ്ഥ മനുഷ്യരുടെ ഉള്ളില്‍ സൃഷ്ടിക്കുന്നതിലാണ് പ്രവാചകവിപ്ലവം വിജയിച്ചത്. ഒട്ടകത്തിന്റെ മൂക്കുകയര്‍  പിടിക്കാന്‍  മാത്രമറിയാവുന്ന ഒരു ജനതയെ ലോകത്തിന്റെ  കടിഞ്ഞാണ്‍ പിടിക്കാന്‍ പ്രാപ്തമാക്കിയത് സാമൂഹിക പരിവര്‍ത്തനത്തിനും നവോത്ഥാനത്തിനുമുള്ള പ്രവാചകന്റെ ഈ രീതിശാസ്ത്രമാണ്. 

പ്രവാചകന്‍ തന്റെ ജീവിതകാലത്ത് അറേബ്യന്‍ ഉപ ഭൂഖണ്ഡത്തില്‍ സൃഷ്ടിച്ച ഈ സാമൂഹിക നവോത്ഥാനവും പരിവര്‍ത്തനവും അദ്ദേഹത്തിന്റെ അനുയായികള്‍ കുറഞ്ഞ കാലം കൊണ്ട് പൗരസ്ത്യനാടുകളിലും വിദൂര കിഴക്കന്‍ രാജ്യങ്ങളിലും പേര്‍ഷ്യയിലും, ആഫ്രിക്കയിലും യൂറോപ്പിലും പ്രചരിപ്പിച്ചു. ഇങ്ങനെ പ്രചരിപ്പിച്ചവരില്‍ സൈനിക പടയോട്ടക്കാരുണ്ടായിരുന്നു, കച്ചവടക്കാരുണ്ടായിരുന്നു, മത പ്രബോധകരുണ്ടായിരുന്നു. മതം മാത്രമല്ല അവര്‍ അവിടെ പ്രചരിപ്പിച്ചത്. മറിച്ച് ഒരു ജീവിതരീതിയും സംസ്‌കാരവും  കൂടിയായിരുന്നു. ഇസ്‌ലാം സ്‌പെയിനില്‍ എത്തുമ്പോള്‍ അവിടത്തുകാര്‍ക്ക് കുളിക്കുന്ന ശീലമേ ഉണ്ടായിരുന്നില്ല. കുളിക്കാന്‍ അവരെ പഠിപ്പിച്ചത് വൃത്തി വിശ്വാസത്തിന്റെ ഭാഗമായി ശീലിച്ച ഇസ്‌ലാമിന്റെ അനുയായികളാണ്. 

തീര്‍ച്ചയായും ഈ സാമൂഹിക നവോത്ഥാനം ഇന്ത്യയിലുമെത്തി. ഇന്ത്യയില്‍ ഇസ്‌ലാം എത്തിയത് പല വഴികളിലൂടെയാണ്. കേരളമടക്കമുള്ള പടിഞ്ഞാറന്‍ തീരത്ത് കച്ചവടക്കാരിലൂടെയാണ് അത് വരുന്നത്. ഇസ്‌ലാം ഇവിടെ എത്തിയ കാലത്തെക്കുറിച്ച് അഭിപ്രായവ്യത്യാസമുണ്ടെങ്കിലും, ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം അധിവാസകേന്ദ്രം മലബാര്‍ ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ തീരമായിരുന്നുവെന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തിലെ ഒരു രാജാവ് മക്കയില്‍ പോയി ഇസ്‌ലാം സ്വീകരിച്ചത് കേരള ചരിത്രത്തില്‍ ഏറക്കുറെ എല്ലാവരും അംഗീകരിച്ച വസ്തുതയാണ്. കാലത്തെക്കുറിച്ച് മാത്രമേ അഭിപ്രായവ്യത്യാസമുള്ളൂ. ഒരു കൂട്ടര്‍ അത് പ്രവാചകന്റെ കാലത്തുതന്നെയാണെന്ന് പറയുമ്പോള്‍ ഹിജ്‌റ രണ്ടാം നൂറ്റാണ്ടിലാണെന്നാണ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം തുഹ്ഫത്തുല്‍ മുജാഹിദീനില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ മുസ്‌ലിം ആഗമനം അവിടെനിന്നും പിറകിലേക്ക് കൊണ്ടുപോകാനുള്ള ചരിത്ര ഗവേഷണങ്ങള്‍ കേരളത്തിലെ ചില ആധുനിക ചരിത്രകാരന്മാര്‍ നടത്തിയിട്ടുണ്ടെങ്കിലും കേരളത്തെക്കുറിച്ച് എഴുതപ്പെട്ട അറബി സഞ്ചാരക്കുറിപ്പുകളോ കേരളോല്‍പ്പത്തി പോലുള്ള രേഖകളോ പോര്‍ച്ചുഗീസ്, ബ്രിട്ടീഷ് കൊളോണിയല്‍ രേഖകളോ കേരളത്തിന്റെ മുസ്‌ലിം പാരമ്പര്യത്തിന്റെ ആയുസ്സ് കുറക്കാനുള്ള ഈ ചരിത്ര ഗവേഷണങ്ങളെ സാധൂകരിക്കുന്നില്ല. കേരളത്തിലെ ഒരു രാജാവ് ഇസ്‌ലാം സ്വീകരിച്ചത് ശരിയായിരിക്കാമെങ്കിലും അത് പതിനൊന്നോ പന്ത്രണ്ടോ നൂറ്റാണ്ടുകളിലായിരിക്കാമെന്നാണ് കേരളത്തിന്റെ ആധുനിക ചരിത്രകാരന്മാരായ ഇളംകുളം കുഞ്ഞന്‍ പിള്ളയും എം.ജി.എസ് നാരായണനും വാദിക്കുന്നത്.

ഇന്നത്തെ മുംബൈക്കടുത്ത താനയിലും ഗുജറാത്തിലെ ബറൂച്ചിലും ഉമറിന്റെ ഭരണകാലത്ത് സ്വഹാബികളടങ്ങുന്ന മുസ്‌ലിം സൈനികര്‍ വന്നിരുന്നതായി രേഖകളുണ്ട്.1  പേര്‍ഷ്യ ഇസ്‌ലാമിന് കീഴടങ്ങിയതിനു ശേഷം തങ്ങളുടെ കപ്പലുകള്‍ക്ക് സുരക്ഷിതമായ താവളമന്വേഷിച്ചുകൊണ്ടാണ് മുസ്‌ലിം സൈനികര്‍ ഇന്ത്യന്‍ തീരങ്ങളിലെത്തിയത്. പക്ഷേ, കടല്‍യുദ്ധത്തില്‍ വലിയ താല്‍പര്യം കാണിക്കാതിരുന്ന ഉമറിന്റെ നിലപാട് കാരണമാണ് ഈ സൈന്യം മുന്നോട്ടു പോകാതിരുന്നത്. 

ഇന്ത്യയില്‍ മുസ്‌ലിംകളുടെ ആദ്യത്തെ സൈനിക പടയോട്ടം നടന്നത് 93/712-ല്‍ മുഹമ്മദുബ്‌നു ഖാസിമിന്റെ നേതൃത്വത്തില്‍ സിന്ധിലാണ്. ഉമവികളുടെ ഇറാഖ് ഗവര്‍ണര്‍ ഹജ്ജാജുബ്‌നു യൂസുഫാണ് മുഹമ്മദുബ്‌നു ഖാസിമിനെ സിന്ധിലേക്ക് നിയോഗിക്കുന്നത്. സിലോണില്‍നിന്ന് ഖലീഫക്കുള്ള പാരിതോഷികവുമായി തിരിച്ച കപ്പല്‍യാത്രക്കാരെ സിന്ധ് തീരത്തുവെച്ച് കടല്‍ക്കൊള്ളക്കാര്‍ കവര്‍ച്ചചെയ്തപ്പോള്‍ ഈ കടല്‍ക്കൊള്ളക്കാരെ പിടികൂടി തങ്ങളെ ഏല്‍പ്പിക്കണമെന്ന ഗവര്‍ണറുടെ ആവശ്യം സിന്ധ് ഭരണാധികാരി ദാഹിര്‍ നിരസിച്ചതിനെത്തുടര്‍ന്നാണ്  ഈ ആക്രമണമുണ്ടായത്. മുഹമ്മദുബ്‌നു ഖാസിമിന്റെ സൈന്യത്തില്‍ അറബികളോടൊപ്പം ഇന്ത്യന്‍ വംശജരായ ജാട്ടുകളുമുണ്ടായിരുന്നു. ഉമറിന്റെ ഭരണകാലത്ത് പേര്‍ഷ്യക്കാരുമായുള്ള യുദ്ധത്തില്‍ പേര്‍ഷ്യയെ സഹായിക്കാനായി ഇന്ത്യയിലെ ഏതോ രാജാവ് ഇറാഖിലേക്ക് അയച്ചതായിരുന്നു ഈ ജാട്ടുകളെ. പേര്‍ഷ്യ പരാജയപ്പെട്ടപ്പോള്‍ അവരുടെ സൈന്യത്തിലുണ്ടായിരുന്ന ഈ ജാട്ടുകള്‍ ഇസ്‌ലാം സ്വീകരിക്കുകയായിരുന്നു.2 മുഹമ്മദുബ്‌നു ഖാസിമിന്റെ സൈന്യത്തോട് പൊരുതി നില്‍ക്കാനുള്ള കരുത്തുപോലും ദാഹിറിനുണ്ടായിരുന്നില്ല. കീഴടങ്ങിയ തദ്ദേശീയരോട് നീതിപൂര്‍വവും ഉദാരവുമായ നിലപാടാണ് മുഹമ്മദുബ്‌നു ഖാസിം പുലര്‍ത്തിയത.് ആരെയും മതം മാറാന്‍ നിര്‍ബന്ധിക്കുകയോ ആരാധനാലയങ്ങള്‍ കൈയേറുകയോ ചെയ്തില്ല. ഉദ്യോഗസ്ഥന്മാരെയും ഗവര്‍ണര്‍മാരെയും നിയമിക്കുന്നതില്‍ അദ്ദേഹത്തിന് മതം പരിഗണനയേ ആയിരുന്നില്ല. അദ്ദേഹത്തിന്റെ കറാച്ചി ഗവര്‍ണര്‍ ഒരു പണ്ഡിറ്റായിരുന്നു. തന്റെ അധീനതയിലുള്ള പ്രദേശങ്ങളില്‍ പള്ളി നിര്‍മിച്ചിരുന്നതുപോലെ ബ്രാഹ്മണ, ബുദ്ധ ദേവാലയങ്ങള്‍ക്കും അദ്ദേഹം അനുമതി നല്‍കിയിരുന്നു. മുള്‍ത്താന്‍, ആല്‍വാര്‍ എന്നിവിടങ്ങളിലെ ബ്രാഹ്മണ കോളനിയിലെ ക്ഷേത്രങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്ക് സര്‍ക്കാര്‍ ധനസഹായം വരെ നല്‍കിയിരുന്നു.3 ''അധിനിവേശത്തിന്റെ ആദ്യ നാളുകളിലെ ആക്രമണത്തിനു ശേഷം അറബികള്‍ വിഗ്രഹപൂജകരായ തങ്ങളുടെ പ്രജകളോട് നല്ല സഹിഷ്ണുതയാണ് കാണിച്ചത്.ബ്രഹ്മണാബാദ് പട്ടണം ഒരു കൊടുങ്കാറ്റ് പോലെ കീഴടക്കിയ അറബികള്‍ ആക്രമണത്തിനിടയില്‍ തകര്‍ന്ന ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ അനുമതി നല്‍കി. ക്ഷേത്രങ്ങള്‍ ബ്രാഹ്മണരുടെ ജീവിത മാര്‍ഗമായിരുന്നല്ലോ. ആരെയും സ്വന്തം മതം ആചരിക്കുന്നതില്‍നിന്ന് ഭരണകൂടം വിലക്കിയില്ല.''4

എന്നാല്‍, ജനങ്ങളില്‍ ബലാല്‍ക്കാരം ഇസ്‌ലാം അടിച്ചേല്‍പിക്കാന്‍ യാതൊരു നടപടിയും സുല്‍ത്താന്‍ കൈക്കൊണ്ടിരുന്നില്ലെങ്കിലും തദ്ദേശീയര്‍ പലരും സ്വമേധയാ മതംമാറാന്‍ തയാറായി എന്നത് ഒരു വസ്തുതയാണ്. അതിന് കാരണം മുഹമ്മദുബ്‌നു ഖാസിമിന്റെ നീതിപൂര്‍വമായ ഭരണം മാത്രമല്ല മുസ്‌ലിംകള്‍ സിന്ധില്‍ വരുമ്പോഴുള്ള അവിടത്തെ സാമൂഹിക സാഹചര്യം കൂടിയായിരുന്നു. ബ്രാഹ്മണ മതവും ബുദ്ധമതവും തമ്മില്‍ വലിയ സംഘര്‍ഷം നടക്കുന്ന കാലത്താണ് മുസ്‌ലിംകള്‍ സിന്ധിലെത്തുന്നത്. മുസ്‌ലിംകള്‍ സിന്ധിലെത്തുമ്പോള്‍ അവിടെ ഭൂരിപക്ഷം ബുദ്ധമതക്കാരായിരുന്നെങ്കിലും ഭരണം ബ്രാഹ്മണര്‍ക്കായിരുന്നു. അതിനാല്‍ ഈ ബ്രാഹ്മണാധിപത്യത്തിനെതിരെ പൊരുതിക്കൊണ്ടിരുന്ന ബുദ്ധമതാനുയായികള്‍ക്ക് മുസ്‌ലിംകളുടെ ആഗമനം വലിയ അനുഗ്രഹമാവുകയാണ് ചെയ്തത്. ഇസ്‌ലാമിന്റെ സമത്വവും ആ സമത്വം ഭരണത്തില്‍ സാക്ഷാല്‍ക്കരിച്ച മുഹമ്മദുബ്‌നു ഖാസിമിന്റെ ഭരണവും ഈ കീഴാളരെ ആകര്‍ഷിച്ചതില്‍ അത്ഭുതമില്ല. അതിനാല്‍, കീഴാളരില്‍നിന്ന് കൂട്ടായ മതപരിവര്‍ത്തനം മുഹമ്മദുബ്‌നു ഖാസിമിന്റെ ഭരണകാലത്ത് സിന്ധില്‍ ഉണ്ടായി എന്നത് ഒരു വസ്തുതയാണ്. അദ്ദേഹത്തിന്റെ സൈന്യത്തില്‍ ഗണ്യമായ ഒരു വിഭാഗം ഇങ്ങനെ മതം മാറിയ കീഴാളരായിരുന്നു. അതിനാല്‍  ഇസ്‌ലാം സിന്ധില്‍ ശക്തമായ ഒരു സാമൂഹിക നവോത്ഥാനത്തിന് ചാലകമായി എന്നതില്‍ സംശയമില്ല. ''ഇന്ത്യയില്‍ ഇസ്‌ലാം നേടിയ വന്‍വിജയം ഒരിക്കലും ബാഹ്യശക്തികളുടെ വിജയമായിരുന്നില്ല. ആര്യവര്‍ത്തത്തിന്റെ രാഷ്ട്രീയ അധഃപതനം, പ്രത്യേകിച്ചും ഹര്‍ഷന്റെ നിര്യാണത്തെത്തുടര്‍ന്നുണ്ടായ അവസ്ഥ ഇസ്‌ലാമിലേക്ക് ജനങ്ങളുടെ ആകര്‍ഷണം വര്‍ധിപ്പിച്ചു. പ്രവാചകന്റെ പ്രസ്ഥാനം എല്ലാ വിശ്വാസികള്‍ക്കും അല്ലാഹുവിന്റെ മുമ്പില്‍ തുല്യത ഉറപ്പുനല്‍കുന്നു. അതുകൊണ്ടുതന്നെ ഇസ്‌ലാം ബഹുജനങ്ങള്‍ക്ക് തുരുത്തായി ഭവിച്ചു. ബുദ്ധമത തത്ത്വചിന്തയും യാഥാസ്ഥിതിക ബ്രാഹ്മണമതവും തമ്മില്‍ ഏറ്റുമുട്ടി വടക്കേ ഇന്ത്യയിലാകെ അഭിപ്രായഭിന്നതകളുടെ കൊടുങ്കാറ്റ് വീശിയടിക്കുന്ന കാലം കൂടിയായിരുന്നു അത്.''5 

മുഹമ്മദുബ്‌നു ഖാസിമിനെ പെട്ടെന്ന് തന്നെ തിരിച്ചുവിളിച്ചതിനാല്‍ അദ്ദേഹത്തിന് സിന്ധില്‍ അധികകാലം തുടരാനാകാത്തതുമൂലം ഈ സാമൂഹിക നവോത്ഥാനത്തിന്റെ ഗതിവേഗം തടയപ്പെട്ടു. അദ്ദേഹം കുറച്ചുകാലംകൂടി സിന്ധില്‍ അധികാരത്തിലിരുന്നുവെങ്കില്‍ ഇന്ത്യയുടെ ചരിത്രം വേറൊന്നാകുമായിരുന്നുവെന്ന നിഗമനം നടത്തിയ സാമൂഹിക ശാസ്ത്രകാരന്മാരുണ്ട്. അദ്ദേഹം സിന്ധില്‍നിന്ന് പോകുമ്പോള്‍ മതജാതിഭേദമന്യേ ജനങ്ങള്‍ ദുഃഖമാചരിച്ചിരുന്നതായും കൈറജ് നഗരത്തിലെ ജാതി ഹിന്ദുക്കളും ബുദ്ധരും അദ്ദേഹത്തിന്റെ പേരില്‍ വിഗ്രഹമുണ്ടാക്കി ആരാധന നടത്താന്‍ തുടങ്ങിയതായും ചരിത്രം പറയുന്നു.6  

മുഹമ്മദുബ്‌നു ഖാസിം സിന്ധില്‍നിന്ന് പോയതിനുശേഷവും പല ഭാഗങ്ങളും നഷ്ടപ്പെട്ടിട്ടാണെങ്കിലും പിന്നെയും 150 വര്‍ഷത്തോളം സിന്ധ് ഇസ്‌ലാമിക ഭരണത്തിന്റെ ഭാഗമായിരുന്നു. ഇക്കാലങ്ങളില്‍ നേരത്തേ ഇസ്‌ലാമിലേക്ക് വന്നവര്‍ ആരും തിരിച്ചുപോയില്ലെങ്കിലും ഇസ്‌ലാമിലേക്ക് പുതുതായി കടന്നുവരുന്നവരുടെ എണ്ണം തീരെ കുറവായിരുന്നു. മുഹമ്മദുബ്‌നു ഖാസിമിന്റെ പിന്‍ഗാമികള്‍ക്ക് ഭരണത്തില്‍ അദ്ദേഹത്തിന്റെ നീതിബോധമോ ജനക്ഷേമതല്‍പരതയോ ഉയര്‍ത്തി പ്പിടിക്കാനായില്ല എന്നതായിരുന്നു അതിന് കാരണം. എങ്കിലും ഖലീഫ ഉമറുബ്‌നു അബ്ദില്‍ അസീസ് ഉമവീ ഖലീഫയായി വന്നപ്പോള്‍ അദ്ദേഹം സിന്ധുകാരുടെ പേരില്‍ അയച്ച ഒരു കത്ത് വലിയ സ്വാധീനം ചെലുത്തുകയും തദ്ദേശീയരില്‍ പലരും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. ഖലീഫ ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ  ക്ഷണമനുസരിച്ച് സിന്ധിലെ പല രാജാക്കന്മാരും മുസ്‌ലിംകളായി.7 ഇസ്‌ലാം സ്വീകരിക്കാനുള്ള ഒരുത്തരവ് ഇറക്കുകയല്ല അദ്ദേഹം ചെയ്തത്. മറിച്ച്, അവരെ സ്‌നേഹപൂര്‍വം ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയായിരുന്നു. ഉമറുബ്‌നു മുസ്‌ലിം ബാഹിലി എന്ന നീതിമാനായ ഒരാളെയാണ്  ഉമറുബ്‌നു അബ്ദില്‍ അസീസ് സിന്ധിലെ  ഗവര്‍ണറാക്കിയത്. അദ്ദേഹത്തിന്റെ ഭരണകാലത്തെ ഏറ്റവും പ്രധാനപ്പെട്ട സംഭവം ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ കത്തില്‍ ആകൃഷ്ടനായി, നേരത്തേ മുഹമ്മദുബ്‌നു ഖാസിമിനോട് പടവെട്ടി പരാജയപ്പെട്ട ദാഹിറിന്റെ മകന്‍ രാജാ ജയസിംഗിന്റെ ഇസ്‌ലാം ആശ്ലേഷമായിരുന്നു. അതേത്തുടര്‍ന്ന് സിന്ധിലെ ചെറിയ ചെറിയ നാടുവാഴികളും ലക്ഷക്കണക്കിന് ജനങ്ങളും ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി. ഇങ്ങനെ ഇസ്‌ലാം സ്വീകരിച്ച നാടുവാഴികളെ  തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളില്‍ ഭരണത്തില്‍ തുടരാന്‍ അനുവദിക്കുകയാണ് സിന്ധിലെ ഉമവീ ഗവര്‍ണര്‍ ചെയ്തതത്. എന്നാല്‍ ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ മരണശേഷം സിന്ധില്‍ ഗവര്‍ണറായി വന്ന ജുനൈദുബ്‌നു അബ്ദുര്‍റഹ്മാന്റെ  മര്‍ദകഭരണം തുടക്കത്തില്‍ മുഹമ്മദുബ്‌നു ഖാസിമും പിന്നീട് ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ നീതിമാനമായ ഗവര്‍ണര്‍ ഉമറുബ്‌നു മുസ്‌ലിം ബാഹിലിയും  ഇസ്‌ലാമിന് സൃഷ്ടിച്ചുകൊടുത്ത എല്ലാ അനുകൂലാവസ്ഥയും ഞൊടിയിടയില്‍ ഇല്ലാതാക്കി. ഒരേസമയം മുസ്‌ലിംകളെയും അമുസ്‌ലിംകളെയും ഭരണകൂട വിരുദ്ധരാക്കാന്‍ പര്യാപ്തമായിരുന്നു അദ്ദേഹത്തിന്റെ ഭരണം. അതോടെ സിന്ധ് കലാപകലുഷിതമായി. മുസ്‌ലിം നാടുവഴികള്‍ വരെ ബ്രാഹ്മണരോടൊപ്പം ചേര്‍ന്ന് കലാപം അഴിച്ചുവിട്ടു. പലരും മതപരിത്യാഗം നടത്തുക വരെ ചെയ്തു. ഈ കലാപം അടിച്ചമര്‍ത്താന്‍ കഴിഞ്ഞത് ഉമവികള്‍ സര്‍വസൈന്യാധിപനായി നിയമിച്ച ഉമറുബ്‌നു മുഹമ്മദ് ഖാസിമിനാണ്. ഇദ്ദേഹം സിന്ധ് ജയിച്ചടക്കിയ മുഹമ്മദുബ്‌നു ഖാസിമിന് ദാഹിറിന്റെ വിധവയിലുണ്ടായ മകനായിരുന്നു. പിതാവിനോട് സിന്ധികള്‍ പുലര്‍ത്തിയിരുന്ന  മമതയും സ്‌നേഹവും പുത്രനും ലഭിച്ചതുകൊണ്ടാണ് കലാപം വേഗത്തില്‍ അടിച്ചമര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചത്. കലാപം അടിച്ചമര്‍ത്തിയതിനു ശേഷം സിന്ധിലെ ഗവര്‍ണറായും  അദ്ദേഹം നിയോഗിക്കപ്പെട്ടു. പക്ഷേ, പെട്ടെന്നുള്ള മരണം കാരണം അധികകാലം ഭരണത്തില്‍ തുടരാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. 

ഉമവികള്‍ക്ക് ശേഷം വന്ന അബ്ബാസീ ഭരണത്തിലും സിന്ധ് ഇസ്‌ലാമിക ഖിലാഫത്തിന്റെ ഭാഗമായി തുടര്‍ന്നു. ഏകദേശം 93 വര്‍ഷം അബ്ബാസീ ഗവര്‍ണര്‍മാര്‍ അവിടം ഭരിച്ചു. ഇക്കാലത്തൊന്നും മതപരമായ യാതൊരു കലാപവും അബ്ബാസീ ഗവര്‍ണര്‍മാര്‍ക്ക് സിന്ധില്‍ നേരിടേണ്ടിവന്നില്ല. തദ്ദേശീയരുടെ മതവിഷയത്തില്‍ ഇടപെടുകയില്ല എന്ന അബ്ബാസീ നിലപാടായിരുന്നു കാരണം. ജനക്ഷേമ നടപടികളുടെ കാര്യത്തില്‍ മതപരമായ വിവേചനം അവര്‍ പുലര്‍ത്തിയതുമില്ല. 

സിന്ധിലെ മുസ്‌ലിം ഭരണം 375/995-ല്‍ അവസാനിക്കാന്‍ കാരണം ഹിന്ദുക്കള്‍ നടത്തിയ കലാപമായിരുന്നില്ല, തീവ്ര ശീഈ വിഭാഗമായ ഖറാമിതകള്‍ നടത്തിയ ഗൂഢാലോചനയും രക്തരൂഷിതമായ കലാപങ്ങളുമായിരുന്നു.

തദ്ദേശീയര്‍ മതം മാറിയാലും ഇല്ലെങ്കിലും സിന്ധ്  ഭാഷ, സംസ്‌കാരം, വേഷം, ജീവിത രീതികള്‍ എന്നിവയില്‍ അറബ്- ഇസ്‌ലാമിക സംസ്‌കാരവും ഭാഷയും അഗാധമായ സ്വാധീനം ചെലുത്തിയെന്നത് വസ്തുതയാണ്. ഇസ്‌ലാം, സാമൂഹിക നവോത്ഥാനം കൊണ്ടുവരുന്നതില്‍ സിന്ധിനോളം വിജയിച്ച മറ്റൊരു പ്രദേശം ഇന്ത്യാ ഉപഭൂഖണ്ഡത്തിലില്ല.  പ്രവാചകന്റെ കാലത്തിന് തൊട്ടടുത്ത കാലത്ത് ജീവിച്ച അറബികളാണ് സിന്ധില്‍  വന്നത് എന്നതാണ് അതിനു കാരണം. പില്‍ക്കാലത്ത് പടയോട്ടക്കാരായും സുല്‍ത്താന്മാരായും ഇന്ത്യയില്‍ വന്ന തുര്‍ക്കികളേക്കാളും അഫ്ഗാനികളേക്കാളും പേര്‍ഷ്യക്കാരേക്കാളും ഇസ്‌ലാമിക സംസ്‌കാരത്തിന്റെ സ്വാധീനം ഈ അറബികളിലുണ്ടായിരുന്നു. അതേസമയം, മധ്യപൗരസ്ത്യ നാടുകളിലും പേര്‍ഷ്യയിലും പടയോട്ടം നടത്തിയ സ്വഹാബികളുടെ തലമുറ ആ രാജ്യങ്ങളില്‍ കൊണ്ടുവന്ന സാമൂഹികമാറ്റം സിന്ധിലും കൊണ്ടുവരാന്‍ സിന്ധില്‍ വന്ന സ്വഹാബികളുടെ തൊട്ടടുത്ത തലമുറയില്‍പെട്ട അറബികള്‍ക്കും സാധിച്ചിട്ടില്ല എന്നതും വസ്തുതയാണ്. ഏതായാലും മൂല്യപരമായി ഖിലാഫത്തുര്‍റാശിദയില്‍നിന്ന് ബഹുദൂരം അകലത്തില്‍ കഴിയുന്ന ഉമവീ-അബ്ബാസീ രാജവാഴ്ചയുടെ നിഴലിലാണല്ലോ സിന്ധില്‍ പടയോട്ടവും ഭരണവും നടന്നതും  നിലനിന്നതും. 

(തുടരും)

റഫറന്‍സ് 

1. മസ്ഊദ് ആലം നദ്‌വി-താരീഖുദ്ദഅ്‌വത്തില്‍ ഇസ്‌ലാമിയ്യ ഫില്‍ ഹിന്ദ്, പേജ് 3, സയ്യിദ് സുലൈമാന്‍ നദ്‌വി- അറബ് വഹിന്ദ് കേ തഅല്ലുഖാത് 

2. മുഫ്തി ശൗകത്ത് അലി ഫഹ്മി -ഹിന്ദുസ്ഥാന്‍ പര്‍ ഇസ്‌ലാമി ഹുകൂമത്ത്,  പേജ് 72-73. 

3. തോമസ് ആര്‍നോള്‍ഡ്-ഇസ്‌ലാം പ്രബോധനവും പ്രചാരവും, പേജ് 219

4. elliot 1 p 185,186, ഉദ്ധരണം: തോമസ് ആര്‍നോള്‍ഡ്, ഇസ്‌ലാം പ്രബോധനവും പ്രചാരവും,  പേജ് 219

5. ഹാവെല്‍ -Aryan Rule in India

6. മുഫ്തി ശൗകത്ത് ഫഹ്മി- ഹിന്ദുസ്താന്‍ പര്‍ ഇസ്‌ലാമി ഹുകൂമത്ത്, പേജ് 97

7. ബാലാദുരി-ഫുതൂഹുല്‍ ബുല്‍ദാന്‍ 441

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (41 - 45
എ.വൈ.ആര്‍

ഹദീസ്‌

ദിക്‌റും ശുക്‌റും
പി.എ സൈനുദ്ദിന്‍