Prabodhanm Weekly

Pages

Search

2017 ഏപ്രില്‍ 07

2996

1438 റജബ് 10

ഇറാനിയന്‍ പ്രസിഡന്റിനെ കാത്തിരിക്കുന്നത്

അബൂസ്വാലിഹ

''എണ്‍പത് മില്യന്‍ ഇറാനികള്‍ക്ക് മനസ്സിലാകുന്നില്ല, താങ്കള്‍ക്ക് മാത്രമാണോ മനസ്സിലാകുന്നത്? തൊണ്ണൂറ്റി ഏഴ് ശതമാനം ഇറാനികളും ഒരു തീരുമാനം എടുക്കുന്നു. പക്ഷേ, താങ്കള്‍ പറയുന്നു; ഈ തീരുമാനം ശരിയല്ല, നമ്മുടെ സമ്പദ്ഘടനയെ ബാധിക്കും എന്ന്. തെറ്റേതേന്ന് തിരിച്ചറിയാനുള്ള കഴിവ് താങ്കള്‍ക്ക് മാത്രമാണുള്ളത് എന്നാണോ ഞങ്ങള്‍ മനസ്സിലാക്കേണ്ടത്? മൊത്തം സമൂഹത്തേക്കാളും വലിയ ബുദ്ധിമാനാണ് താങ്കളെങ്കില്‍ അതിനുള്ള തെളിവുകള്‍ കൂടി ഹാജരാക്കൂ.'' അഹ്‌വാസ് പ്രവിശ്യയില്‍ മുന്‍ ഇറാനിയന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദി നിജാദ് ചെയ്ത പ്രസംഗത്തിലെ ചില പരാമര്‍ശങ്ങളാണിത്. ഇതില്‍ പരാമര്‍ശിക്കപ്പെട്ട 'താങ്കള്‍' ആരാണ്? ഇതാണ് ഇറാനിയന്‍ മീഡിയയിലെ ഒരു മുഖ്യ ചര്‍ച്ച. ഔദ്യോഗിക വൃത്തങ്ങള്‍, അത് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഹസന്‍ റൂഹാനിയെ അഭിസംബോധന ചെയ്യുന്നതാണെന്നു പറഞ്ഞ് കൈകഴുകുന്നുണ്ടെങ്കിലും, പ്രസംഗം മൊത്തം പരിശോധിച്ചാല്‍ അത് പരമോന്നത മതാധ്യക്ഷന്‍ അലി ഖാംനഈക്കെതിരെയുള്ള രോഷപ്രകടനമാണെന്ന് ആര്‍ക്കും വ്യക്തമാകും. വരുന്ന മെയ് 19-ന് നടക്കാനിരിക്കുന്ന പന്ത്രണ്ടാമത് ഇറാനിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് തന്റെ സ്ഥാനാര്‍ഥിത്വം ഖാംനഈ തടഞ്ഞതാണ് നിജാദിനെ ചൊടിപ്പിച്ചത്. നിജാദ് പ്രസിഡന്റ് സ്ഥാനത്ത് അവരോധിക്കപ്പെട്ടാല്‍ പാശ്ചാത്യ രാജ്യങ്ങളുമായി ഒപ്പുവെച്ച ആണവക്കരാര്‍ വെള്ളത്തിലാവുമെന്ന ഭീതിയാണ് പ്രധാനമായും ഇതിനു പിന്നില്‍. നിജാദിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് കഴിഞ്ഞ വര്‍ഷം അന്തരിച്ച മുതിര്‍ന്ന നേതാവ് ഹാശിമി റഫ്‌സഞ്ചാനി മുന്നറിയിപ്പ് നല്‍കിയതും ഖാംനഈ മുഖവിലക്കെടുത്തിട്ടുണ്ടാവും. നിജാദിനെ തെഹ്‌റാന്‍ മേയറാക്കി ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്ന റഫ്‌സഞ്ചാനിയോട് പ്രസിഡന്റായപ്പോള്‍ കടുത്ത ശത്രുതയോടെയാണ് നിജാദ് പെരുമാറിയിരുന്നത്. ഏതായാലും നിജാദ് പിന്മാറാന്‍ ഒരുക്കമല്ല. തന്റെ നോമിനി ഹമീദ് ബഖാഇയെ മത്സരിപ്പിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.

പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒന്നര മാസമേ ബാക്കിയുള്ളൂവെങ്കിലും ആരൊക്കെ മത്സരിക്കുമെന്ന ചിത്രം ഇനിയും തെളിഞ്ഞിട്ടില്ല. നിലവിലുള്ള പ്രസിഡന്റും പരിഷ്‌കരണവാദികളുടെ നോമിനിയുമായ ഹസന്‍ റൂഹാനി രണ്ടാം തവണയും മത്സരരംഗത്തുണ്ടാവുമെന്ന് ഏറക്കുറെ ഉറപ്പാണ്. പിന്നെ ആരൊക്കെ ഉണ്ടാകും എന്ന് പറയാറായിട്ടില്ല. പരമോന്നത നേതാവിന് കീഴിലുള്ള ഉന്നത സമിതിക്ക് ആരുടെയും പത്രിക ഒരു കാരണവുമില്ലാതെയും തള്ളാം എന്നതാണ് കാരണം. 2013-ല്‍ 668 പേര്‍ പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും എട്ടു പേരുടേത് മാത്രമാണ് സ്വീകരിച്ചത്. അന്ന് ഹാശിമി റഫ്‌സഞ്ചാനിയുടെ പത്രിക തള്ളിയത് 'വയസ്സായി' എന്ന കാരണത്താല്‍!

വിപ്ലവാനന്തര ഇറാന്‍ രാഷ്ട്രീയത്തില്‍ വടവൃക്ഷമായി വളര്‍ന്ന റഫ്‌സഞ്ചാനിയുടെ അഭാവം പല നിലക്ക് തെരഞ്ഞെടുപ്പു ഫലങ്ങളെ സ്വാധീനിച്ചേക്കും. പരിഷ്‌കരണവാദികള്‍ക്ക് അവരുടെ ഏറ്റവും നല്ല സംരക്ഷണ കവചമാണ് റഫ്‌സഞ്ചാനിയുടെ വിയോഗത്തോടെ നഷ്ടമായിരിക്കുന്നത്. 2015-ല്‍ ഒപ്പിട്ട ആണവക്കരാര്‍ റദ്ദാക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ഭീഷണിയും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ചര്‍ച്ചാ വിഷയമാകും. കരാര്‍ ഏതെങ്കിലും വിധത്തില്‍ നിലനിര്‍ത്തണമെന്നുണ്ടെങ്കില്‍ നിജാദിനെപ്പോലുള്ള കടുംപിടിത്തക്കാരെ മാറ്റിനിര്‍ത്തി റൂഹാനിയെപ്പോലുള്ള മിതവാദികളെ വീണ്ടും അധികാരമേല്‍പിക്കണം. എണ്ണ വിലക്കുറവും പാശ്ചാത്യ ഉപരോധവും തൊഴിലില്ലായ്മയും സൃഷ്ടിക്കുന്ന വന്‍ സാമ്പത്തിക പ്രതിസന്ധിയും, സിറിയയിലും ഇറാഖിലും യമനിലും ലബനാനിലും അഫ്ഗാനിസ്താനിലുമൊക്കെ ഇറങ്ങിക്കളിക്കുന്നതു മൂലമുണ്ടാകുന്ന ദുര്‍വഹമായ സാമ്പത്തിക ഭാരങ്ങളും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവും. വളരെയേറെ ആളും അര്‍ഥവും ഇറക്കിയ സിറിയയിലാകട്ടെ, റഷ്യ-തുര്‍ക്കി ധാരണ രൂപപ്പെട്ടതോടെ ഇറാന്‍ കളത്തിന് പുറത്താവുകയും ചെയ്തു. കൂട്ടിന് നേതൃതലത്തിലെ ശീതസമരം കൂടിയാവുമ്പോള്‍, പലതരത്തിലുള്ള പ്രതിസന്ധികളാണ് പുതിയ പ്രസിഡന്റിനെ കാത്തിരിക്കുന്നത്. 

 

മാസിന്‍ ഫഖ്ഹായുടെ കൊലപാതകം

യഹ്‌യ സിന്‍വാര്‍ ഗസ്സയിലെ ഹമാസിന്റെ സാരഥ്യം ഏറ്റെടുത്ത ശേഷം നടക്കുന്ന സുപ്രധാന സംഭവമാണ് മാസിന്‍ ഫഖ്ഹായുടെ വധം. യഹ്‌യയെപ്പോലെ ഹമാസിന്റെ സായുധ വിഭാഗമായ 'ഇസ്സുദ്ദീന്‍ ഖസ്സാമി'ന്റെ തലപ്പത്തുള്ളയാളായിരുന്നു 38-കാരനായ മാസിനും. കഴിഞ്ഞ മാര്‍ച്ച് 24-നാണ് മാസിന്‍ ഫഖ്ഹായുടെ മൃതശരീരം തലയില്‍ നാലു ബുള്ളറ്റുകള്‍ തുളച്ചുകയറിയ നിലയില്‍ ഗസ്സയുടെ പ്രാന്തത്തിലുള്ള തല്ലുല്‍ ഹവാ തെരുവില്‍ കാണപ്പെട്ടത്. വളരെ സമര്‍ഥമായിട്ടായിരുന്നു കൊല. അജ്ഞാതരായ കൊലപാതകികള്‍ ഒരു തെളിവും അവശേഷിപ്പിച്ചില്ല. സൈലന്‍സര്‍ ഗണ്‍ ഉപയോഗിച്ച് വെടിവെച്ചതിനാല്‍ ആരുടെയും ശ്രദ്ധയില്‍ പെടാതെ അവര്‍ക്ക് രക്ഷപ്പെടാനും കഴിഞ്ഞു. പക്ഷേ, കൃത്യം നടത്തിയത് ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗമായ മൊസാദാണെന്ന് പകല്‍പോലെ വ്യക്തം; ഇസ്രയേല്‍ ഇതുവരെ അത് തുറന്നു സമ്മതിച്ചിട്ടില്ലെങ്കിലും. അവര്‍ക്ക് മാത്രമാണല്ലോ ഈ കൊലപാതകം കൊണ്ട് പ്രയോജനമുണ്ടായിട്ടുള്ളത്. പ്രതികാരം ചെയ്യുമെന്ന് ഹമാസ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് എങ്ങനെയെന്ന് വ്യക്തമല്ല. ഹമാസിനെ പ്രതികാര നടപടിയിലേക്ക് കൊണ്ടെത്തിച്ച് ആ കാരണം പറഞ്ഞ് ഗസ്സക്കെതിരെ വീണ്ടുമൊരു ആക്രമണം നടത്താന്‍ ഇസ്രയേല്‍ മനഃപൂര്‍വം ആസൂത്രണം ചെയ്തതാണ് ഈ കൊലപാതകം എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

മാസിന്‍ യഥാര്‍ഥത്തില്‍ ഗസ്സക്കാരനല്ല, വെസ്റ്റ് ബാങ്കിലെ നാബുലുസ് നഗരത്തിന്റെ തെക്കുള്ള ത്വൂബാസ് സ്വദേശിയാണ്. ഹമാസിന്റെ നേതൃത്വത്തില്‍ നിരവധി ഇസ്രയേല്‍വിരുദ്ധ ഓപ്പറേഷനുകളില്‍ അദ്ദേഹം പങ്കാളിയായിട്ടുണ്ട്. മുമ്പേ തന്നെ ഇസ്രയേലിന്റെ നോട്ടപ്പുള്ളിയായിരുന്നു എന്നര്‍ഥം. 2002-ല്‍ അദ്ദേഹം ഇസ്രയേല്‍ സൈന്യത്തിന്റെ പിടിയിലായി. ചാവേറാക്രമണങ്ങള്‍ ആസൂത്രണം ചെയ്തു എന്ന കുറ്റം ചുമത്തി ഒമ്പത് ജീവപര്യന്തങ്ങളാണ് അദ്ദേഹത്തിന് ശിക്ഷവിധിച്ചത്. ഇതിനു പുറമെ അമ്പത് വര്‍ഷം കൂടി ജയില്‍ശിക്ഷ അനുഭവിക്കണം.

ജയിലില്‍നിന്ന് പുറത്തുവരാന്‍ കഴിയില്ല എന്ന് കരുതിയിരിക്കുമ്പോഴാണ്, ഹമാസ് തടവുകാരനാക്കിയ ഗിലാദ് ശാലിത് എന്ന ഇസ്രയേലീ സൈനികന് പകരമായി 1027 ഫലസ്ത്വീന്‍ തടവുകാരെ മോചിപ്പിക്കാമെന്ന് 2011-ല്‍ ഇസ്രയേല്‍ സമ്മതിച്ചത്. മോചിപ്പിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ മാസിന്‍ ഫഖ്ഹായും ഉണ്ടായിരുന്നു. അദ്ദേഹത്തെ പിന്നീട് ഇസ്രയേല്‍ ഗസ്സയിലേക്ക് നാടുകടത്തുകയും ചെയ്തു. അംഗരക്ഷകരില്ലാതെയായിരുന്നു മാസിന്റെ സഞ്ചാരം. ഇത് കൊലപാതകികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. ഹമാസ് നേതൃനിരയിലെ ഒരാളും സുരക്ഷിതനല്ല എന്ന സന്ദേശമാണ് ഇസ്രയേല്‍ നല്‍കിയിരിക്കുന്നത്. നേതാക്കളുടെ സുരക്ഷാ സന്നാഹങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഹമാസ് നിര്‍ബന്ധിതമായിട്ടുണ്ട്. 

 

സഅ്ദുദ്ദീന്‍ പുതിയ പ്രധാനമന്ത്രി

മാസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ മൊറോക്കോയില്‍ സഅ്ദുദ്ദീന്‍ ഉസ്മാനിയുടെ നേതൃത്വത്തില്‍ മന്ത്രിസഭ. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിത്തീര്‍ന്ന ഇസ്‌ലാമിസ്റ്റുകളുടെ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടിയുടെ സെക്രട്ടറി ജനറല്‍ അബ്ദുല്‍ ഇലാഹ് ബിന്‍കീറാനെ മൊറോക്കന്‍ രാജാവ് മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിച്ചിരുന്നുവെങ്കിലും സഖ്യകക്ഷികള്‍ക്കിടയിലെ പോര് കാരണം ആ ദൗത്യത്തില്‍ അദ്ദേഹം പരാജയപ്പെടുകയാണുണ്ടായത്. പിന്നീടാണ് പാര്‍ട്ടിയുടെ മറ്റൊരു സമുന്നത നേതാവായ സഅ്ദുദ്ദീന്‍ ഉസ്മാനിയെ മന്ത്രിസഭ ഉണ്ടാക്കാന്‍ രാജാവ് ചുമതലപ്പെടുത്തിയത്.

മുന്നണി ഭരണത്തില്‍ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടിക്കു പുറമെ, അല്‍ഇത്തിഹാദുല്‍ ഇശ്തിറാകി, അല്‍ഹറക തുശ്ശഹ്ബിയ്യ, ഇത്തിഹാദ് ദസ്തൂരി, അത്തഖദ്ദും വല്‍ ഇശ്തിറാകിയ്യ, അത്തജമ്മുഉല്‍ വത്വനി ലില്‍ അഹ്‌റാര്‍ എന്നിവയാണ് സഖ്യകക്ഷികള്‍. രണ്ടാമത്തെ വലിയ കക്ഷിയായ 'അസ്വാല' പ്രതിപക്ഷത്തിരിക്കും. ഇസ്തിഖ്‌ലാല്‍ പാര്‍ട്ടിയാകട്ടെ ഇതുവരെ അവരുടെ നിലപാട് പ്രഖ്യാപിച്ചിട്ടുമില്ല. മുന്നണി ഭരണം പുതിയ പ്രധാനമന്ത്രി സഅ്ദുദ്ദീന്‍ ഉസ്മാനിക്ക് വലിയൊരു വെല്ലുവിളി തന്നെയായിരിക്കും. ഭിന്ന രാഷ്ട്രീയ നിലപാടുകളുള്ള പാര്‍ട്ടികളാണ് ഒരു കുടക്കീഴില്‍ വന്നിരിക്കുന്നത്. ഒരു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലേ മുന്നോട്ടുപോകാനാകൂ.

എല്ലാവരെയും അനുനയിപ്പിച്ചു കൊണ്ടുപോകാന്‍ സൗമ്യനായ സഅ്ദുദ്ദീന് കഴിയുമെന്നാണ് പ്രതീക്ഷ. മൊറോക്കോയില്‍ ഇമാസിഗ് എന്നറിയപ്പെടുന്ന ബര്‍ബര്‍ വംശീയ വിഭാഗത്തില്‍നിന്നുള്ള ആദ്യ പ്രധാനമന്ത്രി എന്ന പ്രത്യേകതയും സഅ്ദുദ്ദീന്‍ ഉസ്മാനിക്ക് സ്വന്തം. അഗാദിറിന് അടുത്തുള്ള ഇസ്ഗാനില്‍ 1956-ലാണ് ജനനം. കസബ്ലാങ്കയിലെ ഹസന്‍ രണ്ടാമന്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് 1986-ല്‍ വൈദ്യശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ശേഷം, 1994-ല്‍ സൈക്യാട്രിയില്‍ മറ്റൊരു ബിരുദവും കരസ്ഥമാക്കി. സമാന്തരമായി ഇസ്‌ലാമിക പഠനങ്ങളില്‍ ഒന്നിലധികം ബിരുദങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. മൊറോക്കോയിലെ പ്രമുഖ ഇസ്‌ലാമിക പ്രസ്ഥാന നായകനായ അബ്ദുല്‍ കരീം ഖത്തീബിനോടൊപ്പം പ്രവര്‍ത്തിച്ച സഅ്ദുദ്ദീന്‍ പിന്നീട് ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി കെട്ടിപ്പടുക്കുകയായിരുന്നു. 2004-ല്‍ പാര്‍ട്ടിയുടെ അധ്യക്ഷനായി. 2012 മുതല്‍ 2013 വരെ ബിന്‍കീറാന്‍ മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായും ചുമതല വഹിച്ചു. ഫില്‍ ഫിഖ്ഹിദ്ദഅ്‌വീ, ഫീ ഫിഖ്ഹില്‍ ഹിവാര്‍, ഫിഖ്ഹുല്‍ മുശാറകത്തിസ്സിയാസിയ്യ ഇന്‍ദ ഇബ്‌നി തൈമിയ്യ, ഖദിയ്യത്തുല്‍ മര്‍അഃ വ നഫ്‌സിയ്യതുല്‍ ഇസ്തിബ്ദാദ് എന്നിവയാണ് പ്രധാന കൃതികള്‍. നിരവധി പത്രങ്ങളുടെ എഡിറ്ററായും പ്രവര്‍ത്തിച്ചു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (41 - 45
എ.വൈ.ആര്‍

ഹദീസ്‌

ദിക്‌റും ശുക്‌റും
പി.എ സൈനുദ്ദിന്‍