Prabodhanm Weekly

Pages

Search

2017 ഏപ്രില്‍ 07

2996

1438 റജബ് 10

സാമൂഹിക പരിവര്‍ത്തനങ്ങളുടെ ചരിത്രം

ഇ.എസ്.എം അസ്‌ലം

ഇന്ത്യയിലെ ചരിത്രപഠനങ്ങള്‍ കാര്യമായി പരിഗണിക്കാത്ത ഒരു സാമൂഹിക പ്രതിഭാസമാണ് മതപരിവര്‍ത്തനം. വ്യത്യസ്ത കാലങ്ങളില്‍ വിവിധ  മതങ്ങളിലേക്ക് വിഭിന്ന സ്വഭാവങ്ങളില്‍ പരിവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. ഇന്ത്യന്‍ സോഷ്യോളജിയും ആന്ത്രപ്പോളജിയും  ജാതിയെ മുന്‍നിര്‍ത്തി  മതപരിവര്‍ത്തനത്തെ ഒരുപരിധിവരെ പഠനവിധേയമാക്കിയിട്ടുണ്ട്. ചരിത്രപഠനങ്ങളില്‍  മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ പ്രധാനമായും കേന്ദ്രീകരിക്കുന്നത് വൈദേശിക ക്രിസ്ത്യന്‍ മിഷനറിമാരുമായി ബന്ധപ്പെട്ടാണ്. ഇസ്‌ലാമിലേക്കുള്ള പരിവര്‍ത്തനങ്ങളെ വലിയ പ്രാധാന്യത്തോടെ സാമൂഹികശാസ്ത്ര പഠനങ്ങള്‍ പരിഗണിക്കുന്നില്ല. ഒന്നാമതായി, ലിബറല്‍ സെക്യുലര്‍ സാമൂഹിക ചരിത്ര രചനയുടെ പരിഗണനയില്‍ മതപരിവര്‍ത്തനം 'പുരോഗമന' സ്വഭാവമുള്ളതോ സാമൂഹികമാറ്റം സാധ്യമാക്കുന്നതോ ആയ ഒരു പ്രവര്‍ത്തനമേ അല്ല. അതുകൊണ്ടുതന്നെ സംഭവങ്ങളുടെ സ്വഭാവം നിര്‍ണയിക്കുമ്പോള്‍ 'അപ്രധാനം' എന്ന് വിലയിരുത്തപ്പെടുന്ന സാമൂഹിക പ്രക്രിയയായി മതപരിവര്‍ത്തനത്തെ വിലയിരുത്തി. രണ്ടാമതായി, സവര്‍ണ ദേശീയതാവാദ  വ്യവഹാരങ്ങള്‍ 'വൈദേശിക മതങ്ങളിലേക്കുള്ള' മതപരിവര്‍ത്തനങ്ങളെ  കേവല സാമുദായികതയുടെയും വര്‍ഗീയതയുടെയും മാത്രം വിഷയമായി പരിമിതപ്പെടുത്തി. 

മതപരിവര്‍ത്തനം എന്ന പ്രക്രിയയെ സാമൂഹികശാസ്ത്ര പഠനങ്ങള്‍ പലപ്പോഴും സമീപിക്കുന്നത് ഒരേ മാതൃകയിലാണ്. ഓരോ മതത്തിന്റെയും അധ്യാപനങ്ങള്‍ക്ക് തങ്ങളുടെ മതത്തിലേക്കുള്ള ഉള്‍ച്ചേരലിന് ഗ്രന്ഥനിയമങ്ങളുണ്ട്. അതേസമയം മതപരിവര്‍ത്തനം എന്ന സങ്കല്‍പവും അതുമായി ബന്ധപ്പെട്ട പരികല്‍പനകളും രൂപപ്പെടുന്നത് പ്രൊട്ടസ്റ്റന്റ്  ക്രൈസ്തവതയുടെ ആവിര്‍ഭാവവുമായും വ്യാപനവുമായും ബന്ധപ്പെട്ടാണ്. യൂറോപ്യന്‍ കൊളോണിയലിസത്തിന്റെ ചുവടുപിടിച്ച് പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനിറ്റി മുന്നോട്ടുവെച്ച 'സിവിലൈസിംഗ് മിഷന്‍' എന്ന ആശയമാണ് 'മതപരിവര്‍ത്തനം' എന്ന സങ്കല്‍പ്പത്തെ രൂപപ്പെടുത്തുന്നത്. മതപ്രബോധനം, മതംമാറ്റം എന്നീ രണ്ട് സങ്കല്‍പ്പനങ്ങളില്‍ കേന്ദ്രീകരിച്ചാണ് മതപരിവര്‍ത്തന പ്രക്രിയയുമായി ബന്ധപ്പെട്ട പഠനങ്ങള്‍ വികസിക്കുന്നത്.

മതപരിവര്‍ത്തനം എന്ന സങ്കല്‍പ്പത്തെ സാമൂഹികശാസ്ത്ര പഠനത്തിന്റെ സൗകര്യത്തിന് പൊതുവായി സ്വീകരിക്കാമെങ്കിലും അതിന്റെ രീതിയുമായി ബന്ധപ്പെട്ട് ഒരേ വായനകള്‍ എല്ലാ വിശ്വാസങ്ങള്‍ക്കുമായി  സ്വീകരിക്കുന്നത് പ്രശ്‌നവല്‍ക്കരിക്കേണ്ടതുണ്ട്. അതേസമയം ഒരു വിശ്വാസത്തിനുള്ളില്‍തന്നെ മതപരിവര്‍ത്തനം ഗ്രന്ഥനിയമങ്ങള്‍ക്ക് അനുസൃതമായി കൊള്ളണമെന്നുമില്ല. അഥവാ മതാധ്യാപനങ്ങളുടെയും  ഗ്രന്ഥാവലികളുടെയും ബോധ്യപ്പെടലിനേക്കാള്‍, രാഷ്ട്രീയമോ സാമൂഹികമോ സാമ്പത്തികമോ ആയ കാരണങ്ങളും മതപരിവര്‍ത്തനത്തിന് നിമിത്തമാവാം. മതപരിവര്‍ത്തന പ്രക്രിയയില്‍ മതപ്രബോധനം എന്നത് ഒരു  നിര്‍ബന്ധ ഘടകമായി എപ്പോഴും വരണമെന്നില്ല. സാമൂഹിക ഘടനയുടെ മുകളില്‍നിന്ന് ഉണ്ടാക്കിയെടുക്കുന്ന ഒരു ബോധ്യപ്പെടുത്തല്‍ മതപരിവര്‍ത്തനത്തില്‍ എപ്പോഴും അനിവാര്യമല്ല. സാമൂഹികമോ രാഷ്ട്രീയമോ ആയ അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങളാണ് ഒരു വ്യക്തിയെ, അല്ലെങ്കില്‍ ഒരു സാമൂഹിക വിഭാഗത്തെ മതപരിവര്‍ത്തനത്തിനു പലപ്പോഴും പ്രേരിപ്പിക്കുന്നത്.

പശ്ചിമേഷ്യക്കു പുറത്ത് മതപരിവര്‍ത്തനത്തിലൂടെയുള്ള ഇസ്‌ലാമിന്റെ വളര്‍ച്ചയും വികാസവും  പഠനവിധേയമാക്കുന്നതില്‍ അലംഭാവമുായതില്‍ മെത്തഡോളജിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണമായിട്ടുണ്ടെന്ന് റിച്ചാര്‍ഡ് ഈറ്റണ്‍ (Richard M. Eaton,1993) നിരീക്ഷിക്കുന്നുണ്ട്. മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് ഇസ്ലാം മുന്നോട്ടുവെക്കുന്ന രണ്ട് പ്രധാന സങ്കല്‍പങ്ങളാണ് ദഅ്‌വത്തും ശഹാദത്തും. ഒന്നാമത്തേത് ബോധ്യപ്പെടുത്തല്‍ പ്രക്രിയയെ/പ്രബോധന പ്രവര്‍ത്തനങ്ങളെ ഉള്‍കൊള്ളുന്നു.  രണ്ടാമത്തേത്, മതംമാറ്റവുമായി/ 'സത്യസാക്ഷ്യ'വുമായി ബന്ധപ്പെട്ടതാണ്. 'ദഅ്‌വത്തി'നു നിശ്ചിത സ്വഭാവമോ വ്യാഖ്യാനമോ  ഇന്ത്യന്‍  മുസ്‌ലിംകളില്‍ ഒരു കാലത്തും ഉണ്ടായിട്ടില്ല. ഓരോ കാലത്തെയും രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളാണ് സംഘടിത ദഅ്‌വത്തിന്റെ സ്വഭാവം നിര്‍ണയിക്കുന്നത്. എന്നാല്‍ ഒരു വ്യക്തിയുടെയോ ഒരു സാമൂഹിക വിഭാഗത്തിന്റെയോ ശഹാദത്തിലേക്കുള്ള വഴി നേരിട്ടുള്ള ദഅ്‌വത്തിലൂടെ, അല്ലെങ്കില്‍ ബാഹ്യമായ ബോധ്യപ്പെടുത്തലിലൂടെ തന്നെയാകണമെന്നില്ല. ദഅ്‌വത്തിനെയും ശഹാദത്തിനെയും അക്ഷരകേന്ദ്രീകൃതമായ വായനയിലൂടെ രൂപപ്പെടുന്ന  ശരിതെറ്റുകളുടെ അല്ലെങ്കില്‍ പൂര്‍ണ-അപൂര്‍ണതകളുടെ മാനദണ്ഡത്തിലല്ല ഇവിടെ മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടത്. ഇസ്ലാം സ്വീകരിക്കുക എന്ന വ്യക്തിപരമോ സംഘടിതമോ ആയ പ്രക്രിയയെ പൂര്‍ണ -അപൂര്‍ണതകളുടെ കേവല വായനക്കതീതമായി, അതത് കാലത്തെ പണ്ഡിത നേതൃത്വങ്ങള്‍ എങ്ങനെ സമീപിച്ചു എന്നതാണ് ഒരു പ്രധാന അന്വേഷണം. അതിലുപരി ഇസ്ലാം സ്വീകരിക്കുന്ന വ്യക്തിയുടെ പ്രേരണകള്‍, പരിധികള്‍, പരിമിതികള്‍ തുടങ്ങിയവയും പ്രധാനമാണ്. മതപരിവര്‍ത്തനം നടത്തുന്ന വ്യക്തികളുടെ/സാമൂഹിക വിഭാഗങ്ങളുടെ  ചരിത്രപരമായ അവസ്ഥകള്‍, രാഷ്ട്രീയ സാഹചര്യങ്ങള്‍, സാമൂഹിക സങ്കീര്‍ണതകള്‍ എന്നിവയും പഠനവിധേയമാക്കണം. ഓരോ മതപരിവര്‍ത്തനവും നടക്കുന്നത് ഈ ഘടകങ്ങള്‍ പ്രവര്‍ത്തനക്ഷമമാവുമ്പോഴാണ്.

മതപരിവര്‍ത്തനവും  ഇന്ത്യന്‍ മുസ്‌ലിംകളും

ഇന്ത്യയില്‍ ഇസ്‌ലാമിന്റെ ഉത്ഭവവും വികാസവുമായി ബന്ധപ്പെട്ട് നിരവധി സിദ്ധാന്തങ്ങള്‍ ചരിത്രകാരന്മാര്‍ മുന്നോട്ടു വെക്കുന്നുണ്ട്. ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന മുസ്ലിം അനുഭവങ്ങളെ അടയാളപ്പെടുത്താന്‍ ഏതെങ്കിലും ഒരു സിദ്ധാന്തം മതിയാവില്ല. സ്ഥലം, കാലഗണന എന്നിവ  മതപരിവര്‍ത്തനത്തെ പഠിക്കുന്നതില്‍ വളരെ പ്രധാനപ്പെട്ട ഘടകമാണ്. ഭൂപ്രദേശത്തിന്റെ സ്വഭാവം, കാലാവസ്ഥ, രാഷ്ട്രീയ അധികാരം, സാമൂഹിക വിഭജനം, സാമ്പത്തിക ഘടന ഇവയെല്ലാം സുപ്രധാന സൂചനകളാണ്. പ്രധാനമായും മൂന്ന് സിദ്ധാന്തങ്ങളാണ് മതപരിവര്‍ത്തനത്തിലൂടെയുള്ള ഇസ്ലാമിന്റെ വളര്‍ച്ച പഠിക്കാന്‍ ഉപയോഗിക്കുന്നത്. അതില്‍ ഏറ്റവും പഴക്കമുള്ള, അതേസമയം അടിസ്ഥാനരഹിതമായ ഒന്നാണ് ആയുധപ്രയോഗം നടത്തിക്കൊണ്ടുള്ള നിര്‍ബന്ധ മതപരിവര്‍ത്തനം എന്ന നിരീക്ഷണം. കൊളോണിയല്‍ ചരിത്രരചന തങ്ങളുടെ അധിനിവേശത്തെ ന്യായീകരിക്കാന്‍ വേണ്ടി മെനഞ്ഞെടുത്ത ഒന്നാണ് ഈ സിദ്ധാന്തം. പിന്നീട് ഹിന്ദുത്വ ദേശീയവാദികള്‍ മുസ്‌ലിം ഉന്മൂലനത്തിനു ഉപയോഗിച്ചതും ഈ സിദ്ധാന്തം തന്നെയാണ്. എന്നാല്‍, ഈ വാദത്തെ പീറ്റര്‍ ഹാര്‍ഡ്, റിച്ചാര്‍ഡ് ഈറ്റണ്‍ തുടങ്ങിയ ചരിത്രകാരന്മാര്‍ നിരാകരിക്കുന്നുണ്ട്. രാഷ്ട്രീയ അധികാരം ഉപയോഗിച്ചുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് നടന്നതെങ്കില്‍ ആ ഭരണം നിലനിന്ന ഭൂപ്രദേശങ്ങളിലായിരുന്നില്ലേ കൂടുതല്‍ മുസ്ലിം ജനസാന്ദ്രത ഉണ്ടാവേണ്ടിയിരുന്നത് എന്ന് ഈറ്റണ്‍ ചോദിക്കുന്നുണ്ട്. മുസ്ലിം ഭരണാധികാരികളുടെ അധീനതയിലുണ്ടായിരുന്ന ഭൂപ്രദേശങ്ങളെ അപേക്ഷിച്ച്  കിഴക്കന്‍ ബംഗാളിലും പശ്ചിമ പഞ്ചാബിലുമൊക്കെയാണ് മുസ്ലിം ജനസംഖ്യ കൂടുതല്‍ ഉണ്ടായിരുന്നത്.

രാഷ്ട്രീയ അധികാരത്തില്‍ പങ്കുപറ്റാന്‍ മധ്യകാലഘട്ടത്തില്‍ സ്വമേധയാ നടത്തിയ മതപരിവര്‍ത്തനങ്ങളാണ് ഇസ്‌ലാമിന്റെ  വളര്‍ച്ചക്ക് കാരണം എന്നതാണ് മറ്റൊരു പ്രധാന സിദ്ധാന്തം. നികുതിയിളവ്, ഉയര്‍ന്ന പദവി, ഭരണകൂട പ്രീണനം തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയുള്ള മതപരിവര്‍ത്തനങ്ങളെയാണ് ഉദ്ദേശിച്ചത്. ഒരുപരിധിവരെ അത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ട് എന്നത് വസ്തുതാപരമായി ശരിയാണെങ്കിലും അവിഭക്ത ഇന്ത്യയിലെ മുസ്ലിം ജനസംഖ്യയെ അടയാളപ്പെടുത്താന്‍ ആ സിദ്ധാന്തവും അപര്യാപ്തമാണ്. ഇതോടൊപ്പം തന്നെ വായിക്കേണ്ടതാണ് കുടിയേറ്റ സിദ്ധാന്തം. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്ന് തെക്കേ ഇന്ത്യയിലെ  മലബാര്‍ പോലുള്ള ഭൂപ്രദേശങ്ങളിലേക്ക് വാണിജ്യാവശ്യാര്‍ഥം നടന്ന അറബ് കുടിയേറ്റങ്ങളും അനുബന്ധ മതപരിവര്‍ത്തനങ്ങളുമാണ് ഈ സിദ്ധാന്തത്തിലൂടെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്. അറബ്-തദ്ദേശ വാണിജ്യ ബന്ധത്തിലൂടെയാണ് മലബാറിലെ ഇസ്ലാമിന്റെ ആവിര്‍ഭാവം എന്നത് ശരിയാണ്. എന്നാല്‍ മലബാറിലെയോ അറബ് വാണിജ്യ ബന്ധം നിലനിന്ന മറ്റേതെങ്കിലും ഭൂപ്രദേശത്തെയോ മുസ്ലിം സമുദായത്തിന്റെ വികാസത്തില്‍ ഈ ബന്ധം വലിയ പങ്കുവഹിച്ചു എന്ന് പറയാനാവില്ല. മുസ്ലിം അറബ് കച്ചവടക്കാര്‍ വിപുലമായ രീതിയില്‍ സംഘടിത പ്രബോധന പ്രവര്‍ത്തനം നടത്തിയതിനും തെളിവില്ല. എന്നാല്‍ ഒറ്റപ്പെട്ട ശ്രമങ്ങള്‍ നടന്നിട്ടുമുണ്ട്. അതേസമയം ഈ കാലഘട്ടത്തിലെ സാമൂതിരിയെ പോലുള്ളവരുടെ സാമ്പത്തിക, രാഷ്ട്രീയ നിലപാടുകളുമായി ബന്ധപ്പെട്ടും വിവാഹത്തിലൂടെയും മറ്റും നടന്ന മതപരിവര്‍ത്തനങ്ങളെ വളര്‍ച്ചയുടെ വലിയൊരു കാരണമായി പറയാനും സാധിക്കില്ല.

മതപരിവര്‍ത്തനത്തിന്റെ നഗര-അര്‍ധ നഗര കേന്ദ്രീകൃതവും അധികാരകേന്ദ്രീകൃതവുമായ അന്വേഷണങ്ങള്‍ക്കള്‍പ്പുറം, കാര്‍ഷിക ഘടനയിലധിഷ്ഠിതമായ ഗ്രാമീണ ഭൂപ്രദേശങ്ങളില്‍ മുസ്ലിം സമുദായത്തിന്റെ വളര്‍ച്ച എങ്ങനെ സംഭവിച്ചു എന്നത് വലിയ ചോദ്യമായിരുന്നു. പ്രധാനമായും മുസ്ലിം ജനസംഖ്യയുടെ ബഹുഭൂരിഭാഗവും ഇവിടെയാണ് അധിവസിക്കുന്നത്. ഇതിന് ഉത്തരമായി മുന്നോട്ടുവെക്കുന്നത് വിമോചന സിദ്ധാന്തത്തെയാണ്. വലിയൊരളവില്‍ ഈ തിയറിക്ക് പ്രസക്തിയുണ്ട്. ഇന്ത്യയിലെ ഗ്രാമീണ ഫ്യൂഡല്‍ ഘടനയിലെ ഭീകരമായ ജാതി അടിമത്തം സൃഷ്ടിച്ച അസ്വസ്ഥത മതപരിവര്‍ത്തനത്തിലൂടെയുള്ള വിമോചന സാധ്യതയെ പ്രസക്തമാക്കിയിരുന്നു. ഈ സാധ്യത ഒരേസമയം ഇസ്‌ലാമിലേക്കും ക്രിസ്ത്യാനിറ്റിയിലേക്കും ബുദ്ധിസത്തിലേക്കും ഉണ്ടായിരുന്നു. എന്നാല്‍, ഗ്രാമങ്ങളില്‍ ജീവിച്ച നിസ്വാര്‍ഥരായ സൂഫികളുടെ സാന്നിധ്യവും ദര്‍ശനങ്ങളും ഇസ്‌ലാമിലേക്കുള്ള കടന്നുവരവ് കൂടുതല്‍ എളുപ്പമാക്കി.  താരതമ്യേന സാമൂഹിക വിഭജനത്തിന്റെ  സങ്കീര്‍ണത കുറഞ്ഞതും സമുദായമെന്ന നിലയില്‍ കുറേകൂടി സംഘടിതവുമായ ഒരു ഇടം എന്ന നിലയില്‍ ഇസ്‌ലാമിനെ ഉള്‍ക്കൊള്ളാന്‍ അടിമ ജാതികളില്‍നിന്നുള്ളവര്‍ക്ക്  കൂടുതല്‍ സാധിച്ചു എന്നും മനസ്സിലാക്കാം. 

എന്നാല്‍, ഈ സാമൂഹിക വിമോചന സിദ്ധാന്തത്തെ പൂര്‍ണമായി അംഗീകരിക്കാന്‍ ഈറ്റണെ പോലുള്ള ചരിത്രകാരന്മാര്‍ തയാറാവുന്നില്ല. മതപരിവര്‍ത്തനത്തിന്റെ  നിര്‍ജീവവും സജീവവുമായ സ്വഭാവത്തെ താരതമ്യം ചെയ്തുകൊണ്ടാണ്  അദ്ദേഹം ചില സിദ്ധാന്തങ്ങള്‍ മുന്നോട്ടു വെക്കുന്നത്. കിഴക്കന്‍ ബംഗാളിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം പറയുന്നത്, ഇസ്‌ലാമിലേക്ക് സംഘടിത മതപരിവര്‍ത്തനം നടത്തിയവരില്‍ അധികവും കീഴാള കര്‍ഷകരായിരുന്നില്ലെന്നും ഗോത്രവിഭാഗങ്ങള്‍ ആയിരുന്നുവെന്നുമാണ്. അവരെ പിന്നീട് കര്‍ഷക സമൂഹമായി ഇസ്ലാം പരിവര്‍ത്തിപ്പിക്കുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു. ഈറ്റണ്‍ മുന്നോട്ടുവെച്ച വാദങ്ങളിലും പ്രശ്‌നങ്ങളു്. അദ്ദേഹം മതപരിവര്‍ത്തനത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്, ഒരു മതത്തിന്റെ അടയാളങ്ങളെയും സമ്പ്രദായങ്ങളെയും പൂര്‍ണമായി നിരാകരിക്കുകയും മറ്റൊരു മതത്തിന്റേത് പൂര്‍ണമായി സ്വീകരിക്കുകയും ചെയ്യുന്ന ഒരു പ്രക്രിയ ആയിട്ടാണ്. മതപരിവര്‍ത്തനം നടത്തുന്നയാളുടെ കര്‍തൃത്വം ഇവിടെ വളരെ പ്രധാനമാണ്. പരിവര്‍ത്തന ഘട്ടത്തില്‍ പൂര്‍ണമായ നിരാകരണമോ പൂര്‍ണമായ സ്വീകരണമോ അസാധ്യം എന്നുതന്നെ പറയാവുന്നതാണ്. മതനവീകരണ പ്രസ്ഥാനങ്ങളുടെ കടന്നുവരവിലൂടെയാണ്  'ഗ്രന്ഥ കേന്ദ്രീകൃത'മായ 'പൂര്‍ണതയുള്ള' മതപരിവര്‍ത്തനം സാധ്യമാവുന്നത്  എന്ന വാദവും അദ്ദേഹത്തിന്റെ സിദ്ധാന്തത്തില്‍നിന്ന് വായിച്ചെടുക്കാം. മിയാ മുസ്‌ലിംകളെ കുറിച്ചുള്ള പഠനത്തില്‍ ഷെയല്‍ മായറാമും ഏറക്കുറെ സമാനമായ നിരീക്ഷണം തന്നെയാണ്  മുന്നോട്ടു വെക്കുന്നത്. തബ്‌ലീഗ് ജമാഅത്തിന്റെ ഇടപെടല്‍, വിഭജനം സൃഷ്ടിച്ച സ്വത്വ സംഘര്‍ഷങ്ങള്‍ ഇവയൊക്കെയാണ് മേവാത്തി മുസ്‌ലിംകളുടെ 'ഇരട്ട സ്വത്വ'ത്തില്‍നിന്ന് 'ഏക സ്വത്വ'ത്തിലേക്കുള്ള മാറ്റത്തിന്റെ കാരണമായി ഗ്രന്ഥകാരി പറയുന്നത്. നിരന്തരമായ ആത്മസംഘര്‍ഷങ്ങളിലൂടെ തുടര്‍ച്ചയായി നടക്കുന്ന ഒരു  പ്രക്രിയയായി മതപരിവര്‍ത്തനത്തെ മനസ്സിലാക്കാത്തതിന്റെ പ്രശ്‌നങ്ങളുണ്ട് ആ നിരീക്ഷണങ്ങള്‍ക്ക്  എന്ന് തോന്നുന്നു. 

മലബാറിന്റെ പശ്ചാത്തലം 

മലബാറിലെ മുസ്‌ലിം സ്വത്വ രൂപവത്കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ മതപരിവര്‍ത്തന പ്രക്രിയയെ വളരെ ഒഴുക്കന്‍മട്ടില്‍ പറഞ്ഞുപോകാറാണ് പതിവ്. ഇടര്‍ച്ചകളില്ലാത്ത, തുടര്‍ച്ചകള്‍ മാത്രം സംഭവിക്കുന്ന, ഒന്നു മറ്റൊന്നിനോട് കണ്ണി ചേര്‍ക്കപ്പെടാന്‍ നിര്‍ബന്ധ ബുദ്ധി കാണിക്കുന്ന 'മഹത്തായ പാരമ്പര്യമുള്ള ഒരു ചരിത്രമാണ്' എഴുതപ്പെടുന്നത്. മലബാര്‍ മുസ്‌ലിം ചരിത്രരചന സമകാലിക മുസ്ലിംകളുടെ പാരമ്പര്യത്തെ കണ്ടെത്താന്‍ ശ്രമിക്കുന്നത് സമാനമായ ഒരു പാരമ്പര്യത്തില്‍നിന്നാണ്. 'മാപ്പിള' എന്ന സാമുദായിക സ്വത്വം രൂപപ്പെടുന്നത് വിവിധ  തദ്ദേശീയ സാമൂഹിക വിഭാഗങ്ങളില്‍നിന്ന് വ്യത്യസ്ത കാലങ്ങളില്‍ പല കാരണങ്ങളാല്‍ ഇസ്ലാം സ്വീകരിച്ചവരിലൂടെയാണ്. അതുകൊണ്ടുതന്നെ എല്ലാ മാപ്പിളമാരുടെയും വംശാവലി സമാനമാകില്ല. അവരുടെ ഇടപാടുകളും ഉള്‍ച്ചേരലുകളുമെല്ലാം അവരുടെ വ്യത്യസ്ത ഉത്ഭവവുമായി ബന്ധപ്പെട്ടാണ്. മലബാറിലെ മുസ്ലിം സമുദായത്തിന്റെ വികാസം പഠനവിധേയമാക്കുമ്പോള്‍ കാലഗണനയും ഭൂപ്രദേശത്തിന്റെ രാഷ്ട്രീയവും  പരിഗണിക്കണം. വടക്കേ മലബാറിലെ മാപ്പിളമാരുടെ ചരിത്രവും തെക്കേ മലബാറിലെ മാപ്പിളമാരുടെ ചരിത്രവും തീരദേശ മാപ്പിളമാരുടെ ചരിത്രവും വ്യത്യസ്തമായി തന്നെ അന്വേഷിക്കേണ്ടതാണ്. പൊതുവെ മാപ്പിളമാരുടെ ചരിത്രത്തെ അറബ് വാണിജ്യവുമായി ബന്ധപ്പെടുത്തിയാണ് വായിക്കാറ്. ആ ചരിത്രവായന കൂടുതല്‍ അനുയോജ്യമാവുക മലബാറിന്റെ  വടക്കു പടിഞ്ഞാറിനും തെക്കു പടിഞ്ഞാറിനുമാണ്. അറബ് വാണിജ്യവും സാമൂതിരിയുടെ സാമ്പത്തിക, രാഷ്ട്രീയ നിലപാടുകളും വലിയ രീതിയിലുള്ള മതപരിവര്‍ത്തനങ്ങള്‍ക്ക്  കാരണമായിട്ടുണ്ട്. മേല്‍ജാതികളില്‍നിന്ന്, വിശേഷിച്ച് സ്ത്രീകളില്‍നിന്നുള്ള മതപരിവര്‍ത്തനങ്ങള്‍ ഈ ഘട്ടത്തില്‍ നടക്കുന്നുണ്ട്. 'മാപ്പിള' എന്ന ഒരു സമുദായം രൂപപ്പെടുന്നത് ഈ ഘട്ടത്തിലാണ്. വാണിജ്യ ബന്ധങ്ങളും ചേരമാന്‍ പെരുമാളിന്റെ ഇസ്‌ലാമാശ്ലേഷവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളും മേല്‍ജാതികളില്‍നിന്ന് മതപരിവര്‍ത്തനം നടത്തിയ മാപ്പിളമാര്‍ക്ക് ഒരു മേലാള പരിവേഷം നല്‍കിയിരുന്നു. അതേസമയം സാമൂതിരിയുടെ സാമ്പത്തിക, രാഷ്ട്രീയ നിലപാടുകളുടെ ഭാഗമായി അരയ സമുദായത്തില്‍നിന്ന് ഇസ്ലാം സ്വീകരിച്ചവര്‍  അന്നും ഇന്നും പൂര്‍ണ  മാപ്പിളയായി പരിഗണിക്കപ്പെടുന്നില്ല. കാലഗണനയില്‍ ഏറ്റവും പഴക്കം ചെന്ന ആ മുസ്ലിം വിഭാഗത്തെ കുറിക്കാന്‍ ഇന്നും പുതുമുസ്‌ലിം എന്നര്‍ഥം  വരുന്ന പ്രയോഗമാണ് നിലനില്‍ക്കുന്നത്. സാമൂഹികമോ സാമ്പത്തികമോ ആയ കാരണങ്ങള്‍ മാത്രമല്ല, വിശ്വാസപരമായ ബോധ്യപ്പെടലും മതപരിവര്‍ത്തനങ്ങള്‍ സാധ്യമാക്കിയിട്ടുണ്ട്.

പതിനെട്ട്-പത്തൊമ്പത് നൂറ്റാണ്ടുകളില്‍ ഏറനാട്, വള്ളുവനാട്, പൊന്നാനി താലൂക്കുകളടങ്ങിയ തെക്കന്‍ മലബാറില്‍  ഇസ്‌ലാമിലേക്കുള്ള സംഘടിത മതപരിവര്‍ത്തനം നടന്നിരുന്നു. വില്യം ലോഗനെ പോലുള്ള കൊളോണിയല്‍ എഴുത്തുകാര്‍ സെന്‍സസ് റിപ്പോര്‍ട്ട്  ഉദ്ധരിച്ച് ഇക്കാര്യം പറയുന്നുണ്ട്. തെക്കേ മലബാറിലെ ബഹുഭൂരിഭാഗം വരുന്ന മാപ്പിളമാര്‍ക്ക്  അറബ് വാണിജ്യവുമായി കാര്യമായ  ബന്ധം  കാണാന്‍ സാധിക്കില്ല. അറബ് വാണിജ്യം നല്‍കിയ സാമ്പത്തിക മൂലധനവും അറക്കലടക്കമുള്ള രാജകുടുംബം നല്‍കിയ രാഷ്ട്രീയ മൂലധനവും വടക്കേ മലബാറില്‍ ഫ്യൂഡല്‍ സ്വഭാവത്തിലുള്ള ഒരു മാപ്പിള സ്വത്വം രൂപപ്പെടുത്തിയിരുന്നു. രണ്ട് ഭൂപ്രദേശങ്ങളിലെയും കാര്‍ഷിക മാതൃകകളും വ്യത്യസ്തങ്ങളായിരുന്നു. വടക്കേ മലബാറില്‍ നാണ്യവിളകളാണ് കൂടുതല്‍ ഉല്‍പാദിപ്പിച്ചിരുന്നത്. തെക്കേ മലബാറില്‍ നെല്‍കൃഷിക്കാണ് കൂടുതല്‍ പ്രാധാന്യം കൊടുത്തിരുന്നത്. കാര്‍ഷിക മാതൃകയെ സൂചിപ്പിച്ചത് ജാതീയതയുടെ സങ്കീര്‍ണത സൂചിപ്പിക്കാനാണ്. വടക്കേ മലബാറിലെ കീഴാള കര്‍ഷകര്‍ തൊഴിലാളികളായിരുന്നു. എന്നാല്‍ ബ്രാഹ്മണാധിപത്യം കൂടുതല്‍ ഉണ്ടായിരുന്ന തെക്കേ മലബാറില്‍ കാര്‍ഷികവൃത്തിക്ക് കീഴാള ജാതികളെ അടിമകളാക്കി വെച്ചിരിക്കുകയായിരുന്നു. ഈ സങ്കീര്‍ണതയാണ് തെക്കേ മലബാറില്‍ ഇസ്‌ലാമിലേക്കുള്ള അടിമ ജാതികളുടെ മതപരിവര്‍ത്തനത്തിന് ഒരു പ്രധാന കാരണം. സമാനമായ അനുഭവം തിരു-കൊച്ചിയിലുമു്. തെക്കേ മലബാറില്‍ ഇസ്‌ലാമിലേക്കാണ് കൂടുതല്‍ മതപരിവര്‍ത്തനം നടന്നതെങ്കില്‍ മധ്യതിരുവിതാംകൂറില്‍ അത് ക്രൈസ്തവതയിലേക്കാണ് എന്നുമാത്രം. ജാതിവിഭജനം കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കിടയില്‍ ഇപ്പോഴും നിലനില്‍ക്കുന്നതുകൊണ്ട് ദലിത് ക്രിസ്ത്യാനികള്‍ ഇന്നും സഭകളോട് പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്നു. അതേസമയം തെക്കന്‍ മലബാറിലെ കീഴാള മാപ്പിളമാര്‍ നിരന്തരമായി നടത്തിയ സായുധ ചെറുത്തുനില്‍പ്പുകള്‍ ജാതിവിഭജനത്തെ നല്ലൊരളവില്‍ അപ്രത്യക്ഷമാക്കുന്നതിന് സഹായിച്ചു എന്ന് നിരീക്ഷിക്കാം. കൂട്ടത്തില്‍, മാപ്പിള മുസ്‌ലിംകള്‍ക്കിടയില്‍ തലപൊക്കിയ  ജാതീയതയെ മമ്പുറം തങ്ങന്മാര്‍, ഉമര്‍ ഖാദി, അവുക്കോയ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പല രീതിയില്‍ നേരിട്ടതും ചേര്‍ത്തു വായിക്കണം. പില്‍ക്കാലത്ത് സംഭവിച്ച ഗള്‍ഫ് കുടിയേറ്റം പുതിയ ഒരു വര്‍ഗത്തെ ഉണ്ടാക്കിയെടുത്തതും  മുസ്ലിം തെരഞ്ഞെടുപ്പു രാഷ്ട്രീയം വടക്കേ മലബാറില്‍നിന്ന് തെക്കേ മലബാറില്‍ കേന്ദ്രീകരിക്കപ്പെട്ടതും ജാതീയതയുടെ പ്രത്യക്ഷത്തിലുള്ള വരവിനെ തടഞ്ഞുനിര്‍ത്തി എന്നും വായിക്കാവുന്നതാണ്.

മൈസൂര്‍ രാജാക്കന്മാരുടെ മലബാറിലെ രാഷ്ട്രീയ അധിനിവേശം രാഷ്ട്രീയമായി ജാതിഘടനയെ വെല്ലുവിളിക്കാന്‍ അടിമജാതികള്‍ക്ക് ഉണര്‍വ് നല്‍കിയെന്നത് വസ്തുതയാണ്. എന്നാല്‍ മൈസൂര്‍ ഭരണകൂടത്തേക്കാള്‍ ഉപരി, ബോധപൂര്‍വമല്ലെങ്കിലും ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ചില ഇടപെടലുകളെ അടിമജാതികള്‍ സമര്‍ഥമായി ഉപയോഗിച്ചുവെന്ന് വേണം കരുതാന്‍. ലണ്ടന്‍ മിഷന്‍ സൊസൈറ്റിയുടെ സമ്മര്‍ദത്തെ തുടര്‍ന്ന്, ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ നിര്‍ദേശപ്രകാരം, കോളനികളില്‍ അടിമത്ത നിരോധന നിയമം നടപ്പിലാക്കാന്‍ കൊളോണിയല്‍ ശക്തികള്‍ നിര്‍ബന്ധിതരായിരുന്നു. ഈ അവസരം മലബാറിലെ അടിമകള്‍ സമര്‍ഥമായി ഉപയോഗിച്ചത് ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം നടത്തിക്കൊണ്ടാണ്. സമാനമായ പ്രക്രിയ തെക്കന്‍ കേരളത്തില്‍ ക്രിസ്തുമതത്തിലേക്കും നടന്നതായി കാണാന്‍ സാധിക്കും. മലബാറില്‍ നടന്ന കീഴാള മാപ്പിളമാരുടെ സായുധ ചെറുത്തുനില്‍പ്പുകളുടെ രേഖകള്‍ പരിശോധിച്ചാല്‍ മതപരിവര്‍ത്തനത്തിന്റെ പങ്ക് ബോധ്യമാകും. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുത, മലബാറിലെ മുസ്‌ലിംകള്‍ സാമ്പത്തികമായും  രാഷ്ട്രീയമായും പ്രതികൂലസാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് ഈ മതപരിവര്‍ത്തനങ്ങള്‍ നടക്കുന്നത് എന്നതാണ്.

കൊളോണിയല്‍ ശക്തികളുടെയും സവര്‍ണ ജന്മിമാരുടെയും പിന്നീടുള്ള അേന്വഷണം, എങ്ങനെ ഈ കീഴാള ജാതികളില്‍നിന്നുള്ള മതപരിവര്‍ത്തനം തടയാം എന്നുള്ളതായിരുന്നു. 'മാപ്പിള ഫനാറ്റിസം' (മതഭ്രാന്ത്) ആരോപിക്കപ്പെട്ടത് ഇങ്ങനെ മതപരിവര്‍ത്തനം നടത്തിവന്ന കീഴാള മാപ്പിളമാര്‍ക്കെതിരെയായിരുന്നു. ജാതീയതയുടെ ഹിംസാത്മകതയോട് നേരിട്ട് ഏറ്റുമുട്ടിയ മമ്പുറം തങ്ങന്മാരെ  പോലുള്ള സൂഫിവര്യന്മാരെ ഉന്നം വെച്ചതും അവര്‍ ഈ മതപരിവര്‍ത്തനങ്ങളുടെയും ചെറുത്തുനില്‍പ്പുകളെയും മധ്യവര്‍ത്തികള്‍ ആയതുകൊണ്ടുകൂടിയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മലബാറില്‍ ഇസ്‌ലാമിലേക്കുള്ള മതപരിവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ കൊളോണിയല്‍ ശക്തികള്‍ ശ്രമിച്ചിരുന്നു. ഒരു വ്യക്തിക്ക് ഏതു സമയം എവിടെ വെച്ചും ലളിതമായ പ്രക്രിയയിലൂടെ ഇസ്ലാം സ്വീകരിക്കാനുള്ള സാധ്യത അവര്‍ നിയമങ്ങളിലൂടെ നിയന്ത്രിച്ചു. പ്രത്യേക സ്ഥാപനങ്ങളില്‍നിന്ന് കിട്ടുന്ന 'അംഗീകാരവും' 'അധ്യാപനവും' പിന്നീട് ഇസ്ലാം സ്വീകരിക്കുന്നതിന് അനിവാര്യമായി മാറി. ഇസ്‌ലാമിലേക്കുള്ള മതപരിവര്‍ത്തനം സ്ഥാപനങ്ങളിലൂടെ സങ്കീര്‍ണമാക്കി നിയന്ത്രിക്കാമെന്ന അവരുടെ കണക്കുകൂട്ടല്‍ വലിയൊരളവില്‍ വിജയിച്ചു. ഇന്നും ആ കൊളോണിയല്‍ നിയമങ്ങള്‍ തന്നെയാണ് മതപരിവര്‍ത്തനത്തെ നിയന്ത്രിക്കാനും നിരോധിക്കാനും ഉപയോഗിക്കുന്നത്.

തെക്കന്‍ മലബാറിലെ ഇസ്‌ലാമിലേക്കുള്ള കൂട്ട മതപരിവര്‍ത്തനത്തിന്റെ കൂടി പ്രതിഫലനമാണ് അറബിമലയാളം എന്ന മാപ്പിള മലയാളത്തിന്റെ വളര്‍ച്ച എന്നും കാണാവുന്നതാണ്. ഓരോ ജാതിവിഭാഗത്തിനും വ്യത്യസ്ത മലയാള ഭാഷാ രീതികള്‍ നിലനിന്നിരുന്നു. സ്വതന്ത്രമായ ഒരു 'സമുദായ ഭാഷ' രൂപപ്പെടേണ്ടിയിരുന്നത് അന്നത്തെ സാമൂഹിക സാഹചര്യത്തില്‍ പ്രസക്തമായിരുന്നു. മതപരിവര്‍ത്തനം നടത്തുന്നവരെ ഇസ്‌ലാമിലേക്ക് ഉള്‍ച്ചേര്‍ക്കുന്നതില്‍ അറബിമലയാളം വലിയ പങ്കുവഹിച്ചിട്ടുണ്ട്. മാപ്പിള സ്വത്വം സ്വീകരിക്കുന്നവരെ 'ഇസ്‌ലാമികവല്‍ക്കരിക്കുക' എന്ന പ്രക്രിയ നടത്തിയത് ഈ ഭാഷയും സാഹിത്യവുമാണ്. അറബി മലയാളത്തില്‍ എഴുതപ്പെട്ട, അല്ലെങ്കില്‍ തയാറാക്കപ്പെട്ട കൃതികളുടെ 'പാടലിലൂടെയും' 'ചൊല്ലലിലൂടെയും' ഇസ്‌ലാമിക ചരിത്രവും അനുഷ്ഠാന കര്‍മങ്ങളും ഇസ്ലാം സ്വീകരിച്ച മാപ്പിളമാര്‍ക്കിടയില്‍ കൈമാറ്റം ചെയ്യപ്പെട്ടു. മാപ്പിളമാര്‍ക്കിടയില്‍ അറബി മലയാളത്തിന് ഒരുതരം 'പവിത്രത' കല്‍പ്പിക്കപ്പെട്ടത് ആ ഭാഷ നിര്‍വഹിച്ച മതപരവും രാഷ്ട്രീയവുമായ വലിയൊരു ദൗത്യം കാരണമാണ്.

മലബാറിന്റെ പശ്ചാത്തലത്തില്‍ മതപരിവര്‍ത്തനവുമായി ബന്ധപ്പെടുത്തി ഉത്തരം കണ്ടെത്തേണ്ട ചില ചോദ്യങ്ങളുണ്ട്. എന്തുകൊണ്ടാണ് കൊളോണിയല്‍ ഭരണം നിലനിന്ന മലബാറിലെ തെക്കന്‍ താലൂക്കില്‍ മാത്രം മുസ്‌ലിം ഭൂരിപക്ഷം ഉണ്ടായി? തെക്കന്‍ മലബാറിലെ അടിമ ജാതികളില്‍പ്പെട്ട കീഴാളരുടെ എണ്ണത്തില്‍ എന്തുകൊണ്ട് കുറവ് സംഭവിച്ചു? പതിനെട്ടാം നൂറ്റാണ്ട് മുതല്‍ മലബാറില്‍ വന്ന ഖാദിരിയ്യ ത്വരീഖത്തില്‍പെടുന്ന ബാ അലവി സൂഫികള്‍ എന്തുകൊണ്ട് പൊന്നാനി-കോഴിക്കോട്-തലശ്ശേരി പോലെയുള്ള പട്ടണങ്ങള്‍ തെരഞ്ഞെടുക്കാതെ ഗ്രാമീണ തെക്കന്‍ മലബാറിലേക്ക് കുടിയേറ്റം നടത്തി? തെക്കന്‍ മലബാറില്‍ മാപ്പിളമാരെ മാത്രം എന്തുകൊണ്ട് 'മതഭ്രാന്തന്മാര്‍' എന്ന് വിളിച്ചു? അടിമത്ത നിരോധന നിയമത്തിനു ശേഷം മതപരിവര്‍ത്തനങ്ങള്‍ (ഇസ്‌ലാമിലേക്കും ക്രൈസ്തവ മതത്തിലേക്കും) എന്തുകൊണ്ടുണ്ടായി? എന്തുകൊണ്ട് അടിമത്ത നിരോധന നിയമത്തോടനുബന്ധിച്ച് ജന്മിമാര്‍ക്കെതിരെ കീഴാള മാപ്പിളമാരുടെ  സായുധ ഇടപെടലുകള്‍ നടന്നത്? മലബാറില്‍ പ്രവര്‍ത്തിച്ച ജര്‍മന്‍ പ്രൊട്ടസ്റ്റന്റ് മിഷനായ ബാസല്‍ മിഷന് തിരു-കൊച്ചിയിലെയും വടക്കന്‍ മലബാറിലേത് പോലെയും എന്തുകൊണ്ടാണ് തെക്കന്‍ മലബാറില്‍ സ്വാധീനമുണ്ടാക്കാന്‍ സാധിക്കാതിരുന്നത്? അറബിമലയാളം ഭാഷയും സാഹിത്യവും പത്തൊമ്പതാം നൂറ്റാണ്ടില്‍ വികസിച്ചത് എന്തുകൊണ്ട്? 

ചോദ്യങ്ങളാണ് ചരിത്രരചനയുടെ കാതല്‍. ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ കൂടുതല്‍ ഗവേഷണത്തിലൂടെ കണ്ടെത്തേണ്ടതുണ്ട്. കേരളീയ സമൂഹത്തിന്റെ ചരിത്രത്തിനുള്ളില്‍ നിന്നുകൊണ്ട് തന്നെയാണ് മാപ്പിള ചരിത്രവും വായിക്കേണ്ടത്. സാമൂഹിക സങ്കീര്‍ണതകളെ പ്രശ്‌നവല്‍ക്കരിച്ചുകൊണ്ട് മാപ്പിളമാരുടെ നിത്യജീവിതത്തെയും സാമൂഹിക ജീവിതത്തെയും സൂക്ഷ്മമായി പഠിച്ചുകൊണ്ടാണ് സാമൂഹികചരിത്രം എഴുതപ്പെടേണ്ടത്. ചുരുക്കത്തില്‍, മതപരിവര്‍ത്തനം അവഗണിക്കപ്പെടേണ്ട 'അപ്രധാനമായ' പ്രതിഭാസമല്ല, സാമൂഹിക മാറ്റങ്ങള്‍ക്ക് പല രീതിയില്‍ കാരണമായ ഒരു പ്രതിഭാസമാണ്. അതിനെ സൂക്ഷ്മമായി വായിക്കേണ്ടതുണ്ട്. സാമാന്യവല്‍ക്കരണത്തെ മറികടന്ന്, ഓരോ കാലഘട്ടത്തെയും ഭൂപ്രദേശത്തെയും ജനവിഭാഗത്തെയും സവിശേഷമായി പരിഗണിച്ചുകൊണ്ടാവണമത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (41 - 45
എ.വൈ.ആര്‍

ഹദീസ്‌

ദിക്‌റും ശുക്‌റും
പി.എ സൈനുദ്ദിന്‍