Prabodhanm Weekly

Pages

Search

2017 ഏപ്രില്‍ 07

2996

1438 റജബ് 10

റിയാസ് മൗലവി വധം: കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യാനുള്ള ഗൂഢാലോചന?

ജലീല്‍ പടന്ന

കലാപം വിതച്ച് നേട്ടം കൊയ്യാനുള്ള ആരുടെയൊക്കെയോ ഗൂഢപദ്ധതിസംയമനം കൊണ്ട് പരാജയപ്പെടുത്തുകയായിരുന്നു കാസര്‍കോട്ടെ ജനങ്ങള്‍. മധൂര്‍ പഞ്ചായത്തിലെ ചൂരിയില്‍ പള്ളിക്കകത്ത് കിടന്നുറങ്ങുകയായിരുന്ന റിയാസ് മൗലവിയെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിലെ ഉദ്ദേശ്യം മറ്റൊന്നുമല്ല.  സംഘ് പരിവാര്‍ സംഘടനകള്‍ക്ക് നല്ല സ്വാധീനമുള്ള പ്രദേശത്ത് നടന്ന കൊലപാതകം, ജില്ലയില്‍ വര്‍ഗീയ കലാപം സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള നീക്കത്തിന്റെ ഭാഗം തന്നെ എന്ന സംശയം ന്യായമാണ്. പരിവാര്‍ സംഘത്തിന്റെ ജനിതക സ്വഭാവവും സാഹചര്യത്തെളിവുകളും ഒക്കെ ഈ സംശയത്തെ സാധൂകരിക്കാന്‍ മതിയായ കാരണങ്ങളാണ്. 34 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന, ജീവിതകാലത്ത്  ആരോടും പോരിന് പോകാതിരുന്ന, മതപാഠശാലയില്‍ പഠിപ്പിക്കുകയും പള്ളിയില്‍ ഇമാമത്ത് നില്‍ക്കുകയും ചെയ്യുന്ന സൗമ്യനായ ഒരു മനുഷ്യനെ ഇങ്ങനെ വെട്ടിനുറുക്കാന്‍ കഴിയുന്ന പ്രത്യയശാസ്ത്രം ഏതാണ് എന്നതില്‍ ആര്‍ക്കാണ് ഇനിയും സംശയമുള്ളത്? മനുഷ്യത്വത്തെയും നീതിബോധത്തെയും നിരാകരിക്കുന്നവര്‍ക്ക് മാനവികതയും മതസൗഹാര്‍ദവും തകര്‍ക്കപ്പെടേണ്ട തിന്മകളാണ്. ഈ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടുവേണം കാസര്‍കോട്ടെ റിയാസ് മൗലവിയുടെ കൊലപാതകത്തിനു പിന്നിലെ അജണ്ടകളെ പരിശോധിക്കാന്‍.

സംഭവം നടന്ന് മൂന്ന് ദിവസങ്ങള്‍ക്കകം മൂന്ന്  പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ അന്വേഷണ സംഘം മെനക്കെട്ടിട്ടേയില്ല. ഇതിനു മുമ്പും ജില്ലയില്‍ നടന്ന  ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പ്രതികളായ കൊലപാതക കേസുകളില്‍ സ്വീകരിച്ച അതേ നിലപാട് തന്നെയാണ് പോലീസ് പിന്തുടരുന്നത്. തുടക്കത്തില്‍തന്നെ ഗൂഢാലോചനാ സാധ്യത പാടേ തള്ളിക്കളയുകയായിരുന്നു പോലീസ്.

കൊല്ലപ്പെട്ട റിയാസ് മൗലവി സാമൂഹിക വിഷയങ്ങളില്‍ ഇടപെടുകയോ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയോ ചെയ്തിരുന്നില്ലെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തോട് ആര്‍ക്കെങ്കിലും ശത്രുതയുണ്ടാവാനുള്ള സാഹചര്യവും നിലവിലില്ല. പിന്നെ എന്തിനായിരുന്നു പള്ളിയില്‍ അതിക്രമിച്ചുകയറി ഈ ക്രൂരത കാട്ടിയത് എന്ന ചോദ്യമാണ് ഗൂഢാലോചനയുെന്ന സംശയത്തെ ബലപ്പെടുത്തുന്നത്.

പ്രതികളായ എ.എസ് അജേഷ് (20), നിതിന്‍ റാവു (20), അഖിലേഷ് (25) എന്നിവര്‍ സജീവ ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരാണ്. കൊലപാതകം, അതിക്രമിച്ചു കടക്കല്‍, മതസൗഹാര്‍ദം തകര്‍ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ടെങ്കിലും, 'ഗൂഢാലോചനക്ക് സാധ്യതയില്ലാത്തതിനാല്‍' 120 ബി വകുപ്പ് ചേര്‍ക്കേണ്ടതില്ലെന്ന നിലപാടാണ് പോലീസ് കോടതിയില്‍ കൈക്കൊണ്ടത്. പ്രഥമ ദൃഷ്ട്യാ തന്നെ ഗൂഢാലോചന നടന്നിരിക്കാനുള്ള തെളിവുകള്‍ ഉണ്ടെന്നിരിക്കെ പോലീസ് കൈക്കൊണ്ട ഈ നടപടി ആരെ രക്ഷിക്കാനാണ്? ഉന്നതതല ഇടപെടല്‍ ഇതിനു പിന്നില്‍ ഉണ്ടായിട്ടുണ്ട് എന്നു വേണം കരുതാന്‍. അങ്ങനെയെങ്കില്‍ സംസ്ഥാന ആഭ്യന്തര വകുപ്പിന് മേലാണ് ഇവിടെയും കരിനിഴല്‍ വീണിരിക്കുന്നത്.  സംഘ് പരിവാര്‍ താല്‍പര്യത്തിനു വിരുദ്ധമായതൊന്നും ആഭ്യന്തര വകുപ്പില്‍നിന്ന് ഉണ്ടാകുന്നില്ലെന്നതിന് സമീപകാല സംഭവങ്ങളില്‍ തെളിവുകള്‍ നിരവധിയുണ്ട്. ഇത് സാധാരണ ജനങ്ങളില്‍ കടുത്ത ആശങ്കയും അരക്ഷിതബോധവും സൃഷ്ടിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്.

ലക്ഷ്യം വെച്ചത് വന്‍ കലാപം

ഇതിനു മുമ്പ് ചെറുതും വലുതുമായ നിരവധി രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കും വര്‍ഗീയ സംഘട്ടനങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട് കാസര്‍കോട്. ജനങ്ങളെ വര്‍ഗീയമായി ധ്രുവീകരിക്കുന്നതിലൂടെ തങ്ങളുടെ വോട്ടുബാങ്കില്‍ വന്‍ വര്‍ധനവുണ്ടാകുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. ഇത് ശരിവെക്കുന്നതാണ് അടുത്ത കാലത്ത് നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങളാക്കെയും. എന്നാല്‍  മുന്‍കാലങ്ങളെ പോലെ പ്രകോപനങ്ങളില്‍പെട്ട് പ്രത്യാക്രമണങ്ങള്‍ക്ക് തുനിയാതിരിക്കുന്ന മുസ്‌ലിം യുവതയുടെ സംയമന നിലപാടില്‍ ഖിന്നരാണ് സംഘ് പരിവാര്‍. ഈ സംയമനത്തെ പൊളിക്കുക എന്ന ഗൂഢ ലക്ഷ്യമാണ് റിയാസ് മൗലവിയുടെ കൊലപാതകത്തിനു പിന്നില്‍ എന്ന് ന്യായമായും സംശയിക്കുന്നുണ്ട്.

സാധാരണ നിലയിലുള്ള രാഷ്ട്രിയ കൊലപാതകങ്ങള്‍ അടക്കിപ്പിടിച്ച പ്രതിഷേധാഗ്നിയില്‍ നേട്ടം കൊയ്യാനാകാതെ പോകുമ്പോള്‍, കൂടുതല്‍ വൈകാരികമായ പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടാവണം, പാവപ്പെട്ട ഒരു പള്ളി ഇമാമിന്റെ തല തന്നെ കൊയ്യാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടാവുക. ജനം ആദരിക്കുന്ന ഒരു ഇമാമിനെ ഒരു കാരണവും കൂടാതെ പള്ളിക്കകത്തു കയറി വെട്ടിനുറുക്കിയാല്‍  സമുദായം ക്ഷമ കൈവെടിയും എന്നു കണക്കുകൂട്ടലാവും ആസൂത്രണത്തിനു പിന്നിലെ ബുദ്ധി.

എന്നാല്‍ ഈ കുബുദ്ധി തിരിച്ചറിഞ്ഞ കാസര്‍കോട്ടെ സമുദായ നേതൃത്വവും സമാധാനകാംക്ഷികളായ മത - മതേതര രാഷ്ട്രീയ കക്ഷികളും ഒറ്റക്കെട്ടായി നിന്ന് സംഘ് പരിവാര്‍ അജണ്ടകള പൊളിച്ചടുക്കുകയായിരുന്നു. മറിച്ചായിരുന്നുവെങ്കില്‍ ഒരുപക്ഷേ കാസര്‍കോട്ട് അശാന്തിയുടെ കനലുകള്‍ കത്തിയാളുമായിരുന്നു. അതായിരുന്നുവല്ലോ മുന്‍ കാല ചരിത്രം.

കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന കാസര്‍കോട് നല്ല വളക്കൂറുള്ള മണ്ണാണെന്നാണ് ബി.ജെ.പിയുടെ ദേശീയ നേതൃത്വത്തിന്റെ തന്നെയും ബോധ്യമു്. അതുകൊണ്ടുതന്നെ മംഗലാപുരത്തെ 'ഉഗ്ര ശേഷിയുള്ള' പ്രചാരകന്മാരുടെ സ്ഥിരസാന്നിധ്യം കാസര്‍കോട്ട് ഉറപ്പുവരുത്തിയിട്ടുണ്ട്. ഇവര്‍ ഇടക്കിടെ ഇവിടെ വന്ന് നടത്തുന്ന വിഷം തുപ്പുന്ന പ്രസംഗങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയ വര്‍ഗീയ  ചേരിതിരിവുകള്‍ അതിഭീകരമാണ്. ഇതിന് തടയിടാനോ നിയമപരമായ നടപടികള്‍ സ്വീകരിക്കാനോ തയാറാവാത്തത് സംസ്ഥാന സര്‍ക്കാറിന്റെ കുറ്റകരമായ അനാസ്ഥയായി തന്നെ വായിക്കപ്പെടും.

പോലീസ് നടപടി വിമര്‍ശിക്കപ്പെടുന്നു

പിടിയിലായ മൂന്ന് പ്രതികളില്‍ കുറ്റം പൂര്‍ണമായും ചാര്‍ത്തി അന്വേഷണം അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്. മാത്രവുമല്ല മൂക്കറ്റം മദ്യപിച്ച് ലഹരിക്കടിപ്പെട്ടാണ് പ്രതികള്‍ കൃത്യം നടത്തിയത് എന്നാണ് പോലീസിന്റെ പ്രഥമവിവര റിപ്പോര്‍ട്ട്. കൊടിഞ്ഞിയിലെ ഫൈസല്‍ വധം ഉള്‍പ്പെടെ സമാനമായ കേസുകളില്‍ ചെയ്തതുപോലെ പ്രതികള്‍ക്ക്  എളുപ്പത്തില്‍ രക്ഷപ്പെടാനുള്ള പഴുത് അവശേഷിപ്പിച്ചുകൊണ്ടാണ് പോലീസിന്റെ കുറ്റപത്രം തയാറാവുന്നതെന്ന ആശങ്കയാണ് പരക്കെ.

സാമാന്യ യുക്തിയെ നിരാകരിക്കുന്നതാണ് പോലീസ് നിഗമനങ്ങളില്‍ പലതും. താളിപ്പടപ്പ് മൈതാനിയില്‍നിന്ന് മദ്യപിച്ച് രണ്ടര കിലോമീറ്റര്‍ ദൂരെയുള്ള ചൂരി ഇസ്സത്തുല്‍ ഇസ്‌ലാം പള്ളിയിലെത്തി അകത്തെ മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന മൗലവിയെ വെട്ടിക്കൊലപ്പെടുത്തിയത്, വെറും മദ്യലഹരിയില്‍ ചെയ്തുപോയ കുറ്റകൃത്യമെന്ന പോലീസ് ഭാഷ്യം സാമാന്യയുക്തിക്ക് ഒട്ടും നിരക്കുന്നില്ല.

സംഭവത്തിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാതെ അന്വേഷണം അവസാനിപ്പിച്ചാല്‍ കേരള പോലീസിനും സംസ്ഥാന ആഭ്യന്തര വകുപ്പിനും അത് തീരാക്കളങ്കമായി അവശേഷിക്കും. മാത്രവുമല്ല, ഇടക്കിടെ അരങ്ങേറുന്ന കൊലപാതകങ്ങളിലൂടെ ഭീതി വിതക്കപ്പെട്ട കാസര്‍കോടിന്റെ സമാധാന ജീവിതത്തിന് അത് കനത്ത ആഘാതവുമായിരിക്കും. സംഭവത്തിനു പിന്നില്‍ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സി.പി.എമ്മിന്റെ ജില്ലാ ഘടകം ഉള്‍പ്പെടെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും മത സംഘടനകളും സംശയം പ്രകടിപ്പിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ അയഞ്ഞ സമീപനം തുടരുന്ന ആഭ്യന്തര വകുപ്പിന്റെ നിലപാട് ദുരൂഹമാണ്. നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണം നടന്നാല്‍ ഉന്നതതല ഗൂഢാലോചന പുറത്തു കൊണ്ടുവരാനാകും. ഇടക്കിടെ കാസര്‍കോട്ട് വന്ന് ഭീഷണി മുഴക്കിയും വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തിയും പോകുന്ന കേരളത്തിലെയും കര്‍ണാടകയിലെയും ചില നേതാക്കളുടെ പ്രവര്‍ത്തനങ്ങളും അന്വേഷണ പരിധിയില്‍ വരണമെന്നാണ് നാട്ടില്‍ സമാധാനം ആഗ്രഹിക്കുന്ന സാധാരണ ജനങ്ങളുടെ ആവശ്യം. ഇവരോടൊപ്പം നിലയുറപ്പിക്കാന്‍ ബാധ്യസ്ഥരായ ഭരണകൂടം കടമ മറക്കുന്നു എന്നതാണ് സമാധാനകാംക്ഷികളെ അസ്വസ്ഥപ്പെടുത്തുന്നത്.

മാധ്യമങ്ങള്‍ കൈക്കൊണ്ട സമീപനം പ്രശംസനീയം തന്നെയാണ്. എന്നാല്‍ ഇത് ഏകപക്ഷീയമാകുന്നു എന്ന ആരോപണം മുഖവിലക്കെടുക്കണം. മൗലവിയുടെ മയ്യിത്ത്, കാസര്‍കോട്ടേക്ക് കൊണ്ടുപോകുന്നത് വിലക്കി, പരിയാരത്തു നിന്നും നേരെ ജന്മനാടായ കൊടകിലേക്ക് കൊണ്ടുപോകാന്‍ നിര്‍ബന്ധിച്ച പോലീസ് നടപടിയെ കുറിച്ചും ഇതുതന്നെയാണ് പറയാനുള്ളത്. സംഘര്‍ഷം ഒഴിവാക്കാനെടുത്ത നടപടിയാണെങ്കില്‍ തീര്‍ച്ചയായും പിന്തുണക്കേണ്ടതു തന്നെയാണ്.  പക്ഷേ ഇത്തരം മുന്‍കരുതലുകള്‍ ഏകപക്ഷീയമാകരുത്. സംസ്ഥാന യുവജനോത്സവ വേദിക്ക് മുന്നിലൂടെ തന്നെ വിലാപയാത്ര നടത്തണമെന്ന വാശിക്കു മുന്നില്‍ പോലീസ് കീഴടങ്ങിയത്  അടുത്ത കാലത്താണല്ലോ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (41 - 45
എ.വൈ.ആര്‍

ഹദീസ്‌

ദിക്‌റും ശുക്‌റും
പി.എ സൈനുദ്ദിന്‍