Prabodhanm Weekly

Pages

Search

2017 ഏപ്രില്‍ 07

2996

1438 റജബ് 10

വഞ്ചനാപരമായ കെട്ടിച്ചമക്കലുകള്‍

നന്ദിത ഹക്‌സര്‍

കുറ്റാരോപിതരായ ആളുകളുടെ വിചാരണക്ക് മുമ്പുള്ള സുരക്ഷ (പ്രത്യേകിച്ച് പോലീസ് കസ്റ്റഡിയില്‍ ഉള്ളപ്പോഴുള്ള പീഡനങ്ങളില്‍നിന്നുള്ള സംരക്ഷണം)യും ന്യായമായ വിചാരണ ഉറപ്പുവരുത്തലും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വളരെ പ്രാധാന്യം നല്‍കുന്ന കാര്യങ്ങളാണ്.

വിചാരണക്കു മുമ്പുള്ള സന്ദര്‍ഭത്തിലും മജിസ്‌ട്രേറ്റിന്റെ ദൗത്യം വളരെ നിര്‍ണായകമാണ്. തങ്ങളുടെ മുമ്പില്‍ ഹാജരാക്കപ്പെടുന്നതിനു മുമ്പ് കുറ്റാരോപിതനായ ആള്‍ പോലീസ് കസ്റ്റഡിയില്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ, നിയമപരമായി തന്നെയാണോ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്, അദ്ദേഹത്തിനു വേണ്ടി വാദിക്കാന്‍ അഭിഭാഷകനെ ലഭിക്കാനുള്ള സംവിധാനങ്ങള്‍ ചെയ്തുകൊടുത്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ മജിസ്‌ട്രേറ്റ് അന്വേഷിക്കേണ്ടതുണ്ട്. ഈ സന്ദര്‍ഭത്തില്‍ കുറ്റാരോപിതനായ വ്യക്തിയെ വൈദ്യപരിശോധന നടത്തുന്ന ഡോക്ടര്‍, ആ വ്യക്തി പോലീസ് കസ്റ്റഡിയില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ച് രേഖപ്പെടുത്തേണ്ടതുണ്ട്. 

എന്നാല്‍ ആമിറിന് പോലീസ്, മജിസ്‌ട്രേറ്റ്, ഡോക്ടര്‍ എന്നിവരില്‍നിന്ന് ലഭിക്കേണ്ട സംരക്ഷണം നിഷേധിക്കപ്പെട്ടു. പോലീസ് തട്ടിക്കൊണ്ടുപോകുന്ന, അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന മിക്ക പാവപ്പെട്ട ആളുകള്‍ക്കും ഇത്തരം സുരക്ഷകള്‍ പൊതുവെ നിഷേധിക്കപ്പെടുന്നു. ഈ അവകാശങ്ങള്‍ നിഷേധിക്കുന്നതിലൂടെ  നിരപരാധികളെ കള്ളക്കേസില്‍ കുടുക്കാനും നിര്‍ബന്ധിച്ച് കുറ്റസമ്മതം നടത്തിക്കാനും  വ്യാജ തെളിവുകളുണ്ടാക്കാനും ഒന്നും പുറത്തുപറയാതിരിക്കാന്‍ കുറ്റാരോപിതരെ പേടിപ്പിച്ചുനിര്‍ത്താനും പോലീസിന് എളുപ്പത്തില്‍ സാധ്യമാകുന്നു.

നീതിയുക്തവും നിയമപരവുമായി കാര്യങ്ങള്‍ മുന്നോട്ടു പോവുകയാണെങ്കില്‍ പോലീസിന് നിരപരാധികളെ കുടുക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. ആമിറെങ്ങനെയാണ് കുടുങ്ങിയതെന്ന് കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. ആമിറിനെ രാത്രിയിലായിരുന്നു പോലീസ് തട്ടിക്കൊണ്ടുപോയത്. അതിനാല്‍തന്നെ ഈ അറസ്റ്റിന് യാതൊരുവിധ രേഖകളോ സാക്ഷിയോ ഉണ്ടായിരുന്നില്ല. അറസ്റ്റിന് കാരണമായ സാഹചര്യമോ അറസ്റ്റ് ചെയ്ത പോലീസുകാരുടെ പേരുവിവരങ്ങളോ ഒന്നും തന്നെ രേഖപ്പെടുത്തപ്പെട്ടിരുന്നില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ പാലിക്കണമെന്ന് സുപ്രീംകോടതി നിയമപരമായി നിര്‍ബന്ധമാക്കിയ കാര്യങ്ങളുടെ വ്യക്തമായ ലംഘനമാണിത്. അറസ്റ്റ് ചെയ്യപ്പെട്ട സമയത്തെ കുറിച്ച് യാതൊരുവിധ രേഖകളുമില്ലാത്തതിനാല്‍ ആമിറിനെ അനധികൃതമായി കസ്റ്റഡിയില്‍ വെക്കാനും പീഡിപ്പിക്കാനും പോലീസിന് കഴിഞ്ഞു. അവന്‍ നിയമപരമായിട്ടാണ് അറസ്റ്റ് ചെയ്യപ്പെട്ടതെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കപ്പെടേണ്ടതുണ്ട്. എന്നാല്‍ അഭിഭാഷകനെയോ മജിസ്‌ട്രേറ്റിനെയോ സ്വന്തം കുടുംബക്കാരെ പോലുമോ സമീപിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ആമിറിന് എട്ട് ദിവസത്തോളം പോലീസ് സ്റ്റേഷനില്‍ കഴിയേണ്ടിവന്നു.

ഇനി ആമിര്‍ പോലീസ് കസ്റ്റഡിയില്‍ വെച്ച് മരണപ്പെടുകയാണെങ്കില്‍ അവന്റെ തിരോധാനത്തെ കുറിച്ചോ മരണത്തെ കുറിച്ചോ യാതൊരുവിധ രേഖകളുമുണ്ടാകുമായിരുന്നില്ല. മനുഷ്യാവകാശ മാനദണ്ഡമനുസരിച്ച് ഇത് ബലം പ്രയോഗിച്ചുള്ള അപ്രത്യക്ഷമാക്കല്‍ (Enforced Disappearance) ആണ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഓരോ ദിവസവും പോലീസ് കസ്റ്റഡിയില്‍ വെച്ചോ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെച്ചോ ശരാശരി നാല് പേര്‍ മരണപ്പെടുന്നുണ്ട്.

ഒന്നുമെഴുതാത്ത നിരവധി പേപ്പറുകളില്‍ ആമിറിനെക്കൊണ്ട് ഒപ്പുവെപ്പിക്കുകയും കാലിയായ ഡയറിയില്‍ പലതും എഴുതിപ്പിക്കുകയും ചെയ്തു. ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റ ആളുകള്‍ക്ക് മുമ്പാകെ ആമിറിനെക്കൊണ്ട് നിര്‍ബന്ധിച്ച് കുറ്റം സമ്മതിപ്പിക്കുകയും പിന്നീട് കോടതിയില്‍ വെച്ച് അവര്‍ ആമിറിനെ തിരിച്ചറിയുകയും ചെയ്തു. 

അവസാനം മജിസ്‌ട്രേറ്റിനു മുമ്പാകെ ആമിര്‍ ഹാജരാക്കപ്പെട്ടപ്പോള്‍ എപ്പോഴാണ്, എങ്ങനെയാണ് അറസ്റ്റ് ചെയ്യപ്പെട്ടതെന്നോ നിയമപരമായ സഹായങ്ങള്‍ ലഭ്യമായിരുന്നോ എന്നൊന്നും മജിസ്‌ട്രേറ്റ് അവനോട് ചോദിച്ചില്ല. ആമിര്‍ ആദ്യമായി കോടതിയില്‍ ഹാജരാക്കപ്പെട്ട ദിവസം, മജിസ്‌ട്രേറ്റും അഭിഭാഷകനും പോലീസും ആമിറിന് മനസ്സിലാകാത്ത ഇംഗ്ലീഷ് ഭാഷയിലായിരുന്നു സംസാരിച്ചത്. 

ആമിറിനെ വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍മാരില്‍ ഒരാളൊഴികെ തങ്ങളുടെ ജോലിയുടെ നൈതികത കാത്തുസൂക്ഷിക്കുക എന്ന കര്‍ത്തവ്യം നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തി. അവര്‍ ആമിറില്‍ കണ്ട പരിക്കുകളെ കുറിച്ചും അവനനുഭവിക്കുന്ന മാനസിക ആഘാതത്തെ കുറിച്ചും നേരിടേണ്ടിവന്ന മറ്റ് പീഡനങ്ങളെ കുറിച്ചും കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണമായിരുന്നു. 

ആമിര്‍ പോലീസ് കസ്റ്റഡിയിലായിരുന്നപ്പോള്‍ അവനെക്കൊണ്ട് നിര്‍ബന്ധിച്ച് ചെയ്യിച്ച കുറ്റസമ്മതമല്ലാതെ, കൃത്യമായി മറ്റൊരു തെളിവുമില്ലാതെ തന്നെ, കോടതി പത്തൊമ്പത് കേസുകള്‍ ആമിറിനു മേല്‍ ചുമത്തുന്നതിന് പോലീസിനു അനുവാദം നല്‍കി. പോലീസിന് മുമ്പാകെയുള്ള ഈ കുറ്റസമ്മതം നിയമപരമായി സാധുതയില്ലാത്തതാണെന്ന് എല്ലാ ജഡ്ജിമാര്‍ക്കും അറിയാമായിരുന്നു. ആമിറിനെ രണ്ട് മാസത്തോളം നിയമപരമായി തടവില്‍ വെക്കുകയും പത്തൊമ്പത് ബോംബ് സ്‌ഫോടന കേസുകളില്‍ അവനെ പ്രതി ചേര്‍ക്കുന്നതിനുള്ള 'തെളിവുകള്‍' പോലീസ് ഉണ്ടാക്കുകയും ചെയ്തു. ആമിറിനെ കൊണ്ട് കാലിയായ പേപ്പറുകളില്‍ ഒപ്പുവെപ്പിച്ചു, ഡയറികളില്‍ എഴുതിപ്പിച്ചു, ബോംബുണ്ടാക്കാന്‍ വേണ്ടി കടക്കാരില്‍നിന്ന് രാസപദാര്‍ഥങ്ങള്‍ വാങ്ങിയിരുന്നുവെന്ന വ്യാജ പ്രസ്താവന നല്‍കാന്‍ നിര്‍ബന്ധിച്ചു.

നടപടിക്രമത്തില്‍ അധിഷ്ഠിതമായ സംരക്ഷണം പോലീസിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയുള്ള അപര്യാപ്തമായ സംരക്ഷണമാണെങ്കിലും ഇത്തരം നടപടിക്രമങ്ങള്‍ നടപ്പിലാക്കുന്നത് പോലീസ് കസ്റ്റഡിയില്‍ മരണങ്ങളില്‍നിന്നും പീഡനങ്ങളില്‍നിന്നും കെട്ടിച്ചമക്കപ്പെട്ട കേസുകളില്‍ കുടുങ്ങുന്നതില്‍നിന്നും നിരപരാധികളെ സംരക്ഷിക്കാന്‍ സഹായകമാകുന്നു. 

ഏത് അറസ്റ്റിനും ഇന്ത്യന്‍ സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ ഇപ്പോള്‍ നിയമത്തിന്റെ ഭാഗമാണ്: 

1) അറസ്റ്റ് ചെയ്യുന്ന, അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ ചോദ്യം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍, അവരുടെ പദവിയും പേരും കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ള നെയിം ടാഗ് ധരിക്കണം. അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയെ ചോദ്യം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഒരു രജിസ്റ്ററില്‍ രേഖപ്പെടുത്തണം. 

2) അറസ്റ്റ് ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥന്‍, അറസ്റ്റ് ചെയ്യുന്ന സന്ദര്‍ഭത്തില്‍ അറസ്റ്റിനെ കുറിച്ച ഒരു മെമ്മോ തയാറാക്കുകയും അതില്‍ നന്നേ ചുരുങ്ങിയത് ഒരു സാക്ഷിയെങ്കിലും ഒപ്പിടുകയും വേണം. സാക്ഷിയായി ഒപ്പിടുന്നയാള്‍ അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയുടെ കുടുംബാംഗമോ അല്ലെങ്കില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന സ്ഥലത്തെ അറിയപ്പെട്ട ഒരാളോ ആയിരിക്കണം. അറസ്റ്റ് ചെയ്യപ്പെടുന്ന ദിവസവും സമയവും രേഖപ്പെടുത്തിയ ഈ മെമ്മോയില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയും ഒപ്പിടണം. 

3) അറസ്റ്റിന്റെ മെമ്മോയില്‍ സാക്ഷിയായി ഒപ്പിടുന്ന വ്യക്തി, അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയുടെ സുഹൃത്തോ കുടുംബാംഗമോ അല്ലാത്ത സന്ദര്‍ഭത്തില്‍, അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തി  പോലീസ് സ്റ്റേഷനിലോ അന്വേഷണ സ്ഥലത്തോ മറ്റ് ലോക്കപ്പിലോ തടവിലാക്കപ്പെടുകയോ ആണെങ്കില്‍ ആ വ്യക്തിയുടെ ഒരു സുഹൃത്തിനെയോ കുടുംബാംഗത്തെയോ ഈ വ്യക്തിയെ അറിയുന്ന ഒരാളെയോ, ആ വ്യക്തിയുടെ ക്ഷേമത്തില്‍ താല്‍പര്യമുള്ള ഒരാളെയോ സാധ്യമാവുന്നത്ര നേരത്തേ അറിയിക്കേണ്ടതാണ്. 

4) അറസ്റ്റ് ചെയ്യപ്പെട്ട സ്ഥലം, സമയം, അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ കസ്റ്റഡിയില്‍ വെച്ചിരിക്കുന്ന ഇടം എന്നിവയെ കുറിച്ച് ഈ വ്യക്തിയുടെ സുഹൃത്തിനെയോ കുടുംബാംഗത്തെയോ, അവര്‍ പ്രസ്തുത ജില്ലക്കോ ടൗണിനോ പുറത്ത് താമസിക്കുന്നവരാണെങ്കില്‍ ആ ജില്ലയിലെ നിയമസഹായ സംഘടനകള്‍, അല്ലെങ്കില്‍ അവരുടെ പ്രദേശത്തെ പോലീസ് സ്റ്റേഷന്‍ മുഖാന്തരം അറസ്റ്റിനു ശേഷമുള്ള എട്ട് മുതല്‍ പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ അറിയിക്കേണ്ടതാണ്.  

5) തന്റെ അറസ്റ്റ് അല്ലെങ്കില്‍ തന്നെ തടവില്‍ പാര്‍പ്പിച്ചതിനെ കുറിച്ച് ഉടനെ തന്നെ ആരെയെങ്കിലും അറിയിക്കാനുള്ള അവകാശം തനിക്കുണ്ട് എന്ന അവബോധം അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്ക് നല്‍കേണ്ടതുണ്ട്. 

6)  അറസ്റ്റും, ആ വിവരം അറിയിക്കപ്പെട്ട അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയുടെ അടുത്ത സുഹൃത്തിന്റെ പേരുവിവരവും, ഏത് പോലീസ് ഉദ്യോഗസ്ഥരുടെ കീഴിലാണോ കസ്റ്റഡിയിലുള്ളത് അവരുടെ പേരുവിവരവും തടവ് സ്ഥലത്തെ രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതാണ്.

7) അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തി ആവശ്യപ്പെടുകയാണെങ്കില്‍, അറസ്റ്റ് ചെയ്യപ്പെടുന്ന സന്ദര്‍ഭത്തില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കുകയും, അവന്റെ/അവളുടെ ശരീരത്തില്‍ വല്ല പരിക്കുമുണ്ടെങ്കില്‍ അത് രേഖപ്പെടുത്തുകയും ചെയ്യേണ്ടതാണ്. ഇന്‍സ്‌പെക്ഷന്‍ മെമ്മോയില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയും അറസ്റ്റ് ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥനും ഒപ്പിടുകയും അതിന്റെയൊരു കോപ്പി അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിക്ക് നല്‍കേണ്ടതുമാണ്. 

8) അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയെ, കസ്റ്റഡി കാലയളവിനിടയില്‍ അതത് സംസ്ഥാനത്തെയോ, കേന്ദ്രഭരണ പ്രദേശത്തെയോ ആരോഗ്യ സേവന ഡയറക്ടര്‍ നിയമിക്കുന്ന ഡോക്ടര്‍മാരുടെ പാനലിലെ ഒരു ഡോക്ടര്‍ ഓരോ നാല്‍പത്തിയെട്ട് മണിക്കൂറിലും വൈദ്യപരിശോധനക്ക് വിധേയമാക്കേണ്ടതാണ്. എല്ലാ ജില്ലകളിലും താലൂക്കുകളിലും ഇങ്ങനെയൊരു പാനലിനെ നിയമിക്കേണ്ടത് ആരോഗ്യ സേവന ഡയറക്ടറുടെ ഉത്തരവാദിത്തമാണ്.

(D.K. Basu versus State of Bengal (1997)) 1SSC416

എന്തുകൊണ്ടാണ് പോലീസ് ആമിറിനെ കെട്ടിച്ചമച്ച കേസില്‍ കുടുക്കിയത്? ദല്‍ഹിയില്‍ നടന്ന സ്‌ഫോടന കേസുകളില്‍ ആരെയെങ്കിലും അറസ്റ്റ് ചെയ്യണമെന്ന അങ്ങേയറ്റത്തെ സമ്മര്‍ദത്തിലായിരുന്നു അവര്‍ എന്നതാണ് ഇതിനുള്ള ഒരു വിശദീകരണം. അല്ലെങ്കിലിത് അത്യാര്‍ത്തി കാരണമായിട്ടാണോ? ധാരാളം ക്യാഷ് അവാര്‍ഡുകള്‍ ലഭിക്കുമെന്ന് അവരറിഞ്ഞിരുന്നു. പക്ഷേ, എന്തുകൊണ്ടാണ് ഗുപ്താജിയും ഇന്റലിജന്‍സ് ഏജന്‍സികളും ഈ വിപുലമായ കെട്ടിച്ചമക്കലുകള്‍ക്ക് കൂട്ടുനിന്നത്? ഇന്ത്യയില്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ പാര്‍ലമെന്റില്‍ പാസ്സാക്കപ്പെടുന്ന ആക്ടുകളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളുടെ അടിസഥാനത്തിലാണ് സ്ഥാപിക്കപ്പെടുന്നത്. അതിനാല്‍തന്നെ ഇതിന് ജനങ്ങളോടോ പാര്‍ലമെന്റിനോടോ യാതൊരു വിധ പ്രതിബദ്ധതയുമില്ല. 

പോലീസ് കെട്ടിച്ചമച്ച കേസുകളില്‍ എത്ര ആളുകള്‍ ഇതുവരെ കുടുങ്ങി എന്നതിനോ, എത്രത്തോളം ആളുകള്‍ക്ക് തങ്ങളുടെ മേലുള്ള കുറ്റങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് തെളിയിക്കാനായി എന്നതിനോ, നിരപരാധികളായ പൗരന്മാരെ കെട്ടിച്ചമച്ച കേസുകളില്‍ കുടുക്കിയതിന് എത്ര പോലീസുകാര്‍ ശിക്ഷിക്കപ്പെട്ടു എന്നതിനോ യാതൊരുവിധ കണക്കുമില്ല. ക്രമാതീതമായ അളവില്‍ മുസ്‌ലിം ചെറുപ്പക്കാര്‍ വ്യാജ കേസുകളില്‍ കുടുങ്ങുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. എന്നാല്‍ മറ്റ് ജനവിഭാഗങ്ങളെയും ഇത്തരത്തിലുള്ള കേസുകളില്‍ കുടുക്കുന്നുണ്ട്. ഉദാഹരണത്തിന് പ്രേം ലാല്‍ എന്ന വ്യക്തി 1991 മുതല്‍ 2007 വരെയുള്ള കാലയളവില്‍ പതിനെട്ട് വ്യാജ ക്രിമിനല്‍ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടു. അവന്റെ വീട്ടില്‍ ഒരു മോഷണം നടന്നപ്പോള്‍ അത് പോലീസില്‍ അറിയിച്ചതോടെയാണ് ഇതാരംഭിക്കുന്നത്. തൊണ്ടിമുതല്‍ പോലീസിന് ലഭിച്ചുവെങ്കിലും വീട്ടുകാര്‍ക്ക് തിരികെ നല്‍കാന്‍ തയാറായില്ല. പ്രേം ലാലിനെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ ചുമത്തുകയും അദ്ദേഹത്തിന് ജയിലില്‍ ഏഴ് വര്‍ഷം കഴിയേണ്ടിയും വന്നു. 2010-ല്‍ 60 ലക്ഷം രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടുവെങ്കിലും വെറും 5.62 ലക്ഷം രൂപയാണ് ലഭിച്ചത്. പോലീസുകാര്‍ ശിക്ഷിക്കപ്പെട്ടുമില്ല. 

ആമിറിനെ കള്ളക്കേസില്‍ കുടുക്കാന്‍ രണ്ട് മാസമാണ് വേണ്ടിവന്നതെങ്കില്‍ അവന് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ പതിനാലു വര്‍ഷം വേണ്ടിവന്നു.

 

നിരപരാധിത്വം തെളിയിക്കല്‍ 

ഒരു വ്യക്തി കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുന്നതുവരെ അവന്‍/അവള്‍ നിരപരാധിയാണ് എന്ന സങ്കല്‍പം ആധുനികമായ ഒന്നല്ല. ഇസ്‌ലാമിക നിയമശാസ്ത്രത്തിന്റെയും റോമന്‍ ക്രിമിനല്‍ നിയമത്തിന്റെയും ഭാഗമാണിത്. മിക്ക ജനങ്ങളും കുറ്റവാളികളല്ല എന്ന അടിസ്ഥാനത്തില്‍ കുറ്റം തെളിയിക്കേണ്ട ബാധ്യത അത് പ്രഖ്യാപിക്കുന്ന വ്യക്തിയിലാണ്, അല്ലാതെ അത് നിഷേധിക്കുന്ന ആളിലല്ല. 

ഇന്ത്യന്‍ ക്രിമിനല്‍ നിയമപ്രകാരം, ഒരു വ്യക്തി കുറ്റക്കാരനാണ് എന്നതിനുള്ള തെളിവ് പ്രോസിക്യൂഷന് കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിയുന്നതു വരെ ആ വ്യക്തി നിരപരാധിയാണ്. നിരപരാധിത്വത്തെ കുറിച്ചുള്ള ഈ അനുമാനം മനുഷ്യാവകാശ നിയമശാസ്ത്രത്തിന്റെ ആധാരശിലയാണ്. പതിനാല് വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ് പതിനേഴ് കേസുകളില്‍നിന്ന് കുറ്റവിമുക്തനാക്കപ്പെട്ടതിനു ശേഷവും ആമിര്‍ ഇപ്പോഴും തന്റെ നിരപരാധിത്വം തെളിയിക്കാന്‍ വേണ്ടി പോരാടിക്കൊണ്ടിരിക്കുന്നു. 

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍, ഒരു നിരപരാധിയായ വ്യക്തിക്ക് തന്റെ നിരപരാധിത്വം തെളിയിക്കുക എന്നത് വളരെ ശ്രമകരമായ കാര്യമാണ്. എന്നാല്‍ മറ്റൊരാള്‍ക്ക് ഒരു നിരപരാധിയെ കുറ്റക്കാരനാണെന്ന് സ്ഥാപിക്കാന്‍ വളരെ എളുപ്പവുമാണ്. നിരപരാധികള്‍ക്കെതിരെ (പ്രത്യേകിച്ച് പാവപ്പെട്ടവരും നല്ല അഭിഭാഷകരെ നിയമിക്കാന്‍ കഴിയാത്തവരുമായ ആളുകള്‍) നമ്മുടെ നീതിന്യായ വ്യവസ്ഥ അന്യായമായി പ്രവര്‍ത്തിക്കുന്നു. 

കുറ്റാരോപിതനായ ഒരു വ്യക്തിയുടെ ഏറ്റവും നിര്‍ണായകമായ സമയമാണ് അറസ്റ്റിന് തൊട്ട് ശേഷമുള്ള സമയം; അദ്ദേഹത്തിന്റേത് നിയമപരമല്ലാത്ത അറസ്റ്റാണെങ്കില്‍ പ്രത്യേകിച്ചും. തട്ടിക്കൊണ്ടുപോകപ്പെട്ട്  വീട്ടിലേക്ക് തിരിച്ചുവരാതിരുന്ന ദിവസം ഉമ്മ എന്താണ് ചെയ്തത് എന്നതിനെ കുറിച്ച് ഉമ്മയോട് അന്വേഷിച്ചിട്ടുണ്ടായിരുന്നോ എന്ന് ഞാന്‍ ആമിറിനോട് ചോദിച്ചു. അവന്‍ വീട്ടിലേക്ക് തിരികെ വരാതിരുന്ന ദിവസങ്ങളിലും അവന്റെ ഉപ്പ വീട്ടിലില്ലാതിരുന്ന ദിവസങ്ങളിലും ഉമ്മ എന്താണ് ചെയ്തിരുന്നത്  എന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ എനിക്കിതുവരെ അവസരം ലഭിച്ചില്ല എന്നായിരുന്നു അവന്‍ പറഞ്ഞത്. ആമിറിന്റെ ഉപ്പ അലഹബാദില്‍നിന്ന് തിരികെ വന്നതിനു ശേഷവും എന്താണ് ചെയ്യേണ്ടതെന്നതിനെ കുറിച്ച് അവര്‍ക്ക് ധാരണ ഉണ്ടായിരുന്നില്ല. 

'ഉമ്മാക്ക് എന്ത് ചെയ്യാനാകും'-ആമിര്‍ ചോദിച്ചു. അവര്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയോ, ഇന്ത്യന്‍ മനുഷ്യാവകാശ കമീഷനിലേക്ക് ഒരു ടെലിഗ്രാം അയക്കുകയോ ചെയ്യണമായിരുന്നുവെന്ന് ഞാന്‍ പറഞ്ഞു. സാധാരണക്കാരിയായ ഒരു സ്ത്രീക്ക് ഇത്തരം നടപടിക്രമങ്ങളൊക്കെ അറിയുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ എന്ന മട്ടില്‍ അവന്‍ എന്നെ തുറിച്ചുനോക്കി. 

ആമിര്‍ എന്നോട് തുടക്കത്തില്‍ പറഞ്ഞതുപോലെ അവനെ സന്ദര്‍ശിക്കാനായി ഉമ്മ ഓരോ തവണയും ജയിലിലേക്ക് വരുമ്പോള്‍ കവിളിലൂടെ കണ്ണുനീര്‍ ഒലിച്ചിറങ്ങുന്നുാവും. മുഹമ്മദ് എന്ന ഒരാള്‍ ആമിറിന്റെ പാസ്‌പോര്‍ട്ടിനും ഐഡന്റിറ്റി പേപ്പറുകള്‍ക്കും വേണ്ടി വന്നുവെന്ന കാര്യം ഉമ്മ ഒരിക്കല്‍ സന്ദര്‍ശന വേളയില്‍ അവനോട് പറഞ്ഞു. ആമിര്‍ ഉര്‍ദുവില്‍ എഴുതിയ ഒരു കത്തുണ്ട് എന്ന് പറഞ്ഞാണ് അയാള്‍ ഉമ്മയുടെ അടുത്തേക്ക് വന്നത്. അതിനെ തുടര്‍ന്നായിരുന്നു ആമിറിന്റെ എല്ലാ രേഖകളും ഉമ്മ അയാള്‍ക്ക് കൈമാറിയത്.  ഇതൊരു പോലീസ് ഉദ്യോഗസ്ഥനാണെന്നും തന്റെ മകനയച്ച കത്ത് ക്രൂരമായ പീഡനത്തിനൊടുവില്‍ പോലീസുകാര്‍ അവനെക്കൊണ്ട് എഴുതിപ്പിച്ചതാണെന്നും മനസ്സിലാക്കാന്‍ ആ ഉമ്മക്ക് എങ്ങനെ കഴിയും?

ഡിഫന്‍സ് ലോയര്‍ ആമിറിനെ കാണാതായതിനു ശേഷം സംഭവിച്ച കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് കണ്ടെത്താന്‍ വേണ്ടി പരിശ്രമിക്കുകയും അതിനു വേണ്ടി ഉമ്മയോട് കാര്യങ്ങള്‍ ചോദിച്ചറിയുകയും വേണമായിരുന്നു. അങ്ങനെയാണെങ്കില്‍ അറസ്റ്റ് ചെയ്യപ്പെട്ട സമയത്തെ കുറിച്ചും ദിവസത്തെ കുറിച്ചും പോലീസ് പറയുന്നത് നുണയാണ് എന്ന് ഉമ്മയുടെ മൊഴി തെളിയിക്കുമായിരുന്നു. ആമിറിനെ അറസ്റ്റ് ചെയ്തത് 1998 ഫെബ്രുവരി 28-നാണ് എന്നാണ് പോലീസ് വാദിക്കുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ എട്ടു ദിവസം മുമ്പായിരുന്നു ആമിറിനെ തട്ടിക്കൊണ്ടുപോയത്. പ്രഥമ വിവര റിപ്പോര്‍ട്ടില്‍ എഴുതിയിരിക്കുന്ന എത്രയോ ദിവസത്തിനു മുമ്പാണ് അവന്‍ നിയമപരമല്ലാതെ അറസ്റ്റ് ചെയ്യപ്പെട്ടതെന്നും പോലീസ് കഥകള്‍ തെറ്റാണെന്നും തെളിയിക്കാന്‍  ഉമ്മയുടെ മൊഴി കാരണമാകുമായിരുന്നു. 

2011-ല്‍  ഗാസിയാബാദിലെ വിചാരണക്കിടയില്‍ ആമിറിന്റെ ഉമ്മ ജഡ്ജിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഡിഫെന്‍സ് സാക്ഷിയായി ഹാജരാക്കപ്പെട്ടു. എന്നാല്‍ വീല്‍ചെയറില്‍ എത്തിയ അവരുടെ സംസാരം വളരെ പതുക്കെയായിരുന്നു. 

ആമിറിന്റെ വിചാരണയുടെ വളരെ ശ്രദ്ധേയമായ മറ്റൊരു കാര്യം പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്നു. അതില്‍  മിക്ക ആളുകളും ബോംബ് സ്‌ഫോടനത്തിന്റെ ഇരകളായിരുന്നു.  സ്‌ഫോടനങ്ങള്‍ക്ക് കാരണക്കാരനായ വ്യക്തി ആമിര്‍ ആണെന്ന് തിരിച്ചറിയുന്നുവെന്ന് പോലീസിന്റെ സമ്മര്‍ദത്തിനു വഴങ്ങി അവര്‍ സാക്ഷ്യം പറയണമായിരുന്നു. എന്നാല്‍ ഈ സാക്ഷികള്‍ പോലീസിനെ വിശ്വസിക്കാന്‍ കൂട്ടാക്കാതെ വ്യാജ മൊഴികള്‍ നല്‍കുന്നതില്‍നിന്ന്  പിന്തിരിയുകയാണുായത്. 

പ്രോസിക്യൂഷന്‍ സ്വന്തം സാക്ഷികളെ ശത്രുക്കളായി പ്രഖ്യാപിക്കുകയും അവരെ എതിര്‍ വിസ്താരം നടത്തുകയും ചെയ്തു. സാധാരണയായി ഡിഫന്‍സ് ലോയറാണ് പ്രോസിക്യൂഷന്‍ സാക്ഷികളെ എതിര്‍ വിസ്താരം നടത്തേണ്ടത്. കഠിനമായ എതിര്‍ വിസ്താരത്തിന് വിധേയമാക്കിയെങ്കിലും സാക്ഷികള്‍ നുണ പറയാന്‍ തയാറായില്ല. 

തുറന്ന കോടതിയില്‍ വിചാരണ ചെയ്യപ്പെടാനുള്ള അവകാശം ആമിറിന് 2000 മുതല്‍ നിഷേധിക്കപ്പെട്ടു. അവന്റെ രക്ഷിതാക്കളുടെ വീടിനടുത്തുള്ള തീസ് ഹസാരിയില്‍ വെച്ചായിരുന്നു വിചാരണ നടക്കേണ്ടിയിരുന്നത്. പക്ഷേ, തിഹാര്‍ ജയിലിനകത്തുള്ള കോടതിയില്‍ വെച്ചാണ് വിചാരണ നടന്നത്. എന്തുകൊണ്ടാണ് കോടതി ഇതിന് അനുവാദം നല്‍കിയത്? എന്തുകൊണ്ടാണ് ഡിഫന്‍സ് ലോയര്‍ ഈ തീരുമാനങ്ങളെ ചോദ്യം ചെയ്യാതിരുന്നത് ?

ഓരോ കേസുകളിലും ന്യായാധിപന്‍ ആമിറിനെ കുറ്റവിമുക്തനാക്കി. പ്രോസിക്യൂഷന്‍ സാക്ഷികള്‍  പ്രോസിക്യൂഷന്‍ കഥകളെ പിന്തുണക്കുന്നില്ലെന്നും അതിനാല്‍ ആമിറിനെ കുറ്റവിമുക്തനാക്കുന്നുവെന്നും അദ്ദേഹം വിധിയെഴുതി. എന്നാല്‍, പല വിധികളിലും സംശയത്തിന്റെ ആനുകൂല്യത്തിലാണ് ആമിര്‍ കുറ്റവിമുക്തനാക്കപ്പെടുന്നത് എന്നായിരുന്നു ന്യായാധിപന്‍ രേഖപ്പെടുത്തിയത്. യാതൊരു തെളിവുമില്ലെങ്കില്‍ പിന്നെ സംശയത്തിന്റെ ആനുകൂല്യം എന്ന പ്രസ്താവനക്ക് എന്ത് ന്യായമാണുള്ളതെന്ന്  ന്യായാധിപനോട്  ചോദിക്കാന്‍ ആരുമുണ്ടായിരുന്നില്ല. അതിനാല്‍തന്നെ നിയമപരമല്ലാത്ത അറസ്റ്റ്, പീഡനം, പതിനാല് വര്‍ഷത്തോളം നീണ്ടുനിന്ന തടവുശിക്ഷ തുടങ്ങിയവക്ക് ആമിറിന് ലഭിക്കേണ്ട നഷ്ടപരിഹാരം ഈ പ്രസ്താവനയിലൂടെ തടയപ്പെട്ടേക്കാം. 

ഭീകരവാദത്തിന് എതിരെയുള്ള യുദ്ധം ഔദ്യോഗികമായി ആരംഭിച്ചത് പോലുമായിരുന്നില്ല. എന്നാല്‍ രാഷ്ട്രീയമായ സാഹചര്യം അതിന് അനുഗുണമായിരുന്നു. ഭീകരവാദ കുറ്റാരോപിതരുടെ അറസ്റ്റ് മാധ്യമങ്ങള്‍ ആഘോഷിച്ചു. എന്നാല്‍ നിരപരാധികള്‍ ഈ കേസുകളില്‍നിന്ന് കുറ്റവിമുക്തരാകുമ്പോള്‍ അത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. ബോംബ് സ്‌ഫോടന കേസില്‍ കുറ്റാരോപിതനാവുന്ന ഒരു മുസ്‌ലിം, വിചാരണ ആരംഭിക്കുന്നതിനു മുമ്പേ തന്നെ കുറ്റവാളിയായി ചിത്രീകരിക്കപ്പെടുന്നു. 2001-ന്റെ അവസാനത്തോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയും ചെയ്തു. 

(അടുത്ത ലക്കത്തില്‍ അവസാനിക്കും)

വിവ: എസ്.വി.പി സുലൈഖ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (41 - 45
എ.വൈ.ആര്‍

ഹദീസ്‌

ദിക്‌റും ശുക്‌റും
പി.എ സൈനുദ്ദിന്‍