Prabodhanm Weekly

Pages

Search

2017 ഏപ്രില്‍ 07

2996

1438 റജബ് 10

കാലത്തിന്റെ കണ്ണാടിയിലൂടെ സ്ത്രീപ്രശ്‌നങ്ങളെ കാണണം

സൈത്തൂന്‍ തിരൂര്‍ക്കാട്

ലോക വനിതാദിനത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീസംബന്ധമായ ലേഖനങ്ങള്‍ ഉള്‍ക്കൊള്ളിച്ചു പുറത്തുവന്ന പ്രബോധനം വാരികയിലെ പല പരാമര്‍ശങ്ങളും ആവര്‍ത്തന വിരസമായിപ്പോയി എന്ന് പറയേണ്ടി വന്നതില്‍ ഖേദിക്കുന്നു. 'സമൂഹമനസ്സാണ് പെണ്ണിന്റെ പ്രശ്‌നം' എന്ന തലക്കെട്ടില്‍ റസിയ ചാലക്കല്‍ എഴുതിയ ലേഖനം വിരോധാഭാസമായി തോന്നാവുന്ന വാദങ്ങള്‍ നിറഞ്ഞതാണ്. സ്ത്രീ പുരുഷന്മാര്‍ക്കിടയിലെ ശാരീരിക മാനസിക വൈകാരിക വൈജാത്യങ്ങള്‍ പുരുഷന്റെ ശ്രേഷ്ഠതയായും സ്ത്രീയുടെ ന്യൂനതയായും കാണപ്പെടാന്‍ ഇടയാക്കിയെന്നും ഇതുമൂലം പുരുഷനെ പരമാധികാരിയായും സ്ത്രീയെ അടിമയായും ഗണിച്ചുവെന്നുമാണ് ലേഖിക വാദിക്കുന്നത്. യഥാര്‍ഥത്തില്‍ പ്രകൃതിയുടെ സന്തുലനമാണ് ഈ വൈജാത്യങ്ങളിലൂടെ പ്രകടമാവുന്നത്. ഈ സന്തുലിതത്വം അറിയാനും അംഗീകരിക്കാനും കഴിയുന്നവരാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മനുഷ്യര്‍. അതുകൊണ്ടുതന്നെ ആശ്രിതത്വത്തിന്റെയും വിധേയത്വത്തിന്റെയും പാഠങ്ങളിലേക്ക് സ്ത്രീ-പുരുഷ സവിശേഷതകളിലെ വ്യത്യാസങ്ങള്‍ സ്ത്രീയെ കൊണ്ടെത്തിച്ചു എന്ന വീക്ഷണം ശരിയല്ല. 

പുരുഷന്റെ ഓരം പറ്റി നടന്ന് ആശ്രിതത്വത്തിന്റെ ആത്മഹര്‍ഷം സ്ത്രീ അനുഭവിക്കുന്നു എന്നതിലാണ് മറ്റൊരു പോരായ്മ കാണുന്നത്. പുരുഷസമൂഹം സ്ത്രീയുടെ സംരക്ഷകരായിത്തീരുന്നു എന്നതിന്റെ തെളിവായി ഈ ഓരം പറ്റിനടക്കലിനെ എന്തുകൊണ്ടാണ് കാണാന്‍ കഴിയാത്തത്? വിദ്യാഭ്യാസം, ജോലി, വിവാഹം തുടങ്ങിയ മേഖലകളില്‍ സ്ത്രീകള്‍ക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ഇന്ന് ആരും നിഷേധിക്കുന്നില്ല. പണ്ടൊക്കെ അങ്ങനെയുള്ള സംഭവങ്ങള്‍ ഉണ്ടായിരുന്നിരിക്കാം. പരിവര്‍ത്തനവിധേയമായിക്കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ ഗതിവിഗതികള്‍ സൂക്ഷ്മമായി അവലോകനം ചെയ്യുമ്പോള്‍ സ്ത്രീ സ്വാതന്ത്ര്യത്തെ അവഗണിക്കുന്നു എന്ന വാദം അംഗീകരിക്കാന്‍ കഴിയില്ല. പുരോഗതിയും ചിന്താവിശാലതയുമില്ലാത്ത സമൂഹങ്ങളില്‍ നിലനില്‍ക്കുന്ന സമ്പ്രദായങ്ങളെ സമൂഹത്തിന്റെ പൊതുസ്വഭാവമായി കാണരുത്. 

'പുരുഷന്‍ സ്വന്തം സുഖദുഃഖങ്ങള്‍ക്ക് അവധികൊടുത്ത് മറ്റുള്ളവരെ സേവിക്കാറില്ല, സ്ത്രീയാകട്ടെ സ്വന്തം ഇഹപര സൗഭാഗ്യങ്ങള്‍ മറന്നുകൊണ്ടാണ് മറ്റുള്ളവരെ തൃപ്തിപ്പെടുത്താന്‍ പെടാപ്പാട് പെടുന്നത്.' വിചിത്രമെന്നല്ലാതെ എന്തുപറയാന്‍! ലോക പുരോഗതിയിലും മറ്റും പുരുഷസേവനത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കാന്‍ ചരിത്രപുസ്തകം വായിച്ചാല്‍ മതിയാകും. 

സ്ത്രീപ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ പുരുഷ സമൂഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ട ആവശ്യമില്ല. മറിച്ച് കാലത്തിന്റെ കണ്ണാടിയിലൂടെ കാണാന്‍ ശ്രമിച്ചാല്‍ മാത്രം മതി. 

അതേയവസരത്തില്‍, ബാധ്യത എന്ന തിരിച്ചറിവ് നഷ്ടപ്പെട്ടവരാണ് സ്ത്രീകളില്‍ ഭൂരിഭാഗവും എന്നു സമ്മതിക്കാന്‍ വരികള്‍ക്കിടയിലൂടെ ലേഖിക തയാറായിട്ടുമുണ്ട്. ഈ തിരിച്ചറിവിലേക്ക് സ്ത്രീസമൂഹത്തെ കൈപിടിച്ചുയര്‍ത്താന്‍ സ്ത്രീ എഴുത്തുകാരും സംഘടനകളും മുന്നോട്ടുവരണം.

 

സൂക്ഷ്മത കുറവുണ്ട്

അമീന്‍ വി. ചൂനൂര്‍ എഴുതിയ 'പ്രമാണവായനയിലെ മനുഷ്യന്‍' (ഫെബ്രുവരി 10, 2017) വായിച്ചു. 

വസ്ത്രം വലിച്ചിഴക്കുന്നതിനെപ്പറ്റി പരാമര്‍ശിച്ചിടത്ത് ചില തെറ്റിദ്ധാരണകള്‍ക്ക് സാധ്യതയുണ്ട്. ഒരാള്‍ അഹങ്കാരത്തോടെയല്ല വലിച്ചിഴക്കുന്നത് എന്ന് കരുതിയാല്‍ അത് കുറ്റമാകില്ലെന്നാണ് വായനക്കാരന് തോന്നുക. മനസ്സിലെ വികാരം, അഹങ്കാരമാണോ അല്ലേ എന്ന് അല്ലാഹുവിനല്ലേ അറിയാന്‍ കഴിയൂ. 

ഉമര്‍ (റ) കുത്തേറ്റ് കിടക്കുന്ന സമയത്ത് തന്നെ സന്ദര്‍ശിച്ച ഒരാളോട്, 'നിങ്ങള്‍ രോഗിയെ സന്ദര്‍ശിക്കുക എന്ന സുന്നത്ത് നിറവേറ്റിയെങ്കിലും വസ്ത്രം വലിച്ചിഴച്ചതു കാരണം വേറൊരു സുന്നത്തിനെ ചവിട്ടിമെതിച്ചു' എന്നു പറഞ്ഞതായി കാണാം. സാധാരണക്കാരന്‍ തെറ്റിദ്ധരിച്ച് ഈ സുന്നത്തിന്റെ ഗൗരവം കണക്കിലെടുക്കാതെ വസ്ത്രം ധരിക്കാന്‍ ഇടയാകുമെന്ന് തോന്നുന്നു. സൂക്ഷ്മതക്കുറവ് സൂക്ഷിക്കുമല്ലോ.

മുഹമ്മദ് കുട്ടി തോട്ടവളപ്പില്‍



ഡ്യൂപ്ലിക്കേറ്റിന്റെ പ്രശ്‌നങ്ങള്‍

'പ്രശ്‌നവും വീക്ഷണവും' പംക്തിയില്‍ (17/3) ബ്രാന്റുകളുടെ വ്യാജപകര്‍പ്പുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് എഴുതിയതിന്റെ അവസാനത്തില്‍ 'വില്‍ക്കുന്നത് വ്യാജനാണെന്ന് ഉപഭോക്താവിനെ അറിയിച്ചാലും' അത് വഞ്ചനയാണ്, അല്‍മാഇദ 2 ആം വചനത്തില്‍ ഉള്‍പ്പെടാവുന്ന തെറ്റാണ് എന്ന് പറഞ്ഞത് ശരിയാവുന്നതെങ്ങനെ? ഡ്യൂപ്ലിക്കേറ്റിന് ഇവിടെ ആവശ്യക്കാരുണ്ട്, അവര്‍ക്കറിയാം ക്വാളിറ്റിയിലും വിലയിലുമുളള വ്യത്യാസം. അവര്‍ പുറമേയുള്ള പോരിശക്ക് വേണ്ടി മാത്രം വാങ്ങുന്നതാവാം ഡ്യൂപ്ലിക്കേറ്റ്. ഇവിടെ ഉപഭോക്താവിനെ മനഃപൂര്‍വം വഞ്ചിക്കുന്നില്ലല്ലോ (കുറച്ച് കൊല്ലങ്ങള്‍ക്കു മുമ്പ് വ്യാജ ഡോക്ടര്‍മാരെ തുടരെ പോലീസ് പിടിക്കാന്‍ തുടങ്ങിയപ്പോള്‍ താനൂര്‍ ഭാഗത്തോ മറ്റോ ഉള്ള ഒരു ഡോക്ടര്‍ തന്റെ ക്ലിനിക്കിന് മുമ്പില്‍ 'വ്യാജ ഡോക്ടര്‍' എന്ന ബോര്‍ഡ് തൂക്കിയിട്ടത്രെ. പോലീസിനെന്ത് ചെയ്യാന്‍ കഴിയും? കുറേ നാട്ടുകാര്‍ക്ക് ആ ഡോക്ടറെ വിശ്വാസമായിരുന്നതിനാല്‍ അയാള്‍ അവിടെ ചികിത്സ തുടര്‍ന്നതായാണറിവ്). 

ലേഖകന്‍ സൂചിപ്പിച്ച മറ്റു കാര്യങ്ങള്‍ ശരിയാണെങ്കിലും ചോദ്യക്കാരനോ ഒരുപക്ഷേ വായനക്കാരോ ശ്രദ്ധിക്കാതെപോവുന്ന ചില വസ്തുതകള്‍ കൂടിയുണ്ട് ബ്രാന്റുകളുടെ വിഷയത്തില്‍. ബ്രാന്റുകള്‍ക്ക് മാര്‍ക്കറ്റ് ഉണ്ടാവുന്നത് ഗുണനിലവാരം മാത്രം കാരണമല്ല; പരസ്യവും പല ഓഫറുകളും ഒക്കെ നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനാലാണ്. ഇങ്ങനെ ഒരു ബ്രാന്റ് സര്‍വാംഗീകൃതമായി കഴിഞ്ഞാല്‍ അപ്പേരില്‍ കമ്പനിക്കാര്‍ തന്നെ ക്വാളിറ്റി കുറഞ്ഞ ഉല്‍പന്നങ്ങള്‍ മാര്‍ക്കറ്റില്‍ ഇറക്കാറുണ്ട്. 'ഇപ്പോഴത്തെ കമ്പനിസാധനത്തിന് പഴയ ഗുണമില്ല' എന്ന തോന്നല്‍ ചിലപ്പോള്‍ ചില സാധനങ്ങളുടെ കാര്യത്തിലെങ്കിലും പലരും പറയുന്നതു കേട്ടിട്ടില്ലേ? ഉപഭോക്താവിന് എളുപ്പത്തില്‍ മനസ്സിലാവാത്ത വിധം ഈ ചതി ചെയ്യുന്നത്, വ്യാജപ്പേരില്‍ വില്‍പന നടത്തുന്നവന്റേതു പോലുള്ള കുറ്റം തന്നെയല്ലേ. ഒരുപക്ഷേ അതിലേറെ ഗുരുതരമായ കുറ്റമാണ്. കാരണം രണ്ടാമത്തേത് പിടിക്കപ്പെടാം. അവന് ശിക്ഷ ലഭിക്കാം. എന്നാല്‍ ബ്രാന്റുകാരന്‍ ക്വാളിറ്റി കുറച്ചാല്‍ ആരും ചോദ്യം ചെയ്തിട്ടു കാര്യമില്ലല്ലോ. ഇത് ഇസ്‌ലാമികമാണോ? 

പല പ്രമുഖ കമ്പനികളും ഉല്‍പാദകരുമെല്ലാം അവരുടെ ബ്രാന്റിന് മാര്‍ക്കറ്റുണ്ടാക്കുന്നവര്‍ മാത്രമാണ്. നിങ്ങള്‍ പല മില്ലുകളുടേത് എന്ന് കരുതി വാങ്ങുന്ന തുണി, സിമന്റ്, വളം തുടങ്ങിയവയൊന്നും അതത് പേരുള്ള കമ്പനി സ്ഥിരമായി ഉല്‍പാദിക്കുന്നവ മാത്രമാണെന്ന് ധരിക്കുന്നത് ശരിയല്ല. തങ്ങള്‍ക്ക് ബന്ധവും വിശ്വാസവുമുള്ള ഏതെങ്കിലും കമ്പനിക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കാന്‍ അനുവാദം നല്‍കുകയാണ് ബ്രാന്റുടമകള്‍ പലപ്പോഴും ചെയ്യുന്നത്.  പാവം ജനം, ഒരു പ്രത്യേക പേരില്‍ എന്തു വന്നാലും അത് വാങ്ങുന്നു. ഇവിടെ വന്‍ ലാഭമുണ്ടാക്കുന്നത്, ഉല്‍പാദനവുമായി നേരിട്ട് ബന്ധമില്ലാത്ത, ബ്രാന്റുടമകള്‍ മാത്രമാണ്. ഉല്‍പാദകര്‍ക്ക് ലഭിക്കുന്നതോ, തുഛമായ ലാഭവും!   കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ് Iris മഷി ഉണ്ടാക്കിയ ഒരു കേസ് കോടതിയിലെത്തിയിരുന്നു. ഉമ്മ-വാപ്പമാരെ ഒഴിച്ച് എന്തും ഉണ്ടാക്കുന്ന കുന്ദംകുളത്തുകാരന്‍ മഷി ഉണ്ടാക്കി IRIS INK എന്ന പേരില്‍ വിറ്റത് കേസായപ്പോള്‍ ഒറിജിനലിനേക്കാള്‍ ഒട്ടും മോശമല്ലാത്ത മഷിയാണ് അയാളുടേതും എന്ന് കണ്ടെത്തിയ കോടതി എന്തിനാണ് പിന്നെ ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ചു. ഇല്ലെങ്കില്‍ ചെലവാകില്ല എന്നായിരുന്നു മറുപടി. 

എം. ഖാലിദ് നിലമ്പൂര്‍


ആഗോള കലണ്ടറും മഖാസ്വിദുശ്ശരീഅയും

'പ്രമാണവായനയിലെ മനുഷ്യന്‍' എന്ന ശീര്‍ഷകത്തില്‍ അമീന്‍ വി. ചൂനൂര്‍ (ലക്കം 2988) എഴുതിയ 'മഖാസ്വിദുശ്ശരീഅ'യുമായി ബന്ധപ്പെട്ട ലേഖനം ശ്രദ്ധേയമായി. പ്രബോധനത്തില്‍ പല ലക്കങ്ങളിലായി അശ്‌റഫ് കീഴുപറമ്പ് വളരെ വിശദമായിതന്നെ ഈ വിഷയം എഴുതിയിരുന്നു. മഖാസ്വിദുശ്ശരീഅയുമായി ബന്ധപ്പെട്ട് ഇന്ന് മുസ്‌ലിം സമുദായത്തിന് ഏറ്റവും അധികം ആവശ്യമുള്ളതും ചര്‍ച്ച ചെയ്യേണ്ടതും എന്നാല്‍ ആ അര്‍ഥത്തില്‍ സമീപിക്കാത്തതുമായ ഒരു ഹദീസാണ് മാസപ്പിറവി സംബന്ധിച്ചുള്ളത്. 

ഇബ്‌നു ഉമറില്‍നിന്ന് ഉദ്ധരിക്കുന്ന ആ ഹദീസ് ഇങ്ങനെ: നബി (സ) പറഞ്ഞു: 'അതിനെ (ഹിലാലിനെ) ദര്‍ശിച്ചാല്‍ നിങ്ങള്‍ നോമ്പനുഷ്ഠിക്കുവിന്‍. അതിനെ ദര്‍ശിച്ചാല്‍ നിങ്ങള്‍ നോമ്പ് മുറിക്കുവിന്‍' (ബുഖാരി, മുസ്‌ലിം). മഖാസ്വിദുശ്ശരീഅയുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലൊന്നും പക്ഷേ ഇത് വിശകലനം ചെയ്തുകണ്ടില്ല. റസൂലിന്റെ വചനങ്ങള്‍ ശരിയായ ഉദ്ദേശ്യത്തോടും ഉള്‍കാഴ്ചയോടുമാണ് സ്വഹാബികള്‍ സ്വീകരിച്ചിരുന്നത് എന്നതിന് സുപരിചിതമായ ഉദാഹരണമാണ് ബനൂ ഖുറൈദയിലെ അസ്വ്ര്‍ നമസ്‌കാരവുമായി ബന്ധപ്പെട്ട സംഭവം. 

ഖന്‍ദഖില്‍നിന്ന് മടങ്ങി മദീനയില്‍ എത്തിയ റസൂല്‍ ഇപ്രകാരം വിളിച്ചുപറയാന്‍ ഒരാളെ അയച്ചു: 'കേള്‍ക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവരെല്ലാം ബനൂ ഖുറൈദയില്‍ പോയി മാത്രം അസ്വ്ര്‍ നമസ്‌കരിക്കുക'(ഇബ്‌നു ഹിശാം 2/233). ഇബ്‌നു ഉമറില്‍നിന്ന് ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്ന മറ്റൊരു നിവേദനത്തില്‍ 'ബനൂഖുറൈദയില്‍ വെച്ചല്ലാതെ നിങ്ങളാരും അസ്വ്ര്‍ നമസ്‌കരിക്കരുത്' എന്നാണ്. യാത്രാവേളയില്‍ അസ്വറിന്റെ സമയം കഴിയാറായി. ചിലര്‍ പറഞ്ഞു: 'അവിടെ എത്തുവോളം ഞങ്ങള്‍ അസ്വര്‍ നിസ്‌കരിക്കില്ല.' ചിലര്‍ പറഞ്ഞു: 'അല്ല, നമ്മള്‍ ഇവിടെ വെച്ച് നമസ്‌കരിക്കും. നമ്മില്‍നിന്ന് പ്രവാചകന്‍ അതല്ല ഉദ്ദേശിച്ചിരിക്കുക.' പിന്നീട് അതിനെക്കുറിച്ച് നബിയോട് പറയുകയുണ്ടായി. എന്നാല്‍ ബനൂഖുറൈദയില്‍ എത്തിച്ചേരുന്നതിനു മുമ്പേ യാത്രക്കിടയില്‍ നമസ്‌കരിച്ചവരെ റസൂല്‍ കുറ്റപ്പെടുത്തിയില്ല. കാരണം എത്രയും പെട്ടെന്ന് അവിടെ എത്തിച്ചേരുകയെന്ന റസൂലിന്റെ ഉദ്ദേശ്യത്തിന് സ്വഹാബികള്‍ യാതൊരു ഭംഗവും വരുത്തിയില്ല എന്നതാണ്. 

 

ഇവിടെ 'ബനൂഖുറൈദയില്‍ വെച്ചല്ലാതെ നിങ്ങളാരും അസ്വ്ര്‍ നമസ്‌കരിക്കരുത' എന്ന പ്രവാചക നിര്‍ദേശം ഏത് നിലക്കാണോ സ്വഹാബികള്‍ സ്വീകരിച്ചത് അത്തരത്തിലുള്ള വിവേകപരമായ സമീപനം മാസപ്പിറവിയുമായി ബന്ധപ്പെട്ട നബിവചനത്തിന്റെ കാര്യത്തിലും സംഘടനാതാല്‍പര്യങ്ങള്‍ മാറ്റിവെച്ചുകൊണ്ട് സ്വീകരിച്ചാല്‍ മുസ്‌ലിം ഉമ്മത്തിന് ആഗോള തലത്തില്‍ തന്നെ ഒരു ഏകീകൃത ഹിജ്‌റ കലണ്ടര്‍ ഉണ്ടാക്കാനാകും എന്ന കാര്യം ഉറപ്പ്. ഈ വിഷയസംബന്ധമായി ഇസ്‌ലാമിക പണ്ഡിത സഭ കഴിഞ്ഞ വര്‍ഷം തുര്‍ക്കിയില്‍ നടത്തിയ ചര്‍ച്ച ആശാവഹമാണ്. ഏതായാലും പ്രബോധനത്തിന്റെ മഖാസ്വിദു ശരീഅയുമായി ബന്ധപ്പെട്ട തുടര്‍ചര്‍ച്ചകളില്‍ മേല്‍ ഹദീസും ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

സാബിര്‍ ബുഖാരി, സെന്‍ട്രല്‍ ജയില്‍, ബാംഗ്ലൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (41 - 45
എ.വൈ.ആര്‍

ഹദീസ്‌

ദിക്‌റും ശുക്‌റും
പി.എ സൈനുദ്ദിന്‍