Prabodhanm Weekly

Pages

Search

2017 ഏപ്രില്‍ 07

2996

1438 റജബ് 10

അബൂബക്കര്‍ മൗലവി

കെ.പി യൂസുഫ്

പാണ്ടിക്കാട് വള്ളുവങ്ങാട് സ്വദേശിയായ അബൂബക്കര്‍ മൗലവി (പള്ളിക്കര) അധ്യാപകനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്നു. 18-ആമത്തെ വയസ്സില്‍ ആലുവക്കടുത്ത് തോട്ടുമ്മുഖം പള്ളി ദര്‍സില്‍ ദീനീ പഠനത്തിന് വന്ന അബൂബക്കര്‍ മൗലവി ഒളിച്ചും പാത്തും ജമാഅത്ത് പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ ദര്‍സില്‍നിന്ന് ചാടിപ്പോകുമായിരുന്നു. അക്കൂട്ടത്തില്‍ പള്ളിക്കര സെയ്ദ് സാഹിബിന്റെ ഒരുജ്ജ്വല പ്രഭാഷണം പെരുമ്പാവൂരില്‍ വെച്ച് കേള്‍ക്കാനിടയാവുകയും ആ യാത്ര അദ്ദേഹത്തെ പള്ളിക്കരയില്‍ എത്തിക്കുകയുമായിരുന്നു. ജമാഅത്ത് അംഗമായ മൗലവി പെരിങ്ങാല അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാഹിയ സ്വദ്ര്‍ മുദര്‍രിസായും വാടാനപ്പള്ളിയില്‍ വാര്‍ഡനായും മജ്‌ലിസ് ദക്ഷിണമേഖലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദാരിദ്ര്യം, കുടുംബ പ്രാരാബ്ധങ്ങള്‍ തുടങ്ങിയ പ്രതിസന്ധികളോടുള്ള പോരാട്ടം ദീനീ മാര്‍ഗത്തിലുള്ള ജിഹാദായി കാണുകയും ആ മാര്‍ഗത്തില്‍ ഹിജ്‌റയെ ഓര്‍മിപ്പിക്കുന്ന പലായനങ്ങള്‍ നടത്തേണ്ടിവരികയും ചെയ്ത ത്യാഗനിര്‍ഭരമായ ജീവിതമായിരുന്നു മൗലവിയുടേത്. മറ്റുള്ളവരുടെ ലഘുവായ പ്രശ്‌നങ്ങള്‍  സൂക്ഷ്മതയോടെ ചോദിച്ചറിയുകയും എന്നാല്‍ സ്വജീവിതത്തിലെ ഉരുകുന്ന പ്രയാസങ്ങള്‍ മറച്ചുവെക്കുകയും ചെയ്തു അദ്ദേഹം. പാരമ്പര്യ സമുദായധാരയെ മുറുകെപ്പിടിച്ച കുടുംബത്തിന് മൗലവിയുടെ മാറ്റം ഉള്‍ക്കൊള്ളാന്‍ സാധിക്കാതിരുന്നതുമൂലം ജീവിതത്തിലുടനീളം അദ്ദേഹത്തിന് പ്രയാസങ്ങളുണ്ടായി. എന്നാല്‍ ഏകസഹോദരന്റെ വീടുനിര്‍മാണത്തിന് വെള്ളം ശേഖരിക്കാനായി പെരുമ്പാവൂര്‍ മക്കാ മസ്ജിദില്‍ നിന്ന് സ്വുബ്ഹ് നമസ്‌കാരശേഷം ബസ്റ്റോപ്പിലേക്ക് നടക്കവെയാണ് വാഹനം ഇടിച്ചുവീഴ്ത്തിയത്. ഇസ്‌ലാമിക പ്രസ്ഥാനത്തിന് ഇന്ന് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്ന ഒരു തലമുറക്ക് പ്രാഥമിക ദീനീ പാഠങ്ങളും തര്‍ബിയത്തും പകര്‍ന്നുനല്‍കിയവരില്‍ മൗലവി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. പരിമിതമായ വരുമാനത്തിനകത്തുനിന്ന് സംതൃപ്തമായി ജീവിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ദര്‍സ് പഠനത്തിനായി ആലുവയിലെത്തിയതിനു ശേഷമുള്ള അരനൂറ്റാണ്ടിന്റെ മുക്കാല്‍ പങ്കും പള്ളിക്കരയിലായിരുന്ന മൗലവി മാടവന, മാഞ്ഞാലി, വടക്കുംപുറം, കലൂര്‍ എന്നിവിടങ്ങളിലും ഒമാനിലും ചുരുങ്ങിയ കാലം കച്ചവടരംഗത്തും ഉണ്ടായിരുന്നു. പ്രസ്ഥാന വ്യാപനാര്‍ഥം ഏരിയ ശ്രദ്ധ പതിപ്പിച്ച ഒരു പുതിയ മേഖലയില്‍ ചുരുങ്ങിയ നാള്‍ കൊണ്ട് മൗലവി നിര്‍വഹിച്ച പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. പരേതയായ നഫീസ ടീച്ചറിലുള്ള രണ്ട് പെണ്‍മക്കളടക്കം നാലു മക്കളും നിലവിലെ ഭാര്യ സുഹ്‌റ ടീച്ചറും പ്രസ്ഥാനരംഗത്ത് സജീവമാണ്. ശാന്തപുരം അല്‍ ജാമിഅഃ വിദ്യാര്‍ഥിയായ മകന്‍ അന്‍ഫല്‍ ജാന്‍ തായിക്കാട്ടുകര ദാറുസ്സലാം ജുമുഅഃ മസ്ജിദ് ഖത്വീബാണ്. 

കെ.പി യൂസുഫ്

 

ഇ.കെ അബ്ദുര്‍റഹ്മാന്‍

ഇ.കെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന ഇ.കെ അബ്ദുര്‍റഹ്മാന്‍ സാഹിബ് അറബി ഭാഷാ പണ്ഡിതനും കവിയും വ്യവസായിയുമായിരുന്നു. അദ്ദേഹം വര്‍ഷങ്ങളായി ആലുവ എടത്തലയിലായിരുന്നു താമസം. ആലുവയിലെയും സമീപ പ്രദേശങ്ങളിലെയും ദീനീ സാംസ്‌കാരിക മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്ന ഇ.കെ ഏറെ നാളുകളായി രോഗം കാരണം വിശ്രമജീവിതം നയിക്കുകയായിരുന്നു. 

ചാലക്കല്‍ ഇസ്‌ലാമിക് സെന്റര്‍ കേന്ദ്രീകരിച്ച് കേരളത്തിലെ ആദ്യത്തെ അവധിക്കാല പഠനകോഴ്‌സ് ആരംഭിച്ചതു മുതല്‍ ഏറെക്കാലം ചാലക്കല്‍ അലി സാഹിബിനൊപ്പം കോഴ്‌സ് നടത്തിപ്പിലും സിലബസ് രൂപീകരണത്തിലും സജീവ പങ്കുവഹിച്ചു. 

ചാലക്കല്‍ ഇസ്‌ലാമിക് സെന്ററിലെ പുതിയ ജുമാ മസ്ജിദ് ഉദ്ഘാടന വേദിയില്‍ ഇ.കെ രചിച്ച് വിദ്യാര്‍ഥികള്‍ ആലപിച്ച സ്വാഗതഗാനം ഉദ്ഘാടകനായിരുന്ന മര്‍ഹൂം ഇബ്‌റാഹീം സുലൈമാന്‍ സേട്ടിന്റെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. 

നല്ലൊരു മനുഷ്യസ്‌നേഹിയായിരുന്ന ഇ.കെ രോഗശയ്യയില്‍ വിശ്രമിക്കുമ്പോഴും പ്രയാസപ്പെടുന്ന  നിര്‍ധനരായ പലരുടെയും പുനരധിവാസത്തിന് പരിഹാരം കണ്ടെത്തുമായിരുന്നു. വ്യവസായ രംഗത്ത് സജീവമായിരുന്നപ്പോള്‍ വിവിധ സംരംഭങ്ങള്‍ക്ക് അദ്ദേഹം അകമഴിഞ്ഞ് സഹായിക്കുകയും ചെയ്തു. 

ഭാര്യ റാബിയ റിട്ട. അധ്യാപികയാണ്. മക്കള്‍: അനീസ് അഹ്മദ് (അബൂദബി), ശബ്‌ന സുമയ്യ, ഷാനിബ് റയ്ഹാന്‍. മരുമക്കള്‍: ഉമര്‍ ഒ. തസ്‌നീം (കാലിക്കറ്റ് യൂനിവേഴ്‌സിറ്റി), ശാഹിദ് ജംഷിദ് (ബിസിനസ്), സബീന. സഹോദരങ്ങള്‍: കുഞ്ഞുമുഹമ്മദ്, അബ്ദുല്‍ അസീസ്, ഫാത്വിമ, ജലീല്‍, സലീം (ബഹ്‌റൈന്‍). 

ശംസുദ്ദീന്‍ ചാലക്കല്‍

 

 

ബി. സെയ്തുമുഹമ്മദ്

എറണാകുളം പെരുമ്പാവൂരിലെ ആദ്യകാല പ്രവര്‍ത്തകനായ ചെന്താര ബി. സെയ്തുമുഹമ്മദ് എന്ന സെയ്തുക്ക 1962 കാലത്താണ് ഇസ്‌ലാമിക പ്രസ്ഥാനവുമായി ബന്ധപ്പെടുന്നത്. കമ്യൂണിസ്റ്റ് ആശയക്കാരനായിരുന്ന അദ്ദേഹം മൗദൂദി സാഹിബിന്റെ  സത്യസാക്ഷ്യം, ഖുതുബാത്ത് തുടങ്ങിയ പുസ്തകങ്ങളിലൂടെ ഇസ്‌ലാമിനെ മനസ്സിലാക്കി പ്രസ്ഥാനത്തിലെത്തുകയായിരുന്നു. 1960-'80 കാലഘട്ടത്തില്‍ യുവത്വം പൂര്‍ണമായും പ്രസ്ഥാനത്തിന് സമര്‍പ്പിച്ചു. ഹൈദരാബാദില്‍ നടന്ന ജമാഅത്ത് അഖിലേന്ത്യാ സമ്മേളനത്തിലും 1983 ദഅ്‌വത്ത് നഗറില്‍ നടന്ന കേരള സമ്മേളനത്തിലും പെരുമ്പാവൂരില്‍നിന്ന് ധാരാളം ആളുകളെ പങ്കെടുപ്പിക്കാന്‍ സാധിച്ചത് അദ്ദേഹത്തിന്റെ പ്രവര്‍ത്തന ഫലമായിരുന്നു.

അടിയന്തരാവസ്ഥയില്‍ പ്രസ്ഥാനത്തിനുവേണ്ടി അറസ്റ്റ് വരിച്ചവരുടെ കൂട്ടത്തില്‍ സെയ്തു സാഹിബുമുണ്ടായിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ ഓഫീസ് റെയ്ഡ് ചെയ്യുന്നു എന്ന വിവരമറിഞ്ഞ് ഓടിയെത്തിയ സെയ്തുക്കാനെ അറസ്റ്റ് ചെയ്ത് ജീപ്പില്‍ കയറാന്‍ പറഞ്ഞപ്പോള്‍ 'എന്നെ നിങ്ങളുടെ ജീപ്പില്‍ കയറ്റണ്ട' എന്ന് പറഞ്ഞ് അദ്ദേഹം കാല്‍നടയായി നേരിട്ട് പോലീസ് സ്റ്റേഷനില്‍ ഹാജരാവുകയാണുണ്ടായത്. 

മക്ക സ്‌കൂള്‍, മക്ക മസ്ജിദ്, മദ്‌റസ, ഫ്രൈഡെ ക്ലബ് എന്നിവയുടെ സ്ഥാപനത്തിലും തുടര്‍പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. മെക്ക ട്രസ്റ്റ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ട്രാവന്‍കൂര്‍ റയോണ്‍സ് ജീവനക്കാരനായിരുന്ന അദ്ദേഹം ജനസേവന പ്രവര്‍ത്തനങ്ങളിലൂടെ ജന മനസ്സുകളില്‍ സ്ഥാനം നേടി. ഇസ്‌ലാമിക സ്ഥാപനങ്ങളില്‍ കുട്ടികളെ ചേര്‍ത്ത് പഠിപ്പിക്കുന്നതില്‍ അദ്ദേഹം പ്രത്യേകം താല്‍പര്യം കാണിച്ചു. പ്രസ്ഥാന പ്രവര്‍ത്തനങ്ങളിലെ പ്രതികൂല സാഹചര്യങ്ങളെ തന്റെ സ്വതഃസിദ്ധമായ ശൈലിയില്‍ നേരിടാനും അദ്ദേഹത്തിന് കഴിഞ്ഞു. രോഗങ്ങളാല്‍ ക്ഷീണിതനായിരുന്നപ്പോഴും മുടങ്ങാതെയുള്ള സാഹിത്യപാരായണവും പ്രസ്ഥാന പ്രവര്‍ത്തനങ്ങളെകുറിച്ചുള്ള അന്വേഷണവും നടത്തുമായിരുന്നു.

പ്രസ്ഥാന പാതയില്‍ മുമ്പേ നടന്ന സുബൈര്‍ സാഹിബ്, കൊച്ചുമുഹമ്മദ് മുന്‍ഷി, വല്ലം മുഹമ്മദ് സാര്‍, അര്‍മാനിക്ക, സി.സി പരീത് പിള്ള തുടങ്ങിയവരോടൊപ്പം പെരുമ്പാവൂരിലെ ആദ്യകാല കണ്ണിയിലെ സജീവ സാന്നിധ്യമായ സൈദുക്കയും ഇപ്പോള്‍ ഓര്‍മയായി.

ഇ. അലി മരക്കാര്‍, വട്ടയ്ക്കാട്ടുപടി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (41 - 45
എ.വൈ.ആര്‍

ഹദീസ്‌

ദിക്‌റും ശുക്‌റും
പി.എ സൈനുദ്ദിന്‍