ആത്മവിശ്വാസത്തോടെ
കുട്ടിക്കാലം അവഹേളനത്തിനും അവഗണനക്കും ഇരയായി മോഹഭംഗത്തിലും നിരാശയിലും വളര്‍ന്നുവന്ന കൗമാരപ്രായക്കാരന്‍. മെലിഞ്ഞ പ്രകൃതം. സ്‌കൂളിലെ അവന്റെ കൂട്ടുകാര്‍ എപ്പോഴും അവനെ കളിയാക്കും. അവന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടു... തന്റെ കൂട്ടുകാരികളുടെ പക്കലുള്ള വസ്തുക്കളാണ് ഏറ്റവും മികച്ചതെന്ന് ധരിച്ച യുവതി. അവളുടെ ആത്മവിശ്വാസവും തകര്‍ന്നു... കുഞ്ഞായിരുന്നപ്പോള്‍ ഏതുനേരവും ഉമ്മയുടെ അടിയും ശകാരവും സഹിച്ചുപോന്ന യുവാവ്. അയാളുടെ ആത്മവിശ്വാസവും എങ്ങോ പോയി... വിവാഹമോചിത. വിവാഹമോചനത്തോടെ തന്റെ മനക്കരുത്തെല്ലാം ചോര്‍ന്നുപോയെന്ന് അവള്‍... അഞ്ചോളം വിവാഹാലോചനകളും അലസിയതില്‍ മനംനൊന്ത യുവാവിന്റെ ആത്മവിശ്വാസം അയാളെ കൈവിട്ടു.
ഈ പ്രശ്‌നം അപഗ്രഥിക്കുന്നതിനു മുമ്പ് നാം പരിശോധിക്കേണ്ട കാര്യമിതാണ്. എന്താണ് ആത്മവിശ്വാസം നഷ്ടപ്പെടുകയെന്നാല്‍? ആത്മവിശ്വാസം നഷ്ടപ്പെടുന്നതിന്റെ ചില അടയാളങ്ങള്‍. ഒന്ന്: മറ്റുള്ളവര്‍ ആഗ്രഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന വിധത്തില്‍ തന്റെ സ്വഭാവം രൂപപ്പെടുത്തുക. യഥാര്‍ഥത്തില്‍ തന്റെ വിശ്വാസവും ബോധ്യവും അനുസരിച്ചാണ് ഒരാള്‍ തന്റെ പെരുമാറ്റങ്ങളും സമീപനങ്ങളും രൂപപ്പെടുത്തേണ്ടത്. വ്യക്തിത്വം നഷ്ടപ്പെട്ടവരാണ് ഇത്തരക്കാര്‍. രണ്ട്: പരാജയഭീതി മൂലം റിസ്‌ക് എടുക്കാന്‍ തയാറാവാതിരിക്കുക. ചെറിയ ശ്രമം കൊണ്ട് വിജയിക്കുമെന്ന് അറിയാമായിരുന്നിട്ടും ധീരമായ ചുവടുവെപ്പിന് മുതിരാതിരിക്കുക. മൂന്ന്: അബദ്ധം സംഭവിച്ചാല്‍ അതില്‍നിന്ന് രക്ഷപ്പെടാനുള്ള ഉപായം കണ്ടെത്തുകയോ മറ്റുള്ളവര്‍ അറിയുമെന്ന് ഭയന്ന് മറച്ചുവെക്കാന്‍ ശ്രമിക്കുകയോ ചെയ്യുക. തനിക്ക് പിണഞ്ഞ അബദ്ധവുമായി മറ്റുളളവരെ അഭിമുഖീകരിക്കാന്‍ അയാള്‍ ഇഷ്ടപ്പെടുന്നില്ല എന്നതാണ് കാരണം. അല്ലെങ്കില്‍ തന്റെ വീഴ്ച സമ്മതിക്കാന്‍ അയാള്‍ തയാറാവുകയില്ല. നാല്: തന്റെ പ്രവര്‍ത്തനം മറ്റുള്ളവര്‍ വാഴ്ത്തുന്നതും അയാള്‍ ഇഷ്ടപ്പെടുന്നില്ല. പ്രശംസയും അഭിനന്ദനവും അയാള്‍ക്ക് അരോചകമായി അനുഭവപ്പെടുന്നു. അഞ്ച്: തന്നിലുള്ള പോസിറ്റീവ് ഘടകങ്ങളേക്കാള്‍ നെഗറ്റീവ് വശത്തിന് അയാള്‍ ഊന്നല്‍ നല്‍കുന്നു. ആത്മഗതങ്ങളെല്ലാം നിഷേധാത്മകമായിരിക്കും. തനിക്കൊന്നും അറിയില്ല എന്ന വിധമായിരിക്കും പെരുമാറ്റം. ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തത്തിന്റെ നിര്‍വഹണത്തിന് താന്‍ അശക്തനോ അനര്‍ഹനോ ആണെന്നാവും എപ്പോഴും അയാള്‍ക്ക് തന്നെക്കുറിച്ചുള്ള വിചാരം. ആത്മനിന്ദയും സ്വയംശകാരവും ആയിരിക്കും നിത്യസ്വഭാവം. ആത്മനിന്ദ നബി(സ) താക്കീത് ചെയ്ത ദുര്‍ഗുണമാണ്. 'ഞാന്‍ മോശമായി, ഞാന്‍ കേടുവന്നു എന്ന് നിങ്ങള്‍ നിങ്ങളെക്കുറിച്ച് പറയരുത്.' ആറ്: എപ്പോഴും തന്നെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുകയും താന്‍ ഒന്നിനുംകൊള്ളില്ലെന്ന് വിലയിരുത്തുകയും ചെയ്യുക.
ആത്മവിശ്വാസം നഷ്ടപ്പെട്ടവരുടെ ലക്ഷണങ്ങളാണിവ. ആത്മവിശ്വാസമുള്ള വ്യക്തിയാണ് ജീവിതത്തില്‍ വിജയിക്കുക. അവന്‍ നിരന്തര കര്‍മങ്ങളില്‍ മുഴുകും. മത്സരബുദ്ധിയോടെയാവും ഓരോ നീക്കവും. ശരിയായ തീരുമാനമെടുക്കാന്‍ കഴിയുന്ന അയാള്‍ക്ക് പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനും അവ പരിഹരിക്കാനുമുള്ള പ്രാപ്തിയുണ്ടാവും. ആത്മവിശ്വാസം വളര്‍ത്താനും ശക്തിപ്പെടുത്താനും നിരവധി മാര്‍ഗങ്ങളുണ്ട്.
ഒന്ന്: ആത്മവിശ്വാസം നഷ്ടപ്പെട്ട വ്യക്തി തന്റെ ദൗര്‍ബല്യം എന്തെന്ന് തിരിച്ചറിഞ്ഞ് പരിഹരിക്കാന്‍ ശ്രമിക്കണം. മറ്റുള്ളവരുടെ മമ്പില്‍ സംസാരിക്കാന്‍ ഉള്‍ഭയമുള്ള വ്യക്തിയാണെന്ന് കരുതുക. ഈ ഭയം മറികടക്കാന്‍ അയാള്‍ നിരന്തര പരിശീലനത്തില്‍ ഏര്‍പ്പെടുകയാണാവശ്യം. രണ്ട്: ബാഹ്യസൗന്ദര്യത്തിലും വേണം ശ്രദ്ധ. ഒരാളുടെ വേഷവിധാനവും വസ്ത്രധാരണവുമെല്ലാം ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതില്‍ പങ്ക് വഹിക്കുന്നുണ്ട്. സൗന്ദര്യബോധം വ്യക്തിത്വവികാസത്തിലെ മുഖ്യഘടകമാണ്. ജനങ്ങള്‍ക്ക് മുമ്പില്‍ അന്തസ്സായും മാന്യമായും പ്രത്യക്ഷപ്പെടുകയെന്നത് നിസ്സാരമായി ഗണിക്കേണ്ടതല്ല. മൂന്ന്: ആത്മവിശ്വാസമുള്ള വ്യക്തികളുമായിട്ടാവണം ചങ്ങാത്തവും സഹവാസവും. ശുഭവിശ്വാസികളാവണം കൂട്ടുകാര്‍. വ്യക്തിയില്‍ സുഹൃത്തുക്കള്‍ക്കുള്ള സ്വാധീനം വലുതാണ്. നാല്: തന്നില്‍ നിലീനമായ കഴിവുകള്‍ കണ്ടെത്തി വളര്‍ത്തണം. മറ്റുള്ളവരേക്കാള്‍ മികച്ചുനില്‍ക്കാന്‍ അത് സഹായിക്കും. കരുത്തും ആത്മവിശ്വാസവും വര്‍ധിക്കും. തന്റെ മകന് ആത്മവിശ്വാസമില്ലെന്നും ദുര്‍ബല വ്യക്തിത്വമാണ് അവനുള്ളതെന്നും പരാതിപ്പെട്ട പിതാവിനോട് ഞാന്‍ പറഞ്ഞു: 'അവന് ഇഷ്ടമുള്ള ഹോബിയില്‍ അവനെ വളരാന്‍ വിടണം.' അയാള്‍ അവനെ കരാട്ടെ ക്ലബില്‍ ചേര്‍ത്തു. കുട്ടി ആയോധനകലയില്‍ സമര്‍ഥനായിത്തീര്‍ന്നു. കൂട്ടുകാരെ പിന്നിലാക്കി അവന്‍ കരാട്ടെയില്‍ മികവുകാട്ടി. കുട്ടിയുടെ വ്യക്തിത്വം അപ്പാടെ മാറിയതായി പിന്നീടൊരിക്കല്‍ കണ്ടപ്പോള്‍ പിതാവ് പറഞ്ഞു: 'സംസാരത്തിലും സമീപനത്തിലും ഇരിപ്പിലും നടപ്പിലുമെല്ലാം അവന്റെ മട്ടും മാതിരിയും മാറി. അവനുമായി കൂട്ടുകൂടാന്‍ അവന്റെ സമപ്രായക്കാര്‍ മത്സരമാണിപ്പോള്‍. ആയോധനമുറകളില്‍ പ്രാഗത്ഭ്യം തെളിയിച്ച അവനെക്കുറിച്ച് എനിക്കിപ്പോള്‍ അഭിമാനമാണ്.'
അഞ്ച്: വിജയങ്ങള്‍ ആവര്‍ത്തിക്കണം. നടക്കാന്‍ പഠിക്കുന്ന കുഞ്ഞ് വീഴും. പലതവണ വീണുകൊണ്ടേയിരിക്കും. അവന്‍ ശ്രമം തുടരും. ഒടുവില്‍ നടക്കാന്‍ പഠിക്കും. അത് കുഞ്ഞിന്റെ വിജയഗാഥ. ആദ്യത്തെ നടത്തവിജയത്തോടെ ആ വിജയം ആവര്‍ത്തിക്കാന്‍ കുഞ്ഞിന്റെ മനസ്സ് വെമ്പും. ആത്മവിശ്വാസം നേടിയെടുത്ത കുഞ്ഞ് പിന്നെ തുടരെത്തുടരെ നടക്കും. നടത്തം കുഞ്ഞിന് ഹരമാകും. മുതിര്‍ന്നവരുടെ കഥയും ഇതുതന്നെ. അവരുടെ യത്‌നങ്ങള്‍ പരാജയത്തില്‍ കലാശിച്ചു എന്ന് വിചാരിക്കുക. വിജയിക്കുന്നതുവരെ ശ്രമം തുടര്‍ന്നുകൊണ്ടേയിരിക്കും. വിജയം യാഥാര്‍ഥ്യമായാല്‍ ആ വിജയം വീണ്ടും വീണ്ടും ആവര്‍ത്തിക്കാനായി പിന്നെ ശ്രമം. ഒരു വിജയം മറ്റൊരു വിജയത്തെ ഉല്‍പാദിപ്പിക്കും. ഭീതിയെല്ലാം വിട്ടകലും. ആറ്: പ്രശംസയും അഭിനന്ദനവും വ്യക്തിത്വത്തെ വളര്‍ത്തും. അബൂമൂസല്‍ അശ്അരിയുടെ സ്വരം മധുരമനോഹരമാണെന്നും ദാവൂദ് പ്രവാചകന്റെ കുടുംബത്തിന്റെ സര്‍ഗസിദ്ധിയാല്‍ അനുഗൃഹീതനാണ് അദ്ദേഹമെന്നും വാഴ്ത്തിപ്പറഞ്ഞ നബി(സ)യുടെ മാതൃക ഓര്‍ക്കുക. അഭിനന്ദനം ആത്മവിശ്വാസം വര്‍ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏഴ്: തന്റെ ദുഃഖങ്ങളോടും മനോവ്യഥകളോടും എങ്ങനെ ഇടപെടണം എന്ന് പഠിക്കണം. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് ഉള്ളിലുള്ള ദുഃഖഭാവങ്ങള്‍ അകറ്റിയേ തീരൂ. ഓരോ ദുഃഖകാരണവും മനസ്സിലിട്ട് പോറ്റി വളര്‍ത്തി ജീവിതാന്ത്യംവരെ വേട്ടയാടുന്ന അനുഭവമാക്കി മാറ്റരുത്.
ആത്മവിശ്വാസവും ആത്മരതിയും തമ്മിലുള്ള വ്യത്യാസം അറിയണം. തന്റെ കഴിവുകളും സിദ്ധികളും തിരിച്ചറിയുന്നതില്‍നിന്ന് ഉത്ഭൂതമാവുന്നതാണ് ആത്മവിശ്വാസം. തന്റെ കഴിവുകളില്‍ കണക്കറ്റ വിശ്വാസം പുലര്‍ത്തി താന്‍ ഒരു സംഭവമാണെന്ന് തോന്നുകയാണ് ആത്മരതി. അത് ആത്മവഞ്ചനയുടെ വകഭേദമാണ്.
വിവ: പി.കെ ജമാല്‍
Comments