Prabodhanm Weekly

Pages

Search

2017 ഏപ്രില്‍ 07

2996

1438 റജബ് 10

സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണം

ഉത്തര്‍പ്രദേശില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വിശകലനങ്ങെളല്ലാം ഒരു കാര്യം അടിവരയിടുന്നു. ശുദ്ധ വംശീയതയും വര്‍ഗീയതയും ജാതീയതയും പുറത്തെടുത്തുകൊണ്ടാണ് ബി.ജെ.പി വന്‍ വിജയം സ്വന്തമാക്കിയത്. രണ്ട് വര്‍ഷം കഴിഞ്ഞ് നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇതേ തന്ത്രം തന്നെയാവും സംഘ് പരിവാര്‍ പുറത്തെടുക്കുകയെന്നതിന്റെ സൂചനകളും വന്നുകഴിഞ്ഞു. തീവ്രഹിന്ദുത്വത്തിന്റെ വക്താവ് ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയത് വര്‍ഗീയ ധ്രുവീകരണത്തിന്റെ ടെംപോ ഒട്ടും കുറയാതെ നിലനിര്‍ത്താന്‍ കൂടിയാണ്. നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ മാത്രമല്ല, മത്സ്യ വില്‍പനശാലകള്‍ വരെ അടപ്പിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ ഇതിന്റെ ഭാഗമായി കാണണം. സംഘര്‍ഷങ്ങളെ പല രീതിയില്‍ സൃഷ്ടിക്കുകയും നിലനിര്‍ത്തുകയും ചെയ്യുകയെന്ന തന്ത്രമായിരിക്കും സംഘ് പരിവാര്‍ സ്വീകരിക്കുക.

ആവശ്യം വരുമ്പോഴൊക്കെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ കുത്തിയിളക്കാന്‍ പറ്റുന്ന യു.പി പോലുള്ള സംസ്ഥാനങ്ങളില്‍ കാര്യങ്ങള്‍ പൊതുവെ എളുപ്പമാണ്. മത സൗഹാര്‍ദത്തിനും മൈത്രിക്കും ആഴത്തില്‍ വേരുകളുള്ള കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ അതല്ല സ്ഥിതി. അവരുടെ കള്ളപ്രചാരണങ്ങള്‍ ഇത്തരം സംസ്ഥാനങ്ങളില്‍ വേണ്ടപോലെ ഏശുന്നില്ല. ഈ പ്രതിസന്ധി മറികടക്കാന്‍ 2019 ആവുമ്പോഴേക്കും അവര്‍ പല അടവുകളും പയറ്റുമെന്ന് ഉറപ്പ്. കേരളത്തെ സംഘ് പരിവാര്‍ പ്രത്യേകം ടാര്‍ഗറ്റ് ചെയ്യുന്നുണ്ടെന്ന വാര്‍ത്തകള്‍ ഈയടുത്ത കാലത്ത് ധാരാളമായി വരാനും തുടങ്ങിയിരുന്നു. ഇക്കാര്യത്തെക്കുറിച്ച് മറ്റാരേക്കാളും അറിവുള്ളവരും ബോധവാന്മാരുമാണ് സി.പി.എം പ്രവര്‍ത്തകരും അവര്‍ നേതൃത്വം നല്‍കുന്ന കേരളത്തിലെ ഇടതുപക്ഷ ഗവണ്‍മെന്റും. ഈ സന്ദിഗ്ധ ഘട്ടത്തില്‍ ഇടതുപക്ഷ ഗവണ്‍മെന്റ് വളരെ ജാഗ്രതയോടും ഉത്തരവാദിത്തബോധത്തോടും കൂടി സംഘ്പരിവാര്‍ നീക്കങ്ങളെ തടയുകയും കര്‍ശനമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നാണ് ജനം പ്രതീക്ഷിക്കുന്നത്.

പക്ഷേ, നിര്‍ഭാഗ്യവശാല്‍ ആ പ്രതീക്ഷകളെ തകിടം മറിക്കുന്ന നടപടികളാണ് പലപ്പോഴും ഈ ഗവണ്‍മെന്റില്‍നിന്ന് ഉണ്ടാവുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കാസര്‍കോട്ടെ പഴയ ചൂരിയിലെ ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസാ അധ്യാപകന്‍ കുടക് എരുമാട് സ്വദേശി റിയാസ് മൗലവിയെ നിഷ്ഠുരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലീസ് സ്വീകരിക്കുന്ന നിലപാട്. യാതൊരു പ്രകോപനവുമില്ലാതെയാണ് കൊല നടന്നത്. കാസര്‍കോട്ട് സംഘര്‍ഷങ്ങള്‍ ഉണ്ടാവാറുണ്ടെങ്കിലും ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമാണ്. കൊല ചെയ്യപ്പെട്ട റിയാസ് മൗലവിയാകട്ടെ ഒരു രാഷ്ട്രീയ/മത സംഘടനയുടെയും സജീവ പ്രവര്‍ത്തകനല്ല. ആരോടും സൗമ്യമായി പെരുമാറുന്ന അദ്ദേഹത്തിന് ശത്രുക്കളുള്ളതായും അറിയില്ല. അങ്ങനെയുള്ള ഒരു മനുഷ്യനെ കൊലപ്പെടുത്തിയ കേസിലാണ് മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ പിടിയിലായിരിക്കുന്നത്. ഇവരില്‍ രണ്ടു പേര്‍ ആര്‍.എസ്.എസ് മുഖ്യശിക്ഷകുമാര്‍ കൂടിയാണ്. കേരളത്തില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ കരുതിക്കൂട്ടിയുള്ള ശ്രമമാണിതെന്ന് ആര്‍ക്കും ബോധ്യമാവും. ഇടക്കിടെ സംഘര്‍ഷമുണ്ടാകുന്ന കാസര്‍കോട് തെരഞ്ഞെടുത്തതും അതുകൊണ്ടുതന്നെയാവണം. സി.പി.എം സംസ്ഥാന സെക്രട്ടറി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സി.പി.എം മുഖപത്രമായ ദേശാഭിമാനി എഴുതിയ എഡിറ്റോറിയലിന്റെ തലക്കെട്ട് തന്നെ 'കലാപത്തിന്റെ തീക്കൊള്ളി ചൊറിയുന്ന ആര്‍.എസ്.എസ്' എന്നായിരുന്നു. മത സ്പര്‍ധയാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അന്വേഷിച്ച് കണ്ടെത്തിയിട്ടുണ്ടെന്നും മതസൗഹാര്‍ദം തകര്‍ത്ത് കലാപമുണ്ടാക്കലായിരുന്നു ലക്ഷ്യമെന്ന് തെളിഞ്ഞിട്ടുണ്ടെന്നും എഡിറ്റോറിയലില്‍ പറയുന്നു.

പക്ഷേ, സി.പി.എം തന്നെ കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പ്, ഈ കൊലപാതകത്തില്‍ ഗൂഢാലോചനയൊന്നും കാണുന്നില്ലെന്നതാണ് വിചിത്രം. മദ്യലഹരി മൂത്ത് സ്വബോധം നഷ്ടപ്പെട്ട് ചെയ്ത പ്രവൃത്തിയായേ പോലീസ് ഇതിനെ കാണുന്നുള്ളൂ. കളിക്കളത്തില്‍ ഉണ്ടായ ഏതോ കശപിശയെയും ഇതിലേക്ക് പോലീസ് വലിച്ചിഴക്കുന്നുണ്ട്. ഇത്തരമൊരു കശപിശ അറിയുക പോലും ചെയ്യാത്ത റിയാസ് മൗലവി അതിന്റെ പേരില്‍ എന്തിന് വധിക്കപ്പെടണം എന്ന ചോദ്യത്തിന് പോലീസിന് ഉത്തരവുമില്ല. ജാമ്യം കിട്ടാന്‍ എളുപ്പമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഗൂഢാലോചനാ കുറ്റം ചുമത്തിയിട്ടില്ലാത്തതിനാല്‍ ആസൂത്രകരെ തെരഞ്ഞു പോകേണ്ട കാര്യവുമില്ലല്ലോ. പിടിയിലായവര്‍ പോലും ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടുകയാവും ഇതിന്റെ സ്വാഭാവിക ഫലം. തിരൂരിലെ യാസര്‍ വധക്കേസില്‍ നാമിത് കണ്ടതാണ്. കേരള ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച മുഴുവന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരെയും ഒടുവില്‍ പരമോന്നത കോടതി വെറുതെ വിടുകയായിരുന്നു. കൊടിഞ്ഞിയിലെ ഫൈസല്‍ വധക്കേസും നീങ്ങുന്നത് ഏതാണ്ട് ഇതേ പരിണതിയിലേക്കു തന്നെ. പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നുണ്ടാവുന്ന അലംഭാവമാണ് ഇതിന് കാരണമെന്ന് കണ്ടെത്താനും പ്രയാസമില്ല. അക്രമികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നത് അത്തരം അതിക്രമങ്ങള്‍ ആവര്‍ത്തിക്കാന്‍ വീണ്ടും അവര്‍ക്ക് പ്രേരണയാകും. വര്‍ഗീയത പോലുള്ള സാമൂഹിക പ്രശ്‌നമാകുമ്പോള്‍ അതിന്റെ ഭവിഷ്യത്ത് വളരെ ഗുരുതരവുമായിരിക്കും. ഗവണ്‍മെന്റും പൊതുസമൂഹവും വളരെ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (41 - 45
എ.വൈ.ആര്‍

ഹദീസ്‌

ദിക്‌റും ശുക്‌റും
പി.എ സൈനുദ്ദിന്‍