പ്രവാചകന്റെ പൂര്‍വികര്‍
മുഹമ്മദുന്‍ റസൂലുല്ലാഹ് -6
ഇസ്‌ലാമിക ചരിത്ര വിവരണപ്രകാരം, ഇസ്മാഈലും അദ്ദേഹത്തിന്റെ മാതാവും പിന്നീട് മക്കാനഗരമായി വികസിച്ച സ്ഥലത്ത് സ്ഥിരതാമസമാക്കുകയാണുണ്ടായത്. ഇവിടെയായിരുന്നു അമാലിഖ് ഗോത്രത്തി ന്റെ ശാഖയായ ജുര്‍ഹുമികള്‍ പാര്‍ത്തിരു ന്നത്. ഒരു ജുര്‍ഹുമിക്കാരിയെ ഇസ്മാ ഈല്‍ വിവാഹം കഴിക്കുകയും ചെയ്തു. ഈ കുടുംബത്തെക്കുറിച്ച് പിന്നെ നൂറ്റാണ്ടുകളോളം നാമൊന്നും കേള്‍ക്കുകയോ അറിയുകയോ ചെയ്യുന്നില്ല. പ്രവാചകന്റെ കുടുംബവൃക്ഷത്തിലെ ഇരുപത്തിയൊന്നാമത്തെ പൂര്‍വികനായ അദ്‌നാന്റെ കാലം മുതല്‍ക്കിങ്ങോട്ടുള്ള ചരിത്രം വളരെ സ്പഷ്ടമാണുതാനും. എല്ലാ അറബികളെയും നമുക്ക് അദ്‌നാനികള്‍ (വടക്കുള്ളവര്‍) എന്നും, ഖഹ്ത്വാനികള്‍ (തെക്കുള്ളവര്‍) എന്നും രണ്ടായി വേര്‍തിരിക്കാം. വടക്കുള്ള അദ്‌നാനികളുടെ പതിനെട്ടാം പൂര്‍വികന്‍ മുളര്‍, പതിനാലാം പൂര്‍വികന്‍ കിനാന, പതിനൊന്നാം പൂര്‍വികന്‍ ഖുറൈശ് എന്നിവരുടെ പേരുകളാണ് ഈ താവഴിയിലെ പ്രധാന ഗോത്രങ്ങള്‍ക്ക് നല്‍കപ്പെട്ടിരിക്കുന്നത്. ശ്രേണിയിലെ ഒമ്പതാം പൂര്‍വികനായ കഅ്ബു ബ്‌നു ലുഅയ്യ് വെള്ളിയാഴ്ച തോറും ഒരു പ്രാര്‍ഥനോത്സവവും പിന്നെയൊരു പ്രഭാഷണവും നടത്തുന്നത് നാം കാണുന്നു (യൗമുല്‍ അറൂബഃ എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്; വെളിപ്പെടുത്തുന്ന ദിവസം എന്നോ അറബിസത്തിന്റെ ദിവസം എന്നോ ഇതിനെ പരിഭാഷപ്പെടുത്താവുന്നതാണ്).1
ഖുസയ്യിന്റെ വരവോടെ ഈ കുടുംബത്തിന്റെ ചിത്രം കുറേക്കൂടി തെളിഞ്ഞുകിട്ടുന്നു. ഖുസ്വയ്യിന്റെ പിതാവാണ് കിലാബ്. അദ്ദേഹമൊരിക്കല്‍ നാടുവിട്ടു. കച്ചവടാവശ്യത്തിന് ഫലസ്ത്വീനില്‍ പോയതാകണം. യാത്രക്കിടയില്‍ അദ്ദേഹം ഖുസാഅ ഗോത്രത്തിലെ ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്തിരുന്നു. അതില്‍ പിറന്ന മകനാണ് ഖുസ്വയ്യ്. ഏറെ വൈകാതെ കിലാബ് മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരന്‍ ബാലനായ ഖുസ്വയ്യിനെ മക്കയിലേക്ക് കൊണ്ടുവന്നു. ആ വേര്‍പാടില്‍ മനമുരുകി ഖുസ്വയ്യിന്റെ മാതാവ് തന്റെ ഖുസാഅക്കാരായ മാതാപിതാക്കള്‍ക്കൊപ്പം തന്നെ കഴിഞ്ഞുകൂടി.2
അക്കാലത്ത് ഖുസാഅക്കാരുടെ കൈയിലായിരുന്നു മക്കാനഗരത്തിന്റെ കടിഞ്ഞാണ്‍. ഖുസ്വയ്യ് കല്യാണം കഴിച്ചതാകട്ടെ കഅ്ബയുടെ സംരക്ഷണമേറ്റെടുത്ത ഖുസാഅ ഗോത്രത്തലവന്റെ മകളെയും. ഈ ഗോത്രത്തലവന്റെ മരണശേഷം അദ്ദേഹത്തിന്റെ പുത്രന്‍ ചില സാമ്പത്തിക ലാഭങ്ങള്‍ക്കുവേണ്ടി കഅ്ബാ പരിസരത്ത് നടന്നുവന്നിരുന്ന മതാനുഷ്ഠാന ചടങ്ങുകളുടെ ചുമതല ഖുസ്വയ്യിന് കൈമാറി. മറ്റു ഖുസാഅക്കാരെ ബലം പ്രയോഗിച്ച് ഒതുക്കേണ്ടതായും വന്നു. ഖുസ്വയ്യിനെ തന്റെ മാതാവിന്റെ ഗോത്രവും പിന്തുണച്ചിരുന്നു.3 ബൈസാന്റിയന്‍ ചക്രവര്‍ത്തി വരെ ഖുസ്വയ്യിനു വേണ്ടി ഇടപെട്ടതായി പറയപ്പെടുന്നു.4 തുടര്‍ന്ന് ഖുസാഅക്കാര്‍ മക്കാനഗരത്തില്‍നിന്ന് ഒഴിഞ്ഞുപോവുകയും അതിന്റെ പ്രാന്തങ്ങളില്‍ പാര്‍പ്പുറപ്പിക്കുകയും ചെയ്തു.
ഖുസ്വയ്യിന്റെ ഭരണത്തില്‍ മക്കക്ക് വലിയ പുരോഗതിയാണുണ്ടായത്. ഭരണസമ്പ്രദായം പൊളിച്ചെഴുതുക മാത്രമല്ല, 'ജനാധിപത്യവല്‍ക്കരിക്കപ്പെടുക' കൂടി ചെയ്തു. ഖുസയ്യ് ആണ് 'ദാറുന്നദ്‌വ' (പൊതുകൂടിയാലോചനാ മന്ദിരം) പണിതത്. നാല്‍പതോ അതില്‍ കൂടുതലോ വയസ്സുള്ള ഏതൊരു പൗരന്നും നഗരഭരണത്തെക്കുറിച്ച് നടക്കുന്ന ഈ ചര്‍ച്ചകളില്‍ പങ്കെടുക്കാമായിരുന്നു. നഗരനിവാസികള്‍ക്ക് റഫാദഃ എന്ന നികുതി ഏര്‍പ്പെടുത്തിയതും ഖുസ്വയ്യ് ആണ്. മക്കയില്‍ തീര്‍ഥാടനത്തിനും ചന്തകളില്‍ പങ്കെടുക്കാനും എത്തുന്നവരെ സഹായിക്കാനായിരുന്നു ഇത്. ടെന്റുകള്‍ നീക്കം ചെയ്ത് കല്ലുകൊണ്ട് പടുത്ത വീടുകള്‍ പകരം നിര്‍മിച്ച് മക്കക്ക് നഗരപരിവേഷം നല്‍കിയതും അദ്ദേഹം തന്നെ.5 പൗരാണിക ചരിത്രകാരന്മാര്‍ പറയുന്നത്, മക്കാ താഴ്‌വരയിലുണ്ടായിരുന്ന ഏതാനും വൃക്ഷങ്ങള്‍ മുറിക്കാന്‍ ഒരാളും ധൈര്യപ്പെട്ടിരുന്നില്ല എന്നാണ്. ഈ അന്ധവിശ്വാസത്തിന് അറുതിവരുത്തിയതും ഖുസ്വയ്യ് ആയിരുന്നു. പക്ഷേ ബലാദുരി6 മറ്റൊരു നിലക്കാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വീടുകള്‍ നിര്‍മിച്ച് വന്നപ്പോള്‍ മരങ്ങള്‍ മുറിച്ചുമാറ്റേണ്ടതുണ്ടെന്ന് മക്കാനിവാസികള്‍ക്ക് തോന്നി. പക്ഷേ ഖുസ്വയ്യിന്റെ വിലക്കുള്ളതുകൊണ്ട് വീടിനോട് തൊട്ടുരുമ്മി നില്‍ക്കുന്ന മരങ്ങള്‍ പോലും മുറിച്ചുമാറ്റിയില്ല. പക്ഷേ പിന്നീട് വന്ന തലമുറകള്‍ ഈ വിലക്കിന്റെ ആഴത്തിലുള്ള അര്‍ഥതലങ്ങള്‍ മനസ്സിലാക്കാതെ, വളരെയേറെ പ്രയോജനം ചെയ്യുന്നതും എന്നാല്‍ പ്രത്യേക കാലാവസ്ഥ കാരണം വീണ്ടും നട്ടുവളര്‍ത്താന്‍ പ്രയാസകരവുമായ അത്തരം മരങ്ങള്‍ മുറിച്ചുമാറ്റുകയാണുണ്ടായത്.
ഖുസ്വയ്യിന്റെ മകന്‍ അബ്ദുമനാഫ് വിദേശനാടുകളുമായി സാമ്പത്തിക-നയതന്ത്രബന്ധങ്ങള്‍ സ്ഥാപിച്ചുകൊണ്ട് മക്കയുടെ ഖ്യാതി വീണ്ടും ഉയര്‍ത്തുകയുണ്ടായി. ബൈസാന്റിയക്കാരും പേര്‍ഷ്യന്‍ ചക്രവര്‍ത്തിമാരും മറ്റുള്ളവരുമൊക്കെ തങ്ങളുടെ ഭരണപ്രദേശങ്ങളിലൂടെ കച്ചവടസംഘങ്ങള്‍ കടന്നുപോകാനുള്ള അനുവാദം അബ്ദുമനാഫിന് നല്‍കിയിരുന്നു.
അബ്ദുമനാഫിന്റെ മകന്‍ ഹാശിം തന്റെ അത്യുദാരത കൊണ്ട് പ്രശസ്തനായിരുന്നു. വലിയൊരു കച്ചവടക്കാരനുമായിരുന്നു. ഇടക്കിടെ ഫലസ്ത്വീനില്‍ പോകും. ഫലസ്ത്വീനിലെ ഗസ്സയിലാണ് അദ്ദേഹം മരിച്ചതും മറമാടപ്പെട്ടതും. മക്കന്‍ കച്ചവടസംഘങ്ങള്‍ കടന്നുപോവുക മദീനയിലൂടെയായിരുന്നു. അതിനാല്‍ മദീനയിലെ ഒരു സുന്ദരിയായ സ്ത്രീയെ-ഉഹൈഹബ്‌നു ജുലാഹ് എന്ന ഗോത്രമുഖ്യന്റെ വിധവയായിരുന്നു അവര്‍-ഹിശാം വിവാഹം ചെയ്തതില്‍ അത്ഭുതമില്ല. ഉഹൈഹയുടെ കൊട്ടാരാവശിഷ്ടങ്ങള്‍ ഇന്നും മദീനാ യാത്രികരെ ആകര്‍ഷിക്കുന്നുണ്ട്. ഈ സ്ത്രീയില്‍ ഹാശിമിന് പിറന്ന മകനാണ് അബ്ദുല്‍മുത്ത്വലിബ്. കുറച്ചുകാലം മാതാവിനൊപ്പം മദീനയില്‍ കഴിഞ്ഞ അബ്
ദുല്‍ മുത്ത്വലിബിനെ അദ്ദേഹത്തിന്റെ പിതൃസഹോദരന്‍ പിന്നീട് മക്കയിലേക്ക് കൊണ്ടുവരികയായിരുന്നു.8
പ്രവാചകന്റെ പിതാമഹനായ അബ്ദുല്‍മുത്ത്വലിബ് വിശിഷ്ട ഗുണങ്ങളുടെ ഉടമയായിരുന്നു. ആ ഗുണങ്ങളാണ് അദ്ദേഹത്തെ ഗോത്രമുഖ്യനാക്കിയതും. എല്ലാവരാലും അദ്ദേഹം സ്‌നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്തു. നല്ല ഉയരമുള്ള, വെളുത്ത നിറമുള്ള, മനോഹരമായി താടി വളര്‍ത്തിയ ഒരാളായിരുന്നു അദ്ദേഹമെന്നാണ് മനസ്സിലാവുന്നത്. ജുര്‍ഹും ഗോത്രക്കാര്‍ കുടിയൊഴിഞ്ഞുപോയതോടെ സംസം ഉറവയുടെ സ്ഥാനമേതെന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം മണ്ണുമൂടി നഷ്ടപ്പെട്ടപ്പോള്‍, അബ്ദുല്‍ മുത്ത്വലിബ് കണ്ട ഒരു സ്വപ്നത്തിലൂടെയാണത്രെ അതിന്റെ സ്ഥാനം വീണ്ടും കണ്ടെത്താന്‍ കഴിഞ്ഞത്9. കഅ്ബയില്‍നിന്ന് ഏതാനും വാര മാത്രം അകലമുള്ള ഈ നീരുറവ വീണ്ടും കണ്ടെടുക്കപ്പെട്ടപ്പോള്‍ അതിന്റെ ഉടമസ്ഥതക്കു വേണ്ടി അബ്
ദുല്‍ മുത്ത്വലിബ് അവകാശവാദം ഉന്നയിച്ചുവെന്നും അത് തര്‍ക്കത്തിന് കാരണമായെന്നും പറയപ്പെടുന്നുണ്ട്. അദ്ദേഹം മദീനയിലുള്ള തന്റെ മാതാവിന്റെ കുടുംബക്കാരുമായി നിരന്തരം ബന്ധം സ്ഥാപിക്കുകയും അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കാറുമുണ്ടായിരുന്നു.10 അതിനാല്‍ തന്നെ, സംസം തര്‍ക്കമുണ്ടായപ്പോള്‍ അബ്
ദുല്‍മുത്തലിബിനെ സഹായിക്കാന്‍ ഒരു പൂര്‍ണ കാലാള്‍പ്പട തന്നെ മദീനയില്‍നിന്ന് മക്കയിലെത്തി എന്ന ചരിത്രകാരന്മാരുടെ വിവരണത്തെ നാം അവിശ്വസിക്കേണ്ടതില്ല.11
ഈ സമയത്താണ് പ്രവാചകന്റെ കുടംബവും ഖുസാഅ ഗോത്രവും തമ്മില്‍ ഒരു സഖ്യം നിലവില്‍വരുന്നത്. ഇസ്‌ലാമിന്റെ ആഗമനശേഷവും ആ സഖ്യം നിലനിന്നിരുന്നു. അതേസമയത്തുതന്നെയാണ്, അബ്ദുല്‍മുത്ത്വലിബ് ഒരു ശപഥം ചെയ്യുന്നതും; തനിക്ക് പത്ത് ആണ്‍മക്കളുണ്ടായാല്‍ അവരില്‍ ഒരാളെ ദൈവത്തിന് ബലികൊടുക്കുമെന്ന്12. അബ്രഹാമിന്റെ ബലിയെ ഓര്‍മിപ്പിക്കുന്ന ഒരു പൗരാണിക ആചാരമായിരുന്നു ഇത്. പത്ത് ആണ്‍മക്കള്‍ ഉണ്ടായപ്പോള്‍ തന്റെ ശപഥം പാലിക്കാന്‍ തന്നെയായിരുന്നു അബ്ദുല്‍മുത്ത്വലിബിന്റെ തീരുമാനം. ബലികൊടുക്കേണ്ടത് ആരെ എന്ന് തീരുമാനിക്കാന്‍ നറുക്കെടുത്തപ്പോള്‍ നറുക്ക് വീണത് പ്രവാചകന്റെ പിതാവാകാനിരിക്കുന്ന അബ്ദുല്ലക്ക്. അപ്പോഴാണ് കൈനോട്ടക്കാരി(അര്‍റാഫഃ)യായ ഒരു സ്ത്രീ വന്നുപറഞ്ഞത്, ബലിയുടെ കാര്യത്തില്‍ മറ്റൊരു ചോയ്‌സ് കൂടി ഉണ്ടെന്ന്. അതായത് നിശ്ചിത എണ്ണം ഒട്ടകങ്ങള്‍ പകരമായി വെച്ച് ഒന്നുകൂടി നറുക്കെടുക്കുക. ഒട്ടകങ്ങള്‍ക്കാണ് നറുക്ക് വീണതെങ്കില്‍ അവയെ അറുത്താല്‍ മതി. പക്ഷേ, പല തവണ എടുത്തിട്ടും നറുക്ക് അബ്ദുല്ലക്ക് തന്നെ വീണുകൊണ്ടിരുന്നു. അതിനനുസരിച്ച് ഒട്ടകങ്ങളുടെ എണ്ണം കൂട്ടേണ്ടിയും വന്നു. പത്തില്‍നിന്ന് തുടങ്ങി അവസാനം നൂറ് വരെ ഒട്ടകങ്ങള്‍ ആയപ്പോഴാണ് അവക്ക് നറുക്ക് വീണതും അബ്ദുല്ല രക്ഷപ്പെടുന്നതും.
ഒരിക്കല്‍ യമനില്‍നിന്ന് മടങ്ങിയെത്തിയ ശേഷം അബ്ദുല്‍മുത്ത്വലിബായിരുന്നുവത്രെ വെളുത്ത മുടി കറുപ്പിക്കുന്ന വിദ്യ മക്കക്കാരെ പഠിപ്പിച്ചത്.13 വടക്ക് പടിഞ്ഞാറന്‍ അറേബ്യയിലെ ഒരു ജുദാമി ഗോത്രക്കാരന്‍ മക്കയില്‍ കൊലചെയ്യപ്പെട്ട സംഭവവും ഉദ്ധരിക്കപ്പെടുന്നുണ്ട്. പ്രതികാരമായി ജുദാമി ഗോത്രക്കാര്‍ അവരുടെ മേഖലയിലൂടെ യാത്ര ചെയ്യുകയായിരുന്ന ഒരു മക്കക്കാരനെ തടവിലാക്കി. ഈ സമയം ത്വാഇഫിലേക്ക് പോവുകയായിരുന്ന അബ്ദുല്‍മുത്ത്വലിബ് ജുദാമികളോട് തടവുകാരനെ വിട്ടയക്കാന്‍ അപേക്ഷിക്കുകയും തന്റെ നാട്ടുകാരന്റെ മോചനത്തിനായി വലിയൊരു തുക നഷ്ടപരിഹാരമായി നല്‍കുകയും ചെയ്തു.14 മറ്റൊരു സംഭവം. അബ്ദുല്‍മുത്ത്വലിബിന്റെ അയല്‍വാസിയും സ്വന്തക്കാരനുമായ ഒരു ജൂതന്‍ അജ്ഞാതരാല്‍ വധിക്കപ്പെട്ടു. അന്വേഷണം നടത്തിയപ്പോള്‍ ഹര്‍ബുബ്‌നു ഉമയ്യ എന്ന ഒരു ഗോത്രനേതാവാണ് വധത്തിനു പിന്നിലെന്ന് വ്യക്തമായി. ഹര്‍ബ് കുറ്റം സമ്മതിച്ചില്ല, ഒരു നിഷ്പക്ഷനായ മധ്യസ്ഥന്‍ പറയുന്നത് താന്‍ അനുസരിക്കാമെന്നും വാക്ക് കൊടുത്തു. അബ്
സീനിയയിലെ നേഗസ് രാജാവിനെ മധ്യസ്ഥനാക്കുമെന്ന് ഇരുകൂട്ടരും സമ്മതിച്ചെങ്കിലും നേഗസ് അത് ഏറ്റെടുക്കാന്‍ കൂട്ടാക്കിയില്ല. അങ്ങനെ മറ്റൊരു മധ്യസ്ഥനെ നിശ്ചയിച്ചു. ഹര്‍ബ് തന്നെയാണ് കുറ്റവാളി എന്നാണ് ആ മധ്യസ്ഥന്‍ വിധിച്ചത്. നഷ്ടപരിഹാരം കൊടുക്കണമെന്നു മാത്രമല്ല, ജൂതനില്‍നിന്ന് തട്ടിയെടുത്ത പണം തിരികെ കൊടുക്കാനും ഉത്തരവിട്ടു. ജൂതന്റെ ഒരു ബന്ധുവിന് നല്‍കാന്‍ അബ്ദുല്‍മുത്ത്വലിബ് തന്നെ ജൂതനെ ഏല്‍പ്പിച്ചതായിരുന്നു ഈ പണം.15 മക്ക കീഴടക്കാനും കഅ്ബ പൊളിക്കാനും ക്രിസ്തുമതം പ്രചരിപ്പിക്കാനുമായി സൈന്യവുമായെത്തിയ യമനിലെ അബ്‌സീനിയന്‍ ഗവര്‍ണര്‍ അബ്‌റഹയുമായി സന്ധിസംഭാഷണം നടത്തിയിരുന്നതും അബ്ദുല്‍മുത്ത്വലിബായിരുന്നു.16 ഖുര്‍ആന്‍ പരാമര്‍ശിച്ച17 ഈ ‘ആനക്കാരുടെ സംഭവം’ നാം വിശദമായി പിന്നീട് പരാമര്‍ശിക്കുന്നുണ്ട്. ഈ ആനക്കലഹ വര്‍ഷത്തിലാണ് പ്രവാചകന്‍ ഭൂജാതനാവുന്നത്. പിന്നെ എട്ടു വര്‍ഷം കഴിഞ്ഞ് വളരെ വാര്‍ധക്യത്തിലെത്തിയ അബ്ദുല്‍മുത്ത്വലിബ് മരണപ്പെട്ടപ്പോള്‍ ദുഃഖസൂചകമായി മക്കയിലെ കമ്പോളങ്ങള്‍ ദിവസങ്ങളോളം അടഞ്ഞുകിടന്നു.18 അബ്ദുല്‍മുത്ത്വലിബിന്റെ പെണ്‍മക്കളും മറ്റു പെണ്‍ബന്ധുക്കളും വിലാപകാവ്യങ്ങള്‍ ആലപിച്ചുവെന്നു മാത്രമല്ല, ദുഃഖപ്രകടനത്തിന്റെ ഭാഗമായി മുടി മുറിക്കുകയും ചെയ്തിരുന്നു.19
അബ്ദുല്‍മുത്ത്വലിബിന്റെ മകന്‍ അബ്ദുല്ലയെക്കുറിച്ച് നമുക്ക് അധികമൊന്നും അറിഞ്ഞുകൂടാ. പിതാവ് ജീവിച്ചിരിക്കെ വളരെ ചെറുപ്പത്തില്‍തന്നെ അബ്ദുല്ല മരണപ്പെട്ടിരുന്നു. അബ്
ദുല്‍മുത്ത്വലിബിന്റെ ഇളയ മക്കളില്‍ ഒരാളായ അബ്ദുല്ലക്ക് ഉമ്മുഹകീം എന്ന് പേരായ ഒരു ഇരട്ട സഹോദരി കൂടി ഉണ്ടായിരുന്നു.20 സുമുഖനായ ചെറുപ്പക്കാരനില്‍ മക്കയിലെ സുന്ദരിയായ ഒരു പെണ്‍കുട്ടി ആകൃഷ്ടയായി എന്നു പറയപ്പെടുന്നുണ്ട്. പക്ഷേ ആ പെണ്‍കുട്ടി ആരെന്ന് ഉറപ്പില്ല.21 പക്ഷേ ഈ അടുപ്പം വല്ലാതെയൊന്നും മുന്നോട്ട് പോവുകയുണ്ടായില്ല. ആമിനയുമായുള്ള വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കു ശേഷം അബ്ദുല്ല വടക്കന്‍ ഭാഗത്തേക്ക് യാത്ര പുറപ്പെട്ടു; ഗര്‍ഭിണിയായ ഭാര്യ മക്കയില്‍തന്നെ തങ്ങി. കച്ചവടാവശ്യത്തിനോ മാതൃസഹോദരന്മാരെ സന്ദര്‍ശിക്കാനോ ആയിരിക്കണം അബ്ദുല്ല മദീനയിലേക്ക് പുറപ്പെട്ടിട്ടുണ്ടാവുക. മദീനയില്‍ വെച്ച് അദ്ദേഹം രോഗിയാവുകയും മരണപ്പെടുകയുമാണുണ്ടായത്22.
കുറിപ്പുകള്‍
1. ഇബ്‌നുല്‍ ജൗസി, വഫാഅ്, പേജ് 73-74
2. ഇബ്‌നു ഹിശാം, പേജ് 75
3. അല്‍ ബലാദുരി, അന്‍സാബ്
4. ഇബ്‌നു ഖുതൈ്വബ, മആരിഫ്, പേജ് 313 (യൂറോപ്യന്‍ എഡിഷന്‍)
5. ബലാദുരിയുടെ വിവരണമനുസരിച്ച് (അന്‍സാബ് 1/116) ഖുസയ്യ് കുടിവെള്ളവിതരണത്തിനായി മക്കയില്‍ അജൂല്‍ എന്ന കിണര്‍ കുഴിപ്പിച്ചിരുന്നു.
6. അതേ പുസ്തകം 117, സുഹൈലി, റൗദ് 1/87
7. ഖുര്‍ആന്‍ അധ്യായം 106, നിസാമുദ്ദീന്‍ ഖുമ്മിയുടെ ഗരീബുല്‍ ഖുര്‍ആന്‍ വ്യാഖ്യാനം. ഇബ്‌നു സഅ്ദ് ത്വബഖാത്ത് 1/42-46, യഅ്ഖൂബി-താരീഖ് 1/280-282
8. ഇബ്‌നു ഹിശാം പേജ് 88
9. അതേ പുസ്തകം പേജ് 71
10. ബലാദുരി-അന്‍സാബ് 1/125
11. എന്റെ വസാഇഖ് സിയാസിയ്യ കാണുക. അല്‍ ഹലബി-ഇന്‍സാനുല്‍ ഉയൂന്‍ 3/80
12. ഇബ്‌നു ഹിശാം പേജ് 97
13. ബലാദുരി-അന്‍സാബ് 1/126
14. അതേ പുസ്തകം പേജ് 127
15. അതേ പുസ്തകം പേജ് 133
16. ഇബ്‌നു ഹിശാം പേജ് 34
17. അതേ പുസ്തകം, അധ്യായം 105
18. ബലാദുരി-അന്‍സാബ് 1/150
19. അതേ പുസ്തകം പേജ് 148
20. അതേ പുസ്തകം 152, ഇബ്‌നു ഹബീബ്-മുഹബ്ബര്‍ പേജ് 172
21. ചിലരുടെ അഭിപ്രായത്തില്‍ ആ പെണ്‍കുട്ടി ക്രിസ്ത്യാനിയായ വറഖത്തു ബ്‌നു നൗഫലിന്റെ സഹോദരി ഖുതൈലഃ ആണ്. മറ്റു ചിലര്‍ പറയുന്നത്, ഖദ്അമിക്കാരിയായ ഫാത്വിമയോ അതേ ഗോത്രക്കാരനായ മുര്‍റുബ്‌നു അബ്
ദില്ലയുടെ മകളോ ആണെന്നാണ്.
ബലാദുരി-അന്‍സാബ് 139, ഇബ്‌നു ഹിശാം പേജ് 100, സുഹൈലി-റൗദ് 1/104, അബൂനുഐം-ദലാഇല്‍ പേജ് 38,39 എന്നിവ കാണുക.
22. ബലാദുരി-അന്‍സാബ് 158
Comments