Prabodhanm Weekly

Pages

Search

2017 മാര്‍ച്ച് 31

2995

1438 റജബ് 03

മക്ക എന്ന കേന്ദ്ര സ്ഥാനം

ഡോ. മുഹമ്മദ് ഹമീദുല്ല

മുഹമ്മദുന്‍ റസൂലുല്ലാഹ് -5

'പഴയ' ഭൂഖണ്ഡങ്ങള്‍ക്കിടയില്‍ മക്കയുടെ മധ്യസ്ഥാനം (39dgree 54’E, 21dgree 21’N) നേരത്തേ സൂചിപ്പിച്ചിരുന്നു. അപ്പോള്‍ ഒരു ആഗോളപ്രസ്ഥാനത്തിന്റെ കേന്ദ്രമാവാന്‍ എന്തുകൊണ്ടും അനുയോജ്യമാവുക 'ഭൂമിയുടെ പൊക്കിള്‍' തന്നെയാണല്ലോ. സാംസ്‌കാരിക പൊലിമകളൊന്നുമില്ലാത്ത മക്ക എന്ന ഈ മരുപ്രദേശം അതിനാല്‍തന്നെ ആര്‍ത്തിപൂണ്ട കൊള്ളക്കാരുടെയും അതിമോഹികളായ തേരോട്ടക്കാരുടെയും ദൃഷ്ടിയില്‍ പെടാറുണ്ടായിരുന്നില്ല. വ്യാപാരത്തെയും സാര്‍ഥവാഹക സംഘങ്ങളെയും ആശ്രയിച്ചായിരുന്നു ജനജീവിതം. അല്‍പം സമ്പത്തൊക്കെ ഇതുവഴി അവര്‍ക്ക് ലഭിക്കുമായിരുന്നു. പുറമെ പ്രകൃതിയൊരുക്കുന്ന സംരക്ഷണവുമുണ്ട് മക്കക്ക്. കാരണം ഉയര്‍ന്ന പര്‍വതനിരകളുടെ താഴ്‌വരയിലാണ് ഈ നഗരം. ഇടുങ്ങിയ മലയിടുക്കുകളിലൂടെ മാത്രമേ അങ്ങോട്ട് കടക്കാനാവൂ. അവിടെ കാവലേര്‍പ്പെടുത്താനും എളുപ്പമാണ്. 

നഗരത്തില്‍ ഒരു ദൈവമന്ദിരമുണ്ട്. ആദ്യമനുഷ്യനായ ആദം തന്നെയാണ് അത് നിര്‍മിച്ചതെന്നാണ് പരമ്പരാഗതമായി മനസ്സിലാക്കപ്പെട്ടുപോരുന്നത്. അബ്രഹാം പ്രവാചകന്‍ അത് പുനിര്‍നിര്‍മിച്ചു. ഇസ്‌ലാംപൂര്‍വ അറേബ്യയിലുടനീളം ഈ ദൈവമന്ദിരത്തിന് വളരെയേറെ പവിത്രത കല്‍പ്പിക്കപ്പെട്ടുപോന്നു. അറേബ്യയിലെ മറ്റു വലിയ പട്ടണങ്ങളില്‍ ഒരു വാര്‍ഷിക ചന്ത മാത്രം നടക്കുമ്പോള്‍, മക്കന്‍ പ്രാന്തങ്ങളില്‍ സംഘടിപ്പിക്കപ്പെട്ടിരുന്നത് നാല് ചന്തകളായിരുന്നു; മിന, മജന്നഃ, ദുല്‍മജാസ്, ഉക്കാദ് എന്നിവിടങ്ങളില്‍. കിഴക്കന്‍ അറേബ്യയിലുള്ള മക്കയുടെ വ്യാപാര എതിരാളികളായ സുഹാര്‍, ദബാ1 ചന്തകള്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ റജബ് മാത്രം യുദ്ധം വിലക്കപ്പെട്ട മാസമായി കിട്ടുമ്പോള്‍, അറബ് കലണ്ടറിലെ പതിനൊന്ന്, പന്ത്രണ്ട്, ഒന്ന് എന്നിങ്ങനെ മൂന്ന് മാസങ്ങള്‍ കൂടി മക്കക്കാര്‍ക്ക് യുദ്ധമൊഴിഞ്ഞുകിട്ടിയിരുന്നു. 

നാലുമാസത്തെ യുദ്ധനിരോധക്കരാര്‍ ഭൂരിഭാഗമാളുകളും അംഗീകരിക്കുകയും ചെയ്തിരുന്നു. പിന്നെയുള്ള എട്ടുമാസക്കാലത്തെ കൊള്ളയും കൊള്ളിവെപ്പും തടയാന്‍ ബസ്ല്‍ എന്ന ഒരു സംവിധാനവും ഉണ്ടായിരുന്നു.2 അറേബ്യയിലുടനീളം ഇത്തരം കരാറുകളും ധാരണകളും നിലനിന്നു. പേര്‍ഷ്യക്കാരും ബൈസാന്റിയക്കാരും അബ്‌സീനിയക്കാരും മറ്റും തമ്മിലുള്ള കരാറുകള്‍ വേറെയും. ഇത് മക്കക്കാര്‍ക്ക് അറേബ്യയുടെ മറ്റൊരു മേഖലയിലുമില്ലാത്ത സുരക്ഷിതത്വം പ്രദാനം ചെയ്തു. അതേക്കുറിച്ചാണ് ഖുര്‍ആന്‍ പിന്നീട് ഓര്‍മപ്പെടുത്തുന്നത്: ''ഖുറൈശികളുടെ കരാര്‍, അവരുടെ കരാര്‍ കാരണമായാണ് ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്ര അവര്‍ക്ക് സാധ്യമായത്. അതുകൊണ്ട് ഈ മന്ദിരത്തിന്റെ നാ

ഥനെ അവര്‍ ആരാധിച്ചുകൊള്ളട്ടെ; വിശപ്പിന് ഭക്ഷണം നല്‍കുകയും ഭയത്തില്‍നിന്ന് മോചനം നല്‍കുകയും ചെയ്ത നാഥനെ.''3

മരുഭൂമിയാണെങ്കിലും മക്കക്ക് ലഭിക്കുന്ന പ്രാധാന്യം കണക്കിലെടുത്ത് ഈ നഗരത്തെ തങ്ങളുടെ രാജ്യത്തോട് ചേര്‍ക്കാന്‍ റോമന്‍-ബൈസാന്റിയന്‍ ചക്രവര്‍ത്തിമാരും പേര്‍ഷ്യന്‍-അബ്‌സീനിയന്‍ രാജാക്കന്മാരും ആഗ്രഹിച്ചിരുന്നു. പക്ഷേ, ഉമ്മുല്‍ ഖുറാ(നഗരങ്ങളുടെ മാതാവ്-ഇസ്‌ലാംപൂര്‍വ ഘട്ടത്തിലും നഗരം ഈ പേരിലാണ് അറിയപ്പെട്ടിരുന്നത്)ക്ക് ഒരു വിദേശാധിപത്യത്തെയും വെച്ചുപൊറുപ്പിക്കാനാകുമായിരുന്നില്ല. 

ഒരു നഗരരാഷ്ട്രമെന്ന നിലക്ക് ഒരുതരം പ്രഭു ഭരണ സമ്പ്രദായമായിരുന്നു അവിടെ നിലനിന്നിരുന്നത്. 'ഭരണ വകുപ്പുകള്‍' പരമ്പരാഗതമായി പത്ത് കുടുംബങ്ങളാണ് കൈകാര്യം ചെയ്തിരുന്നത്. ഭരണം നടത്തിക്കൊണ്ടുപോയിരുന്നത് ഒരുപാട് വ്യക്തികള്‍ ചേര്‍ന്നാണ്. 'മന്ത്രിസഭ'യെ നിയന്ത്രിക്കാന്‍ ഒരു 'പാര്‍ലമെന്റും' (ദാറുന്നദ്‌വ എന്ന പേരില്‍) ഉണ്ടായിരുന്നു. 

മക്കയില്‍ എഴുത്തുകല അത്ര പ്രചാരത്തിലുണ്ടായിരുന്നില്ലെങ്കിലും സാഹിത്യ സൃഷ്ടിയില്‍ അവര്‍ അഗ്രഗണ്യരായിരുന്നു; കവിത, വാഗ്പടുത്വമുള്ള ഗദ്യം, രാക്കഥകള്‍ പോലുളള സര്‍ഗാത്മക രചനകളില്‍. അവരുടെ തീര്‍ഥാടന കേന്ദ്രമായ കഅ്ബയുടെ ചുവരുകളില്‍ ഏറ്റവും മികച്ച കവിതകള്‍ എഴുതിത്തൂക്കിയിടുമായിരുന്നു; മക്കക്കാരുടെ മാത്രമല്ല മറ്റുള്ള അറബിക്കവികളുടേതും. ഒരു കവിക്ക് സങ്കല്‍പിക്കാവുന്നതിലേറ്റവും വലിയ അംഗീകാരമായിരുന്നു ഇത്. പുറമെ, അറബികള്‍ തങ്ങളുടെ മക്കള്‍ക്ക് നല്ല ഭാഷാ പരിശീലനം നല്‍കാനും ശ്രദ്ധിച്ചിരുന്നു. ജനനത്തിനു ശേഷം കുട്ടികളെ അവര്‍ നഗരത്തില്‍നിന്ന് വിദൂരത്ത് കഴിയുന്ന ഗോത്രവിഭാഗങ്ങളിലേക്ക് കൊടുത്തയക്കും. ആ ഗ്രാമാന്തരീക്ഷത്തിലാണ് കുട്ടികള്‍ വളരുക, വര്‍ഷങ്ങളോളം. 

ഇസ്‌ലാമിന്റെ ആഗമനകാലത്ത് വിഗ്രഹാരാധകരായിരുന്നു മക്കാനിവാസികള്‍. അതേസമയം അനാദൃശനും സര്‍വശക്തനുമായ ദൈവം എന്ന സങ്കല്‍പം അവര്‍ക്കുണ്ടായിരുന്നു. ഈ യഥാര്‍ഥ ദൈവത്തിനും മനുഷ്യര്‍ക്കുമിടയിലെ ഇടനിലക്കാരായാണ് അവര്‍ വിഗ്രഹങ്ങളെ കണ്ടിരുന്നത്. അന്വേഷണവ്യഗ്രത കാരണമാവാം ക്രൈസ്തവത, സൊരാഷ്ട്രീയനിസം, മാഗിസം, നിരീശ്വരത്വം പോലുള്ള തത്ത്വചിന്തകള്‍ എന്നിവയൊക്കെ മക്കന്‍ സമൂഹത്തിലും എത്തിയിരുന്നു; അവക്ക് അനുയായികള്‍ വളരെ കുറവായിരുന്നെങ്കിലും. ഈ ചിന്താധാരകളെയൊക്കെ ഉള്‍ക്കൊള്ളാനാവുംവിധം മതസഹിഷ്ണുത അവിടെ നിലനിന്നിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. അതോടൊപ്പംതന്നെ, നൂറുകണക്കിന് വിഗ്രഹങ്ങളെ കഅ്ബക്കു ചുറ്റും കാണാമായിരുന്നു. അറേബ്യയുടെ എല്ലാ ഭാഗത്തുനിന്നുമുള്ള ഗോത്രങ്ങളുടെ വിഗ്രഹങ്ങള്‍ അവയില്‍ കാണും. കഅ്ബക്കകത്തുള്ള ചുമര്‍ ചിത്രങ്ങളില്‍ അബ്രഹാം, ഇസ്മാഈല്‍, യേശു, മര്‍യം തുടങ്ങിയവരൊക്കെ ചിത്രീകരിക്കപ്പെട്ടിരുന്നു. 

ഇസ്‌ലാം ഈ ജനസമൂഹത്തിന്റെ കഴിവുകളെ മിനുക്കിയെടുക്കുകയും അവര്‍ക്കൊരു ആദര്‍ശമാതൃക സമര്‍പ്പിക്കുകയും അതോടൊപ്പം അവരുടെ തിന്മകളെ തിരുത്തുകയുമാണ് ചെയ്തത്. 

എന്തുകൊണ്ട് മുഹമ്മദ് (സ)?

തന്റെ ദൗത്യമേല്‍പ്പിക്കുന്നതിന് മനുഷ്യരില്‍ ആരെ തെരഞ്ഞെടുക്കാനും ദൈവത്തിന് സ്വാതന്ത്ര്യമുണ്ട്. ദൈവത്തിന്റെ ശക്തിക്ക് പരിമിതികളില്ല; അവന്റെ ഇഛകള്‍ക്കും. ഇതൊക്കെ ശരിയായിരിക്കെത്തന്നെ, കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചിരിക്കുന്നതെന്ന് കാണാന്‍ കഴിയും. ഈ കാര്യകാരണങ്ങളില്‍ ചിലത് ദിവ്യസന്ദേശത്തിന്റെ പ്രബോധന ചുമതല മുഹമ്മദ് എന്ന വ്യക്തിയെ ഏല്‍പ്പിക്കുന്നതിലും അതിന് വേദിയായി മക്ക എന്ന നഗരത്തെ തെരഞ്ഞെടുക്കുന്നതിലും (അന്നത്തെ ജനവാസ മേഖലയുടെ മധ്യത്തിലായിരുന്നു മക്കയുടെ കിടപ്പ്) പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. 

ഇസ്‌ലാമിന്റെ ആഗമന സമയത്ത് മക്കാ നഗരത്തിന്റെ ഭരണം അറബികളിലെ ഖുറൈശ് എന്ന ഗോത്രത്തിനായിരുന്നു. വിദേശികളും അടിമകളും ഉള്‍പ്പെടെ ഏകദേശം പതിനായിരം പേരായിരുന്നു അവിടത്തെ നിവാസികള്‍. അവിടെ നിലവിലുണ്ടായിരുന്നത് രാജഭരണമല്ല, മറിച്ച് പത്ത് കുടുംബങ്ങളുടെ പ്രഭുഭരണമായിരുന്നു. ഈ കുടുംബങ്ങളില്‍ സൈനികാധികാരം ബനൂ ഉമയ്യക്കായിരുന്നു; മതാധികാരം ബനൂഹാശിമിനും. പത്തില്‍ ഏറ്റവും ശ്രദ്ധേയരായ ഈ രണ്ട് കുടുംബങ്ങളും പക്ഷേ പരസ്പരം പ്രതിയോഗികളായിരുന്നു. വിശുദ്ധ പ്രവാചകന്‍ ഹാശിം കുടുംബത്തില്‍ പെട്ടയാളായിരുന്നു. 

ഇറാഖില്‍നിന്നെത്തിയ അബ്രഹാം പ്രവാചകന്റെ പിന്‍തലമുറയാണ് തങ്ങളെന്നാണ് ഖുറൈശികളുടെ വാദം. മതപീഡനത്തെ തുടര്‍ന്ന് അബ്രഹാം തന്റെ ജന്മനാട് വിട്ട് ആദ്യം എത്തിച്ചേരുന്നത് ഈജിപ്തിലാണ്. അവിടെ വെച്ച് അദ്ദേഹം ഹാഗറിനെ വിവാഹം ചെയ്യുന്നു.4 തന്റെ ആദ്യപുത്രന്‍ ഇസ്മാഈലിന്റെ മാതാവാണ് അവര്‍. പിന്നീട് ഹാഗറിനും ഇസ്മാഈലിനും അബ്രഹാമിന്റെ ഫലസ്ത്വീനിലുളള വീട് വിട്ടിറങ്ങി 'ശൂറിലേക്കുള്ള വഴിയില്‍ കാണുന്ന ജലധാരക്ക് അടുത്തുള്ള' ഒരു മരുഭൂമിയില്‍ താമസിക്കേണ്ടിവരുന്നുണ്ട്. ഇസ്മാഈലിന്റെ പിന്മുറക്കാരായ ഖുറൈശികള്‍ പറയുന്നത്, ആ ജലധാര മക്കയിലെ സംസം ആണെന്നാണ്. ഇസ്മാഈല്‍ കല്യാണം കഴിച്ചത് ജുര്‍ഹും ഗോത്രത്തിലെ ഒരു പെണ്‍കുട്ടിയെയായിരുന്നു. സിറിയയില്‍നിന്ന് അബ്രഹാം ഇടക്കിടെ ഇസ്മാഈലിനെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. അവര്‍ ഇരുവരും ചേര്‍ന്നാണ് ഏകദൈവത്തെ ആരാധിക്കാനായി മക്കയില്‍ കഅ്ബ എന്ന ദൈവഭവനം പുനിര്‍നിര്‍മിച്ചത്. പ്രവാചകന്‍ ആഗതനാവുന്ന കാലത്ത് മൊത്തം അറേബ്യയുടെയും തീര്‍ഥാടന കേന്ദ്രമായി കഅ്ബ മാറിക്കഴിഞ്ഞിരുന്നു. ജറൂസലം ദേവാലയത്തേക്കാളും പഴക്കമുള്ളതാണ് കഅ്ബ. അതിനാല്‍ ഏകദൈവത്തെ ആരാധിക്കാനായി ഭൂമിയില്‍ ആദ്യമായി പണികഴിപ്പിക്കപ്പെട്ട ഗേഹം എന്ന ഖുര്‍ആനിക പരാമര്‍ശത്തില്‍ ഒട്ടും അതിശയോക്തി ഇല്ല.5 

പ്രവാചകന്‍ മുഹമ്മദിന്റെ കുടുംബം ഏകദൈവവിശ്വാസത്തിന്റെ ഏറ്റവും പഴക്കമുള്ള പൈതൃകമെടുത്തു എന്ന് മാത്രമല്ല, അവരുടെ രക്തത്തില്‍ ബാബിലോണിയന്‍, ഈജിപ്ഷ്യന്‍, അറബ് തുടങ്ങി വിവിധ വംശീയധാരകള്‍ അലിഞ്ഞുചേരുകയും ചെയ്തിരുന്നു. ഇടുങ്ങിയ വംശീയ മുന്‍ധാരണകള്‍ക്കതീതമായി ഹാശിം കുടുംബത്തെ ഉയര്‍ത്തിനിര്‍ത്തുന്നുണ്ട് ഈ വസ്തുത. മുഹമ്മദ് നബിയുടെ അടുത്ത ബന്ധുക്കളില്‍ ഒരു ഗ്രീക്ക് വംശജന്‍ പോലുമുണ്ടായിരുന്നു.6 പൗരാണിക കാലത്തെ പ്രശസ്ത വംശാവലി വിജ്ഞാനീയ വിദഗ്ധനായ മുസ്അബ്7 പറയുന്നത്, നബി കുടുംബത്തിലെ അബ്ദുര്‍ റൂം ഇബ്‌നു ഉമൈര്‍ എന്നയാളുടെ മാതാവ് ഗ്രീക്കുകാരിയായിരുന്നു എന്നാണ്. ഈ അബ്ദുര്‍റൂമിന്റെ സഹോദരനാണ് പ്രവാചകന്റെ അനുയായിയും അടുത്ത ബന്ധുവുമായ മുസ്അബു ബ്‌നു ഉമൈര്‍. പ്രവാചകന്റെ പിതൃസഹോദരി ഉമൈമ ബിന്‍ത് അബ്ദില്‍ മുത്ത്വലിബിന്റെ മകള്‍ ഹംന ബിന്‍ത് ജഹ്ശിനെ കല്യാണം കഴിച്ചതും മുസ്അബ് ആണ്. ആ നിലക്ക് കൂടി ഒരു ബന്ധുത്വം ഉണ്ടെന്നര്‍ഥം. എല്ലാ മനുഷ്യവംശങ്ങളെയും ഒന്നിപ്പിക്കുന്ന ഒരു പ്രക്രിയ നാം പ്രവാചക ജീവിതത്തില്‍ കാണുന്നുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിലേക്ക് അറബ് വനിതകള്‍ മാത്രമല്ല, ജൂത-കോപ്റ്റ് വനിതകള്‍ വരെ കടന്നുവരുന്നുണ്ട്. അതേക്കുറിച്ച് പിന്നീട്. 

പ്രവാചകന്റെ പെണ്‍പൂര്‍വികരെക്കുറിച്ച് കൗതുകമുണര്‍ത്തുന്ന ഒരു പഠനം നടത്തിയിട്ടുണ്ട് ഇബ്‌നു ഹബീബ്.8 ഇരുപത് തലമുറകളെയാണ് ആ പഠനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ പഠനത്തിലും മറ്റു ചില രേഖകളിലും9 കാണുന്നത്, പ്രവാചകന്റെ മാതൃസഹോദരന്മാരുടെ അബ്ദ് യാലീല്‍ കുടുംബം ത്വാഇഫ് ഭരിച്ചിരുന്നു എന്നാണ്. പ്രവാചകന്റെ പിതാമഹന്‍ അബ്ദുല്‍ മുത്ത്വലിബിന്റെ മാതാവ് ഒരു യമനി ഗോത്രക്കാരിയായിരുന്നു. ഹീറയിലെ ലഖ്മി ഭരണവംശത്തിന് അടിത്തറയിട്ടത് ഈ കുടുംബമായിരുന്നു. പ്രവാചകന്റെ പെണ്‍പൂര്‍വികരുടെ പട്ടിക പരിശോധിച്ചാല്‍ കിനാന, അസ്ദ്, ഖുസാഅ, ഖുദാഅ, സുലൈം, അദ്‌വാന്‍ തുടങ്ങി അറേബ്യന്‍ ഉപദ്വീപിലെ വിവിധ ഗോത്രങ്ങളില്‍നിന്നുള്ളവര്‍ അവരില്‍ ഉണ്ടായിരുന്നു എന്ന് കാണാന്‍ കഴിയും. 

മക്കന്‍ പ്രഭുഭരണത്തിലെ പത്ത് 'മന്ത്രിമാരില്‍' ഒരാളായിരുന്നു അബ്ദുല്‍ മുത്ത്വലിബ്. അദ്ദേഹത്തിന് പത്ത് പുത്രന്മാര്‍ ഉണ്ടായിരുന്നു. അവരിലൊരാളാണ് പ്രവാചകന്റെ പിതാവായ അബ്ദുല്ല (അദ്ദേഹം മൂത്ത പുത്രനായിരുന്നില്ല). അബ്ദുല്‍ മുത്ത്വലിബ് ജീവിച്ചിരിക്കെത്തന്നെ അബ്ദുല്ല മരണപ്പെടുകയാണുണ്ടായത്. തന്റെ പിതാവ് മരണപ്പെട്ട് അല്‍പം ആഴ്ചകള്‍ക്ക് ശേഷമാണ് പ്രവാചകന്‍ ജനിക്കുന്നതു പോലും. പിന്നെ തന്റെ രക്ഷിതാക്കളെ ഓരോരുത്തരെയായി പ്രവാചകന് നഷ്ടപ്പെടുകയാണ്. മാതാവിന്റെ മരണശേഷം പ്രവാചകന്‍ പിന്നെ താമസിക്കുന്നത് തന്റെ വൃദ്ധനായ പിതാമഹനോടൊപ്പമാണ്. അദ്ദേഹം മരണപ്പെടുമ്പോള്‍ പ്രവാചകന് പ്രായം എട്ടുവയസ്സ് മാത്രം. പിന്നെ തന്റെ പിതൃസഹോദരന്‍ അബൂത്വാലിബിന്റെ കൂടെയാണ് കഴിയുന്നത്. വളരെ ഉദാരവാനായിരുന്നെങ്കിലും അദ്ദേഹം അത്രയധികം ധനികനൊന്നുമായിരുന്നില്ല. ബാലനായ മുഹമ്മദിന് ആടുകളെ മേച്ചും മറ്റും തന്റെ ഉപജീവനമാര്‍ഗം കണ്ടെത്തേണ്ടതുണ്ടായിരുന്നു. ഒമ്പതാം വയസ്സില്‍ തന്റെ പിതൃസഹോദരനോടൊപ്പം അദ്ദേഹം ഫലസ്ത്വീനിലേക്ക് ഒരു വ്യാപാര യാത്ര നടത്തുന്നുണ്ട്. പിന്നെ യുവാവായ ശേഷം മക്കയിലെ ഒരു ധനിക സ്ത്രീയുടെ കച്ചവടച്ചരക്കുകളുമായി തനിച്ചും അദ്ദേഹം വീണ്ടും ഫലസ്ത്വീനില്‍ എത്തിച്ചേരുന്നുണ്ട്. ഒരു കച്ചവടക്കാരനായിതന്നെ ഹുബാശ(യമന്‍)10യിലും അബ്ദുല്‍ ഖൈസി (ബഹ്‌റൈന്‍-ഉമാന്‍, കിഴക്കന്‍ അറേബ്യ) പോ

കുന്നുണ്ട്.11 അദ്ദേഹംസ്രോതസ്സുകള്‍ നിശ്ശബ്ദമാണ് എന്നതിനാല്‍ മാത്രം ഒരു സംഭവം നടന്നിട്ടില്ല എന്ന് വരുന്നില്ലല്ലോ. അങ്ങനെയെങ്കില്‍ കടല്‍മാര്‍ഗം അദ്ദേഹം അബ്‌സീനിയയിലും എത്തിയിരുന്നു എന്ന് വിചാരിക്കാന്‍ ന്യായം കാണുന്നുണ്ട്. ഈ വ്യാപാര യാത്രകളെല്ലാം ബൈസാന്തിയന്‍, പേര്‍ഷ്യന്‍, യമനി, അബ്‌സീനിയന്‍ ഭരണരീതികളെക്കുറിച്ചും സമ്പ്രദായങ്ങളെക്കുറിച്ചും പഠിക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചിട്ടുണ്ടാവണം. അനുഭവസമ്പത്തിലൂടെ പക്വതയാര്‍ജിച്ച ആ വ്യക്തിത്വത്തെയാണ് നാല്‍പ്പതാം വയസ്സില്‍ തന്റെ ജനതക്ക് വെളിച്ചം കാണിച്ചുകൊടുക്കാനുള്ള ദൈവിക ദൗത്യം ഏല്‍പ്പിക്കുന്നത്. തന്റെ ജന്മനാട്ടില്‍ 'വിശ്വസ്തന്‍' (അല്‍ അമീന്‍) എന്ന സല്‍പേര് അദ്ദേഹം നേരത്തേ നേടിയെടുത്തിരുന്നു.12 വിധവകളും അനാഥരും അദ്ദേഹത്തില്‍ നല്ലൊരു സംരക്ഷകനെ കണ്ടെത്തി. മക്കയിലെ വഴക്കാളികളായ ഇടപാടുകാരുമായി കണക്ക് തീര്‍ക്കേണ്ടിവരുമ്പോള്‍ വിദേശ കച്ചവടക്കാര്‍ മധ്യസ്ഥനായി അദ്ദേഹത്തിന്റെ സഹായം തേടാറുമുണ്ടായിരുന്നു.13 അതിനാല്‍ തന്റെ സഹോദരപുത്രനെ വാഴ്ത്തിക്കൊണ്ട് അബൂത്വാലിബ് കുറിച്ച വരികളില്‍ ഒട്ടും അതിശയോക്തി ഇല്ല:  

ആ പ്രസന്ന മുഖം കണ്ടാല്‍ 

മേഘങ്ങള്‍ മഴക്കു വേണ്ടി അര്‍ഥിച്ചുപോകും

വിധവകളുടെ അഭയകേന്ദ്രം 

അനാഥകളുടെ സംരക്ഷകന്‍.14 

 

(തുടരും)

 

കുറിപ്പുകള്‍:  

1. ഇബ്‌നു ഹബീബ്-അല്‍ മുഹബ്ബര്‍, പേജ് 265-6; അല്‍ മര്‍സൂഖി-അല്‍ അസ്മിന വല്‍ അംകിന, II 163, അല്‍ യഅ്ഖൂബി I 513-4

2. ഇബ്‌നു ഹിശാം-സീറ, പേജ് 66

3. ഖുര്‍ആന്‍ 106:1-4

4. ബുഖാരിയുടെ വിവരണം (60:11) അനുസരിച്ച്, ഫറോവ സാറക്ക് വേലക്കാരിയായി നല്‍കിയതാണ് ഹാഗറിനെ. ഉല്‍പത്തി പുസ്തകത്തില്‍ (16:1) 'ഈജിപ്ഷ്യന്‍ പരിചാരിക' എന്ന് പ്രയോഗം. ഇതില്‍നിന്ന് ഹാഗര്‍ ഒരു അടിമയായിരുന്നു എന്ന നിഗമനത്തില്‍ നാം എത്തിച്ചേരരുത്. കാരണം സത്യം അതല്ല. ബൈബിളിന്റെ പ്രമുഖ വ്യാഖ്യാതാക്കളിലൊരാളായ റബ്ബി സലമോന്റെ (1040-1105) വിവരണം ഇങ്ങനെയാണ്: 'ആഗര്‍ (Agar) ഫറോവയുടെ മകളായിരുന്നു. സാറക്ക് അനുകൂലമായി ദിവ്യാത്ഭുതം സംഭവിച്ച് കണ്ടപ്പോള്‍ ഫറോവ പറഞ്ഞു: എന്റെ മകള്‍ ഈ വിട്ടില്‍ (അബ്രഹാമിന്റെ) പരിചാരികയാവട്ടെ. മറ്റൊരു വീട്ടില്‍ ഗൃഹനാഥ ആകുന്നതിനേക്കാള്‍ അതല്ലേ നല്ലത്.' ഇനി ഹാഗര്‍ സാറയുടെ അടിമയായിരുന്നു എന്ന് സങ്കല്‍പ്പിച്ചാല്‍ തന്നെ, അബ്രഹാമിന് ഹാഗര്‍ അങ്ങനെയായിരുന്നില്ല. തല്‍മൂദിക് പാരമ്പര്യമനുസരിച്ച്, അബ്രഹാമിന് ഹാഗറിനെ സാറയുടെ സമ്മതത്തോടെ ഭാര്യയായി സ്വീകരിക്കാനേ അനുവാദമുണ്ടായിരുന്നുള്ളൂ; വെപ്പാട്ടിയാക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. ഹാഗറിനെ 'അബ്രഹാമിനുള്ള സാറയുടെ വക സമ്മാനം' എന്ന നിലക്കും ബൈബിള്‍ പരാമര്‍ശിക്കുന്നില്ല. 'ഭാര്യയായി നല്‍കി' (gave her to be his wife/donna Pour Femme/gan sie ihm zum weib) എന്നാണ് (ഉല്‍പത്തി-16/3) കാണുന്നത്. 

5. ഖുര്‍ആന്‍ 3:96

6. നസബ് ഖുറൈശ്, പേജ് 254

7. നസബ് ഖുറൈശ്, പേജ് 24

8. ഉമ്മഹാത്തുന്നബി (ബഗ്ദാദ്), 1952

9. അബൂനുഐം, ദലാഇലുന്നുബുവ്വ, അധ്യായം 20

10. ത്വബ്‌രി-താരീഖ് 1-1129

11. ഇബ്‌നു ഹസന്‍-മുസ്‌നദ് IV-206

12. ഇബ്‌നു ഹിശാം, പേജ് 125, ത്വബ്‌രി 2/35

13. ഇബ്‌നു ഹിശാം, പേജ് 256-8

14. ഇബ്‌നു ഹിശാം, പേജ് 174

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (32 - 40)
എ.വൈ.ആര്‍

ഹദീസ്‌

സമര പാതയില്‍ തളരാതെ
കെ.സി ജലീല്‍ പുളിക്കല്‍