ധനവിതരണത്തിലെ അസന്തുലിതാവസ്ഥ
2017 ഫെബ്രുവരി 24-ലെ 'മുഖവാക്ക്' പ്രാധാന്യമര്‍ഹിക്കുന്ന ഒരു ആഗോള പ്രതിസന്ധിയാണ് ചര്‍ച്ച ചെയ്യുന്നത്. ധനവിതരണത്തിലെ അസന്തുലിതാവസ്ഥയാണ് ഇന്ന് ലോകം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് 'മുഖവാക്ക്' അടിവരയിടുന്നു. ഇത് അക്ഷരംപ്രതി യാഥാര്‍ഥ്യമാണ്. വിഭവക്കമ്മിയോ ധനക്കമ്മിയോ അല്ല, ധനം ചുരുക്കം ചിലരില്‍ കുന്നുകൂടുന്നതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നതിന് ഇന്ത്യ തന്നെ ഏറ്റവും നല്ല ഉദാഹരണം. മഹാഭൂരിപക്ഷം ദാരിദ്ര്യരേഖക്ക് താഴെ പട്ടിണിയും പരിവട്ടവുമായി കഴിയുന്ന സോഷ്യലിസ്റ്റ് ഇന്ത്യയില്‍ പോലും മൊത്തം ജി.ഡി.പിയുടെ 80 ശതമാനവും വിരലിലെണ്ണാവുന്ന ഏതാനും കോര്‍പറേറ്റുകളുടെ കൈവശമാണ്.
ഏതാണ്ട് ഇത്തരമൊരു സന്ദിഗ്ധാവസ്ഥയിലാണ് പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ലോകത്ത് കമ്യൂണിസം രംഗപ്രവേശം ചെയ്തത്. റഷ്യയും ചൈനയുമടക്കുള്ള വന്‍ ശക്തി രാഷ്ട്രങ്ങള്‍ ലോകത്തിന്റെ മൂന്നിലൊന്നും കമ്യൂണിസത്തിന്റെ പിടിയിലാവുകയും കുറേയൊക്കെ സാമ്പത്തിക സന്തുലനം സാധ്യമാവുകയും ചെയ്‌തെങ്കിലും അത് പില്‍ക്കാലത്ത് കടുത്ത അസമത്വത്തിനു കാരണമായി. ലോകത്ത് ശാക്തിക ചേരികള്‍ രൂപപ്പെടുകയും അത് ലോക സമാധാനത്തിനു തന്നെ ഭീഷണിയാവുകയും ചെയ്തു. സ്വതവേ ദരിദ്രരായിരുന്ന മൂന്നാം ലോക രാഷ്ട്രങ്ങള്‍ കൂടുതല്‍ ദരിദ്രരായിത്തീര്‍ന്നു. കമ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ സ്വകാര്യ സ്വത്തവകാശം അനുവദിച്ചുകൊണ്ട് കമ്യൂണിസം കൈവിടാനും തുടങ്ങി. കമ്യൂണിസ്റ്റ് ഏകാധിപത്യവും ഫാഷിസവും സ്വതവേ ദരിദ്രമായിരുന്ന മൂന്നാം ലോക രാഷ്ട്രങ്ങളെ കൂടുതല്‍ ദരിദ്രവും അധഃസ്ഥിതവുമാക്കി. ഇങ്ങനെ ലോകം കടുത്ത സാമ്പത്തിക അസമത്വത്തിലേക്കും സമാധാന ഭംഗത്തിലേക്കും കൂപ്പുകുത്തി. ഇതിനൊക്കെ പരിഹാരം കാണാന്‍ അല്‍പമെങ്കിലും വിഭവശേഷിയും ആദര്‍ശാടിത്തറയുമുള്ള അറബ്-മുസ്‌ലിം നാടുകളാവട്ടെ ജനാധിപത്യത്തിന്റെ അഭാവത്തില്‍ രാജാധിപത്യത്തിന്റെ നുകക്കീഴില്‍ ഞെരിഞ്ഞമര്‍ന്ന് അതിലും വലിയ അസമത്വത്തിനും അസന്തുലിതത്വത്തിനും വിധേയമായിക്കൊണ്ടിരിക്കുന്നു.
അതിനാല്‍ 'ധനം ധനികര്‍ക്കിടയില്‍ മാത്രം കറങ്ങരുതെന്ന്' ഉദ്‌ഘോഷിച്ച ഒരു മാനവിക സമ്പദ്ഘടനയുടെ തിരിച്ചുവരവ് ലോകം ഉറ്റുനോക്കുകയാണ്. ഈ ആശയം പരിചയപ്പെടുത്തലും പ്രചരിപ്പിക്കലും ക്രിയാത്മക നടപടികള്‍ തുടങ്ങിവെക്കലുമാണ് ഇസ്‌ലാമിക പ്രവര്‍ത്തകരോടും പ്രസ്ഥാനങ്ങളോടും കാലഘട്ടം തേടുന്ന ഏറ്റവും വലിയ ദീനീ പ്രവര്‍ത്തനം.
നരകത്തിന് നാനൂറ് ദീനാര്‍!
അബ്ദുല്‍ അസീസ് മഞ്ഞിയില്‍
ഒരു പട്ടണത്തില്‍ ജനവഞ്ചകനായ ഒരാള്‍-വര്‍ത്തമാന മലയാള ശൈലിയില്‍ ആള്‍ദൈവം-ബുദ്ധിശൂന്യരായ ജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരുന്നു. കച്ചവട സാമ്രാജ്യം വളര്‍ന്നു പന്തലിച്ചു. ഒരു ദിവസം സാത്വികനായ ഒരു ശൈഖ് അതു വഴി വന്നു. ജനങ്ങള്‍ ബഹളം വെക്കുന്നതിന്റെയും വട്ടം കൂടി നില്‍ക്കുന്നതിന്റെയും പൊരുള്‍ അന്വേഷിച്ചപ്പോള്‍ ശൈഖ് സ്തബ്ധനായി. ആള്‍ദൈവം സ്വര്‍ഗരാജ്യം ആവശ്യക്കാര്‍ക്ക് വില്‍പന നടത്തുകയാണ്! ഇത്തരം കുത്സിത ശ്രമങ്ങളെ ബുദ്ധിപൂര്‍വം കൈകാര്യം ചെയ്യാനുള്ള തിരുമാനത്തില്‍ തന്ത്രജ്ഞനായ ശൈഖ് ആള്‍ദൈവത്തെ സമീപിച്ചു. സ്വര്‍ഗത്തിലെ ഒരു തുണ്ടിന് 100 ദീനാറാണ് വില. ഇതു കേട്ട ശൈഖ് അയാളോട് നരകത്തിന്റെ വില അന്വേഷിച്ചു. നരകത്തിലെ സ്ഥലത്തിന് വിലയൊന്നും തരേണ്ടതില്ലെന്ന് ആള്‍ദൈവം പ്രതികരിച്ചു. അതു വേണ്ട, വില തരാന്‍ തയാറാണെന്ന് സമര്‍ഥനായ ശൈഖ് മറുപടി നല്‍കി. എന്നാല്‍ കാല്‍ ഭാഗം നരകവും താങ്കള്‍ എടുത്തുകൊള്ളുക. 100 ദീനാര്‍ മതി. അങ്ങനെയാണെങ്കില്‍ 400 ദീനാര്‍ തരാം നരകം മുഴുവന്‍ തന്നേക്കുക എന്ന ശൈഖിന്റെ അഭിപ്രായം അംഗീകരിക്കപ്പെട്ടു. കച്ചവടം ഉറപ്പിച്ചു. സാക്ഷിപത്രവും വാങ്ങി. സ്വര്‍ഗം മാത്രമല്ല നരകവും വാങ്ങാന്‍ ആളെ കിട്ടുന്നു എന്നത് ആള്‍ദൈവത്തെ വല്ലാതെ ആഹ്ലാദഭരിതനാക്കി.
ശേഷം സാത്വികനായ ശൈഖ് ജനങ്ങളെ അഭിസംബോധന ചെയ്തു: ''സഹോദരങ്ങളേ, നിങ്ങളാരും വല്ലാതെ ഓടിക്കിതക്കേണ്ട കാര്യമില്ല. നരകം പൂര്‍ണമായും ഈ ആള്‍ദൈവം എനിക്ക് തീറെഴുതിത്തന്നിരിക്കുന്നു. അതിനാല്‍ ഇനി ഇയാളില്‍നിന്ന് സ്വര്‍ഗം വാങ്ങിയാലും ഇല്ലങ്കിലും നിങ്ങള്‍ ഭയപ്പെടേണ്ടതില്ല.'
അന്ധവിശ്വാസ കച്ചവടം നടത്തി തടിച്ചുവീര്‍ക്കുന്ന പൗരോഹിത്യത്തെ കണ്ടപ്പോഴാണ് ഈ അറബിക്കഥ ഓര്‍മ വന്നത്.
പ്രവാസികളെ ചൂഷണം ചെയ്യുന്നവര്‍ മനസ്സിലാക്കേണ്ട ചിലത്
കെ.പി സുബൈര്‍ മബേല, ഒമാന്‍
ഗള്‍ഫ് എന്ന് കേള്‍ക്കുമ്പോള്‍ പലരും ധരിച്ചുവെച്ചിരിക്കുന്നത് പൊന്നു വിളയും നാടെന്നാണ്. പ്രവാസികള്‍ സൃഷ്ടിച്ചു വെച്ച ആ മനോഭാവം തന്നെയാണ് ഇങ്ങനെ ചിന്തിക്കാന്‍ സമൂഹത്തെ പ്രേരിപ്പിച്ചത്. ഇത് പുറവാസത്തിന്റെ അപചയമാണെന്നല്ല പറഞ്ഞത്. നാട്ടില്‍ തൊണ്ണൂറുകളില്‍ വരെ കണ്ടിരുന്ന ദാരിദ്ര്യം ഇന്ന് ഏറക്കുറെ പ്രത്യക്ഷമായെങ്കില്‍, അതിന്റെ പിന്നില്‍ പ്രവാസിയുടെ വിയര്‍പ്പുതുള്ളിയുണ്ട്. വീട്, കുടുംബം, നാട് എന്നുവേണ്ട നമ്മുടെ സമ്പദ്ഘടനയുടെ നട്ടെല്ലുതന്നെയാണ് ഈ പരദേശികള്‍. നിരവധി സംഘടനകള്‍ ഊര്‍ജസ്വലരായി ഇന്ന് കര്‍മരംഗത്തുണ്ട്. വലിയ വിഭാഗം പരദേശികളെയാണ് അവര്‍ ചൂഷണം ചെയ്യുന്നത്. പൊന്നും എണ്ണയും വിളയുന്ന നാടൊക്കെയാണെങ്കിലും ഇന്നത്തെ അവസ്ഥ ഈ സംഘടനകള്‍ അറിയില്ലെന്നാണോ? പല രൂപഭാവങ്ങളിലും സദാസമയവും സംഘടനാ പിരിവുകാര്‍ പ്രവാസികള്‍ക്കിടയില്‍ അവതരിച്ചുകൊണ്ടേയിരിക്കുന്നു. പള്ളി പുനര്‍നിര്‍മാണം (മിക്കപ്പോഴും പാഴ്‌ചെലവ്), യതീംഖാന വിപുലീകരണം, പഴയ മദ്‌റസ ബില്‍ഡിംഗ് നവീകരണം, പുതിയതിന്റെ കോടികളുടെ ബജറ്റുളള ആസൂത്രണ രേഖ... ഇങ്ങനെ പോവുന്നു ഇവരുടെ 'അനാവശ്യങ്ങളു'ടെ ലിസ്റ്റ്. നല്ല പ്രവര്‍ത്തനങ്ങളെയൊന്നും അവഹേളിക്കുകയല്ല. സമുദായത്തെ ദോഷകരമായി ബാധിക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഓര്‍മപ്പെടുത്തുക മാത്രമാണ്. വിദേശത്തു വന്നുപോവാനുളള യാത്രാ ചെലവ്, അയാള്‍ക്കുള്ള കമീഷന്‍ ഉള്‍പ്പെടെ നല്‍കണം പാവം പ്രവാസികള്‍...!
നല്‍കിയ സ്വദഖയുടെ എത്രഭാഗം ഈ സദുദ്യമത്തിന് വിനിയോഗിക്കും? വാട്‌സ്ആപ്പ് പോലുള്ള സോഷ്യല്‍ മീഡിയയുടെ കൂട്ടായ്മകള്‍ ബഹുഭൂരിഭാഗം മഹല്ലിലും ഉണ്ടായിരിക്കെ, യാത്രയും കമീഷനുമടക്കമുള്ള ഈ അനാവശ്യ ചെലവ് എന്തിന്? ആര്‍ക്കു വേണ്ടി? ഇതിനെ പ്രോത്സാഹിപ്പിക്കുന്നത് ആര്?
പള്ളി ആരാധനാലയമാവേണ്ടിടത്ത് ആര്‍ഭാടാലയമാവുന്നു. എയര്‍കണ്ടീഷനുകള്‍ വരെ ഫിറ്റ് ചെയ്ത് മത്സരബുദ്ധിയോടെ പള്ളികള്‍ പുനര്‍നിര്‍മിക്കുമ്പോള്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമേകാന്‍ ഇവര്‍ക്കെങ്ങനെ സാധിക്കും? വിശ്വസിക്കുന്നത് അല്ലാഹുവില്‍. പ്രവാചകനെയും ഖുര്‍ആനിനെയും പ്രമാണങ്ങളെയും അംഗീകരിക്കുന്നു. എല്ലാവര്‍ക്കും വേണ്ടത് സ്വര്‍ഗവും. എന്നിട്ടും ഒരു നാട്ടില്‍ മൂന്നും നാലും പള്ളി-മദ്‌റസകള്‍. ഇവിടെയാണ് പ്രവാസത്തിന്റെ വിയര്‍പ്പുതുള്ളിയുടെ വിലയറിയേണ്ടത്. ഒരു നേരത്തെ അന്നത്തിനു വേണ്ടി കുടിയേറിയ ഈ പുറവാസികളെയാണല്ലോ പലരും ചൂഷണം ചെയ്യുന്നത്. ഈ വിഷയത്തെക്കുറിച്ച് ഒരു പുനര്‍ വിചിന്തനം അനിവാര്യമായിരിക്കെ ഈ പ്രവണത അവസാനിപ്പിക്കാന്‍ അതത് മഹല്ല് ഭാരവാഹികള്‍ ഇടപെടണം.
Comments