നമ്മുടെ ജനാധിപത്യത്തോടുള്ള ചോദ്യങ്ങളാണിവര്‍
ചെയ്യാത്ത തെറ്റിന് വര്‍ഷങ്ങളോളം ജയിലിലാവുക, മാനസികവും ശാരീരികവുമായ കൊടിയ പീഡനങ്ങളുടെ ആഴക്കടല്‍ താണ്ടി അവസാനം നിരപരാധിയെന്ന് പ്രഖ്യാപിക്കപ്പെട്ട് മോചിപ്പിക്കപ്പെടുക, തങ്ങളെ അന്യായമായി മനഃപൂര്‍വം ജയലിലടച്ചവര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി, തങ്ങളില്‍നിന്ന് അപഹരിച്ച വിലപ്പെട്ട വര്‍ഷങ്ങള്‍ക്കും അവസരങ്ങള്‍ക്കും അഭിമാനത്തിനും യാതൊരുവിധ നഷ്ടപരിഹാരവും ലഭിക്കാതിരിക്കുക, നിരപരാധികളായി മോചിതരായിട്ടും പൊതു സമൂഹത്തില്‍ തീവ്രവാദിയായി ജീവിക്കേണ്ടിവരിക. മക്കാ മസ്ജിദ്, മാലേഗാവ് സ്‌ഫോടനങ്ങള്‍ പോലുള്ള തങ്ങള്‍ അറസ്റ്റ് ചെയ്യപ്പെട്ട കേസുകളിലെയും യഥാര്‍ഥ പ്രതികള്‍ ഹിന്ദുത്വ ഭീകരരാണെന്ന് തെളിയുകയും അവരില്‍ പലരും പിടിക്കപ്പെടുകയും കുറ്റസമ്മതം നടത്തുകയും ചെയ്തിട്ടുപോലും മുസ്‌ലിം യുവാക്കളുടെ പീഡനവും തടവറ ജീവിതവും തുടരുകയായിരുന്നു....
പ്രത്യേക സമുദായത്തില്‍ പിറന്നതുകൊണ്ട് ഭീകരമുദ്ര ചാര്‍ത്തപ്പെട്ട് ദുരിതമനുഭവിക്കുന്ന നൂറുകണക്കിനാളുകളാണ് നമ്മുടെ രാജ്യത്തുള്ളത്. ഇവര്‍ നമ്മുടെ ജനാധിപത്യത്തിന് മുന്നിലെ വലിയ ചോദ്യങ്ങളാണ്. ഇവരുടെ ശബ്ദം കൂടുതല്‍ ഉച്ചത്തില്‍ മുഴങ്ങേണ്ടത് കുടുസ്സായിക്കൊണ്ടിരിക്കുന്ന നമ്മുടെ ജനാധിപത്യത്തിന്റെ നിലനില്‍പിന് അനിവാര്യമാണ്. ഈ തിരിച്ചറിവാണ് സോളിഡാരിറ്റിയെ 'ഭീകരാക്രമണ' കേസുകളിലെ നിരപരാധികള്‍ ഒത്തുചേരുന്നു എന്ന തലക്കെട്ടിലുള്ള പരിപാടിയുടെ സംഘാടനത്തിന് പ്രേരിപ്പിച്ചത്.
രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ ഭീകരമുദ്ര ചാര്‍ത്തപ്പെട്ട ശേഷം നിരപരാധികളെന്ന് കണ്ടെത്തി വിട്ടയക്കപ്പെട്ടവരുടെ ഒത്തുചേരല്‍ കോഴിക്കോട് ടാഗോര്‍ ഹളില്‍ മാര്‍ച്ച് 11-നാണ് നടന്നത്. സാമൂഹിക പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും അക്കാദമിക വിദഗ്ധരും പൊതുജനങ്ങളും അടങ്ങിയ വലിയ സദസ്സിന് മുന്നിലാണ് നിരപരാധികള്‍ തങ്ങളുടെ ദയനീയ അനുഭവങ്ങള്‍ വിവരിച്ചത്. ഇന്നസെന്‍സ് നെറ്റ്‌വര്‍ക്ക് ഇന്ത്യ സംഘടിപ്പിച്ച രണ്ടാം പീപ്പ്ള്‍സ് ട്രൈബ്യൂണലിന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ആതിഥേയത്വം വഹിക്കുകയായിരുന്നു.
സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്, സൗത്ത് ഏഷ്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഡോക്യുമെന്റേഷന്‍ സെന്റര്‍, പീപ്പ്ള്‍സ് വാച്ച്, പി.യു.സി.എല്‍, ക്യുല്‍ ഫൗണ്ടേഷന്‍, ഹ്യൂമന്‍ റൈറ്റ്‌സ് ലോ നെറ്റ്‌വര്‍ക്‌സ്, ഇന്‍സാഫ്, എ.പി.സി.ആര്‍, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, ജെ.ടി.എസ്.എ, എന്‍.സി.എച്ച്.ആര്‍.ഒ, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, മൈനോറിറ്റി റൈറ്റ്‌സ് വാച്ച്, പീപ്പ്ള്‍സ് മൂവ്‌മെന്റ എഗയ്ന്‍സ്റ്റ് ന്യൂക്ലിയര്‍ എനര്‍ജി എന്നീ സംഘടനകളുടെ കൂട്ടായ്മയാണ് ഇന്നസന്‍സ് നെറ്റ്‌വര്‍ക്. രാജ്യത്തെ വിവിധ തീവ്രവാദ-ഭീകരവാദ കേസുകളിലെ നിരപരാധികളും ഇരകളും 2016 ഒക്‌ടോബര്‍ 2-ന് ഇന്നസന്‍സ് നെറ്റ്‌വര്‍ക്കിനു കീഴില്‍ ദല്‍ഹിയില്‍ ഒരുമിച്ചുകൂടിയിരുന്നു. അതിന്റെ തുടര്‍ച്ചയായിരുന്നു ടാഗോര്‍ ഹാളിലെ പരിപാടി.
ഇന്ത്യയിലെ തീവ്രവാദ ഭീകരവാദ കേസുകളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറുകണക്കിന് മുസ്‌ലിം ചെറുപ്പക്കാര്‍ തടവില്‍ കഴിയുന്നുണ്ട്. നിരപരാധികളായ ഇവരുടെ കേസിലോ ഇവരുടെ കുടുംബത്തിന്റെ കാര്യങ്ങളിലോ ഇടപെടാന്‍ പോലും ആളുകള്‍ ഭയക്കുന്ന അവസ്ഥയാണ് ഉണ്ടായിരുന്നതെന്ന് സോളിഡാരിറ്റി പ്രസിഡന്റ് ടി. ശാകിര്‍ ആമുഖ ഭാഷണത്തില്‍ പറഞ്ഞു. രാജ്യത്തെ മാധ്യമങ്ങളുടെ നിലപാടുകളും വലിയ പ്രശ്‌നമാണ്. ഭീകരവാദ-തീവ്രവാദ കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെടുകയോ ആരോപിതരാവുകയോ ചെയ്യുമ്പോള്‍ വലിയ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍, നിരപരാധികളായി പ്രഖ്യാപിക്കപ്പെട്ട് അവര്‍ പുറത്തിറങ്ങുമ്പോള്‍ ആ വാര്‍ത്തകള്‍ അവഗണിക്കുകയാണ്. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും നീതി ലഭ്യമാക്കുകയെന്നതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യം. അതിനാല്‍ ഭീകരനിയമങ്ങളുടെ ഇരകളായ നിരപരാധികള്‍ക്കു വേണ്ടിയുള്ള ഈ ഇടപെടലുകളെ രാജ്യത്തെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനമായാണ് സോളിഡാരിറ്റി മനസ്സിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നസെന്‍സ് നെറ്റ്‌വര്‍ക്കിനെ പരിചയപ്പെടുത്തി ശാരിബ് അലി സംസാരിച്ചു. ഇന്ത്യയിലെ വിവിധ കേസുകളില്‍ കുടുങ്ങി ജയിലിലകപ്പെടുകയും മറ്റു പ്രശ്‌നങ്ങളില്‍ കുരുക്കപ്പെടുകയും ചെയ്ത ആളുകളുടെ കൂട്ടായ്മയാണ് ഇന്നസന്‍സ് നെറ്റ്‌വര്‍ക്ക്. മൂന്ന് തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ഈ കൂട്ടായ്മ മുന്നോട്ടുകൊണ്ടുപോകുന്നത്. കേസുകള്‍, പോലീസുമായി ബന്ധപ്പെട്ട നടപടികള്‍, കോടതി വ്യവഹാരങ്ങള്‍ എന്നിവയെ കുറിച്ചുള്ള സൂക്ഷ്മമായ പഠനമാണ് ഒരു പ്രവര്‍ത്തന മേഖല. ഇത്തരം പഠനങ്ങളുടെ തുടര്‍ച്ചയായി കുറ്റാരോപിതര്‍ക്ക് ആവശ്യമായ നിയമസഹായങ്ങളും നല്‍കി വരുന്നുണ്ട്. പല കേസുകളിലും മുന്നോട്ടുപോകാനും നെറ്റ്‌വര്‍ക്കിന് സാധിച്ചിട്ടുണ്ട്. ഇത്തരം കേസുകളില്‍ നിരപരാധികളെ കുരുക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസുകള്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്. തീവ്രവാദ ഭീകരവാദ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെയും കുടുംബത്തിന്റെയും പുനരധിവാസവും അനുബന്ധകാര്യങ്ങളുമാണ് നെറ്റ്‌വര്‍ക്ക് ഊന്നല്‍ നല്‍കുന്ന രണ്ടാമത്തെ മേഖല. ഇരകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം കൊടുക്കാനുള്ള പ്രവര്‍ത്തനങ്ങളും ഇതില്‍പെടുന്നുണ്ട്. മൂന്നാമത്തെ പ്രവര്‍ത്തനം, ഇത്തരം കേസുകള്‍ പൊതുജനങ്ങളില്‍ എത്തിക്കുക എന്നതാണ്. ഇരകള്‍ക്ക് പിന്തുണയാകുന്ന വിധത്തില്‍ പൗരരാഷ്ട്രീയത്തെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള കാമ്പയിനുകള്‍ അതിന്റെ ഭാഗമാണ്.
ജൂറിയെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും കുറിച്ച് വിശദീകരിച്ചത് മനീഷ സേഥിയായിരുന്നു. പ്രത്യേക കേസുകളില്‍ വര്‍ഷങ്ങളുടെ ജയില്‍വാസത്തിനു ശേഷം മോചിതരായ നിരപരാധികളാണ് ജൂറിക്ക് മുന്നിലെത്തുന്നത്. ഇത്തരം സംഭവങ്ങള്‍ ധാരാളമുണ്ടെങ്കിലും, സുപ്രീംകോടതി പോലും ചില കേസുകള്‍ കെട്ടിച്ചമച്ചതാണെന്ന് പ്രഖ്യാപിച്ചെങ്കിലും, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാന്‍ ഇവിടെയുള്ള നീതിന്യായ വ്യവസ്ഥക്ക് സാധിക്കുന്നില്ല. അതിന് സാധ്യമാകുന്ന ചില പരിഹാരങ്ങള്‍ ഇത്തരം ട്രയലുകളിലൂടെ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരപരാധികളായ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പല ലോക രാഷ്ട്രങ്ങളും സന്നദ്ധമായിട്ടുണ്ട്. ഇവിടെയും അത് സാധ്യമാക്കാനുള്ള ശ്രമങ്ങള്‍ക്ക് ഈ പരിപാടി പ്രേരണയാകണം. ദയനീയമായ കഥകള്‍ കേള്‍ക്കുകയെന്നതിലുപരി, നീതി പുലരുന്ന നാളേക്കു വേണ്ടിയുള്ള ഒരു ചുവടായാണ് ഈ പരിപാടിയെ കാണുന്നതെന്നും മനീഷാ സേഥി പറഞ്ഞു.
പ്രശസ്ത ചരിത്രകാരനും ഐ.സി.എച്ച്.ആര്‍ മുന്‍ ചെയര്‍മാനുമായ ഡോ എം.ജി.എസ് നാരായണന്‍, ഇന്റലിജന്‍സ് ബ്യൂറോ മുന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ കെ.എസ് സുബ്രഹ്മണ്യന്‍ ഐ.പി.എസ്, മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അഡ്വ. രവിവര്‍മ കുമാര്‍, ഡോ. സജ്ജാദ് ഹസന്‍ ഐ.എ.എസ്, മനുഷ്യാവകാശ പ്രവര്‍ത്തക അഡ്വ. വസുധ നാഗരാജ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ പ്രഫ. എം.വി നാരായണന്‍ എന്നിവരാണ് ജൂറി അംഗങ്ങളായുണ്ടായിരുന്നത്.
ഹുബ്ലി കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ഏഴു വര്‍ഷത്തോളം ജയിലിലായിരുന്ന കോഴിക്കോടുനിന്നുള്ള യഹ്‌യാ കമ്മുക്കുട്ടിയാണ് ആദ്യമായി ജൂറിക്ക് മുന്നില്‍ അനുഭവവിവരണം നടത്തിയത്. പോലീസും അനുബന്ധ സംവിധാനങ്ങളും കൃത്യമായ ആസൂത്രണത്തോടെ ഒരു കേസ് നിര്‍മിക്കുന്നതിന്റെ വലിയൊരു ഉദാഹരണമായിരുന്നു ഹുബ്ലി കേസ്. സിമിയുമായി ബന്ധമുള്ള ധാരാളം ആളുകളെ കുടുക്കാനുള്ള കഥയാണ് പോലീസ് നിര്‍മിച്ചത്. അതിന്റെ ഭാഗമായി യഹ്‌യയും കേസില്‍ അകപ്പെട്ടു.
ജൂറിക്ക് മുന്നില്‍ രണ്ടാമതായി അവതരിപ്പിക്കപ്പെട്ടത് ഹൈദരാബാദിലെ മക്കാമസ്ജിദ് കേസായിരുന്നു. ഒരു സംഘടനയുമായും ബന്ധമില്ലാത്ത ആളുകളെയും കേസുകളില്‍ കുടുക്കുമെന്നതിന് തെളിവായിരുന്നു ഈ കേസ്. സ്‌ഫോടനം നടന്ന ഉടനെ ഹൈദരാബാദിന്റെ ചുറ്റുമുള്ള 200-ലധികം മുസ്‌ലിം യുവാക്കളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അതില്‍ ഒരാളായിരുന്നു അന്ന് 19 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന സയ്യിദ് ഇംറാന്‍. 10 കിലോഗ്രാം ആര്‍.ഡി.എക്‌സ് വീട്ടില്‍ സൂക്ഷിച്ചുവെന്നായിരുന്നു ആരോപണമെങ്കിലും 18 മാസത്തെ ജയില്‍വാസത്തിന് ശേഷം നിരപരാധിയാണെന്ന് കണ്ട് വെറുതെ വിട്ടു.
ജൂറിയുടെ മുമ്പില്‍ വന്ന അടുത്ത കേസ് സര്‍ക്കാറും അതിന്റെ സംവിധാനങ്ങളും മുസ്‌ലിം യുവാക്കളെ കേസുകളില്‍ കുടുക്കുന്നതിന്റെ മറ്റൊരു ശൈലി പരിചയപ്പെടുത്തുന്നതായിരുന്നു. ദല്‍ഹി സ്വദേശിയും ഐ.ബി ഇന്‍ഫോര്‍മറുമായിരുന്ന ഇര്‍ശാദ് അഹ്മദ് മാലിക് ആണ് പോലീസിനു വേണ്ടി ജോലി ചെയ്യുമ്പോള്‍ അവരുടെ ആഗ്രഹത്തിനൊത്ത് പ്രവര്‍ത്തിക്കാത്തതിനാല്‍ തന്നെ കേസില്‍ കുടുക്കിയ കഥ വിവരിച്ചത്. ആയുധങ്ങള്‍ സൂക്ഷിച്ചെന്നായിരുന്നു ഇര്‍ശാദിനെതിരായ കേസ്. എന്നാല്‍ അവയെല്ലാം പോലീസ് നല്‍കിയ ആയുധങ്ങളായിരുന്നെന്ന് സി.ബി.ഐ അന്വേഷണത്തില്‍ തെളിഞ്ഞു. മൂന്നു വര്‍ഷത്തെ തടവിനു ശേഷം ജാമ്യത്തിലിറങ്ങിയെങ്കിലും പത്തു വര്‍ഷം കേസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലായിരുന്നു ഇര്‍ശാദ്.
നഷ്ടപരിഹാരത്തിനും മറ്റുമായുള്ള പോരാട്ടത്തിന്റെ ഉദാഹരണമായിരുന്നു അടുത്തതായി പരിഗണിച്ച കേസ്. ജയ്പൂര്‍ ബോംബ് സ്‌ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് 9 ദിവസം ജയിലിലായിരുന്ന റാശിദ് ഹുസൈനാണ് തുടര്‍ന്ന് ജൂറിക്ക് മുന്നില്‍ അനുഭവങ്ങള്‍ വിവരിച്ചത്. ഇന്‍ഫോസിസില്‍ ജോലി ചെയ്യുമ്പോഴാണ് അദ്ദേഹം കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. അദ്ദേഹത്തിന്റെ ജോലി നഷ്ടമായി. എന്നാല്‍ തുടര്‍ച്ചയായ നിയമപോരാട്ടത്തിനൊടുവില്‍ ഇന്‍ഫോസിസ് അദ്ദേഹത്തിന് നഷ്ടപരിഹാരം നല്‍കി.
സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചാരണങ്ങള്‍ നടത്തിയെന്ന കേസില്‍ അറസ്റ്റിലാവുകയും ജയിലിലാവുകയും ചെയ്ത മലയാളിയായ ശാഹുല്‍ ഹമീദിന്റെ കേസാണ് തുടര്‍ന്ന് ജൂറിക്ക് മുന്നില്‍ പരിഗണനക്ക് വന്നത്. തന്റെ പേരില്‍ മറ്റാരോ എഡിറ്റ് ചെയ്ത് ഉണ്ടാക്കിയത് തെളിവാക്കിയാണ് ഈ യുവാവിനെ അറസ്റ്റ് ചെയ്തത്. പുതിയകാലത്ത് മുസ്‌ലിം യുവാക്കളുടെ പൊതു ഇടങ്ങളിലുള്ള ഇടപെടലുകളെ നിയന്ത്രിക്കുന്നതിന്റെ വ്യക്തമായ ഉദാഹരണമായിരുന്നു ഈ കേസ്. തുടര്‍ന്ന് പാനായിക്കുളം കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നിസാര്‍ ആണ് അനുഭവങ്ങള്‍ വിശദീകരിച്ചത്. സാധാരണ നടക്കാറുള്ള ഒരു പരിപാടിയില്‍ പങ്കെടുത്തവരെ ആസൂത്രിതമായി കേസില്‍ കുടുക്കിയതിന്റെ ഉദാഹരണമായിരുന്നു നിസാറിന്റെ അനുഭവങ്ങള്‍.
അഹ്മദാബാദിലെ ടിഫിന്‍ ബോക്‌സ് ബോംബ് സ്‌ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഹനീഫ് പാക്കറ്റ്‌വാലയാണ് തുടര്‍ന്ന് അനുഭവം വിവരിച്ചത്. അഹ്മദാബാദ് സ്‌ഫോടനത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലും മറ്റും സജീവമായിരുന്ന ഹനീഫിനെയും കൂട്ടുകാരെയും പോലീസ് നോട്ടമിട്ട് കേസില്‍ കുടുക്കുകയായിരുന്നു. തുടര്‍ച്ചയായ 14 വര്‍ഷമാണ് ഹനീഫ് ജയിലില്‍ കിടന്നത്.
അവസാനമായി പരിഗണിക്കപ്പെട്ട കേസ് മാപ്പുസാക്ഷിയെന്ന പഴുത് ഉപയോഗിച്ച് മുസ്‌ലിം യുവാക്കളെ കേസുകളില്‍ കുടുക്കുന്നതിന്റെ ഉദാഹരണമായിരുന്നു. മാലേഗാവില്‍ ബറാഅത്ത് രാവില്‍ നടന്ന സ്‌ഫോടനത്തില്‍ അറസ്റ്റിലാവുകയും പിന്നീട് മാപ്പുസാക്ഷിയാക്കുകയും ചെയ്ത അബ്‌റാര്‍ അഹ്മദാണ് അനുഭവങ്ങള്‍ വിവരിച്ചത്. മാലേഗാവ് സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതും അവര്‍ക്ക് രക്തം നല്‍കിയതും മറ്റും അബ്‌റാര്‍ അടക്കമുള്ള സംഘമായിരുന്നു. അതിനിടയില്‍ അവരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മാലേഗാവ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട മുസ്‌ലിം യുവാക്കള്‍ക്കെതിരെ ഹാജരാക്കപ്പെട്ട ഏകതെളിവ് അബ്‌റാറിന്റെ മാപ്പുസാക്ഷി മൊഴിയായിരുന്നു. എന്നാല്‍ തന്നെ പീഡിപ്പിച്ചും നിര്‍ബന്ധിച്ചുമാണ് മാപ്പുസാക്ഷി മൊഴി നടത്തിച്ചതെന്ന് അബ്‌റാര്‍ പറഞ്ഞു. പിന്നീട് സഹോദരന്റെ സഹായത്തോടെ നിരന്തരമായ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് മോചിതനായത്.
തുടര്‍ന്ന് ക്യുല്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ കെ.കെ സുഹൈല്‍ ഇന്ത്യയിലെ ഭീകരവാദ തീവ്രവാദ കേസുകളുടെ പൊതുസ്വഭാവത്തെ കുറിച്ച് സംസാരിച്ചു. ഇവിടെ അനുഭവങ്ങള്‍ വിവരിച്ചവര്‍ മാത്രമാണ് ഇന്ത്യയില്‍ ഇത്തരം കേസുകളില്‍ കുടുങ്ങിയ നിരപരാധികളൈന്ന് തെറ്റിദ്ധരിക്കരുതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. കൃത്യമായ ഭരണകൂട പദ്ധതിയായിതന്നെ നടപ്പാക്കപ്പെടുന്ന ഒന്നാണിത്. ഉദാഹരണത്തിന് മഹാരാഷ്ട്രയിലാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 92 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 42 പേരുടെ വിധികളാണ് പുറത്തുവന്നത്. അതില്‍ 39 പേരെയും നിരപരാധികളെന്ന് കണ്ടെത്തി വെറുതെവിട്ടു. മൂന്നു പേരാണ് കുറ്റക്കാരാണെന്ന് തെളിഞ്ഞത്. ഇതില്‍നിന്ന് രാജ്യത്തെ മൊത്തം കേസുകളുടെ സ്വഭാവം മനസ്സിലാക്കാവുന്നതാണ്.
ഇന്ത്യയിലെ ടെറര്‍ കേസുകളെ പൊതുവെ ആറായി തിരിക്കാം. അതില്‍ അഞ്ചും കെട്ടിച്ചമക്കപ്പെട്ടതാണ്: 1. തീര്‍ത്തും നിരപരാധിയായ ഒരാളെ അറസ്റ്റ് ചെയ്ത് പീഡിപ്പിച്ച് കുറ്റം സമ്മതിപ്പിക്കുക. ഇവിടെ അനുഭവം പറഞ്ഞ സയ്യിദ് ഇംറാന്റെ കേസ് ഇതിനുദാഹരണമാണ്. 2. പോലീസ് തങ്ങളുടെ ഇന്‍ഫോര്‍മര്‍മാരെ ഉപയോഗപ്പെടുത്തി മറ്റുള്ളവരെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ച് കുറ്റം ചെയ്യിച്ച് കേസില്‍ കുടുക്കുക. ഇര്‍ശാദ് അഹ്മദ് മാലിക് കേസ് ഈ ഇനത്തിലാണ് ഉള്‍പ്പെടുത്താനാവുക. 3. ഇന്‍ഫോര്‍മര്‍മാരെ തന്നെ കെട്ടിച്ചമച്ച കേസില്‍ കുടുക്കുക. അവരെ ഉപയോഗിച്ച് തെളിവുകള്‍ നിര്‍മിക്കുക. അബ്‌റാര്‍, ഇര്‍ശാദ് കേസുകളില്‍ ഇതാണ് സംഭവിച്ചത്. 4. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ പ്രത്യേക സമുദായത്തിലോ വിഭാഗത്തിലോ പെട്ടവരാണെങ്കില്‍ ടെററിസ്റ്റ് എന്ന കാറ്റഗറിയില്‍ അറസ്റ്റ് ചെയ്യുകയെന്നതാണ് അടുത്ത ഇനം. സാധാരണ കേസിനേക്കാള്‍ പേരും സമ്മാനങ്ങളും പോലീസിന് നേടാമെന്നതാണ് ടെറര്‍ കേസുകളിലേക്ക് ഇവ മാറ്റുന്നതിന്റെ നേട്ടം. 5. പ്രൊപഗണ്ടയുടെ അടിസ്ഥാനത്തിലുള്ള കേസുകള്‍. ഉദാഹരണം ശാഹുല്‍ ഹമീദ് കേസ്. ഇവിടെ ഒരു കുറ്റവും ചെയ്യുകയോ കോടതിയില്‍ ആരോപിക്കുകയോ പോലീസ് പ്രതിചേര്‍ക്കുകയോ ചെയ്യാതെ ഒരാളെ സമൂഹത്തിനു മുന്നില്‍ കുറ്റക്കാരനാക്കുന്ന പ്രചാരണങ്ങളാണ് നടക്കുന്നത്. 6. യഥാര്‍ഥ ഭീകരവാദ കേസുകള്‍. ഇസ്‌ലാമിന്റെ പേരിലുള്ള തീവ്രവാദ കേസുകള്‍ രാജ്യത്ത് വളരെ കുറവാണ്. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത 5328 ഭീകരവാദ കേസുകളില്‍, 42 ശതമാനം ഇടത് തീവ്രവാദികളുടേതാണ്. 35 ശതമാനം പലവക എന്ന ഇനത്തിലും 22 ശതമാനം വിഘടനവാദത്തിന്റെ ഇനത്തിലുമാണ്. 0.93 ശതമാനം മാത്രമാണ് ഇസ്‌ലാമിക ഭീകരവാദമെന്ന പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. എന്നാല്‍ മാധ്യമങ്ങളെല്ലാം ഈ ചെറിയ വിഭാഗത്തിലാണ് കേന്ദ്രീകരിക്കുന്നത്.
ഇത്തരം കേസുകളുടെ പ്രയോജനം ആര്‍ക്ക് എന്നതും പ്രധാന ചോദ്യമാണ്. ആയുധനിര്‍മാണ കമ്പനികളാണ് പ്രധാനപ്പെട്ട ഒരു വിഭാഗം. സി.സി.ടി.വി മുതലുള്ള എല്ലാ സെക്യൂരിറ്റി ഉപകരണങ്ങളുടെയും മാര്‍ക്കറ്റും ഇതിലൂടെ നിലനില്‍ക്കുന്നു. സാമുദായിക ധ്രുവീകരണത്തിലൂടെ വോട്ടുകള്‍ നേടി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുന്നവരാണ് ഈ കേസുകളില്‍നിന്ന് പ്രയോജനം ലഭിക്കുന്ന അടുത്ത വിഭാഗം. തങ്ങളുടെ പദവികളുയര്‍ത്താനും സമ്മാനങ്ങളും പ്രതിഫലങ്ങളും നേടാനും കേസുകളെ ഉപയോഗിക്കുന്ന പോലീസ് ഓഫീസര്‍മാരാണ് മറ്റൊരു വിഭാഗം. പാര്‍ശ്വവല്‍കരിക്കപ്പെട്ടവരെ കൂടുതല്‍ തള്ളിമാറ്റാനും ഇതുവഴി കഴിയുമെന്നും കെ.കെ സുഹൈല്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ െടറര്‍ കേസുകളെക്കുറിച്ച് സമഗ്ര ധാരണ പകര്‍ന്നുനല്‍കുന്നതായിരുന്നു സുഹൈലിന്റെ അവതരണം. ക്യുല്‍ ഫൗണ്ടേഷന്‍ പ്രതിനിധി ഫവാസ് ശഹീന്‍ ആയിരുന്നു പരിപാടിയുടെ അവതാരകന്‍.
Comments