Prabodhanm Weekly

Pages

Search

2017 മാര്‍ച്ച് 31

2995

1438 റജബ് 03

സ്വാഹിബു യാസീന്‍ കഥപറയുന്നു

ടി.ഇ.എം റാഫി വടുതല

ഞാന്‍ സ്വാഹിബു യാസീന്‍-വിശുദ്ധ ഖുര്‍ആന്റെ ഹൃദയം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സൂറത്തുയാസീനിലെ കഥാപുരുഷന്‍. പട്ടണത്തിന്റെ അങ്ങേയറ്റത്തുനിന്ന് ഓടിവന്ന ഒരാള്‍ എന്നാണ് ഖുര്‍ആന്‍ എന്നെ പരിചയപ്പെടുത്തുന്നത്. എന്റെ പേരും നാടുമൊന്നും പരാമര്‍ശിച്ചില്ല. അതില്‍ എനിക്ക് പരിഭവവും ഇല്ല. എന്റെ പേര് ഹബീബുന്നജ്ജാര്‍ എന്നാണെന്നും നാട് അന്തോഖിയ ആണെന്നും ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറഞ്ഞിട്ടുണ്ട്. മറ്റു ചിലര്‍ 'സ്വാഹിബുയാസീന്‍' എന്നാണ് വിശേഷിപ്പിച്ചത്. ചുടുരക്തം കൊണ്ട് ഞാനെഴുതിയ എന്റെ ആദര്‍ശചരിതം ഖുര്‍ആന്‍ അനശ്വരമാക്കി. പിന്നെ എന്തിനാണ് എന്റെ പേര് പറയുന്നത്? ദൈവിക ദര്‍ശനത്തിനു വേണ്ടി ഞാന്‍ ചെയ്ത തേജസ്സാര്‍ന്ന മാതൃക അല്ലാഹു അവന്റെ വിശുദ്ധ വേദഗ്രന്ഥത്തില്‍ അനാവരണം ചെയ്തതില്‍ ഞാന്‍ ഏറെ സന്തുഷ്ടനാണ്. സൂറത്തുയാസീനിലെ സൂക്തങ്ങളിലൂടെ എന്റെ ജീവിതം വിശ്വാസികളുടെ ഹൃദയങ്ങളിലും അധരങ്ങളിലും ജീവിക്കുന്നു എന്നറിയുമ്പോള്‍ ഞാന്‍ ഏറെ ഹര്‍ഷപുളകിതനാണ്. 

ഞാന്‍ എന്റെ കഥ പറയാം. കഥയില്ലാത്ത കഥയല്ല. എന്റെ ജീവിതത്തിന്റെ വിയര്‍പ്പും രക്തവും ചേര്‍ത്തെഴുതിയ ചരിത്രകഥ. മൂസായെയും ഹാറൂനെയും (അ) ഈജിപ്തിലെ ഫിര്‍ഔന്റെ അടുത്തേക്ക് അയച്ചതുപോലെ എന്റെ നാട്ടിലേക്കും രണ്ട് പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ടു. ജനം പരിഹാസത്തോടെ അവരെ തള്ളിക്കളഞ്ഞു. വ്യാജവാദികള്‍ എന്ന് മുദ്രകുത്തി. മൂന്നാമതൊരു ദൂതനെ നിയോഗിച്ചുകൊണ്ട് ഇവര്‍ ദൈവദൂതന്മാര്‍ തന്നെയാണ് എന്ന വാദത്തിന് പിന്‍ബലം നല്‍കി. മൂവര്‍ സംഘം ഞങ്ങള്‍ പ്രവാചകന്മാര്‍ തന്നെ എന്ന് നിശ്ചയദാര്‍ഢ്യത്തോടെ വിളിച്ചുപറഞ്ഞു. എന്റെ നാട്ടുകാര്‍ എതിര്‍വാദങ്ങളുന്നയിച്ചു. നിങ്ങള്‍ ഞങ്ങളെ പോലെയുള്ള മനുഷ്യര്‍ മാത്രമാണ്, നാഥന്‍ ഒരു വേദവും അവതരിപ്പിച്ചിട്ടേ ഇല്ല എന്നൊക്കെ. കാല്‍പനിക കഥകളിലെ ഇതിഹാസ കഥാപാത്രങ്ങളെ പോലെ പ്രവാചകന്മാരും അത്ഭുതങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നവരാകണം എന്നാണ് എന്റെ നാട്ടുകാരുടെ ബാലിശമായ അനുമാനം. കപട മാസ്മരികതയുടെ ഇരുമ്പുഭിത്തികള്‍ തകര്‍ത്ത് ജനഹൃദയങ്ങളില്‍ കൂടുകൂട്ടുന്നവരാണ് പ്രവാചകന്മാര്‍. അന്നം കഴിച്ചും അങ്ങാടിയിലൂടെ നടന്നും ജനസമ്പര്‍ക്കമുള്ളവരാണവര്‍. നിഗൂഢത നിറഞ്ഞ ചില്ലുകൊട്ടാരങ്ങളിലല്ല, ചില്ലുപോലെ തിളങ്ങുന്ന പകല്‍വെളിച്ചത്തില്‍ ജനങ്ങള്‍ക്കിടയിലാണ് പ്രവാചകന്മാര്‍ ജീവിക്കുന്നത്. എന്റെ നാട്ടുകാര്‍ അത്രക്ക് ചിന്തിച്ചുകാണില്ല. മാത്രമോ ദുശ്ശകുനമായിട്ടാണ് അവര്‍ ആ അനുഗ്രഹം നിറഞ്ഞ പ്രവാചകന്മാരെ കണ്ടത്. ബുദ്ധിപരമായ പ്രമാണങ്ങളിലൂടെയും സ്‌നേഹമസൃണമായ സാരോപദേശത്തിലൂടെയും മാനസാന്തരം സംഭവിക്കുന്നതിനു പകരം എന്റെ ജനത സത്യപ്രവാചകന്മാരെ കൊടിയ ശത്രുതയോടെയാണ് നേരിടാന്‍ ശ്രമിച്ചത്. 

പ്രോജ്ജ്വലമായ പ്രബോധന ദൗത്യത്തിനു നേരെ ഹൃദയം കൊട്ടിയടക്കപ്പെട്ടവര്‍ അതിനീചമായ സമീപനം സ്വീകരിക്കുമ്പോള്‍ ഞാനെങ്ങനെ മൗനിയായിരിക്കും? കൊടിയ തിന്മക്കെതിരെ കണ്ണടച്ചാല്‍ എന്നേക്കാള്‍ വലിയ ഊമപ്പിശാച് പിന്നെ ആരാണുള്ളത്? അതുകൊണ്ട് ഞാന്‍ ഓടി. ഒളിച്ചോട്ടമല്ല. പ്രവാചക പക്ഷത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള സമരപ്രയാണം. സ്വന്തം ജനത ബഹുദൈവത്വം നിറഞ്ഞ അപഥസഞ്ചാരത്തില്‍ കൂപ്പുകുത്തിക്കൊണ്ടിരിക്കുമ്പോള്‍ ആദര്‍ശത്തിന്റെ അന്തസ്സത്തയറിഞ്ഞ ഞാനെങ്ങനെ നിഷ്‌ക്രിയനാകും? ആദര്‍ശ പ്രവാചകന്മാരെ സമൂഹ മധ്യത്തില്‍ ജനം ഭര്‍ത്സിക്കുമ്പോള്‍ ഊര്‍ജസ്വലമായ ഒരു തത്ത്വസംഹിത നെഞ്ചോട് ചേര്‍ത്തുവെച്ച ഞാന്‍ വീടകങ്ങളിലെ സുഖശീതളഛായയില്‍ എങ്ങനെ നിഷ്‌ക്രിയനായിരിക്കും? അതിനാല്‍ ഞാന്‍ ഓടി. കുളമ്പുകള്‍ പാറയിലുരസി തീ പറപ്പിക്കുന്ന ഒരു കുതിരയുടെ കുതിപ്പായിരുന്നു അത്. സത്യസാക്ഷ്യം മനസ്സിലാക്കിയ ഒരു മനസ്സാക്ഷിയുടെ കര്‍മസാക്ഷ്യം പോലെ നെഞ്ചു വിരിച്ച് പ്രതിരോധം തീര്‍ത്തു. ആ പ്രവാചകന്മാരെ പിന്‍പറ്റാന്‍ എന്റെ ജനതയെ ഉപദേശിച്ചു. ആ പ്രവാചകന്മാരോ സന്മാര്‍ഗം സിദ്ധിച്ചവര്‍. അഗ്നിപരീക്ഷണം നിറഞ്ഞ പ്രബോധന ദൗത്യത്തിന് യാതൊരു പ്രതിഫലവും കൈപറ്റാത്തവര്‍. എന്നെ സൃഷ്ടിച്ച എന്റെ നാഥനു മാത്രമേ ഞാന്‍ സര്‍വസ്വവും വണങ്ങുകയുള്ളൂ എന്ന് ധീര നിലപാടെടുത്തവനാണ് ഞാന്‍. എന്റെ സൗഭാഗ്യവും ദൗര്‍ഭാഗ്യവും ആ സവിധത്തില്‍നിന്നാണ്. ഞാന്‍ മടങ്ങിച്ചെല്ലേണ്ടതും നാഥന്റെ മുന്നില്‍തന്നെ. ജീവരക്തം കൊണ്ട് ഹൃദയഭിത്തിയില്‍ എഴുതിവെച്ച ആദര്‍ശം അടിയറവ് പറയാനുള്ളതല്ല. അക്രമികളായ എന്റെ ജനതക്ക് മുമ്പില്‍ ഞാന്‍ ഉച്ചൈസ്തരം ഉദ്‌ഘോഷിച്ചു: ''നിങ്ങള്‍ കേട്ടുകൊള്ളുക. ഞാന്‍ എന്റെ രക്ഷിതാവില്‍ വിശ്വസിച്ചിരിക്കുന്നു.'' 

എന്റെ ജനത എനിക്കു നേരെ പാഞ്ഞടുത്തു. നിര്‍ദയം എന്നെ ആക്രമിച്ചു. പിശാചുക്കള്‍ ഹൃദയത്തില്‍ കൂടുകൂട്ടിയ ജനം എങ്ങനെയാണ് മനുഷ്യരെപ്പോലെ പെരുമാറുക? അജയ്യനും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍ വിശ്വസിച്ചു എന്നതല്ലാതെ ഒരു പാതകവും ഞാന്‍ ചെയ്തിട്ടില്ല എന്ന് എനിക്കുറപ്പുണ്ടായിരുന്നു. കിരാതമായ മര്‍ദനത്താല്‍ ശരീരം വേദനിക്കുമ്പോഴും എന്റെ മനസ്സ് സ്വര്‍ഗലോകം സ്വപ്‌നം കാണുകയായിരുന്നു. അല്ലാഹു അല്ലാതെ ഒരു ആരാധ്യനുമില്ലെന്ന ആദര്‍ശവാക്യം അധരങ്ങളില്‍ മന്ദസ്മിതം വിരിയിക്കുകയായിരുന്നു. നെഞ്ചില്‍ ആരൊക്കെയോ പ്രഹരിച്ചു. മുതുകില്‍ ശക്തമായി ഇടിച്ചു. ഉദരത്തില്‍ കഠിനമായി ചവിട്ടി. അത് എന്റെ ജീവിതത്തിന്റെ ചവിട്ടുപടി ആയിരുന്നു. രക്തസാക്ഷ്യത്തിലേക്കുള്ള ചവിട്ടുപടി. എന്റെ കുടല്‍മാല പുറത്തുവന്നു. വിശുദ്ധിയുടെ മാലാഖ എന്നെ മാടിവിളിച്ചു. 'അല്ലയോ സമാധാനം പ്രാപിച്ച സംതൃപ്ത ആത്മാവേ' എന്ന് എന്നെ അവര്‍ അഭിസംബോധന ചെയ്തു. ഐഹിക ലോകത്തിന്റെ പരീക്ഷണഭൂമിയില്‍നിന്ന് പ്രതിഫലം കൊയ്യുന്ന സ്വര്‍ഗഭൂമിയിലേക്കു ഞാന്‍ യാത്രയായി. രക്തസാക്ഷികളുടെ രത്‌നമാലയില്‍ തിളങ്ങുന്ന ഒരു താരമായി മാറിയ ഒരു തീര്‍ഥയാത്ര. 'രക്തസാക്ഷികളെ മരിച്ചുപോയവര്‍ എന്ന് പറയരുത്' എന്ന് അല്ലാഹു പറഞ്ഞത് എത്ര പരമാര്‍ഥം! ഖുര്‍ആനില്‍ വിശ്വാസികളുടെ ഹൃദയങ്ങളില്‍ മരിക്കാത്ത ഓര്‍മകളായി രക്തസാക്ഷികള്‍ അവശേഷിക്കുന്നു. അന്നു ഞാന്‍ പട്ടണത്തിന്റെ അങ്ങേയറ്റത്തുനിന്ന് ഓടിവന്നെങ്കില്‍ ഇന്നു ഞാന്‍ ഒരു പഞ്ചവര്‍ണക്കിളിയെപ്പോലെ സ്വര്‍ഗത്തില്‍ പാറിവന്നിരിക്കുന്നു. ഇപ്പോള്‍ ഞാന്‍ ചരിത്രത്തിലെ ഒരു കഥാപാത്രമല്ല, ഒരിക്കലും മരിക്കാത്ത രക്തസാക്ഷിയാണ്. സ്വര്‍ഗീയ വൃക്ഷങ്ങളുടെ ചെറുചില്ലകള്‍ തോറും ഞാന്‍ പാറിക്കളിക്കുന്നു. സുഖശീതള നിര്‍ഝരിയില്‍നിന്ന് ഞാന്‍ പാനം ചെയ്യുന്നു. ദൈവിക സിംഹാസനത്തിനു സമീപത്തെ വിളക്കുമാടത്തില്‍ ഞാന്‍ കുടുകൂട്ടുന്നു. മംഗളം ഈ സ്വര്‍ഗജീവിതം. നാഥന്‍ എന്നെ ആദരിച്ചു. വീഴ്ചകളൊക്കെയും പരിഹരിച്ചു. ആരൊക്കെയാണ് എന്റെ ഉറ്റ ചങ്ങാതിമാര്‍? പ്രവാചകന്മാര്‍, രക്തസാക്ഷികള്‍, സത്യസന്ധര്‍, സച്ചരിതര്‍..... സഹനത്തിന്റെ പ്രതീകങ്ങളായ നിശ്ചയദാര്‍ഢ്യമുള്ള പ്രവാചകന്മാര്‍... രക്തംകൊണ്ട് ദൗത്യം പൂര്‍ത്തീകരിച്ച യഹ്‌യ-സകരിയ്യ (അ)... ആസിയാ... സുമയ്യ... ഹംസ... മിസ്അ്ബ്... തുടങ്ങി പടക്കളങ്ങളില്‍ രക്തകുസുമങ്ങളായി മാറിയ ശുഹദാക്കള്‍...

അനുഗ്രഹനിബിഢമായ സ്വര്‍ഗീയാരാമങ്ങള്‍ കാണുമ്പോള്‍ വീണ്ടും ഭൂമിയിലേക്ക് വരാന്‍ തോന്നും. നശ്വരലോകത്ത് വീണ്ടും ജീവിക്കാനല്ല; ദൈവിക ദര്‍ശനത്തിന് പിന്തുണ നല്‍കി വീണ്ടും രക്തസാക്ഷിയാകാന്‍. രക്തസാക്ഷികളുടെ പ്രതിഫലം വീണ്ടും വീണ്ടും കരസ്ഥമാക്കാന്‍. എനിക്ക് ഒരേയൊരു ആഗ്രഹമേ ഉള്ളൂ-രക്തസാക്ഷികളായ പ്രബോധകന്മാരുടെ അടങ്ങാത്ത ആഗ്രഹം. ശരീരത്തില്‍ വേദനയേറിയ പീഡനമേല്‍പ്പിച്ച ആ ജനം എനിക്കു കിട്ടിയ അനുഗ്രഹങ്ങളെ സംബന്ധിച്ച് ഒന്ന് അറിഞ്ഞിരുന്നുവെങ്കില്‍! അങ്ങനെ അവര്‍ അവരുടെ നിലപാട് മാറ്റിയിരുന്നെങ്കില്‍! ഇഹപരമോക്ഷത്തിന്റെ പ്രവാചകപാത അവരും പിന്തുടര്‍ന്നെങ്കില്‍! സ്വര്‍ഗീയയാരാമങ്ങളിലെ അനന്തമായ അനുഗ്രഹങ്ങളില്‍ അവരും കൂട്ടിനുണ്ടെങ്കില്‍ ആ ജീവിതം എത്ര ആഹ്ലാദകരം! എന്റെ രക്തസാക്ഷിത്വം ഐഹിക ലോകത്തിന്റെ കുടുസ്സുകളില്‍നിന്ന് സ്വര്‍ഗലോകത്തിന്റെ വിശാലതയിലേക്കുള്ള പ്രയാണമായിരുന്നു. അസത്യത്തിന്റെ അസഹ്യമായ അട്ടഹാസങ്ങളില്‍നിന്നു സത്യത്തിന്റെ നിത്യശാന്തിയിലേക്കുള്ള മൗനയാത്രയായിരുന്നു. അധര്‍മത്തിന്റെ ഭീകരതകളില്‍നിന്ന് ദൈവാനുഗ്രഹങ്ങളിലേക്കുള്ള ശാന്തിയാത്രയായിരുന്നു. സര്‍വോപരി പൈശാചികതയുടെ അന്ധകാരങ്ങളില്‍നിന്ന് ദൈവികപ്രകാശത്തിലേക്കുള്ള പലായനമായിരുന്നു. 

സൂറത്തുയാസീന്റെ ഹൃദയധമനികളിലൂടെ നിങ്ങള്‍ സഞ്ചരിക്കുമ്പോള്‍ പ്രവാചകദൗത്യം ശിരസ്സാവഹിച്ച എന്റെ ആദര്‍ശജീവിതം നിങ്ങള്‍ക്കും പ്രചോദനമാകണം. അക്രമികളായ ഭരണാധികാരികളും അവര്‍ക്ക് അടിപ്പെട്ട ജനതയും ആദര്‍ശ സംഘത്തിനു നേരെ നിഷ്ഠുരമായ അക്രമങ്ങള്‍ അഴിച്ചുവിടുമ്പോള്‍ സത്യത്തില്‍ നിലയുറപ്പിക്കാന്‍ അഭിനിവേശമുണ്ടാകണം. പ്രതിയോഗികള്‍ പ്രബോധകന്മാര്‍ക്കു നേരെ ഭര്‍ത്സനങ്ങള്‍ ചൊരിയുമ്പോള്‍ ഒരു ഗുണകാംക്ഷിയെപ്പോലെ അവരുടെ സന്മാര്‍ഗവും സ്വര്‍ഗവും സ്വപ്‌നം കാണാന്‍ കഴിയണം. ഞാന്‍ അല്ലാഹുവിന് കീഴ്‌പ്പെട്ടവനാണെന്ന് സ്വയം പ്രഖ്യാപിച്ചുകൊണ്ട് അല്ലാഹുവിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നവനാണല്ലോ ആകാശത്തിനു കീഴെ ഉത്തമവചനം ഉദ്‌ഘോഷിച്ചവന്‍. തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കുന്ന ഉത്തമ മാര്‍ഗമാണല്ലോ പ്രബോധകന്റെ പാത. ശത്രുവിനെയും മിത്രമാക്കുന്ന മാസ്മരിക വിദ്യയത്രെ പ്രബോധകന്റെ സമീപനം. മഹാ സൗഭാഗ്യവാന്മാരുടെ ഉറച്ച നിലാപാടാണ് പ്രബോധനത്തിന്റെ സഹനപാത. സൂറത്തുയാസീന്റെ മഹത്വമറിഞ്ഞും എന്റെ ചരിത്രമറിഞ്ഞും ഖുര്‍ആന്‍ ഓതി മുസ്വ്ഹഫില്‍ മുത്തം വെക്കുന്ന വിശ്വാസിയോട് ഒരു ചോദ്യം: 'അല്ലയോ സോദരാ, ആദര്‍ശത്തിനു നേരെ ലോകം കൊലവിളിക്കുന്ന, വംശീയതയുടെ ലോകക്രമത്തില്‍ നീ പ്രവാചക ദര്‍ശനത്തിന് പിന്തുണ കൊടുക്കുമോ? കാത്തിരിക്കാം ഞാന്‍ ശുഹദാക്കളോടൊപ്പം പറുദീസയില്‍ നിന്റെ വരവും കാത്ത്.' 

''സത്യവിശ്വാസികളില്‍ ചില ആളുകളുണ്ട്. അല്ലാഹുവുമായി ചെയ്ത കാരാറിന്റെ കാര്യത്തില്‍ സത്യസന്ധത പുലര്‍ത്തിയവര്‍. അങ്ങനെ തങ്ങളുടെ പ്രതിജ്ഞ പൂര്‍ത്തീകരിച്ചവര്‍. അതിനായി അവസരം പാര്‍ത്തിരിക്കുന്നവരുമുണ്ട്. ആ കരാറില്‍ ഒരു മാറ്റവും അവര്‍ വരുത്തിയിട്ടില്ല'' (അല്‍ അഹ്‌സാബ് 23). 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (32 - 40)
എ.വൈ.ആര്‍

ഹദീസ്‌

സമര പാതയില്‍ തളരാതെ
കെ.സി ജലീല്‍ പുളിക്കല്‍