സ്വര്‍ഗം കിനാവ് കാണുന്നവര്‍
സ്വര്‍ഗം കിനാവ് കാണാന്‍ എളുപ്പം. നാഥനോട് സ്വര്‍ഗം ചോദിച്ചു വാങ്ങാന്‍ മനസ്സ് വെമ്പുക സ്വാഭാവികം. എന്നാല്‍ അത് നേടിയെടുക്കാനായി അവനവനെ സജ്ജമാക്കാനാണ് പാട്. ചിലപ്പോള്‍ അത് ഏറെ ദുഷ്‌കരമെന്ന് തോന്നും. സ്വര്‍ഗത്തിന്റെ വഴിയില്‍ നടക്കുക നമ്മുടെ വരുതിയില്‍ വരുന്ന കാര്യമല്ലെന്നു വരെ തീരുമാനിച്ചേക്കും. വേണ്ടത് എന്താണ്? സംസ്‌കരണ(തര്‍ബിയ)ത്തിന്റെ വഴിയില്‍ ആദ്യത്തെ കാലടി വെക്കുക. തുടര്‍ന്ന് ശ്രദ്ധയോടെ അല്ലാഹുവിന്റെ തൃപ്തിയും സ്വര്‍ഗവും നേടണമെന്ന് തീരുമാനിക്കുക. സ്വര്‍ഗത്തോട് അനുരാഗവും അത് നേടിയെടുക്കാന്‍ ആഗ്രഹവും ആദ്യമുണ്ടാവട്ടെ. സ്വര്‍ഗം സ്വായത്തമാക്കാന്‍ തീരുമാനിച്ചാല്‍ അതിനായുള്ള ശ്രമം ആയാസരഹിതമാവും. തീരുമാനത്തെ അരക്കിട്ടുറപ്പിക്കണം. പ്രതിജ്ഞ ഇടക്കിടെ പുതുക്കണം.
അതിനായി തര്‍ബിയത്തിന്റെ വഴിയില്‍ അത്യധ്വാനം ചെയ്യണം. ലക്ഷ്യം നേടാനായി യത്‌നിക്കണം. ത്യാഗവും മനനവും വേണം. കടമ്പകള്‍ താണ്ടണം. സ്വന്തത്തെ മെരുക്കണം, മുതല്‍മുടക്കണം. വേദനകളും വൈഷമ്യങ്ങളും മറികടക്കണം. ആപത്ഘട്ടങ്ങളെയും വിപല്‍സന്ധികളെയും മുറിച്ചുകടക്കണം. തര്‍ബിയത്തിലൂടെ ഈ കഴിവുകള്‍ ആര്‍ജിക്കണം.
എന്തിനാണ് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത്? മനുഷ്യന്‍ നന്മയുടെ മാര്‍ഗം സ്വീകരിക്കുന്നുവോ അതോ തിന്മയുടെ വഴിയെ പോകുന്നുവോ എന്നറിയാനാണ് അവന്‍ മനുഷ്യന് ജീവിതവും ജീവനും നല്‍കിയത്. നന്ദിയുടെ വഴിതേടുന്നുവോ അതോ നന്ദികേടിന്റെയോ? വിശ്വാസം സ്വീകരിക്കുകയാണോ, അതോ നിഷേധവുമായി നടക്കുകയാണോ? ഏകദൈവത്തിന് വഴിപ്പെടുന്നുവോ അതോ ഇതരര്‍ക്ക് അടിമപ്പെടുന്നുവോ? ഈ പരീക്ഷണമാണ് നടക്കുന്നത്.
''നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍'' (അല്‍മുല്‍ക് 2). ''തീര്‍ച്ചയായും നാം അവന് വഴികാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകില്‍ അവന്‍ നന്ദിയുള്ളവനാകുന്നു, അല്ലെങ്കില്‍ നന്ദികെട്ടവനാകുന്നു'' (അദ്ദഹ്ര്‍ 3).
പരീക്ഷയില്‍ തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം നല്‍കി എന്നുള്ളത് ശരി. അത് നല്‍കേണ്ടതുമുണ്ട്. നിര്‍ബന്ധിതാവസ്ഥയില്‍ പരീക്ഷ നടത്തുന്നതില്‍ അര്‍ഥമില്ല. അത് അല്ലാഹുവിന്റെ കാരുണ്യത്തില്‍നിന്നും നീതിയില്‍നിന്നും അകലെയുമാണ്. ഇനി പരീക്ഷണകാലമോ, അതും വിസ്മയകരം തന്നെ. പരീക്ഷാ കാലം വളരെ ഹ്രസ്വവും കുറഞ്ഞതും. എന്നാല്‍ അതിന്റെ പരിണിതഫലമായ നരകമോ സ്വര്‍ഗമോ അറ്റമില്ലാത്ത ശാശ്വത കാലത്തേക്കും!
''നിങ്ങളുടെ അടുത്തുള്ളത് തീര്‍ന്നുപോകും. അല്ലാഹുവിന്റെ അടുക്കലുള്ളതോ എന്നെന്നും അവശേഷിക്കും'' (അന്നഹ്ല്‍ 96).
സ്വര്‍ഗപ്രാപ്തിയെ തര്‍ബിയത്തുമായി ബന്ധിച്ചിരിക്കുന്നു. ജീവിതത്തിന്റെ അന്തിമ ലക്ഷ്യം സ്വര്‍ഗപ്രവേശമാണല്ലോ. സ്വര്‍ഗീയ വഴിയില്‍ നിലയുറപ്പിച്ച് മുന്നോട്ടുപോകുന്നതു തന്നെ ഒരു സ്വര്‍ഗീയാനുഭവമാണല്ലോ. സ്വര്‍ഗം നേടാന്‍ വേണ്ടത് ത്യാഗവും സമര്‍പ്പണവുമാണ്. സ്വര്‍ഗലബ്ധിക്കു വേണ്ടി പരിശ്രമിക്കാനുള്ള ഉത്തരവാദിത്തം അല്ലാഹു മനുഷ്യനെ തന്നെ ഏല്‍പിച്ചിരിക്കുകയാണ്. ''വഴികാണിക്കേണ്ടത് നമ്മുടെ ചുമതലയാണ്. ഭൗതികവും പാരത്രികവുമായ ലോകത്തിന്റെ കടിഞ്ഞാണ്‍ നമ്മുടെ കൈയില്‍തന്നെ'' (അല്ലൈല്‍ 12,13).
''എന്നാല്‍ ഏതൊരാള്‍ ദാനം നല്‍കുകയും സൂക്ഷ്മത പാലിക്കുകയും ഏറ്റവും ഉത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്തുവോ അവനും ഏറ്റവും എളുപ്പമായതിലേക്ക് സൗകര്യപ്പെടുത്തിക്കൊടുക്കുന്നതാണ്'' (അല്ലൈല്‍ 5-7).
''നിങ്ങള്‍ക്ക് ആശ്വാസം നല്‍കാനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല'' (അല്‍ബഖറ 185). ''നിങ്ങള്‍ക്ക് ഭാരം കുറച്ചുതരണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നു. ദുര്‍ബലനായിക്കൊണ്ടാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്'' (അന്നിസാഅ് 28).
അദ്ദീനു യുസ്ര്‍- ദീന്‍ എളുപ്പമാണ്. ദീനിന്റെ വഴി, തര്‍ബിയത്തിന്റെയും സ്വര്‍ഗത്തിന്റെയും വഴിയാണ്. മുന്നൊരുക്കത്തോടെയും വിഷമങ്ങള്‍ സഹിച്ചും, സ്വസഹോദരങ്ങളെ സ്വര്‍ഗത്തിലേക്കും മഗ്ഫിറത്തിലേക്കും ക്ഷണിക്കുക. ദീനിനെ ആയാസരഹിതമായി അവതരിപ്പിക്കാനാണ് നബി(സ) പഠിപ്പിച്ചിട്ടുള്ളത്. ഇടുക്കവും ഞെരുക്കവും ഉണ്ടാക്കരുത്. 'ആളുകള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. പ്രയാസമുണ്ടാക്കി അവരെ വെറുപ്പിക്കരുത്' (മുസ്‌ലിം).
നാം ഏതൊരു പരീക്ഷയിലാണോ, അതിന്റെ അന്തിമ ലക്ഷ്യം ദീന്‍ അനുസരിച്ച് ജീവിക്കലാണ്. അങ്ങനെ സ്വര്‍ഗം നേടുക. ഇതൊരു ദുര്‍ഘടപാതയായി കരുതിക്കൂടാ. അല്ലാഹു മനുഷ്യനെ സ്വര്‍ഗത്തിന്റെ പ്രവിശാലതയിലേക്കാണ് വിളിക്കുന്നത്.
''അക്കൂട്ടര്‍ നരകത്തിലേക്ക് ക്ഷണിക്കുന്നു. അല്ലാഹുവാകട്ടെ, അവന്റെ ഹിതമനുസരിച്ച് സ്വര്‍ഗത്തിലേക്കും പാപമോചനത്തിലേക്കും ക്ഷണിക്കുന്നു'' (അല്‍ബഖറ 221). ''അല്ലാഹു ശാന്തിയുടെ ഗേഹത്തിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു'' (യൂനുസ് 25). ''നിങ്ങളുടെ രക്ഷിതാവില്‍നിന്നുള്ള പാപമോചനവും ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിയില്‍ മുന്നേറുക'' (ആലുഇംറാന്‍ 133).
വിശ്വാസത്തോടെയും അര്‍പ്പണബോധത്തോടെയുമാണ് സംസ്‌കരണപ്രക്രിയ നടക്കുക. നിങ്ങളുടെ കര്‍മങ്ങളെ വൃഥാവിലാക്കാന്‍ അല്ലാഹു നിങ്ങളെ പരീക്ഷിക്കുകയില്ല. നിങ്ങള്‍ നശിക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നില്ല. ''നിങ്ങള്‍ നന്ദികാണിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന പക്ഷം നിങ്ങളെ ശിക്ഷിച്ചിട്ട് അല്ലാഹുവിനെന്തു കാര്യം. അല്ലാഹു കൃതജ്ഞനും സര്‍വജ്ഞനുമല്ലോ'' (അന്നിസാഅ് 147).
അല്ലാഹു മനുഷ്യമനസ്സ് അറിയുന്നവനാണ്. മനസ്സിനെ അവന്‍ നന്മയില്‍ താല്‍പര്യമുള്ളതാക്കി. നന്മയെ നല്ലതായി തോന്നിച്ചു. മനുഷ്യന്‍ എത്ര മോശമായാലും നന്മയോടുള്ള അവന്റെ താല്‍പര്യം നശിക്കുകയില്ല. പാറപ്പുറത്ത് ചെടി വളരുന്നില്ലെങ്കില്‍ കുറ്റം മഴയുടേതല്ല, നാം നമ്മുടെ മനസ്സിനെ സ്വഛമനസ്സായി (ഖല്‍ബുന്‍ സലീം) പരിവര്‍ത്തിപ്പിക്കണം. അങ്ങനെ അത് യുസ്ര്‍- എളുപ്പം- ഉള്ളതായി മാറും.
''അവന് നാം ഏറ്റവും എളുപ്പമായതിലേക്ക് എളുപ്പമാക്കിക്കൊടുക്കുന്നതാണ്'' (അല്ലൈല്‍ 7). എളുപ്പമുള്ളതിലേക്ക് എളുപ്പമാക്കി എന്നാണല്ലോ പറഞ്ഞത്. 'അല്‍ യുസ്‌റ'യില്‍ ചരിക്കുന്നതിന് മനുഷ്യന് വഴി സരളമാക്കി എന്ന് പറയുമ്പോള്‍ ആ പ്രയോഗത്തിന്റെ സാഹിത്യ ഭംഗി എത്രയെന്ന് നോക്കൂ. ഖല്‍ബുന്‍ സലീം നിര്‍മിതി അപ്പോള്‍ വളരെ ലളിതം.
ചില സംസ്‌കരണ പ്രക്രിയകള്‍ -തര്‍ബിയത്ത്- നിര്‍ബന്ധമായും നിര്‍വഹിക്കേണ്ടതാണ്. നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയവ ഉദാഹരണം. വാസ്തവത്തില്‍ ജീവിതത്തില്‍ നാം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും മനസ്സിനെ അലട്ടുന്ന ഓരോ കാര്യവും ആകാശഭൂമിക്കിടയില്‍ സംഭവിക്കുന്ന ഏതു കാര്യവും മനുഷ്യനെ സംസ്‌കരിക്കാന്‍ പോന്ന 'മുറബ്ബി'യുടെ റോളിലാണ്. എന്തെങ്കിലും ഒരു കാര്യം, ഒരു പാഠം ഏതു സംഭവത്തിലും ഉണ്ടാവാം. ആ കാര്യത്തെ നാം തിരിച്ചറിയണം. സംസ്‌കൃതചിത്തനായി അല്ലാഹുവിന്റെ വഴിയിലൂടെ നടന്നുനീങ്ങുന്ന ഒരാള്‍ സ്വര്‍ഗസ്ഥനാകുമെന്നതില്‍ സംശയമില്ല.
(ഖുര്‍റം മുറാദിന്റെ ഒരു ലേഖനത്തോട് കടപ്പാട്)
Comments