Prabodhanm Weekly

Pages

Search

2017 മാര്‍ച്ച് 31

2995

1438 റജബ് 03

സാമൂഹിക പ്രവര്‍ത്തനം ദേശദ്രോഹമാകുന്നതെങ്ങനെ?

ഹനീഫ് പാക്കറ്റ്‌വാല

2002-ലെ ഗോധ്ര തീവി തീവെപ്പു സംഭവത്തിന്റെ തുടര്‍ച്ചയാണ് 14 വര്‍ഷം നീണ്ട എന്റെ കാരാഗൃഹവാസം. തീവെപ്പിനെത്തുടര്‍ന്ന് ഗുജറാത്തില്‍ ആളിപ്പടര്‍ന്ന വര്‍ഗീയ കലാപത്തില്‍ ഇരകളാക്കപ്പെട്ടവര്‍ക്ക് പുനരധിവാസ ക്യാമ്പ് സംഘടിപ്പിക്കുന്നതിനും അവര്‍ക്ക് സഹായമെത്തിക്കുന്നതിനും ഞങ്ങളുടെ പ്രദേശത്ത് ഞാന്‍ മുമ്പിലുണ്ടായിരുന്നു. എട്ട് മാസം ആ ക്യാമ്പില്‍ സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായത് പക്ഷേ ചില രാഷ്ട്രീയക്കാര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും അത്ര രസിച്ചില്ല. അവര്‍ അന്നേ എന്നില്‍ കണ്ണുവെച്ചിരിക്കണം. അങ്ങനെ 2003 ഏപ്രില്‍ മാസത്തില്‍ ചില ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നട്ടപ്പാതിരക്ക് ഞങ്ങളുടെ വീടിന്റെ കതകില്‍ മുട്ടി. വാതില്‍ തുറന്ന പ്രായം ചെന്ന എന്റെ മാതാവിനോട് അവര്‍ എന്നെ അന്വേഷിക്കുന്നതു കേട്ടാണ് ഞാനും സഹോദരനും ഞങ്ങളുടെ മുറികളില്‍നിന്ന് പുറത്തേക്കുവന്നത്. പോലീസുകാര്‍ എന്നെ കൂട്ടിക്കൊണ്ടുപോകുന്നത് തടയാന്‍ ശ്രമിച്ച ഉമ്മയെ തട്ടിവീഴ്ത്തി അവര്‍ എന്നെയും കൊണ്ട് മുന്നോട്ടുനീങ്ങി. അവന്‍ ചെയ്ത തെറ്റെന്താണെന്ന മാതാവിന്റെ ചോദ്യത്തിന് അവരൊന്നും  പറയുന്നുണ്ടായിരുന്നില്ല.

പിറ്റേന്ന് വിവരമറിയാന്‍ കുടുംബാംഗങ്ങള്‍ അഹ്മദാബാദിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതാണെന്നും മൂന്നു ദിവസത്തിനുശേഷം വിട്ടയക്കുമെന്നുമായിരുന്നു ലഭിച്ച മറുപടി. എന്നാല്‍ 12 ദിവസം കഴിഞ്ഞിട്ടും വിട്ടയച്ചില്ല. തുടര്‍ന്ന് കീഴ്‌ക്കോടതിയില്‍ സഹോദരന്‍ ഹരജി നല്‍കിയപ്പോഴാണ് 2003-ലെ അഹ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ബസ്സുകളില്‍ ഉണ്ടായ ടിഫിന്‍ ബോംബ് സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ത്താണ് അവര്‍ എന്നെ കുരുക്കിയതെന്ന കാര്യം ഞാന്‍ ഉള്‍പ്പെടെ എല്ലാവരും അറിയുന്നത്. അതില്‍തന്നെ ബോംബ് സ്‌ഫോടനത്തിന് പൈപ്പില്‍ ചുവന്ന പൊടി നിറച്ചു എന്ന് മാത്രമാണ് കാരണമായി പറഞ്ഞത്. ആ പൊടിയുടെ പേര് പോലും പറഞ്ഞിട്ടില്ല. നിരവധി വെള്ളക്കടലാസുകളില്‍ ഒപ്പു ചാര്‍ത്താനും നിര്‍ബന്ധിച്ചു. സത്യത്തില്‍ ആ സ്‌ഫോടനവുമായി ഞങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.  പിന്നീട് സബര്‍മതി സെന്‍ട്രല്‍ ജയിലിലേക്കാണ് കൊണ്ടുപോയത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നിരപരാധി എന്ന് വിധി പറഞ്ഞ് സുപ്രീം കോടതി വിട്ടയക്കുന്നതുവരെ നീണ്ട 14 വര്‍ഷം എന്റെ ജീവിതം ഹോമിക്കപ്പെട്ടത് ആ തടവറക്കകത്താണ്. അന്യായമായ, അകാരണമായ ആ നീണ്ട ജയില്‍വാസം എന്റെ നല്ല കാലം കവര്‍ന്നെടുത്തു.

ആദ്യത്തെ ആറുമാസം ഭീകരവാദികളായി കണ്ടാണ് ജയിലുദ്യോഗസ്ഥര്‍ ഞങ്ങളോട് പെരുമാറിയത്. എന്നാല്‍ സഹതടവുകാരുമായി നല്ല പെരുമാറ്റമായിരുന്നു ഞങ്ങളുടേത്. അതിലൂടെ ഞങ്ങള്‍ ദേശദ്രോഹപ്രവര്‍ത്തനമൊന്നും നടത്തിയിട്ടില്ലെന്ന് അവര്‍ക്ക് ബോധ്യമായിരിക്കണം. അതില്‍പിന്നെ ജയിലില്‍ വലിയ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നിട്ടില്ല. എന്നാല്‍ കേസ് നടക്കുന്ന കാലത്ത് ഞങ്ങളെ കോടതിയിലേക്ക് കൊണ്ടുപോകില്ല. ഞങ്ങളുമായി ബന്ധപ്പെടാനും സംസാരിക്കാനും വരെ തുടക്കത്തില്‍ പലര്‍ക്കും പേടിയായിരുന്നു. ഒടുവില്‍ 2006-ല്‍ ഞങ്ങള്‍ 17 കുറ്റാരോപിതരില്‍ 12 പേരെ വിട്ടയച്ചുകൊണ്ടും ബാക്കി ഞാനുള്‍പ്പെടെ അഞ്ച് പേര്‍ക്ക് പോട്ട നിയമപ്രകാരം പത്ത് വര്‍ഷം തടവ് വിധിച്ചുകൊണ്ടും കോടതി വിധി വന്നു. ഇതിനെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു ഞങ്ങള്‍ ഹരജി സമര്‍പ്പിച്ചെങ്കിലും ശിക്ഷ ജീവപര്യന്തമാക്കി വര്‍ധിപ്പിച്ച വിചിത്ര വിധിയാണുണ്ടായത്. ഒടുവില്‍ പല ആക്ടിവിസ്റ്റുകളുടെയും മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെയും സഹായത്തോടെ കേസ് സുപ്രീം കോടതിയിലെത്തി. അതേ തുടര്‍ന്നാണ് ഇപ്പോള്‍ പുറംലോകം കണ്ടിരിക്കുന്നത്, ദൈവത്തിന് സ്തുതി.

പക്ഷേ, നീണ്ട പതിനാല് വര്‍ഷത്തെ ജയില്‍ വാസത്തിനിടെ ജീവിതത്തിലുണ്ടായ പ്രയാസങ്ങള്‍ കണ്ണീരില്‍ കുതിര്‍ന്നതാണ്. അറസ്റ്റ് ചെയ്യപ്പെടും മുമ്പ് ഒരു ചെറിയ ബിസിനസ് നടത്തിയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. അതാകെ തകര്‍ന്നുപോയി. ഇപ്പോള്‍ 22 വയസ്സുള്ള മൂത്ത മകള്‍, അതിനു താഴെയുള്ള മൂന്ന് ആണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന എന്റെ മക്കള്‍ അന്ന് വളരെ ചെറുപ്രായത്തിലുള്ളവരായിരുന്നു. അവര്‍ക്ക് പിതൃവാത്സല്യം പകര്‍ന്നുകൊടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല. എല്ലാവര്‍ക്കും ഉയര്‍ന്ന വിദ്യാഭ്യാസം ആര്‍ജിക്കാനായി. ജയില്‍വാസക്കാലത്ത് ഇക്കാര്യങ്ങളൊക്കെയും നോക്കി നടത്തിയത് എന്റെ സഹോദരനാണ്. 

എന്നാല്‍ ഇതിനിടെ മൂന്ന് കടുത്ത പരീക്ഷണങ്ങള്‍ കൂടി ഞാന്‍ ഏറ്റുവാങ്ങി. എന്നെയോര്‍ത്ത് എന്നും വിങ്ങിപ്പൊട്ടുന്ന എന്റെ പ്രിയ മാതാവ് 2007-ല്‍ മരണപ്പെട്ടു. എല്ലാം കണ്ടും സഹിച്ചും മാനസികമായി തകര്‍ന്ന് രോഗം പിടിപെട്ട് എന്റെ പ്രിയതമ 2008-ലും ഇഹലോകവാസം വെടിഞ്ഞു. അതിനുശേഷം കുടുംബഭാരം ചുമലിലേറ്റിയ എന്റെ മൂത്ത സഹോദരി 2010-ലും അല്ലാഹുവിങ്കലേക്ക് യാത്രയായി. അതില്‍ ഒരാളുടെയും രോഗകാലത്തോ മരണാസന്ന വേളയിലോ താങ്ങാവാന്‍ എനിക്ക് കഴിഞ്ഞില്ലല്ലോ.... ആ സങ്കടങ്ങള്‍ക്ക് എന്താണ് പകരമുള്ളത്..... അവരില്‍നിന്ന് എന്നെ അടര്‍ത്തി പറിച്ചുകൊണ്ടുപോയത് എന്തിന്റെ പേരിലാണ്...? 

എങ്കിലും ഇവിടെ പ്രതീക്ഷ കൈവിട്ടിട്ടില്ല. മനുഷ്യത്വവും നീതിയും എന്റെ നാട്ടില്‍ മരിച്ചിട്ടില്ലെന്ന പ്രതീക്ഷ. ഉദ്യോഗസ്ഥരിലും നല്ലവരു്. അവരിലൂടെ മനുഷ്യത്വവും നീതിയും ഇവിടെ നിലനില്‍ക്കട്ടെ. 

തയാറാക്കിയത്: റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (32 - 40)
എ.വൈ.ആര്‍

ഹദീസ്‌

സമര പാതയില്‍ തളരാതെ
കെ.സി ജലീല്‍ പുളിക്കല്‍