Prabodhanm Weekly

Pages

Search

2017 മാര്‍ച്ച് 31

2995

1438 റജബ് 03

പുടിന്‍ ഒളിപ്പിച്ചുവെച്ച ടൈം ബോംബ്

അബൂസ്വാലിഹ

വളാദിമിര്‍ പുടിന്‍ റഷ്യന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രണ്ടാമൂഴത്തില്‍ അദ്ദേഹം ഇസ്‌വെസ്തിയ (2011 ഒക്‌ടോബര്‍ 4) ദിനപത്രത്തില്‍ സ്വന്തം പേരില്‍ ഒരു മുഴുപ്പേജ് ലേഖനം പ്രസിദ്ധീകരിച്ചു. യൂറോപ്യന്‍ യൂനിയന് ബദലായി ഒരു യൂറേഷ്യന്‍ യൂനിയന്‍ (Eurasian Union) തന്റെ സ്വപ്‌ന പദ്ധതിയാണെന്ന് അതിലദ്ദേഹം വിശദീകരിച്ചു. അത് സാധ്യമാകണമെങ്കില്‍ മുമ്പ് സോവിയറ്റ് റിപ്പബ്ലിക്കുകളായിരുന്ന, ഇപ്പോള്‍ സ്വതന്ത്ര രാഷ്ട്രങ്ങളായിത്തീര്‍ന്ന പ്രദേശങ്ങളുടെ ഏകീകരണം സാധ്യമാവണം. യൂറോപ്യന്‍ യൂനിയനെ എതിരിട്ടുകൊണ്ടല്ലാതെ ഈ പദ്ധതി വിജയത്തിലെത്തിക്കാനാവില്ല. ഇതിനെ അന്നത്തെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ 'മേഖലയെ പുനഃസോവിയറ്റ് വത്കരിക്കാനുള്ള നീക്കം' എന്നാണ് വിശേഷിപ്പിച്ചത്. 

വളാദിമിര്‍ പുടിന്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ കളികള്‍ക്ക് പിന്നിലെല്ലാം യൂറേഷ്യന്‍ യൂനിയന്‍ എന്ന സ്വപ്‌ന പദ്ധതി ഒളിഞ്ഞിരിപ്പുണ്ട്. ഈ അഭിനവ സാര്‍ ചക്രവര്‍ത്തിയുടെ സാമ്രാജ്യത്വ മോഹങ്ങള്‍ അദ്ദേഹം നടത്തുന്ന ഓരോ നീക്കത്തിലും പ്രതിഫലിക്കുന്നുമുണ്ട്. യൂറോപ്യന്‍ യൂനിയനെ ശിഥിലീകരിക്കുന്നതിനാണ് ഇപ്പോള്‍ പ്രാമുഖ്യം നല്‍കുന്നത്. അതിനാല്‍ തന്നെ, യൂറോപ്യന്‍ രാഷ്ട്രങ്ങളിലെ സകല തീവ്ര വലതുപക്ഷ കക്ഷികള്‍ക്കും പുടിനുമായുമുള്ള അടുത്ത ബന്ധം ഒട്ടും യാദൃഛികമല്ല. ട്രംപിന് അനുകൂലമായും ഹിലരിക്ക് പ്രതികൂലമായും ജനവികാരം തിരിച്ചുവിടാന്‍ കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഹാക്കര്‍മാര്‍ നടത്തിയ 'വെളിപ്പെടുത്തലുകള്‍' ഹിലരിയുടെ തോല്‍വിക്ക് മുഖ്യകാരണമായി എന്ന് നിരീക്ഷിക്കപ്പെട്ടിരുന്നുവല്ലോ. 

ശുദ്ധ വംശീയതയാണ് പുടിന്റെയും തുരുപ്പുചീട്ട്. സ്ലാവ് വംശജരല്ലാത്ത റഷ്യക്കാര്‍ അപരന്മാരാക്കപ്പെടുന്നു. കൊക്കേഷ്യന്‍, ഉസ്‌ബെക്കിയന്‍ (ഇവരില്‍ ഭൂരിഭാഗവും മുസ്‌ലിംകളാണ്) തുടങ്ങിയ വംശക്കാരോടും മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളില്‍നിന്ന് റഷ്യയില്‍ തൊഴില്‍ തേടിയെത്തുന്നവരോടും വംശീയ വിദ്വേഷം പുലര്‍ത്തുന്ന നിരവധി തീവ്ര വലതുപക്ഷ കക്ഷികളെ പുടിന്‍ പോറ്റിവളര്‍ത്തുന്നുണ്ട്. ഓര്‍ത്തഡോക്‌സ് ക്രൈസ്തവതയാണ് ഈ കക്ഷികളുടെ സൈദ്ധാന്തിക പിന്‍ബലം. പലതരത്തിലാണ് യൂറോപ്പില്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍. മാധ്യമങ്ങളില്‍ കള്ളക്കഥകള്‍ പടച്ചുവിടാന്‍ വലിയൊരു ശൃംഖലതന്നെയുണ്ട്. ജര്‍മനിയിലെത്തിയ സിറിയന്‍ അഭയാര്‍ഥികളില്‍ ചിലര്‍ ഒരു റഷ്യന്‍ യുവതിയെ പീഡിപ്പിച്ചു എന്ന കള്ളവാര്‍ത്ത ഇവരുടെ സൃഷ്ടിയായിരുന്നു. ജര്‍മന്‍ അധികൃതര്‍ വാര്‍ത്ത നിഷേധിച്ചിട്ടും കള്ളപ്രചാരണം തുടര്‍ന്നുകൊണ്ടിരുന്നു. തീവ്ര വലതുപക്ഷത്തിന് അനുകൂലമായ സാഹചര്യമൊരുക്കുകയായിരുന്നു ലക്ഷ്യം. വരാന്‍ പോകുന്ന ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ജര്‍മനിയിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും റഷ്യന്‍ ഇടപെടലുണ്ടാകുമെന്ന ആശങ്ക ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സോ ഓലന്റും ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജലാ മെര്‍ക്കലും പരസ്യമായി തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. തീവ്ര വലതു കക്ഷികളെ മില്യന്‍ കണക്കിന് ഡോളര്‍ നല്‍കി റഷ്യ സഹായിച്ചതിന്റെ വാര്‍ത്തയും ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. 

 

ബിന്‍ കീറാനെ മാറ്റിനിര്‍ത്തിയത് എന്തിന്? 

അബ്ദുല്‍ ഇലാഹ് ബിന്‍കീറാന്റെ നേതൃത്വത്തിലുള്ള ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി ഏതാനും വര്‍ഷങ്ങളായി മികച്ച ഭരണമാണ് മൊറോക്കോയില്‍ കാഴ്ചവെച്ചുകൊണ്ടിരുന്നത്. അറബ് വസന്തത്തിന്റെ പ്രതിവിപ്ലവ ആഘാതമേല്‍ക്കാതെ രാജ്യം രക്ഷപ്പെട്ടതിന് ഇതും ഒരു കാരണമാണ്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 395 അംഗ പാര്‍ലമെന്റില്‍ പാര്‍ട്ടി 125 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായതിനു പിന്നില്‍ ഭരണമികവും ബിന്‍കീറാന്റെ ജനസമ്മതിയും തുല്യ പങ്ക് വഹിച്ചിട്ടുണ്ട്. മുമ്പത്തെപ്പോലെ ഏതാനും കക്ഷികളെ കൂടെ നിര്‍ത്തി ഒരു കൂട്ടുകക്ഷിമന്ത്രിസഭ എളുപ്പം രൂപവത്കരിക്കാമെന്നായിരുന്നു പ്രതീക്ഷയെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞ് അഞ്ച് മാസം പിന്നിട്ടിട്ടും ബിന്‍കീറാന്‍ അതില്‍ പരാജയപ്പെടുകയായിരുന്നു. അതിനാല്‍ ബിന്‍കീറാനെ മാറ്റിനിര്‍ത്തി ജസ്റ്റിസ് ആന്റ് ഡെവലെപ്‌മെന്റ് പാര്‍ട്ടിയിലെ തന്നെ മറ്റൊരു നേതാവായ സഅ്ദുദ്ദീന്‍ ഉസ്മാനിയെ ഗവണ്‍മെന്റുണ്ടാക്കാന്‍ ക്ഷണിച്ചിരിക്കുകയാണ് മൊറോക്കന്‍ രാജാവ് മുഹമ്മദ് ആറാമന്‍. 

മൊറോക്കോയില്‍ ഏറ്റവും ജനപ്രീതിയുള്ള ബിന്‍കീറാനെ എന്തുവിലകൊടുത്തും മാറ്റിനിര്‍ത്താന്‍ തല്‍പര കക്ഷികള്‍ സമര്‍ഥമായി ചരടുവലിക്കുകയായിരുന്നുവെന്ന് വ്യക്തം. രണ്ടാമതൊരു അവസരം കൂടി കൊടുത്താല്‍ അദ്ദേഹത്തിന്റെ ജനപ്രീതി കൂടുകയല്ലാതെ കുറയില്ലെന്ന് പ്രതിയോഗികള്‍ക്ക് ഉറപ്പുണ്ട്. വ്യക്തി-പൊതുജീവിതത്തില്‍ അത്രയേറെ സംശുദ്ധി പുലര്‍ത്തുന്ന നേതാവാണ് അദ്ദേഹം. മൊറോക്കന്‍ നാട്ടുഭാഷയിലുള്ള അദ്ദേഹത്തിന്റെ പ്രസംഗം ജനലക്ഷങ്ങളെ ആകര്‍ഷിക്കുകയും ചെയ്യുന്നു. സോഷ്യലിസ്റ്റ് പാര്‍ട്ടിയായ അല്‍ ഇത്തിഹാദിനെ കൂട്ടുകക്ഷി ഭരണത്തില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ താന്‍ പറയുന്ന ഉപാധികള്‍ അംഗീകരിക്കണമെന്ന് മറ്റൊരു ഘടകകക്ഷിയായ തജമ്മുഉല്‍ വത്വനിയുടെ നേതാവ് അസീസ് അഖ്‌നശ് വാശിപിടിച്ചതാണ് പ്രതിസന്ധിക്ക് പ്രത്യക്ഷ കാരണം. ന്യായമല്ലാത്ത അത്തരം ഉപാധികള്‍ സ്വീകാര്യമല്ലെന്ന് ബിന്‍ കീറാനും വാദിച്ചു. 

സംഭവവികാസങ്ങള്‍ മൊത്തം പരിശോധിച്ചാല്‍ നേരത്തേ തിരക്കഥയെഴുതി തയാറാക്കിയ ഒരു നാടകമാണിതെന്ന് വ്യക്തമാവും. രാജാവിനും ഇതില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരുണ്ട്. ബിന്‍കീറാന്റെ വര്‍ധിച്ചുവരുന്ന ജനപ്രീതി തന്നെയാവാം അദ്ദേഹത്തെയും അലട്ടുന്നത്. സഅ്ദുദ്ദീന്‍ ഉസ്മാനി വരുന്നതോടെ ഇടഞ്ഞുനിന്ന കക്ഷികള്‍ നിലപാട് മയപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്. സീനിയര്‍ നേതാവാണെങ്കിലും ഭരണപരിചയം വേണ്ടത്രയില്ലാത്ത ഉസ്മാനിയെ - കഴിഞ്ഞ മന്ത്രിസഭയില്‍ അദ്ദേഹം കുറച്ചു കാലം വിദേശകാര്യമന്ത്രിയായിട്ടുണ്ട് - തങ്ങള്‍ വരച്ച വരയില്‍ നിര്‍ത്താമെന്നും ബിന്‍കീറാനെ ഒതുക്കാമെന്നും ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടിക്കകത്ത് കശപിശകള്‍ ഉണ്ടാക്കാമെന്നുമൊക്കെ പ്രതിയോഗികള്‍ കണക്കുകൂട്ടുന്നുണ്ടാവണം. 

 

ഹോളണ്ടില്‍നിന്ന് ചില ശുഭസൂചനകള്‍

തീവ്ര വലതു പക്ഷ ഭീഷണി തല്‍ക്കാലത്തേക്കെങ്കിലും ഒഴിഞ്ഞുപോയതിന്റെ ആശ്വാസത്തിലാണ് ഹോളണ്ട്. രണ്ടാഴ്ച മുമ്പ് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുപ്പത്തിയൊന്ന് സീറ്റുകള്‍ നേടി ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടി വീണ്ടും അധികാരത്തിലേക്ക്. മുമ്പത്തേക്കാള്‍ പത്ത് സീറ്റ് കുറഞ്ഞെങ്കിലും മറ്റു കക്ഷികളെ കൂട്ടുപിടിച്ച് മന്ത്രിസഭയുണ്ടാക്കാന്‍ പ്രയാസമുണ്ടാകാനിടയില്ല. അധികാരത്തിലെത്തിയാല്‍ ഖുര്‍ആന്‍ നിരോധിക്കുമെന്നും മുസ്‌ലിംകളെ പുറത്താക്കുമെന്നും പ്രകടനപത്രികയില്‍ എഴുതിവെച്ച ഗീര്‍ട്ട് വില്‍ഡേഴ്‌സിന്റെ ഫ്രീഡം പാര്‍ട്ടി 19 സീറ്റില്‍ ഒതുങ്ങി; കഴിഞ്ഞ തവണത്തേക്കാള്‍ നാല് സീറ്റ് അവര്‍ക്ക് അധികം ലഭിച്ചെങ്കിലും. വലിയ നേട്ടമുണ്ടാക്കിയത് ഇടത് ഗ്രീന്‍ പാര്‍ട്ടിയാണ്. 16 സീറ്റുകളാണ് അവര്‍ നേടിയത്. മുമ്പവര്‍ക്ക് നാല് സീറ്റുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 

തീവ്ര വലതുപക്ഷ ഫ്രീഡം പാര്‍ട്ടി അധികാരത്തിലെത്തിയേക്കുമെന്ന ഭീഷണി നിലനില്‍ക്കെയാണ് 150 അംഗ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ഫ്രീഡം പാര്‍ട്ടിക്ക് ഇത്തവണ അധികാരം പിടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവരുടെ കുടിയേറ്റ (മുസ്‌ലിം) വിരുദ്ധ നയങ്ങള്‍ മറ്റു കക്ഷികളെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ടെന്നാണ് തുര്‍ക്കി-ഹോളണ്ട് വഴക്ക് സൂചിപ്പിക്കുന്നത്. വിവിധ വംശീയതകളെ പ്രതിനിധീകരിച്ചിരുന്ന ലേബര്‍ പാര്‍ട്ടി വരെ അവരുടെ നയങ്ങളില്‍ വെള്ളം ചേര്‍ത്തു. അതില്‍ പ്രതിഷേധിച്ചാണ് തുര്‍ക്കി വംശജരും ലേബര്‍ പാര്‍ട്ടി നേതാക്കളുമായ തൂനഹാന്‍ കോസൂ, സല്‍ജൂഖ് ഓസ്തുര്‍ക്ക് എന്നിവര്‍ പാര്‍ട്ടി വിട്ട് ഉഋചഗ (ഈ ഡച്ച് വാക്കിന്റെ അര്‍ഥം 'ചിന്തിക്കൂ' എന്നാണ്) എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടത്. മൂന്ന് സീറ്റുകള്‍ നേടി ഈ പാര്‍ട്ടി ചരിത്രം കുറിക്കുകയും ചെയ്തു. മേല്‍പറഞ്ഞ രണ്ടു പേര്‍ക്ക് പുറമെ ഫരീദ് അസര്‍കാന്‍ എന്ന മൊറോക്കന്‍ വംശജനും പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിനു മുമ്പ് ഹോളണ്ടിലെ 150 നഗരങ്ങള്‍ സന്ദര്‍ശിച്ച് ഇവര്‍ വിപുലമായ പ്രചാരണങ്ങള്‍ നടത്തിയിരുന്നു. രണ്ട് ലക്ഷത്തിലധികം വോട്ടുകള്‍ അവര്‍ക്ക് ലഭിക്കുകയും ചെയ്തു. എല്ലാ വിഭാഗത്തിലെയും വോട്ടര്‍മാരെ അവര്‍ക്ക് സ്വാധീനിക്കാന്‍ കഴിഞ്ഞു. വലതുപക്ഷ നയങ്ങള്‍ ഏറ്റുപിടിച്ച ലേബര്‍ പാര്‍ട്ടിക്കാണ് ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത്. കഴിഞ്ഞ പാര്‍ലമെന്റില്‍ 38 സീറ്റുണ്ടായിരുന്ന അവര്‍ക്ക് 29 സീറ്റും നഷ്ടമായി. നയങ്ങള്‍ പുനഃപരിശോധിക്കാന്‍ ഇത് ലേബര്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചേക്കും. വലതുപക്ഷ ഭീഷണി ശക്തിപ്പെടുമ്പോഴും പ്രതീക്ഷക്ക് വകനല്‍കുന്ന സൂചനകളാണിതെല്ലാം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (32 - 40)
എ.വൈ.ആര്‍

ഹദീസ്‌

സമര പാതയില്‍ തളരാതെ
കെ.സി ജലീല്‍ പുളിക്കല്‍