സമാധാനത്തിനു വേണ്ടിയുള്ള ആവേശം
സമാധാനത്തിനു വേണ്ടിയുള്ള ആവേശം ഒരു തലക്കെട്ടോ, സംഘടനയുടെ പേരോ അല്ല, ഞങ്ങള്‍ നാദാപുരത്തെ പുതുതലമുറയുടെ സ്വപ്‌നമാണ്. ഒരു നാടിന്റെ നല്ല നാളെയെക്കുറിച്ച സഫലമാക്കേണ്ട സ്വപ്‌നം! കോഴിക്കോട് ജില്ലയിലെ നാദാപുരം പ്രദേശം. 1974-ല്‍ വാണിമേലില്‍ കുഞ്ഞിരാമന്‍ എന്ന തൊഴിലാളി വധിക്കപ്പെട്ടതു മുതല്‍ തുടങ്ങിയ സംഘര്‍ഷ പരമ്പര നാലു പതിറ്റാണ്ടുകള്‍ക്കിപ്പുറം ഇന്ന് നമ്മുടെ സഹോദരങ്ങളായ ഷിബിനിലും അസ്‌ലമിലും എത്തിനില്‍ക്കുന്നു. എന്നാല്‍ പലപ്പോഴും ഇത്തരം സംഘര്‍ഷങ്ങളുടെ അനന്തര ഫലം, ഒന്നുമറിയാത്ത സാധാരണക്കാരുടെ കിടപ്പാടവും ജീവിത സമ്പാദ്യങ്ങളും എല്ലാം നശിപ്പിക്കപ്പെടുക എന്നതായിരുന്നു, ഒപ്പം നാടിന്റെ സമാധാനവും നഷ്ടപ്പെടുന്നു. അമ്പലത്തിലെ ഉത്സവത്തിന്, പള്ളിയുടെ പിറകിലെ പറമ്പില്‍ അമ്പലരൂപം പണിത അതേ വെള്ളൂരിലെ എന്റെ കുടുംബവീട്ടിലായിരുന്നു, 2015 ജനുവരിയിലെ ഒരു കറുത്ത ദിവസം ഷിബിന്‍ വധവുമായി ബന്ധപ്പെട്ട് നടന്ന അക്രമത്തിനിടയില്‍ ഒന്നു ശ്വാസം വിടാന്‍ പോലും കഴിയാതെ അഗ്നിക്കിടയില്‍ മണിക്കൂറുകളോളം ഞാന്‍ 'മരിച്ചു ജീവിച്ചത്'......
ശേഷം, അഗ്നിക്കിരയായ വീടുകള്‍ കോടികള്‍ ചിലവഴിച്ച് പുനര്‍നിര്‍മിച്ചെങ്കിലും പുനര്‍നിര്‍മിക്കാന്‍ മറന്നുപോയ ഒന്നുണ്ടായിരുന്നു-സംഘര്‍ഷങ്ങള്‍കൊണ്ട് അറ്റു പോയ സാഹോദര്യ ബന്ധങ്ങള്‍. അതേക്കുറിച്ച തിരിച്ചറിവാണ് ഞങ്ങളെ ഉണര്‍ത്തിയത്. യുവതയുടെ കൈപ്പിഴയാണ് ഈ നാടിനെ ഇന്നത്തെ അവസ്ഥയിലേക്ക് തള്ളിവിട്ടതെന്ന് സത്യം ഉള്‍ക്കൊണ്ടു തന്നെ, നാടിന്റെ സമാധാനത്തിനും നാട്ടുകാരുടെ ഐക്യത്തിനും ഞങ്ങള്‍ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ജാതിയും മതവും പാര്‍ട്ടിയും പ്രസ്ഥാനവും നോക്കാതെ ഒരു കൂട്ടായ്മ രൂപീകരിച്ചത് ആ പശ്ചാത്തലത്തിലാണ്. ZEST FOR PEACE-സമാധാനത്തിനു വേണ്ടിയുള്ള ആവേശം-എന്ന് അതിനു പേരിട്ടു. ഇത് പെട്ടെന്നൊരു സുപ്രഭാതത്തില്‍ രൂപീകരിക്കപ്പെട്ടതായിരുന്നില്ല. ഒരു വര്‍ഷത്തോളം ഞങ്ങള്‍ ഇതിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും 250-ഓളം വീടുകള്‍ കയറിയിറങ്ങുകയും ചെയ്തു. എന്നാല്‍ ഈയൊരു കൂട്ടായ്മയെ ജനം സ്വീകരിക്കുമോയെന്ന് പേടിച്ച ഞങ്ങള്‍ക്ക് പതിന്മടങ്ങ് ഊര്‍ജം പകരുന്നതായിരുന്നു ഓരോ വീട്ടില്‍ നിന്നും ലഭിച്ച പ്രതികരണങ്ങള്‍. ഈ കൂട്ടായ്മ മുന്നോട്ടുപോകണമെന്നും ഞങ്ങള്‍ക്ക് സമാധാനം നേടിത്തരണമെന്നുമൊക്കെയായിരുന്നു വീട്ടുകാര്‍ പറഞ്ഞുകൊണ്ടിരുന്നത്. പല പ്രതിസന്ധികളും തരണം ചെയ്ത് ഞങ്ങള്‍ മുന്നോട്ടുനടന്നു. വിദ്യാഭ്യാസ-സാമൂഹിക മേഖലകളില്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചു.
2016 ഡിസംബര്‍ അവസാനത്തിലെ ഒരു സായാഹ്നത്തില്‍ ഞങ്ങള്‍ ഒരു സംഗമം നിശ്ചയിച്ചു. സാഹിത്യ പ്രതിഭയായ കെ.പി രാമനുണ്ണിയും പ്രമുഖ ഗാന്ധിയന്‍ റഹീം മാസ്റ്ററും പങ്കെടുക്കുന്ന സാഹോദര്യസംഗമം. വീടുവീടാന്തരം കയറി ഞങ്ങള്‍ എല്ലാവരെയും ക്ഷണിച്ചു. ആ ദിവസം വന്നെത്തി. സത്യം പറഞ്ഞാല്‍ ഞങ്ങളുടെ നാട്ടിലെ വ്യത്യസ്ത ജാതിമതപാര്‍ട്ടികളില്‍ പെട്ടവര്‍ ഒന്നിച്ചിരിക്കുന്ന ഒരു പരിപാടി നടന്ന കാലം തന്നെ ഞങ്ങള്‍ മറന്നിരുന്നു. അതുകൊണ്ടുതന്നെ ഇത് ഞങ്ങള്‍ക്കൊരു പരീക്ഷണമായിരുന്നു. വിദ്യാര്‍ഥികള്‍ മാത്രം ക്ഷണിച്ചതുകൊണ്ട് ജനങ്ങള്‍ വന്നെത്തുമെന്ന് ഞങ്ങള്‍ക്ക് യാതൊരുറപ്പുമില്ലായിരുന്നു. എല്ലാ ആശങ്കകളും കാറ്റില്‍ പറത്തി സാഹോദര്യ സംഗമത്തില്‍ 600-ലേറെ ആളുകള്‍ പങ്കെടുത്തു. യഥാര്‍ഥത്തില്‍ ഇത് ഞങ്ങള്‍ക്ക് നല്‍കിയത് ഒട്ടേറെ നല്ല സന്ദേശങ്ങളായിരുന്നു. കൂരിരുട്ടില്‍ വെളിച്ചത്തിന്റെ പുതിയ ഉദയവും സമാധാനത്തിന്റെ സ്‌നേഹഗീതികളും സമ്മാനിക്കാന്‍ ഞങ്ങള്‍ വിദ്യാര്‍ഥികളുടെ ഐക്യത്തിനും ദൃഢനിശ്ചയത്തിനും കഴിഞ്ഞിരിക്കുന്നു. ഇതൊരു പാഠമാണ്; പരസ്പരം കൊമ്പുകോര്‍ക്കുന്ന വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്ക്, അരുതായ്മകളില്‍ ആയുസ് നഷ്ടപ്പെടുത്തുന്ന യുവജനങ്ങള്‍ക്ക്......... അതേ, ഞങ്ങള്‍ ഇന്ന് പകര്‍ന്നു നല്‍കിയത് സാമാധാന സന്ദേശത്തിന്റെ 'ഒരു തുള്ളി' മാത്രമാണ്. ഇതൊരു 'പെരുവെള്ളമാക്കി മാറ്റാന്‍, വര്‍ഗീയതയും വിഭാഗീയതയും വെടിഞ്ഞ് ഐക്യവും ഒരുമയും നന്മയും മുറുകെ പിടിച്ചു കൊണ്ട് പ്രവര്‍ത്തിക്കാന്‍ എല്ലാ വിദ്യാര്‍ഥി കൂട്ടായ്മകള്‍ക്കും യുവജനസംഘങ്ങള്‍ക്കും കഴിയേണ്ടതുണ്ട്. പേനയും പുസ്തകവും എടുക്കേണ്ടതിനു പകരം, വടിവാളുകളെടുത്ത് തന്റെ കുടുംബത്തെ വഴിയാധാരമാക്കലല്ല ചോരത്തിളപ്പുളള യുവത്വത്തിന് ചെയ്യാനുള്ളത്. മറിച്ച് നാളെയുടെ വാഗ്ദാനങ്ങളെന്ന സ്ഥിരം ചൊല്ലില്‍ മതിമറക്കാതെ, ഇന്നിന്റെ സമൂഹത്തില്‍ നന്മയുടെയും സമാധാനത്തിന്റെയും കരുത്തുപകരലാണെന്ന തിരിച്ചറിവിന്റെ സൃഷ്ടിയായിരുന്നു ഞങ്ങളുടെ ഈ സംരംഭം. ഒപ്പം സൗഹൃദമെന്നത് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലോ, കവലകളിലെ കൂടിയിരുത്തങ്ങളിലോ ഒതുങ്ങേണ്ടതല്ലെന്നും ഈ സൗഹൃദ കൂട്ടായ്മക്ക് സാഹോദര്യത്തിന്റെ അറ്റുപോയ പല കണ്ണികളെയും ഒന്നിപ്പിക്കാന്‍ കഴിയുമെന്നുമുള്ള തിരിച്ചറിവും ഇത് പകര്‍ന്നുതരുന്നു.
(ZEST FOR PEACE-ന്റെ കണ്‍വിനറാണ് ലേഖകന്‍)
Comments