ആദിത്യനാഥും ബാബരി പ്രശ്‌നവും
വികസനത്തിന്റെ പാതയില്‍ സഞ്ചരിക്കുന്ന, അഴിമതിമുക്തവും ലഹളവിമുക്തവുമായ സംസ്ഥാനമാണ് തന്റെ ലക്ഷ്യമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റ തീവ്ര ഹിന്ദുത്വത്തിന്റെ വക്താവ് യോഗി ആദിത്യനാഥ് ആവര്‍ത്തിച്ചാണയിടുന്നുണ്ടെങ്കിലും, ബി.ജെ.പി അനുകൂലികള്‍ പോലും അത് മുഖവിലക്കെടുക്കുമെന്ന് തോന്നുന്നില്ല. വികസന അജണ്ടയുമായി യു.പി തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയ ബി.ജെ.പി കാര്യങ്ങള്‍ പന്തിയല്ലെന്ന് മനസ്സിലാക്കി അതിവേഗം വര്‍ഗീയതയിലേക്ക് തന്നെ ചുവടു മാറ്റുകയായിരുന്നു. വര്‍ഗീയ ചേരിതിരിവാണ് തങ്ങള്‍ക്ക് സംസ്ഥാനത്ത് വന്‍ വിജയം നേടിത്തന്നതെന്ന് ബി.ജെ.പി വിലയിരുത്തുന്നുണ്ടാവണം. അതുകൊണ്ടു തന്നെയാണ് സാധ്യതാ ലിസ്റ്റിലുള്ള എല്ലാവരെയും തഴഞ്ഞ് ആദിത്യനാഥിന് നറുക്ക് വീണത്. വികസന അജണ്ടയുടെ പേരില്‍ ബി.ജെ.പിയെ പിന്തുണക്കുന്നവരെയെല്ലാം നിരാശപ്പെടുത്തുന്നതാണ് ഈ തീരുമാനം. അതിതീവ്ര ഗ്രൂപ്പുകളെ മാത്രമേ ഇത് സന്തോഷിപ്പിക്കുന്നുള്ളൂ. കലാപങ്ങള്‍ക്കും അഴിഞ്ഞാട്ടങ്ങള്‍ക്കും നിയമലംഘനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന തീവ്ര ഗ്രൂപ്പുകള്‍ (Fringe Groups) മുഖ്യധാരയിലേക്ക് ഇടിച്ചുകയറി ഭരണം പോലും കൈയേല്‍ക്കുകയാണ്. ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ നാം കാണാനിരിക്കുന്നു.
സംഘ് പരിവാരത്തിലെ സജീവ സാന്നിധ്യമാണെങ്കിലും, ബി.ജെ.പിയുമായി ഇണങ്ങിയും പിണങ്ങിയുമാണ് ആദിത്യനാഥിന്റെ രാഷ്ട്രീയ ജീവിതം മുന്നോട്ടുപോയത്. ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്കെതിരെ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിപ്പിക്കുക വരെ ചെയ്തിട്ടുണ്ട് ആദിത്യനാഥ്. പിന്നെ തന്റെ തിട്ടൂരങ്ങള്‍ നടപ്പിലാക്കുന്നതിനായി ഹിന്ദു യുവവാഹിനി എന്ന ഫ്രിഞ്ച് ഗ്രൂപ്പിന് ജന്മംനല്‍കുകയും ചെയ്തു. കൈയൂക്ക് കൊണ്ട് കാര്യം നേടുകയാണ് അതിന്റെ രീതി. പ്രതിയോഗികളെ അടിച്ചൊതുക്കാന്‍ ഏതു രീതികളും ഇത്തരം ഗ്രൂപ്പുകള്‍ അവലംബിക്കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കിഴക്കന്‍ യു.പിയിലെ സാമൂഹിക പ്രശ്‌നങ്ങള്‍ കൂടി കണക്കിലെടുത്തു വേണം ഇത്തരം ഗ്രൂപ്പുകളെ വിലയിരുത്താനെന്ന് ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയിലെ മന്‍ജമി കട്ജു അഭിപ്രായപ്പെടുന്നുണ്ട്. തൊഴില്‍ തേടി ഇപ്പോഴും മുംബൈ പോലുള്ള നഗരങ്ങളിലേക്ക് കൂട്ടപ്പലായനം നടക്കുന്ന കിഴക്കന്‍ യു.പിയില്‍ പലതരം മാഫിയകള്‍ പിടിമുറുക്കുകയാണുണ്ടായത്. അവര്‍ ഇത്തരം തീവ്ര ഗ്രൂപ്പുകളിലേക്കും നുഴഞ്ഞുകയറി.
രണ്ട് പതിറ്റാണ്ടിലധികമായി കിഴക്കന്‍ യു.പിയിലെ ഖോരക്പൂര്‍ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ആദിത്യനാഥ് ഖോരക്‌നാഥ് മഠത്തിലെ മഠാധിപതി കൂടിയാണെന്നത് ഗൗരവത്തില്‍ കാണണം. ഒരു രാഷ്ട്രീയക്കാരന് ഇത്തരം ഉയര്‍ന്ന മതകീയ പദവികള്‍ ലഭിക്കുക, ആ പദവികളുടെ പവിത്രത ഒട്ടും മാനിക്കാതെ പരമത വിദ്വേഷം വമിക്കുന്ന പ്രസ്താവനകള്‍ നടത്തിക്കൊണ്ടേയിരിക്കുക, ചുറ്റുമുള്ളത് മഠാധിപതിയെ ദൈവത്തെപ്പോലെ കാണുന്ന സാധാരണക്കാരായിരിക്കുക-ഈയൊരു സാഹചര്യത്തില്‍ എന്ത് സംഭവിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഒരവസരം കിട്ടിയാല്‍ എല്ലാ മസ്ജിദുകളിലും ഞാന്‍ ഗണേശ വിഗ്രഹങ്ങള്‍ സ്ഥാപിക്കും, അവര്‍ ഒരു ഹിന്ദു പെണ്‍കുട്ടിയെ എടുത്താല്‍ നമ്മള്‍ നൂറ് മുസ്‌ലിം പെണ്‍കുട്ടികളെ എടുക്കും- പുതിയ യു.പി മുഖ്യന്റെ പഴയ പ്രസ്താവനകളുടെ ചില സാമ്പിളുകളാണിത്. ആദിത്യനാഥിന്റെ വിദ്വേഷ പ്രസ്താവനകളുടെ ഇരകളില്‍, സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം നേടിയ മദര്‍ തെരേസ മുതല്‍ ബോളിവുഡ് താരം ഷാറൂഖ് ഖാന്‍ വരെ ധാരാളം പേരുണ്ട്. മുസ്‌ലിം ചെറുപ്പക്കാര്‍ ഹിന്ദു പെണ്‍കുട്ടികളെ വശീകരിക്കാന്‍ ഗൂഢനീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന ലൗ ജിഹാദ് കള്ളക്കഥ വരെ ആദിത്യനാഥും സംഘവും പൊടിതട്ടിയെടുത്ത് യു.പിയില്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. മുത്ത്വലാഖ് വെച്ചും അവര്‍ നന്നായി മുതലെടുപ്പ് നടത്തി. ഗോവധവും അറവുശാലകളുടെ അടച്ചുപൂട്ടലുമൊക്കെയായി വര്‍ഗീയ ധ്രുവീകരണത്തിനുള്ള സകല സാധ്യതകളും അന്വേഷിക്കുന്നതായിരുന്നു ബി.ജെ.പിയുടെ യു.പിയിലെ തെരഞ്ഞെടുപ്പു പ്രചാരണം.
ഏറ്റവും ആശങ്കയുയര്‍ത്തുന്നത് ബാബരി പ്രശ്‌നമാണ്. ആദിത്യനാഥിനെ കൊണ്ടുവരുന്നതുതന്നെ പള്ളി പൊളിച്ച സ്ഥാനത്ത് ക്ഷേത്രം പണിയാനാണെന്ന് കരുതുന്ന നിരീക്ഷകര്‍ ഏറെ. ബി.ജെ.പി അത് പ്രകടനപത്രികയില്‍ എഴുതിവെച്ചതുമാണ്. മസ്ജിദ്ഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയാറല്ലാതിരുന്ന മഹന്ത് അവൈദ്യനാഥിന്റെ ശിഷ്യന്‍ കൂടിയാണല്ലോ ആദിത്യനാഥ്. സുപ്രീം കോടതി ഇപ്പോള്‍ ഒരു നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്: മതകീയവും വൈകാരികവുമായ വിഷയമായതിനാല്‍ കോടതിക്കു പുറത്ത് പ്രശ്‌നം ഒത്തുതീര്‍പ്പാക്കുന്നതാവും നന്നാവുക. മധ്യസ്ഥം വഹിക്കാന്‍ ചീഫ് ജസ്റ്റിസ് സന്നദ്ധത അറിയിച്ചിട്ടുമുണ്ട്. ഇത്തരം ശ്രമങ്ങള്‍ നേരത്തേ പരാജയപ്പെട്ട സ്ഥിതിക്ക്, പുതിയ നീക്കം വിജയിക്കാനുള്ള സാധ്യത വിരളമാണ്. ആദിത്യനാഥ് ഈ പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യും എന്നുതന്നെയാണ് ഏവരും ഉറ്റുനോക്കുന്നത്.
Comments