കുറ്റിയാടി സൂപ്പി: പ്രാദേശിക ചരിത്രരചനയുടെ കുലപതി
വടക്കേ മലബാറിലെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായിരുന്ന കുറ്റിയാടി പി.സൂപ്പി വിടവാങ്ങിയതോടെ പ്രാദേശിക ചരിത്രരചനയുടെ കുലപതിയെയാണ് നഷ്ടമായത്.
ദേശീയരാഷ്ട്രീയത്തില്‍ ചെറിയ കുമ്പളം പ്രദേശത്തെ നിറഞ്ഞ ചാരിതാര്‍ഥ്യത്തോടെ അവതരിപ്പിച്ച് കുറ്റിയാടിയെ സ്വന്തം ജീവിതത്തില്‍ എഴുതിച്ചേര്‍ക്കാന്‍ ഭാഗ്യം സിദ്ധിച്ച തിളങ്ങുന്ന കണ്ണിയാണ് അറ്റുപോയത്.
'കുറ്റിയാടിയുടെ ഓര്‍മകള്‍' എന്ന ചരിത്രപുസ്തകത്തിന്റെ പണിപ്പുര സൂപ്പിക്കയുടെ വസന്താ പ്രസ്സും ഷമിനാസ് പ്രസിദ്ധീകരണാലയവുമായിരുന്നു. ആധുനിക സജ്ജീകരണങ്ങളൊന്നും അച്ചടിരംഗത്ത് കടന്നുവന്നിട്ടില്ലാത്ത കാലത്ത് കഠിനത്യാഗം സഹിച്ച് സ്വപ്രയത്‌നത്താല്‍ അക്ഷരവിപ്ലവം നടത്തിയ സൂപ്പിക്ക വരുംതലമുറക്ക് പഠിക്കാനും പകര്‍ത്താനും സമര്‍പ്പിച്ച ചരിത്രഗ്രന്ഥം സര്‍വരുടെയും പ്രശംസ നേടിയെടുത്തു. ദേശീയരാഷ്ട്രീയത്തിലെ ഉന്നത നേതാക്കളുമായും സാമൂഹിക-സാംസ്‌കാരിക-മാധ്യമരംഗങ്ങളിലെ വ്യക്തിത്വങ്ങളുമായും പതിറ്റാണ്ടുകള്‍ ഉറ്റബന്ധം പുലര്‍ത്തിയ അനേകം പേര്‍ക്ക് കഴിവുകള്‍ പ്രകടിപ്പിക്കാനും പരിപോഷിപ്പിക്കാനും അത് അവസരം നല്‍കി.
അതിസാഹസികമായിരുന്നു സൂപ്പിക്കയുടെ ജീവിതം. ആശാവഹമായ മാറ്റം പ്രസിദ്ധീകരണ രംഗത്ത് സൃഷ്ടിക്കാന്‍ അദ്ദേഹം പാടുപെട്ടു പണിയെടുത്തു. ടി.കെ.കെ അബ്ദുല്ല മുതല്‍ അക്ബര്‍ കക്കട്ടില്‍ വരെയുള്ളവര്‍ ഈ അത്ഭുത മനുഷ്യന്റെ കരവിരുതില്‍ സ്തംഭിച്ചുപോയിട്ടുണ്ട്. എ.കെ. ആന്റണി, കെ.പി ഉണ്ണികൃഷ്ണന്‍, പി.സി ചാക്കോ, കെ.വി തോമസ്, ഷണ്‍മുഖദാസ്, സുജനപാല്‍ തുടങ്ങിയവര്‍ രാഷ്ട്രീയ ഗുരുനാഥനായി സൂപ്പിക്കയെ കണ്ടു. ഒഴുക്കിനെതിരെ നീന്തുന്ന ഈ മതാഭിമാനിയെ മതനേതാക്കള്‍ വിവാദപുരുഷനായി അംഗീകരിച്ചു. ഡോ. കെ. മൊയ്തു തന്റെ ജന്മനാട്ടിന്റെ കഥകള്‍ അയവിറക്കിയത് സൂപ്പിക്ക വഴിയാണ്. മാപ്പിള കവി പി.എം.എ തങ്ങള്‍ മുതല്‍ ബഹുമുഖ പ്രതിഭയായിരുന്ന ടി.കെ ഇബ്‌റാഹീം മൗലവി വരെ ചിന്തകള്‍ പങ്കുവെച്ചത് സൂപ്പിക്കയോടൊപ്പമാണ്.
രാഷ്ട്രീയവും കലയും തലക്കുപിടിച്ച് എവിടെയുമെത്താതെപോയവര്‍ക്ക് സൂപ്പിക്ക അത്താണിയായി വര്‍ത്തിച്ചു. സംഭവബഹുലമായ ജീവിതാനുഭവങ്ങള്‍ പങ്കുവെക്കാന്‍ അനാരോഗ്യം വകവെക്കാതെ സൂപ്പിക്ക നാഴികകള്‍ താണ്ടി.
കുടുംബസംഗമങ്ങള്‍ നടത്തി പുരാതന കുടുംബചരിത്രം രേഖപ്പെടുത്തിവെക്കാന്‍ സൂപ്പിക്കക്കുള്ള മിടുക്ക് ഒന്നു വേറെതന്നെയായിരുന്നു. കുടുംബത്തിലെ കണ്ണികള്‍ അറ്റുപോകുന്ന ദുഃഖത്തേക്കാള്‍ വലുതായിരുന്നു കുടുംബത്തിലെ ഏതെങ്കിലും കണ്ണി വഴിതെറ്റുന്നതില്‍ അദ്ദേഹത്തിനുള്ള വേവലാതി.
ചരിത്രത്തിന്റെ തങ്കത്താളുകള്‍ തേടി അലയുന്ന സൂപ്പിക്കയെ തിക്കോടിയനും കൊടുങ്ങല്ലൂരും മാറോടണച്ചു. നര്‍മരസികത്വം കൊണ്ട് ബന്ധങ്ങള്‍ക്ക് അവര്‍ തിളക്കം വര്‍ധിപ്പിച്ചു. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ സൂപ്പിക്കഥകള്‍ നിറഞ്ഞുനിന്നപ്പോള്‍ കര്‍മകുശലനായ സൂപ്പിക്കയുമായി ബന്ധപ്പെടാന്‍ യുവതലമുറക്ക് തിടുക്കമായി. ജീവിതത്തില്‍ എന്തൊക്കെയോ നേടാനുണ്ടെന്ന ബോധം കൂടപ്പിറപ്പുകളില്‍ സൃഷ്ടിച്ചെടുക്കാന്‍ സൂപ്പിക്കക്ക് കഴിഞ്ഞു. പല പാട്ടുകാരെയും ഗാനരചയിതാക്കളെയും നാടകകൃത്തുക്കളെയും നടീനടന്മാരെയും മലയാളത്തിന് പരിചയപ്പെടുത്തിയതും സൂപ്പിക്കയായിരുന്നു.
മാരക രോഗത്താല്‍ കഷ്ടപ്പെടുന്ന പാവപ്പെട്ട അനേകം രോഗികള്‍ക്ക് സഹായഹസ്തം നീട്ടാന്‍ പലരെയും പ്രേരിപ്പിച്ചതും അദ്ദേഹമാണ്. തന്റെ രോഗങ്ങള്‍ക്കുള്ള ചികിത്സ തേടി കോഴിക്കോട്ടും കൊച്ചിയിലും സഞ്ചരിച്ച സൂപ്പിക്ക ചികിത്സയുടെ ഫലം തന്റെ പരിചയക്കാര്‍ക്ക് കൂടി അനുഭവിപ്പിക്കാനുള്ള അവസരമൊരുക്കി. 'പരസുഖമാണ് സുഖം, പരദുഃഖമാണ് ദുഃഖം' എന്ന ആപ്തവാക്യത്തെ അന്വര്‍ഥമാക്കുകയായിരുന്നു അദ്ദേഹം.
നിരന്തരമായ പരിശ്രമങ്ങളും ദൈവാനുഗ്രഹവും പുരോഗതിയുടെയും ഉയര്‍ച്ചയുടെയും പടവുകളാണെന്ന് അദ്ദേഹം തെളിയിച്ചു. വിവിധ രംഗങ്ങളിലെ സജീവ ഇടപെടലുകള്‍ മറ്റുള്ളവരില്‍നിന്നും അദ്ദേഹത്തെ വേറിട്ടുനിര്‍ത്തി.
കെ.പി കുഞ്ഞിമ്മൂസ
മൈത്രീഫോറം, കോഴിക്കോട്
അബ്ദുല്ല ഹാജി
മാവൂരിലെ ആദ്യകാല ജമാഅത്ത് പ്രവര്‍ത്തകനായിരുന്നു എ.പി അബ്ദുല്ല ഹാജി. ക്ഷമ, തഖ്‌വ, ലളിത ജീവിതം, നിരന്തര കര്‍മബാഹുല്യം എന്നിങ്ങനെയുള്ള ഇസ്‌ലാമിക പാഠങ്ങളുടെ മാതൃകയായിരുന്നു അദ്ദേഹം. ആരോഗ്യമുള്ള കാലത്ത് പരതരം ജോലികള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. കുടുംബത്തിന്റെ സാമ്പത്തിക ഉന്നമനത്തോടൊപ്പം തന്നെ ഇസ്‌ലാമികവല്‍ക്കരണത്തിലും അദ്ദേഹം പ്രാധാന്യം നല്‍കിയിരുന്നു എന്നതിന്റെ തെളിവാണ് എട്ട് മക്കളെയും ഇസ്‌ലാമിക കലാലയങ്ങളില്‍ പഠിപ്പിച്ചത്. ജമാഅത്തിന്റെ അടിസ്ഥാനങ്ങള്‍ ഹൃദയങ്ങളില്‍ ഊട്ടിയുറപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ വിജയകരമായി എന്നു പറയാം. മാവൂരില്‍ പ്രസ്ഥാന പ്രവര്‍ത്തനത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ കഴിയുന്ന മൂന്ന് ആണ്‍മക്കളെ അദ്ദേഹം വളര്‍ത്തി.
മാവൂര്‍ ഗ്വാളിയര്‍ റയോണ്‍സ് കമ്പനി ജോലിക്കാരനായിരുന്ന അദ്ദേഹം റിട്ടയര്‍ ചെയ്ത ശേഷം കൃഷി, മാധ്യമം ഏജന്‍സി, പ്രസ്ഥാന പ്രവര്‍ത്തനം എന്നിവയിലാണ് ശ്രദ്ധിച്ചത്. മരണത്തിന് ഏതാനും മാസങ്ങള്‍ക്കു മുമ്പ് വരെ തുടര്‍ന്ന തഹജ്ജുദ് നമസ്‌കാരവും ഉച്ചത്തിലുള്ള ഖുര്‍ആന്‍ പാരായണവും കുടുംബത്തിന് പ്രചോദനം തന്നെയായിരുന്നു.
ഷിംന ലത്വീഫ് മാവൂര്‍
Comments