Prabodhanm Weekly

Pages

Search

2017 മാര്‍ച്ച് 31

2995

1438 റജബ് 03

'അറസ്റ്റും ജയില്‍ പീഡനവും കൃത്യമായ ആസൂത്രണത്തോടെ'

സയ്യിദ് ഇംറാന്‍ / ശംസീര്‍ ഇബ്‌റാഹീം

ഹൈദരാബാദ് മക്കാ മസ്ജിദ് സ്‌ഫോടന കേസില്‍ അറസ്റ്റ് ചെയ്യപ്പെടുകയും നിരപരാധിയെന്നു കണ്ടെത്തി കോടതി വെറുതെ വിടുകയും ചെയ്ത വ്യക്തിയാണ് സയ്യിദ് ഇംറാന്‍

താങ്കളുടെ കുടുംബ/ജീവിത പശ്ചാത്തലം?

ഉപ്പയും ഉമ്മയും 3 മക്കളുമുടങ്ങുന്ന ഇടത്തരം കുടുംബമാണ് ഞങ്ങളുടേത്. അനുജത്തിയുടെ കല്യാണം കഴിഞ്ഞു. അനുജന്‍ ഇപ്പോള്‍ കാനഡയില്‍ ജോലിചെയ്യുന്നു. പിതാവ് റിട്ടയേര്‍ഡ് കേന്ദ്രസര്‍ക്കാറുദ്യോഗസ്ഥനാണ്. ഹൈദരാബാദ് ന്യൂസിറ്റിയിലാണ് ഞങ്ങളുടെ വീട്. ചെറുപ്പത്തില്‍ അറിയപ്പെടുന്ന ക്രിക്കറ്റ് കളിക്കാരനാകണമെന്നായിരുന്നു എന്റെ അഭിലാഷം. മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി എഞ്ചിനീയറിംഗ് പഠനം തെരഞ്ഞെടുത്തു. 

മക്കാ മസ്ജിദ് സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെടുന്നത് എങ്ങനെയാണ്? 

2007 മെയ് 18-നാണ് സ്‌ഫോടനം നടക്കുന്നത്. ഹൈദരാബാദ് ഓള്‍ഡ് സിറ്റി പ്രദേശത്തെ മക്കാമസ്ജിദ് പരിസരങ്ങളില്‍ നടന്ന സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തിനു ശേഷം നടന്ന പോലീസ് വെടിവെപ്പിലും 5 പേര്‍ കൊല്ലപ്പെട്ടു. ഞാനന്ന് ഹൈദരാബാദിലെ ലോര്‍ഡ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ടെക്‌നോളജിയില്‍ മൂന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്നു. സ്‌ഫോടനം നടന്ന് 3 ദിവസം കഴിഞ്ഞ് പാതിരാത്രി 2 മണിക്ക് ഞങ്ങള്‍ വീട്ടില്‍ ഉറങ്ങുന്നതിനിടെയാണ് പോലീസുകാര്‍ എന്നെ തേടി എത്തുന്നത്. ഏഴെട്ട് പോലീസ് വണ്ടികളിലായി ഏതാണ്ട് അമ്പതോളം പേരുണ്ടായിരുന്നു. ഒരന്വേഷണത്തിന്റെ ഭാഗമായി കൊണ്ടുപോവുകയാണെന്നും പെട്ടെന്ന് തിരിച്ചയക്കാമെന്നുമാണ് രക്ഷിതാക്കളോട് പറഞ്ഞത്. കൊടുംകുറ്റവാളിയെ കസ്റ്റഡിയിലെടുക്കുന്നതുപോലെ എന്റെ മുഖം കറുത്ത തുണികൊണ്ട് മൂടി ഏതോ അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. 

പോലീസുദ്യോഗസ്ഥര്‍ എന്തൊക്കെയായിരുന്നു ചോദിച്ചിരുന്നത്? മര്‍ദനങ്ങള്‍ ഏല്‍ക്കേണ്ടിവന്നിരുന്നോ? 

ആദ്യത്തെ രണ്ട് ദിവസങ്ങള്‍ സാധാരണ രീതിയിലായിരുന്നു പോലീസുകാരുടെ പെരുമാറ്റം. മക്കാ മസ്ജിദ് സ്‌ഫോടനം ഞാനാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് എന്ന രീതിയിലായിരുന്നു ചോദ്യങ്ങളത്രയും. മൂന്നാം ദിനം മുതല്‍ കഠിനമായ മൂന്നാം മുറ പീഡനങ്ങള്‍ തുടങ്ങി. നഗ്‌നനാക്കി നിര്‍ത്തി മര്‍ദിക്കുക, സ്വകാര്യ ഭാഗങ്ങളില്‍ വൈദ്യുതാഘാതമേല്‍പ്പിക്കുക, മുടിനാരുകള്‍ കൈയില്‍ പറിഞ്ഞു

പോരുന്ന ശക്തിയോടെ പിടിച്ചുവലിക്കുക തുടങ്ങി വിവരിക്കാന്‍ പറ്റാത്തത്രയും ഭീകരമായ മര്‍ദനങ്ങള്‍ക്ക് ഞാന്‍ വിധേയനായി. പീഡനങ്ങള്‍ അസഹ്യമാകുമ്പോള്‍ തലച്ചോറിനകത്ത് കൊള്ളിയാന്‍ പായുന്നതു പോലെയൊക്കെ തോന്നും. തുടര്‍ച്ചയായി മൂന്ന് മാസം ശരിക്ക് ഉറങ്ങാന്‍ പോലും എനിക്ക് കഴിഞ്ഞിരുന്നില്ല. ഉറക്കത്തിനിടെ ഇടക്കിടെ ഞെട്ടിയുണര്‍ന്ന് നിലവിളിക്കും. 

എന്റെ ജീവിതത്തിലെ ഏറ്റവും ഭീകരമായ ദിനങ്ങളായിരുന്നു അവ. പീഡനങ്ങള്‍ സഹിക്കവയ്യാതായപ്പോള്‍ ‘എല്ലാ കുറ്റവും ഞാനേറ്റെടുത്തുകൊള്ളാം’ എന്നുപോലും ഞാന്‍ പറയുകയുണ്ടായി. അറിഞ്ഞോ അറിയാതെയോ ഞാനുമായി ഒരു ബന്ധവുമില്ലാത്ത കുറ്റത്തിന്റെ പേരിലാണ് പോലീസുകാര്‍ ഇത്രയും ഭീകരമായി മര്‍ദിച്ചത്. 

ജയില്‍ ദിനങ്ങളെപ്പറ്റി? 

സ്‌ഫോടനത്തിനുപയോഗിച്ച ആര്‍.ഡി.എക്‌സ് സൂക്ഷിച്ചു എന്നായിരുന്നു ആരോപിക്കപ്പെട്ട കുറ്റം. ഹൈദരാബാദിലെ ചഞ്ചല്‍ഗുഡ സെന്‍ട്രല്‍ ജയിലില്‍ 17 മാസവും 24 ദിവസവും വിചാരണത്തടവുകാരനായി കഴിയേണ്ടിവന്നു. എന്റെ എഞ്ചിനീയറിംഗ് പഠനം പാതിവഴിയില്‍ മുടങ്ങി. ജയിലിലെ സെല്ലില്‍ ഒറ്റക്കായിരുന്നു എന്നെ പാര്‍പ്പിച്ചിരുന്നത്. ഇടക്ക് കുറച്ച് ദിവസം മുംബൈയിലെ കുപ്രസിദ്ധനായ അബൂസലീം തടവുകാരനായി കൂടെയുണ്ടായിരുന്നു. ജയില്‍ വാസക്കാലത്ത് കഴിഞ്ഞുപോയ പെരുന്നാളുകള്‍ മറക്കാനാകില്ല. പല തടവുകാരും പെരുന്നാള്‍ ദിനത്തില്‍ കരയുന്നത് കാണാമായിരുന്നു. അവരെയൊക്കെ ആശ്വസിപ്പിക്കാന്‍ മുന്‍കൈയെടുത്ത ഞാന്‍ തിരിച്ച് സെല്ലിലെത്തിയപ്പോള്‍ ബന്ധുക്കളെ ഓര്‍ത്ത് നിയന്ത്രണം വിട്ട് കരഞ്ഞിട്ടുണ്ട്. 

മാധ്യമങ്ങളുടെ നിലപാടും സമീപനവും എങ്ങനെയായിരുന്നു? 

പോലീസ് കെട്ടിച്ചമച്ചുണ്ടാക്കിയ കഥകള്‍ പകര്‍ത്തിയെഴുതുക എന്ന ജോലി മാത്രമായിരുന്നു മിക്ക മാധ്യമങ്ങളും ചെയ്തിരുന്നത്. സംഭവങ്ങളുടെ നിജഃസ്ഥിതി അന്വേഷിക്കാന്‍ അവര്‍ തുനിഞ്ഞില്ല. ജയിലില്‍ എന്നെ സന്ദര്‍ശിക്കാന്‍ വന്നിരുന്ന ബന്ധുക്കളില്‍നിന്നാണ് ഈ കഥകള്‍ ഞാന്‍ കേട്ടറിയുന്നത്. 22 വയസ്സ് തികയാത്ത ഞാന്‍ 10 വര്‍ഷത്തോളം ആയുധ പരിശീലനത്തിനായി പാകിസ്താനില്‍ ചെലവഴിച്ചു, ബോംബ് സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ ഞാനാണ്, തീവ്രവാദികള്‍ക്കു വേണ്ടി ഞാന്‍ വ്യാജ പാസ്‌പോര്‍ട്ടുകള്‍ നിര്‍മിച്ചെടുത്തു, പോലീസ് നടത്തിയ നാര്‍ക്കോ അനാലിസിസില്‍ ഞാന്‍ കുറ്റങ്ങള്‍ ഏറ്റുപറഞ്ഞു തുടങ്ങിയ പച്ചക്കള്ളങ്ങള്‍ പോലീസ് ഭാഷ്യമനുസരിച്ച് പത്രങ്ങളില്‍ വന്നുകൊണ്ടിരുന്നു. സമൂഹത്തിന്റെ പോതുബോധ നിര്‍മിതിയില്‍ വലിയ പങ്കുള്ള മാധ്യമങ്ങളുടെ ഇത്തരം നിലപാടുകള്‍ ദൗര്‍ഭാഗ്യകരമാണ്. 

കേസ് നടത്തിയത് എങ്ങനെയാണ്?  സാമ്പത്തിക പിന്‍ബലം? 

എത്ര ചെലവഴിച്ചിട്ടാണെങ്കിലും നിരപരാധിത്വം തെളിയിച്ച് എന്നെ പുറത്തിറക്കുക എന്നതായിരുന്നു കുടുംബത്തിന്റെ പ്രധാന ലക്ഷ്യം. മുസഫറുല്ല ഖാന്‍ എന്ന പ്രമുഖ അഭിഭാഷകനായിരുന്നു എന്റെ കേസ് നടത്തിയിരുന്നത്. ക്രിമിനല്‍ കോടതിയില്‍ മാസങ്ങളോളം നീണ്ട നിയമനടപടിക്രമങ്ങളില്‍ ഒരിക്കല്‍ പോലും യാതൊരു പ്രതിഫലവും വാങ്ങാതെയാണ് അദ്ദേഹം വാദിച്ചിരുന്നത്. അദ്ദേഹത്തെപ്പോലെ സാമൂഹിക പ്രതിബദ്ധതയുള്ള അഭിഭാഷകര്‍ ഈ മേഖലയില്‍ നടത്തിക്കൊണ്ടിരിക്കുന്ന സേവനങ്ങള്‍ സ്തുത്യര്‍ഹമാണ്. 

കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതു മൂലമുണ്ടായ മറ്റു നഷ്ടങ്ങളും പ്രയാസങ്ങളും? 

എന്നെപ്പോലെ നിരവധി മുസ്‌ലിംകള്‍ ഈ കേസില്‍ പല സന്ദര്‍ഭങ്ങളിലായി അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. എന്റേതിന് സമാനമായ അനുഭവങ്ങളാണ് എല്ലാവര്‍ക്കും ഉണ്ടായിട്ടുണ്ടാവുക എന്നാണ് തോന്നുന്നത്. കുടുംബത്തിന്റെ സ്വസ്ഥതയും സന്തോഷവും തകര്‍ന്നു. യുവത്വത്തിന്റെ വിലപ്പെട്ട 14 മാസങ്ങളാണ് എനിക്ക് നഷ്ടമായത്. എഞ്ചിനീയറിംഗ് പഠനം പാതിവഴിയില്‍ മുടങ്ങിപ്പോയെങ്കിലും വിട്ടയക്കപ്പെട്ടതിനു ശേഷം എഞ്ചിനീയറിംഗ് ബിരുദവും എം.ബി.എയും കരസ്ഥമാക്കി. കേസില്‍ മകന് പങ്കാളിത്തമുണ്ടെന്ന് ആരോപിച്ച് പിതാവിന് സര്‍വീസില്‍ സ്ഥാനക്കയറ്റം നിഷേധിച്ചു. പഠനശേഷം ജോലി ലഭിക്കാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. എവിടെ ജോലിക്ക് അേപക്ഷിക്കുമ്പോഴും ആ സ്ഥാപനത്തില്‍ പോലീസുകാര്‍ വന്ന് അന്വേഷണങ്ങള്‍ നടത്തിക്കൊണ്ടിരുന്നതിനാല്‍ പലരും എനിക്ക് ജോലി നല്‍കാന്‍ തയാറായില്ല. വിട്ടയക്കപ്പെട്ടതിനു ശേഷം എന്റെ നാട്ടിലെ പള്ളിയില്‍ ഞാന്‍ ജുമുഅ നമസ്‌കാരത്തിനു പോയി. നമസ്‌കരിക്കാനെഴുന്നേറ്റപ്പോള്‍ പരിചിതരായ ആളുകള്‍ പോലും എന്റെ അരികില്‍ നമസ്‌കരിക്കാന്‍ മടിച്ചു. പതിവനുസരിച്ച് ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കാന്‍ ചെന്നപ്പോഴും ഈ അകല്‍ച്ച അനുഭവപ്പെട്ടിരുന്നു. പോലീസും അധികാരികളും മാധ്യമങ്ങളും ചേര്‍ന്ന് സമൂഹത്തിനു മുമ്പാകെ എന്നെ ഒരു ലക്ഷണമൊത്ത തീവ്രവാദിയാക്കി മാറ്റിയിരിക്കുന്നു എന്ന സത്യം നേരില്‍ അനുഭവിക്കുകയായിരുന്നു. 

അന്യായമായ അറസ്റ്റുകളും പോലീസിന്റെ തിരക്കഥാ രചനകളും തുടര്‍ന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് അവഗണനയും ബഹിഷ്‌കരണവുമല്ല; ഐക്യദാര്‍ഢ്യപ്പെടാനുള്ള ധീരതയാണ് നാം കാണിക്കേണ്ടത്. 

സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് നഷ്ടപരിഹാരം വല്ലതും? 

വിട്ടയക്കപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കേസുമായി ബന്ധമില്ലാത്തവര്‍ക്കാണ് അതൊക്കെ ലഭിച്ചത്. കോണ്‍ഗ്രസും എം.ഐ.എമ്മും ഉള്‍പ്പെടെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ നഷ്ടപരിഹാരപാക്കേജിനെ അവരുടെ രാഷ്ട്രീയ ലാഭങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയായിരുന്നു. എനിക്കും എനിക്ക് പരിചയമുള്ള പലര്‍ക്കും നഷ്ടപരിഹാരം കിട്ടിയില്ല. യഥാര്‍ഥത്തില്‍ ഞാന്‍ നഷ്ടപരിഹാരം ആഗ്രഹിച്ചിരുന്നില്ല. ഈ കേസുമായി എനിക്കൊരു ബന്ധവുമില്ലെന്ന സാക്ഷ്യപത്രം മാത്രം മതിയായിരുന്നു എനിക്ക്. 

ഭരണകൂടത്തിന്റെ മുസ്‌ലിംവേട്ടകളെ എങ്ങനെയാണ് നമുക്ക് ചെറുക്കാനാവുക? 

കൃത്യമായ ആസുത്രണങ്ങളോടെ നടക്കുന്ന അറസ്റ്റുകളാണിത്. യഹ്‌യ കമ്മുക്കുട്ടി മുമ്പ് പങ്കുവെച്ച അതേ അനുഭവം എനിക്കുമുണ്ടായിട്ടുണ്ട്. മൗലാനാ നസീറുദ്ദീനെ അറിയുമോ എന്ന് പോലീസുകാര്‍ ചോദിച്ചിരുന്നതായി യഹ്‌യ പറഞ്ഞു. എന്നോടും അതേ ചോദ്യം പോലീസ് ചോദിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസം നേടുന്ന മുസ്‌ലിം ചെറുപ്പക്കാരെ പോലീസ് പ്രത്യേകം ഉന്നം വെക്കുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. കൂടുതല്‍ ജാഗ്രതയോടെ ഇത്തരം വിഷയങ്ങളെ നാം സമീപിക്കേണ്ടതുണ്ട്. നിയമസാക്ഷരത വളരെ പ്രധാനമാണ്. അടിസ്ഥാന നിയമപാഠങ്ങള്‍ മുസ്‌ലിം സമുദായം അഭ്യസിക്കണം. കഴിവുള്ള അഭിഭാഷകരെ അവര്‍ വളര്‍ത്തിക്കൊണ്ടുവരികയും വേണം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (32 - 40)
എ.വൈ.ആര്‍

ഹദീസ്‌

സമര പാതയില്‍ തളരാതെ
കെ.സി ജലീല്‍ പുളിക്കല്‍