Prabodhanm Weekly

Pages

Search

2017 മാര്‍ച്ച് 31

2995

1438 റജബ് 03

'മുസ്‌ലിം അപരന്‍' എന്തിനു നിര്‍മിതമാവുന്നു?

പി.ടി കുഞ്ഞാലി

അമേരിക്കന്‍ നഗരമായ ഓക്‌ലഹോമയിലെ സര്‍ക്കാര്‍ ചത്വരത്തില്‍ തിമോത്തിമോക്കവേ എന്ന കൊക്കേഷ്യന്‍ വെള്ളക്കാരന്‍ തീവ്രത മുറ്റിയ ബോംബ് പൊട്ടിച്ചപ്പോള്‍ പശ്ചിമങ്ങളിലാരും ബൈബിള്‍ താളുകള്‍ മറിച്ച് പ്രതികളെ തെരഞ്ഞുപോയില്ല. വ്യക്തികളെയും സമൂഹങ്ങളെയും വിശകലനത്തിനു വെക്കുമ്പോള്‍ പ്രാഥമികമായും സൂക്ഷിക്കേണ്ട സാമാന്യതയാണിത്. പശ്ചിമലോകത്തിന്റെ സ്വയം തീര്‍പ്പ് പക്ഷേ അങ്ങനെയല്ല. പുറം കൊട്ടിയടച്ച് അകത്ത് അവനവന്റേതു മാത്രമായ അന്ധസംഹിതകളില്‍ ജീവിക്കുന്ന പശ്ചിമാഢ്യത്വത്തിന് ഒരിക്കലും സ്വന്തത്തിലേക്ക് നോക്കാന്‍ പ്രാപ്തി കാണില്ല. പകരം അവര്‍ സാകൂതം ഒളിഞ്ഞു നോക്കുക പരജന സമാജത്തെയാകും. ഇവരൊക്കെയും ഞങ്ങളുടെ കൊടൂരശത്രുക്കളാണെന്നു വിശ്വസിക്കും. വിശ്വാസം ബോധ്യമായും ബോധ്യം നിഗ്രഹപ്രതികാരമായും തിടംവെക്കും. സ്വന്തം ദൃശ്യങ്ങളെ മറയ്ക്കുംവിധം കാഴ്ചകളെ വിദൂര  പൗരസ്ത്യങ്ങളിലേക്ക് തിരിച്ചുപിടിക്കും. അത്തരക്കാരുടെ കണ്ണില്‍ സ്വയം കുലീനതയുടെ തിമിരം കറുപ്പു തേക്കും. അപ്പോള്‍ കേള്‍ക്കുന്ന സംഗീതവീചികള്‍ പോലും ശത്രുവിന്റെ പെരുമ്പറകള്‍ മാത്രമായി തോന്നും. പൗരസ്ത്യ ഇസ്‌ലാമിനെതിരെ പശ്ചിമ അധീശത്വം വികസിപ്പിക്കുന്ന അന്യോന്യങ്ങള്‍ അതുകൊണ്ടുതന്നെ രൂക്ഷവും മനുഷ്യവിരുദ്ധവുമാണ്. എട്ടാം നൂറ്റാണ്ടില്‍ ഇസ്‌ലാം യൂറോപ്പിനെ ഉണര്‍ത്തിയതോടെ ആരംഭിക്കുകയും പതിനൊന്നാം നൂറ്റാണ്ടിലെ കുരിശുയുദ്ധ പ്രഖ്യാപനത്തോടെ രൂക്ഷമാവുകയും രണ്ടായിരത്തി ഒന്ന് സെപ്റ്റംബറോടെ ആസുരമാവുകയും ചെയ്ത പടിഞ്ഞാറിന്റെ ഇസ്‌ലാം നിഗ്രഹോത്സാഹത്തിന് ഈയൊരു  മനുഷ്യ വിരുദ്ധതയുടെ  സാക്ഷ്യം തന്നെയുണ്ട്. പുതുകാലത്ത് ഈയൊരു കുടില വൈരത്തിനൊരു സാങ്കേതിക സംജ്ഞയുണ്ട്- ഇസ്‌ലാമോഫോബിയ. ഈയൊരു നാമവും തജ്ജന്യമായ രണോത്സുകതയും രൗദ്രബീഭത്സമായി പുറത്തുവന്നത് നാമറിയുന്നതുപോലെ സെപ്റ്റംബര്‍ 11-നു ശേഷമാണെന്നത് ഒരാസന്ന നിമിത്തം മാത്രം.

തീര്‍ച്ചയായും ഇത്തരത്തിലൊരു സാമൂഹിക അപനിര്‍മാണം ആയുധ, മാധ്യമ അധീശത്വത്തിന്റെ കാവലില്‍ പശ്ചിമലോകം സമര്‍ഥമായി വികസിപ്പിച്ചിരിക്കുന്നു. ഇതിന്റെ സത്യസന്ധമായ ചരിത്രത്തിലേക്കും അത് പുണര്‍ന്നു നില്‍ക്കുന്ന ഹീനയുക്തിയിലേക്കും, ഉന്നം വെക്കുന്ന കുടില ലക്ഷ്യത്തിലേക്കും വഴികാട്ടുന്ന നിരവധി രചനകള്‍ ഇതിനകം ഉായിട്ടുണ്ട്. ഇതില്‍ ഏറ്റവും മൗലികവും യുക്തിഭദ്രവുമായ ഒരു പഠനമാണ് അമേരിക്കയിലെ ന്യൂ ജേഴ്‌സിയിലെ റട്ട്‌ഗേഴ്‌സ് സര്‍വകലാശാലാ പ്രഫസര്‍ ദീപകുമാര്‍ എഴുതിയ ഇസ്‌ലാമോഫോബിയ.

2001 സെപ്റ്റംബറില്‍ അമേരിക്കയിലെ വ്യാപാര ചത്വരം തകര്‍ന്ന ദിനാന്ത്യങ്ങളില്‍ സര്‍വകലാശാലയിലെ സഹപ്രവര്‍ത്തകരില്‍നിന്നും എന്തിനു പലചരക്കു കടയിലെ എടുത്തുകൊടുപ്പുകാരന്‍ കുട്ടിയില്‍നിന്നുപോലും ആക്റ്റിവിസ്റ്റും യുദ്ധവിരുദ്ധ പ്രവര്‍ത്തകയുമായ എഴുത്തുകാരിക്ക് നേരിട്ട അത്യന്തം തീക്ഷ്ണമായ പരിഹാസങ്ങളും ആക്രോശങ്ങളുമാണ് ഇങ്ങനെയൊരു ഗ്രന്ഥരചനക്ക് അവര്‍ക്ക് ഊര്‍ജമായത്. അമേരിക്കന്‍ നവസാമ്രാജ്യത്വം എത്ര സമര്‍ഥമായും സൂക്ഷ്മമായുമാണ് ഇസ്‌ലാമിനെ അപനിര്‍മിക്കുന്നതെന്ന നേര്‍ദൃശ്യത്തില്‍നിന്ന് എഴുത്തുകാരിക്കുണ്ടായ ഉള്‍ക്കിടിലമാണ് ഈ പുസ്തകം.

അമേരിക്കന്‍ നിഗൂഢ അധീശ ഭരണമണ്ഡലം  നിര്‍മിച്ച ഇസ്‌ലാം പ്രതിഛായയെക്കുറിച്ചാണ് പുസ്തകം സംസാരിക്കുന്നത്. അഗാധമായ അന്വേഷണ വ്യഗ്രതയോടെയാണ് ദീപകുമാര്‍ തന്റെ രചനക്കുള്ള ഉപാദാനങ്ങള്‍ ചികയുന്നത്. അങ്ങനെയാണ് ദീപ കുരിശുയുദ്ധഭൂമിയിലേക്കും ബൈസാന്റയില്‍ നഗരപ്രാന്തങ്ങളിലെ പഴയ പടപ്പറമ്പിലേക്കും സഞ്ചരിച്ചെത്തുന്നത്. സല്‍ജുക്ക് തുര്‍ക്കികളുടെ പടയോട്ടങ്ങള്‍ക്കു മുമ്പില്‍ ബൈസാന്റിയന്‍  സാമ്രാട്ട് കടുംതോല്‍വി ഏറ്റുവാങ്ങുന്ന കാലം. അന്നു ചക്രവര്‍ത്തിയില്‍നിന്ന് പോപ്പ് അര്‍ബനെ തേടി ഒരസാധാരണ സന്ദേശം ചെല്ലുന്നു, ഇത് 1095-ല്‍. ഇതോടെയാണ് കുരിശുയുദ്ധത്തിനു പെരുമ്പറ കൊട്ടുന്നത്. മധ്യപൗരസ്ത്യദേശത്ത് ഒരു ലത്തീന്‍ രാജ്യം. അത് ക്രിസ്ത്യാനികളുടെ മായികസ്വപ്‌നമായിരുന്നു. മാത്രമല്ല, അന്ന് കുരിശുയുദ്ധത്തെ ന്യായീകരിച്ച പോപ്പ് പ്രഖ്യാപിച്ച മറ്റൊന്നുകൂടിയുണ്ട്. പരസ്പരം കൊള്ളക്കിറങ്ങുന്ന  യൂറോപ്യന്‍ ഫ്യൂഡല്‍ തസ്‌കരസംഘങ്ങളെ പോപ്പിന്റെ ആഹ്വാനം  ആവേശഭരിതരാക്കി. 'നിങ്ങള്‍ യേശുവിന്റെ വിശ്വാസികളെ  ആക്രമിക്കാതിരിക്കുക, പകരം അവിശ്വാസികള്‍ക്കെതിരെ പടനയിക്കുക. കാടന്മാര്‍ക്കെതിരെ യേശുവിന്റെ പടയാളികളാവുക.' പൗരസ്ത്യ ഇസ്‌ലാമിനോട് ക്രൈസ്തവതയുടെ നിലപാട്  ശത്രുതയില്‍ നിര്‍മിച്ചതാണെന്നത് തികച്ചും  ആധികാരിക ക്രിസ്ത്യന്‍ പാഠപഠനങ്ങളിലൂടെയാണ് ദീപ കണ്ടെടുക്കുന്നത്. 

കുരിശുലോകത്തിന്റെ ഇസ്‌ലാംവിരോധത്തെ സമര്‍ഥമായി മറച്ചുപിടിക്കാന്‍ എത്ര ഏകതാനതയോടെയാണവര്‍  ഓറിയന്റലിസമെന്ന പഠനമണ്ഡലം വികസിപ്പിച്ചതെന്ന് എഴുത്തുകാരി അന്വേഷിക്കുന്നു. ഇതൊരു ആയുധമാണ്. പൗരസ്ത്യ പഠനമെന്ന ചക്രായുധം. പ്രത്യക്ഷത്തില്‍ നിരുപദ്രവം. പക്ഷേ എടുക്കുമ്പോള്‍  ഒന്നും തൊടുക്കുമ്പോള്‍ ശതവും ഏല്‍ക്കുമ്പോള്‍ സഹസ്രവുമാകുന്നൊരു വരായുധം. ജ്ഞാനബദ്ധമായ ആക്രമണോത്സുകതയാണ് ഓറിയന്റലിസം.  അധിനിവേശത്തിന്റെ മുന്നൊരുക്കവും  അതിനുതകുന്ന ജ്ഞാനനിര്‍മിതിയുമാണത്. നെപ്പോളിയന്‍ അക്കാലത്ത് ഈജിപ്തില്‍ തനിക്കു ചുറ്റും നിര്‍ത്തിയത്  ഇരുനൂറോളം ഓറിയന്റല്‍ പണ്ഡിതന്മാരെയാണ്. പട്ടാളക്കാരേക്കാള്‍ സമര്‍ഥമായി യുദ്ധം ജയിക്കാന്‍ കഴിയുക പണ്ഡിതന്മാര്‍ക്കാണ്. അമേരിക്ക എക്കാലത്തും അധിനിവേശത്തെയും ആധിപത്യമുഷ്‌കിനെയും  വിശദീകരിച്ചത് ക്രൈസ്തവ കാചത്തിലൂടെയാണെന്ന് ദീപ നിരീക്ഷിക്കുന്നു. നിഷ്‌കളങ്കരും സാത്വികരുമായിരുന്ന ചുവന്ന ഇന്ത്യക്കാരെ നിര്‍ദയം വംശഹത്യ ചെയ്തതിനു കുടിയേറ്റക്കാര്‍ പറഞ്ഞ ന്യായം അവര്‍ വന്യമൃഗങ്ങളും വിഗ്രഹപൂജകരുമാണെന്നതാണ്. അത്തരക്കാര്‍ക്ക് എതിരെ ആധിപത്യം സ്ഥാപിക്കാന്‍  ദൈവം തങ്ങളോട് കല്‍പ്പിച്ചിട്ടുണ്ടെന്നാണ്. നൂറ്റാണ്ടുകള്‍ക്കു ശേഷം ഇതുതന്നെയാണ് ഗള്‍ഫ് യുദ്ധകാലത്ത്  ജോര്‍ജ് ബുഷ് ആവര്‍ത്തിച്ചത്. ഇരുണ്ട ആഫ്രിക്കന്‍ കരുത്തിനെ അടിമകളാക്കാനും ഇതേ കൈസ്തവ കാചം തന്നെയാണവര്‍ ഉപയോഗിച്ചതെന്നും ദീപ കണ്ടെത്തുന്നു. 

ഇസ്‌ലാമോഫോബിയ ആസൂത്രിതമായൊരു രാഷ്ട്രീയമാണ്. ഇസ്‌ലാമിനെതിരെയുള്ള തീവ്രരാഷ്ട്രീയം. ഇത് വെള്ളവും വെളിച്ചവും മോന്തിയത് കുരിശുയുദ്ധപ്രോക്ത പരികല്‍പ്പനകളില്‍നിന്നുതന്നെയാണ്. ഇനിയും വരാനിരിക്കുന്ന വലിയ കൈയേറ്റങ്ങള്‍ മറക്കാന്‍  ലോകത്തിനു മുന്നില്‍ ഭീകരതയുടെ ഒരു വന്‍മതില്‍ അവര്‍ക്കു പണിയേണ്ടതുണ്ട്. ഇതിന്റെ സൂക്ഷ്മ പാരായണമാണ് ഇരുനൂറോളം പുറങ്ങളിലേക്ക് പടരുന്ന പുസ്തകം. നിഷ്പക്ഷമാണവരുടെ കണ്ടെത്തലുകള്‍. ദീപ ഇസ്‌ലാമികതയുടെയും ക്രൈസ്തവതയുടെയും പരാഗങ്ങള്‍ വഹിക്കുന്നില്ല. ഇസ്‌ലാമികര്‍ നിര്‍വഹിക്കുന്ന ജനസേവന പ്രവര്‍ത്തനങ്ങളെ വിശ്വാസത്തിന്റെ ആര്‍ദ്രതയില്‍ നോക്കിക്കാണാന്‍ എഴുത്തുകാരിക്കു കഴിയാതെ പോകുന്നത് അവര്‍ ഇസ്‌ലാമിനെയും പൊതുമതരാശിയില്‍ ഉള്‍പ്പെടുത്തി നിരീക്ഷിക്കുന്നതുകൊണ്ടാകാം. കലീമാണ് പുസ്തകം പരിഭാഷപ്പെടുത്തിയിരിക്കുന്നത്.

എങ്ങനെയാണ്  അമേരിക്ക ഇസ്‌ലാമിനെ നോട്ടമിടുന്നത്  എന്നതില്‍ അധികവായനക്ക് കൊള്ളാവുന്ന മറ്റൊരു പുസ്തകമാണ് മുജീബുര്‍റഹ്മാന്‍ കിനാലൂരിന്റെ 'ഇസ്‌ലാമോഫോബിയഃ വംശവെറിയുടെ രാഷ്ട്രീയം.' അമേരിക്കയിലും യൂറോപ്പിലും  എന്തിനു ഇങ്ങ് കേരളത്തില്‍ പോലും ഇസ്‌ലാം എങ്ങനെ അപരവത്കരിക്കപ്പെടുകയും നോട്ടമിടപ്പെടുകയും ചെയ്യുന്നു എന്ന് മുജീബിന്റെ  ഈ ലേഖനസമാഹാരം സൂക്ഷ്മമായി പറഞ്ഞുതരുന്നു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (32 - 40)
എ.വൈ.ആര്‍

ഹദീസ്‌

സമര പാതയില്‍ തളരാതെ
കെ.സി ജലീല്‍ പുളിക്കല്‍