Prabodhanm Weekly

Pages

Search

2017 മാര്‍ച്ച് 17

2993

1438 ജമാദുല്‍ ആഖിര്‍ 18

അന്നെത്ത ലോകാവസ്ഥകള്‍

ഡോ. മുഹമ്മദ് ഹമീദുല്ല

മുഹമ്മദുന്‍ റസൂലുല്ലാഹ് -3

മനുഷ്യചരിത്രം സംഭവങ്ങളുടെയും കാര്യകാരണങ്ങളുടെയും ഒരു പരമ്പരയാണ്. ഇസ്‌ലാം ആഗതമാവുമ്പോള്‍ ലോകത്ത് നേരത്തേതന്നെ നിരവധി മതങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. ഒരു പുതിയ മതത്തിന്റെ ആവശ്യമെന്തായിരുന്നു? അതിനെ വിജയത്തിലെത്തിച്ച സാഹചര്യങ്ങള്‍ എന്തെല്ലാമായിരുന്നു? പ്രഫസര്‍ ഫിലിപ്പ് കെ. ഹിറ്റി അത് വളരെ സംക്ഷേപിച്ച് പറഞ്ഞിട്ടുണ്ട്: ''ഇസ്‌ലാമും അതിന്റെ മൗലിക രൂപത്തില്‍ സെമിറ്റിക് മതത്തിന്റെ ന്യായയുക്തമായ പൂര്‍ണതയായിരുന്നു''1 മുഹമ്മദ് നബി ആഗതനാവുമ്പോള്‍ വിവിധ ജനവിഭാഗങ്ങള്‍ തമ്മിലുള്ള പരസ്പരാശ്രിതത്വം വളരെ പ്രധാനമായിക്കഴിഞ്ഞിരുന്നു. അതിനാല്‍ മുഹമ്മദ് നബി ജനിച്ച സമൂഹത്തിന് മറ്റു ജനവിഭാഗങ്ങളുമായി ഉണ്ടായിരുന്ന ബന്ധങ്ങള്‍, ഏറ്റവും ചുരുങ്ങിയത് സാമ്പത്തിക ബന്ധങ്ങളെങ്കിലും, നാം ഓര്‍മിക്കുന്നത് അപ്രസക്തമാകില്ല. ഇബ്‌നു ഹസല്‍ പറയുന്നത്, മുഹമ്മദ് നബി തന്റെ യുവത്വകാലത്ത് അബ്ദുല്‍ ഖൈസ് പ്രദേശം (ഉമാന്‍-ബഹ്‌റൈന്‍) സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ്.2 ഇബ്‌നു ഹബീബ് എഴുതുന്നത് ഇങ്ങനെയാണ്:  ''... പിന്നെ രണ്ട് പ്രമുഖ പൗരാണിക അറേബ്യന്‍ തുറമുഖങ്ങളിലൊന്നായ ദബ(ദിബ)യും സന്ദര്‍ശിച്ചു. സിന്ധില്‍നിന്നും ഇന്ത്യയില്‍നിന്നും അറേബ്യയില്‍നിന്നുമൊക്കെ അവിടെ കച്ചവടക്കാര്‍ എത്തിച്ചേരാറുണ്ടായിരുന്നു; കിഴക്കു നിന്നും പടിഞ്ഞാറുനിന്നുമെല്ലാം.''3

അറേബ്യയെക്കുറിച്ച് സംസാരിക്കുന്നതിനു മുമ്പ് ഈ അയല്‍ക്കാരുടെ സ്ഥിതി എന്തായിരുന്നുവെന്ന് നോക്കാം. 

ചൈന: കണ്‍ഫ്യൂഷ്യസ് (കുങ്ഫൂ തെസ്യു, ബി.സി 551-476) വന്നതോടെ ചൈന നാഗരികതയുടെ ഉത്തുംഗതയിലെത്തി. പക്ഷേ ഇസ്‌ലാമിന്റെ ആഗമനകാലത്ത് ഈ ഭൂപ്രദേശത്ത് പൊതുവെ അരാജകത്വവും ജീര്‍ണതയുമായിരുന്നു. കണ്‍ഫ്യൂഷ്യസ് വിഭാവന ചെയ്ത സാമൂഹിക സംവിധാനം തകര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. ഇന്ത്യയില്‍നിന്നെത്തിയ ബുദ്ധ മതം സ്ഥിതിഗതികള്‍ നേരെയാക്കാനുള്ള ശ്രമത്തിലുമായിരുന്നു. മുഹമ്മദ് നബി ആഗതനാവുന്ന കാലത്ത് ചൈനയില്‍ എല്ലാം ഒരു സംക്രമണ ദശയിലായിരുന്നു; മാറിക്കൊണ്ടിരിക്കുകയായിരുന്നു. പില്‍ക്കാല ഹൂണന്മാരുടെ (Posterior Huns) ഭരണം എന്നോ അവസാനിച്ചുകഴിഞ്ഞിരുന്നു. വെയ് (Wei), വു (Wu), ഷു(Shu) എന്നീ രാജവംശങ്ങളുടെ ആഗമനം ഭ്രാതൃഹത്യായുദ്ധങ്ങളെ ക്ഷണിച്ചുവരുത്തുകയാണ് ചെയ്തത്. ഈ ആഭ്യന്തര പരസ്പര കടിപിടികള്‍ക്കു പുറമെ തര്‍ത്താര്‍, ഹുസിയിങ്-നു, തിബറ്റന്‍ അധിനിവേശങ്ങളെ അവര്‍ക്ക് ചെറുക്കേണ്ടതായും വന്നു. കുറേ കാലത്തിനു ശേഷം സൂയി ഭരണവംശത്തിന് മുപ്പത് കൊല്ലക്കാലം (ക്രി. 589-618) കുറേയൊക്കെ രാജ്യത്തിന്റെ ഐക്യം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞു. പക്ഷേ, പ്രവാചകന്‍ ഹിജ്‌റ പോകുന്നതിന് അഞ്ചു വര്‍ഷം മുമ്പ് ചൈനയിലെ സ്ഥിതിഗതികള്‍ വീണ്ടും താറുമാറായി; വലിയ ആശയക്കുഴപ്പം നിലനിന്നു. പിന്നെ അധികാരമേറ്റ ടിയാങ്ങുകള്‍ (T'iang) ക്രമസമാധാനനില കുറേയൊക്കെ പുനഃസ്ഥാപിച്ചുവെങ്കിലും, ബോഗ്പര്‍ (ആകാശത്തിന്റെ പുത്രന്‍) എന്ന് വിൡക്കപ്പെടുന്ന ഭരണാധികാരിക്ക്, മനുഷ്യസ്‌നേഹവും മനുഷ്യസേവനവും തീര്‍ത്തും അന്യം തന്നെയായിരുന്നു. അതിനാല്‍ കൂടുതലൊന്നും ഈ നാട്ടില്‍നിന്ന് പ്രതീക്ഷിക്കാനുണ്ടായിരുന്നില്ല. പ്രവാചകന്‍ ദൗത്യമേല്‍പിക്കപ്പെടുന്നതിനു മുമ്പ് ഉമാനിലേക്ക് നടത്തിയ യാത്രയില്‍ ചൈനയില്‍നിന്നുള്ള ആളുകളെ കാണുകയും അവരുടെ ഊര്‍ജസ്വലത അദ്ദേഹത്തെ അത്ഭുതപ്പെടുത്തുകയും ചെയ്തിരിക്കാം. 'ചൈനയില്‍ പോയെങ്കിലും വിദ്യ ആര്‍ജിക്കുക' എന്ന വാക്യം അദ്ദേഹത്തിലേക്ക് ചേര്‍ത്തുപറയാറുണ്ടല്ലോ.

ഇന്ത്യ: ക്രിസ്തുവിന് ഏതാണ്ട് ഒരായിരം വര്‍ഷം മുമ്പ് ആര്യന്മാര്‍ ഇന്ത്യ കീഴ്‌പ്പെടുത്തുകയും അവിടെ സ്ഥിര താമസമാക്കുകയും ചെയ്തു. അവരുടെ ജാതി സമ്പ്രദായം, ആര്യന്മാരല്ലാത്തവരെല്ലാം തൊട്ടുകൂട്ടാത്തവരും തീണ്ടിക്കൂടാത്തവരുമാണെന്ന കാഴ്ചപ്പാട്, പ്രകൃതി ശക്തികളുടെ സ്രഷ്ടാവിനു പകരം ആ പ്രകൃതിശക്തികളെ തന്നെ ആരാധിക്കുന്നത്, ആരാധിക്കുന്നവരേക്കാള്‍ കൂടുതലായി കോടിക്കണക്കിന് ആരാധ്യരെ (ദൈവങ്ങള്‍) സൃഷ്ടിച്ചത്, ഭൗതികലോകം ത്യജിക്കുന്നതിലാണ് ജീവിതത്തിന്റെ പൂര്‍ണത എന്ന് പഠിപ്പിക്കല്‍, പുനര്‍ജന്മ വിശ്വാസം ഊട്ടിയുറപ്പിച്ചുകൊണ്ട് അധഃസ്ഥിതര്‍ സ്വന്തം കര്‍മഫലങ്ങള്‍ മാത്രമാണ് അനുഭവിക്കുന്നതെന്ന് വിശ്വസിപ്പിക്കല്‍ ഇതെല്ലാം വളരെ അപായകരമാംവിധം ഇന്ത്യന്‍ ജനതയെ ഗ്രസിച്ചുകഴിഞ്ഞിരുന്നു. കണ്‍ഫ്യൂഷ്യസിന്റെ സമകാലികനായി ഇന്ത്യയില്‍ ജീവിച്ച ഗൗതമ ബുദ്ധന്‍ ഇന്ത്യന്‍ ബ്രാഹ്മണിസത്തിനെതിരെ രംഗത്തുവന്നെങ്കിലും, അദ്ദേഹത്തിന്റെ അധ്യാപനങ്ങള്‍ മറ്റു വിധത്തില്‍ വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. മാനുഷ്യകത്തിന് അവസാന വാക്കായി ബുദ്ധിസത്തെ സ്വീകരിക്കാനായില്ല; പക്ഷേ, തീര്‍ച്ചയായും അത് മുന്നോട്ടുള്ള ഒരു കാല്‍വെപ്പായിരുന്നു. ഇന്ത്യയില്‍ വലിയ മാറ്റങ്ങളും അത് ഉണ്ടാക്കി. ഉന്നത ശ്രേണിയിലുള്ളവരുടെ മാത്രമല്ല, അങ്ങാടിയിലെ സാധാരണക്കാരെയും ക്രമപ്രവൃദ്ധമായ മാറ്റത്തിലേക്കും  ഉദ്ബുദ്ധതയിലേക്കും അത് കൊണ്ടുവന്നു. പക്ഷേ, നിര്‍ഭാഗ്യവശാല്‍, ഏറെത്താമസിയാതെ ബ്രാഹ്മണിസം അതിന്റെ പ്രതിയോഗിയായ ബുദ്ധമതത്തെ അതിജയിക്കുകയും ക്രൂരമായി അതിനെ അതിന്റെ ജന്മ സ്ഥാനമായ ഇന്ത്യയില്‍നിന്ന് ആട്ടിയോടിക്കുകയും ചെയ്തു.

മധ്യേഷ്യയില്‍നിന്നുള്ള വെള്ള ഹൂണന്മാര്‍ ഇന്ത്യ ഭരിച്ചിരുന്നു. മുഹമ്മദ് നബി ജനിക്കുന്നതിന് നാലു വര്‍ഷം മുമ്പ് ക്രി. 565-ല്‍ (ജസ്റ്റീനിയന്‍ മരിക്കുന്നതും ഇതേ വര്‍ഷമാണ്) ഓക്‌സസ് നദിക്കരയില്‍ വെച്ച് അവര്‍ പരാജയപ്പെടുത്തപ്പെട്ടു. ഇന്ത്യയിലുള്ളതെല്ലാം ഹൂണര്‍ക്ക് നഷ്ടമായി. പിന്നീട് തനീസര്‍ രാജാവായ ഹര്‍ഷ് വടക്കേ ഇന്ത്യ കീഴടക്കി (ക്രി. 606-648). പിന്നെപ്പിന്നെ അദ്ദേഹം അസം, ബംഗാള്‍, നേപ്പാള്‍, മാള്‍വ, ഗുജറാത്ത്, കതൈവര്‍ പ്രദേശങ്ങള്‍ കൈവശപ്പെടുത്തി. ക്രി. 610 (മുഹമ്മദ് നബിയുടെ പ്രവാചകത്വലബ്ധിയുടെ ഏതാനും മാസങ്ങള്‍ക്കു ശേഷം) ഹര്‍ഷ് രാജാവ് ദക്ഷിണേന്ത്യയിലെ ദക്കാന്‍ മേഖലയിലേക്ക് കടക്കുകയും അവിടെ നര്‍ബുദ് നദീതീരത്തു വെച്ച് ചാലൂക്യ വംശത്തിലെ പുലികേശന്‍ രണ്ടാമന്‍ അദ്ദേഹത്തെ പരാജയപ്പെടുത്തുകയും ചെയ്തു. ഹര്‍ഷിന് മക്കളുണ്ടായിരുന്നില്ല. ഹര്‍ഷിന്റെ ഭരണകാലത്ത് ജനജീവിതം സമാധാനപരമായിരുന്നു, അവരുടെ ജീവിതനിലവാരവും പൊതുവെ മെച്ചപ്പെട്ടിരുന്നു. ഹര്‍ഷിന്റെ മരണത്തോടെ അദ്ദേഹത്തിന്റെ സാമ്രാജ്യവും നശിപ്പിക്കപ്പെട്ടു. ആഭ്യന്തര യുദ്ധങ്ങളാല്‍ നാട് ശിഥിലമായി. ചാലൂക്യന്മാര്‍ വടക്കേ ഇന്ത്യയിലെ ഹര്‍ഷന്മാരെ വിജയകരമായി നേരിട്ടെങ്കിലും, ദക്ഷിണേന്ത്യയില്‍ തന്നെയുള്ള തങ്ങളുടെ അയല്‍ക്കാരായ കാഞ്ചീപുരം പല്ലവന്മാരെ തടുത്തു നിര്‍ത്താനായില്ല. ഇങ്ങനെ നൂറ്റാണ്ടുകള്‍ ഈ ഹിമാലയന്‍ ഭൂപ്രദേശത്ത് സര്‍വത്ര അരാജകത്വം അരങ്ങു വാണു.6

തുര്‍ക്കിസ്താനും മംഗോളിയയും: ഈ രണ്ട് മേഖലകളില്‍നിന്ന് ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്ക് കുടിയേറ്റക്കാര്‍ പോയ്‌ക്കൊണ്ടിരുന്നത് വളരെ താല്‍പര്യമുണര്‍ത്തുന്ന കാര്യമാണെങ്കിലും, ഇസ്‌ലാം ആധിപത്യമുറപ്പിക്കുന്ന കാലത്ത് (ക്രി. ഏഴാം നൂറ്റാണ്ട്) ഈ ഭൂവിഭാഗത്തിന്റെ അവസ്ഥ എന്തായിരുന്നു എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങളില്ല. പ്രവാചകന്‍ ജീവിച്ചിരുന്ന കാലത്താണ് ഹൂണന്മാര്‍ തിബത്ത് കീഴ്‌പ്പെടുത്തിയതും കിഴക്കന്‍ ദേശത്തെ തുര്‍ക്കികളുമായി സഖ്യമുണ്ടാക്കി തങ്ങളുടെ നില ഭദ്രമാക്കിയതും.7 പക്ഷേ, മനുഷ്യരെ സേവിക്കുക എന്ന ഉദാത്തമായ ആശയത്താല്‍ പ്രചോദിതരായിരുന്നു അക്കാലത്ത് ഇവിടത്തെ ജനവിഭാഗങ്ങളെന്ന് പറയാന്‍ കഴിയില്ല.

ബൈസാന്റിയന്‍ സാമ്രാജ്യം: മുഹമ്മദ് നബി തന്റെ യൗവനകാലത്ത് യൂറോപ്പിനെക്കുറിച്ചും കത്തോലിക്കാ മതത്തെക്കുറിച്ചും അറിഞ്ഞിരിക്കാനിടയില്ല. ബൈസാന്റിയന്‍ അധീനതയിലുള്ള സിറിയയിലെ അറബ് ക്രിസ്ത്യാനികളുമായി മാത്രമേ അദ്ദേഹത്തിന് ബന്ധമുണ്ടായിരിക്കാന്‍ ഇടയുള്ളൂ. ക്രിസ്ത്യന്‍ വിശ്വാസങ്ങളെക്കുറിച്ച് അവരില്‍നിന്ന് അദ്ദേഹം ചിലതെല്ലാം മനസ്സിലാക്കിയിരിക്കണം.

'റൂം' (റോമ) എന്ന വാക്ക് അറബിഭാഷയില്‍ സംരക്ഷിക്കപ്പെട്ടിരുന്നു; പ്രവാചകന്റെ കാലമായപ്പോഴേക്ക് റോമന്‍ സാമ്രാജ്യം ഇല്ലാതായിക്കഴിഞ്ഞിരുന്നുവെങ്കിലും. അവശേഷിച്ചത് അതിന്റെ കിഴക്കന്‍ ഭാഗം മാത്രമായിരുന്നു; ബൈസാന്റിയന്‍ സാമ്രാജ്യം എന്ന പേരില്‍. റോമയുടെ പടിഞ്ഞാറന്‍ പ്രവിശ്യകളും അതിന്റെ തലസ്ഥാനമായ റോം പോലും വടക്കു നിന്നെത്തിയ ജര്‍മന്‍കാരും മറ്റും അധിനിവേശപ്പെടുത്തിയിരുന്നു. ഈ പ്രാകൃതരായ അധിനിവേശകര്‍ ക്രമേണ റോമന്‍ ക്രൈസ്തവതയെ പുല്‍കി. അന്താരാഷ്ട്ര നിയമത്തില്‍ വ്യുല്‍പത്തിയുള്ള ചരിത്രകാരന്‍ ഏണസ്റ്റ് നിസ് (Ernest Nys) പറയുന്നത്, വടക്കു നിന്നുള്ള ഈ വിഭാഗങ്ങള്‍ യേശുക്രിസ്തു പ്രബോധനം ചെയ്ത സമാധാനത്തിന്റെ മതം ആശ്ലേഷിച്ചുവെങ്കിലും, അവരുടെ പെരുമാറ്റം അവിശ്വാസികളുടേതിനേക്കാള്‍ ക്രൂരമായിരുന്നു എന്നാണ്.8 മാത്രവുമല്ല ഈ ഭൂവിഭാഗം നൂറുകണക്കിന് നാട്ടുരാജ്യങ്ങളായി വിഭജിതമാവുകയും ചെയ്തു. അവ എപ്പോഴും പരസ്പരം പോരടിച്ചുകൊണ്ടുമിരുന്നു.

ബൈസാന്റിയന്‍ സാമ്രാജ്യമാകട്ടെ ഒരുവശത്ത് നൂറ്റാണ്ടുകളായി ഇറാനോടും മറുവശത്ത് പടിഞ്ഞാറു നിന്നുള്ള ഗോത്ര വര്‍ഗങ്ങളോടും സ്ലാവുകള്‍ പോലുള്ള ജനവിഭാഗങ്ങളോടും ഇഞ്ചോടിഞ്ച് പൊരുതിക്കൊണ്ടിരിക്കുകയായിരുന്നു. പ്രവാചകന്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാലത്ത്, ഇറാന്‍ ബൈസാന്റിയക്കാരില്‍നിന്ന് സിറിയ, ഈജിപ്ത് ഉള്‍പ്പെടെയുള്ള അവരുടെ ഏറ്റവും മികച്ച നിരവധി പ്രവിശ്യകള്‍ പിടിച്ചെടുത്തിരുന്നു. അങ്ങകലെ നടക്കുന്ന ഈ യുദ്ധങ്ങള്‍ പ്രത്യക്ഷത്തില്‍ മക്കക്കാരെ ബാധിക്കുന്നുണ്ടായിരുന്നില്ല. ഇരു സാമ്രാജ്യങ്ങളുമായും (ബൈസാന്റിയന്‍, സാസാനിയന്‍) കച്ചവടബന്ധങ്ങള്‍ ഉണ്ടായിരുന്നതിനാല്‍, ബൈസാന്റികളും സാസാനികളും പരസ്പരം യുദ്ധം ചെയ്യുന്നതോ ഭൂപ്രദേശങ്ങള്‍ പിടിച്ചടക്കുന്നതോ നിഷ്പക്ഷ മൂന്നാം കക്ഷികളായ മക്കക്കാര്‍ക്ക് പ്രശ്‌നമായിരുന്നില്ല. പക്ഷേ അന്നും  ജനവിഭാഗങ്ങള്‍ തമ്മില്‍ പരസ്പരാശ്രിതത്വം നിലനിന്നിരുന്നതിനാല്‍ ഇത്തരം കാര്യങ്ങളെ അവഗണിക്കാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് മക്കയില്‍ അവതരിച്ച വിശുദ്ധ ഖുര്‍ആനിലെ 'റൂം' (ബൈസാന്റികള്‍) എന്ന 30-ാം അധ്യായത്തില്‍ സാസാനി-ബൈസാന്റിയന്‍ സംഘര്‍ഷങ്ങളെക്കുറിച്ച് തീര്‍ത്തും അപ്രതീക്ഷിതമായ ചില സൂചനകള്‍ കടന്നുവരുന്നത്. ഈ സംഘര്‍ഷങ്ങളില്‍ മുസ്‌ലിംകള്‍ക്ക് ചില താല്‍പര്യങ്ങള്‍ ഉണ്ടായിരുന്നു. അതിനെ പിന്തുണച്ചും സാസാനികള്‍ക്കെതിരെ ഏതാനും വര്‍ഷങ്ങള്‍ക്കകം ബൈസാന്റിയന്‍ വിജയമുണ്ടാവുമെന്ന് പ്രവചിച്ചുമാണ് ഖുര്‍ആനിക സൂക്തങ്ങള്‍ അവതരിച്ചത്: ''റൂം കീഴപ്പെടുത്തപ്പെട്ടിരിക്കുന്നു; ഏറ്റവുമടുത്ത നാട്ടില്‍ വെച്ച്. തങ്ങളുടെ പരാജയത്തിനു ശേഷം പത്തു വര്‍ഷത്തിനകം അവര്‍ വിജയികളായിത്തീരുന്നതാണ്. മുമ്പും ശേഷവും എല്ലാ കാര്യങ്ങളും അല്ലാഹുവിന് തന്നെയാണല്ലോ. വിശ്വാസികള്‍ അന്ന് അല്ലാഹുവിന്റെ സഹായത്താല്‍ സന്തോഷിക്കും. താനുദ്ദേശിച്ചവരെ അവന്‍ സഹായിക്കുന്നു. അവന്‍ അജയ്യനും കരുണാനിധിയുമാകുന്നു.”9

ഖുര്‍ആന്‍ നടത്തിയ ഈ പ്രവചനത്തിന്റെ ഒമ്പതാം വര്‍ഷത്തിന്റെ ഒടുവില്‍, അഥവാ ഹി. ആറാം വര്‍ഷത്തില്‍ 'അഗ്നിയാരാധകര്‍' (ഇറാനികള്‍)ക്ക് 'വിശ്വാസികളുടെ' (ബൈസാന്റിയക്കാര്‍) കൈകളില്‍നിന്ന് നിനിവയില്‍ വെച്ച് കനത്ത പരാജയമേറ്റുവാങ്ങേണ്ടിവന്നു. പേര്‍ഷ്യന്‍ സാമ്രാജ്യത്തെ ഈ കനത്ത തോല്‍വി ഒന്നാകെ ഉലച്ചുകളഞ്ഞു. അതില്‍നിന്ന് കരകേറാന്‍ ഇറാന്ന് പിന്നീടൊരിക്കലും സാധ്യമായില്ല. അതേസമയം ബൈസാന്റിയക്കാര്‍ക്ക് ആ വിജയം കൊണ്ട് കാര്യമായ പ്രയോജനമൊന്നും ലഭിച്ചതുമില്ല. നൂറ്റാണ്ടുകളായി തുടരുന്ന വിദേശാക്രമണങ്ങളും ആഭ്യന്തരമായി അരങ്ങേറിയ മതപീഡനങ്ങളുമാണ് ബൈസാന്റിയന്‍ സാമ്രാജ്യത്തിന് വിനയായത്. വളരെ കാര്യഗൗരവത്തിലുള്ള മത ചര്‍ച്ചകള്‍ ബൈസാന്റിയന്‍ സമൂഹത്തെ ആവേശിച്ച കാലമാണ്. ചര്‍ച്ചകളില്‍ പല അഭിപ്രായങ്ങള്‍ ഉരുത്തിരിഞ്ഞുവരുമല്ലോ. പക്ഷേ, ഒരു വീക്ഷണഗതിക്കാര്‍ മേറ്റ വീക്ഷണഗതി വെച്ചുപുലര്‍ത്തുന്നവരെ ഒരിക്കലും വെച്ചുപൊറുപ്പിച്ചിരുന്നില്ല. എന്നല്ല, അവരെ ശാരീരികമായി ഉന്മൂലനം ചെയ്യാന്‍ വരെ അവര്‍ ഉദ്യുക്തരായി. ഇതില്‍ ഭരണാധികാരികളും ഭാഗഭാക്കായി. അവര്‍ തങ്ങളുടെ മതവീക്ഷണങ്ങള്‍ ഇടക്കിടെ മാറ്റിക്കൊണ്ടുമിരുന്നു; ഒരു തലമുറയുടെ കാലം പോലും കഴിയുന്നതിന് മുമ്പേ. പക്ഷപാതരഹിതമായ നീതി അവരില്‍നിന്ന് ജനങ്ങള്‍ക്ക് ലഭ്യവുമായിരുന്നില്ല. ഇത് ജനജീവിതം അങ്ങേയറ്റം ദുഷ്‌കരമാക്കി. ചരിത്രകാരന്മാരെല്ലാം സമ്മതിക്കുന്ന ഒരു സത്യമു്. ക്രിസ്ത്യാനികളായ അനൗദ്യോഗിക/വിമത വിഭാഗങ്ങള്‍ ഭരണ പിന്തുണയുള്ള ഔദ്യോഗിക ക്രിസ്ത്യന്‍ വിഭാഗത്തിന്റെ ആധിപത്യത്തേക്കാള്‍ ആഗ്രഹിച്ചിരുന്നത് ഒരു വിദേശ അധിനിവേശത്തെപ്പോലുമായിരുന്നു. ഏറെ വൈകാതെ ഈ വിമത വിഭാഗങ്ങള്‍ മുസ്‌ലിംകളെ വിമോചകരായി തങ്ങളുടെ നാട്ടിലേക്ക് ക്ഷണിച്ചുവരുത്തുകയും ചെയ്തു.

ഇറാന്‍: അറബികളുടെ മറ്റൊരു വലിയ അയല്‍വാസിയാണ് ഇറാന്‍. ആ സാമ്രാജ്യത്തിനും മാനുഷ്യകത്തിന് പ്രതീക്ഷകളൊന്നും നല്‍കാനുണ്ടായിരുന്നില്ല. അവരാണെങ്കില്‍ രണ്ട് യുദ്ധമുഖങ്ങള്‍ എപ്പോഴും തുറന്നുവെക്കേണ്ട ഗതികേടിലും; ഒന്ന് ബൈസാന്റിയന്‍ യുദ്ധമുഖം, മറ്റേത് മധ്യേഷ്യയിലെ ടര്‍ക്കിഷ് യുദ്ധമുഖം. അവരുടെ ആധ്യാത്മിക ജീവിതവും മറ്റുള്ളവര്‍ക്ക് ഒന്നും സമ്മാനിക്കുന്നുണ്ടായിരുന്നില്ല. പ്രവാചകന്‍ ജനിക്കുന്ന സമയത്ത് മസ്ദഖിസം ആയിരുന്നു ഇറാന്റെ ഔദ്യോഗിക മതം. ഈ മതത്തിന്റെ സ്ഥാപകനാണ് മസ്ദഖ്.10 ഈ പുരോഹിതന്‍ രാജസദസ്സില്‍ ചെന്ന് ചക്രവര്‍ത്തിയോടും രാജ്ഞിയോടും നേരിട്ട് തന്നെ പ്രഖ്യാപിച്ചത്, രാജ്ഞി പോലും രാജാവിന്റെ സ്വന്തമല്ല എന്നാണ്. രാജ്ഞിയെന്നല്ല, ഏതു സ്ത്രീയെയും ഏതു പുരുഷനും അനുഭവിക്കാം എന്നുമാണ്. ഈ പ്രഖ്യാപനം അപമാനമായി രാജ്ഞി കരുതിയിരുന്നില്ല; രാജാവിനാകട്ടെ രാജ്ഞിയെ മറ്റൊരാള്‍ അനുഭവിക്കുന്നതില്‍ രോഷവും ഉണ്ടായിരുന്നില്ല. പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ടെസിഫണി(ഇലേശെുവീി)ല്‍ പിതാവിന്റെ മരണശേഷം അനൂശിര്‍വാന്‍ അധികാരമേല്‍ക്കുന്നതോടെ മതപീഡനം അവസാനിക്കുകയല്ല, അതിന്റെ ദിശ മാറുക മാത്രമാണുണ്ടായത്. ഇന്നലത്തെ മര്‍ദിതര്‍ ഇന്നത്തെ മര്‍ദകരായി എന്നു മാത്രം. മറ്റിടങ്ങളിലെന്നെ പോലെ ഭീകരമായ മനുഷ്യദുരന്തങ്ങള്‍ക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല ഇറാനിലും.

അബ്‌സീനിയ: പൗരാണിക നാഗരികതയുടെ ഉടമകളായ അബ്‌സീനിയ അറബികളില്‍നിന്ന് അവരുടെ ഫലഭൂയിഷ്ഠമായ യമന്‍ പ്രവിശ്യ പിടിച്ചെടുക്കുകയുണ്ടായി. പിന്നീട്, പ്രവാചകന്‍ ഭൂജാതനായ അതേവര്‍ഷം, ഒരു അബ്‌സീനിയന്‍ പട യമനില്‍നിന്ന് പുറപ്പെട്ടു, ഉത്തര അറേബ്യ ലക്ഷ്യമാക്കി. ആ പട മക്കയുടെ പ്രാന്തങ്ങളില്‍ വെച്ച്, ഖുര്‍ആന്റെ പ്രയോഗം കടമെടുത്താല്‍, 'ചവച്ചരക്കപ്പെട്ട വൈക്കോല്‍ പോലെ' ആയിത്തീര്‍ന്നു.11 ഇസ്‌ലാമിന്റെ പ്രാരംഭദശയില്‍, അബ്‌സീനിയന്‍ നഗരപ്രദേശങ്ങളില്‍ ഭ്രാതൃഹത്യാ യുദ്ധങ്ങളേ (Fratricidal Wars) നമുക്ക് കാണാന്‍ കഴിയുമായിരുന്നുള്ളൂ. ഒന്നിലധികം തവണ അവിടെ അഭയം തേടിച്ചെന്ന ഏതാനും മുസ്‌ലിംകള്‍ ഈ ആഭ്യന്തരപ്പോരില്‍ അസ്വസ്ഥരായിരുന്നു.

ചുരുക്കത്തില്‍, പ്രവാചകന്‍ ആഗതനാവുന്ന സമയത്ത്, ലോകത്തിന്റെ ഏതു ഭാഗത്തേക്ക് നോക്കിയാലും യുദ്ധങ്ങളും വംശം, വര്‍ണം, ഭാഷ, ദേശം എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള അര്‍ഥശൂന്യമായ മുന്‍ധാരണകളും മാത്രമേ കാണാന്‍ കഴിയുമായിരുന്നുള്ളൂ. ധനത്തിന്റെ അസമമായ വിതരണം കാരണം പട്ടിണിയും വളരെ വ്യാപകമായിരുന്നു. പണം കുറച്ചാളുകളുടെ കൈകളില്‍ മാത്രം; മറ്റുള്ള ജനങ്ങള്‍ക്ക് സ്വന്തമായി ഒന്നും ഉണ്ടായിരുന്നില്ല. തങ്ങള്‍ ഒരേ ആദമിന്റെയും ഹവ്വയുടെയും പിന്മുറക്കാരാണെന്ന സത്യം പറ്റേ വിസ്മരിക്കപ്പെട്ടുപോയിരുന്നു. ഭ്രാതൃഹത്യകള്‍ അവരെ വന്യമൃഗങ്ങളേക്കാള്‍ താഴ്ന്ന നിലവാരത്തിലെത്തിച്ചു. ഭൗതികവാദം പലരെയും ചെന്നായ്ക്കളാക്കി മാറ്റിയിരുന്നു. ചിലര്‍ ചില ആത്മീയ സാധനകളൊക്കെ നടത്തുന്നുണ്ടായിരുന്നെങ്കിലും, അവര്‍ ലോക കാര്യങ്ങളില്‍നിന്നൊക്കെ അകന്ന് ഏകാന്തതകളില്‍ കഴിയുകയായിരുന്നു. അവര്‍ മാലാഖമാരോട് സദൃശരാണ് എന്നൊക്കെ നമുക്ക് പറയാമെങ്കിലും ആ ആത്മീയതയുടെ പ്രയോജനം അവര്‍ക്ക് മാത്രമായിരുന്നു; മറ്റു ജനങ്ങള്‍ക്ക് അത് യാതൊരു വിധത്തിലും പ്രയോജനപ്പെടുന്നുണ്ടായിരുന്നില്ല.

മനുഷ്യന്‍ ശരീരവും ആത്മാവും ചേര്‍ന്നതാണെന്ന സത്യം പോലും എല്ലാവരും മറന്നുപോയിരുന്നു. ഈയവസ്ഥയില്‍ മനുഷ്യകുലത്തിന് വഴികാട്ടാന്‍ ഒരു ദര്‍ശനം അനിവാര്യമായിരുന്നു. മനുഷ്യനെ ആത്മീയമായും ഭൗതികമായും വഴികാട്ടുന്ന ഒരു ദര്‍ശനം. ഭൗതിക-ആത്മീയ തലങ്ങളെ അത് സന്തുലിതമായി സംയോജിപ്പിക്കണം. അങ്ങനെ മനുഷ്യന്റെ സ്വരച്ചേര്‍ച്ചയുള്ള വികാസം സാധ്യമാവണം. മനുഷ്യന്‍ മാലാഖയോ പിശാചോ ശിലയോ ഒന്നുമല്ല. അവന് നന്മയും തിന്മയും ചെയ്യാനുള്ള കഴിവുണ്ട്. ചീത്ത വികാരങ്ങളെയും തോന്നലുകളെയും നിയന്ത്രിക്കാന്‍ പര്യാപ്തമായ യുക്തിബോധവും അവനില്‍ നിക്ഷിപ്തമാണ്. അതിനാല്‍ ആ ഒരു ചരിത്രസന്ധിയില്‍, തന്റെ അവകാശങ്ങള്‍ എന്തൊക്കെയെന്നും, താന്‍ ചെയ്യുന്ന ഓരോ പ്രവൃത്തിക്കും താന്‍ എങ്ങനെ ഉത്തരവാദിയായിത്തീരുന്നുവെന്നും മനുഷ്യനെ പഠിപ്പിക്കേണ്ടതുണ്ടായിരുന്നു.

 

(തുടരും)

അവലംബം

1. History of The Arabs, P. 8

2. Musnad, IV, 206

3. Muhabbar, P 265

4. Cf. Encyclopedia Britannica, S.V. China

5. In his, Jam'al- Jawami, Suyuti makes this question from the following authors: Ibn Abd al- Barr- Al- Ilm, Bhaihaqi- Shu'b al - imam, Ibn 'Abi- al-Kamil, Al-Uqaili- Ad-Duafa

6. Cf. Encyclopedia Britannica, S.V, India

7. Ibid, S.V, Turkestan

8. Origine du droit International, Brussels, 1894, Chaptar 3, p 44 foll

9. Quran 30:2-5

10. Arthur Christensen. La Iran sous les Sassanides, 2nd Ed, Coppen Hagen, 1944, p. 39 

11. Quran 105:5

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (15 - 22)
എ.വൈ.ആര്‍

ഹദീസ്‌

വിശ്വാസ വഞ്ചനയുെട പരിണതി
എം.എസ്.എ റസാഖ്‌