കാമ്പസുകള് പ്രതിരോധക്കോട്ടകള്
ബി.ജെ.പി കേന്ദ്രത്തില് അധികാരത്തിലെത്തിയ ശേഷം ഇന്ത്യയുടെ സാമൂഹിക ജീവിതം പ്രക്ഷുബ്ധമാണ്. ആ പ്രക്ഷുബ്ധത ഏറ്റവും കൂടുതല് കാണാനാവുന്നത് കാമ്പസുകളിലാണ്. യൂനിവേഴ്സിറ്റികളുടെ ഫാഷിസ്റ്റ്വത്കരണത്തിനെതിരെയുള്ള അധ്യാപകരുടെയും വിദ്യാര്ഥികളുടെയും ചെറുത്തുനില്പ്പും, പോഷക സംഘടനകളെ കയറൂരിവിട്ടും പോലീസിനെ നിഷ്ക്രിയമാക്കി നിര്ത്തിയും അതിനെ ഭരണകൂടം അടിച്ചമര്ത്താന് ശ്രമിക്കുന്നതുമാണ് സംഘര്ഷത്തിന് കാരണം. ഇന്ത്യയില് നവ ലിബറല് നയങ്ങള് നടപ്പാക്കി തുടങ്ങിയ തൊള്ളായിരത്തി തൊണ്ണൂറുകള് മുതല് തന്നെ കലാലയങ്ങളിലെ ഉദ്ബുദ്ധരായ അധ്യാപകരും വിദ്യാര്ഥികളും അതിനെ ചെറുത്തുവന്നിട്ടുണ്ട്. സ്വതന്ത്രമായി ചിന്തിക്കാത്ത, കോര്പറേറ്റ് താല്പര്യങ്ങള്ക്കൊത്ത് യന്ത്രങ്ങളെപ്പോലെ ചലിക്കുന്ന 'ഉല്പന്നങ്ങള്' മാത്രമാണ് യൂനിവേഴ്സിറ്റിയില്നിന്ന് ഭരണാധികാരികള് പ്രതീക്ഷിക്കുന്നത്. നരേന്ദ്ര മോദി അധികാരത്തില് വന്നതോടു കൂടി നവ ലിബറല് നയങ്ങള് അടിച്ചേല്പിക്കുന്നതിന് ആക്കം കൂട്ടി. 'മേക്ക് ഇന് ഇന്ത്യ' കാമ്പയിന് ഇതിന്റെ ലക്ഷണമൊത്ത ഉദാഹരണമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. നാവടക്കൂ എന്നു തന്നെയാണ് അടിയന്തരാവസ്ഥക്കാലത്തെന്ന പോലെ ഇപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കുന്നത്.
നവ ലിബറല് നയങ്ങള്ക്കെതിരെയുള്ള ആശയപ്പോരാട്ടങ്ങള് മുന് ഭരണകൂടങ്ങളുടെ കാലത്തും സജീവമായിരുന്നെങ്കിലും, നമ്മുടെ കാലത്തെ വ്യത്യസ്തമാക്കുന്നത് അതിനെതിരെയുള്ള കടുത്ത ഹിംസാത്മകതയാണ്. ഇതിനു വേണ്ടി കാമ്പസുകളെ സജ്ജമാക്കുന്നതിന് യൂനിവേഴ്സിറ്റികളുടെ തലപ്പത്ത് അഴിച്ചുപണികള് നടത്തിവരികയായിരുന്ന സംഘ് പരിവാര് കലാലയങ്ങളുടെ ഭരണതലങ്ങളിലെല്ലാം ഹിന്ദുത്വ ആശയക്കാരെ കുത്തിനിറച്ചു. അവരില് വേണ്ടത്ര യോഗ്യതയോ പ്രവൃത്തിപരിചയമോ ഇല്ലാത്തവര് പോലുമുണ്ടെന്ന് ആരോപണമുയര്ന്നു. ഇവര് ഭരണകൂടത്തിന്റെ കൈയിലെ പാവകള് മാത്രമാണ്. അഖില ഭാരതീയ വിദ്യാര്ഥി പരിഷത്ത് (എ.ബി.വി.പി) പോലുള്ള സംഘ് പരിവാര് പോഷക സംഘടനകള് പറയുന്നതനുസരിച്ച് കാര്യങ്ങള് നീക്കുക മാത്രമാണ് ഇവരുടെ ചുമതല. ആവശ്യമെങ്കില് പോലീസ് നിഷ്ക്രിയമായി നിന്നോ ഇടപെട്ടോ സഹായിക്കും. എ.ബി.വി.പിക്കാരുടെ മര്ദനത്തെത്തുടര്ന്ന് ജെ.എന്.യുവില്നിന്ന് ദുരൂഹ സാഹചര്യത്തില് കാണാതായ നജീബ് അഹ്മദിനെക്കുറിച്ച് നൂറ് ദിവസങ്ങള് പിന്നിട്ടിട്ടും ഒരു അന്വേഷണം പോലും നടക്കാത്തത് അതുകൊണ്ടാണ്. രോഹിത് വെമുലയുടെ മരണത്തിലോ നജീബ് അഹ്മദിന്റെ തിരോധാനത്തിലോ പ്രതിഷേധിച്ചാലും, അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദിച്ചാലും എന്തു സംഭവിക്കുമെന്ന് ജെ.എന്.യുവിലെ ഭീകര താണ്ഡവങ്ങള് നമുക്ക് മുന്നറിയിപ്പ് നല്കുന്നുണ്ട്.
ഈ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ എപ്പിസോഡായിരിക്കില്ല ദിവസങ്ങള്ക്കു മുമ്പ് ദല്ഹിയിലെ രാംജാസ് കോളേജില് നടന്നത്. കോളേജിലെ ഇംഗ്ലീഷ് ഡിപ്പാര്ട്ട്മെന്റ് 'പ്രതിഷേധത്തിന്റെ സംസ്കാരങ്ങള്' എന്ന പേരില് ഫെബ്രുവരി 22-ന് ഒരു ഡിബേറ്റ് സംഘടിപ്പിക്കുന്നു. പ്രഫ. നന്ദിനി സുന്ദറാണ് മുഖ്യ പ്രഭാഷക. അവര്ക്ക് പങ്കെടുക്കാന് സാധിക്കാത്തതുകൊണ്ട് അതേ വിഷയത്തില് ഗവേഷണം നടത്തുന്ന ഉമര് ഖാലിദിനെ സംഘാടകര് ക്ഷണിക്കുന്നു. കോളേജ് അധികാരികള് അതിന് അനുവാദവും നല്കുന്നു. പിന്നെയാണ് എ.ബി.വി.പി രംഗത്തുവരുന്നത്. ജെ.എന്.യു പ്രക്ഷോഭകാലത്ത് രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തപ്പെട്ട ഉമര് ഖാലിദിനെ തടഞ്ഞാല് ലഭിക്കുന്ന രാഷ്ട്രീയ മൈലേജ് ആയിരിക്കാം അവരെ അതിന് പ്രേരിപ്പിച്ചിട്ടുണ്ടാവുക. കോളേജ് അധികൃതര് എ.ബി.വി.പിക്കാര് പറയുന്നതൊക്കെ ഉത്തരവുകളായി സംഘാടക സമിതിക്ക് നല്കി. പരിപാടി കാന്സല് ചെയ്തു. ചര്ച്ചാ വേദിയിലേക്ക് പുറപ്പെട്ട ഉമര് ഖാലിദ് വഴിയില് വെച്ച് തിരിച്ചുപോയി. പ്രശ്നം അവിടെ അവസാനിക്കേണ്ടതാണ്. പക്ഷേ, പിറ്റേന്ന് സംഘ് പരിവാര് അനുകൂലികള് വളരെ ആസൂത്രിതമായി യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിക്കുന്നതാണ് കണ്ടത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നതിനെതിരെ രംഗത്തിറങ്ങിയ അധ്യാപകരെയും വിദ്യാര്ഥികളെയും അവര് വളഞ്ഞിട്ട് പൊതിരെ തല്ലി.
ഇതേ സന്ദര്ഭത്തില് തന്നെയാണ് ദല്ഹിയിലെ ശ്രീരാം കോളേജിലെ ഗുര്മെഹര് കൗര് എന്ന വിദ്യാര്ഥിനിക്ക് ബലാത്സംഗ ഭീഷണി ഉള്പ്പെടെയുള്ള അതിനീചമായ അവഹേളനങ്ങള് ഏറ്റുവാങ്ങേണ്ടിവന്നത്. എ.ബി.വി.പിയെ തനിക്ക് ഭയമില്ലെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുമെന്നും പറഞ്ഞുപോയതിനുള്ള ശിക്ഷ. കാര്ഗില് യുദ്ധത്തില് രക്തസാക്ഷിയായ ക്യാപ്റ്റന് മന്ദീപ് സിംഗിന്റെ മകളാണ് ഗുര്മെഹര്. ആ പാവന സ്മരണയെ അപഹസിച്ചും ഫാഷിസ്റ്റ് വൃത്തങ്ങളില്നിന്ന് ട്രോളുകളുണ്ടായി. ഇതിനൊക്കെ മുന്നിരയിലുണ്ടായിരുന്നത് മന്ത്രിമാരും മറ്റു ഉത്തരവാദപ്പെട്ടവരും തന്നെ.
ഈയൊരു ഭീഷണമായ സാഹചര്യങ്ങളില് ഫാഷിസ്റ്റ് ശക്തികള്ക്കെതിരെ കാമ്പസുകളില് കൂട്ടായ പ്രതിരോധമാണ് ഉയര്ന്നുവരേണ്ടത്. അഖിലേന്ത്യാ തലത്തില് പിന്നാക്ക-ദലിത് കൂട്ടായ്മകള്ക്കൊപ്പം ഇടതു വിദ്യാര്ഥി സംഘടനകളും ഈ സംയുക്ത പ്രതിരോധത്തിന്റെ മുന്നിരയിലാണ്. എന്നാല്, അതേ ഇടതുപക്ഷം കേരളത്തിലെ തങ്ങള്ക്ക് സ്വാധീനമുള്ള കാമ്പസുകളിലെത്തുമ്പോള് ഫാഷിസ്റ്റ് രീതികള് പുറത്തെടുക്കുന്നു എന്ന വൈരുധ്യവും നിലനില്ക്കുന്നു. മടപ്പള്ളിയും മറ്റും നല്കുന്ന സൂചന അതാണ്. എതിരാളികളെ വര്ഗീയമായും ജാതീയമായും അധിക്ഷേപിച്ച് ഒതുക്കാന് ശ്രമിക്കുകയാണ്. ഈ ഇരട്ടത്താപ്പ് കൈയൊഴിച്ചില്ലെങ്കില് ഇടതുപക്ഷത്തിന്റെ വിശ്വാസ്യതയെ തന്നെയാണ് അത് തകര്ത്തുകളയുക.
Comments