Prabodhanm Weekly

Pages

Search

2017 മാര്‍ച്ച് 17

2993

1438 ജമാദുല്‍ ആഖിര്‍ 18

കാമ്പസ് ജനാധിപത്യത്തില്‍ തകര്‍ന്നുപോകുന്നവര്‍ എന്തടിത്തറയിലാണ് നിലനില്‍ക്കുന്നത്?

സല്‍വ അബ്ദുല്‍ ഖാദര്‍

ഐക്യ കേരളത്തിലെ ആദ്യ ഇരുപത് ഗവണ്‍മെന്റ് കോളേജുകളില്‍ ഒന്നാണ് വടകര മടപ്പള്ളി ഗവ. കോളേജ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മടപ്പള്ളിയില്‍ എസ്.എഫ്.ഐ ഇതര വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലായിരുന്നു. അനീതിക്ക് കൂട്ടുനില്‍ക്കാനാവാത്തതിനാല്‍ മടപ്പള്ളിയിലുള്ള ഏക എസ്.എഫ്.ഐ ഇതര വിദ്യാര്‍ഥി സംഘടനയായ ഇങ്ക്വിലാബില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു എസ്.ഐ.ഒ, കെ.എസ്.യു, എം.എസ്.എഫ് സംഘടനകളിലെ വിദ്യാര്‍ഥികള്‍ തങ്ങളുടെ രാഷ്ട്രീയ വിയോജിപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിനു വേണ്ടി ഒന്നിച്ചുനിന്ന് രൂപീകരിച്ചതാണ് ഇങ്ക്വിലാബ്. 

ചില വര്‍ഷങ്ങളില്‍ ഒന്നു രണ്ട് അസോസിയേഷന്‍ സീറ്റുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഇങ്ക്വിലാബ് രൂപീകരണത്തിനു മുമ്പ് വര്‍ഷങ്ങളായി കാമ്പസില്‍ ഇലക്ഷന്‍ പോലും നടന്നിരുന്നില്ല. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇലക്ഷന്‍ നടക്കുന്നു. ഈ വര്‍ഷം ഇങ്ക്വിലാബ് 4 ജനറല്‍ സീറ്റില്‍ മത്സരിക്കുകയും 280 വോട്ട് വരെ നേടുകയും ചെയ്തു. ഇതിന് മുമ്പും  എസ്.എഫ്.ഐയുടെ ഏകാധിപത്യത്തിനെതിരെ പലരും ശബ്ദമുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും അടിച്ചമര്‍ത്തപ്പെടുകയായിരുന്നു. എസ്.എഫ്.ഐക്കെതിരെ എന്നതിലപ്പുറം ഞങ്ങള്‍ സംസാരിച്ചത് ജനാധിപത്യ കാമ്പസിനെ കുറിച്ചായിരുന്നു. മടപ്പള്ളി കാമ്പസില്‍ എല്ലാവരുടെയും ശബ്ദങ്ങള്‍ ഉയര്‍ന്നു കേള്‍ക്കാനുള്ള അവസരങ്ങള്‍ ഉണ്ടാകണം. എന്നാല്‍ അത് എസ്.എഫ്.ഐക്കാര്‍ക്ക് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു. അതു കൊണ്ടാണല്ലോ ലോ അക്കാദമി സമരത്തിന്  ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരം നടത്താനുള്ള അനുവാദത്തിനായി പ്രിന്‍സിപ്പലിന്റെ അടുത്ത് ഞങ്ങളെത്തിയതിന് പിറകെ വന്ന് അനുവാദം കൊടുക്കരുതെന്ന് പറഞ്ഞത്. പ്രിന്‍സിപ്പലിന്റെ അനുമതിയോടെ പ്രകടനം നടത്താന്‍ ഒരുമിച്ചുകൂടിയ ഞങ്ങളെ തെറി വിളിച്ചുകൊണ്ട് എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയടക്കമുള്ളവരുടെ നേതൃത്വത്തില്‍ പൊതിരെ തല്ലിയത്. അവിടെ ഞങ്ങള്‍ അഞ്ച് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളുമാണ് ഉായിരുന്നത്. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും കണക്കിന് കിട്ടി.

അടി കൊണ്ട ഞങ്ങള്‍ പ്രിന്‍സിപ്പലിന്റെ റൂമില്‍ അഭയം തേടിയപ്പോള്‍  എസ്.എഫ്.ഐക്കാരായ രണ്ട് പെണ്‍കുട്ടികള്‍ വരുന്നു. ഒരാള്‍ ജൂനിയറും മറ്റൊരാള്‍ സീനിയറും. ജൂനിയറായ പെണ്‍കുട്ടിയെ അസ്ലം അപമാനിക്കാന്‍ ശ്രമിച്ചു എന്ന പരാതി കൊടുക്കാന്‍ വന്നതാണ്. പ്രിന്‍സിപ്പല്‍ ഞങ്ങളിരിക്കുന്ന ഭാഗത്തേക്ക് കൈ ചൂണ്ടി ആരാ ഇതില്‍ അസ്ലം  എന്ന് ആ കുട്ടിയോട് ചോദിച്ചപ്പോള്‍ ആ കുട്ടി  പരുങ്ങി, അവര്‍ക്ക് അസ്‌ലമിനെ അറിയില്ലായിരുന്നു. പിന്നെ സീനിയര്‍ എസ്.എഫ്.ഐക്കാരി കാണിച്ചു കൊടുക്കേണ്ടിവന്നു! 

ഞങ്ങളെ മര്‍ദിച്ചവര്‍ക്കെതിരെ പ്രിന്‍സിപ്പലിനും പോലീസിനും പരാതി കൊടുത്തു. ഇതോടെ എസ്.എഫ്.ഐ അവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന മുസ്‌ലിം കുട്ടികള്‍ക്കെതിരെ സ്ഥിരം ഉന്നയിക്കുന്ന വര്‍ഗീയാരോപണവുമായെത്തി. യൂനിവേഴ്സിറ്റി കോളേജിലെ സൂര്യ ഗായത്രി ഒരു ചാനല്‍ ചര്‍ച്ചയില്‍ പറയുന്നതു കേട്ടു; എസ്.എഫ്.ഐക്കെതിരെ നില്‍ക്കുന്നത് ആണ്‍കുട്ടികളാണെങ്കില്‍ കഞ്ചാവ് കേസില്‍ കുടുക്കും, പെണ്‍കുട്ടികളാണെങ്കില്‍ അനാശാസ്യം ആരോപിക്കും. അതിനോട് ചേര്‍ത്തുപറയേണ്ട ഒന്നു കൂടിയുണ്ട്. അതൊരു മുസ്‌ലിമാണെങ്കില്‍ അവരെ മത തീവ്രവാദികളും വര്‍ഗീയവാദികളുമായി ചിത്രീകരിക്കും. പര്‍ദ ധരിക്കുന്ന ഒരു മുസ്‌ലിം പെണ്‍കുട്ടി  എസ്.എഫ്.ഐ ക്കെതിരെ സംസാരിച്ചപ്പോള്‍ അവരുടെ പ്രതികരണത്തിലെ അസഹിഷ്ണുത ശരിക്കും അനുഭവിച്ചു. 'വിശുദ്ധ വസ്ത്രമായ പര്‍ദ ധരിച്ച് മുഖം മറക്കേണ്ടതിന് പകരം മനസ്സ് കറുപ്പിച്ച പ്രിയ സോദരീ (നിന്നെ ഇതല്ല വിളിക്കേണ്ടത്), സ്ത്രീത്വത്തിന്റെ വില എന്താണെന്ന് നിനക്ക് അറിയുമോ... വര്‍ഗീയ വിഷ ജന്തു സല്‍വ അബ്ദുല്‍ ഖാദറിനെ പുറത്താക്കുക...' എന്നെ  പുറത്താക്കാനുള്ള സമരാഹ്വാനത്തോടൊപ്പം  എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റിയുടെ ഒഫീഷ്യല്‍ ഫേസ്ബുക് പേജില്‍ എഴുതിയ വാക്കുകളാണവ. എത്ര മോശമായാണ് എന്റെ വിശ്വാസത്തെയും സ്ത്രീ സ്വത്വത്തെയും  എസ്.എഫ്.ഐ മനസ്സിലാക്കുന്നത്?! എന്നെ പുറത്താക്കണം എന്നു പറഞ്ഞ് പിറ്റേന്ന് അവര്‍ പ്രകടനവും നടത്തി. ഇത് എന്റെ മാത്രം അനുഭവമല്ല. രണ്ട് വര്‍ഷം മുമ്പ് റഈദ എന്ന വിദ്യാര്‍ഥിനിയെ എന്‍.എസ്.എസില്‍നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ മടപ്പള്ളിയില്‍ പോസ്റ്ററുകള്‍ ഒട്ടിച്ചിരുന്നു. വര്‍ഗീയത പരത്തുന്നു എന്നായിരുന്നു ആരോപണം. റഈദ ചെയ്ത തെറ്റും കാമ്പസ് ജനാധിപത്യത്തെ കുറിച്ച് സംസാരിച്ചു എന്നതുതന്നെ.

തട്ടമിടുന്ന മുസ്ലിം പെണ്‍കുട്ടികള്‍ തങ്ങളുടെ അവകാശങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍  'വര്‍ഗീയ' ടാഗ് പതിച്ചുനല്‍കി കോളേജില്‍നിന്ന് പുറത്താക്കപ്പെടേണ്ടവരാണെന്ന് വിധിയെഴുതുന്ന ഇടതരും, രോഹിത് വെമുലയും കൂട്ടരും അവകാശങ്ങളെ കുറിച്ച് സംസാരിച്ചപ്പോള്‍ ജാതിവാദികളാണെന്നും ദേശദ്രോഹികളാണെന്നും ടാഗ് നല്‍കി സാമൂഹിക ഭ്രഷ്ട് കല്‍പ്പിക്കപ്പെടേണ്ടവരാണെന്ന് വിധിച്ച സംഘ് പരിവാറും എവിടെയാണ് വ്യത്യാസപ്പെടുന്നത് എന്ന് മനസ്സിലാകുന്നില്ല.

'വ്യത്യസ്ത ആശയങ്ങള്‍ പുഷ്പിക്കുന്നിടത്താണ് കാമ്പസ് രാഷ്ട്രീയത്തിന്റെ ഉള്‍ക്കാമ്പ്. അതിനെ തകര്‍ക്കാനുള്ള ശ്രമങ്ങളെല്ലാം ആധിപത്യമുറപ്പിക്കാനുള്ള ശ്രമങ്ങളാണ്.'  സി.പി.എം സെക്രട്ടറി സീതാറാം യെച്ചൂരി രാംജാസ് കോളേജില്‍ നടന്ന എ.ബി.വി.പി ആക്രമണത്തെ കുറിച്ച് സംസാരിക്കവെ പറഞ്ഞ വാക്കുകളാണിവ. രാംജാസിലെ എ.ബി.വി.പിക്കാര്‍ക്ക് മനസ്സിലാവാത്ത പോലെ മടപ്പള്ളിയിലെ എസ്.എഫ്.ഐക്കാര്‍ക്കും ഇത് മനസ്സിലാവുന്നില്ല. മടപ്പള്ളി കാമ്പസിലെ എസ്.എഫ്.ഐക്കാരുടെ വിഡ്ഢിത്തമോ പക്വതക്കുറവോ അല്ലായിരുന്നു ഞങ്ങള്‍ അനുഭവിച്ചത് എന്ന് പറയാനാണ് ആദ്യം എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ഖദീജത്ത് സുഹൈലയും സംഘവും എത്തിയത്. കാമ്പസിലെ എസ്.എഫ്.ഐക്കാര്‍ തുടങ്ങിവെച്ച നുണപ്രചാരണങ്ങളുടെ മൊത്തക്കച്ചവടം അവരേറ്റെടുക്കുകയായിരുന്നു എന്നു വേണം പറയാന്‍. മത തീവ്രവാദം തന്നെ ആയിരുന്നു പ്രധാന ആരോപണം. ജമാഅത്തെ ഇസ്ലാമി നേതാക്കളെ ഐ.എസ് ബന്ധത്തിന്റെ പേരില്‍ പിടിച്ചിട്ടുണ്ട് എന്നൊക്കെ ഒരു നേതാവ് തട്ടിവിട്ടു!

ഇതുകൊണ്ടൊന്നും മടപ്പള്ളിയിലെ എസ്.എഫ്.ഐ യെ രക്ഷിക്കാന്‍ പറ്റില്ല എന്ന് തോന്നിയതുകൊണ്ടാകും സി.പി.എം സംസ്ഥാന സെക്രട്ടറി സാക്ഷാല്‍ കോടിയേരി ബാലകൃഷ്ണനും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി. തോമസും സി.പി.എം ജില്ലാ സെക്രട്ടറി മോഹനന്‍ മാഷും ഒന്നിച്ച് വന്നത്. എസ്.എഫ്.ഐക്കാരുടെ ഭാഷയിലെ നാലും മൂന്നും ഏഴാള് കൂടിയ ഇങ്ക്വിലാബിന് മറുപടി പറയാന്‍ കേരളത്തിലെ ഏറ്റവും വലിയ കേഡര്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി തന്നെ വരേണ്ടിവന്നു എന്നത് ഞങ്ങളുടെ ചോദ്യങ്ങള്‍ കുറിക്കു കൊണ്ടു എന്നതിന്റെ സൂചനയാണ്. അവര്‍ വന്നത് എസ്.എഫ്.ഐയെ സംരക്ഷിക്കാനായിരുന്നു, ജനാധിപത്യത്തെ സംരക്ഷിക്കാനായിരുന്നില്ല.  

ഞങ്ങളുയര്‍ത്തിയ ചോദ്യങ്ങള്‍ ഇപ്പോഴും ഉത്തരം കിട്ടാതെ ബാക്കിയാണ്. എന്തേ നിങ്ങള്‍ ഊറ്റംകൊള്ളുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നിര്‍വചനങ്ങളില്‍നിന്ന് ചിലര്‍ മാറ്റിനിര്‍ത്തപ്പെടുന്നു? പറയാനും പ്രസംഗിക്കാനും പ്രകടനം നടത്താനും സംഘം ചേരാനുമുള്ള മറ്റുള്ളവരുടെ അവകാശങ്ങള്‍  നിഷേധിക്കാന്‍ നിങ്ങള്‍ക്കാരാണ് അധികാരം തന്നത്? ഇങ്ങനെയെല്ലാം ചോദിക്കുന്നതുകൊണ്ട് ഒരാള്‍ എങ്ങനെയാണ് തീവ്രവാദിയാകുന്നത്, പര്‍ദക്കുള്ളിലെ മനസ്സു കറുപ്പിച്ച  വിഷജന്തു ആകുന്നത്?  സംഘ് പരിവാരത്തെ എതിര്‍ക്കുന്നവരെല്ലാം രാജ്യദ്രോഹികളാകുന്ന അതേ രാസപ്രക്രിയ തന്നെയാണോ ഇത്?

മടപ്പള്ളിയില്‍ കോടിയേരി പറഞ്ഞത് ഞങ്ങള്‍ എസ്.എഫ്.ഐയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ്. കാമ്പസിലെ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി ഞങ്ങള്‍ എഴുന്നേറ്റുനില്‍ക്കുമ്പോള്‍ തകര്‍ന്നുപോകുന്നതാണ് എസ്.എഫ്.ഐ എങ്കില്‍ എന്ത് അടിത്തറയിലാണ് അത് നിലനില്‍ക്കുന്നത്?

ഇന്ന് കാമ്പസില്‍ പേരിനെങ്കിലും എം.എസ്.എഫിനും കെ.എസ്.യു വിനും യൂനിറ്റുകളുണ്ട്. എം.എസ്.എഫിന്റെ കൊടിമരം വൈകുന്നേരം വരെ ഉണ്ടായിരുന്നെങ്കിലും കെ.എസ്.യുവിന്റെ കൊടിമരത്തിന് മൂന്ന് മണിക്കൂര്‍ ആയുസ്സേ ഉണ്ടായുള്ളൂ. എങ്കിലും പ്രതീക്ഷയുണ്ട് ഞങ്ങള്‍ക്ക്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (15 - 22)
എ.വൈ.ആര്‍

ഹദീസ്‌

വിശ്വാസ വഞ്ചനയുെട പരിണതി
എം.എസ്.എ റസാഖ്‌