കാമ്പസ് ഇടിമുറികള്‍ അഥവാ ജനാധിപത്യത്തിേലക്കുള്ള വിദ്യാര്‍ഥി വഴിദൂരങ്ങള്‍
പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജില്‍ മാനേജ്‌മെന്റിന്റെയും അധ്യാപകരുടെയും പീഡനം കാരണമാണ് ജിഷ്ണു പ്രണോയ് എന്ന മിടുക്കനായ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത്. ഇതേ തുടര്‍ന്ന് സ്വാശ്രയ കോളേജുകളില്‍ നിലനില്‍ക്കുന്ന വിദ്യാര്‍ഥിവിരുദ്ധ നടപടികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ക്കും തുറന്നുപറച്ചിലുകള്‍ക്കും കേരളം സാക്ഷിയായി. ഇതിലൊന്നായിരുന്നു 'പ്രശ്‌നക്കാരായ' വിദ്യാര്‍ഥികളെ കൈകാര്യം ചെയ്യാനുള്ള ഇടിമുറികള്‍. പാമ്പാടി കോളേജില്‍ തെളിവെടുപ്പിനെത്തിയ പോലീസ്, വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ രക്തക്കറ കണ്ടെത്തുകയുണ്ടായി. ജിഷ്ണുവിന്റെ മരണത്തെതുടര്‍ന്ന് ആഞ്ഞടിച്ച വിദ്യാര്‍ഥിപ്രക്ഷോഭങ്ങളുടെ ഭാഗമായി എസ്.എഫ്.ഐ പ്രഖ്യാപിച്ചത് തങ്ങള്‍ ഇടിമുറികള്‍ അടിച്ചുതകര്‍ക്കുമെന്നാണ്. ഏതാണ്ടിതേ സമയത്താണ് വിവിധ കലാലയങ്ങളിലെ എസ്.എഫ്.ഐ അതിക്രമങ്ങള്‍ വാര്‍ത്തയാവുന്നത്. കോട്ടയം എം.ജി യൂനിവേഴ്‌സിറ്റിയിലെ എ.എസ്.എ പ്രവര്‍ത്തകര്‍, മടപ്പള്ളി ഗവ. കോളേജിലെ ഇങ്ക്വിലാബ് പ്രവര്‍ത്തകര്‍, തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജിലെ ചില പെണ്‍കുട്ടികള്‍ തുടങ്ങിയവരെ കൈയേറ്റം ചെയ്തതാണ് വാര്‍ത്തയായത്. ഇതേതുടര്‍ന്ന്, കേരളത്തിലെ നിരവധി കലാലയങ്ങളില്‍ നിലനില്‍ക്കുന്ന എസ്.എഫ്.ഐ ഇടിമുറികളെക്കുറിച്ചും ധാരാളം തുറന്നുപറച്ചിലുകളുണ്ടായി. ഈ സാഹചര്യത്തെയാണ് ഇവിടെ പരിശോധിക്കുന്നത്.
ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന് പൊതുസമൂഹത്തിന്റെ വ്യാപക പിന്തുണ ലഭിച്ച ആവശ്യങ്ങളിലൊന്ന് സ്വാശ്രയ കോളേജുകളില്‍ സംഘടനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നതായിരുന്നു. എസ്.എഫ്.ഐയാണ് ഈ കാമ്പയിന്‍ നയിച്ചത്. എന്നാല്‍ എസ്.എഫ്.ഐ ആധിപത്യമുള്ള കാമ്പസുകളില്‍ സംഘടനാ സ്വാതന്ത്ര്യം തടയപ്പെടുകയാണെന്ന മറ്റു വിദ്യാര്‍ഥി സംഘടനകളുടെയും കൂട്ടായ്മകളുടെയും വിമര്‍ശനത്തിന് അത്ര പൊതുപിന്തുണ ലഭിക്കുകയുണ്ടായില്ല. കേരളത്തിലെ സകല വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ക്കും കാരണം, അല്ലെങ്കില്‍ വിദ്യാര്‍ഥിവിരുദ്ധതയുടെ കുത്തക സ്വാശ്രയ സ്ഥാപനങ്ങള്‍ക്കാണ് എന്ന പൊതു/ഇടത് ബോധമാണ് ഈ ഇരട്ടത്താപ്പിനെ എളുപ്പമാക്കുന്നത്. ഒരേസമയം സ്വാശ്രയം അശ്ലീലമാണെന്നു പറയുകയും, എന്നാല്‍ സ്വാശ്രയ മാനേജ്‌മെന്റുകളുമായി രഹസ്യ ഇടപാടുകള്‍ നടത്തുകയും ചെയ്യലാണ് ഇടത് പ്രസ്ഥാനങ്ങളുടെ ശൈലി. സാശ്രയ സ്ഥാപനങ്ങള്‍ക്ക് സര്‍ഗാത്മകമായി വളരാനും വികസിക്കാനുമുള്ള സാധ്യത ഇല്ലാതാവുക എന്നതാണ് ഇതിന്റെ അനന്തരഫലം. പൊതുവിദ്യാഭ്യാസ സംരക്ഷണമെന്ന ആകര്‍ഷകമായ മുദ്രാവാക്യത്തിലൂടെ കൈയടി നേടിയെടുക്കാമെന്ന ഗുണം കൂടി ഇടതുപക്ഷത്തിന് ഇതുവഴി ലഭിക്കുന്നുണ്ട്. ഈ യുക്തിയുടെ ഉപയോഗ സാധ്യതയാണ് മടപ്പള്ളി കോളേജിലെ സമരത്തിനു പിന്നില്‍ അണ്‍ എയ്ഡഡ് മുതലാളിമാരാണ് എന്ന ആരോപണം. ഇങ്ങനെ കേരളത്തിലെ കാമ്പസുകളിലെ എല്ലാ ജനാധിപത്യ ചോദ്യങ്ങളെയും, വിദ്യാഭ്യാസ രംഗത്തെ തന്നെ വൈവിധ്യങ്ങളുടെ അന്വേഷണങ്ങളെയും സ്വാശ്രയം കാണിച്ച് പേടിപ്പിച്ചുനിര്‍ത്തുകയാണ് ഇടതുപക്ഷം.
കേരളം പൊടുന്നനെ കേട്ടു ഞെട്ടിയ ഇടിമുറി യഥാര്‍ഥത്തില്‍ പുതിയ വാക്കല്ല. ഒരുപക്ഷേ സ്വാശ്രയ (Self Financing) ഇടിമുറികള്‍ ഇപ്പോഴായിരിക്കാം വെളിപ്പെടുന്നത്, പക്ഷേ പൊതു (Public Financing) ഇടിമുറികള്‍ കേരളത്തിലെ കാമ്പസുകളില്‍ പതിറ്റാണ്ടുകളായി സജീവമാണ്. ഇടതു രാഷ്ട്രീയത്തിനപ്പുറം ആലോചിച്ചവരൊക്കെയും ഒരു വട്ടമെങ്കിലും ആ ഇടിമുറികളിലൂടെ കയറിയിറങ്ങിയവരുമാണ്. 2009-ല്‍ പയ്യന്നൂര്‍ കോളേജിലെ വിദ്യാര്‍ഥി ടി.ഒ ഷാരിസാല്‍ അന്നത്തെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എന്‍ ഷംസീറിന് പച്ചക്കുതിരയിലെഴുതിയ മറുപടിയില്‍ ഇടിമൂലകളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. മടപ്പള്ളി കോളേജില്‍ ഓരോ വര്‍ഷവും ഇടിമൂലയുടെ ഊഴം ലഭിച്ചവരുടെ ഒരു ലിസ്റ്റ് തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയുണ്ടായി.
ഇടിമുറികള്‍ കാമ്പസുകളില്‍ എസ്.എഫ്.ഐ നിലനിര്‍ത്തുന്ന അടിമവ്യവസ്ഥയുടെ പ്രത്യക്ഷമുഖം മാത്രമാണ്. അത്ര പ്രത്യക്ഷമല്ലാത്ത അനവധി രൂപങ്ങളും മുഖങ്ങളുമതിനുണ്ട്. ഭീഷണികള്‍, ഒറ്റപ്പെടുത്തലുകള്‍, റൂമര്‍ കാമ്പയിനുകള്‍, വര്‍ഗീയവാദി-തീവ്രവാദി-സ്വത്വവാദി-സദാചാരവിരുദ്ധന്‍-കഞ്ചാവടിക്കാരന്‍ തുടങ്ങിയ വിളിപ്പേരുകള്‍ എന്നിങ്ങനെ ഇത്തരം കലാപരിപാടികളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട്. എം.ജി യൂനിവേഴ്‌സിറ്റിയിലെ വിവേകിന് ചാര്‍ത്തപ്പെട്ടത് കഞ്ചാവു കേസാണെങ്കില്‍, മടപ്പള്ളിയില്‍ സല്‍വ 'വര്‍ഗീയ വിഷജന്തു' എന്ന് വിളിച്ച് 'ആദരിക്ക'പ്പെട്ടു. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജിലെ ആതിരയും ഗായത്രിയും സദാചാരമില്ലാത്തവര്‍ എന്നുകൂടി വിളിക്കപ്പെട്ടതോടെ തിരക്കഥ പൂര്‍ണമായി. ഒരാളുടെ സ്വതന്ത്രമായ സാമൂഹികജീവിതം അസാധ്യമാക്കുന്ന വിധത്തില്‍ അയാളെ വര്‍ഗീയമായി കളം വരച്ച് മാറ്റിനിര്‍ത്തുക എന്നത് അയാളുടെ രാഷ്ട്രീയത്തെ ഇല്ലാതാക്കാനുള്ള എളുപ്പവഴിയാണ് എന്ന് എസ്.എഫ്.ഐക്ക് നന്നായറിയാം. ആധുനിക മതേതര യുക്തിക്ക് വശപ്പെടാത്ത എല്ലാ അപരങ്ങളും അതിന് ഭീകരരാണ്. അത്തരം സ്വത്വങ്ങളെയും ജീവിത രീതികളെയും ആശയങ്ങളെയും നേരെയാക്കിയെടുക്കുക എന്നത് അവരേറ്റെടുത്തിരിക്കുന്ന ബൃഹത്ദൗത്യവുമാണ്. അതിന് വഴങ്ങാത്തവരെ വ്യത്യസ്ത കാറ്റഗറികളിലായി പൈശാചികവല്‍ക്കരിക്കുകയും പിന്നെ ഒരു സല്‍ക്കര്‍മമെന്ന പോലെ അവരെ തല്ലിയൊതുക്കുകയും ചെയ്യും. മുസ്‌ലിം സംഘടനകള്‍, ദലിത് കൂട്ടായ്മകള്‍, അരാജക ജീവിതമുള്ളവര്‍ എന്നിവരൊക്കെ എസ്. എഫ്. ഐയുടെ പ്രാഥമിക ഇരകളാകുന്നതിന്റെ കാരണമതാണ്. ഇടതു പക്ഷത്തുള്ളവര്‍ (പലപ്പോഴും നിഷ്പക്ഷത്തുള്ളവരും) പറയുന്നതുപോലെ ഒറ്റപ്പെട്ട സംഭവമല്ല ഇത്. ചിലര്‍ ന്യായീകരിക്കുന്നതുപോലെ വ്യത്യസ്ത മത-ജാതി വിഭാഗങ്ങളിലുള്ള ശുദ്ധീകരിക്കപ്പെടാത്തവര്‍ എസ്.എഫ്.ഐയില്‍ ഉള്ളതിന്റെ കുഴപ്പവുമല്ല. മറിച്ച് ഇടത് മതേതര ആധുനിക വ്യവഹാരത്തില്‍ അന്തര്‍ലീനമായ ഒരു മൗലിക പ്രശ്‌നമാണത്. വ്യത്യസ്തതകളെ അടിച്ചമര്‍ത്തിക്കൊണ്ടല്ലാതെ അതിന് നിലനില്‍ക്കാന്വില്ല. അപരങ്ങളെ സംശയത്തോടെയല്ലാതെ അതിന് കാണാനും കഴിയില്ല. ശാരീരികവും മാനസികവുമായി അടിച്ചമര്‍ത്തപ്പെട്ടതിന്റെ ഒരു വലിയ ചരിത്രം തന്നെ കേരളത്തിലെ ദലിത് വിദ്യാര്‍ഥി സംഘടനകള്‍ക്കുണ്ട്. നിരവധി ദലിത് ആക്ടിവിസ്റ്റുകളുടെ വിദ്യാര്‍ഥി ജീവിതം തന്നെ അങ്ങനെ രൂപപ്പെട്ടതാണ്. ആ പരമ്പരയുടെ തുടര്‍ച്ച മാത്രമാണ് കോട്ടയം എം.ജിയിലെ എ.എസ്.എയോട് അവിടത്തെ എസ്.എഫ്.ഐ ഇന്ന് ചെയ്യുന്നത്. എസ്.ഐ.ഒ കാമ്പസ് രാഷ്ട്രീയത്തില്‍ സജീവമായ 2007-ല്‍ മാത്രം രണ്ട് ഡസനോളം കാമ്പസുകളില്‍ അതിന്റെ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ തുടര്‍ച്ച തന്നെയാണിന്നും നിരവധി കാമ്പസുകളില്‍ നടക്കുന്നത്.
സി.പി.എമ്മിന്റെ സമ്പൂര്‍ണ പാര്‍ട്ടി സംവിധാനം ഉപയോഗിച്ചാണ് ഈ ഫ്യൂഡല്‍ വ്യവസ്ഥ കാമ്പസുകളില്‍ നിലനില്‍ക്കുന്നത്. അധ്യാപക-അധ്യാപകേതര സ്റ്റാഫ്, പോലീസ്, നാട്ടുകാര്‍ തുടങ്ങിയ ഒരു നെറ്റ്‌വര്‍ക്ക് തന്നെ പാര്‍ട്ടി ഇതിനായി കെട്ടിപ്പടുക്കും. 'എസ്.എഫ്.ഐയുടെ തല്ലും കൊണ്ട് കഷ്ടപ്പെട്ട് ഹോസ്പിറ്റലിലെത്തിയാല്‍ അവിടെ നഴ്‌സ് വടിയുമെടുത്ത് നില്‍പ്പുണ്ടാവും' എന്ന് തമാശയായി പറയാറുണ്ട്. ഈ മര്‍ദന വ്യവസ്ഥയുടെ പ്രവര്‍ത്തന രീതിയെക്കുറിച്ച് മടപ്പള്ളി കോളേജ് തന്നെ കേസ് സ്റ്റഡി ആയി എടുത്തുകൊണ്ട് സി. ദാവൂദ് മുമ്പ് വിശദമായി എഴുതിയിട്ടുണ്ട് (ക്ലാസ്‌മേറ്റ്‌സ് എന്ന പുസ്തകം). ഒരു പരിധി വരെയെങ്കിലും ഈ സംഘടനാ സംവിധാനത്തോട് ആത്മധൈര്യത്തോടെ പൊരുതി നില്‍ക്കാന്‍ കഴിഞ്ഞത് എസ്.ഐ.ഒവിനാണ്. പല പാര്‍ട്ടി കോട്ടകളിലും വിള്ളലുണ്ടാക്കുന്നതില്‍ എസ്.ഐ.ഒവിന്റെ കഴിഞ്ഞ ഒരു പതിറ്റാണ്ടു കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ആ വിള്ളലുകളിലൂടെയാണ് മുഖ്യധാരാ വിദ്യാര്‍ഥി സംഘടനകള്‍ പല കാമ്പസുകളിലേക്കും തിരികെ വന്നതും ഇലക്ഷനുകള്‍ പുനരാരംഭിച്ചതും.
മനുഷ്യവിരുദ്ധമായ ഈ അടിമ വ്യവസ്ഥക്ക് അനേകം ഇരകള്‍ കേരളത്തിലങ്ങോളമിങ്ങോളമുണ്ട്. ഭീകരമായ മര്‍ദനങ്ങളെ തുടര്‍ന്ന് പഠനം പാതിവഴിയിലുപേക്ഷിച്ചു പോവേണ്ടിവന്നവര്‍, രോഗികളായാവര്‍ എന്നിങ്ങനെ ഒരുപാടു പേര്‍. ഈയടുത്ത് കുസാറ്റില്‍ ഒരു വിദ്യാര്‍ഥി എസ്.എഫ്.ഐ റാഗിംഗിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ചതും കായികമേഖലയില്‍ കഴിവ് തെളിയിച്ച അജ്മല്‍, ഭിന്നശേഷിക്കാരനായ കോലഞ്ചേരി കോളേജിലെ വിദ്യാര്‍ഥി എന്നിവരെ അക്രമിച്ചതും സി.ഇ.ടിയിലെ തസ്‌നിയുടെ കൊലപാതകവുമൊക്കെ ഈ ജീര്‍ണ വ്യവസ്ഥയുടെ അനന്തരഫലമായിരുന്നു. ഈ മര്‍ദക വ്യവസ്ഥയുടെ കൂലിപ്പണിക്കാരായ ദലിത്/ആദിവാസി വിദ്യാര്‍ഥികളുടെ പില്‍ക്കാല ജീവിതത്തിന്റെ ദുരന്താവസ്ഥയെക്കുറിച്ച് ദലിത് ആക്ടിവിസ്റ്റുകള്‍ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇങ്ങനെ ഇരകളെയും വിധേയരെയും സൃഷ്ടിക്കുന്ന ഹിംസാത്മക രാഷ്ട്രീയത്തെ ചൂണ്ടിക്കാണിച്ചാണ് കേരളത്തില്‍ സ്വകാര്യ സ്വാശ്രയ മാനേജ്‌മെന്റുകള്‍ നിയമം മൂലം വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിച്ചത്. അഥവാ ഇന്ന് സ്വാശ്രയ കോളേജുകളില്‍ രാഷ്ട്രീയത്തിന് സമരം ചെയ്യുന്നവര്‍ അതില്ലാതാക്കുന്നതില്‍ തങ്ങളുടെ ചരിത്രപരമായ പങ്ക് എന്തായിരുന്നു എന്ന് ഓര്‍ത്തുനോക്കുന്നത് നല്ലതാണ്.
കാമ്പസുകളില്‍ വിദ്യാര്‍ഥികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന അടിമത്തവും വീര്‍പ്പുമുട്ടലും ഒരു യാഥാര്‍ഥ്യമാണ്. നെഹ്‌റു കോളേജ്, ലോ അക്കാദമി, ടോംസ് കോളേജ്, കേരള സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി തുടങ്ങി നിരവധി കലാലയങ്ങളില്‍നിന്ന് നമ്മളിതിന്റെ കഥകള്‍ കേട്ടതാണ്. അതിനേക്കാള്‍ മോശമായ കഥകള്‍ ഇനിയുമൊരുപാട് കോളേജുകള്‍ക്ക് പറയാനുമുണ്ട്. അവ മുഴുവന്‍ ഒരു സ്വാശ്രയ പ്രശ്‌നമല്ല. എയ്ഡഡ്, ഗവണ്‍മെന്റ് മേഖലകളില്‍നിന്നും പരാതികളും കയ്‌പ്പേറിയ അനുഭവങ്ങളും ധാരാളമായി നാം കേള്‍ക്കുന്നുണ്ട്. ഗവണ്‍മെന്റ്, വിദ്യാഭ്യാസ രംഗത്ത് പണമിറക്കുന്നവര്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കൊക്കെ പങ്കുള്ള ഒരു സംഘടിത കുറ്റകൃത്യമാണത്. ഏറ്റവും നിഷ്ഠുരമായ, അച്ചടക്കമുള്ള കാമ്പസ് തേടി പോവുന്ന രക്ഷിതാക്കള്‍ തന്നെയാണ് ആദ്യ ഉത്തരവാദി എന്ന് ചിലരെങ്കിലും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കാമ്പസുകളെയും നമ്മളെ തന്നെയും കൂടുതല്‍ ജനാധിപത്യവത്ക്കരിച്ചുകൊണ്ടേ ഇതിനെ മറികടക്കാനാവൂ. മനുഷ്യരുടെ അന്തസ്സിനെയും വ്യതിരിക്തതയെയും ബഹുമാനിക്കുന്ന കാമ്പസ് അന്തരീക്ഷമാണുണ്ടാവേണ്ടത്. വിദ്യാര്‍ഥികളുടെ നൈസര്‍ഗിക ശേഷികളെ വളരാനനുവദിക്കാത്ത എല്ലാ മനുഷ്യവിരുദ്ധ സംവിധാനങ്ങളും ചോദ്യം ചെയ്യപ്പെടണം. വിലക്കുകളാല്‍ തീര്‍ക്കുന്ന അടിമ വ്യവസ്ഥിതിയും പാര്‍ട്ടി ഫ്യൂഡല്‍ വാഴ്ചയും അവസാനിപ്പിക്കുകയും വേണം.
വിദ്യാര്‍ഥിയുടെ അച്ചടക്കമെന്നത് അവന്റെ ആവിഷ്‌കാരങ്ങളുടെ അവസാന സാധ്യതയിലും ആണിയടിച്ചേ സാധിക്കൂ എന്നത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും മിഥ്യാധാരണയാണ്. ഓരോ വിദ്യാര്‍ഥിക്കും ആത്മാവിഷ്‌കാരങ്ങളും സര്‍ഗാത്മകതകളും സാധ്യമാകുമ്പോഴാണ് യഥാര്‍ഥ അറിവും ഉള്‍ക്കാഴ്ചയും നേടാനാവുക. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു കാമ്പസുകളില്‍ കടന്നുവരുമ്പോഴാണ് ജനാധിപത്യത്തിന്റെ പുതിയ സാധ്യതകള്‍ തുറക്കപ്പെടുന്നത്. വൈവിധ്യങ്ങളുടെ സഹവര്‍ത്തിത്വങ്ങളിലൂടെ സാധ്യമാകുന്ന ഈയൊരു രാഷ്ട്രീയത്തിന് മാത്രമേ രാജ്യത്തിന്റെ ജനാധിപത്യത്തെ സംരക്ഷിക്കുന്ന പുതുതലമുറയെ സൃഷ്ടിക്കാനാവൂ.
Comments