Prabodhanm Weekly

Pages

Search

2017 മാര്‍ച്ച് 17

2993

1438 ജമാദുല്‍ ആഖിര്‍ 18

സൗന്ദര്യ ദര്‍ശനം

എ.കെ അബ്ദുല്‍ മജീദ്

എന്താണ് സൗന്ദര്യം, സൗന്ദര്യാനുഭൂതി അനുഭവപ്പെടുന്നതെങ്ങനെയാണ്, സൗന്ദര്യം ആത്മനിഷ്ഠമോ വ്യക്തിനിഷ്ഠമോ, കവിതയിലും കലകളിലും സൗന്ദര്യം വെളിവാക്കപ്പെടുന്നതെങ്ങനെ, ഒരു സൃഷ്ടി സുന്ദരമാണ് എന്ന് നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ് ഇങ്ങനെയുള്ള വിഷയങ്ങളാണ് തത്ത്വചിന്തയുടെ ഭാഗമായ സൗന്ദര്യശാസ്ത്രത്തിന്റെ അന്വേഷണ മേഖലയില്‍ വരുന്നത്. മനുഷ്യനെ ഏറ്റവും സുന്ദരമായ രൂപത്തില്‍ സൃഷ്ടിച്ചു എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. 'ദൈവം സുന്ദരനാണ്, അവന്‍ സൗന്ദര്യം ഇഷ്ടപ്പെടുന്നു' എന്ന പ്രവാചക വചനം ഇസ്‌ലാമിക സൗന്ദര്യ ദര്‍ശനത്തിന്റെ താക്കോല്‍ വാക്യമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. കലയിലും സാഹിത്യത്തിലും സൗന്ദര്യത്തിന്റെ ആവിഷ്‌കാരം എങ്ങനെ എന്നതിനെക്കുറിച്ച് മുസ്‌ലിം ചിന്തകര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. സൗന്ദര്യാസ്വാദനത്തിന് ശിക്ഷണവും അനുശീലനവും ആവശ്യമാണെന്ന് എല്ലാവരും അഭിപ്രായപ്പെടുന്നു. വ്യക്തിപരമായ രുചിഭേദങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും സൗന്ദര്യാവിഷ്‌കാരത്തെ ബാധിക്കുന്ന പൊതുവായ ചില തത്ത്വങ്ങള്‍ സാധ്യമാണ്.

ഭാഷാശാസ്ത്രപരവും വ്യാകരണപരവുമായ വിശകലനങ്ങളിലൂടെയാണ് കവിതയുടെ സൗന്ദര്യ ഘടകങ്ങളെ സാഹിത്യവിശാരദര്‍ ഇഴപിരിച്ചത്. നല്ല കവിതകളുടെ മാതൃകകള്‍ അവര്‍ ഉദാഹരിച്ചു. ഒരു വസ്തുവിനെ സമാനമായ മറ്റൊന്നു കൊണ്ട് പരിചയപ്പെടുത്തുന്ന 'ഇസ്തിആറ' സമ്പ്രദായത്തെക്കുറിച്ച് അല്‍ ജാഹിള് തന്റെ 'അല്‍ബയാനു വത്തബ്‌യീനി'ല്‍ ഉപന്യസിക്കുന്നുണ്ട്. കവിതയുടെ സൗന്ദര്യം അതിലെ ആലങ്കാരിക ഭാഷ(മജാസ്)യെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഇബ്‌നു ഖുതൈബ നിരീക്ഷിക്കുന്നു. സഅ്‌ലബിയുടെ 'ഖവാഇദുശ്ശിഅ്ര്‍', ഇബ്‌നുല്‍ മുഅ്തസ്സിന്റെ 'കിതാബുല്‍ ബദീഅ്', അല്‍ ആമിദിയുടെ 'അല്‍ മുവാസനതു ബൈന ശിഅ്‌റി അബീ തമാം വല്‍ ബുഹ്തുരി', ജുര്‍ജാനിയുടെ 'അല്‍ വസാത്വ ബൈനല്‍ മുതനബ്ബി വ ഖുസൂമിഹീ' മുതലായ ഗ്രന്ഥങ്ങള്‍ സൗന്ദര്യശാസ്ത്രത്തിന്റെ വിവിധ ഘടകങ്ങള്‍ താരതമ്യ വിശകലനങ്ങളിലൂടെ അപഗ്രഥിക്കുന്നു. നല്ല കവിതയുടെ ലക്ഷണങ്ങള്‍ ഉദാഹരണ സഹിതം ഈ വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇബ്‌നുല്‍ ഫാരിസ്, സഅ്‌ലബി, ഇബ്‌നു റാശിഖ് തുടങ്ങിയ സൈദ്ധാന്തികര്‍ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളുടെ സഹായത്തോടെ ഭാഷയുടെ സൗന്ദര്യശാസ്ത്രം വിശദീകരിക്കുന്നു. ഭാഷാ വിശകലനത്തിലൂടെ സൗന്ദര്യം വെളിവാക്കുന്ന രീതിയുടെ ദാര്‍ശനികരായ പ്രണേതാക്കള്‍ ഫാറാബിയും ഇബ്‌നു സീനയും ഇബ്‌നു റുശ്ദുമാണ്. വ്യാകരണത്തേക്കാള്‍ തര്‍ക്കശാസ്ത്രത്തെയാണ് അവര്‍ ഇതിന് ഉപാധിയാക്കിയത്. കാവ്യത്തിന്റെ അടിസ്ഥാനം താര്‍ക്കിക യുക്തിയാണെന്ന് ഫാറാബി അഭിപ്രായപ്പെട്ടിരുന്നു. തര്‍ക്കവാക്യങ്ങളിലേതുപോലെ അനുക്രമമാണ് കവിതയുടെ ആശയവികാസം എന്ന് അദ്ദേഹം നിരീക്ഷിച്ചു. ഭാവനാപരതയാണ് തര്‍ക്കത്തില്‍നിന്ന് കാവ്യത്തെ വ്യതിരിക്തമാക്കുന്നത്. തര്‍ക്കം വസ്തുതകളെ ആധാരമാക്കുമ്പോള്‍ കാവ്യം ഭാവനയില്‍ അഭിരമിക്കുന്നു. കാവ്യഭാവന ആസ്വാദകന്റെ വൈകാരിക മണ്ഡലത്തെ സ്പര്‍ശിക്കുന്നതായും ഫാറാബി നിരീക്ഷിക്കുന്നുണ്ട്. വൈകാരിക മണ്ഡലത്തെ സ്പര്‍ശിക്കുക വഴി ആത്മാവിനെ സ്വാധീനിക്കുന്നതാണ് കവിത. കവിതയിലെ ഉപമകളും രൂപകങ്ങളും ജീവിതത്തിന് പുതിയ അര്‍ഥം സമ്മാനിക്കുന്നു. എന്നാല്‍ ഭാഷാ ഘടകങ്ങളും സൗന്ദര്യവും തമ്മിലുള്ള ബന്ധം ഫാറാബി വ്യക്തമാക്കുന്നില്ല.

ഭാഷാ ഘടകങ്ങളുടെ അനുപാതബദ്ധമായ ചേരുവകളുടെ കൃത്യതയും അര്‍ഥോല്‍പാദനത്തിലെ രസവുമാണ് സൗന്ദര്യത്തിന്റെ അടിസ്ഥാനം എന്ന് ഇബ്‌നു സീന അഭിപ്രായപ്പെടുന്നു. തര്‍ക്കവാക്യങ്ങള്‍ക്കെന്ന പോലെ കവിതക്കും കൃത്യമായ ഒരു ഘടനാ പൊരുത്തുണ്ട്. കവിതയുടെ ഘടന ചിലപ്പോള്‍ സങ്കീര്‍ണവും അര്‍ഥം സൂക്ഷ്മവുമായിരിക്കും. പരിഭാഷയില്‍ അതിന്റെ സൗന്ദര്യം നഷ്ടപ്പെട്ടെന്നും വരാം. ഭാഷാ ഘടകങ്ങളുടെയും അര്‍ഥത്തിന്റെയും പൊരുത്തമാണ് കവിതയുടെ ലാവണ്യത്തിന് നിദാനം. കവിത ആനന്ദമുണ്ടാക്കുന്നു എന്നതാണ് അത് സുന്ദരമാണ് എന്ന് പറയുന്നതിന്റെ ന്യായം. വൈകാരികമായ ഈ ഉന്മേഷം പുറത്തുനിന്ന് വരുന്നതല്ല; അകത്തുനിന്നുതന്നെ ഉണ്ടാവുന്നതാണ്.

ഇബ്‌നു റുശ്ദ് സൗന്ദര്യത്തെ സത്യാന്വേഷണവുമായി ബന്ധപ്പെടുത്തുന്നു. സത്യവും ജ്ഞാനവുമാണ് വിഷയത്തിന്റെ പൊരുത്തം. രൂപകങ്ങളും ഉപമകളും സുന്ദരമാവുന്നത് അവ സത്യത്തിലേക്ക് നയിക്കുന്നതിനാലാണ്. അരിസ്റ്റോട്ടിലിന്റെ 'പൊയറ്റിക്‌സി'ന് ഇബ്‌നു റുശ്ദ് വ്യാഖ്യാനമെഴുതിയിട്ടുണ്ട്. കഥാഖ്യാനത്തിന് സൗന്ദര്യം നല്‍കുന്നത് അതില്‍ വിവരിക്കപ്പെടുന്ന സംഭവങ്ങളുടെ ഐക്യവും പൊരുത്തവുമാണ്. കഥ വെളിവാക്കുന്ന സത്യത്തിനനുസരിച്ചിരിക്കും അതിന്റെ സൗന്ദര്യപരമായ ആഴം. കഥയിലായാലും കവിതയിലായാലും അംഗോപാംഗ പൊരുത്തമില്ലായ്മ വിലക്ഷണതയാണ്. സത്യത്തോടും ഈശ്വരേഛയോടും കൂടുതല്‍ അടുത്തിരിക്കുമ്പോള്‍ ധാര്‍മികമായ സൗന്ദര്യം വര്‍ധിക്കും എന്നും ഇബ്‌നു റുശ്ദ് പറയുന്നു. മതത്തെയും തത്ത്വചിന്തയെയും പോലെ നമ്മെ ദൈവത്തോട് അടുപ്പിക്കുന്നതാണ് കല. അതിനാല്‍ കവിത തത്ത്വചിന്തയുടെ ഭാഗമാണ്.

ഇസ്‌ലാമിക കലയുടെ ആത്മീയമായ ഉള്ളടക്കത്തെക്കുറിച്ച് ആധുനിക കാലത്ത് രണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകളില്‍നിന്ന് വിശദമായി എഴുതിയ ചിന്തകരാണ് ഇസ്മാഈല്‍ റാജി ഫാറൂഖിയും സയ്യിദ് ഹുസൈന്‍ നസ്വ്‌റും. റാജി  ഫാറൂഖിയുടെ 'കള്‍ച്ചറല്‍ അറ്റ്‌ലസ്' എന്ന ഗ്രന്ഥത്തില്‍ വ്യത്യസ്ത ഇസ്‌ലാമിക കലകളെ ഖുര്‍ആന്റെ വെളിച്ചത്തില്‍ വിശകലനം ചെയ്യുന്നു. 'തൗഹീദ്' എന്ന ഖുര്‍ആന്റെ കേന്ദ്രാശയത്തിന്റെ ആവിഷ്‌കാരമാണ് ഇസ്‌ലാമിക കലകള്‍ എന്ന് സംഗീതം, വാസ്തുവിദ്യ, കലിഗ്രഫി എന്നിവയില്‍നിന്നുള്ള ഉദാഹരണങ്ങള്‍ സഹിതം ഫാറൂഖി വാദിക്കുന്നു. നസ്വ്ര്‍ തന്റെ 'ആര്‍ട്ട് ആന്റ് സ്പിരിച്വാലിറ്റി ഇന്‍ ഇസ്‌ലാം' എന്ന കൃതിയില്‍ സൂഫി സൗന്ദര്യശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ ഇസ്‌ലാമിക കലകളെ അപഗ്രഥിക്കുന്നു.

 

തര്‍ക്കശാസ്ത്രം

 

പ്രാചീനകാലം മുതലേ തത്ത്വചിന്തയുടെ പ്രധാനപ്പെട്ട ഒരു ശാഖയായി പരിഗണിക്കപ്പെട്ടുപോരുന്നു തര്‍ക്ക ശാസ്ത്രം. ചിന്ത അഥവാ യുക്തിയുടെ വിശകലനമാണ് ഈ വിജ്ഞാനശാഖ. ഒരു പ്രസ്താവന അഥവാ ആശയം തെറ്റോ ശരിയോ എന്നു മനസ്സിലാക്കുന്നതിനുള്ള മാര്‍ഗമാണിത്. ഇംഗ്ലീഷില്‍ ലോജിക് എന്നും അറബിയില്‍ മന്‍ത്വിഖ് എന്നും ഈ വിജ്ഞാനം അറിയപ്പെടുന്നു. വചനം, യുക്തി, ആശയം എന്നെല്ലാം അര്‍ഥമുള്ള ലോഗോസ് എന്ന ഗ്രീക്ക് പദത്തില്‍നിന്നാണ് ഇതിന്റെ നിഷ്പത്തി. ആശയങ്ങളെ താര്‍ക്കികമായി വിശകലനം ചെയ്ത് സത്യത്തില്‍ എത്തിച്ചേരുകയാണ് തര്‍ക്കശാസ്ത്രത്തിന്റെ ധര്‍മം. ഗ്രീക്ക് ചിന്തകനായ അരിസ്റ്റോട്ടില്‍ ഈ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നു.

തര്‍ക്കവുമായി ബന്ധപ്പെട്ട് അരിസ്റ്റോട്ടില്‍ ആവിഷ്‌കരിച്ച മൂന്ന് തത്ത്വങ്ങള്‍ പ്രശസ്തമാണ്. അവ ഇങ്ങനെ സംഗ്രഹിക്കാം.

ഒന്ന്: ഒരു വാക്യം ശരിയാണെങ്കില്‍ അത് ശരിയാണ്. 'എ' എന്നാല്‍ 'എ' ആകുന്നു എന്ന് സാരം. ആന ആനയാകുന്നു എന്നു പറഞ്ഞാല്‍ അതെന്നും അങ്ങനെയായിരിക്കും. അതായത് ഒരു വസ്തുവിന് അതിനോട് മാത്രമാണ് താദാത്മ്യം സാധ്യാവുക. ഈ തത്ത്വത്തെ താദാത്മ്യ നിയമം എന്നു വിളിക്കുന്നു.

രണ്ട്: ഒരു വസ്തുവിന് ഒരിക്കലും ഒരേസമയം അതും അതിന്റെ വിപരീതവും ആയിരിക്കാന്‍ കഴിയുകയില്ല. 'എ' ഒരിക്കലും ഒരേസമയം 'എ'യും 'ബി'യും ആവുകയില്ല. വെള്ളത്തിന് ഒരിക്കലും ഒരേസമയത്ത് തണുത്തതും ചൂടുള്ളതുമായിരിക്കാന്‍ സാധിക്കുകയില്ല. ഒന്നുകില്‍ അത് ചൂടുള്ളതായിരിക്കും. അല്ലെങ്കില്‍ അത് ചൂടില്ലാത്തതായിരിക്കും. ഒരു പ്രസ്താവന ഒരേസമയം തെറ്റും ശരിയും ആവുകയില്ല.  ഒന്നുകില്‍ ശരി. അല്ലെങ്കില്‍ തെറ്റ്. ഈ നിയമത്തിന് വൈരുധ്യരഹിത നിയമം എന്നു പറയുന്നു.

മൂന്ന്: ഒരു വസ്തു ഒന്നുകില്‍ അത് അല്ലെങ്കില്‍ അതല്ലാത്തത് ആയിരിക്കും. ഇതിനിടയില്‍ ഒരവസ്ഥ ഇല്ല. 'നിര്‍മധ്യ നിയമം' എന്ന് ഈ നിയമത്തെ വിളിക്കാം.

ആശയങ്ങളിലെ തെറ്റും ശരിയും മനസ്സിലാക്കുന്നതിന് തത്ത്വചിന്തകര്‍ ഇങ്ങനെ നിരവധി തത്ത്വങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. വാക്യങ്ങളെ ഈ തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ അപഗ്രഥിച്ച് സ്വീകാര്യമായവയെയും സ്വീകാര്യമല്ലാത്തവയെയും വേര്‍തിരിക്കാന്‍ സാധിക്കും. പ്രമാണവാക്യങ്ങളെ ഭാഷാശാസ്ത്രപരമായി വിശകലനം ചെയ്ത് സത്യത്തെയും അസത്യത്തെയും വ്യവഛേദിക്കുന്ന കലയെയാണ് തര്‍ക്കശാസ്ത്രം എന്നു വിളിക്കുന്നത്.

'നിങ്ങള്‍ ഏറ്റവും നല്ല രീതിയില്‍ ആശയസംവാദം നടത്തുക' (16:125) എന്ന് ഖുര്‍ആന്‍ ഉദ്‌ബോധിപ്പിക്കുന്നു. 'ജദ്ല്‍' എന്ന വാക്കാണ് ആശയസംവാദത്തെ സൂചിപ്പിക്കാന്‍ ഖുര്‍ആന്‍ ഉപയോഗിക്കുന്നത്. ഖുര്‍ആന്റെ ആശയസമര്‍ഥന രീതിയെക്കുറിച്ച് പഠനം നടത്തുന്നവര്‍ 'ജദ്‌ലുല്‍ ഖുര്‍ആന്‍' (ഖുര്‍ആന്റെ തര്‍ക്കശാസ്ത്രം) എന്ന ഒരു ഭാഷാപഗ്രഥന ശാഖ വികസിപ്പിച്ചെടുക്കാന്‍ ശ്രമം നടത്തിയതായി കാണാം. പ്രവാചകന്‍ ഇബ്‌റാഹീം തന്റെ കാലഘട്ടത്തിലെ ഏകാധിപതി നിംറൂദുമായി നടത്തിയ സംവാദം തര്‍ക്കപരമായ ഇടപെടലിന്റെ മികച്ച ഉദാഹരണമാണ്. അസ്തമിക്കുന്ന സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ ഇവയെ ചൂണ്ടി ഇബ്‌റാഹീം പറഞ്ഞു: ''ദൈവത്തിന് അസ്തമയമില്ല. അതിനാല്‍ ഇവയൊന്നും ദൈവങ്ങളല്ല''. നിംറൂദിനെ ഇബ്‌റാഹീം നബി വെല്ലുവിളിച്ചതിങ്ങനെ: ''ദൈവം സൂര്യനെ കിഴക്ക് ഉദിപ്പിക്കുകയും പടിഞ്ഞാറ് അസ്തമിപ്പിക്കുകയും ചെയ്യുന്നു. നീ മറിച്ച് ചെയ്യുക.'' നിംറൂദിന് മറുപടി ഉണ്ടായിരുന്നില്ല. 

ഒരു വിജ്ഞാനശാഖ എന്ന നിലയില്‍ തര്‍ക്ക ശാസ്ത്രത്തിന് മുസ്‌ലിം ലോകത്ത് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. തത്ത്വചിന്തകര്‍ക്ക് പുറമെ മതമീമാംസകരും നിയമവിദഗ്ധരും തര്‍ക്കശാസ്ത്രത്തിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുകയുണ്ടായി. വ്യാകരണത്തെപ്പോലെ തര്‍ക്കശാസ്ത്രവും മതപാഠ്യപദ്ധതിയുടെ അനിവാര്യ ഘടകമായി പരിഗണിക്കപ്പെട്ടു. അറബിയില്‍ നിരവധി ഗ്രന്ഥങ്ങള്‍ ഇവ്വിഷയകമായി ഉണ്ട്. ഗ്രീക്ക് തത്ത്വചിന്തകരുടെ തര്‍ക്കശാസ്ത്ര ഗ്രന്ഥങ്ങള്‍ ഉമവീ-അബ്ബാസീ ഭരണകാലങ്ങളില്‍ (ക്രി. ഏഴ്, എട്ട് നൂറ്റാണ്ടുകള്‍) തന്നെ അറബി ഭാഷയിലേക്ക് മൊഴിമാറ്റം നടത്തിയിരുന്നു. അറബി ഭാഷയില്‍ തര്‍ക്കശാസ്ത്രത്തെ ഒരു സ്വതന്ത്ര വിജ്ഞാനശാഖയായി വളര്‍ത്തുന്നതിന് തുടക്കം കുറിച്ചത് ഫാറാബിയാണ്. 'അല്‍ അല്‍ഫാളുല്‍ മുസ്തഅ്മല ഫില്‍ മന്‍ത്വിഖ്' ആണ് അദ്ദേഹത്തിന്റെ തര്‍ക്കശാസ്ത്ര ഗ്രന്ഥം. അബൂബക്ര്‍ റാസി, ഇബ്‌നു സീന, ഇബ്‌നു റുശ്ദ്, ഇബ്‌നു ഹസ്മ്, ഇബ്‌നു ഖല്‍ദൂന്‍ തുടങ്ങിയവരും തര്‍ക്കശാസ്ത്രത്തെ പരിപോഷിപ്പിക്കുകയുണ്ടായി.

നിര്‍വചനം, ന്യായപ്രയോഗം, തരംതിരിക്കല്‍ എന്നിവയിലൂടെ ശരിയായ അറിവിലെത്തിച്ചേരാമെന്ന് തര്‍ക്കശാസ്ത്രകാരന്മാര്‍ വാദിച്ചു. ഒരു വസ്തുവിനെ ശരിയായി മനസ്സിലാക്കണമെങ്കില്‍ ആ വസ്തുവിനെ കുറ്റമറ്റ രീതിയില്‍ നിര്‍വചിക്കുകയാണ് ആദ്യം വേണ്ടത്. നിര്‍വചനം ശരിയായാല്‍ അറിവ് ശരിയാവും. നിര്‍വചനം തെറ്റുകയോ അപൂര്‍ണമാവുകയോ ചെയ്താല്‍ അറിവ് തെറ്റും. നിര്‍വചനം വിവരണമല്ല. നിര്‍വചനത്തിന് ചില ലാക്ഷണിക നിയമങ്ങള്‍ തര്‍ക്കശാസ്ത്രകാരന്മാര്‍ നിര്‍ദേശിക്കുന്നുണ്ട്. എല്ലാ വസ്തുക്കളെയും ആശയങ്ങളെയും നിര്‍വചിക്കാന്‍ സാധിച്ചുകൊള്ളണമെന്നില്ല എന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ന്യായപ്രയോഗം തര്‍ക്കശാസ്ത്രജ്ഞര്‍ക്കിടയില്‍ സര്‍വാംഗീകൃതമായ ഒരു ജ്ഞാനോല്‍പാദന മാര്‍ഗമാണ്. രണ്ട് വസ്തുക്കള്‍ ചേര്‍ത്തുവെച്ച് ഒരു നിഗമനത്തില്‍ എത്തിച്ചേരുകയാണ് ഇതില്‍ ചെയ്യുന്നത്. 1. 'ഇംറുല്‍ ഖൈസ് കവിയാണ്' 2. 'എല്ലാ കവികള്‍ക്കും മരണമുണ്ട്.' ഈ രണ്ട് വസ്തുതകളില്‍നിന്ന് എത്തിച്ചേരാവുന്ന നിഗമനം ഇതാണ്: 'ഇംറുല്‍ ഖൈസിനു മരണമുണ്ട്.'  ന്യായപ്രയോഗം തെറ്റാനുള്ള സാധ്യതകള്‍ ധാരാളമുണ്ട്. പലപ്പോഴും അത് യുക്ത്യാഭാസങ്ങളിലേക്ക് നയിച്ചേക്കാം. തര്‍ക്കശാസ്ത്രകാരന്മാര്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുള്ള വിഷയമാണിത്. ഓരോ വസ്തുവിനെയും ജാതികളും ഉപജാതികളുമായി തരംതിരിക്കുക വഴി കൃത്യമായ ധാരണ രൂപീകരിക്കാന്‍ കഴിയും എന്ന് തര്‍ക്കശാസ്ത്രകാരന്മാര്‍ ഉദാഹരണസഹിതം സമര്‍ഥിക്കുന്നു. തരം തിരിക്കലിനുമുണ്ട് നിശ്ചിത നിയമങ്ങള്‍.

മുസ്‌ലിം ലോകത്ത് തര്‍ക്കശാസ്ത്രം പ്രചുരപ്രചാരം നേടിയതിനോടൊപ്പം തന്നെ അതിനെതിരായ വിമര്‍ശനങ്ങളും ശക്തിപ്പെടുകയുണ്ടായി. ഇമാം ഇബ്‌നു തൈമിയ്യയാണ് തര്‍ക്കശാസ്ത്രത്തിനെതിരെ ഏറ്റവും ശക്തമായ വിമര്‍ശനം ഉയര്‍ത്തിയത്. തര്‍ക്കശാസ്ത്രം വഴി ശരിയായ അറിവില്‍ എത്തിച്ചേരാനാവില്ല എന്നാണ് അദ്ദേഹം വാദിച്ചത്. 'നഖ്ദുല്‍ മന്‍ത്വിഖ്' എന്ന തന്റെ ഗ്രന്ഥത്തില്‍ അദ്ദേഹം തര്‍ക്കശാസ്ത്രത്തിന്റെ ന്യൂനതകള്‍ വിശദീകരിച്ചിട്ടുണ്ട്. ഇബ്‌നു ഖുതൈബ, ഇബ്‌നു അസീര്‍ തുടങ്ങിയ പ്രഗത്ഭരായ ഒട്ടേറെ പണ്ഡിതര്‍ തര്‍ക്കശാസ്ത്രത്തിനെതിരെ രംഗത്തു വരികയുണ്ടായി. ക്രമേണ മത വിദ്യാഭ്യാസരംഗത്ത് തര്‍ക്കശാസ്ത്രത്തിന്റെ പ്രാധാന്യം ഏറക്കുറെ അസ്തമിച്ചു. 

(അവസാനിച്ചു)

 

ഗ്രന്ഥസൂചി:

1.സയ്യിദ് ഹുസൈന്‍ നസ്ര്‍, Islamic Philosophy from its Origin to the Present, State University of Newyork Press, 2006

2. മാജിദ് ഫിഖ്‌രി, A History of Islamic Philosophy, Columbia University Press, Newyork,  2004

3. എം.എം. ശരീഫ്, A History of Muslim Philosophy, Pakistan Philosophical Congress, 1995

4. സയ്യിദ് ഹുസൈന്‍ നസ്ര്‍, ഒലിവര്‍ ലിമാന്‍, History of Islamic Philosophy, Ansariyan Publications, Qum, Iran, 2001

5. വില്‍ ഡ്യൂറാന്റ്, ഏരിയല്‍ ഡ്യൂറാന്റ്, The Story of Civilization, Simon & Schuster, US, 1935

6. മൈക്കേല്‍ എച്ച്. മോര്‍ഗന്‍, Lost History: The Enduring Legacy of Muslim Scientists, Thinkers and Artists, National Geographic, 2008


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (15 - 22)
എ.വൈ.ആര്‍

ഹദീസ്‌

വിശ്വാസ വഞ്ചനയുെട പരിണതി
എം.എസ്.എ റസാഖ്‌