'ഇസ്ബാലും' അഹങ്കാരവും
സ്ഥലം മദീന. ഞെരിയാണിക്ക് താഴേക്കു ഇറങ്ങിയ വസ്ത്രം വലിച്ചു നടക്കുന്ന ഒരാളെ ഭരണാധികാരിയായ ഉമര്‍ (റ) കാണുന്നു. ''താങ്കള്‍ക്ക് ആര്‍ത്തവമുണ്ടോ?'' ഉമര്‍ അയാളോട് ചോദിച്ചു. അത്ഭുതത്തോടും അല്‍പം രോഷത്തോടും അയാള്‍ ഉമറി(റ)നോട് തിരിച്ചു ചോദിച്ചു: ''ആണുങ്ങള്‍ക്ക് ആര്‍ത്തവമുണ്ടാകുമോ അമീറുല്‍ മുഅ്മിനീന്‍?'' ഉമര്‍ പറഞ്ഞു: ''അതേ, അല്ലാതെ എന്തിനാ സ്ത്രീകളെ പോലെ വസ്ത്രം വലിച്ചിഴച്ചു നടക്കുന്നത്?'' ശേഷം ഉമര്‍ (റ) കത്രിക പോലുള്ള ഒരു സാധനം കൊണ്ടുവന്ന് അയാളുടെ വസ്ത്രം അടിവശം മുറിച്ചുകളഞ്ഞു. സ്വഹാബിയില്‍നിന്ന് ഉദ്ധരിക്കപ്പെടുന്ന ഈ സംഭവം (അസര്‍) റിപ്പോര്‍ട്ട് ചെയ്ത ശേഷം സ്വഹാബി ഖര്‍ഷ ബ്‌നുല്‍ ഹര്‍റ് (റ) പറയുന്നു: ''ആ വസ്ത്രത്തിന്റെ നൂലുകള്‍ ഇപ്പോഴും ഞാന്‍ മനസ്സില്‍ കാണുന്നു.'' ഈ സംഭവം കന്‍സുല്‍ ഉമ്മാലിലും സുഫ്‌യാനുബ്‌നു ഉയൈന തന്റെ ജാമിഇലും ഉദ്ധരിച്ചിട്ടുണ്ട്. അബൂബക്‌റുബ്‌നു അബീ ശൈബ തന്റെ മുസ്വന്നഫിലെ കിതാബുല്ലിബാസ് വസ്സീന എന്ന അധ്യായത്തിലാണ് ഈ സംഭവം രേഖപ്പെടുത്തിയിട്ടുള്ളത്.
പ്രബോധനത്തില്‍ (ലക്കം 36 വാള്യം 73) പ്രമാണ വായനയുമായി ബന്ധപ്പെട്ട ഒരു കുറിപ്പില്‍ വസ്ത്രം താഴ്ത്തിയിടുന്നതുമായി ബന്ധപ്പെട്ട ഒരു വ്യാഖ്യാനം ശ്രദ്ധയില്‍പെട്ടതുകൊണ്ടാണ് ഈ പ്രതികരണം. ഇതിനു മുമ്പും തല്‍വിഷയകമായി പ്രമാണബദ്ധമല്ലാത്ത ചില വാദങ്ങള്‍ ശ്രദ്ധയില്‍പെട്ടതുകൊണ്ടു കൂടിയാണ് ഈ കുറിപ്പെഴുതേണ്ടിവന്നത്. മുസ്‌ലിം ലോകത്ത് ഉടനീളം സവിശേഷ ശ്രദ്ധ ആകര്‍ഷിച്ച ഒരു വിഷയം കൈകാര്യം ചെയ്യുമ്പോള്‍ പുലര്‍ത്തേണ്ട ജാഗ്രതയോ സൂക്ഷ്മതയോ ആ ലേഖനത്തില്‍ പുലര്‍ത്തിയിട്ടില്ല എന്നത് ഖേദകരമാണ്. ലേഖകന്‍ വാദിക്കുന്നത് അനുസരിച്ച് ഉമര്‍ (റ) പ്രമാണത്തിന്റെ അക്ഷരവായന മാത്രം നടത്തിയിരുന്ന ആളാണെന്ന് പറയേണ്ടിവരും. അത് ഇസ്‌ലാമിന്റെ ആദര്‍ശ പുരുഷന്മാരെ കൊച്ചാക്കുന്നതിനു തുല്യമല്ലേ?
ഇസ്ബാലുമായി ബന്ധപ്പെട്ട ഹദീസുകള്‍
ഇസ്ബാല്‍, അഥവാ, വസ്ത്രം വലിച്ചിഴക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ഹദീസുകള്‍ വ്യത്യസ്ത രൂപത്തില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. എല്ലാം തന്നെ, വസ്ത്രം ഞെരിയാണിക്ക് താഴെ ഇറങ്ങുന്നത് വിലക്കുന്നതാണ്.
'വസ്ത്രം അഹങ്കാരത്തോടെ വലിച്ചിഴക്കുന്ന ഒരുത്തനിലേക്ക് അല്ലാഹു നോക്കുകയില്ല' എന്ന് ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഹദീസ് ചൂണ്ടിക്കാട്ടിയാണ് സാധാരണ വസ്ത്രം ഞെരിയാണിക്കു താഴെ ഇറങ്ങുന്നതിനെ അഹങ്കാരവുമായി കൂട്ടിക്കെട്ടാറുള്ളത്. യഥാര്‍ഥത്തില്‍ ഇവിടെ വസ്ത്രം ഞെരിയാണിക്കു താഴെ ഇറങ്ങല്‍ തന്നെയാണ് അഹങ്കാരത്തിന്റെ അടയാളമായി സൂചിപ്പിച്ചിരിക്കുന്നത്, അല്ലാതെ അഹങ്കാരത്തോടെ വസ്ത്രം ഇറക്കിയിടല്‍ അല്ല. വസ്ത്രം അല്‍പം മാത്രം ഉണ്ടായിരുന്ന ഒരു കാലത്ത്, അതും അസ്ഹാബു സ്സുഫ്ഫ പോലെ ഒരു വസ്ത്രം മാത്രം ഉണ്ടായിരുന്ന നിരവധി ദരിദ്രര്‍ താമസിച്ചിരുന്നിടത്ത് ആവശ്യത്തില്‍ കൂടുതല്‍ വസ്ത്രം ഉണ്ടായിരിക്കല്‍ തന്നെയാണ് ആഡംബരവും അഹങ്കാരവുമാകുന്നത്. വസ്ത്രം ധരിക്കുന്നയാളുടെ മനസ്സില്‍ അഹങ്കാരമുണ്ടോ എന്നുള്ളത് രണ്ടാമത്തെ വിഷയമാണ്. അതിനാലാണ് ബൈത്തുല്‍ മാലിലെ വിഹിതത്തില്‍നിന്ന് ലഭിച്ച തുണി കൊണ്ട്, കുതിരപ്പുറത്തിരുന്നാല്‍ കാലു നിലത്ത് മുട്ടുമാറ് ഉയരമുള്ള ഉമറിന്, വസ്ത്രം തയ്ക്കാന്‍ തികയില്ല എന്ന് മനസ്സിലാക്കി ഒരാള്‍ ചോദ്യം ചെയ്തതും, തന്റെ തുണി തികയാത്തതിനാല്‍ മകന്‍ അബ്ദുല്ലയുടേത് കൂടി ചേര്‍ത്താണ് തനിക്ക് വസ്ത്രം തുന്നിയിരിക്കുന്നതെന്ന് ഉമര്‍ മറുപടി കൊടുത്തതും. വസ്ത്രം അത്യാവശ്യത്തില്‍ കൂടുതല്‍ ഉണ്ടാവല്‍ ധൂര്‍ത്തും അഹങ്കാരവും തന്നെയായിരുന്നു ആ പഞ്ഞ കാലത്ത്.
നേരത്തേ സൂചിപ്പിച്ച ഹദീസ് തന്നെ അല്‍പം വ്യത്യാസത്തോടെ ബുഖാരിയും മുസ്‌ലിമും അഞ്ചോ ആറോ ഇടത്ത് ഇതേ അര്‍ഥം വരുന്ന രൂപത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. അതിലൊക്കെ അഹങ്കാരം എന്നതിനെ സൂചിപ്പിക്കുന്ന ഖുയലാ, മുഖീല്‍, ബത്വര്‍ എന്നീ വാക്കുകള്‍ കാണാം. 'അഹങ്കാരത്തോടെ (ബത്വര്‍) വസ്ത്രം വലിച്ചിഴക്കുന്നവനിലേക്ക് അല്ലാഹു നോക്കുകയില്ല' എന്ന ഒരു ഹദീസ് ഇമാം അഹ്മദ് തന്റെ മുസ്‌നദില്‍ ഉദ്ധരിച്ചതായി കാണാം.
എന്നാല്‍ അഹങ്കാരം എന്ന പദം വരാതെ തന്നെ ഇസ്ബാല്‍ തെറ്റാണെന്ന് സൂചിപ്പിക്കുന്ന നിരവധി ഹദീസുകള്‍ കാണാന്‍ സാധിക്കും. അബൂഹുറയ്‌റ നിവേദനം ചെയ്യുന്നു. നബി (സ) പറഞ്ഞു: ''ഞെരിയാണിക്ക് താഴെയുള്ള വസ്ത്രം നരകത്തിലാകുന്നു'' (ബുഖാരി). അബൂദര്‍റ് നിവേദനം: ''പരലോകത്ത് മൂന്നു വിഭാഗം ആളുകളിലേക്ക് അല്ലാഹു നോക്കുകയോ അവരുമായി സംസാരിക്കുകയോ അവരെ സംസ്‌കരിക്കുകയോ ചെയ്യില്ല, അവര്‍ക്ക് കഠിന ശിക്ഷയുണ്ട്. ...................വസ്ത്രം താഴ്ത്തി ഉടുത്തവന്‍, ചെയ്ത അനുഗ്രഹം എടുത്തു പറയുന്നവന്‍, കള്ളസത്യം ചെയ്തു സാധനം വിറ്റഴിക്കുന്നവന്‍'' (ബുഖാരി). അബൂ സഈദില്‍നിന്ന് നിവേദനം: നബി (സ) പറഞ്ഞു: ''സത്യവിശ്വാസിയുടെ വസ്ത്രം കണങ്കാല്‍ വരെയാണ്. കണങ്കാലിനും ഞെരിയാണിക്കും ഇടയില്‍ ഉള്ളതിന് അവനു പ്രശ്‌നമില്ല, അതിനു താഴെ ഉള്ളതാവട്ടെ നരകത്തിലാണ്'' (അഹ്മദ്).
വലിച്ചിഴക്കുന്നതു തന്നെയാണ് അഹങ്കാരം
ഇനി വസ്ത്രം വലിച്ചിഴക്കുന്നതു തന്നെ അഹങ്കാരമായിത്തീരും എന്നതിനെ സൂചിപ്പിക്കുന്ന ഹദീസുകള്‍ നോക്കാം.
ജാബിറുബ്‌നു സുലൈം നിവേദനം: ''വസ്ത്രം വലിച്ചിഴക്കല്‍ അഹങ്കാരത്തില്‍ പെട്ടതാണ്. അല്ലാഹു അഹങ്കാരം ഇഷ്ടപ്പെടുന്നില്ല'' (അബൂദാവൂദ്). അംറുബ്‌നു സറാറ നിവേദനം: 'വസ്ത്രം ഞെരിയാണിയില്‍നിന്ന് താഴെ വീണു കിടക്കുന്ന അവസ്ഥയിലായിരുന്നു ഞാന്‍ നടന്നിരുന്നത്. അത് നബി (സ) കാണാനിടയായി. അപ്പോള്‍ നബി പറഞ്ഞു: 'വസ്ത്രം ഉയര്‍ത്തൂ, വസ്ത്രം താഴ്ത്തിയിട്ടു നടക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നില്ല.' അപ്പോള്‍ അംറ് പറഞ്ഞു: 'നബിയേ, എന്റെ കണങ്കാലുകള്‍ രണ്ടും വളരെ ശോഷിച്ചാണ് ഇരിക്കുന്നത് (അത് ജനങ്ങള്‍ കാണാതെ ഇരിക്കാനാണ് ഞാന്‍ വസ്ത്രം താഴ്ത്തി ഇടുന്നത്)'. നബി പറഞ്ഞു: 'അംറേ, അല്ലാഹു എല്ലാം മനോഹരമായി തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്' (മറ്റൊരു റിപ്പോര്‍ട്ടില്‍ നിന്റെ വസ്ത്രം താഴ്ത്തിയിട്ടതാണ് ശോഷിച്ച കണങ്കാല്‍ കാണുന്നതിനേക്കാള്‍ വൃത്തികേട് എന്ന് നബി പറഞ്ഞതായി കാണാം). തുടര്‍ന്ന് നബി അംറിന്റെ വലതു കാലിന്റെ മുട്ടിനു താഴെ തന്റെ നാല് വിരലും തട്ടിക്കൊണ്ടു പറഞ്ഞു: 'ഇതാ, ഇതുവരെയാണ് വസ്ത്രം ഉണ്ടാവേണ്ടത്.' തുടര്‍ന്ന് കൈ എടുത്തു നേരത്തേ വെച്ചതിലും താഴെ വെച്ചിട്ട് പറഞ്ഞു; 'ഇതുവരെ ആവാം' (അഹ്മദ്).
അബൂഹുറയ്‌റ (റ) നിവേദനം: ''ഒരാള്‍ ഞെരിയാണിക്കു താഴെ ഉടുമുണ്ട് ഇറക്കി നമസ്‌കരിക്കുകയായിരുന്നു. അപ്പോള്‍ നബി (സ) അയാളോട് പറഞ്ഞു: 'പോയി വുദൂ ചെയ്യുക.' ഉടനെ അദ്ദേഹം പോയി വുദൂ ചെയ്തു വന്നു. നബി വീണ്ടും പറഞ്ഞു: 'നീ വുദൂ ചെയ്യുക.' അപ്പോള്‍ ഒരാള്‍ നബിയോട് ചോദിച്ചു: 'പ്രവാചകരേ, താങ്കള്‍ ആദ്യം അയാളോട് വുദൂ ചെയ്തു വരാനും പിന്നീട് ഒന്നും പറയാതിരിക്കാനും കാരണം?' നബി (സ) പറഞ്ഞു: 'അദ്ദേഹം തന്റെ ഉടുമുണ്ട് ഞെരിയാണിക്ക് താഴെ ഇറക്കി നമസ്‌കരിക്കുകയായിരുന്നു. നിശ്ചയം വസ്ത്രം ഞെരിയാണിക്ക് താഴെ ഇറക്കിയവന്റെ നമസ്‌കാരം അല്ലാഹു സ്വീകരിക്കുന്നതല്ല' (അബൂദാവൂദ്).
വസ്ത്രവും സൗന്ദര്യവും
വസ്ത്രധാരണത്തിലെ സൗന്ദര്യം പരിഗണിച്ച് അല്‍പം താഴ്ത്തിയിടാമെന്ന് ലേഖകന്‍ പറയുന്നു. എന്നാല്‍ തന്റെ ശോഷിച്ച കാലിന്റെ ന്യൂനത മറച്ചുവെക്കാന്‍ വേണ്ടി പോലും വസ്ത്രം താഴ്ത്തി ഇടരുതെന്ന് നബി (സ) കല്‍പിക്കുന്നു. അതിനാല്‍തന്നെ ഈ വിഷയകമായി വസ്ത്രം ഞെരിയാണിക്കു മുകളില്‍ കയറ്റി ഉടുക്കുക എന്നതല്ലാതെ ഒരു പോംവഴിയും ഇല്ല.
എന്നാല്‍ തദ്‌വിഷയകമായി അബൂബക്‌റി(റ)ന്റെ ചോദ്യവും നബി(സ)യുടെ മറുപടിയും പ്രസക്തമാണ്. ഇസ്ബാലിനെ കുറിച്ച് ശക്തമായ മുന്നറിയിപ്പ് നബി (സ) നല്‍കിയതുകൊണ്ടാണ് 'വസ്ത്രം ഇറങ്ങിപ്പോയാല്‍ അത് ശിക്ഷാര്‍ഹമാകുമോ' എന്ന ചോദ്യം അബൂബക്ര്‍ (റ) ചോദിക്കേണ്ടി വന്നത്. ഇവിടെ ഇളവു നല്‍കുന്നത് ഇറങ്ങിപ്പോകുന്നതിനാണ്, വസ്ത്രം ഇറക്കുന്നതിനല്ല. അറിയാതെ താഴേക്കിറങ്ങലാണ് ഉദ്ദേശ്യം. അറിയാതെ, ബോധമില്ലാതെ ഒരാള്‍ നോമ്പിന് ഭക്ഷണം കഴിച്ചാല്‍ നോമ്പ് മുറിയില്ലല്ലോ. അപ്പോള്‍ അറിയാതെ ഇറങ്ങുന്നത് തെറ്റില്‍നിന്ന് ഒഴിവാക്കപ്പെടാന്‍ കാരണമാണ്. പക്ഷേ, ആ ഒഴികഴിവ് അക്കാര്യം സ്വയം അറിയുന്നതുവരെ മാത്രമാണ്. ഇറങ്ങിപ്പോകുന്ന വസ്ത്രം ഞെരിയാണിക്കും വളരെ താഴെയെത്തിയെന്ന് അറിയുമ്പോള്‍തന്നെ അത് തിരികെ കയറ്റിവെക്കണമെന്നു സാരം.
ഇവിടെ വസ്ത്രം അറിയാതെ താഴെ ഇറങ്ങുന്നത് 'ഇസ്ബാല്‍' ആവുമോ എന്നല്ല അബൂബക്കറി(റ)ന്റെ ചോദ്യം. മറിച്ച്, അറിയാതെ സംഭവിക്കുന്ന ഇസ്ബാല്‍ അഹങ്കാരവും ശിക്ഷാ കാരണവും ആകുമോ എന്നാണ്. അതിനു നബിയുടെ മറുപടി, 'ഇല്ല, താങ്കള്‍ അത്തരക്കാരനില്‍പെട്ട ആളല്ല.' അതായത്, താങ്കള്‍ അഹങ്കാരിയല്ല. താങ്കളുടെ വസ്ത്രം ഇറങ്ങിപ്പോകുന്നുണ്ടെണ്ടങ്കില്‍ അത് മനഃപൂര്‍വമായിരിക്കില്ല എന്നാണ്. ചുരുക്കത്തില്‍, വസ്ത്രം വലിച്ചിഴക്കല്‍ തന്നെയാണ് തെറ്റ്. അതാകട്ടെ അഹങ്കാരത്തിന്റെ ലക്ഷണമായി തന്നെ ആണ് ഇസ്‌ലാം കാണുന്നതും.
ഇമാം ദഹബി പറയുന്നു: ''അബൂബക്ര്‍ (റ) വസ്ത്രം ഞെരിയാണിക്കു താഴെ ഉടുക്കുന്ന ആളായിരുന്നില്ല. മറിച്ച്, ഞെരിയാണിക്കു മുകളില്‍ ഉടുക്കുന്ന ആള്‍ തന്നെ ആയിരുന്നു. അതുകൊണ്ടാണല്ലോ 'ഇറങ്ങിപ്പോകുന്ന' വസ്ത്രത്തെ ക്കുറിച്ച് അദ്ദേഹം നബിയോട് പരാതി പറഞ്ഞത്.''
പണ്ഡിതാഭിപ്രായങ്ങള്‍
അഹങ്കാരത്തോടെ വസ്ത്രം താഴ്ത്തി ഉടുക്കുന്നത് ഹറാം തന്നെയാണെന്നാണ് ഈ വിഷയത്തില്‍ എല്ലാ പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ അഹങ്കാരമില്ലാതെ ഒരാള്‍ വസ്ത്രം താഴ്ത്തിയുടുത്താല്‍, പ്രത്യേകിച്ചും അബൂബക്‌റി(റ)നോട് നബി കൊടുത്ത മറുപടിയെ മുന്‍നിര്‍ത്തി, അത് തെറ്റാകുമോ എന്ന ചോദ്യത്തിന് പണ്ഡിതന്മാര്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പറഞ്ഞതായി കാണാന്‍ സാധിക്കും. ചിലര്‍ ഹറാം എന്നും ചിലര്‍ കറാഹത്ത് എന്നും മറ്റു ചിലര്‍ അനുവദനീയം എന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്.
അഹങ്കാരമില്ലാതെ വസ്ത്രം താഴ്ത്തി ഉടുക്കുന്നത്, കറാഹത്താണെന്നാണ് ശൗകാനിയുടെയും ഇബ്‌നു ഖുദാമയുടെയും അഭിപ്രായം. ഇബ്‌നു ഖുദാമ പറയുന്നു: ''വസ്ത്രം ഞെരിയാണിക്ക് താഴെ ഉടുക്കല്‍ കറാഹത്താണ്. അത് അഹങ്കാരത്തോടെ ആണെങ്കില്‍ ഹറാമുമാണ്'' (മുഗ്‌നി).
ദഹബിയും ഇബ്‌നു ഹജറും വസ്ത്രം വലിച്ചിഴക്കുന്നത് ഹറാം ആണെന്ന് വാദിക്കുന്നു. കറാഹത്താണെന്നാണ് ഇമാം നവവിയുടെ അഭിപ്രായം. ഇബ്‌നു ഹജറില്‍ അസ്ഖലാനി ഫത്ഹുല്‍ ബാരിയില്‍ പറയുന്നു: ''വസ്ത്രം താഴ്ത്തിയുടുക്കുന്നത് വലിച്ചിഴക്കാന്‍ കാരണമാവും. വലിച്ചിഴക്കല്‍ അഹങ്കാരവുമാകും.''
ഇബ്‌നുല്‍ അറബി പറയുന്നു: ''ഒരു പുരുഷന് ഞെരിയാണിക്കു താഴെ വസ്ത്രം താഴ്ത്തിയിടുന്നത് അനുവദനീയമല്ല... അതായത്, അറ്റം താഴ്ത്തിയിടല്‍ അവന്റെ അഹങ്കാരത്തെ സൂചിപ്പിക്കുന്നു.''
ഇബ്‌നു അബ്ദില്‍ ബര്‍റ് പറഞ്ഞത് ഇങ്ങനെയാണ്: ''ഒരു മനുഷ്യന്‍ അഹങ്കാരമില്ലാതെ വസ്ത്രം താഴ്ത്തി നടന്നാല്‍, ഖുയലാഅ (അഹങ്കാരത്തോടെ) എന്ന നിബന്ധന വെച്ചു പറഞ്ഞ ശിക്ഷ അവനു ബാധകമാവില്ലായിരിക്കാം. എന്നാല്‍ വസ്ത്രം വലിച്ചിഴക്കല്‍ മോശം തന്നെയാണ്'' (തംഹീദ്).
ഹറാമാണ് എന്ന അഭിപ്രായം ഇബ്‌നു തൈമിയ്യക്കും ഉണ്ടായിരുന്നില്ല. പക്ഷേ ആധുനിക സലഫി പണ്ഡിതരിലധികവും വസ്ത്രം ഞെരിയാണിക്കു താഴെ വരുന്നത് ഹറാമായി കാണുന്നവരാണ്. ഈ വിഷയത്തില്‍ സന്‍ആദനി ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്.
ചുരുക്കത്തില്‍, വസ്ത്രം ഞെരിയാണിക്കു താഴെ ഇറങ്ങുന്നത് അനഭിലഷണീയമായ സംഗതിയാണ്. വസ്ത്രം ഞെരിയാണിക്കു താഴെ ഇറങ്ങരുത്, താഴെ ഇറങ്ങിയ ഭാഗം നരകത്തിലാണ് എന്ന് വ്യക്തമായ ഹദീസുണ്ടല്ലോ. നബി (സ)യും ഉമറും (റ) ഒന്നിലധികം തവണ അത്തരക്കാരെ കൈകാര്യം ചെയ്ത അനുഭവങ്ങളും നമ്മുടെ മുമ്പിലുണ്ട്. സ്ഥിരമായി ഞെരിയാണിക്കു മുകളില്‍ വസ്ത്രം കയറ്റി ഉടുക്കുന്ന അബൂബക്ര്‍ (റ) അതൊന്നു താഴേക്ക് ഇറങ്ങിയാല്‍ കുറ്റമാകുമോ എന്ന് ചോദിച്ചതും 'താങ്കള്‍ അവരില്‍ പെട്ടവനല്ല' എന്ന് നബി മറുപടി പറഞ്ഞതും മുന്‍നിര്‍ത്തി വസ്ത്രം, പ്രത്യേകിച്ചും പാന്റ്‌സ്, ഞെരിയാണിക്കു താഴെ പോകുന്നതിനോട് ഇസ്‌ലാമികദൃഷ്ട്യാ യോജിക്കാന്‍ കഴിയില്ല എന്നു തന്നെയാണ് മനസ്സിലാക്കേണ്ടത്.
എന്നാല്‍ വിഷയത്തെ പര്‍വതീകരിച്ച് പാന്റ്‌സ് ഇറങ്ങിപ്പോയ ഒരാളില്‍നിന്ന് ഉപദേശങ്ങളോ ദീനീ പ്രഭാഷണങ്ങളോ ഒന്നും ശ്രവിക്കാനേ പാടില്ല എന്നുള്ള തരം വാദങ്ങള്‍ ദീനിലെ തശദ്ദുദ് (കഠിന വാദം) തന്നെയാണ്. ശരീരത്തിലെ കൈവിരലിനും ഹൃദയത്തിനും ഒരേ പ്രാധാന്യം കൊടുക്കുന്നവരോട് പരിതപിക്കാനേ കഴിയൂ. എന്നാല്‍ വിരലിനു വിരലിന്റെ പ്രാധാന്യം ഉണ്ട് എന്നതും വിസ്മരിച്ചുകൂടാ.
Comments