Prabodhanm Weekly

Pages

Search

2017 മാര്‍ച്ച് 17

2993

1438 ജമാദുല്‍ ആഖിര്‍ 18

മദ്യവിപത്തിെനതിെര കള്ളക്കളിയോ?

റഹ്മാന്‍ മധുരക്കുഴി

ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കണമെന്ന സുപ്രീം കോടതി ഉത്തരവ്, പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കും ബിയര്‍ പാര്‍ലറുകള്‍ക്കും ബാധകമാണോ എന്ന കാര്യത്തില്‍ 'ന്യായമായ സംശയം' പിടികൂടിയതുമൂലം, സംശയനിവാരണമാവശ്യപ്പെട്ട് കോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ പന്തികേട് തിരിച്ചറിഞ്ഞ് അപേക്ഷ പിന്‍വലിച്ചിരിക്കുന്നു.

കള്ളും ബിയറും മദ്യമല്ലെന്ന വിചിത്ര വാദമുയര്‍ത്താന്‍ ബന്ധപ്പെട്ടവരെ പ്രേരിപ്പിച്ച ചേതോവികാരം എന്തെന്ന്, മദ്യശാലകള്‍ക്കെതിരായ ഏതൊരു നടപടിയും റവന്യൂ വരുമാനത്തില്‍ ഇടിവ് വരുത്തും എന്ന സര്‍ക്കാരിന്റെ ആശങ്ക സുതരാം വ്യക്തമാക്കുന്നു. കള്ളുകുടിയനും മദ്യപനും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നല്ലേ നാം ഇന്നോളം മനസ്സിലാക്കിയിട്ടുള്ളത്. കള്ളിലും ബിയറിലും ലഹരി കുറവാണെന്ന കണ്ടെത്തലും വസ്തുനിഷ്ഠമല്ല. കള്ളിലെ ആല്‍ക്കഹോളിന്റെ അംശം 5-10 ശതമാനമാണെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ സുപ്രീം കോടതിയില്‍ നടന്നുവരുന്ന ഒരു കേസില്‍ സര്‍ക്കാര്‍ തന്നെ പറയുന്നത് ഏതൊരു സാഹചര്യത്തിലും കള്ളില്‍ 8.1 ശതമാനം ആല്‍ക്കഹോള്‍ ഉണ്ടാകുമെന്നാണ്. സുപ്രീം കോടതി വിധിയുടെ അന്തസ്സത്തയോ ജനസുരക്ഷാ തല്‍പരതയോ ഉള്‍ക്കൊള്ളുന്നതിനു പകരം ഒഴികഴിവ് കണ്ടെത്താനുള്ള ശ്രമമാണ് സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 'ദീപസ്തംഭം മഹാശ്ചര്യം; നമുക്കും കിട്ടണം പണം' എന്ന നമ്പ്യാര്‍ കാവ്യശകലത്തിലെ സാമ്പത്തിക താല്‍പര്യത്തിന് മുന്നില്‍ മറ്റൊന്നും പ്രശ്‌നമല്ലാത്തവരില്‍നിന്ന് മറിച്ച് പ്രതീക്ഷിക്കാവതല്ലല്ലോ.

ബീവറേജസ് കോര്‍പറേഷന്റെ മദ്യവില്‍പനശാലകള്‍ മാറ്റിസ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കം പലയിടത്തും കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നു. മദ്യപാന കെടുതികള്‍ ഏറെ അനുഭവിക്കുന്ന വീട്ടമ്മമാരില്‍നിന്നാണ് കനത്ത ചെറുത്തുനില്‍പ് ഉണ്ടായിരിക്കുന്നത്. 90 ശതമാനം മദ്യപന്മാരുടെ ഭാര്യമാരും ആത്മഹത്യ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരെ രക്ഷിക്കുന്നതിന് രൂപീകരിച്ച സംഘടനയായ 'ടോട്ടല്‍ റസ്‌പോണ്‍സ് ടു ആല്‍ക്കഹോള്‍ ആന്റ് ഡ്രഗ് അബ്യൂസ്' (TADA) പറയുന്നു. തങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവി ഓര്‍ത്താണത്രെ അവര്‍ ആത്മഹത്യ ചെയ്യാതെ, 'ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും' എന്ന മട്ടില്‍ ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നത്. സ്ത്രീപീഡനങ്ങളില്‍ ബഹുഭൂരിപക്ഷവും വില്ലന്‍ മദ്യമാണെന്ന് പഠനം വിളിച്ചുപറയുന്നു.

സ്ത്രീകളെ കണ്ണീരു കുടിപ്പിക്കുകയും സമൂഹത്തെ ദുരിതത്തിലാഴ്ത്തുകയും ചെയ്യുന്ന മദ്യപാനം എന്ന മഹാ വിപത്തിനെതിരെ പോരാടണമെന്നാണ് മാര്‍ക്‌സിസ്റ്റ് വനിതാ സംഘടനയായ അഖിലേന്ത്യാ മഹിളാ അസോസിയേഷന്‍ ആഹ്വാനം ചെയ്യുന്നത് (ദേശാഭിമാനി 28-9-2010). 'മദ്യപാനിയായ കുടുംബനാഥന്റെ ചെയ്തികള്‍ കണ്ട് വിറങ്ങളിച്ചുനില്‍ക്കുന്ന കുട്ടി, നാളെ സമൂഹത്തിന് ആപത്കരമായി മാറിയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ' എന്ന് പിണറായി വിജയനും ആശങ്കപ്പെടുന്നു (ദേശാഭിമാനി 5-12-2010). 

സ്ത്രീകളെ കണ്ണീരു കുടിപ്പിക്കുകയും പിഞ്ചുകുഞ്ഞുങ്ങളെ ഭാവിയില്‍ സാമൂഹികദ്രോഹികളായി മാറ്റുകയും സമൂഹത്തെ മൊത്തം ദുരിതത്തിലാഴ്ത്തുകയും ചെയ്യുമെന്ന് തങ്ങള്‍ തന്നെ ഉച്ചത്തില്‍ വിളിച്ചുപറയുന്ന മദ്യ മഹാവിപത്തിനെതിരെയുള്ള പോരാട്ടം, മദ്യം വര്‍ജിക്കൂ എന്ന കേവല വേദോപദേശം കൊണ്ട് മാത്രം വിജയിപ്പിക്കാനാവുമോ? സാഹചര്യമാണ് കുറ്റകൃത്യങ്ങള്‍ക്ക് പ്രേരകം എന്ന് മനഃശാസ്ത്രം സിദ്ധാന്തിക്കുന്നു. 'എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെയെല്ലാം മദ്യശാലകള്‍ തന്നെ' എന്ന മട്ടില്‍ ഈ സാമൂഹിക വിപത്ത് തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ മദ്യത്തിന്റെ ലഭ്യതക്ക് കുറവ് വരുത്താന്‍ പ്രേരകമായ സുപ്രീം കോടതി വിധിക്ക് പച്ചക്കൊടി കാണിക്കുന്നതിനു പകരം, നിയമത്തിലെ പഴുതുകളും ഒഴികഴിവുകളും കണ്ടെത്താന്‍  ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നത് ആശാസ്യമാണോ? സ്ത്രീ വിമോചനത്തിന്റെയും സാധാരണക്കാരന്റെയും അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെയും വക്താക്കളെന്നവകാശപ്പെടുന്നവര്‍ ഈ വിഭാഗങ്ങളെ ഏറ്റവും മാരകമായി ബാധിക്കുന്ന ഈ കൊടിയ വിപത്തിനെതിരെ രംഗത്തു വരാതിരിക്കുന്നതിലെ വൈരുധ്യം എന്തേ തിരിച്ചറിയപ്പെടാതെ പോകുന്നു?

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (15 - 22)
എ.വൈ.ആര്‍

ഹദീസ്‌

വിശ്വാസ വഞ്ചനയുെട പരിണതി
എം.എസ്.എ റസാഖ്‌