നൗഷാദ് ശിവപുരം, നന്മയുെട പൂമരം
ഒരിക്കല്‍ പരിചയപ്പെട്ടവര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത വ്യക്തിത്വം, മിതഭാഷിയും സ്മിതഭാഷിയുമായി ഹൃദയങ്ങള്‍ കീഴടക്കിയ അനുഗൃഹീത പ്രബോധകന്‍, ഓര്‍മസിദ്ധിയും ജ്ഞാനമികവും കര്‍മശേഷിയും മേളിച്ച പ്രതിഭാശാലി, പ്രസ്ഥാന പ്രതിബദ്ധതയുള്ള മാതൃകാ പ്രവര്‍ത്തകന്‍, ജീവിതപരീക്ഷണങ്ങളെ പതറാതെ അഭിമുഖീകരിച്ച മനക്കരുത്തിന്റെ ഉടമ, വശ്യമായ പെരുമാറ്റത്തിലൂടെ വിപുലമായ ബന്ധങ്ങള്‍ വളര്‍ത്തുകയും നി
ലനിര്‍ത്തുകയും ചെയ്ത സാമൂഹിക സേവകന്‍.. ഇതൊക്കെയും ഇതിനപ്പുറവുമായിരുന്നു ഈയിടെ നമ്മെ വിട്ടുപിരിഞ്ഞ നൗഷാദ് മന്‍ഹാം ശിവപുരം. നന്മയുടെ പൂമരമെന്നാണ് കൂട്ടൂകാര്‍ നൗഷാദിനെ വിശേഷിപ്പിക്കുന്നത്. സ്വലാല-മസ്‌കത്ത് പാതയിലെ നിമിറയിലുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം.
1985-ല്‍ കുറ്റിയാടി ഇസ്‌ലാമിയാ കോളേജിന്റെ പടികടന്നെത്തിയ നൗഷാദ് എന്ന കൊച്ചു വിദ്യാര്‍ഥി വളരെ വേഗം സഹപാഠികളുടെയും അധ്യാപകരുടെയും ഇഷ്ടതാരമായി. പഠനത്തിലും പാഠ്യേതര രംഗങ്ങളിലും പ്രസ്ഥാന പ്രവര്‍ത്തനങ്ങളിലും ഒരുപോലെ തിളങ്ങി. വിദ്യാര്‍ഥിയായിരിക്കെ എസ്.ഐ.ഒ കുറ്റിയാടി ഏരിയാ സെക്രട്ടറിയായിരുന്നു. നാദാപുരവും പേരാമ്പ്രയുമുള്‍പ്പെടുന്ന വിശാല ദേശമായിരുന്നു അന്ന് കുറ്റിയാടി ഏരിയ. ഏരിയയിലെ യൂനിറ്റുകള്‍ സന്ദര്‍ശിച്ച് ചലിപ്പിക്കാനും ജമാഅത്ത് പ്രാദേശിക നേതൃത്വങ്ങളുമായി കൈകോര്‍ത്ത് പ്രവര്‍ത്തനം ശക്തിപ്പെടുത്താനും നൗഷാദ് മുന്നിലുണ്ടായിരുന്നു. പെട്ടെന്ന് നടത്തേണ്ട പ്രകടനങ്ങള്‍ ഭംഗിയായി സംഘടിപ്പിക്കുന്നതില്‍ പ്രത്യേക കഴിവുണ്ടായിരുന്നു. 'താലിക് പൈങ്ങോട്ടായി എന്ന ടി.കെ അലി മാസ്റ്ററുടെ മുദ്രാവാക്യങ്ങളും നൗഷാദ് സാഹിബിന്റെ സംഘാടനമികവും സമം ചേര്‍ന്നാല്‍ കുറ്റിയാടി ടൗണില്‍ ഒരു ഗംഭീര പ്രകടനം ഉറപ്പ്!' വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍ സഹപ്രവര്‍ത്തകനായിരുന്ന വേളം കെ.ടി അബ്ദുല്ല ഓര്‍ക്കുന്നു. 1991-92 വിദ്യാഭ്യാസ വര്‍ഷം കുറ്റിയാടി കോളേജില്‍ സ്റ്റുഡന്റ്‌സ് യൂനിയന്‍ ചെയര്‍മാനായിരുന്നു നൗഷാദ്.
കോളേജ് വിദ്യാഭ്യാസത്തിനു ശേഷം രണ്ടു വര്‍ഷം മുയിപ്പോത്ത് മഹല്ല് പള്ളിയില്‍ ഇമാമായും മദ്‌റസയില്‍ പ്രധാനാധ്യാപകനായും സേവനമനുഷ്ഠിച്ച നൗഷാദ് ഉപജീവനത്തിനായി പ്രവാസം തെരഞ്ഞെടുത്തു. യു.എ.ഇയിലായിരുന്നു ആദ്യം. പിന്നെ ഒമാനിലേക്കു മാറി. 2004-ല്‍ സ്വലാലയില്‍ മൂന്നു പങ്കുകാര്‍ക്കൊപ്പം ചേര്‍ന്ന് സ്‌ക്രാപ് ബിസിനസ്സിലേക്കിറങ്ങി. സ്വലാലയിലെ വ്യവസായ മേഖലയില്‍ ചെറിയൊരു യാഡും അനുബന്ധ സൗകര്യങ്ങളുമായി കമ്പനി സ്ഥാപിച്ചു. കമ്പനി കോമ്പൗണ്ടില്‍ തന്നെയായിരുന്നു നൗഷാദിന്റെ വീടും.
2008 ഫെബ്രുവരിയില്‍ ഏതാനും ദിവസം സ്വലാലയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ അതിഥിയായി താമസിക്കാന്‍ സൗഭാഗ്യമുണ്ടായി. പ്രസ്ഥാന പ്രവര്‍ത്തന രംഗത്ത് നൗഷാദ് നേടിയ വളര്‍ച്ചയും ഉണ്ടാക്കിയ വിപുല ബന്ധങ്ങളും അന്ന് ശരിക്കും ബോധ്യപ്പെട്ടു. സാമ്പത്തിക മാന്ദ്യം കാരണം ബിസിനസ് രംഗത്ത് പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെടുമ്പോഴും പ്രസ്ഥാന രംഗത്ത് അദ്ദേഹം ഊര്‍ജസ്വലനായിരുന്നു.
നൗഷാദ് സ്വലാലയിലെത്തിയ നാള്‍ മുതല്‍ ഐ.എം.ഐ ഇന്‍ഡസ്ട്രിയല്‍ ഏരിയാ യൂനിറ്റ് പ്രസിഡന്റായിരുന്നു. ഒട്ടേറെ വിദഗ്ധ-അവിദഗ്ധ തൊഴിലാളികള്‍ അധിവസിക്കുകയും ബിസിനസ് സ്ഥാപനങ്ങള്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്യുന്ന വിശാല പ്രബോധന ഭൂമികയായ ഇന്റസ്ട്രിയല്‍ ഏരിയയിലെ അദ്ദേഹത്തിന്റെ നേതൃസാന്നിധ്യം പ്രസ്ഥാനത്തിന് ഏറെ പ്രയോജനം ചെയ്തിട്ടുണ്ട്. സമൂഹ നോമ്പുതുറകളുള്‍പ്പെടെയുള്ള പ്രസ്ഥാന പരിപാടികളുടെ അമരത്ത് എന്നും നൗഷാദ് തന്നെയായിരുന്നു. അദ്ദേഹത്തിന്റെ പൊതുജന സമ്പര്‍ക്കം മലയാളികളില്‍ പരിമിതമായിരുന്നില്ല. പാകിസ്താനികളും ബംഗ്ലാദേശികളുമായ വലിയൊരു സുഹൃദ്‌വലയം എന്നും കൂടെയുണ്ടായിരുന്നു. തന്റെ മരണയാത്രയില്‍ പോലും ഒരു ബംഗ്ലാദേശി സഹോദരന്‍ സഹയാത്രികനായത് പ്രതീകാത്മകമാണെന്ന് പറയാം. അദ്ദേഹത്തിന്റെ മരണവാര്‍ത്തയറിഞ്ഞ് വിതുമ്പിയവരും പ്രാര്‍ഥിച്ചവരും സ്വലാലയില്‍ മറമാടുന്നതിനു തൊട്ടു മുമ്പ് നടന്ന ജനാസ നമസ്‌കാരത്തില്‍ പങ്കെടുത്തവരുമായ ആയിരങ്ങള്‍ നൗഷാദിന്റെ സുഹൃദ്‌വൈവിധ്യം ബോധ്യപ്പെടുത്തുന്നു.
ജീവിതയാത്രയില്‍ നൗഷാദ് കൃത്യമായ നിലപാടുകള്‍ പുലര്‍ത്തിയിരുന്നു. ഒരു അനാഥയെയോ നിര്‍ധനയെയോ മാത്രമേ വിവാഹം കഴിക്കൂവെന്ന് കോളേജ് കാലത്തേ ഉള്ള ശാഠ്യം സമയമായപ്പോള്‍ അദ്ദേഹം പാലിച്ചു. ആ നിലപാടുകള്‍ ബിസ്സിനസ് രംഗത്തും പുലര്‍ത്തി. അതുകൊണ്ടുതന്നെ സാമ്പത്തികമായി അസൂയാര്‍ഹമായ സ്ഥിതിയിലായിരുന്നു അദ്ദേഹമെന്നു പറയാനാവില്ല.
നൗഷാദിന്റെ മരണശേഷം അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍ ഞങ്ങളെ സ്വീകരിച്ചത് നൗഷാദിന്റെ സഹോദരന്‍ അബ്ദുല്ല മന്‍ഹാമും ഉസ്താദ് പെരുമയില്‍ മുഹമ്മദും. നൗഷാദിന്റെ വൃദ്ധ മാതാവിനെയും 8-ാം ക്ലാസ്സില്‍ പഠിക്കുന്ന മകള്‍ റനയെയും പിഞ്ചോമനകളായ അംന മോളെയും സന മോളെയും ഒന്നുമറിയാതെ പാറി നടക്കുന്ന രണ്ടു വയസ്സുകാരന്‍ അയാന്‍ മോനെയും കണ്ടപ്പോള്‍ കണ്ഠമിടറി. റഹ്മത്താണ് നൗഷാദിന്റെ പ്രിയതമ.
ബി.സി ആഇശ
ബാലുശ്ശേരി ഏരിയയിലെ ശിവപുരം ഈസ്റ്റ് വനിതാ ഘടകത്തിലെ പ്രവര്‍ത്തകയായിരുന്നു ജനുവരി 25-ന് അല്ലാഹുവിങ്കലേക്ക് യാത്രയായ കുറുന്നങ്ങല്‍ ബി.സി ആഇശ. കരിമല എ.എം.എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപകനായി പിരിഞ്ഞ ബി.സി അഹമ്മദ് കോയ മാസ്റ്ററുടെ സഹധര്‍മിണി.
വനിതാ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ ചുവടുവെപ്പ് നടത്തിയ ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ കോളേജിന്റെ ഭാഗമായുള്ള മദ്‌റസത്തുല്‍ ബനാത്തിലെ ആദ്യബാച്ചുകളിലൊന്നിലെ വിദ്യാര്‍ഥിനിയായിരുന്നു ആഇശ. അവിടെനിന്ന് നാലു വര്‍ഷത്തെ ഇസ്‌ലാമിക വിദ്യഭ്യാസം നേടി. ആഇശത്തായുടെ സ്‌നേഹവും ഉദാരതയും അനുഭവിക്കാത്തവര്‍ യൂനിറ്റിലോ കുടുംബത്തിലോ സൗഹൃദത്തിലോ ഉണ്ടാവുകയില്ല. ശാരീരിക അസ്വസ്ഥതകളെ വകവെക്കാതെ തന്നെ ഖുര്‍ആന്‍ പഠന ക്ലാസുകളിലും വാരാന്ത യോഗങ്ങളിലും പങ്കുചേരാന്‍ ഉത്സാഹം കാണിച്ചിരുന്നു. സമീപകാലത്ത് വാരാന്തയോഗങ്ങളില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും പ്രസ്ഥാന ചലനങ്ങള്‍ ചോദിച്ചറിയാനും ബൈത്തുല്‍ മാലും ഇതര സാമ്പത്തിക ഇടപാടുകളും കൃത്യമായി എത്തിക്കാനും അവര്‍ ശ്രദ്ധ പുലര്‍ത്തി. ജനുവരി 14-ന് കോഴിക്കോട്ട് നടന്ന ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഏറെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും പെട്ടെന്നുണ്ടായ രോഗം അവരെ മരണത്തിലേക്ക് നയിക്കുകയായിരുന്നു. നിഷ്‌കളങ്ക സ്വഭാവവും ലളിത ജീവിതവും പ്രസന്ന മുഖഭാവവും അവരെ എല്ലാവര്‍ക്കും പ്രിയപ്പെട്ടവരാക്കി. കുടുംബ-രോഗസന്ദര്‍ശനങ്ങള്‍ സ്ഥിരമായി നടത്തിയിരുന്ന ആഇശത്ത സൗഹൃദ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതില്‍ പ്രവര്‍ത്തകര്‍ക്കെന്ന പോലെ ഇതര ബന്ധുക്കള്‍ക്കും മാതൃകയായി. കെ.സി. മുഹമ്മദ് സിറാജ് (അധ്യാപകന്‍, കാലിക്കറ്റ് ഓര്‍ഫനേജ് എല്‍.പി സ്‌കൂള്‍), കെ.സി.എം അബ്ദുല്ല (ഗള്‍ഫ് മാധ്യമം, മീഡിയവണ്‍ റിയാദ് ബ്യൂറോ), കെ.സി മുഹമ്മദ് അസ്‌ലം (സുഊദി റീ ഇന്‍ഷുറന്‍സ് റിയാദ്), കെ.സി മുഹമ്മദ് യൂസുഫ് (മൈസൂര്‍ എയര്‍പോര്‍ട്ട്) എന്നിവര്‍ മക്കളാണ്. സനീറ നടുവണ്ണൂര്‍, നഷീദ ശിവപുരം, സുഹൈറ പുറക്കാട്, ആദില ജഹാന്‍ എന്നിവരാണ് മരുമക്കള്‍. എല്ലാവരും സജീവ പ്രസ്ഥാന പ്രവര്‍ത്തകര്‍.
കെ.ടി സുബൈദ, ശിവപുരം
നബീസ ബീവി
തിരുവനന്തപുരം പൂന്തുറ, കല്ലാട്ടുമുക്ക് പ്രദേശങ്ങളില്‍ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ആരംഭകാലത്തുതന്നെ പ്രവര്‍ത്തനരംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു നബീസ ബീവി. അക്കാലത്ത് സ്ത്രീകള്‍ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളില്‍ രംഗത്തുവരുമായിരുന്നില്ല. അതുകൊണ്ടുതന്നെ അവരുടെ സാന്നിധ്യം വിവാദമാവുകയുണ്ടായി. എന്നാല്‍, എതിര്‍പ്പുകള്‍ വകവെക്കാതെ വീടുവീടാന്തരം പ്രവര്‍ത്തനങ്ങളില്‍ അവര്‍ കര്‍മനിരതയായി. ഒരു വിപ്ലവകാരിയുടെ പരിവേശമുണ്ടായിരുന്നു അവര്‍ക്ക്. 1970-കളില്‍ പാളയം മുഹമ്മദലി സാഹിബ്, വള്ളക്കടവ് കുഞ്ഞു സാഹിബ്, എം.കെ അബ്ദുല്‍ അസീസ് സാഹിബ്, നബീസാ ബീവിയുടെ ഭര്‍ത്താവ് മൈതീന്‍ സാഹിബ് തുടങ്ങിയവര്‍ മണക്കാട്ട് സംഘടിപ്പിച്ചിരുന്ന ക്ലാസുകള്‍ കല്ലാട്ടുമുക്കിലെ കമുകിന്‍കടയിലേക്ക് മാറ്റിയപ്പോള്‍ നബീസ ബീവി പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായി നിലകൊണ്ടു.
പൂന്തുറ വനിതാ ഘടകത്തിന്റെ ആദ്യ നാസിമത്തായിരുന്നു അവര്‍. യൂനിറ്റിന്റെ നേതൃത്വം മാറിമാറി വന്നെങ്കിലും ആദ്യകാല പ്രസ്ഥാന പ്രവര്‍ത്തകര്‍ അവരെ ഇന്നും നാസിമത്ത് എന്നാണ് പറയുന്നത്. 1983-ല്‍ മലപ്പുറം ദഅ്‌വത്ത് നഗറില്‍ നടന്ന കേരള സമ്മേളനം മുതല്‍ എല്ലാ സമ്മേളനങ്ങളിലും സജീവമായി പങ്കെടുത്തു.
ആരെക്കണ്ടാലും ദീനിനെയും പരലോകെത്തയും സംബന്ധിച്ച് സംസാരിക്കും. നല്ല മരണത്തിനു വേണ്ടി സദാ കൊതിച്ചു. മരിക്കുന്നതിന് ദിവസങ്ങള്‍ക്കു മുമ്പു തന്നെ ബന്ധുമിത്രാദികളെ വിളിച്ച് എല്ലാ ബാധ്യതകളും ഏല്‍പ്പിക്കുകയും വസ്വിയ്യത്ത് നല്‍കുകയും ചെയ്തിരുന്നു. സദാ പുഞ്ചിരിതൂകുന്ന മുഖം. ആരെയും വേദനിപ്പിക്കാത്ത പെരുമാറ്റം. ശുചിത്വം, കൃത്യനിഷ്ഠ എന്നിവയില്‍ മാതൃകയായിരുന്നു. സൗമ്യത, ലാളിത്യം, പരോപകാരം തുടങ്ങിയ സദ്ഗുണങ്ങള്‍ ജീവിതത്തിന്റെ അടയാളമായിരുന്നു.
പരലോകചിന്തയോടെയുള്ള ഉദ്‌ബോധനങ്ങള്‍ നിറഞ്ഞതായിരുന്നു അവരുടെ സംസാരവും ഇടപെടലുമെല്ലാം. മയ്യിത്ത് സംസ്‌കരണ ക്ലാസുകള്‍ ധാരാളം സംഘടിപ്പിക്കുകയും ക്ലാസെടുക്കുകയും സ്ത്രീകളുടെ മയ്യിത്ത് കുളിപ്പിക്കല്‍, കഫന്‍ ചെയ്യല്‍ തുടങ്ങിയവക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു. റമദാന്‍ കാലത്ത് തറാവീഹ് നമസ്‌കാരത്തിന് നേതൃത്വം നല്‍കിയിരുന്നു. എണ്‍പതാം വയസിലും ഊര്‍ജസ്വലയായിരുന്നു. ഇസ്‌ലാമിക പ്രസ്ഥാനത്തെ സ്‌നേഹിക്കുന്ന നല്ലൊരു കുടുംബവൃത്തം നിലനിര്‍ത്താനും അവര്‍ക്ക് സാധിച്ചു.
എം.എ ജലാല്‍, പൂന്തുറ
അല്ലാഹുവേ, പരേതരെ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കേണമേ-ആമീന്‍
Comments