Prabodhanm Weekly

Pages

Search

2017 മാര്‍ച്ച് 17

2993

1438 ജമാദുല്‍ ആഖിര്‍ 18

സയ്യിദ് ശഹാബുദ്ദീന്‍ ഇന്ത്യനവസ്ഥയെ തൊട്ടറിഞ്ഞ നേതാവ്

എ. റശീദുദ്ദീന്‍

സയ്യിദ് ശഹാബുദ്ദീന്‍ അന്തരിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതു മുതല്‍ പഴയ തലമുറയിലെ ഒട്ടുമിക്ക മാധ്യമ പ്രവര്‍ത്തകരും ആ വിവരം വാട്ട്സ്ആപ്പിലൂടെ പങ്കുവെച്ചുകൊണ്ടേയിരുന്നു. ഈ ആളുകളില്‍ പലരെയും പരിചയപ്പെടുന്നത് ബാബരി മസ്ജിദ് വിഷയവുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനങ്ങളിലോ അയോധ്യയില്‍ നടന്ന പലതരം പ്രക്ഷോഭ പരിപാടികളിലോ ആയിരുന്നുവെന്ന യാദൃഛികത അറിയാതെ മനസ്സില്‍ തികട്ടിവന്നു. നിസാമുദ്ദീനിലെ പഞ്ച്പീരാന്‍ ഖബ്ര്‍സ്ഥാനില്‍ അദ്ദേഹത്തിന്റെ മയ്യിത്ത് മറവു ചെയ്യുമ്പോള്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ക്കൊപ്പം വനിതകള്‍ ഉള്‍പ്പെടെയുള്ള ധാരാളം മാധ്യമ പ്രവര്‍ത്തകരും അന്ത്യോപചാരത്തിന്  എത്തിയിരുന്നു. സയ്യിദ് ശഹാബുദ്ദീന്‍ എന്ന നേതാവിന്റെ ജീവിതവുമായി ദല്‍ഹിയിലെ മാധ്യമ ലോകത്തിനുള്ള ആത്മബന്ധം കൂടിയായിരുന്നു അത്. ദല്‍ഹിയിലെ എന്റെ പത്രപ്രവര്‍ത്തന കാലം ആരംഭിക്കുന്നതിനും ഒന്നോ രണ്ടോ ദശാബ്ദം മുമ്പേ മാധ്യമ രംഗത്തുണ്ടായിരുന്ന പലര്‍ക്കും കുറേക്കൂടി മൂര്‍ച്ചയുള്ള ഓര്‍മകള്‍ ഉണ്ടാകുമായിരിക്കണം. പ്രത്യേകിച്ചും രാജീവ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടെയും കാലത്ത് ദല്‍ഹിയില്‍ ഉണ്ടായിരുന്നവര്‍ക്ക്.

അടിയന്തരാവസ്ഥ കഴിഞ്ഞതിനു തൊട്ടുടനെ മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായ കാലത്താണ് വിദേശകാര്യ സര്‍വീസിലെ ജോലി രാജിവെച്ച് ശഹാബുദ്ദീന്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. ശഹാബുദ്ദീനെ ഈ തീരുമാനത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ അന്നത്തെ വിദേശകാര്യ മന്ത്രി അടല്‍ ബിഹാരി വാജ്‌പേയി മൂന്നു തവണ ശ്രമിച്ചെങ്കിലും നടന്നില്ല. വിദേശ രാജ്യങ്ങളിലെ അംബാസഡര്‍ ആയും വിദേശകാര്യ വകുപ്പിലെ ജോയന്റ് സെക്രട്ടറിയായുമൊക്കെ ലഭിച്ച ആര്‍ഭാട ജീവിതം ഉപേക്ഷിച്ച് പൊതു പ്രവര്‍ത്തനത്തിനിറങ്ങിയ അദ്ദേഹം പിന്നീട് പറ്റ്നയിലെ സാധാരണ ഫ്ളാറ്റിലേക്ക് താമസം മാറി. അക്കാലത്ത് ശഹാബുദ്ദീന്‍ ഹൈക്കാടതിയിലെ അഭിഭാഷക വൃത്തിയിലേക്കും കടന്നു. ശഹാബുദ്ദീനെ കുറിച്ച് നേരത്തേ കേട്ടറിവുള്ള ഇന്ദിരാഗാന്ധി അദ്ദേഹത്തെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കാനായി ചില ദൂതരെ പറഞ്ഞയച്ചതായി കേട്ടിട്ടുണ്ട്. അലീഗഢ് മുസ്ലിം സര്‍വകലാശാലയുടെ വൈസ് ചാന്‍സ്‌ലര്‍ പദവിയോ ജസ്റ്റിസ് അന്‍സാരി അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവു വന്ന ദേശീയ ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ പദവിയോ നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഈ രണ്ടു വാഗ്ദാനങ്ങളും നിരസിച്ച് ചന്ദ്രശേഖര്‍ അധ്യക്ഷനായ ജനതാ പാര്‍ട്ടിയില്‍ ചേരുകയാണ് ശഹാബുദ്ദീന്‍ ചെയ്തത്. വര്‍ഷങ്ങള്‍ക്കു ശേഷം 1989-ല്‍ ജനതാ പാര്‍ട്ടിയുടെ മുഴുവന്‍ നേതാക്കളും പാര്‍ട്ടി വിട്ട് ജനതാദളിലേക്കു ചേക്കേറിയപ്പോള്‍ പുതിയ പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡിലേക്ക് വി.പി സിംഗ് ശഹാബുദ്ദീനെ നാമനിര്‍ദേശം ചെയ്തിട്ടും അദ്ദേഹം പോയില്ല. വി.പി സിംഗ് ബി.ജെ.പിയുമായി ഉണ്ടാക്കിയ ധാരണയായിരുന്നു തടസ്സമായത്. ബോര്‍ഡില്‍ അംഗത്വം കിട്ടുന്നത് കാബിനറ്റില്‍ ബര്‍ത്ത് ഉറപ്പിക്കുന്നതിന് തുല്യമായിട്ടും നിലപാടില്‍ ഉറച്ചുനിന്ന് ശഹാബുദ്ദീന്‍ ജനതാപാര്‍ട്ടിയില്‍ തന്നെ തുടര്‍ന്നു. അധികാര സ്ഥാനങ്ങള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ ഒരിക്കലും പ്രചോദിപ്പിച്ചിരുന്നില്ല.

മുസ്ലിം ഇന്ത്യ എന്ന പേരിലാണ് സയ്യിദ് ശഹാബുദ്ദീന്റെ മാസിക പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നത്. പേര് തന്നെയാണ് ആ നിലപാട്. 1983-ലായിരുന്നു മാസികയുടെ തുടക്കം. ജസ്റ്റിസ് രജീന്ദര്‍ സച്ചാറിനെ പോലുള്ളവര്‍ മാസികയുടെ പേര് 'ഇന്ത്യന്‍ മുസ്ലിം' എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും അതിന് അദ്ദേഹം വഴങ്ങിയില്ല. 'മുസ്ലിം ഇന്ത്യ' എന്നു പറയുമ്പോള്‍ മറുപുറത്ത് 'അമുസ്ലിം ഇന്ത്യ' എന്ന ആശയത്തിന് അത് സാധുത നല്‍കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശം. എന്നാല്‍ തനിക്ക് വിയോജിപ്പുള്ള വിഷയങ്ങളില്‍ പോലും ഇതേ സച്ചാറിനെക്കൊണ്ട് ശഹാബുദ്ദീന്‍ മാസികയില്‍ എഴുതിക്കുകയും ചെയ്തു. അതായിരുന്നു അദ്ദേഹത്തിന്റെ രീതി. മനസ്സിനകത്തുള്ള വാക്കുകള്‍ പുറത്തു പറയുമ്പോള്‍ കേള്‍ക്കുന്നവരുടെ സൗകര്യങ്ങള്‍ക്കും സന്ദര്‍ഭത്തിനുമൊത്ത് വാക്കുകള്‍ വിഴുങ്ങാതെ പറയാനുള്ളത് നേര്‍ക്കു നേരെ പറഞ്ഞ നേതാവ്. അദ്ദേഹം അഭിപ്രായം പറയുന്നതു കേട്ടിരിക്കുക തന്നെ ഒരു അനുഭവമായിരുന്നു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതോടെ ഇന്ത്യന്‍ മുസ്ലിം നേതൃത്വത്തെ ബാധിച്ച മരവിപ്പിനിടെ ശഹാബുദ്ദീന്റെ പ്രേരണക്കു വഴങ്ങി അവര്‍ അന്നത്തെ പ്രധാനമന്ത്രി പി.വി നരസിംഹ റാവുവിനെ കാണാന്‍ ചെന്നു. മൗലാനാ അബുല്‍ ഹസന്‍ അലി നദ്വിയുടെ നേതൃത്വത്തിലുള്ള സംഘം പതിവു മട്ടില്‍ മുസ്ലിംകളുടെ ആശങ്കകള്‍ പങ്കുവെക്കാന്‍ തുടങ്ങിയപ്പോള്‍ രൂക്ഷമായ ഭാഷയില്‍ വസ്തുതകളുടെയും തെളിവുകളുടെയും പിന്‍ബലത്തില്‍ ശഹാബുദ്ദീന്‍ ഇടപെട്ടു. റാവുവിനോടു പറയേണ്ടതു പറയുകയും ചെയ്തു. 82-ാം വയസ്സില്‍ അന്തരിക്കുന്നതു വരെയും ധിഷണയുടെ തെളിമ കൊണ്ടും കര്‍മനിരതയുടെ വേഗത കൊണ്ടും അതിശയിപ്പിച്ച നേതാവ്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് രോഗം പൂര്‍ണമായി തളര്‍ത്തുന്നതു വരെ ലേഖനങ്ങള്‍ എഴുതിയും ഇടക്കൊക്കെ അബുല്‍ ഫസല്‍ എന്‍ക്ളേവിലെ മുസ്ലിം മജ്ലിസെ മുശാവറ ഓഫീസില്‍ എത്തിയും അദ്ദേഹം കര്‍മനിരതനായി.

സയ്യിദ് ശഹാബുദ്ദീനെക്കുറിച്ച് മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ സുഭാഷ് സി. കശ്യപ് പറഞ്ഞ ഒരു സംഭവമുണ്ട്. കശ്യപിന്റെ ബിരുദാനന്തര ബിരുദം ഇസ്ലാമിക തത്ത്വശാസ്ത്രത്തിലായിരുന്നു. പാര്‍ലമെന്റില്‍ അക്കാലത്ത് ഉജ്ജ്വലമായി വിഷയങ്ങള്‍ അവതരിപ്പിക്കുകയും ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്തിരുന്ന ശഹാബുദ്ദീനുമായി തന്റെ ഇഷ്ടവിഷയത്തില്‍ കശ്യപ് സംസാരിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ അദ്ദേഹം ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. കാരണം, ഇന്ത്യന്‍ സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ട ഏതു വിഷയത്തിലും പാര്‍ലമെന്റില്‍ ഉജ്ജ്വലമായി സംസാരിക്കുന്ന ശഹാബുദ്ദീന്‍ മതവിഷയങ്ങളില്‍ ചര്‍ച്ച നടത്തുകയോ, തര്‍ക്കത്തിന് പോകാറോ ഉണ്ടായിരുന്നില്ല. 

ശാബാനു കേസും ബാബരി മസ്ജിദ് വിഷയവുമാണ് അദ്ദേഹത്തെ മീഡിയക്ക് ഒരേസമയം പ്രിയങ്കരനും ഒപ്പം 'ഫണ്ടമെന്റലിസ്റ്റു'മാക്കി മാറ്റിയത്. ശാബാനു കേസില്‍ പക്ഷേ ശഹാബുദ്ദീന്‍ മതപരമായ ഒരു വിഷയത്തിലാണ് കര്‍ക്കശമായ നിലപാടെടുത്തത്. വിവാഹമോചിതയായ മുസ്‌ലിം സ്ത്രീക്ക് മറ്റെല്ലാ ഇന്ത്യന്‍ സ്ത്രീകളെയും പോലെ ശിഷ്ടജീവിതത്തില്‍ ആദ്യ ഭര്‍ത്താവ് ചെലവിനു നല്‍കണമെന്ന് സുപ്രീംകോടതി വിധിച്ചു. ഇസ്ലാമിക ശരീഅത്ത് പ്രകാരം ഇദ്ദ കാലയളവിലേ ജീവനാംശത്തിന് അര്‍ഹതയുള്ളൂ എന്ന നിലപാടുമായി രാജീവ് ഗാന്ധി പാര്‍ലമെന്റില്‍ മുസ്ലിം വനിതാ സംരക്ഷണ ബില്‍ അവതരിപ്പിച്ചു. മുസ്‌ലിം സംഘടനകളുടെ നിലപാട് ഉയര്‍ത്തിപ്പിടിക്കുകയാണ് ശഹാബുദ്ദീന്‍ ചെയ്തത്. ആരിഫ് മുഹമ്മദ് ഖാന്‍ എന്ന പ്രഗത്ഭനായ കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടതും ഈ ബില്ല് അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു. അന്ന് മുസ്ലിംകള്‍ക്ക് അനുകൂലമായി നിലപാടെടുക്കാന്‍ രാജീവ് ഗാന്ധിയെ പ്രേരിപ്പിച്ച നേതാവായിരുന്നു നജ്മ ഹിബത്തുല്ല. ബില്ലിനെ എതിര്‍ത്ത ആരിഫും അനുകൂലിച്ച നജ്മയുമൊക്കെ പില്‍ക്കാലത്ത് ബി.ജെ.പിയില്‍ എത്തിപ്പെട്ടെങ്കിലും.

1987-ല്‍ ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്ന് റിപ്പബ്ലിക് ദിനം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു എന്ന വാര്‍ത്ത പുറത്തുവന്ന കാലം. ബാബരി മസ്ജിദ് വിഷയത്തില്‍ തര്‍ക്കമന്ദിരം എന്നു മാത്രം ഉപയോഗിക്കുകയും ഏകപക്ഷീയമായി മാത്രം വാര്‍ത്തകള്‍ നല്‍കുകയും ശീലമാക്കിയ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് വീണുകിട്ടിയ അവസരമായിരുന്നു ഇത്. ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി യോഗത്തില്‍ അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും ജനതാ പാര്‍ട്ടി നേതാവുമായിരുന്ന ചന്ദ്രജിത്ത് യാദവും കുല്‍ദീപ് നയാറും ഐ.കെ ഗുജ്റാളുമൊക്കെ പങ്കെടുത്തിരുന്നുവെന്നും ആ തീരുമാനം യാഥാര്‍ഥ്യമായിരുന്നുവെന്നുമാണ് അഭിഭാഷകനായ സഫരിയാബ് ജീലാനി പില്‍ക്കാലത്ത് ചൂണ്ടിക്കാട്ടിയത്. എന്നാല്‍ അന്നത്തെ രാഷ്ട്രപതി ഗ്യാനി സെയില്‍ സിംഗും ചന്ദ്രശേഖറും എച്ച്.എന്‍ ബഹുഗുണയുമൊക്കെ ഗുണദോഷിച്ചപ്പോള്‍ ഔദ്യോഗിക പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുക മാത്രമേ അതുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളൂ എന്ന് ശഹാബുദ്ദീന്‍ വിശദീകരണ കുറിപ്പ് ഇറക്കി. മുസ്ലിംകള്‍ രാജ്യത്തെ ബഹിഷ്‌കരിക്കുന്നുവെന്ന മട്ടില്‍ മീഡിയ പ്രചാരണം തുടങ്ങിയ സാഹചര്യത്തിലായിരുന്നു കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗത്തിലെ തീരുമാനത്തെ മറികടക്കാന്‍ കണ്‍വീനറായ ശഹാബുദ്ദീന്‍ തീരുമാനിച്ചത്. ഭരണഘടനയെയാണ് ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളും ഏറ്റവും കൂടുതല്‍ ബഹുമാനിക്കേണ്ടതെന്നും ബാബരി മസ്ജിദ് വിഷയത്തില്‍ സുപ്രീംകോടതി വിധി എന്തായാലും അത് അംഗീകരിക്കണമെന്നുമൊക്കെ ശക്തമായ ഭാഷയിലാണ് ശഹാബുദ്ദീന്‍ എക്കാലത്തും പറഞ്ഞുകൊണ്ടിരുന്നത്. ഭരണഘടനയിലെ വകുപ്പുകള്‍ അദ്ദേഹത്തിന് സ്വന്തം കൈവെള്ളയിലെ രേഖകള്‍ പോലെ സുപരിചിതമായിരുന്നു.

ഈ വിഷയത്തില്‍ മുസ്ലിം പക്ഷത്തുനിന്ന് ഏറ്റവും സജീവമായും കാര്യക്ഷമമായും എക്കാലത്തും ഇടപെട്ട നേതാവായിരുന്നു ശഹാബുദ്ദീന്‍. കാഞ്ചി കാമകോടി പീഠം മഠാധിപതി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി അക്കാലത്ത് ശഹാബുദ്ദീനെ കൂടിക്കാഴ്ചക്കു ക്ഷണിച്ചു. സുബ്രഹ്മണ്യം സ്വാമിയായിരുന്നു ഈ കൂടിക്കാഴ്ചയുടെ ഇടനിലക്കാരന്‍. കടുംപിടിത്തക്കാരനായ ഈ മുസ്ലിം നേതാവുമായി ശങ്കരാചാര്യ സംസാരിക്കുന്നതിന് മഠത്തിലെ മറ്റുള്ള സ്വാമിമാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചുവെങ്കിലും ഇരുവരും കാഞ്ചിയില്‍ കൂടിക്കാഴ്ച നടത്തി വിഷയത്തെ കുറിച്ച് സുദീര്‍ഘമായി സംസാരിച്ചു. ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് ചരിത്രത്തിലൊരിക്കലും ക്ഷേത്രം ഉണ്ടായിട്ടില്ലെന്നും തെളിവ് ഹാജരാക്കാന്‍ സന്നദ്ധമാണെന്നും ശഹാബുദ്ദീന്‍ വാദിച്ചതോടെ ശങ്കരാചാര്യ ആശയക്കുഴപ്പത്തിലായി. ഈ തെളിവുകള്‍ ചര്‍ച്ച ചെയ്യാമെന്നും ശരിയെങ്കില്‍ സംഘ്പരിവാറിനെ പിന്തിരിപ്പിക്കാമെന്നുമുള്ള ധാരണയോടെ ആ യോഗം അവസാനിച്ചു; വീണ്ടുമൊരിക്കല്‍ കൂടി ഒരു കൂടിക്കാഴ്ചക്ക് ശങ്കരാചാര്യ സന്നദ്ധമായില്ലെങ്കിലും. ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായ കാലത്ത് ശഹാബുദ്ദീന്‍ മുന്നോട്ടുവെച്ച ഒത്തുതീര്‍പ്പ് ഫോര്‍മുല ഇതിന്റെ മറുവാദമായിരുന്നു. മസ്ജിദിനു താഴെ ക്ഷേത്രം നിലനിന്നതിന് വിശ്വാസയോഗ്യമായ എന്തെങ്കിലും തെളിവ് സംഘ്പരിവാര്‍ ഹാജരാക്കിയാല്‍ ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി പിരിച്ചുവിട്ട് ഹിന്ദു സംഘടനകളുടെ വാദം അംഗീകരിച്ചുകൊടുക്കാമെന്നായിരുന്നു അന്ന് ശഹാബുദ്ദീന്‍ മുന്നോട്ടുവെച്ച ഒത്തുതീര്‍പ്പു ഫോര്‍മുല. അതും പക്ഷേ അന്ന് സ്വീകരിക്കപ്പെട്ടില്ല. വസ്തുതകളെ വൈകാരികമായിട്ടല്ലാതെ സമീപിക്കാനുള്ള ഇഛാശക്തിയായിരുന്നു ഈ നീക്കങ്ങള്‍ തെളിയിച്ചത്.

പോയ കാലഘട്ടത്തിന്റെ പ്രമാദമായ പല സംഭവങ്ങളിലും ചരിത്രത്തിന് മായ്ച്ചുകളയാനാവാത്ത വിധം എഴുതിവെച്ച ഒരു പേരാണ് ശഹാബുദ്ദീന്റേത്. 1983-ലെ മീറത്ത് കലാപത്തിനു ശേഷം, അന്ന് രാജ്യസഭാംഗമായിരുന്ന ശഹാബുദ്ദീന്‍ ഇന്ദിരാഗാന്ധിയെ കടന്നാക്രമിച്ച് പാര്‍ലമെന്റില്‍ പ്രസംഗിച്ചു. പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വിയര്‍ത്ത ഇന്ദിരക്ക് ഈ സംഭവത്തില്‍ തന്നെ കുറ്റവാളിയാക്കരുതെന്ന് ഒടുവില്‍ സഭക്കു മുമ്പാകെ അഭ്യര്‍ഥിക്കേണ്ടിവന്നു. ഹാശിംപുര കൂട്ടക്കൊല കേസ് നടന്നത് രാജീവ് ഗാന്ധിയുടെ കാലത്തായിരുന്നു. അന്നത്തെ ജനതാ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന സുബ്രഹ്മണ്യം സ്വാമിയെ ഹാശിംപുരയിലെത്തിച്ചതും ഇരുവരും ചേര്‍ന്ന് കൂട്ടക്കൊലയില്‍നിന്ന് ജീവനോടെ രക്ഷപ്പെട്ട ആറു പേരെ ദല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ഹാജരാക്കിയതുമൊക്കെ കേസിന്റെ നാള്‍വഴികളിലുണ്ട്. കൂട്ടക്കൊലയില്‍ അന്വേഷണം ആവശ്യപ്പെട്ട് സ്വാമി ദല്‍ഹിയിലെ ബോട്ട് ക്ലബ് മൈതാനിയില്‍ നിരാഹാര സത്യഗ്രഹമിരുന്നപ്പോള്‍, സമരം കണ്ടില്ലെന്നു നടിച്ച ആഭ്യന്തരമന്ത്രി ഭൂട്ടാ സിംഗിനെ കൊണ്ട് ഏഴാം നാള്‍ അന്വേഷണം പ്രഖ്യാപിപ്പിച്ചതിനു പിന്നില്‍ ശഹാബുദ്ദീന്റെ നിരന്തര സമ്മര്‍ദമായിരുന്നു. തന്റെ ജീവന്‍ രക്ഷിച്ചത് ശഹാബുദ്ദീന്‍ ആണെന്നു പോലും സ്വാമി ഇതേക്കുറിച്ച് എഴുതിയിട്ടുണ്ട്. ഹാശിംപുര സംഭവത്തെ ചൊല്ലി അന്നത്തെ ആഭ്യന്തര സഹമന്ത്രി പി. ചിദംബരത്തിനെതിരെ വലിയ ആരോപണങ്ങള്‍ ഉയരുന്നതായിരുന്നു അന്വേഷണം പ്രഖ്യാപിക്കാതെ ഭൂട്ടാ സിംഗ് ഉരുണ്ടുകളിക്കാനുണ്ടായ കാരണം. ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനു ശേഷമുള്ള തരംഗത്തിനിടയിലും കോണ്‍ഗ്രസിനെതിരെ ജയിച്ചുകയറിയ അപൂര്‍വം നേതാക്കളില്‍ ഒരാളായിരുന്നു സയ്യിദ് ശഹാബുദ്ദീന്‍. ബിഹാറിലെ കിഷന്‍ഗഞ്ചില്‍നിന്നായിരുന്നു അദ്ദേഹം ജനവിധി നേടിയത്.

1935-ല്‍ റാഞ്ചിയില്‍ ജനിച്ച സയ്യിദ് ശഹാബുദ്ദീന്‍ 1950-ല്‍ ഒന്നാം റാങ്കോടെയാണ് മെട്രിക്കുലേഷന്‍ പാസായത്. പറ്റ്ന യൂനിവേഴ്സിറ്റിയില്‍ ഫിസിക്‌സ് അധ്യാപകനായിരിക്കെയാണ് അദ്ദേഹം ഐ.എഫ്.എസിലെത്തുന്നത്. അക്കൊല്ലത്തെ യു.പി.എസ്.സി പരീക്ഷയില്‍ രണ്ടാം റാങ്കുകാരനായിരുന്നു ശഹാബുദ്ദീന്‍. ഇന്റര്‍വ്യൂവില്‍ ശഹാബുദ്ദീനെ ബോര്‍ഡംഗങ്ങള്‍ വെറുതെ പ്രകോപിപ്പിച്ചു. എന്തുകൊണ്ടാണ് ബിഹാരികളെ 'ബുദ്ദൂസു'കള്‍ എന്നു വിളിക്കുന്നത് എന്നായിരുന്നു ചോദ്യം. ബിഹാരികള്‍ക്ക് ബുദ്ധനുമായി വളരെ അടുപ്പമുള്ളതുകൊണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം! പറ്റ്നാ യൂനിവേഴ്സിറ്റിയില്‍ ശഹാബുദ്ദീന്റെ സഹപാഠിയും പില്‍ക്കാലത്ത് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയുമായ മുചുകുന്ദ് ദുബെ അക്കാലത്തെ കുറിച്ച് എഴുതിയ അനുസ്മരണത്തില്‍ ഇരുവരും പഠിച്ച പറ്റ്നയിലെ ബി.എന്‍ കോളേജിലെ ഒരു വിദ്യാര്‍ഥി പോലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട സംഭവം പിന്നീട് എങ്ങനെ ഇരുവരുടെയും ഭാവി ജീവിതത്തെ ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ കൊലപാതകത്തിനെതിരെ മറ്റു വിദ്യാര്‍ഥികളെ സംഘടിപ്പിച്ചത് ദുബെയും ശഹാബുദ്ദീനുമായിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷ പാസായതിനു ശേഷവും ഇരുവരും കമ്യൂണിസ്റ്റുകള്‍ ആണെന്ന് സംശയിച്ച് ജവഹര്‍ലാല്‍ നെഹ്റു അവരെ സര്‍വീസില്‍ എടുക്കാന്‍ മടിച്ചുനിന്നു. താന്‍ കമ്യൂണിസ്റ്റ് അല്ല, സോഷ്യലിസ്റ്റ് ആണെന്ന നിലപാട് വ്യക്തമാക്കി ശഹാബുദ്ദീന്‍ നെഹ്റുവിന് കത്തയക്കുകയും നെഹ്റു അത് തുറന്ന മനസ്സോടെ അംഗീകരിക്കുകയുമാണുണ്ടായത്.

ബുദ്ധിപരമായി മറ്റുള്ളവരോടൊപ്പം മത്സരിച്ച് മുസ്ലിംകള്‍ അവസരം നേടിയെടുക്കുകയാണ് വേണ്ടതെന്ന് ആദ്യകാലത്ത് വിശ്വസിച്ചിരുന്ന ശഹാബുദ്ദീന്‍ പില്‍ക്കാലത്ത് സംവരണത്തിന്റെ ഉറച്ച വക്താക്കളില്‍ ഒരാളായി മാറി. മുസ്ലിംകള്‍ക്കു മാത്രമല്ല എല്ലാ പിന്നാക്ക വിഭാഗങ്ങള്‍ക്കും ഇന്ത്യയുടെ സവിശേഷമായ സാമൂഹിക സാഹചര്യത്തില്‍ സംവരണത്തിലൂടെയല്ലാതെ അവസരങ്ങള്‍ ലഭിക്കില്ലെന്ന് അനുഭവങ്ങളിലൂടെ അദ്ദേഹത്തിന്  ബോധ്യപ്പെടുകയായിരുന്നു. ദേശീയതലത്തില്‍ മുസ്ലിം സംവരണമെന്ന വിഷയം ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കില്‍ അതിന് വഴിയൊരുക്കിയതില്‍ മുസ്ലിം ഇന്ത്യയില്‍ പ്രത്യക്ഷപ്പെട്ട നിരവധി ലേഖനങ്ങള്‍ക്കും രാജ്യത്തുടനീളം ശഹാബുദ്ദീന്‍ നടത്തിയ സംവരണ സെമിനാറുകള്‍ക്കുമുള്ള പങ്ക് നിഷേധിക്കാനാവില്ല. ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് ശരീഅത്തുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാത്രം ഒതുങ്ങി പ്രവര്‍ത്തിക്കണമെന്ന ഉറച്ച നിലപാടായിരുന്നു അദ്ദേഹത്തിന്. ഈ വിഷയത്തെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ബോര്‍ഡില്‍നിന്ന് രാജിവെച്ചതിനു ശേഷം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആള്‍ ഇന്ത്യാ മുസ്ലിം മജ്ലിസെ മുശാവറയെ ശക്തിപ്പെടുത്താനുള്ള സജീവ നീക്കങ്ങളിലായിരുന്നു അദ്ദേഹം. 2000-ല്‍ താന്‍ തന്നെ പിളര്‍ത്തിയ മുശാവറയെ ഒന്നിപ്പിക്കാനും പുതിയ തലമുറക്ക് നേതൃത്വം കൈമാറാനും അദ്ദേഹത്തിനായി.

വിവാഹ വേളയില്‍ ഭാര്യാവീട്ടുകാര്‍ സമ്മാനമായി നല്‍കിയ ഒരു ചെറിയ ഖുര്‍ആന്‍ പ്രതി സയ്യിദ് ശഹാബുദ്ദീന്‍ എപ്പോഴും കൊണ്ടു നടക്കാറുണ്ടായിരുന്നു. കൊളംബിയ യൂനിവേഴ്സിറ്റിയില്‍ എഞ്ചിനീയറിംഗ് പ്രഫസറായിരുന്ന മകന്‍ പര്‍വേസ് അമേരിക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിവരമറിഞ്ഞ് രാത്രി അസ്വസ്ഥനായ ശഹാബുദ്ദീന്‍ സന്തതസഹചാരിയായ ആ ഖുര്‍ആന്‍ പ്രതി തുറന്നു നോക്കിയപ്പോള്‍ ഇങ്ങനെയായിരുന്നുവത്രെ കണ്ടത്. 'നിനക്ക് അല്ലാഹു തന്നതില്‍നിന്നും ചിലത് അവന്‍ എടുത്തുമാറ്റിയാല്‍ ബാക്കിയുള്ളതിനെ ചൊല്ലി നീ നന്ദി കാണിക്കുകയല്ലേ വേണ്ടത്.' ജസ്റ്റിസ് അഫ്താബ് ആലം ശഹാബുദ്ദീനെ കുറിച്ച് എഴുതിയ ഓര്‍മക്കുറിപ്പില്‍നിന്നാണിത്. പരമ്പരാഗത മുസ്ലിം നേതൃത്വത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോകുമ്പോഴും സ്വന്തം നിലപാടുകളില്‍ ഉറച്ചുനിന്ന് പൊരുതിയ ഈ നേതാവിന് ഒരുപക്ഷേ മൗലാനാ അബുല്‍കലാം ആസാദിനോടാണ് സാമ്യം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (15 - 22)
എ.വൈ.ആര്‍

ഹദീസ്‌

വിശ്വാസ വഞ്ചനയുെട പരിണതി
എം.എസ്.എ റസാഖ്‌