Prabodhanm Weekly

Pages

Search

2017 മാര്‍ച്ച് 17

2993

1438 ജമാദുല്‍ ആഖിര്‍ 18

ബ്രാന്റുകളുടെ വ്യാജപകര്‍പ്പുകള്‍ വില്‍ക്കുന്നതും വാങ്ങുന്നതും

അബ്ദുല്‍ വാസിഅ് ധര്‍മഗിരി

ചോദ്യം: ഇന്ന്  സ്വദേശത്തും വിദേശത്തുമായി ധാരാളം പേര്‍ മറ്റു കമ്പനികളുടെ ബ്രാന്റ് നെയിം  ഉപയോഗിച്ച് വസ്തുക്കള്‍ നിര്‍മിച്ച് കച്ചവടം നടത്തുന്നുണ്ട് (ഉദാ: വാച്ച്, മൊബൈല്‍, കണ്ണട പോലുള്ളവ). അതത് കമ്പനികളുടെ അനുമതി ഇല്ലാതെയാണ് ഈ ബ്രാന്റ് ഉപയോഗിക്കുന്നത്. ഇങ്ങനെയുള്ള കച്ചവടത്തിലെ വരുമാനം അനുവദനീയമാണോ? ഇത്തരം വസ്തുക്കള്‍ അറിഞ്ഞുകൊണ്ട് പണം കൊടുത്തു വാങ്ങാനോ സമ്മാനമായി സ്വീകരിക്കാനോ പറ്റുമോ?

സമൂഹത്തില്‍ പരിചിതവും സ്വീകാര്യവുമായ ട്രേഡ് മാര്‍ക്കുകളും ബ്രാന്റ് നെയ്മുകളും ഉപയോഗിച്ച് അവയുടെ വ്യാജപകര്‍പ്പുകള്‍ കുറഞ്ഞ വിലയ്ക്ക് ചെലവഴിക്കുകയെന്നത് ഇന്നത്തെ കമ്പോളങ്ങളില്‍ ധാരാളമായി കാണപ്പെടുന്ന പ്രവണതയാണ്. ശര്‍ഈയായി പല തലങ്ങളില്‍നിന്ന് വിശകലനം ചെയ്ത് വിധി പറയേണ്ട ഒരു പ്രശ്‌നമാണിത്. വന്‍കിട കമ്പനികളുടെ കച്ചവട നാമങ്ങള്‍ ഉപയോഗിച്ച് വ്യാജനിര്‍മിതികള്‍ ചെലവഴിക്കുക, അവയുടെ ചിഹ്നങ്ങള്‍ ഉപയോഗിച്ച് ഉപഭോക്താക്കളെ വഞ്ചിക്കുക, ഇത്തരം വ്യാജപകര്‍പ്പുകള്‍ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുക തുടങ്ങിയ വ്യത്യസ്ത വിഷയങ്ങള്‍ ഈ പ്രശ്‌നത്തില്‍ ഉള്ളടങ്ങിയിരിക്കുന്നു. 

വ്യാവസായിക-വ്യാപാര മേഖലയില്‍ സുപ്രധാന ഘടകമാണ് കച്ചവട ചിഹ്നങ്ങള്‍ അഥവാ ബ്രാന്റ് നാമങ്ങള്‍. കച്ചവടത്തിന്റെ വളര്‍ച്ചയിലും പുരോഗതിയിലും അതിന് നിര്‍ണായക പങ്കുണ്ട്. ബ്രാന്റ് നെയിമുകള്‍ക്കും കച്ചവട ചിഹ്നങ്ങള്‍ക്കും ലഭിച്ച ഈ സ്വീകാര്യത തന്നെയാണ് അവയെ കൈയേറാനും അവയുടെ വ്യാജപകര്‍പ്പുകള്‍ നിര്‍മിച്ച് തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനും ചെറുകിട കച്ചവടക്കാരെയും മറ്റും പ്രേരിപ്പിക്കുന്നത്. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും വ്യാപാര ശൃംഖലകളുള്ള മിക്ക അന്താരാഷ്ട്ര ഉല്‍പന്നങ്ങള്‍ക്കും പ്രാദേശിക വ്യാജന്മാരുിപ്പോള്‍.

ഒരു വ്യക്തിയുടെയോ കമ്പനിയുടെയോ നിയമപരമായി രേഖപ്പെടുത്തപ്പെട്ട കച്ചവട നാമങ്ങള്‍, ചിഹ്നങ്ങള്‍, പ്രതീകങ്ങള്‍, ബൗദ്ധിക-ഭൗതിക ആവിഷ്‌കാരങ്ങള്‍ തുടങ്ങിയവ അവരുടെ ഉടമസ്ഥതയിലുള്ള സ്വത്തായാണ് പരിഗണിക്കപ്പെടുക. അതിനാലാണ് പ്രസ്തുത ചിഹ്നങ്ങളും നാമങ്ങളും ഭീമന്‍ വിലയ്ക്ക് വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുന്നത്. ഇപ്രകാരം ഒരു വ്യക്തി/സ്ഥാപനം ഉടമപ്പെടുത്തിയ ധനം/സമ്പാദ്യം തുടങ്ങിയവ അനുവാദമില്ലാതെ ഉപയോഗിക്കുകയോ, അവക്ക് പോറലേല്‍പിക്കുന്ന വിധം ദുരുപയോഗപ്പെടുത്തുകയോ ചെയ്യാവതല്ല. കച്ചവടവുമായി ബന്ധപ്പെട്ട് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന സത്യസന്ധത, സുതാര്യത തുടങ്ങിയ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ് മേല്‍സൂചിപ്പിച്ച ഇടപാടുകള്‍. മാത്രമല്ല വഞ്ചന, തെറ്റിദ്ധരിപ്പിക്കല്‍, കബളിപ്പിക്കല്‍, ദുരുപയോഗപ്പെടുത്തല്‍ തുടങ്ങി പല മൂല്യവിരുദ്ധ മുഖങ്ങളും പ്രസ്തുത ഇടപാടില്‍ നന്നായി പ്രതിഫലിക്കുന്നുമുണ്ട്. 'വഞ്ചന കാണിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല', 'പുണ്യവും സത്യസന്ധതയും പുലര്‍ത്താത്ത കച്ചവടക്കാര്‍ തെമ്മാടികളാണ്' തുടങ്ങിയ പ്രവാചക വചനങ്ങള്‍ മറ്റുള്ളവരുടെ അവകാശങ്ങള്‍ക്ക് പോറലേല്‍പിച്ചു കൊണ്ടുള്ള ഇടപാടുകള്‍ വിലക്കുന്നവയാണ്. 'ഉപദ്രവം തുടങ്ങിവെക്കുകയോ ഉപദ്രവത്തിനു പകരം ഉപദ്രവം നല്‍കുകയോ ചെയ്യാവതല്ല', 'ഉപദ്രവം നീക്കപ്പെടുകയാണ് വേണ്ടത്' തുടങ്ങിയ കര്‍മശാസ്ത്ര തത്ത്വങ്ങളും മേല്‍ ഇടപാടുകളെ നിരുത്സാഹപ്പെടുത്തുന്നു. അതിനാലായിരിക്കണം ഇവ്വിഷയകമായ കുവൈത്തിലെ 'മജ്മഉല്‍ ഫിഖ്ഹില്‍ ഇസ്‌ലാമി' പുറപ്പെടുവിച്ച ഫത്‌വയില്‍ ഇപ്രകാരം കുറിച്ചത്: ''കച്ചവട നാമങ്ങള്‍, ചിഹ്നങ്ങള്‍, ബ്രാന്റ് നെയിമുകള്‍ തുടങ്ങിയവ അതിന്റെ ഉടമസ്ഥരുടെ അവകാശങ്ങളാണ്. ആധുനിക സമൂഹത്തില്‍ അവക്ക് പരിഗണനീയമായ സാമ്പത്തിക മൂല്യവുമുണ്ട്. ശര്‍ഈയായി പരിഗണിക്കപ്പെടുന്ന അവകാശങ്ങളാണിവ. അതിനാല്‍ തന്നെ അവക്കു മേല്‍ കടന്നുകയറാന്‍ പാടുള്ളതല്ല'' (മജല്ലതുല്‍ ഫിഖ്ഹില്‍ ഇസ്‌ലാമി 3/2267). 

മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള സ്വത്ത് കൈയേറുകയെന്നതാണ് ഇതിന്റെ ഒന്നാമത്തെ തലമെങ്കില്‍ തെറ്റായ ധാരണ പരത്തി ഉല്‍പന്നങ്ങള്‍ ചെലവഴിക്കുകയെന്നതാണ് ഇതിന്റെ മറ്റൊരു തലം. പ്രസ്തുത കച്ചവട ചിഹ്നത്തിന്റെ യഥാര്‍ഥ ഉടമയെ മാത്രമല്ല, ആ ഉല്‍പന്നത്തിന്റെ മേന്മയും ഗുണവും പ്രതീക്ഷിച്ച് അബദ്ധത്തില്‍ വ്യാജപകര്‍പ്പുകള്‍ വാങ്ങുന്ന ഉപഭോക്താവിനെയും ഇതുവഴി വഞ്ചിക്കുന്നു. ചൈനയില്‍ നിര്‍മിച്ചതെന്ന് രേഖപ്പെടുത്തി ഇന്ത്യയില്‍ നിര്‍മിച്ച് വില്‍ക്കുന്നതും  ഈയര്‍ഥത്തിലുള്ള വഞ്ചനയില്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യമാണ്. 

താന്‍ വില്‍ക്കുന്നത് വ്യാജനാണെന്ന് ഉപഭോക്താവിനെ അറിയിക്കുന്നതുകൊണ്ടു മാത്രം പരിഹൃതമാകുന്ന പ്രശ്‌നമല്ലിത്. അപ്പോഴും യഥാര്‍ഥ കമ്പനിയോട് ചെയ്യുന്ന വഞ്ചന നിലനില്‍ക്കും, വ്യാജപകര്‍പ്പ് വിലകൊടുത്ത് വാങ്ങുന്ന വ്യക്തി പ്രസ്തുത വഞ്ചനക്ക് കൂട്ടുനിന്നവനായിത്തീരുകയും ചെയ്യും. 'പാപത്തിലും അതിക്രമത്തിലും പരസ്പരം സഹായികളാകരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്' (അല്‍മാഇദ 2) എന്ന ഖുര്‍ആനിക കല്‍പനക്ക് വിരുദ്ധമാണിതെന്ന് സാരം. ഇത്തരം ഉല്‍പന്നങ്ങള്‍ വിലകൊടുത്തോ അല്ലാതെയോ -സമ്മാനമായി ലഭിക്കുന്നതുപോലെ- ഉപയോഗിക്കുന്ന വ്യക്തി, ഇല്ലാത്ത ധാരണയുണ്ടാക്കി സമൂഹത്തെ കബളിപ്പിക്കുക കൂടിയാണ് ചെയ്യുന്നത്. ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ ഇതുമായി ബന്ധപ്പെട്ട ഒരു ഹദീസ് ഉദ്ധരിക്കുന്നുണ്ട്: ''അസ്മാഅ്(റ) പറയുന്നു: ഒരു സ്ത്രീ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, എനിക്കൊരു സപത്‌നിയുണ്ട്. ഭര്‍ത്താവ് നല്‍കാത്തത് അദ്ദേഹത്തില്‍നിന്ന് ലഭിച്ചതായി എനിക്ക് അവളെ ധരിപ്പിക്കാമോ?' തിരുദൂതര്‍(സ) പറഞ്ഞു: ലഭിക്കാത്തത് കിട്ടിയതായി കാണിക്കുന്നവന്‍ രണ്ട് വ്യാജവസ്ത്രങ്ങള്‍ -തോള്‍വസ്ത്രവും മുണ്ടും- ധരിച്ചവനെപ്പോലെയാണ്.'' 

ചുരുക്കത്തില്‍, അന്താരാഷ്ട്ര വിപണിയില്‍ സ്വീകാര്യമായ കച്ചവട ചിഹ്നങ്ങളും നാമങ്ങളും ഉപയോഗിച്ച് അവയുടെ വ്യാജപകര്‍പ്പുകള്‍ നിര്‍മിക്കുന്നതും, അവയുടെ കച്ചവടത്തിലൂടെ വരുമാനം സമ്പാദിക്കുന്നതും, അവ അറിഞ്ഞുകൊണ്ട് ഉപയോഗിക്കുന്നതും ശര്‍ഇല്‍ കുറ്റകരമാണ്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (15 - 22)
എ.വൈ.ആര്‍

ഹദീസ്‌

വിശ്വാസ വഞ്ചനയുെട പരിണതി
എം.എസ്.എ റസാഖ്‌