നമ്മുെട കുട്ടികെള കഴുേവറ്റുന്നതാരാണ്?
ജിഷ്ണു പ്രണോയ് കൊണ്ടുവന്ന പ്രളയം ലക്ഷ്മി നായരെ കൊണ്ടുപോയിട്ടും സ്വാശ്രയത്തിരയിളക്കം അടങ്ങിയില്ല. സ്വാശ്രയ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ പുതിയ നിയമനിര്‍മാണം കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരിക്കെ, പുതിയതായുണ്ടായ ഭാവനാ ലോകങ്ങളിലേക്ക് ചാനലുകളിലെ അന്തിച്ചര്‍ച്ചാ ക്യാമറകള്‍ തിരിഞ്ഞതിനാല്‍ സംഭവിച്ച ഒരു 'ഷോര്‍ട്ട് കമേഴ്‌സ്യല്‍ ബ്രേക്കി'ലാണ് നാമിപ്പോള്‍. ഇനി അടുത്ത ജിഷ്ണുവോ രജനി ആനന്ദോ സംഭവിക്കുന്നതുവരെ ഈ ഇടവേള നീളാം.
സന്ധ്യാ നേരത്ത് ചാനലുകളില്‍ വന്നിരുന്ന് ആധികാരിക ഭാവത്തില്‍ പ്രതികരിക്കുന്നവരോ, ആങ്കര്‍ കസേരയിലിരുന്ന് വലിയ വായില്‍ ശബ്ദമുണ്ടാക്കുന്നവരോ സൃഷ്ടിക്കുന്ന പൊതുബോധത്തിലിരുന്ന് കാര്യങ്ങളെ കാണാന്‍ നിര്‍ബന്ധിതരാവുന്നവരാണ് നാം. സെന്‍സേഷണലിസവും അതിഭാവുകത്വ പ്രകടനങ്ങളുമൊക്കെയാണ് പലപ്പോഴും സ്റ്റുഡിയോ റൂമുകളെ ഭരിക്കുന്നത്. അതിനാല്‍ നമ്മുടെ ചര്‍ച്ചകള്‍ മിക്കപ്പോഴും ഗുണാത്മക ഫലങ്ങള്‍ സൃഷ്ടിക്കാറില്ല. എന്തൊക്കെയോ ചെയ്‌തെന്ന് വരുത്തി പൗരന്മാരുടെ കണ്ണില്‍ പൊടിയിടാന്‍ ഇത് ഭരണാധികാരികളെ സഹായിക്കുകയും ചെയ്യുന്നു.
പതിനഞ്ചില്‍പരം വര്‍ഷങ്ങള്‍ക്കു മുമ്പ് മലപ്പുറം ജില്ലയിലെ പൂക്കിപ്പറമ്പില്‍ ബസ് തീപിടിച്ചുണ്ടായ ദുരന്തത്തില്‍ കുറേ സ്ത്രീകളും കുട്ടികളും മരിച്ചു. സ്ത്രീ സീറ്റുകള്‍ മുന്‍വശത്തായതാണ് അവര്‍ കൂടുതലായി അപകടത്തില്‍ പെടാന്‍ കാരണമെന്ന് ആരോ പറഞ്ഞപ്പോള്‍ അടുത്ത ദിവസം അത് പിറകിലേക്ക് മാറ്റി ഗവണ്‍മെന്റുത്തരവുണ്ടായി. മുന്നില്‍ കയറാനെത്തിയ മുഴുവന്‍ സ്ത്രീകളെയും കിളി-കണ്ടക്ടര്‍ ദ്വന്ദ്വം പിറകിലേക്കോടിച്ചു. രണ്ട് ദിവസം, കുലുക്കം കൂടിയ പിറകുവശത്തിരുന്ന് വശം കെട്ട വൃദ്ധകളും ഗര്‍ഭിണികളും പരാതി പറഞ്ഞപ്പോള്‍ സീറ്റ് വീണ്ടും മുന്‍വശത്ത്. ആ ഒരാഴ്ച മുന്നിലെയും പിറകിലെയും ബസ് ഡോറുകള്‍ക്കിടയിലോടി നമ്മുടെ സ്ത്രീകള്‍ വശം കെട്ടു എന്നതൊഴിച്ചാല്‍ കണ്ടം ചെയ്യാനായ ബസുകളുടെ സൈ്വരവിഹാരവും മരണപ്പാച്ചിലും അപകടങ്ങളും ഇപ്പോഴും ബാക്കി. ഇപ്രകാരം രജനി ആനന്ദിന്റെ മരണം സ്വാശ്രയ വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങളെ ജനസമക്ഷം കൊണ്ടുവന്ന് പ്രതിഷേധങ്ങളുയര്‍ത്തപ്പെട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ജിഷ്ണു പ്രണോയ് എന്ന മിടുക്കന്‍, മാന്യമായ ജീവിതമാര്‍ഗമേകുമെന്ന് അവന്‍ കരുതിയ പ്രക്രിയയാല്‍ തന്നെ മരണത്തിലേക്ക് തള്ളപ്പെടുന്നു. ആരാണ് നമ്മുടെ മക്കളുടെ പ്രതീക്ഷകള്‍ക്കും സ്വപ്‌നങ്ങള്‍ക്കും ജീവിതത്തിനു തന്നെയും കുരുക്കുകള്‍ തീര്‍ക്കുന്നത് എന്നത് ഇനിയെങ്കിലും ആലോചിച്ചേ പറ്റൂ.
സ്വാശ്രയ വിഷയത്തെ എത്ര ഉപരിപ്ലവമായാണ് കേരളീയ സമൂഹം ചര്‍ച്ച ചെയ്തിരുന്നത് എന്നതിന്റെ തെളിവാണ് ലോ അക്കാദമി എപ്പിസോഡ്. സെല്‍ഫ് ഫിനാന്‍സിംഗ് സ്ഥാപനങ്ങള്‍ തൊണ്ണൂറുകള്‍ക്കു ശേഷം ഉായ പുതിയ കാര്യമായും, ഫിഫ്റ്റി ഫിഫ്റ്റി കൊണ്ടുവന്ന ആന്റണിയുടെ പിടിപ്പുകേടായും നിരന്തരമായി പറഞ്ഞുകൊണ്ടിരുന്ന പ്രബുദ്ധ കേരളത്തിന്റെ ഭരണ സിരാകേന്ദ്രത്തിന് തൊട്ടടുത്ത് അമ്പതോളം കൊല്ലമായി ഒരു സ്വകാര്യ സ്ഥാപനം നാട്ടിലെ നിയമങ്ങളൊന്നുമേ ബാധകമല്ലാത്ത വിധം പ്രവര്‍ത്തിച്ചുവരുന്നു എന്ന് പറയുന്നതിന്റെ അര്‍ഥമെന്താണ്? സ്വാശ്രയ പ്രശ്‌നമെന്ന പേരില്‍ നമ്മുടെ വിദ്യാഭ്യാസ രംഗം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ മര്‍മത്തെ കുറിച്ച ചില സൂചനകള്‍ നല്‍കുന്നുണ്ട്, ലോ അക്കാദമി സംബന്ധിച്ച് നമ്മുടെ പാര്‍ട്ടികളെ ബാധിച്ചിരുന്ന ഈ സെലക്ടീവ് അംനേഷ്യ, സ്മൃതിഭംഗം.
പൊതുസമൂഹത്തിന്റെയും സര്‍ക്കാറിന്റെയും പങ്ക്
സ്വാശ്രയ സ്ഥാപനങ്ങളെ മുഴുവന്‍ സാമൂഹികവിരുദ്ധ സംവിധാനങ്ങളായി കാണുന്ന ഇടത് പൊതുബോധത്തിന് ആഴത്തില്‍ വേരുകളുള്ള മണ്ണാണ് കേരളം. പക്ഷേ, കഴിഞ്ഞ ഇരുപത് വര്‍ഷമായി സ്വാശ്രയ സ്ഥാപനങ്ങളുടെ വേലിയേറ്റമായിരുന്നു നാട്ടില്‍. സംസ്ഥാനത്തെ മൊത്തം എഞ്ചിനീയറിംഗ് സീറ്റുകള്‍ രണ്ടായിരത്തില്‍ പരം മാത്രമായിരുന്ന തൊണ്ണൂറുകളുടെ തുടക്കത്തില്‍, മിടുക്കരായവര്‍ക്ക് പോലും അവസരം കിട്ടുന്നില്ലെന്നും അതിനാല്‍ ഇവിടത്തെ പണം മുഴുവന്‍ അയല്‍ സംസ്ഥാനങ്ങളിലേക്കൊഴുകുന്നുവെന്നും വ്യാപകമായി പ്രചാരമുണ്ടായി. മാധ്യമ പിന്തുണ കൂടി ലഭിച്ച ഈ വാദത്തിന്റെ പിന്‍ബലത്തില്‍ അന്നത്തെ കരുണാകരന്‍ മന്ത്രിസഭയാണ് സ്വാശ്രയ കോളേജുകള്‍ വ്യാപകമാക്കിത്തുടങ്ങുന്നത്. ആദ്യകാലത്ത് ഉണ്ണികൃഷ്ണന്‍ കേസിന്റെ അടിസ്ഥാനത്തില്‍ നിയമവിധേയമായി ചെലവിനാവശ്യമായ പണം പോലും സ്വകാര്യ കോളേജുകള്‍ക്ക് വാങ്ങാന്‍ കഴിയാതിരുന്നതിനാല്‍ തലവരിയും കോഴയുമായിരുന്നു രംഗം ഭരിച്ചിരുന്നത്. എന്നാല്‍ പിന്നീട് പല ഘട്ടങ്ങളിലുണ്ടായ ടി.എം.എ പൈ, ഇസ്‌ലാമിക് അക്കാദമി, പി.എ ഇനാംദാര്‍ കേസുകളിലെ സുപ്രീം കോടതി തീര്‍പ്പുകളെ തുടര്‍ന്ന് ചെലവിനാവശ്യമയ പണം ഫീസിനത്തില്‍ നിയമവിധേയമായിത്തന്നെ പിരിച്ചെടുക്കാവുന്ന അവസ്ഥ കൈവന്നു. ഇതോടൊപ്പം തൊണ്ണൂറുകളുടെ അന്ത്യത്തോടെ സോഫ്റ്റ്‌വെയര്‍ രംഗത്തുണ്ടായ കുതിച്ചുചാട്ടവും കൂടുതല്‍ പേര്‍ സ്വാശ്രയ രംഗത്തിറങ്ങാന്‍ കാരണമായി. 1999, 2000 വര്‍ഷങ്ങളില്‍ ഐ.ടിയുമായി ബന്ധപ്പെട്ട എഞ്ചിനീയറിംഗ് ബ്രാഞ്ചുകളില്‍ സീറ്റുകള്‍ ഇരട്ടിയാക്കിക്കൊടുക്കുന്ന ഉദാര വ്യവസ്ഥ കേന്ദ്ര ഗവണ്‍മെന്റ് കൈക്കൊള്ളുകയും ചെയ്തു.
ഇവ്വിധം വേണ്ടത്ര ആസൂത്രണമില്ലാതെ മറ്റെവിടെയോ ഉണ്ടാകുമെന്ന് കരുതപ്പെട്ട തൊഴിലസരങ്ങള്‍ക്കു വേണ്ടി ഡിസൈന്‍ ചെയ്യപ്പെട്ട വിദ്യാഭ്യാസ മാതൃക എട്ടു നിലയില്‍ പൊട്ടുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. തുടക്കത്തില്‍ സീറ്റുകളുടെ കാര്യത്തിലുണ്ടായ കുറവ് സര്‍ക്കാറിന് മാത്രമായി പരിഹരിക്കാന്‍ കഴിയാതിരുന്നതിനാല്‍ സ്വകാര്യ പങ്കാളിത്തം ആവശ്യമായിരുന്നിരിക്കാം. പക്ഷേ, അത് വന്നു വന്ന് വെള്ളക്കടലാസില്‍ അപേക്ഷ തന്നവനൊക്കെ എന്‍.ഒ.സി എന്ന അവസ്ഥ വന്നതോടെ നമ്മുടെ ചെറുപ്പക്കാരില്‍ നല്ലൊരു പങ്ക് ബലിയാടാക്കപ്പെട്ടു. അപ്പോഴേക്കും നാട്ടിലെ എഞ്ചിനീയറിംഗ് സീറ്റിന്റെ എണ്ണം എഴുപതിനായിരത്തിനടുത്തെത്തിയിരുന്നു. തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകള്‍ വര്‍ഷാവര്‍ഷം കൂടിക്കൂടി വന്നിട്ടും, വീണ്ടും വീണ്ടും കോളേജുകളനുവദിച്ച സര്‍ക്കാറുകള്‍ക്ക് ഇപ്പോഴത്തെ പ്രശ്‌നങ്ങളില്‍നിന്ന് ഒളിച്ചോടാനാവില്ല.
സര്‍ക്കാറും സംവിധാനങ്ങളും മുഖ്യപ്രതി
ആവശ്യമുണ്ടോ എന്ന് പരിഗണിക്കാതെ സ്ഥാപനങ്ങളനുവദിച്ചു എന്നത് മാത്രമല്ല സര്‍ക്കാറിന്റെ തെറ്റ്. സ്വാശ്രയ സ്ഥാപനങ്ങള്‍ കേരളീയ പൊതുജീവിതത്തിന്റെ ഭാഗമായിട്ട് 20 വര്‍ഷം പിന്നിട്ടിട്ടും പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ടിട്ടും ഇതു സംബന്ധിച്ച് ഒരു സോഷ്യല്‍ ഓഡിറ്റിംഗിന് ഇനിയും തയാറാവുന്നില്ല എന്നതാണ് ഗുരുതരമായ പ്രശ്‌നം. എഞ്ചിനീയറിംഗ് കോഴ്‌സിന് ചേരുന്ന കുട്ടികളില്‍ പകുതി പേര്‍ മാത്രമാണ് കോഴ്‌സ് പൂര്‍ത്തീകരിച്ച് എഞ്ചിനീയര്‍മാരായി പുറത്തുവരുന്നത്. ബാക്കിയുള്ളവര്‍ നാലു വര്‍ഷവും ലക്ഷക്കണക്കില്‍ രൂപയും ചെലവഴിച്ച് കോഴ്‌സ് പൂര്‍ത്തിയാക്കാതെ, ഉള്ളില്‍ കയറിയ പ്ലസ്ടുവുമായിത്തന്നെ പുറത്തിറങ്ങി സമൂഹത്തോടും തന്നോടു തന്നെയും ഈര്‍ഷ്യയുള്ള നിസ്സഹായ ജന്മങ്ങളായി ഉഴറുന്നു. കേരള സാങ്കേതിക സര്‍വകലാശാല, ഓരോ വര്‍ഷത്തെയും പ്രമോഷന് നിശ്ചിത ക്രെഡിറ്റുകള്‍ വേണമെന്ന് തീരുമാനിച്ചപ്പോള്‍, പാസാകാതെ പോകുന്ന കുട്ടികളെ വരുമാന മാര്‍ഗമായി മാത്രം കണ്ടിരുന്ന സ്വാശ്രയ മുതലാളിമാര്‍ക്കായിരുന്നു വലിയ വെപ്രാളം. നാട്ടിലെ യുവതയെ ഭാവിയിലേക്കുള്ള മൂലധനമായിക്ക് പരിശീലിപ്പിച്ചെടുക്കേണ്ട സര്‍ക്കാര്‍, എന്തുകൊണ്ടാണ് സ്വാശ്രയ സ്ഥാപനങ്ങളെന്ന പേരില്‍ ചില കെണികളൊരുക്കിവെച്ച് നമ്മുടെ കുട്ടികളെ വഴിയാധാരമാക്കുന്നത്. മാത്‌സിലെയും ഫിസിക്‌സിലെയും സാമാന്യബോധം മുന്നുപാധിയായ എഞ്ചിനീയറിംഗിന്റെ പ്രവേശനത്തിന് പ്ലസ്ടുവിന് രണ്ട് വിഷയത്തിലും 60 മാര്‍ക്ക് നേടിയിരിക്കണമെന്ന വ്യവസ്ഥ കുറവ് വരുത്തി 35 വരെയൊക്കെയെത്തിച്ചതും, മാത്‌സിന് എന്‍ട്രന്‍സിന് മാര്‍ക്കേ വേണ്ടെന്നു വെക്കാന്‍ ശ്രമിച്ചതും സ്വാശ്രയ മുതലാളിക്ക് ആളെയുണ്ടാക്കാന്‍ മാത്രമായിരുന്നു.
സ്വാശ്രയ സ്ഥാപനങ്ങള്‍ ഗവണ്‍മെന്റ് നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്നാണ് വ്യാപക പരാതി. പലതിലും അടിസ്ഥാന സൗകര്യങ്ങളില്ലെന്നതും യോഗ്യരായ ആളുകളല്ല അധ്യാപകരെന്നതും നേരാണ്. പക്ഷേ, എങ്ങനെയാണ് ഇത്തരം പ്രശ്‌നങ്ങളുണ്ടായിരിക്കെ ഈ സ്ഥാപനങ്ങള്‍ക്ക് യൂനിവേഴ്‌സിറ്റി അഫിലിയേഷനും ഓഡിറ്റിംഗില്‍ പോസിറ്റീവ് സര്‍ട്ടിഫിക്കറ്റും കിട്ടുന്നത്? ഗവണ്‍മെന്റ്-എയ്ഡഡ് മേഖലയിലെ അധ്യാപകരാണ് ഓഡിറ്റിംഗിനും ഇന്‍സ്‌പെക്ഷനുമായി കോളേജുകളില്‍ പോകുന്നത് എന്നിരിക്കെ യു.ജി കോഴ്‌സുകള്‍ നടത്താന്‍ പോലും മതിയായ അധ്യാപകരില്ലാത്ത സ്ഥലങ്ങളില്‍ എങ്ങനെയാണ് അര ഡസനിലെങ്കിലും പി.ജി കോളേജുകള്‍ അനുവദിക്കപ്പെടുന്നത്? 'അതുക്കും മേലെ' പറക്കുന്ന സ്വകാര്യ കോളേജുകളുടെ ധാര്‍ഷ്ട്യത്തിനു പിന്നില്‍ നമ്മുടെ യൂനിവേഴ്‌സിറ്റി-സര്‍ക്കാര്‍ സംവിധാനങ്ങളെ ബാധിച്ചിരിക്കുന്ന അഴിമതിയുടെ പിന്തുണയുണ്ടെന്നര്‍ഥം.
പൊതു സമൂഹമെന്ന കൂട്ടു പ്രതി
കേരളീയ സമൂഹത്തില്‍ വേരുറച്ചുപോയ ഡോക്ടര്‍-എഞ്ചിനീയര്‍ സ്റ്റാറ്റസ് ബോധത്തിന്റെയും അതുല്‍പാദിപ്പിക്കുന്ന പൊങ്ങച്ച പ്രകടനങ്ങളുടെയും കൂടി ഇരകളാണ് നമ്മുടെ കുട്ടികള്‍. മാത്‌സിലും ഫിസിക്‌സിലും താല്‍പര്യമില്ലാത്തവരെ എഞ്ചിനീയറിംഗിനും ഈസ്‌തെറ്റിക് സെന്‍സ് തൊട്ടുതീണ്ടാത്തവരെ ആര്‍ക്കിടെക്ചറിനും, ചോര കണ്ടാല്‍ തലകറങ്ങി വീഴുന്നവരെ വൈദ്യത്തിനും പറഞ്ഞുവിടുന്നത് രക്ഷിതാക്കളുടെ മിഥ്യാഭിമാനബോധമാണ്. താല്‍പര്യമില്ലാതെ വന്നുചേര്‍ന്ന് പിന്നീട് രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും പ്രതികരണം ഭയന്ന് എങ്ങനെയോ നാളുകള്‍ തള്ളിനീക്കുന്നു പലരും. ഇവരില്‍ പലരും ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് മാറ്റപ്പെടുന്നു. പ്ലസ്ടു കഴിയുന്ന പ്രായത്തില്‍ ഒരു കുട്ടിക്ക് സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിയില്ലായിരിക്കാം. പക്ഷേ, അതൊരിക്കലും നമ്മുടെ തുമ്പികളെ കൊണ്ട് കല്ലെടുപ്പിക്കുന്നതിനുള്ള ന്യായമായിക്കൂടാ.
സ്വാശ്രയ കോളേജുകളില്‍ വന്നുചേരുന്നവരില്‍ മിക്കവരും സര്‍ക്കാര്‍ മേഖലയില്‍ പ്രവേശനം കിട്ടാതെ സ്വന്തത്തില്‍ തന്നെ വിശ്വാസം നഷ്ടപ്പെട്ടവരാകും (മറ്റു ചില കാരണങ്ങളാല്‍ മികച്ച സ്വാശ്രയ കോളേജുകളെ തെരഞ്ഞെടുക്കുന്ന നല്ല റാങ്കുകാരെ കാണാതിരിക്കുന്നില്ല). പിന്നീട് കോളേജില്‍ ലഭിക്കുന്ന പരിശീലനം ഈ ആത്മവിശ്വാസം തിരിച്ചുപിടിക്കാന്‍ സഹായകമാകണം. എന്നാല്‍ മിക്ക സ്വാശ്രയ സ്ഥാപനങ്ങളിലും ഇത് നടക്കുന്നില്ല. കാരണം റിട്ടയര്‍മെന്റ് കാലം സ്വസ്ഥമായി കഴിയാന്‍ ആഗ്രഹിക്കുന്ന, പുതുതലമുറയുടെ ചിന്താരീതികളെ മനസ്സിലാക്കാന്‍ സാധിക്കാത്ത പ്രായം ചെന്നവരാകും അധ്യാപകരിലൊരു വിഭാഗം. അധ്യാപന-ജീവിത പരിചയങ്ങള്‍ വളരെ കുറഞ്ഞ വിദ്യാര്‍ഥികളുമായി പലപ്പോഴും ഈഗോ ക്ലാഷുകള്‍ക്ക് സാധ്യതയുള്ള ഫ്രഷേഴ്‌സ് ആകും മറ്റൊരു വിഭാഗം. പാഠ്യവിഷയങ്ങളില്‍ വേണ്ടത്ര മിടുക്കരല്ല എന്ന് തങ്ങള്‍ക്ക് തന്നെ ബോധ്യമുള്ള സ്വന്തം മക്കളെ ഞെക്കിപ്പഴുപ്പിച്ചെടുക്കാന്‍ രക്ഷിതാക്കള്‍ പലപ്പോഴും ഇത്തരം അധ്യാപകരെ ഉത്തരവാദപ്പെടുത്തുക കൂടി ചെയ്യുന്നതോടെ കുട്ടികളുടെ പീഡാനുഭവ പര്‍വം പൂര്‍ത്തിയാകുന്നു. വെന്റിലേറ്ററിലൂടെ എത്തിനോക്കുന്ന സിസ്റ്ററിന്റെ ഉണ്ടക്കണ്ണുകള്‍ വേട്ടയാടിയും പഴയ സെന്റ് മേരീസ് പ്രീ ഡിഗ്രിക്കാലത്തെ നൊസ്റ്റാള്‍ജിയയോടെ ഓര്‍ക്കുന്ന മമ്മിമാരും, നാരായണന്‍ കുട്ടി മാഷിന്റെ ചൂരല്‍ പ്രയോഗത്തില്‍ സൈനും കോസും പഠിച്ച അഛന്മാരും, മൊയ്തീന്‍ ഉസ്താദിന്റെ ചോക്ക് കൂട്ടിയുള്ള ചെവി തിരുമ്മല്‍ പേടിച്ച് 'സൂറത്ത്' പഠിച്ച ബാപ്പമാരും ഒന്ന് ചേര്‍ന്ന് മക്കളുടെ മൊബൈല്‍ പിടിച്ചെടുക്കാനും ഒന്നാം പിരിയേഡ് വന്നില്ലെങ്കില്‍ ഉടന്‍ മൊബൈലില്‍ മെസേജ് അയക്കാനും കോറസായി ആവശ്യപ്പെടുന്ന വേദികളാണ് മിക്ക സ്വാശ്രയ കോളേജുകളിലെയും പി.ടി.എ മീറ്റിംഗുകള്‍. വലിയ മതില്‍ക്കെട്ടും, അധികാരികളെ കാണാനുള്ള കാത്തിരിപ്പിന്റെ ദൈര്‍ഘ്യവും മൊബൈല്‍ നിയന്ത്രണത്തിലെ കാര്‍ക്കശ്യവും ഒക്കെയാണ് രക്ഷിതാക്കളെ സംബന്ധിച്ചേടത്തോളം അച്ചടക്കത്തിന്റെ മാനദണ്ഡങ്ങള്‍. ചര്‍ച്ചുകള്‍ക്ക് കീഴിലുള്ള കോളേജുകളുടെ കാര്‍ക്കശ്യങ്ങള്‍ക്ക് നേരത്തേ തന്നെ സാമൂഹികാംഗീകാരമുള്ളതിനാല്‍ അവര്‍ക്ക് വലിയ പ്രശ്‌നം നേരിടേണ്ടിവരാറില്ലെങ്കിലും മറ്റു പലേടങ്ങളിലും ഇത് സംഘര്‍ഷകാരണമാവാറുണ്ട്. അതിനാല്‍ ഇതൊന്നുമറിയാതെയാണ് തങ്ങള്‍ കൊണ്ടുപോയി ചേര്‍ത്തത് എന്ന് രക്ഷിതാക്കള്‍ക്ക് പറയാന്‍ ന്യായമൊന്നുമില്ല.
ചെലവാകാത്ത സീറ്റുകള്‍ ആദായ വിലയ്ക്ക് വില്‍ക്കുന്നതു കണ്ട് സൗകര്യമേതുമില്ലാത്ത സ്ഥാപനങ്ങളില്‍ കുട്ടികളെ ചേര്‍ക്കുന്ന രക്ഷിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹം ചില്ലറയല്ല. 'വേലികെട്ടിക്കൊടുക്കും' പരസ്യമാതൃകയില്‍ പോസ്റ്റുകള്‍ തോറും തൂങ്ങുന്ന പ്രഫഷണല്‍ കോളേജ് പരസ്യങ്ങള്‍ യഥാര്‍ഥത്തില്‍ തൂങ്ങിയാടുന്ന അവരുടെ ഭാവിയുടെ സൂചകങ്ങളാണെന്ന് മനസ്സിലാക്കാം.
സര്‍ക്കാറിന് ഇടപെടാനാവില്ലെന്നോ?
സ്വാശ്രയ കോളേജുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാറുകള്‍ക്കാവില്ലെന്നും അതിനു നേരത്തേ ശ്രമിച്ച എം.എ ബേബിയുടെ ശ്രമങ്ങളെ കോടതി അനുവദിച്ചില്ലെന്നുമൊക്കെയാണ് വിഷയത്തിലെ സര്‍ക്കാര്‍ അനാസ്ഥയെ ചൂണ്ടിക്കാണിക്കുമ്പോള്‍ മറുപടി കിട്ടാറ്. ഈ പ്രസ്താവന വാസ്തവവിരുദ്ധമാണ്. പൂര്‍ണമായും സ്വകാര്യ മേഖലയിലുള്ള സ്വാശ്രയ കോളേജുകളില്‍ പോലും പ്രവേശനവും നടത്തിപ്പും ന്യായയുക്തവും സുതാര്യവും ചൂഷണമുക്തവും ആവണമെന്നും അല്ലാത്തപക്ഷം സര്‍ക്കാറിന് നിയന്ത്രണം ഏറ്റെടുക്കാമെന്നും 2002-ലെ ടി.എം.എ പൈ കേസില്‍ തന്നെ സുപ്രീം കോടതി അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്. 2005-ലെ പി.എ ഇനാംദാര്‍ കേസില്‍ അത് ആവര്‍ത്തിച്ച് ഉദ്ധരിക്കുന്നുമുണ്ട്. സംസ്ഥാനത്താകട്ടെ, കുട്ടികളില്‍നിന്ന് പിരിക്കാവുന്ന ഫീസ് സംബന്ധിച്ച് ഫീസ് റെഗുലേറ്ററി കമ്മിറ്റിയുടെ നിര്‍ദേശങ്ങളും നിയന്ത്രണങ്ങളുമുണ്ട്. എന്നിരിക്കെ എങ്ങനെയാണ് പല കോളേജുകളിലും താടിക്കും മുടിക്കുമൊക്കെ കരമേര്‍പ്പെടുത്തിയതും അക്കൗണ്ട് ചെയ്യാത്ത ഫൈന്‍ പിരിവുകള്‍ നടന്നതും? ഇത് പലപ്പോഴും രക്ഷിതാക്കളുടെ കൂടി മൗനാനുവാദത്തോടെയാണെന്നതാണ് യാഥാര്‍ഥ്യം. റെഗുലേറ്ററി ഏജന്‍സികളുടെയും യൂനിവേഴ്‌സിറ്റികളുടെയും കര്‍ശന നിര്‍ദേശവും പരിശോധനയുമുണ്ടായിട്ടും പി.ടി.എയും പരാതി പരിഹാര ഫോറങ്ങളുമൊന്നുമില്ലാതെ ചില സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് സൈ്വരവിഹാരം നടത്താന്‍ പറ്റിയെങ്കില്‍ അതിന് കാരണം നിയമങ്ങളുടെ അഭാവമല്ല, നടപടിയെടുക്കാനുള്ള ഇഛാശക്തിക്കമ്മിയാണെന്നാണ് മനസ്സിലാക്കേണ്ടത്.
ഇനി ബേബി ശ്രമിച്ചു പരാജയപ്പെട്ട കാര്യം. ന്യൂനപക്ഷാവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന ആര്‍ട്ടിക്ക്ള്‍ 30 ഭരണഘടനയുടെ ആണിക്കല്ലാണെന്നത് തിരിച്ചറിഞ്ഞ് സൂക്ഷ്മതയോടെ മാത്രം നിയമം നിര്‍മിക്കേണ്ടതിനു പകരം ഇടതുബോധത്തിന്റെ ആവേശം മാത്രം അടിസ്ഥാനമാക്കി സ്വാശ്രയ നിയമം നിര്‍മിക്കാന്‍ ശ്രമിച്ചതിനാലാണ് ബേബിക്ക് അമളി പിണഞ്ഞത്. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ ക്രിസ്ത്യന്‍ സ്‌കൂളുകളെ നിയന്ത്രിക്കാന്‍ നടത്തിയ ശ്രമത്തിനെതിരെയുണ്ടായ 1958-ലെ കേരള എജുക്കേഷന്‍ ബില്‍ കേസില്‍, മുപ്പതാം വകുപ്പിന്റെ പ്രാധാന്യം വിശദമായിത്തന്നെ സുപ്രീം കോടതി എടുത്തു പറഞ്ഞ് സ്ഥാപിച്ചിട്ടുള്ളതാണ്. 1957-ല്‍ മുണ്ടശ്ശേരി പരാജയപ്പെട്ടേടത്ത് വേണ്ടത്ര ഹോംവര്‍ക്ക് ചെയ്യാതെ ചുട്ടെടുത്ത നിയമവും കൊണ്ട് ഓടിക്കയറാന്‍ ശ്രമിച്ചതിനാലാണ് 2006-ലെ അച്യുതാനന്ദന്‍ സര്‍ക്കാറിന് കൈപൊള്ളിയത്. പഴുതടച്ച നിയമനിര്‍മാണം ഇനിയും സാധിക്കുമെന്നര്‍ഥം.
വിദ്യാര്‍ഥി സംഘടനകള്‍ പരിഹാരമാകുമോ?
വിദ്യാര്‍ഥികള്‍ക്ക് സംഘടനാ സ്വാതന്ത്ര്യം അനുവദിക്കാത്തതാണ് പ്രശ്‌ന കാരണമെന്നതാണ് മാധ്യമങ്ങള്‍ സൃഷ്ടിച്ച മറ്റൊരു പൊതുബോധം. പല സ്വാശ്രയ കോളേജുകളും വിദ്യാര്‍ഥികളുടെ ന്യായമായ പ്രതികരണങ്ങള്‍ക്കു പോലും ഇടം അനുവദിക്കുന്നില്ലെന്നതും പലപ്പോഴും ഭീഷണിപ്പെടുത്തിയും ഫൈന്‍ ഏര്‍പ്പെടുത്തിയും വരുതിയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെന്നുമുള്ളത് ഒരു യാഥാര്‍ഥ്യമാണ്. ഭാവി പൗരന്മാര്‍ എന്ന നിലയിലും വിദ്യാഭ്യാസ പ്രക്രിയയിലെ പ്രധാന കക്ഷി (ടമേസല വീഹറലൃ) എന്ന നിലയിലും കുട്ടികള്‍ക്ക് ആശയപ്രകാശനത്തിനുള്ള സ്വാതന്ത്ര്യം കിട്ടേണ്ടതുണ്ട്. പക്ഷേ, നമ്മുടെ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം, ഒരു നിര്‍മാണാത്മകമായ പ്രവര്‍ത്തനമാണെന്ന് തെളിയിക്കാന്‍ സംഘടനകള്‍ക്ക് കഴിഞ്ഞില്ലെന്നതു പോകട്ടെ, അവ തീര്‍ത്തും നശീകരണ സ്വഭാവമുള്ളതാണെന്ന തോന്നല്‍ ശക്തിപ്പെടുത്താനാണ് മുന്‍കാലാനുഭവങ്ങള്‍ സമൂഹത്തെ പ്രേരിപ്പിച്ചിട്ടുള്ളത്. ഈ തോന്നലിന്റെ പ്രതിഫലനമായാണ് സോജന്‍ ഫ്രാന്‍സിസ് കേസിലെയും അതിനനുബന്ധമായ നിരവധി കോടതി വിധികളുടെയും ബലത്തില്‍ കാമ്പസ് രാഷ്ട്രീയം നിയന്ത്രിക്കാന്‍ മാനേജ്‌മെന്റുകള്‍ക്ക് കഴിയുന്നത്. വിദ്യാര്‍ഥി രാഷ്ട്രീയമില്ലെങ്കില്‍ മാനേജ്‌മെന്റിന്റെ ഇടിമുറി, അതുണ്ടെങ്കില്‍ യൂനിയന്‍ ഓഫീസെന്ന ഇടിമുറി എന്ന അനുഭവമാണ് നാം കാണുന്നത്. മടപ്പള്ളി കോളേജും യൂനിവേഴ്‌സിറ്റി കോളേജും മാത്രമല്ല, തൃശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജും മറ്റു നിരവധിയെണ്ണവും സ്വാതന്ത്ര്യവും ജനാധിപത്യവും ഉദ്‌ഘോഷിക്കുന്ന കക്ഷി മാത്രം വിളയുന്ന ഏക വിളത്തോട്ടങ്ങളായത് ഇടിമുറി അപാരതയാലാണെന്നത് ആര്‍ക്കും അറിയാത്തതല്ല. ഈ അക്രമ സ്വഭാവത്തില്‍നിന്ന് മാറാന്‍ വിദ്യാര്‍ഥി സംഘടനകള്‍ തയാറാവാത്തേടത്തോളം അവര്‍ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനാവില്ല.
എവിടെയാണ് പിഴച്ചത്?
എന്തായാലും നമ്മുടെ വിദ്യാഭ്യാസ മേഖലയിലെ നടപ്പുകളെയും നടത്തിപ്പുകളെയും സംബന്ധിച്ച ഗൗരവതരമായ ചര്‍ച്ചകള്‍ക്ക് ഇപ്പോഴത്തെ അവസരം നമുക്ക് ഉപകാരപ്പെടേണ്ടതുണ്ട്. കേവലം സ്വാശ്രയ സ്ഥാപനങ്ങളുടെ നടത്തിപ്പിലെ പിടിപ്പുകേടുകളെ കുറിച്ച ചര്‍ച്ചയില്‍ ഒതുങ്ങുന്നതാവരുത് അത്. വിദ്യാഭ്യാസം എന്ന പേരില്‍ നാം നടത്തിക്കൊണ്ടിരിക്കുന്ന ഏര്‍പ്പാടിനൊടുവില്‍ വിദ്യാര്‍ഥി സമൂഹത്തിനും എന്താണ് ലഭിക്കുന്നത് എന്നതാണ് മൗലികമായ ചോദ്യം. എന്താണ് നാലു വര്‍ഷത്തെ എഞ്ചിനീയറിംഗ് പഠനം വഴി ലഭിച്ചതെന്ന ചോദ്യത്തിന്, ഗ്രീക്ക് അക്ഷരമാലയില്‍ ആല്‍ഫ, ബീറ്റ എന്നിവ കൂടാതെ സീറ്റ, സൈ, ലാംഡ തുടങ്ങി വേറെയും അക്ഷരങ്ങളുണ്ടെന്ന് മാത്രം മനസ്സിലായി എന്ന് സരസനായ ഒരു വിദ്യാര്‍ഥി പറഞ്ഞതില്‍ ചിലതൊക്കെ അടങ്ങിയിട്ടുണ്ട്. ജീവിതം നയിക്കാന്‍ വേണ്ട വൈവിധ്യമാര്‍ന്ന നൈപുണികള്‍ (ടസശഹഹ)െ പരിശീലിപ്പിക്കുകയും പരിശോധിക്കുകയും ചെയ്യേണ്ടതിനു പകരം ഓര്‍മ പരിശോധനകള്‍ മാത്രമായി നമ്മുടെ വിദ്യാഭ്യാസ പരീക്ഷാ രീതികള്‍ തുടരുന്നിടത്ത് മിടുക്കരായ കുട്ടികള്‍ തുണ്ടുകലാസുകളുടെ സഹായം തേടും; അവര്‍ ഇനിയും ഇടിമുറികളിലേക്ക് ആനയിക്കപ്പെടും. അപ്പോഴും നമുക്ക് ചാനല്‍ സ്റ്റുഡിയോകളിലിരുന്ന് നാം തന്നെ ഉത്തരവാദിയായ കൊലപാതകങ്ങള്‍ക്ക് മറ്റാരെയൊക്കെയോ കുറ്റപ്പെടുത്തി, ഉത്കണ്ഠയും ആശങ്കയും രേഖപ്പെടുത്തി ചാറ്റ് ഷോകള്‍ പൊടിപൊടിക്കാം.
Comments