പുതിയ ച്രകവാളങ്ങള്‍ തുറന്ന ദോഹാ ഹദീസ് സേമ്മളനം
ഇക്കഴിഞ്ഞ ജനുവരി 26, 27 തീയതികളില്‍ ദോഹയിലെ ഖത്തര്‍ ചാരിറ്റി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഹദീസ് സമ്മേളനം അവിസ്മരണീയമായി. പ്രഗത്ഭരായ പ്രഭാഷകര്‍, ഉള്‍ക്കനമുള്ള പ്രബന്ധങ്ങള്‍, സമയനിഷ്ഠ പാലിച്ചുള്ള മികവുറ്റ സംഘാടനം, ശ്രോതാക്കളുടെ കഴമ്പുള്ള നിരീക്ഷണങ്ങള്‍.... ഇങ്ങനെ ചേരുവയൊത്ത അഞ്ച് സെഷനുകള്‍ അക്ഷരാര്‍ഥത്തില്‍ ധന്യമായിരുന്നു.
അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിതസഭാ സെക്രട്ടറി ജനറല്‍ ഡോ. അലി മുഹ്‌യിദ്ദീന്‍ ഖറദാഗിയുടെ സാന്നിധ്യം സമ്മേളനത്തിന് തിളക്കമേറ്റി. അദ്ദേഹത്തിന്റെ ഹ്രസ്വ പ്രഭാഷണം ഹദീസിന്റെ പ്രാമാണികതയില്‍ ഊന്നിക്കൊണ്ടുള്ളതായിരുന്നു. ഹദീസ് സംരക്ഷണത്തില്‍ പൂര്‍വസൂരികളും ആധുനിക നവോത്ഥാന ശില്‍പ്പികളായ ശഹീദ് ഹസനുല്‍ ബന്നാ, സയ്യിദ് മൗദൂദി, ഡോ. മുസ്ത്വഫസ്സിബാഈ തുടങ്ങിയവരും നല്‍കിയ സംഭാവനകളും അദ്ദേഹം എടുത്തുപറഞ്ഞു.
സമ്മേളനത്തിന്റെ ശ്രദ്ധാകേന്ദ്രം ഉദ്ഘാടകനായ ഡോ. ഹംസ അബ്ദുല്ല അല്‍ മലൈബാരിയായിരുന്നു. ലോകത്തിന് കേരളം സംഭാവന ചെയ്ത അപൂര്‍വ പ്രതിഭാശാലികളിലൊരാളായ അദ്ദേഹം ഹദീസ് നിദാനശാസ്ത്രത്തില്‍ അഗാധജ്ഞാനമുള്ള പണ്ഡിതനാണ്. ഇന്റര്‍നാഷ്‌നല്‍ ഹദീസ് സെമിനാറിന്റെ ജനറല്‍ സെക്രട്ടറിയും ദുബൈ കോളേജ് ഓഫ് ഇസ്‌ലാം അറബ് സ്റ്റഡീസില്‍ പ്രഫസറുമായ ഡോ. ഹംസ അബ്ദുല്ല ഹദീസ് പഠിക്കേണ്ടത് മൂന്നു കണ്ണികള്‍ ചേര്‍ന്ന സമഗ്ര പ്രക്രിയയിലൂടെയാണെന്നു ഉദാഹരണ സഹിതം വിവരിച്ചു. ഒരു വിഷയത്തില്‍ ഉദ്ധരിക്കപ്പെട്ട മുഴുവന്‍ ഹദീസുകളുടെയും സമാഹരണം (ജംഅ്), ആ ഹദീസുകളെ പരസ്പരം താരതമ്യം ചെയ്യല്‍ (മുഖാറനഃ), കൂട്ടത്തില്‍ അതിപ്രബലം, പ്രബലം, ദുര്‍ബലം എന്നിങ്ങനെ വകതിരിച്ച് മതവിധി രൂപപ്പെടുത്തല്‍ (മുആലജഃ) എന്നിവയാണ് ആ കണ്ണികള്‍. ഡോ. ഹംസയുടെ പ്രഭാഷണം ശ്രവിച്ചവരെല്ലാം പ്രസ്തുത പദത്രയം ഓര്‍ത്തുവെക്കുമെന്നുറപ്പ്. മനസ്സില്‍ തട്ടുംവിധം തന്റെ അധ്യാപനസിദ്ധിയുടെ സങ്കേതങ്ങള്‍ ഉദാരമായി ഉപയോഗിച്ചാണ് അദ്ദേഹം ക്ലാസ്സെടുത്തത്.
'ഹദീസ്പഠനത്തിനൊരു ആമുഖം' എന്ന ശീര്‍ഷകത്തില്‍ പ്രഭാഷണം നിര്‍വഹിച്ച ഡോ. ബഹാഉദ്ദീന്‍ ഹുദവി ഹദീസ്പഠനത്തിലേക്കുള്ള കവാടം വിശദമായി പരിചയപ്പെടുത്തി. നിവേദകരെയും പാഠഭാഗത്തെയും കേന്ദ്രീകരിച്ച് വികസിച്ച ഹദീസ് നിദാനശാസ്ത്രമെന്ന വിജ്ഞാനശാഖയുടെ പൊരുളും വൈപുല്യവും വിശദീകരിച്ച ഹുദവി ജ്ഞാനഹീനരായി ഹദീസുകളെ നിഷേധിക്കുന്നതും അല്‍പ്പജ്ഞാനികള്‍ അതിജ്ഞാനികളായി ഭാവിച്ച് മുഫ്തിമാരായി മാറുന്നതുമായ ആത്യന്തിക പ്രവണതകള്‍ നിരുത്സാഹപ്പെടുത്തപ്പെടേണ്ടതാണെന്നു സമര്‍ഥിച്ചു.
സമ്മേളന സംഘാടകരായ റിസര്‍ച്ച് ഡെവലപ്‌മെന്റ് ഗ്രൂപ്പ് പ്രസിദ്ധീകരണമാരംഭിച്ച 'അവഗാഹനം' മാഗസിന്റെ പ്രഥമ ലക്കം ഡോ. അലി മുഹ്‌യിദ്ദീന്‍ ഖറദാഗി മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഖുര്‍ആന്‍ റിസര്‍ച്ച് അനാലിസിസ് എക്‌സിക്യൂട്ടീവ് സെക്രട്ടറി പെരുമയില്‍ മുഹമ്മദിനു നല്‍കി പ്രകാശനം ചെയ്തു. ചീഫ് എഡിറ്റര്‍ ഹുസൈന്‍ കടന്നമണ്ണ മാഗസിന്‍ പരിചയപ്പെടുത്തി.
ഖത്തര്‍ ചാരിറ്റി പ്രതിനിധി ഫരീദ് സിദ്ദീഖി സമ്മേളനത്തിന് ആശംസകളര്‍പ്പിക്കുകയും അതിഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്തു.
നാലു സെഷനുകളായി നടന്ന രണ്ടാം ദിവസം സമ്മേളനത്തില്‍ കാടേരി മുഹമ്മദ് മൗലവി, ഹദീസ് വിജ്ഞാനീയത്തിലെ സാങ്കേതിക പദങ്ങളെ പരിചയപ്പെടുത്തി ആദ്യസെഷനില്‍ പ്രബന്ധം അവതരിപ്പിച്ചു. എം.എസ്.എ റസാഖ് അധ്യക്ഷത വഹിച്ചു. പ്രബന്ധത്തെ ആസ്പദമാക്കി നടന്ന ചര്‍ച്ച വിഷയത്തിന്റെ പുതിയ മേഖലകള്‍ തുറക്കുന്നതായിരുന്നു. സാങ്കേതിക പദങ്ങളുടെ ആധുനികമായ ആവിഷ്‌കാരങ്ങളും നവീന സാങ്കേതിക പദങ്ങളുടെ നിര്‍മിതിയും ആധുനികരായ ഹദീസ് പണ്ഡിതന്മാര്‍ ഹദീസുകളുടെ ശക്തിദൗര്‍ബല്യങ്ങള്‍ പരിശോധിക്കുന്നതിനായി ആവിഷ്‌കരിച്ച നവീന സങ്കേതങ്ങളും വിഷയീഭവിച്ചു. ജംശീദ് ഇബ്‌റാഹീം ചര്‍ച്ചക്കു നേതൃത്വം നല്‍കി.
എം.വി. മുഹമ്മദ് സലീം മൗലവിയുടെ 'ഹദീസ് നിഷേധചരിത്രം' എന്ന ശീര്‍ഷകത്തിലുള്ള പ്രബന്ധാവതരണവും അനുബന്ധ ചര്‍ച്ചയുമായിരുന്നു രണ്ടാം സെഷനില്‍. പ്രവാചകചര്യയെ തമസ്‌കരിക്കുന്നതിനും വക്രീകരിക്കുന്നതിനും പ്രതിയോഗികള്‍ സ്വീകരിച്ച ഉപായങ്ങളും അവര്‍ക്കു അനുകൂല സാഹചര്യങ്ങളൊരുക്കിക്കൊടുത്ത സമുദായത്തിലെ ചില വിഭാഗങ്ങളുടെ അബദ്ധവിചാരങ്ങളും നടപടികളും അദ്ദേഹം അക്കമിട്ടു നിരത്തി. ഹദീസുകളുടെ അബദ്ധവായനയും അപക്വവായനയും സൃഷ്ടിക്കുന്ന അനര്‍ഥങ്ങള്‍ അനാവരണം ചെയ്തുകൊണ്ടുള്ളതായിരുന്നു ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ മദനിയുടെ അധ്യക്ഷപ്രസംഗം. ഇ.എന്‍. അബ്ദുല്‍ഗഫാറിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച വിഷയ വൃത്തം വിപുലീകരിച്ചു. കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ വസ്തുനിഷ്ഠ വിമര്‍ശമുന്നയിക്കുന്ന ആത്മാര്‍ഥതയുറ്റ ഇസ്‌ലാം സ്‌നേഹികളെയും ഇസ്‌ലാമിന്റെ തകര്‍ച്ച കൊതിക്കുന്ന കപടന്മാരെയും, ഗൂഢോദ്ദേശ്യത്തോടെ കുടില തന്ത്രങ്ങള്‍ മെനയുന്ന പ്രതിയോഗികളെയും വേര്‍തിരിച്ച് മനസ്സിലാക്കിയാവണം ഹദീസ് നിഷേധചരിത്രം അവതരിപ്പിക്കപ്പെടേണ്ടതെന്ന പൊതുവികാരം ചര്‍ച്ചയില്‍ പ്രതിഫലിച്ചു.
സജീവമായ പ്രതികരണങ്ങള്‍ മുഴങ്ങിയ സെഷനായിരുന്നു മൂന്നാമത്തേത്. 'ഹദീസിന്റെ അതിവായനയും സര്‍ഗാത്മക വ്യാഖ്യാനവും' എന്നതായിരുന്നു ശീര്‍ഷകം. പ്രബന്ധമവതരിപ്പിച്ച കെ. അബ്ദുല്ല ഹസന്‍ അതിവായനയേക്കാള്‍ കൈവെച്ചത് അബദ്ധവായനയിലാണ്. മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ അഭിപ്രായാന്തരമുള്ള സ്ത്രീ പള്ളിപ്രവേശം, സകാത്തിനങ്ങളുടെ വൈപുല്യം, അനുഷ്ഠാനങ്ങള്‍ക്ക് ദുര്‍ബല ഹദീസുകളെ ആധാരമാക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ഹദീസുകളുടെ അബദ്ധവായനക്കു തെളിവായി ഉദ്ധരിച്ചതാണ്ചൂടേറിയ പ്രതികരണങ്ങള്‍ക്ക് നിമിത്തമായത്. അധ്യക്ഷത വഹിച്ച ഇസ്മാഈല്‍ ഹുദവി ഹദീസുകളുടെ അതിവായന വരുത്തുന്ന വിനകള്‍ ഹ്രസ്വമായി വിവരിച്ചതോടെ വിഷയാവതരണത്തിന് സമഗ്രത കൈവന്നു. ചര്‍ച്ചക്ക് തുടക്കം കുറിച്ച എന്‍. അബ്ദുല്ലതീഫ് പന്തലിങ്ങല്‍ വിവരമില്ലാത്തവര്‍ ഹദീസ്‌മേഖലയിലേക്ക് പ്രവേശിച്ചതാണ് അതിവായനക്കിടയാക്കുന്നതെന്നും മഖാസ്വിദുശ്ശരീഅയുടെയും മഖാസ്വിദുല്‍ ഫിഖ്ഹിന്റെയും വെളിച്ചത്തില്‍ ഹദീസുകളുടെ മര്‍മം പ്രകാശിപ്പിക്കാന്‍ തുനിയാത്തതാണ് സര്‍ഗാത്മക വ്യാഖ്യാനശ്രമങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതെന്നും പറഞ്ഞു.
സമാപന സെഷനിലെ ഖാസിമി അമ്മിനിക്കാടിന്റെ 'ഹദീസ് സംരക്ഷണം' എന്ന തലക്കെട്ടിലുള്ള വിഷയാവതരണവും ഡോ. ഹംസ അബ്ദുല്ല അല്‍ മലൈബാരിയുടെ സമാപന പ്രസംഗവും ഹദീസ് സമ്മേളനത്തിന് മാറ്റുകൂട്ടി. ഇമാം ശാഫിഈ ഉള്‍പ്പെടെയുള്ള പൂര്‍വസൂരികള്‍ ഹദീസ് സംരക്ഷണവഴിയില്‍ അനുഷ്ഠിച്ച ത്യാഗങ്ങളും അര്‍പ്പിച്ച സേവനങ്ങളും ഖാസിമി വിശദീകരിച്ചു. ആധുനിക ഇസ്‌ലാമിക സമൂഹത്തിന് ഹദീസ് സംരക്ഷണം യഥാവിധി സാധ്യമാവണമെങ്കില്‍ അബദ്ധവായനയും അതിവായനയും പതിവാക്കിയവരെ അഭിമുഖീകരിക്കുന്ന സാംസ്‌കാരിക പോര്‍മുഖങ്ങള്‍ തുറക്കേണ്ടിവരുമെന്ന് അധ്യക്ഷത വഹിച്ച സംഘാടക സമിതി വൈസ് ചെയര്‍മാന്‍ ഹുസൈന്‍ കടന്നമണ്ണ പറഞ്ഞു. ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഹബീബുര്‍റഹ്മാന്‍ കിഴിശ്ശേരി സമാപന സെഷനില്‍ ആശംസയര്‍പ്പിച്ചു.
ഒന്നര ദിവസം നീണ്ടുനിന്ന ഹദീസ് സമ്മേളനത്തെ വിലയിരുത്തിയ ഡോ. ഹംസ മലൈബാരി മലയാളപ്രവാസ വീഥിയിലെ ശ്രദ്ധേയ സംരംഭമായി അതിനെ വിശേഷിപ്പിച്ചു. ഇന്ന് ഹദീസുള്‍പ്പെടെയുള്ള ഇസ്‌ലാമിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പുതു തലമുറയുടെ ജ്ഞാനക്കുറവും അപക്വതയും എല്ലാവരും ചേര്‍ന്ന് അഭിമുഖീകരിക്കേണ്ട വെല്ലുവിളികളാണെന്നു പറഞ്ഞ അദ്ദേഹം, ഇതുപോലുള്ള സമ്മേളനങ്ങളും ഇസ്‌ലാമിക സമൂഹത്തിന്റെ ഐക്യവും കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കൂട്ടിച്ചേര്‍ത്തു.
ദോഹാ ഹദീസ് സമ്മേളനത്തിന്റെ സവിശേഷതകളിലൊന്ന്, എല്ലാ മുസ്‌ലിം സംഘടനകളുടെയും പ്രതിനിധിസംഗമം കൂടിയായിരുന്നു അത് എന്നതാണ്. ഹംസ മലൈബാരിയുടെ പ്രാര്‍ഥനയോടെ ജ്ഞാനസംഗമത്തിന് സമാപനം.
Comments