Prabodhanm Weekly

Pages

Search

2017 മാര്‍ച്ച് 17

2993

1438 ജമാദുല്‍ ആഖിര്‍ 18

ഫാഷിസത്തിെന്റ കാമ്പസ് പരീക്ഷണങ്ങള്‍

ഹസനുല്‍ ബന്ന

രാജ്യത്തെ രണ്ട് പ്രധാന ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളായ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല(ജെ.എന്‍.യു)യിലെയും ദല്‍ഹി സര്‍വകലാശാലയിലെയും വിദ്യാര്‍ഥി രാഷ്ട്രീയം വിരുദ്ധ ധ്രുവങ്ങളിലാണ്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വിളനിലമാണ് ജെ.എന്‍.യു എങ്കില്‍ ദല്‍ഹി സര്‍വകലാശാലയില്‍ കാര്യങ്ങള്‍ നേരെ തിരിച്ചാണ്. എ.ബി.വി.പിയും എന്‍.എസ്.യു.ഐയും തമ്മിലാണ് പ്രധാന പോരാട്ടം. ഇവിടെ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ ശക്തിയേയല്ല. എസ്.എഫ്.ഐയും ഐസയുമെല്ലാം പേരിനു മത്സരിക്കുമെങ്കിലും വിരലിലെണ്ണാവുന്ന വോട്ടുകള്‍ മാത്രമാണ് ലഭിക്കുന്നത്. ദല്‍ഹി സര്‍വകലാശാലാ കാമ്പസില്‍ എ.ബി.വി.പിയുടെയും എന്‍.എസ്.യു.ഐയുടെയും ശക്തി പ്രകടിപ്പിക്കുന്നത് അവരുടെ നേതാക്കളല്ല; ഇവരുടെ മാതൃസംഘടനകളായ ആര്‍.എസ്.എസിന്റെയും കോണ്‍ഗ്രസിന്റെയും കാമ്പസിന് പുറത്തുള്ള മുതിര്‍ന്ന നേതാക്കളാണ്. ജെ.എന്‍.യുവിലെയും ഡി.യുവിലെയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനപരമായ ഒരു വ്യത്യാസവുമിതാണ്.

ദല്‍ഹി സര്‍വകലാശാലയില്‍ നേരിട്ടിടപെടുന്നതുപോലെ, പരസ്യമായി പുറത്തുനിന്നുള്ളവരുടെ ഇടപെടലും നിയന്ത്രണവും ജെ.എന്‍.യുവില്‍ സാധ്യമല്ല. കേന്ദ്ര ഭരണത്തിന്റെ മറവില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ജെ.എന്‍.യു കാമ്പസിലെ സംഘടനാ പ്രവര്‍ത്തനം ഈ തരത്തില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചുനോക്കിയിട്ടും വിജയിച്ചിട്ടില്ല. ജെ.എന്‍.യുവില്‍ എ.ബി.വി.പി നീക്കങ്ങള്‍ വിജയം കാണാതിരിക്കുന്ന ഘട്ടത്തിലാണ് എ.ബി.വി.പിയും എന്‍.എസ്.യുവും തമ്മില്‍ ബലാബലത്തിലുള്ള ദല്‍ഹി സര്‍വകലാശാലയില്‍ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ കടന്നുകയറാന്‍ നോക്കുന്നത്. ഈ ശ്രമങ്ങളെ കൈയൂക്കും അധികാരവും ഉപയോഗിച്ച് മുളയിലേ നുള്ളിക്കളയുമെന്ന പ്രഖ്യാപനമാണ് രാംജാസ് ആക്രമണം. അതുകൊണ്ടാണ് 'ദല്‍ഹി സര്‍വകലാശാലയെ ജെ.എന്‍.യു ആക്കാന്‍ സമ്മതിക്കില്ല' എന്ന് ആര്‍.എസ്.എസിന്റെ പോഷക സംഘടനയായ അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്ത് കഴിഞ്ഞ രണ്ടാഴ്ചയായി പറഞ്ഞുകൊണ്ടിരിക്കുന്നതും കേവലം രാംജാസ് കോളേജില്‍ ഒതുക്കാതെ സംഘര്‍ഷം നോര്‍ത്ത് കാമ്പസിലാകെ പടര്‍ത്തിയതും.

സംഘ് പരിവാറിന്റെ രണ്ടാം വരവ്

ദല്‍ഹി സര്‍വകലാശാലയില്‍ വിദ്യാര്‍ഥി സംഘടനകളുടെ വിജയം പലപ്പോഴും പണത്തെ കൂടി ആശ്രയിച്ചാണിരിക്കുന്നത്. ലിംഗ്‌ദോ കമ്മിറ്റിയുടെ മാര്‍ഗനിര്‍ദേശമനുസരിച്ച് 5000 രൂപയാണ് ഒരു യൂനിയന്‍ സ്ഥാനാര്‍ഥിക്ക് പ്രചാരണത്തിന് ചെലവഴിക്കാന്‍ കഴിയുക. എന്നാല്‍ ദല്‍ഹി സര്‍വകലാശാലയില്‍ ഇതൊന്നിനും തികയില്ല.  വേണ്ടുവോളം തിന്നാനും കുടിക്കാനുമുള്ള പാര്‍ട്ടികള്‍, വാട്ടര്‍ തീം പാര്‍ക്കുകളിലേക്കുള്ള യാത്രകള്‍, സിനിമക്കുള്ള ടിക്കറ്റുകള്‍ എന്നിവയൊക്കെയാണ് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള വഴികള്‍. ഏറ്റവും കൂടുതല്‍ കോര്‍പറേറ്റുകളും വ്യവസായികളും തുണയായുള്ള എ.ബി.വി.പിക്ക് തന്നെയാണ് ഈ നിലക്ക് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയുക. ജാതി രാഷ്ട്രീയമാണ് മറ്റൊരു ഘടകം. ജാട്ടുകളും ഗുജ്ജറുകളും തമ്മിലുള്ള മത്സരമായിട്ടാണ് എ.ബി.വി.പി -എന്‍.എസ്.യു.ഐ മത്സരം പലപ്പോഴും മാറുന്നത്.  ജാട്ടാണോ ഗുജ്ജറാണോ എന്ന് നോക്കിയായിരിക്കും അപ്പോള്‍ വോട്ടിടുക.
2013-ലാണ് കൈവിട്ടുപോയ ദല്‍ഹി സര്‍വകലാശാലയില്‍ എ.ബി.വി.പി ഒരു തിരിച്ചുവരവ് നടത്തുന്നത്. ദല്‍ഹി യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂനിയന്റെ (ഡി.യു.എസ്.യു) നാല് ജനറല്‍ സീറ്റുകളില്‍ മൂന്നും ആ വര്‍ഷം എ.ബി.വി.പി നേടി. തൊട്ടടുത്ത വര്‍ഷം നാല് ജനറല്‍ സീറ്റുകളും എ.ബി.വി.പിക്കായിരുന്നു. 18 വര്‍ഷത്തിനു ശേഷം എ.ബി.വി.പിയുടെ പൂര്‍ണാര്‍ഥത്തിലുള്ള തിരിച്ചുവരവായി അത് മാറി. 2014-ലെ ഈ ജയം 2015-ലും സംഘടന ആവര്‍ത്തിച്ചു. എന്നാല്‍ 2016-ലെ ശക്തമായ മത്സരത്തില്‍ ഒരു ജനറല്‍ സീറ്റ് എ.ബി.വി.പിയില്‍നിന്ന് കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗമായ നാഷ്‌നല്‍ സ്റ്റുഡന്റ്‌സ് യൂനിയന്‍ (എന്‍.എസ്.യു.ഐ) പിടിച്ചെടുത്തു. ഒരു ജനറല്‍ സീറ്റ് പിടിച്ചെടുക്കുന്നതിലൊതുങ്ങിനിന്നില്ല കോണ്‍ഗ്രസിന്റെ കടന്നുകയറ്റം. ഡി.യു.എസ്.യു തെരഞ്ഞെടുപ്പിനു പുറമെ വിവിധ കോളേജുകളിലേക്ക് വേറിട്ട് നടത്തുന്ന യൂനിയന്‍ തെരഞ്ഞെടുപ്പുകളില്‍ പലതിലും കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗം നിര്‍ണായക ശക്തിയാണ്. ഇത്തരം തെരഞ്ഞെടുപ്പുകളില്‍ വിദ്യാര്‍ഥി സംഘടനകളുടെ പേരു വെച്ച് മത്സരിക്കാന്‍ നിയമപരമായി പാടില്ലെങ്കിലും സ്ഥാനാര്‍ഥികളെ പാര്‍ട്ടികള്‍ പിന്തുണക്കും. ആ കണക്ക് പരിശോധിച്ചാല്‍ ദല്‍ഹി സര്‍വകലാശാലക്കു കീഴിലുള്ള കോളേജുകളിലെ വിദ്യാര്‍ഥി യൂനിയന്‍ പാനലിലുള്ളവരുടെ എണ്ണമെടുത്താല്‍ എന്‍.എസ്.യു.ഐയേക്കാള്‍ എ.ബി.വി.പി വളരെ പിറകിലാണെന്ന് പലര്‍ക്കുമറിയില്ല. രാംജാസ്, ഭാഗിനി നിവേദിത, പി.ജി.ഡി.എ.വി, ശ്രീ വെങ്കിടേശ്വര, ശ്യാംലാല്‍ ഈവനിംഗ്, ശ്രീ അരബിന്ദോ, ദേശ്ബന്ധു കോളേജുകളിലെ പ്രധാന യൂനിയന്‍ പദവികള്‍ മാത്രമാണ് എ.ബി.വി.പിയുടെ പക്കല്‍. മറുഭാഗത്ത് മിരാന്‍ഡ ഹൗസ്, ഹിന്ദു, ഹന്‍സരാജ്, ശ്രീരാം, കിരോരി മാല്‍, എസ്.ജി.ടി.ബി ഖല്‍സ, ആത്മാറാം സനാതന്‍ ധരം, മോത്തിലാല്‍ നെഹ്‌റു, ആര്യഭട്ട, ദയാത്സിംഗ്, രാമാനുജന്‍, ശഹീദ് ഭഗത് സിംഗ്, ശിവജി, ശ്യാം പ്രസാദ് മുഖര്‍ജി, സ്വാമി ശ്രദ്ധാനന്ദ,  ലക്ഷ്മിഭായ്, സാകിര്‍ ഹുസൈന്‍, ശ്യാംലാല്‍ മോര്‍ണിംഗ് കോളേജുകളിലെല്ലം പ്രധാന സ്ഥാനങ്ങള്‍ എന്‍.എസ്.യു.ഐക്കാണ്. എന്നിട്ടും ദല്‍ഹി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ദല്‍ഹി സര്‍വകലാശാലയിലെ ഒന്നര ലക്ഷത്തോളം വിദ്യാര്‍ഥികളെ മൊത്തമായി പ്രതിനിധാനം ചെയ്യുന്നത് തങ്ങളാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ എ.ബി.വി.പിക്ക് കഴിയുന്നുണ്ട്.
കോണ്‍ഗ്രസിന്റെ സംഘടനാ ദൗര്‍ബല്യങ്ങള്‍ തന്നെയാണ് എന്‍.എസ്.യു.ഐക്ക്. ദല്‍ഹി സര്‍വകലാശാലയില്‍ എന്‍.എസ്.യു.ഐ കത്തിജ്ജ്വലിച്ചുനില്‍ക്കുന്ന ഒരു കാലമുണ്ടായിരുന്നു. ജഗദീഷ് ടൈറ്റ്‌ലര്‍, സജ്ജന്‍ കുമാര്‍, എച്ച്.കെ.എല്‍ ഭഗത് തുടങ്ങിയ അക്കാലത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കായിരുന്നു യൂനിയന്‍ തെരഞ്ഞെടുപ്പിന്റെ ടിക്കറ്റ് വിതരണത്തിന്റെ ചുമതല.  തെരഞ്ഞെടുപ്പ് മാത്രമല്ല, കാമ്പസിലെ മുഴുവന്‍ പരിപാടികളും അവരുടെ മേല്‍നോട്ടത്തിലായിരുന്നു നടന്നത്. അവര്‍ക്കു ശേഷം അജയ് മാക്കനും അരവീന്ദര്‍ സിംഗ് ലവ്‌ലിക്കുമാണ് ദല്‍ഹി യൂനിവേഴ്‌സിറ്റിയിലെ പ്രവര്‍ത്തന ചുമതല ലഭിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മറ്റു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ആലോചിച്ച് ആറേഴു വര്‍ഷം മുമ്പ് തുടര്‍ന്നുവരുന്ന ഈ രീതിയില്‍ ഒരു മാറ്റത്തിനുള്ള ശ്രമം നടത്തി. ഏറെ രാഷ്ട്രീയ ഭിക്ഷാംദേഹികള്‍ കാമ്പസിലും കോണ്‍ഗ്രസിനെ ചുറ്റി നടക്കുന്ന യു.പി.എ സര്‍ക്കാറിന്റെ ഭരണകാലമായിരുന്നു അത്. കാമ്പസിലെ ചര്‍ച്ചകളെ മാറ്റുന്ന തരത്തില്‍ അക്കാദമിക താല്‍പര്യമുള്ള വിദ്യാര്‍ഥി നേതാക്കളെ മുന്നില്‍ നിര്‍ത്തി മത്സരിപ്പിച്ച് പുതുതലമുറ കോണ്‍ഗ്രസിനോടുള്ള മനോഭാവത്തില്‍ മാറ്റം വരുത്തുകയായിരുന്നു ഈ നീക്കത്തിന്റെ ലക്ഷ്യം. ഇതിനായി അവര്‍ ചില സ്ഥാനാര്‍ഥികളെ ഇറക്കുമതി ചെയ്തു തുടങ്ങി. ദല്‍ഹി സര്‍വകലാശാലയില്‍ എന്‍.എസ്.യു.ഐയുടെ സ്വാധീനമിടിഞ്ഞുതുടങ്ങുന്നതാണ് പിന്നീട് കണ്ടത്. എ.ബി.വി.പി തിരിച്ചുവരവിന് കഠിന പരിശ്രമം നടത്തുന്ന സമയമായിരുന്നു ഇത്.

സ്വയം സമര്‍പ്പിതരായ ആജീവനാന്ത അംഗങ്ങള്‍

ദല്‍ഹി സര്‍വകലാശാലയില്‍ ആര്‍.എസ്.എസ് മേല്‍നോട്ടത്തിന്റെ കെട്ടുറപ്പ് കാണാന്‍ നോര്‍ത്ത് കാമ്പസിലെത്തണം. അവിടെ പട്ടേല്‍ ചെസ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടിനടുത്തുള്ള ഓഫീസിലാണ് വിദ്യാര്‍ഥികളല്ലാത്ത എ.ബി.വി.പിയുടെ ആജീവനാന്ത അംഗങ്ങള്‍ കൂട്ടും കുടുംബവുമുപേക്ഷിച്ച് കഴിയുന്നത്. പുറമെ നിന്നുള്ളവര്‍ക്ക് കാമ്പസിനകത്തെ സ്പന്ദനമറിയാന്‍ ഈ ഓഫീസില്‍ രാപ്പാര്‍ത്താല്‍ മതി. ദല്‍ഹി സര്‍വകലാശാലയിലെ തങ്ങളുടേ മുന്നേറ്റത്തിന് പിന്നിലുള്ള യഥാര്‍ഥ ശക്തി ആര്‍.എസ്.എസുകാരായ എ.ബി.വി.പിയുടെ ഈ ആജീവനാന്ത അംഗങ്ങളാണെന്ന് വിദ്യാര്‍ഥി നേതാക്കള്‍ തന്നെ അംഗീകരിക്കുന്നുണ്ട്. എല്ലാ മാര്‍ഗനിര്‍ദേശവും തങ്ങള്‍ക്ക് ലഭിച്ചത് ഈ മുതിര്‍ന്ന അംഗങ്ങളില്‍നിന്നാണെന്ന് സംഘര്‍ഷത്തിനിടയാക്കിയ സമരത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന ദല്‍ഹി സര്‍വകലാശാലാ സ്റ്റുഡന്റ്‌സ് യൂനിയന്‍ വൈസ് പ്രസിഡന്റ് പ്രിയങ്ക ചൗധരി തുറന്നു പറഞ്ഞിട്ടുണ്ട്. എ.ബി.വി.പിയുടെ നാഷ്‌നല്‍ മീഡിയാ കണ്‍വീനര്‍ കൂടിയായ ആജീവനാന്ത അംഗം തിരശ്ശീലക്കു പിന്നിലുള്ള തന്റെ സഹപ്രവര്‍ത്തകരെ കുറിച്ച് പറയുന്നത് കേള്‍ക്കുക: ''ഇവര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് വിദ്യാര്‍ഥികളുമായി ബന്ധപ്പെടുന്ന ഉത്തരവാദിത്തമാണ് ഞങ്ങള്‍ക്ക്. എല്ലാ കോളേജ് കാമ്പസുകളിലും ഞങ്ങള്‍ ചെന്ന് സാന്നിധ്യമറിയിക്കുകയും ചെയ്യും. കാമ്പസുകളില്‍ ഞങ്ങള്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളും ആജീവനാന്ത അംഗങ്ങളുടെ ആസൂത്രണത്തിലാണ് നടക്കുക. വിദ്യാര്‍ഥികള്‍ സാധാരണ ഗതിയില്‍ മൂന്നു മുതല്‍ അഞ്ചുവര്‍ഷം വരെയാണ് കാമ്പസിലുണ്ടാകുക. കാമ്പസില്‍നിന്ന് പോയാല്‍ അവരാരും കാമ്പസ് രാഷ്ട്രീയത്തിലുണ്ടാകില്ല. ചിലര്‍ ബി.ജെ.പിയുടെ യുവജന വിഭാഗമായ യുവമോര്‍ച്ചയിലേക്ക് ചേക്കേറും. എന്നാല്‍ എ.ബി.വി.പിയില്‍ സ്ഥിരമായി അവശേഷിക്കുന്നത് തിരശ്ശീലക്കു പിന്നിലുള്ള ഈ ആജീവനാന്ത അംഗങ്ങളാണ്. സന്യാസികളെ പോലെയാണവരുടെ ജീവിതം. കുടുംബം ഉപേക്ഷിച്ച് ജീവിതം ആര്‍.എസ്.എസിനെ പോലെ തന്നെ എ.ബി.വി.പിക്കായി സമര്‍പ്പിച്ചിരിക്കുകയാണിവര്‍.'' സാകേത് ബഹുഗുണ പി.എച്ച്.ഡിക്ക് രജിസ്റ്റര്‍ ചെയ്ത ആജീവനാന്ത എ.ബി.വി.പി അംഗമാണ്.
ആക്രമണോത്സുകതയുടെ പടം പൊഴിച്ചുവെച്ച് നല്ല പിള്ളയാകാന്‍ എ.ബി.വി.പിക്ക് ദല്‍ഹിയില്‍ ഒരു കാലത്തും കഴിഞ്ഞിട്ടില്ല.  ഇപ്പോള്‍ രാംജാസിലുണ്ടായ ആക്രമണങ്ങള്‍ക്കും എ.ബി.വി.പിയെയാണ് വിദ്യാര്‍ഥികളും അധ്യാപകരും ഒരേ സ്വരത്തില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതും. അധ്യാപകരെയും അഡ്മിനിസ്‌ട്രേഷനെയും അടക്കം ആരെയും മാനിക്കാത്ത ഒരു വിഭാഗമായാണ് കാമ്പസിനകത്ത് വിദ്യാര്‍ഥികള്‍ എ.ബി.വി.പിയെ കാണുന്നത്.  സര്‍വകലാശാലാ അധികൃതരെയും അധ്യാപകരെയും ഭീഷണിപ്പെടുത്തുകയും കൈയേറ്റം നടത്തുകയും ചെയ്ത ചരിത്രമാണവര്‍ക്കുള്ളത്. 'എ.കെ രാമാനുജന്റെ 300 രാമായണങ്ങള്‍' എന്ന ലേഖനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിന് എ.ബി.വി.പി അഴിച്ചുവിട്ട അക്രമം ഇന്നുമാരും മറന്നിട്ടില്ല. ആ ഡിപ്പാര്‍ട്ട്‌മെന്റിന്റെ മുറികള്‍ അടിച്ചുതകര്‍ത്ത് തലവനെ കൈയേറ്റം ചെയ്താണ് അന്ന് എ.ബി.വി.പി പ്രതിഷേധം രേഖപ്പെടുത്തിയത്. തങ്ങള്‍ക്കിഷ്ടമല്ലാത്തത് പറയുന്ന ഒരാളെയും 'ദേശീയത'യുടെ പേരില്‍  കാമ്പസില്‍ കാലുകുത്താന്‍ അവര്‍ അനുവദിക്കാറില്ല; എഴുത്തുകാരി അരുന്ധതി റോയിയായാലും  ചരിത്രകാരി റൊമീലാ ഥാപ്പറായാലും. കോളേജുകളില്‍ കലാപരിപാടികള്‍ നടത്തുന്നിടത്തു പോലും കൈയൂക്കിന്റെ വീറ്റോ അധികാരം പ്രയോഗിച്ചുകളയും. നാടകങ്ങളുടെയും സിനിമകളുടെയും പ്രഭാഷണങ്ങളുടെയും ഉള്ളടക്കം എ.ബി.വി.പിയെ  ബോധ്യപ്പെടുത്തി സമ്മതം വാങ്ങിയാലേ കോളേജ് മേധാവികളുടെ അനുമതി ലഭിക്കൂ എന്നിടത്തോളം ഇപ്പോള്‍ കാര്യങ്ങളത്തെിയിട്ടുണ്ട്. 
ഉമര്‍ ഖാലിദിന്റെ പരിപാടി കൈയൂക്ക് ഉപയോഗിച്ച് തടഞ്ഞതിനെതിരെ ഇടതുസംഘടനകളും മറ്റു വിദ്യാര്‍ഥികളും ചേര്‍ന്ന് സംഘടിപ്പിച്ച പ്രതിഷേധം തടയില്ലെന്ന് പറഞ്ഞ അതേ ദിവസം വൈകുന്നേരമാണ് എസ്.ജി.ബി.ടി ഖല്‍സ കോളേജിനു മുമ്പില്‍ ജെ.എന്‍.യു വിദ്യാര്‍ഥികളെ കല്ലും ബെല്‍റ്റുമായി അവര്‍ നേരിട്ടത്. വന്‍ പ്രതിഷേധമുയര്‍ന്നപ്പോള്‍ പേരിന് രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി അവരെ ഉടന്‍ വിട്ടയക്കുകയും ചെയ്തു. മുഖം രക്ഷിക്കാന്‍ ഇരുവരെയും എ.ബി.വി.പിയില്‍നിന്ന് സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. എസ്.ജി.ടി.ബി ഖല്‍സ കോളേജില്‍ നടത്താനിരുന്ന തെരുവുനാടക മത്സരം എ.ബി.വി.പി മുന്നറിയിപ്പിനെന്മതുടര്‍ന്നാണ് മാറ്റിവെച്ചത്. മത്സരത്തില്‍ പങ്കെടുക്കുന്ന നാടകങ്ങളില്‍ ദേശവിരുദ്ധ പരാമര്‍ശങ്ങളുണ്ടെങ്കില്‍ സുരക്ഷ ഉറപ്പുനല്‍കാനാവില്ലെന്നായിരുന്നു മുന്നറിയിപ്പ്.

പ്രതിഷേധത്തിന്റെ സംസ്‌കാരം

ഫെബ്രുവരി 21, 22 തീയതികളില്‍ രാംജാസ് കോളേജിലെ വിദ്യാര്‍ഥി കൂട്ടായ്മ സംഘടിപ്പിച്ച സെമിനാറിലേക്ക് ജെ.എന്‍.യു വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദ്, ഷെഹ്‌ല റാശിദ് ഷോറ എന്നിവരെ ക്ഷണിച്ചതിനെ തുടര്‍ന്നാണ് നോര്‍ത്ത് കാമ്പസില്‍ സംഘര്‍ഷം ഉടലെടുത്തത്. നടക്കാനിരുന്ന ആക്രമണം മുന്‍കൂട്ടി കണ്ടിട്ടാണെങ്കിലും അല്ലെങ്കിലും രാംജാസ് കോളേജില്‍ സംഘര്‍ഷത്താല്‍ മുടങ്ങിയ പരിപാടിക്ക് ഇടതുപാര്‍ട്ടികളിട്ട പേര് അന്വര്‍ഥമായി. 'പ്രതിഷേധത്തിന്റെ സംസ്‌കാരം' എന്ന പേരിലായിരുന്നു സെമിനാര്‍. ഇരുവര്‍ക്കുമുള്ള ക്ഷണം റദ്ദാക്കിയെങ്കിലും എ.ബി.വി.പി അക്രമവുമായി മുന്നോട്ടുപോയി. പരിപാടി തടയുമെന്ന് പ്രഖ്യാപിച്ച് അക്രമോത്സുകരായ എ.ബി.വി.പി രംഗത്തിറങ്ങിയതോടെ കാമ്പസ് സംഘര്‍ഷഭരിതമാവുകയും വിഷയം ദേശീയതലത്തില്‍ ആശയ സംഘര്‍ഷത്തിന് വഴിവെക്കുകയും ചെയ്തു.
ഇതിനോടുള്ള പ്രതികരണമായാണ് ഗുര്‍മെഹര്‍ കൗര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. 'ഞാന്‍ ദല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ഥിനി. എനിക്ക് എ.ബി.വി.പിയെ പേടിയില്ല' എന്നെഴുതിയ ബാനറുമായി നില്‍ക്കുന്ന ഗുര്‍മെഹറിന്റെ പ്രൊഫൈല്‍ ചിത്രം വൈറലായി. വിദ്യാര്‍ഥികള്‍ എ.ബി.വി.പിക്കെതിരെ എന്ന ഹാഷ്ടാഗില്‍ ഇതു വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. ഇതിനിടയിലാണ് ഗുര്‍മെഹറിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന് എ.ബി.വി.പി പ്രവര്‍ത്തകന്‍ രാഹുല്‍ മാനഭംഗപ്പെടുത്തുമെന്ന് കമിന്റിട്ടത്. ഏതു തരത്തിലായിരിക്കും മാനഭംഗമെന്ന് വിശദമാക്കി അത്യന്തം നീചമായിരുന്നു ആ കമന്റെന്ന് ഗുര്‍മെഹര്‍ ദല്‍ഹി വനിതാ കമീഷന്‍ ഓഫീസില്‍ നേരിട്ടെത്തി നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി എന്നിവരുള്‍പ്പെടെ പ്രതിപക്ഷ നേതാക്കള്‍ ഗുര്‍മെഹറിനെ പിന്തുണച്ചു രംഗത്തുവന്നപ്പോള്‍ അതിനെതിരെ പ്രതികരിച്ച കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡുവും കിരണ്‍ റിജിജുവും മാനഭംഗ ഭീഷണി മുഴക്കിയ സ്വന്തം പോഷക സംഘടനാ പ്രവര്‍ത്തകനെ അപലപിക്കാന്‍  തയാറായില്ല. ഗുര്‍മെഹറിനെ ദാവൂദ് ഇബ്‌റാഹീമിനോടാണ് ബി.ജെ.പി എം.പി പ്രതാപ് സിന്‍ഹ ഉപമിച്ചത്. ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗ്, ബോളിവുഡ് നടന്‍ രണ്‍ധീപ് ഹുഡ എന്നിവര്‍ ഗുര്‍മെഹറിനെ പരിഹസിച്ച് ഫാഷിസ്റ്റുകള്‍ക്കൊപ്പം ചേര്‍ന്നുനിന്നു.
തുടര്‍ന്നും വിട്ടുകൊടുക്കാന്‍ തയാറാകാതിരുന്ന ഗുര്‍മെഹര്‍ വീണ്ടും പോസ്റ്റിട്ടു. 'ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ എന്നെ ദേശദ്രോഹിയാക്കിക്കൊണ്ടുള്ള ചില പ്രമുഖരുടെ പ്രതികരണം നിരാശപ്പെടുത്തുന്നതാണ്. രണ്ടു കാര്യങ്ങള്‍ ഞാന്‍ വ്യക്തമാക്കാം. ദേശസ്‌നേഹത്തെക്കുറിച്ചുള്ള എന്റെ ആശയം അവര്‍ക്കു മനസ്സിലാകില്ല. ഈ വിദ്യാര്‍ഥി മുന്നേറ്റത്തിനു രാഷ്ട്രീയമില്ല. ഇത് കാമ്പസുകളെ ആക്രമണത്തില്‍നിന്ന് രക്ഷിക്കുന്നതിനുള്ള സമരമാണ്. ഏതു സംഘടനയാണ് അതു ചെയ്യുന്നതെന്നതു പ്രസക്തമല്ല. അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന പെണ്‍കുട്ടിക്ക് നേരെ മാനഭംഗ ഭീഷണി മുഴക്കുന്നതാണ് നിങ്ങളുടെ ദേശസ്‌നേഹമെങ്കില്‍ എനിക്ക് ഒന്നും പറയാനില്ല. എന്നെ മനസ്സിലാക്കാതെ നിങ്ങള്‍  രക്തസാക്ഷിയുടെ മകളെന്നു വിളിക്കരുത്. ഗുര്‍മെഹര്‍ എന്നാണ് എന്റെ പേര്' എന്നായിരുന്നു ഒടുവിലെ പോസ്റ്റ്. എന്നാല്‍ ഭരണകൂടത്തിന്റെ തണലിലിരുന്നുള്ള എ.ബി.വി.പി ഭീഷണിയുടെ പശ്ചാത്തലത്തില്‍ കുടുംബത്തിന്റെ സമ്മര്‍ദത്തിനു വഴങ്ങി ദല്‍ഹിയില്‍നിന്ന് മാറിനിന്ന ഗുര്‍മെഹറിന് ആദ്യം പോസ്റ്റും പിന്നീട് ഫേസ്ബുക്ക് അക്കൗണ്ട് തന്നെയും ഡിലീറ്റ് ചെയ്യേണ്ടിവന്നു.
എന്നാല്‍, ദേശീയതയെ സംവാദത്തിന്റെ കേന്ദ്ര സ്ഥാനത്തു തന്നെ നിലനിര്‍ത്തുന്നതില്‍ തങ്ങള്‍ വിജയിച്ചുവെന്നാണ് മാനഭംഗ ഭീഷണി വിവാദമായ ശേഷവും എ.ബി.വി.പിയുടെ സന്തോഷം. ഇത് വരും വര്‍ഷങ്ങളില്‍ കാമ്പസുകളിലെ തങ്ങളുടെ ശക്തിയേറ്റുമെന്ന് കൂടി എ.ബി.വി.പി പറയുമ്പോഴാണ് ഇന്ത്യന്‍ കാമ്പസുകളില്‍ കണ്ണ് വെച്ചുള്ള ആര്‍.എസ്.എസിന്റെ വിപുലമായ ഗെയിം പ്ലാനിന്റെ ഭാഗമാണ് രാംജാസ് ആക്രമണമെന്ന് മനസ്സിലാക്കാന്‍ കഴിയുക. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (15 - 22)
എ.വൈ.ആര്‍

ഹദീസ്‌

വിശ്വാസ വഞ്ചനയുെട പരിണതി
എം.എസ്.എ റസാഖ്‌