ചെങ്കോട്ട കാമ്പസുകളും കമ്യൂണിസ്റ്റ് സമഗ്രാധിപത്യ സ്വപ്‌നങ്ങളും
വര്‍ഗ സംഘട്ടനത്തിലൂടെ തൊഴിലാളി വര്‍ഗ സമഗ്രാധിപത്യം സ്വപ്‌നം കാണുന്ന ദര്‍ശനമാണ് കമ്യൂണിസം. വര്‍ഗസമരം വിജയിച്ചാല്‍ പിന്നെയവിടെ ഒരു സ്വരമേ പാടുള്ളൂ, തൊഴിലാളി വര്‍ഗത്തിന്റെ (പാര്‍ട്ടിയുടെ) സ്വരം. മറ്റു സ്വരങ്ങളെല്ലാം വിമത സ്വരങ്ങളായിരിക്കും. വിപ്ലവത്തിന്റെ സ്വരം തിരിച്ചറിഞ്ഞ് സ്വയം നിശ്ശബ്ദരായാല്‍ അവര്‍ക്ക് നല്ലത്. അല്ലായെങ്കില്‍ പിന്നീട് മുഴക്കുന്ന അവരുടെ ശബ്ദം അവസാന സ്വരമായിരിക്കും. ലെനിനും സ്റ്റാലിനുമടക്കമുള്ള കമ്യൂണിസ്റ്റ് ലോകത്തെ മാതൃകാ വിപ്ലവകാരികളെല്ലാം എതിര്‍ സ്വരങ്ങളെ ഒന്നടങ്കം ഉന്മൂലനം ചെയ്തവര്‍ കൂടിയായിരുന്നു. ഏകധ്രുവ ചുവപ്പന്‍ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയിരുന്ന സോവിയറ്റ് യൂനിയനും മറ്റു കമ്യൂണിസ്റ്റ് കോട്ടകളും തകര്‍ന്നു തരിപ്പണമായിട്ട് പതിറ്റാണ്ടുകളായെങ്കിലും ഈ സമഗ്രാധിപത്യ പ്രവണതയെ പൂര്‍ണമായി കൈയൊഴിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഇന്നും സാധിച്ചിട്ടില്ല. സാമ്രാജ്യത്വ വിരുദ്ധതയുടെ പേരില്‍ ഏറെ വാഴ്ത്തപ്പെട്ട സാക്ഷാല്‍ ഫിദല്‍ കാസ്‌ട്രോ പോലും തന്റെ ക്യൂബയില്‍ പ്രതിപക്ഷ സ്വരങ്ങളെയോ സ്വതന്ത്ര സംഘടനാ പ്രവര്‍ത്തനങ്ങളെയോ അംഗീകരിച്ചിരുന്നില്ല. കമ്യൂണിസത്തില്‍ എത്ര വെള്ളം ചേര്‍ത്തിട്ടും ഈ ജനിതക വൈകല്യം ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളിലടക്കം ഇന്നും നിലനില്‍ക്കുന്നു.
ബഹുകക്ഷി വ്യവസ്ഥയെയും ബഹുസ്വരതയെയും അംഗീകരിക്കുന്ന ജനാധിപത്യ വ്യവസ്ഥയിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ അധികാരത്തിലേറിയപ്പോള്‍ ലോകത്തിനത് കൗതുക വാര്‍ത്തയായിരുന്നു. ഏക പാര്‍ട്ടി ലോകം സ്വപ്‌നം കാണുന്ന ഒരു സമഗ്രാധിപത്യ പാര്‍ട്ടി ബഹുകക്ഷികളെ അംഗീകരിക്കുന്ന ജനാധിപത്യ വ്യവസ്ഥയില്‍ എങ്ങനെ മുന്നോട്ടുപോകുമെന്ന ആശ്ചര്യം കൂടിയായിരുന്നു ആ കൗതുകത്തിന് കാരണം. ജനാധിപത്യമെന്ന ഇന്ത്യന്‍ യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ നിര്‍ബന്ധിതരായ കമ്യൂണിസ്റ്റുകള്‍ വര്‍ഗ സമരമെന്ന സ്വപ്‌നം തല്‍ക്കാലം മാറ്റിവെച്ചാണ് ഇന്ത്യയില്‍ രാഷ്ട്രീയ പരീക്ഷണത്തില്‍ ഏര്‍പ്പെട്ടത്. അധികാരവും ഭരണവുമൊക്കെ നിലനിര്‍ത്താന്‍ പിന്നീട് ഈ ബൂര്‍ഷ്വാ ജനാധിപത്യ വ്യവസ്ഥയോട് രാജിയാകേണ്ടിവന്നുവെന്നത് വേറെ കാര്യം.
ജനാധിപത്യത്തിനകത്തു പോലും തങ്ങള്‍ക്ക് ഭരണത്തുടര്‍ച്ച ലഭിച്ച ബംഗാളില്‍ പാര്‍ട്ടി അതിന്റെ കമ്യൂണിസ്റ്റ് വര്‍ഗ സ്വഭാവമായ സമഗ്രാധിപത്യം പുറത്തെടുത്തുവെന്നത് ചരിത്രമാണ്. പാര്‍ട്ടി ലോക്കല്‍ ഓഫീസുകളും ലോക്കല്‍ സെക്രട്ടറിമാരുമായിരുന്നു ബംഗാളില്‍ ഓരോ പ്രദേശവും നിയന്ത്രിച്ചിരുന്നത്. വികസനവും സര്‍ക്കാര്‍ പദ്ധതികളും പാര്‍ട്ടിക്കാര്‍ക്കും അവരുടെ ഇഷ്ടക്കാര്‍ക്കും മാത്രം സംവരണം ചെയ്യപ്പെട്ടു. ഇതര പാര്‍ട്ടിക്കാരെയെല്ലാം വര്‍ഗ ശത്രുക്കളായി ഗണിച്ച് തീണ്ടാപ്പാടകലെ നിര്‍ത്തി. തിരിച്ചടിക്കാന്‍ ഒരവസരം കിട്ടിയപ്പോള്‍ ജനങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ അധികാരത്തില്‍നിന്നിറക്കാന്‍ ഈ സമഗ്രാധിപത്യ പ്രവണതകളും കാരണമാണ്. ഇന്ന് അധികാരത്തിലിരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പയറ്റിയ അതേ കൈയൂക്കിന്റെ ഭാഷ തന്നെ തിരിച്ചും പ്രയോഗിച്ചുകൊണ്ടിരിക്കുന്നുവെന്നത് ചരിത്രത്തിന്റെ വൈരുധ്യാത്മകമായ ആവര്‍ത്തനമായി കാണേണ്ടിയിരിക്കുന്നു.
ഭരണത്തുടര്‍ച്ച ലഭിക്കാത്തതിനാലും ജനങ്ങള്‍ പാര്‍ട്ടിയേക്കാള്‍ ജനാധിപത്യത്തെ സ്‌നേഹിക്കുന്നതിനാലും കേരളത്തില്‍ പാര്‍ട്ടിയുടെ സമഗ്രാധിപത്യ സ്വരൂപം അതിന്റെ മുഴുവന്‍ ഭാവങ്ങളോടെ ഇതുവരെ പുറത്തെടുക്കാന്‍ കമ്യൂണിസ്റ്റുകള്‍ക്കായിട്ടില്ല. ആഭ്യന്തര വെട്ടിനിരത്തലുകളും ഉന്മൂലനങ്ങളും പാര്‍ട്ടി ഗ്രാമങ്ങളുമെല്ലാം ഒരു ഭാഗത്തുണ്ടാകുമ്പോഴും ബഹുസ്വരതയെ മാനിക്കുന്നവരാണ് തങ്ങളെന്ന് നിരന്തരം ബോധ്യപ്പെടുത്തേണ്ട ഒരു സാമൂഹിക സമ്മര്‍ദം കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നും അഭിമുഖീകരിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും കമ്യൂണിസം സ്വപ്‌നം കാണുന്ന ഏക പാര്‍ട്ടി വ്യവസ്ഥയും ഏകസ്വര ലോകവും മലയാളിക്ക് അപരിചിതമല്ല. കേരളത്തില്‍ ഇടത് ആധിപത്യമുള്ള കാമ്പസുകളില്‍ പഠിച്ചവരൊക്കെ ആ സ്വര്‍ഗലോക മാധുര്യം അനുഭവിച്ചറിഞ്ഞവരാണ്. ഒരേയൊരു കൊടിയും പാര്‍ട്ടിയും മാത്രം അനുവദിക്കപ്പെട്ട ചുവപ്പന്‍ പ്രത്യയശാസ്ത്രത്തിന്റെ യഥാര്‍ഥ മാതൃകാ ചെങ്കോട്ടകള്‍ തന്നെയാണ് ഈ കാമ്പസുകള്‍. സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ഒരേ നിറത്തില്‍ പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന ഇടമാണത്. ആര്‍ക്കുമവിടെ ആടാം, പാടാം, വരക്കാം, മുദ്രാവാക്യം വിളിക്കാം, പഠിപ്പ് മുടക്കാം... പക്ഷേ, ഒരൊറ്റ നിബന്ധന മാത്രം. ഒരൊറ്റ കൊടിക്ക് കീഴില്‍ മാത്രമേ അതാകാവൂ. അതേ മുദ്രാവാക്യവും പാട്ടും സൗഹൃദവും മറ്റൊരു കൊടിക്ക് കീഴിലാവുമ്പോള്‍ അത് പുരോഗമന വിരുദ്ധമാകും. സകല പുരോഗമന പ്രവര്‍ത്തനങ്ങളുടെയും ഏക അളവുകോല്‍ ചുവപ്പന്‍ പ്രത്യയശാസ്ത്രമായതിനാല്‍ മറ്റുള്ളവരുടെ ഏത് സര്‍ഗാത്മക പ്രവര്‍ത്തനങ്ങളും പുരോഗമനവിരുദ്ധമാവുക സ്വാഭാവികം. അത്തരം സാമൂഹികവിരുദ്ധരെ ഇടിക്കുന്നതും തൊഴിക്കുന്നതും അടിവസ്ത്രത്തില്‍ കാമ്പസ് ചുറ്റിക്കുന്നതും വിപ്ലവ പ്രവര്‍ത്തനങ്ങളാണ്. പതിറ്റാണ്ടുകളായി കേരളീയ ഇടത് ആധിപത്യ കാമ്പസുകളില്‍ നടക്കുന്ന ഈ വിപ്ലവ കലാപരിപാടികള്‍ ചെങ്കോട്ടകളിലെ പാര്‍ട്ടി മതിലുകളും ഭേദിച്ച് പുറത്തെ ജനാധിപത്യ ബഹുസ്വര മലയാളി ലോകം അറിഞ്ഞുതുടങ്ങിയിരിക്കുന്നു. അതുണ്ടാക്കിയേക്കാവുന്ന രാഷ്ട്രീയ തിരിച്ചടിയുടെ വെപ്രാളങ്ങളാണ് ഇപ്പോള്‍ പാര്‍ട്ടി തെരുവിലും അതിന്റെ ചാനലുകളിലും പ്രകടിപ്പിക്കുന്നത്. സമഗ്രാധിപത്യ പ്രവണതകളാണ് ബംഗാളുകള്‍ ഉണ്ടാവാനുള്ള കാരണമെന്ന് പാര്‍ട്ടി എത്ര പെട്ടെന്ന് തിരിച്ചറിയുന്നുവോ അത്രയും അവര്‍ക്ക് നല്ലത്. അതല്ലാതെ ഇപ്പോള്‍ നടത്തുന്ന ഇരുട്ട് കൊണ്ട് ഓട്ടയടക്കാനുള്ള ശ്രമങ്ങളാണ് പാര്‍ട്ടി തുടരുന്നതെങ്കില്‍ വിനാശകാലേ വിപരീത ബുദ്ധി എന്നേ പറയാനുള്ളൂ.
Comments